മനുഷ്യനെ എങ്ങനെയാണ് ആദരിച്ചിരിക്കുന്നത്?
ജീവിക്കാനും അഭിപ്രായപ്രകടനം നടത്താനും വ്യക്തിത്വം സംരക്ഷിക്കാനുമുള്ള അവകാശം മനുഷ്യന് നല്‍കി മതിയാക്കുന്നില്ല ഇസ്‌ലാം. വ്യക്തിയുടെയും സമൂഹത്തിന്റെയും മേല്‍ അതൊരു വിശുദ്ധ ബാധ്യതയായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയില്‍ ദൈവപ്രാതിനിധ്യം (ഇസ്തിഖ്‌ലാഫ്) നല്‍കപ്പെട്ടിരിക്കുന്നു എന്നതാണ് ഈ ആദരവിന് നിദാനം. ഈ ദൈവപ്രാതിനിധ്യത്തിലൂടെയാണ് ഭൂമിയില്‍ നീതി സ്ഥാപിക്കപ്പെടേണ്ടത്. അല്ലാഹുവിനെ അനുസരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ നീതി നിര്‍വഹണത്തിന് മുന്നിട്ടിറങ്ങുകയും ചെയ്യുന്നവനാരോ അവനാണ് ഭൂമിയില്‍ ദൈവത്തിന്റെ ഖലീഫ. ഈ മനുഷ്യനെ അല്ലാഹു ആകാശ ലോകത്തും വേണ്ടവിധം ആദരിച്ചിട്ടുണ്ടല്ലോ. തന്റെ ഉപരിസഭയില്‍ മനുഷ്യനെ പ്രത്യേകം എടുത്തുപറഞ്ഞ അല്ലാഹു തന്റെ അടുപ്പക്കാരായ മലക്കുകളോട് മനുഷ്യന് മുമ്പില്‍ സാഷ്ടാംഗം വീഴാന്‍ ആവശ്യപ്പെടുകയും ചെയ്തു. ധിഷണയും ഇഛാശക്തിയും സംസാര വൈഭവവുമുള്ള മനുഷ്യന്‍ ഈ ലോകത്തും ബഹുമാനിക്കപ്പെടുന്നതില്‍ അത്ഭുതമില്ല. ഭൂമിയെ അതിന്റെ സാധ്യതകള്‍ ഉപയോഗിക്കാനായി വിധേയപ്പെടുത്തിക്കൊടുത്തത് മനുഷ്യന് മാത്രമാണല്ലോ. സന്മാര്‍ഗദര്‍ശനവുമായി പ്രവാചകന്മാരും ഒപ്പം വേദഗ്രന്ഥങ്ങളും വരുന്നത് മനുഷ്യന് വേണ്ടിയാണ്. നബി(സ) പറഞ്ഞതായി, ത്വബറാനി ഉദ്ധരിക്കുന്നു: ''അന്ത്യനാളില്‍ ആദം സന്തതിയേക്കാള്‍ ആദരവ് ലഭിക്കുന്നതായി മറ്റൊന്നും തന്നെ ഉണ്ടാവില്ല. ചിലര്‍ ചോദിച്ചു: പ്രവാചകരേ, മലക്കുകള്‍ക്കും ലഭിക്കില്ലേ? നബി: ഇല്ല; മലക്കുകള്‍ക്കും ലഭിക്കില്ല. സൂര്യചന്ദ്രന്മാരെപ്പോലെ ചെയ്യാന്‍ നിര്‍ബന്ധിതരാണല്ലോ മലക്കുകള്‍.''1
