പ്രാര്‍ഥിച്ചുറപ്പിച്ചിടാന്‍
ഉള്ളാലെ സ്തുതിച്ചും സ്മരിച്ചും
തോരാതെ വര്‍ഷിക്കും
നാഥന്റെ കാരുണ്യസ്പര്‍ശത്താല്‍
ഹൃദയം കുളിര്‍ത്തും
സത്യപ്രതിജ്ഞയിലെത്തി നില്‍ക്കെ,
കണ്ഠമിടറുകയാണെന്നുള്ളില്‍
കുരുങ്ങിയ കുറ്റബോധങ്ങളാല്‍
ഇരുട്ടില്‍ തടഞ്ഞെത്രയോ രാത്രികളില്‍
പ്രാര്‍ഥിച്ചിരുന്നു ഖിന്നമാം ഹൃദയത്താല്‍....
ഉള്‍കണ്ണിന്‍ വെളിച്ചം
പൊലിയാതിരിക്കുവാന്‍
എന്നിട്ടുമീ പകലിന്‍ തെളിയും
മോഹനചിത്രങ്ങളില്‍
കണ്ണുകളുടക്കി നില്‍ക്കെ,
മനസ്സടിപതറിയിരുന്നെത്രയോ
ദുഃഖദായകമാം ആസ്വാദനങ്ങളില്‍
ഇരുട്ടു മറതീര്‍ത്ത രാത്രികളില്‍
എന്‍മനസ്സാകെ പിടിവിട്ടിരുളില്‍
നിലയില്ലാകയങ്ങളില്‍
കെട്ടിപുണര്‍ന്നിരുന്നെത്രയോ
ക്രൂരവിനോദങ്ങളില്‍.
പ്രാര്‍ത്ഥിച്ചുറപ്പിച്ചിടാന്‍ പ്രതിജ്ഞകള്‍
വെളിച്ചം നയിക്കും പാതയില്‍
സത്യ സ്നേഹ ധര്‍മ്മാദികളില്‍
മനസ്സടിവേരാഴ്ന്നു വളരുമൊരു
തണല്‍മരമായ് പടരുവാന്‍
തീക്കാറ്റില്‍ കരിഞ്ഞൊടുങ്ങാതെ,
പേമാരിതന്‍ കാറ്റില്‍ വേരിടറിവീഴാതെ,
സുകൃതജന്മമെന്നാശ്വസിച്ചീടുവാന്‍
Comments