Prabodhanm Weekly

Pages

Search

2019 ജൂണ്‍ 14

3105

1440 ശവ്വാല്‍ 10

ഹാജി സാഹിബിന്റെ ഫാറൂഖ് കോളേജ് പ്രഭാഷണവും വിദ്യാര്‍ഥി ആക്ടിവിസത്തിന്റെ ചരിത്രവും

പ്രഫ. എം. മൊയ്തീന്‍ കുട്ടി/ബഷീര്‍ തൃപ്പനച്ചി

ഫാറൂഖ് കോളേജില്‍ വിദ്യാര്‍ഥിയായിരുന്ന 1954-58 കാലത്ത് സംഘടനാ ആക്ടിവിസം കാമ്പസില്‍ സജീവമായിരുന്നില്ല. അന്ന് ഞാന്‍ മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫിന്റെ കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്നു. കാമ്പസില്‍ പ്രത്യേകിച്ച് പരിപാടികളൊന്നും അന്ന് എം.എസ്.എഫിന്റെ പേരില്‍ നടത്തിയിട്ടില്ല. വിദ്യാര്‍ഥി കാലത്ത് തന്നെ പതിയെ ഞാന്‍ എം.എസ്.എഫില്‍ നിര്‍ജീവമാവുകയും ചെയ്തു. യൂനിയന്‍ തെരഞ്ഞെടുപ്പില്‍ സംഘടനകള്‍ എന്നതിലുപരി വ്യക്തികളാണ് മത്സരിക്കുക. 1957-58 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി ഫൈനല്‍ വിദ്യാര്‍ഥിയായ ഞാന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു. പതിനാല് വോട്ടിന്റെ ഭൂരിപക്ഷത്തിന് യൂനിയന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പടുകയും ചെയ്തു. യൂനിയന് കീഴില്‍ വ്യത്യസ്ത അസോസിയേഷനുകള്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇസ്‌ലാമിക്‌സ് അസോസിയേഷന്‍. അതിന്റെ ഉദ്ഘാടനത്തിനായി ഒരു ഇസ്‌ലാമിക പണ്ഡിതനെ കാമ്പസില്‍ കൊണ്ടുവരാന്‍ യൂനിയന്‍ തീരുമാനിച്ചു. ഫാറൂഖ് കോളേജിലെ സ്റ്റാഫിലും വിദ്യാര്‍ഥികളിലും പെട്ട മുസ്‌ലിംകളല്ലാത്തവരെകൂടി അഭിസംബോധന ചെയ്യാന്‍ പ്രാപ്തിയുള്ള പണ്ഡിതനെ അന്വേഷിച്ച ചര്‍ച്ച ഹാജി സാഹിബിലാണ് അവസാനിച്ചത്. മാനേജ്‌മെന്റും അധ്യാപകരും അത് സമ്മതിച്ചു. കത്തുമുഖേന ഹാജി സാഹിബിനെ ക്ഷണിച്ചു. യാത്രാ ചെലവിന് മണിയോര്‍ഡറായി അഞ്ചു രൂപ അദ്ദേഹത്തിന് അയച്ചുകൊടുത്തു. അന്ന് അഞ്ച് രൂപ വലിയ സംഖ്യയാണ്. ഹാജി സാഹിബ് ആ മണിയോര്‍ഡര്‍ തിരിച്ചയച്ചു. യാത്രാ ചെലവിന്റെ ആവശ്യമില്ലെന്നും കൃത്യസമയത്ത് കാമ്പസില്‍ എത്താമെന്നും അദ്ദേഹം അറിയിച്ചു. ഹാജി സാഹിബ് കാശ് തിരിച്ചയച്ചത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ അദ്ദേഹത്തെ കുറിച്ച് വലിയ മതിപ്പുണ്ടാക്കി. വരാന്‍ പോകുന്നത് വേറിട്ടൊരു മൗലവിയാണെന്ന് കാമ്പസില്‍ സംസാരമുണ്ടായി. കൊണ്ടോട്ടി അബ്ദുര്‍റഹ്മാന്‍ സാഹിബ്, മലപ്പുറം അബു സാഹിബ്, മെസ്സേജ് എഡിറ്ററായിരുന്ന അബ്ദുല്ലാ സാഹിബ് എന്നിവര്‍ കൂടെയുണ്ടായിരുന്നു. ലീഗ് നേതാവും കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനുമായ സി.