സംഘര്‍ഷമൊഴിയാതെ ഫലസ്ത്വീന്‍
ഇസ്രയേലിന്റെ അതിക്രമങ്ങള്‍ ഫലസ്ത്വീനില്‍ തീര്‍ക്കുന്ന പീഡന പര്‍വം രാഷ്ട്രീയ പരിഹാരമില്ലാതെ നീളുന്നു. മേയ് മാസത്തിലെ അക്രമത്തില്‍ 25 ഫലസ്ത്വീനികളാണ് കൊലചെയ്യപ്പെട്ടത്. 150-ലധികം പേര്‍ക്ക് സാരമായ പരിക്കേറ്റു. മേയ് ആദ്യ പാദത്തില്‍ തന്നെ 700-ലധികം വീടുകള്‍ക്ക് ഇസ്രയേല്‍ അക്രമത്തില്‍ കേടുപാടുകള്‍ പറ്റി. കൂടാതെ 9.5 മില്യന്‍ ഡോളറിന്റെ നഷ്ടവും ഗസ്സക്കുണ്ടായി. ഗസ്സയിലെ കൃഷി, സാമ്പത്തികം, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ സാരമായ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് പൊതുമരാമത്തു വകുപ്പ് ഡെപ്യൂട്ടി മിനിസ്റ്റര്‍ നാജി സര്‍ഹാന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 13 പത്രപ്രവര്‍ത്തകരെയാണ് ഇസ്രയേല്‍ സൈന്യം ആക്രമിച്ചത്. തുര്‍ക്കിയുടെ 'അനദോളു' ഏജന്‍സി ഓഫീസും ഇസ്രയേല്‍ ആക്രമിച്ചിരുന്നു. 2000 മുതല്‍ ഇതുവരെ 16500 ഫലസ്ത്വീന്‍ കുട്ടികളാണ് ഇസ്രയേല്‍ ജയിലില്‍ കഴിയുന്നത് എന്ന് ഖുദ്‌സ് ന്യൂസ് നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗസ്സക്കുമേല്‍ ആക്രമണം ശക്തമാക്കാന്‍ നെതന്യാഹു ഉത്തരവിട്ടിരിക്കുകയാണ്. ഇസ്‌ലാമിക് ജിഹാദ് നടത്തുന്ന പ്രത്യാക്രമണത്തിനും ഹമാസ് തന്നെയാണ് ഉത്തരവാദിയെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ നിലപാട്. ഈജിപ്തിന്റെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാറിന് ഹമാസ് തയാറാണെങ്കിലും ഇസ്രയേല്‍ അനുരജ്ഞന കരാറുകളോട് നീതിപൂര്‍വമായ സമീപനം സ്വീകരിച്ച ചരിത്രമില്ലാത്തതിനാല്‍ അവര്‍ ക്രൂരത തുടരുക തന്നെയാണ്.
ഈ രാഷ്ട്രീയ സാഹചര്യത്തില്‍ ഫലസ്ത്വീനികളുടെ ദേശീയ താല്‍പര്യം പരിഗണിക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവായ ജെര്‍ഡ് കുഷ്ര്‍ മുന്നോട്ടു വെച്ച 'ഡീല്‍ ഓഫ് സെഞ്ചുറി' ഫലസ്ത്വീനികളുടെ രാഷ്ട്രീയാവകാശം നേടിക്കൊടുക്കുന്നതിനെക്കുറിച്ചുള്ള അനുരഞ്ജന ചര്‍ച്ചയല്ല, മറിച്ച് കൂടുതല്‍ ഫലസ്ത്വീന്‍ പ്രദേശങ്ങള്‍ കീഴടക്കാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ തീരുമാനത്തെ സഹായിക്കുന്ന പദ്ധതിയാണ് എന്ന് മനസ്സിലാക്കാം.
മാന്‍ ബുക്കര്‍ പ്രൈസ് ഒമാനിലേക്ക്
അറബ് ലോകത്ത് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിച്ച വനിതകളെ ലോകം അംഗീകരിച്ച മാസമാണ് കടന്നുപോയത്. സാഹിത്യം, പത്ര പ്രവര്‍ത്തനം, ഫോട്ടോഗ്രാഫി എന്നീ രംഗങ്ങളില്‍ മികവ് പ്രകടിപ്പിച്ച ജൂഖ അല്‍ ഹാരിസി, അമാനി അബൂ സഹ്റ, മാഗി മിഷേല്‍, നര്‍മീന്‍ അല്‍ മുഫ്തി എന്നിവര്‍ക്കാണ് വിശിഷ്ട പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ജൂഖ അല്‍ ഹാരിസി മാന്‍ ബുക്കര്‍ പ്രൈസ് ലഭിക്കുന്ന ആദ്യത്തെ അറബ് വനിതയായി. മൂന്ന് സഹോദരികളുടെ കുടുംബ പശ്ചാത്തലത്തില്‍ കൊളോണിയല്‍ കാലത്തിനു ശേഷം ഒമാനിലുായ മാറ്റങ്ങള്‍ ചിത്രീകരിക്കുന്ന 'സെലെസ്റ്റിയല്‍ ബോഡിസ്' (സയ്യിദാതുല്‍ ഖമര്‍) ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത മര്‍ലിന്‍ ബൂതിനൊപ്പമാണ് ജൂഖ അല്‍ ഹാരിസിക്കു ഈ വിഖ്യാത പുരസ്‌കാരം ലഭിച്ചത്.