ആദരവര്‍ഹിക്കുന്ന ഈ മനുഷ്യനെ അവന്റെ തന്നെയോ അവനല്ലാത്തവരുടെയോ അതിക്രമങ്ങളില്‍നിന്ന് തടയേണ്ടതും അനിവാര്യമായിത്തീരും. ''അല്ലാഹു ആദരിച്ച മനുഷ്യ ജീവനെ അന്യായമായി നിങ്ങള്‍ ഹനിക്കരുത്'' (ഖുര്‍ആന്‍ 17:33). ''നിങ്ങള്‍ നിങ്ങളെത്തന്നെ കശാപ്പ് ചെയ്യരുത്. അല്ലാഹു നിങ്ങളോട് ഏറെ കരുണയുള്ളവനാണ്'' (4:29). അതായത് മനുഷ്യ ജീവന്‍ അപകടപ്പെടുത്തുന്ന എല്ലാറ്റില്‍ നിന്നുമുള്ള -പട്ടിണി, രോഗം, ആട്ടിപ്പുറത്താക്കല്‍ പോലുള്ള- സംരക്ഷണമാണ് ഉദ്ദേശിക്കുന്നത്. പരിഹാസം, അധിക്ഷേപം, അന്യവല്‍ക്കരണം, തെറ്റിദ്ധരിക്കപ്പെടല്‍, ചുഴിഞ്ഞന്വേഷണം, പരദൂഷണം പോലുള്ള സകല അതിക്രമങ്ങളില്‍ നിന്നുമുള്ള സംരക്ഷണം. പൗരത്വം, വര്‍ണം, ആദര്‍ശം പോലുള്ള സകല സാമൂഹിക പരിഗണനകള്‍ക്കും അതീതമായി എല്ലാ ഓരോ മനുഷ്യനും ലഭിക്കേണ്ടതാണ് ഈ ആദരവ്. ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല മരിച്ചാലും അതിന് കോട്ടം തട്ടരുത്. ഒരിക്കല്‍ ഒരു മൃതദേഹവുമായി ആളുകള്‍ കടന്നുപോയപ്പോള്‍ പ്രവാചകന്‍ എഴുന്നേറ്റുനിന്നു. 'അതൊരു ജൂതന്റെ മൃതദേഹമല്ലേ' എന്നാരോ ചോദിച്ചപ്പോള്‍ പ്രവാചകന്റെ മറുപടി: ''ഒരു മനുഷ്യനല്ലേ?''2 ജീവിച്ചിരിക്കുമ്പോള്‍ അനാദരിക്കുന്നത് പോലെ തന്നെയാണ് മൃതദേഹത്തെ അനാദരിക്കുന്നതും. സ്വതന്ത്രമായ നീതിന്യായ സംവിധാനം കുറ്റവാളിയാണെന്ന് സ്ഥിരീകരിക്കുന്നത് വരെ ഓരോ മനുഷ്യനെയും നിരപരാധിയായി തന്നെയാണ് കാണേണ്ടത്. ശിക്ഷിക്കരുതെന്നും പൊതുവായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. 'ഈ ലോകത്ത് ജനങ്ങളെ പീഡിപ്പിച്ചവരെ അല്ലാഹു അന്ത്യനാളില്‍ പീഡിപ്പിക്കും' എന്ന് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യന്റെ സ്വകാര്യ ജീവിതത്തിനും ഇസ്‌ലാം സുരക്ഷയേര്‍പ്പെടുത്തുന്നു. ഒരാളെക്കുറിച്ച് ചീത്ത വിചാരം വെച്ചു പുലര്‍ത്താന്‍ പാടില്ല. അയാളുടെ കാര്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കുകയുമരുത്. അയാളുടെ പാര്‍പ്പിടത്തിനും വലിയ പവിത്രത നല്‍കിയിരിക്കുന്നു: ''അനുവാദം കിട്ടിയിട്ടല്ലാതെ നിങ്ങള്‍ (അവരുടെ വീട്ടില്‍) കയറരുത്'' (24:28). മനുഷ്യന്റെ അഭിമാനവും പവിത്രമാണ്. അതിനാലാണ് അഭിമാനക്ഷതമുണ്ടാക്കുന്ന ആരോപണങ്ങള്‍ക്ക് ശിക്ഷ ഏര്‍പ്പെടുത്തിയത്.
ധിഷണയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും വിലമതിക്കുന്ന മനോഹരമായ ഉദാഹരണങ്ങള്‍ നമുക്ക് ഖുര്‍ആനില്‍നിന്ന് കണ്ടെടുക്കാം. പ്രവാചകന്മാര്‍ തങ്ങളുടെ ജനതയുമായി, എന്നല്ല അക്കാലത്തെ സ്വേഛാധിപതികളുമായി നടത്തിയ സംവാദങ്ങള്‍ ശ്രദ്ധിക്കുക. യുക്തിബദ്ധവും ധൈഷണികവുമായ തെളിവുകളാണ് പ്രവാചകന്മാര്‍ സമര്‍പ്പിച്ചുകൊണ്ടിരുന്നത്. ഇതിനെ നേരിടാനാകാതെ സ്വേഛാധിപതികള്‍ ആയുധങ്ങളെടുത്ത് പ്രതിരോധിക്കുന്നതും നാം കാണുന്നു. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) ഭിന്നാഭിപ്രായങ്ങള്‍ക്ക് എത്ര വിശാലമായ ഇടമാണ് അനുവദിച്ചിരുന്നത്! സ്വന്തമായ അഭിപ്രായവും അന്വേഷണവും വേണമെന്നാണ് പ്രവാചകന്‍ തന്റെ അനുയായികളെ ഉണര്‍ത്തിക്കൊണ്ടിരുന്നത്. 'നിങ്ങള്‍ റാന്‍മൂളികളാവരുത്' - ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു. അതായത് ജനം എന്ത് പറഞ്ഞോ അത് തന്നെ എനിക്കും പറയാനുള്ളത് എന്നാകരുത് നിങ്ങളുടെ നിലപാട്. അങ്ങനെയാണ് ഏതാനും വര്‍ഷങ്ങള്‍ക്കകം ജീവിതത്തിന്റെ സര്‍വതുറകളിലേക്കും കരുത്തുറ്റ വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാന്‍, തിളക്കമാര്‍ന്ന ഒരു നാഗരികത പടുത്തുയര്‍ത്താന്‍ ഊഷരമായ ഈ മണല്‍ക്കാടിന് സാധ്യമായത്. ഇസ്‌ലാമിലെ മുഴുവന്‍ രാഷ്ട്രീയ, ചിന്താ പ്രസ്ഥാനങ്ങളും ഏതെങ്കിലുമൊരു സ്വഹാബിയെ തങ്ങളുടെ മാര്‍ഗദര്‍ശകനും വഴികാട്ടിയുമായി കണ്ടിരുന്നു എന്ന് കണ്ടെത്താനാവും.