എച്ച് മുഹമ്മദ് കോയ സാഹിബായിരുന്നു പരിപാടിയിലെ മറ്റൊരു പ്രഭാഷകന്‍. ആദ്യം ഹാജി സാഹിബ് ഇസ്‌ലാമിനെക്കുറിച്ച് ഉജ്ജ്വലമായി സംസാരിച്ചു. ഇസ്‌ലാമിക ദര്‍ശനത്തെക്കുറിച്ച് അത്തരമൊരു പ്രഭാഷണം ആദ്യമായി കേള്‍ക്കുകയായിരുന്നു. സി.എച്ച് പിന്നീട് പതിവ് ദീര്‍ഘ പ്രഭാഷണം നടത്തിയില്ല. അഞ്ച് മിനിറ്റ് മാത്രമാണ് അദ്ദേഹം സംസാരിച്ചത്. 'ഞാനധികം സംസാരിക്കേണ്ടതില്ലാത്ത വിധം ഹാജി സാഹിബ് വിഷയമവതരിപ്പിച്ചുവല്ലോ' എന്ന് ആമുഖമായി സി.എച്ച് പറയുകയും ചെയ്തു.
ജമാഅത്തെ ഇസ്‌ലാമി പരിചയപ്പെടുത്തുന്ന ഇസ്‌ലാമെന്ന ജീവിത വ്യവസ്ഥയെ ആദ്യമായി കേള്‍ക്കുന്നത് ഹാജി സാഹിബിന്റെ ഈ ഫാറൂഖ് കോളേജ് പ്രഭാഷണത്തില്‍നിന്നാണ്. അന്ന് ഫാറൂഖ് കോളേജില്‍ വിദ്യാര്‍ഥിയായിരുന്ന എന്റെ ഏറ്റവുമടുത്ത സുഹൃത്ത് മോങ്ങത്തെ പ്രഫ. കെ. മുഹമ്മദ് സാഹിബിനും മറ്റ് പലര്‍ക്കും ഹാജി സാഹിബ് പറഞ്ഞ ഇസ്‌ലാമിനോട് താല്‍പ്പര്യമായി. ആ വര്‍ഷം കോളേജ് ഫൈനല്‍ കഴിഞ്ഞ് നാട്ടിലെത്തിയ ഉടനെ കൊണ്ടോട്ടി അബ്ദുര്‍റഹ്മാന്‍ സാഹിബും മലപ്പുറം അബു സാഹിബും എന്റെ വീട്ടില്‍ വന്നു. ഫാറൂഖ് കോളേജില്‍ ആ പരിപാടിക്ക് വന്നപ്പോഴേ അവര്‍ എന്നെ നോട്ടമിട്ടിരിക്കണം. പലയിടത്തും സ്റ്റഡി ക്ലാസ്സുകളെടുക്കാന്‍ അവരെന്നെ കൊണ്ടുപോയി. ക്ലാസിനപ്പുറം എന്നെ പ്രസ്ഥാനത്തിലേക്ക് അടുപ്പിക്കലായിരുന്നു രണ്ടു പേരുടെയും ലക്ഷ്യം. അങ്ങനെ ജമാഅത്ത് പ്രവര്‍ത്തകനായില്ലെങ്കിലും ജമാഅത്ത് വേദികളില്‍ ഞാന്‍ സ്റ്റഡി ക്ലാസുകള്‍ നടത്തിത്തുടങ്ങി. ഇതിനിടയില്‍ ഫാറൂഖ് കോളേജില്‍നിന്ന് എം.എസ്.സി പൂര്‍ത്തിയാക്കിയ പ്രഫ. കെ. മുഹമ്മദ് മോങ്ങം, വെള്ളിമാടുകുന്ന് ജെ.ഡി.റ്റിയിലെ അധ്യാപകനായി. മെസ്സേജ് മാസികയുടെ എഡിറ്റിംഗ് വര്‍ക്കിലും അദ്ദേഹം പങ്കാളിയായിരുന്നു. അദ്ദേഹം വഴി വെള്ളിമാടുകുന്ന് പ്രബോധനം ഓഫീസിനോട് ചേര്‍ന്ന മെസ്സേജിന്റെ ഓഫീസില്‍ ഞാനും ഇടക്കിടെ സന്ദര്‍ശകനായി. എം.എം.കെ ഫാറൂഖി എന്ന പേരില്‍ ചില കുറിപ്പുകളും ലേഖനങ്ങളും എഴുതാനും ആരംഭിച്ചു. വെള്ളിമാടുകുന്ന് ഓഫീസിലുണ്ടായിരുന്ന ടി.