ജൂഖ അല്‍ ഹാരിസി 1978-ല്‍ ഒമാനില്‍ ജനിച്ചു. രണ്ടു ചെറുകഥാ സമാഹാരങ്ങള്‍ (ഫീ മദീഹുല്‍ ഹുബ്ബ്, സ്വബിയ്യുന്‍ അലസ്സ്വത്ഹ്), കുട്ടികള്‍ക്കായുള്ള രണ്ടു പുസ്തകങ്ങള്‍ (ഉശ്ശുല്‍ അസാഫീര്‍, അസ്സഹാബതു തതമന്നാ), മൂന്നു നോവലുകള്‍ (സയ്യിദാതുല്‍ ഖമര്‍, മനാമാത്, നാരിഞ്ച) എന്നിവ ജൂഖ രചിച്ചിട്ടുണ്ട്. 'ദിറാസാത് ഫീ അദബി ഒമാന്‍ വല്‍ ഖലീജ്' അടക്കം അറബ് സാഹിത്യത്തെക്കുറിച്ച്, വിശിഷ്യാ ഒമാനി രചനകളെക്കുറിച്ച് ശ്രദ്ധേയമായ രചനകളും നടത്തിയിട്ടുണ്ട്.
എഡിന്‍ബര്‍ഗ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ക്ലാസിക്കല്‍ അറബ് സാഹിത്യത്തില്‍ പി.എച്ച്.ഡി ചെയ്ത ഇവര്‍ സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രഫസറാണ്. ജര്‍മന്‍, ഇറ്റാലിയന്‍, കൊറിയന്‍, സെര്‍ബിയന്‍ ഭാഷകളിലേക്കും ജൂഖയുടെ രചനകള്‍ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. ഒമാനി സമൂഹത്തിന്റെ സാഹിത്യാഭിരുചി ലോകം മനസ്സിലാക്കാന്‍ ഇതിലൂടെ കഴിയട്ടേയെന്നാണ് ജൂഖയും മര്‍ലിന്‍ ബൂത്തും പ്രത്യാശിക്കുന്നത്
യമനിലെ രാഷ്ട്രീയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്ത അസോസിയേറ്റഡ് പ്രസ് ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടര്‍ ആയ മാഗി മിഷേല്‍, ഫോട്ടോ ജേര്‍ണലിസ്റ്റായ നര്‍മീന്‍ അല്‍ മുഫ്തി എന്നിവര്‍ 2019-ലെ പുലിസ്റ്റര്‍ അവാര്‍ഡിന് അര്‍ഹരായതു മറ്റൊരു പ്രധാന വാര്‍ത്തയാണ്. പതിനഞ്ചു വര്‍ഷമായി പശ്ചിമേഷ്യന്‍ ആഭ്യന്തര സംഘര്‍ഷങ്ങളെക്കുറിച്ച് പഠനം നടത്തുന്ന മാഗി മിഷേല്‍ പുലിസ്റ്റര്‍ അവാര്‍ഡ് ലഭിക്കുന്ന ഈജിപ്തില്‍നിന്നുള്ള ആദ്യ മാധ്യമ പ്രവര്‍ത്തകയാണ്. 2018-ല്‍ യമനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ഏറ്റവും നല്ല അന്താരാഷ്ട്ര റിപ്പോര്‍ട്ടിംഗിനുള്ള ജോയ് ആന്റ് ലൂറി അവാര്‍ഡ് മാഗി മിഷേലിന് ലഭിച്ചിരുന്നു
2019-ല്‍ സാഹിത്യത്തിനുള്ള യൂറോപ്യന്‍ യൂനിയന്‍ അവാര്‍ഡ് ലഭിച്ച ഫലസ്ത്വീന്‍ വംശജയായ അമാനി അബൂ സഹ്റ ഓസ്ട്രിയന്‍ മുസ്‌ലിം സമൂഹത്തില്‍ ഇസ്‌ലാമിക ചലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതയാണ്. ഇ- ഡിസൈന്‍ എന്ന ജര്‍മന്‍ ഫൗണ്ടേഷന്‍ സാഹിത്യ മേഖലയില്‍ നടത്തിയ മത്സരത്തിലാണ് അമാനി അ ബൂ സഹ്റ അവാര്‍ഡിനര്‍ഹ യായത്.
Comments