എതിര്‍ ദര്‍ശനങ്ങളോട് ഇസ്‌ലാം സംവാദം നടത്തുന്നത് അത് ഉന്നയിക്കുന്ന ന്യായവാദങ്ങളില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് തന്നെയാണ്. ആ ന്യായവാദങ്ങളുമായി മനുഷ്യന്റെ ശുദ്ധ പ്രകൃതി ചേര്‍ന്നുനില്‍ക്കുമെന്നും ഇസ്‌ലാമിന് ഉറപ്പുണ്ട്. അഭിപ്രായപ്രകടനത്തിന് വിലക്കുകളോ തടസ്സങ്ങളോ ഇല്ലെങ്കില്‍ ഈ സംവാദത്തിലൂടെ ഒരാള്‍ എത്തിച്ചേരുക ഈ സത്യപാതയില്‍ തന്നെയാവും. സംവാദത്തില്‍ വിശ്വാസികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് ഖുര്‍ആന്‍ എതിരാളികളെ വെല്ലുവിളിക്കുന്നുണ്ട്, 'നിങ്ങള്‍ സത്യസന്ധരെങ്കില്‍ തെളിവുകളുമായി വരൂ' (2:111) എന്ന്. എന്തൊക്കെ പ്രതിസന്ധികള്‍ അഭിമുഖീകരിച്ചപ്പോഴും പുതുതായുണ്ടാകുന്ന വെല്ലുവിളികളെ മുസ്‌ലിംകള്‍ വിശുദ്ധവേദം ഉയര്‍ത്തിപ്പിടിച്ച് നേരിട്ടിട്ടുണ്ട്; സത്യസാക്ഷ്യമെന്ന ബാധ്യത അവര്‍ നിര്‍വഹിച്ചിട്ടുണ്ട്. മുസ്‌ലിം പണ്ഡിതന്മാരും മറ്റു ദാര്‍ശനികരും തമ്മിലുള്ള ഈ സ്വതന്ത്ര സംവാദത്തില്‍ ഏതെങ്കിലും മുസ്‌ലിം പണ്ഡിതന്‍ പരാജയപ്പെട്ടതായി ചരിത്രം രേഖപ്പെടുത്തിക്കാണുന്നില്ല. 'ജനങ്ങളുമായി നേരില്‍ സംവദിക്കാന്‍ എനിക്കവസരം തരൂ' എന്നായിരുന്നു പ്രവാചകന്‍ എതിരാളികളോട് ആവശ്യപ്പെട്ടിരുന്നത്.
അതുകൊണ്ടു തന്നെ ഇസ്‌ലാം സൃഷ്ടിച്ചെടുത്ത മാതൃകാപരമായ ഈ ചിന്താ സ്വാതന്ത്ര്യമണ്ഡലത്തില്‍ പലതരം ചിന്താധാരകള്‍ ഉയര്‍ന്ന് വന്നതും പുഷ്ടിപ്പെട്ടതും നാം കാണുന്നു. ജ്ഞാനാന്വേഷണം അവിടെ ബാധ്യതയാണെന്നതോടൊപ്പം അവകാശവുമായിരുന്നു. അത്തരം അന്വേഷണങ്ങള്‍ക്ക് വലിയ മൂല്യമാണ് കല്‍പ്പിക്കപ്പെട്ടിരുന്നത്. അവക്ക് പരിധി വെക്കപ്പെട്ടിരുന്നില്ല. ''ആകാശഭൂമികളിലുള്ളതെന്തൊക്കെയാണെന്ന് നോക്കൂ'' (10:101). പുറമെ നിന്നൊരു നിയന്ത്രണവും ചിന്താസ്വാതന്ത്ര്യത്തിന് മേല്‍ ഇസ്‌ലാം വെക്കുന്നില്ല. ചിന്താസ്വാതന്ത്ര്യം മറ്റുള്ളവരുടെ ചിന്താസ്വാതന്ത്ര്യത്തെ ഹനിക്കുന്നതോ അവരെ കടന്നാക്രമിക്കുന്നതോ ആവരുതെന്ന് മാത്രം. വംശീയ, വിഭാഗീയ ചിന്തകള്‍ കുത്തിയിളക്കാനോ മനുഷ്യനിലെ ക്ഷുദ്രവികാരങ്ങള്‍ക്ക് പ്രവേശനമൊരുക്കാനോ ചിന്താസ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യാനും പാടില്ല. കാരണം സ്വാതന്ത്ര്യമെന്നത് സമുന്നതമായ മാനുഷിക മൂല്യമാണ്. സത്യം, നന്മ, നീതി, സൗന്ദര്യം മുതലായ മൂല്യങ്ങളില്‍നിന്ന് സ്വാതന്ത്ര്യം വ്യതിചലിച്ചാല്‍ പിന്നെയതിന് ഒരര്‍ഥവും ഉണ്ടാവുകയില്ല. അതിക്രമിക്കും ഭ്രാന്തനും ഈ സ്വാതന്ത്ര്യം നല്‍കപ്പെടുകയില്ല. ഉപദ്രവിക്കാന്‍ പാടില്ല, ഉപദ്രവിക്കപ്പെടാനും പാടില്ല. ''അക്രമികളോടല്ലാതെ ഒരുവിധ കൈയേറ്റവും പാടില്ല'' (2:193). കാരണം സ്വാതന്ത്ര്യത്തിന്റെ മൂല്യം നവീകരിക്കപ്പെടുന്നത്, ജീവിതത്തിന് അതെത്രത്തോളം ബലവും ശാന്തിയും സുസ്ഥിതിയും വിശ്വാസവും നീതിയും പുരോഗതിയും നല്‍കുന്നു എന്നതിനെ ആസ്പദിച്ചാണ്.3 സ്വന്തമായി കുടുംബം ഉണ്ടാക്കാനും ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം ഒരോരുത്തര്‍ക്കുമുണ്ട്. പക്ഷെ, അപായമുണ്ടാകുമെന്ന ആശങ്കയുണ്ടെങ്കില്‍ ഈ അനുവാദം നിര്‍ബന്ധ ബാധ്യതയായി മാറുകയും ചെയ്യും. 'കുടുംബം പോറ്റാന്‍ കഴിവുണ്ടെങ്കില്‍ നിങ്ങള്‍ വിവാഹം ചെയ്യൂ' എന്ന് പ്രവാചകന്‍ പറഞ്ഞത് അതുകൊണ്ടാണ്.
വ്യക്തിക്ക് വിവാഹം ഒരു അവകാശമാണെങ്കില്‍ അതിനുള്ള സന്നാഹങ്ങള്‍ സ്ത്രീ പുരുഷന്മാര്‍ക്ക് ഒരുക്കിക്കൊടുക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. ''നിങ്ങളില്‍ ഇണയില്ലാത്തവരെയും നിങ്ങളുടെ അടിമകളായ സ്ത്രീപുരുഷന്മാരില്‍ സദ്‌വൃത്തരെയും നിങ്ങള്‍ വിവാഹം കഴിപ്പിക്കുക. അവരിപ്പോള്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവര്‍ക്ക് ഐശ്വര്യമേകും'' (24:32). വിവാഹത്തിന്റെ കാര്യത്തില്‍ വിവിധ തട്ടുകളിലുള്ള ജനവിഭാഗങ്ങള്‍ക്ക് ഒരു തരത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തുന്നില്ല എന്നര്‍ഥം. വിശ്വാസവും ആദര്‍ശവും മാത്രമേ അക്കാര്യത്തില്‍ പരിഗണിക്കുന്നുള്ളൂ. ദമ്പതികളുടെ ഒത്തൊരുമക്ക് ആദര്‍ശൈക്യം ഉണ്ടാവണമല്ലോ. അതുപോലെ, സാമൂഹിക പരിരക്ഷക്കും ഇത് അനിവാര്യമാണ്. ഇസ്‌ലാമിക സമൂഹത്തില്‍ നങ്കൂരമായി വര്‍ത്തിക്കുന്നത് ഈ ആദര്‍ശമാണ്. എല്ലാ സാമൂഹിക ബന്ധങ്ങളും ഈ നിലക്കാണ് രൂപപ്പെടുക. സാമൂഹിക സുരക്ഷയെ അപകടപ്പെടുത്തുന്ന ഏത് നീക്കത്തെയും അതിനാല്‍ തന്നെ കര്‍ശനമായി വിലക്കേണ്ടി വരും. ദുര്‍മാര്‍ഗികളുമായും നിരീശ്വരവാദികളുമായും പൊതുവെ ഇസ്‌ലാമിന്റെ ശത്രുക്കളുമായും വിശ്വാസികള്‍ക്ക് വിവാഹം വിലക്കുന്നത് ഇക്കാരണത്താലാണ്. ഇതര മതസ്ഥരായ സദ്‌വൃത്തകളായ സ്ത്രീകളെ വേള്‍ക്കാമെന്ന് മുസ്‌ലിം പുരുഷന്മാര്‍ക്ക് ഇളവ് നല്‍കിയതും ഇതേ അടിത്തറയില്‍ തന്നെ.4 ഇതര സമൂഹങ്ങളില്‍ ഇസ്‌ലാമിക പ്രബോധനത്തിനുള്ള മാര്‍ഗം ഇത് വഴിതുറന്നു കിട്ടുകയും ചെയ്യും. മുസ്‌ലിംകള്‍ക്ക് നാഗരികവും രാഷ്ട്രീയവുമായ കരുത്ത് ഉള്ളപ്പോഴേ സാധാരണഗതിയില്‍ ഈ പ്രബോധന രീതി വിജയകരമാവൂ. മുസ്‌ലിം സ്ത്രീകള്‍ ഇതര മതസ്ഥരെ വിവാഹം കഴിക്കരുത് എന്ന് പറയുന്നതിനും ഇതേ ന്യായമാണുള്ളത്. സ്ത്രീകള്‍ സാധാരണഗതിയില്‍ അവരുടെ ഭര്‍ത്താക്കന്മാരോടുള്ള സ്‌നേഹവും അടുപ്പവും കാരണം ഭര്‍തൃഗൃഹത്തിലെ വിശ്വാസാചാരങ്ങളിലേക്ക് നിങ്ങിപ്പോകാനാണ് സാധ്യത കൂടുതല്‍. ആ ഒരു അന്തരീക്ഷത്തില്‍ തന്നെയാവും അവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളും വളര്‍ന്നുവരിക. മുസ്‌ലിം സ്ത്രീയുടെയും അവളുടെ സന്താനങ്ങളുടെയും ആദര്‍ശ ജീവിതത്തെ അപകടപ്പെടുത്തുന്നത് കൊണ്ടും അങ്ങനെ അതൊരു സാമൂഹിക വിപത്തായി മാറുന്നത് കൊണ്ടുമാണ് ഈ വിലക്ക്.
കുറിപ്പുകള്‍
1. ഉസ്മാന്‍: ഉസ്വൂലുല്‍ ഫിക്‌രിസ്സിയാസി അല്‍ ഇസ്‌ലാമി. ഇബ്‌നു കസീറില്‍നിന്ന് ഉദ്ധരിച്ചത്. പേ: 198
2. അതേ പുസ്തകം
3. മുഹമ്മദ് ഹുസൈന്‍ ഫദ്‌ലുല്ല: മഫ്ഹൂമുല്‍ ഹുര്‍രിയ്യ ഫില്‍ ഇസ്‌ലാം (തീയതി വെക്കാതെ എഴുതിയ ഒരു ലേഖനം)
4. ഇതര മതസ്ഥരായ സദ്‌വൃത്തകളായ സ്ത്രീകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വ്യഭിചാരത്തെ പാപമായി കാണുന്നവരും അത് അന്തസ്സിന് നിരക്കുന്നതല്ലെന്ന് കരുതുന്നവരുമാണ്. വ്യഭിചാരത്തിലേര്‍പ്പെടുന്നവരോ വ്യഭിചാരത്തെ ഹീനവൃത്തിയായി കരുതാത്തവരോ (അവരത് ചെയ്യുന്നില്ലെങ്കിലും) ഈ ഗണത്തില്‍ പെടില്ല. അവരെ മുസ്‌ലിം പുരുഷന്മാര്‍ വിവാഹം കഴിക്കാനും പാടില്ല. ഈ ഗണത്തില്‍പെടുന്നവര്‍ മുസ്‌ലിം പേരുള്ളവരോ അല്ലാത്തവരോ എന്ന വ്യത്യാസമില്ല.
Comments