കെ അബ്ദുല്ല സാഹിബ്, ടി. മുഹമ്മദ് സാഹിബ്, മെസ്സേജ് എഡിറ്ററായിരുന്ന അബ്ദുല്ല സാഹിബ് എന്നിവരുമായി അടുത്ത പരിചയത്തിലായി. അവരുമായുള്ള നിരന്തര സമ്പര്‍ക്കവും കൊണ്ടോട്ടി അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെയും മലപ്പുറം അബു സാഹിബിന്റെയും നാട്ടിലെത്തിയാലുള്ള ബന്ധങ്ങളും എന്നെ ഒരു പൂര്‍ണ ജമാഅത്തുകാരനാക്കി മാറ്റി.
ഫാറൂഖ് കോളേജില്‍ അധ്യാപകനായി ചേര്‍ന്നതോടെ കോഴിക്കോട് കേന്ദ്രീകരിച്ച ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ ഞാനും സജീവമായി. മുജാഹിദ് പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും ചില പരിപാടികള്‍ ഒരുമിച്ചു നടത്തിയിരുന്ന കാലമായിരുന്നു അത്. പ്രാദേശിക തലങ്ങളിലും ഇരുസംഘടനകളിലും പെട്ടവര്‍ ഒരുമിച്ചാണ് പല കൂട്ടായ്മകളും മുന്നോട്ടു കൊണ്ടുപോയിരുന്നത്. ഈ സഹകരണ കാലത്ത് എന്റെ ഉസ്താദ് കൂടിയായിരുന്ന മുജാഹിദ് നേതാവ് സി.പി അബൂബക്കര്‍ മൗലവി അദ്ദേഹത്തിന് പകരം പലപ്പോഴും കോഴിക്കോട് മൊയ്തീന്‍ പള്ളിയില്‍ എന്നെ ഖുത്വ്ബക്ക് നിയോഗിക്കുമായിരുന്നു. കോഴിക്കോട് പട്ടാളപ്പള്ളിയിലും ഞാന്‍ ഖുത്വ്ബ നടത്തിയിട്ടുണ്ട്. അക്കാലത്ത് മാനാഞ്ചിറ മൈതാനിയില്‍ നടത്തിയ ജമാഅത്ത്-മുജാഹിദ് സംയുക്ത ഈദ്ഗാഹില്‍ എന്നെയായിരുന്നു ഖുത്വ്ബക്ക് നിശ്ചയിച്ചിരുന്നത്. ഇസ്‌ലാമിക പ്രഭാഷണ രംഗത്ത് ഭൗതിക വിദ്യാഭ്യാസം ലഭിച്ചവര്‍ അന്ന് കുറവായിരുന്നു. തൗഹീദ്, രിസാലത്ത്, പരലോകം, ഇസ്‌ലാമും സംഘടിത ജീവിതവും തുടങ്ങിയവയായിരുന്നു അക്കാലത്തെ പ്രഭാഷണ വിഷയങ്ങള്‍. ഇതോടൊപ്പം ഫാറൂഖ് കോളേജ് കാമ്പസിനകത്ത് വിദ്യാര്‍ഥികളുടെ ഇസ്‌ലാമികവത്കരണത്തിനായും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

കാമ്പസ് പ്രവര്‍ത്തനങ്ങള്‍
ഫാറൂഖ് കോളേജിന്റെ ശില്‍പ്പി അബുസ്സ്വബാഹ് മൗലവിയാണ്. റൗദത്തുല്‍ ഉലൂം അറബിക് കോളേജിന്റെ തുടര്‍ച്ച തന്നെയാണ് ഫാറൂഖ് കോളേജ്. വെറുമൊരു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജായിരുന്നില്ല അബുസ്സ്വബാഹ് മൗലവിയുടെ ലക്ഷ്യം. ഇസ്‌ലാമിക ധാര്‍മികാന്തരീക്ഷം നിലനില്‍ക്കുന്ന ഉന്നത ഭൗതിക കലാലയമായിരുന്നു അദ്ദേഹം സ്വപ്‌നം കണ്ടത്. ഞാന്‍ അധ്യാപകനായ ആദ്യവര്‍ഷങ്ങളില്‍ രാവിലെ 9 മണി മുതല്‍ 10 മണിവരെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഫാറൂഖ് കോളേജില്‍ ഇസ്‌ലാമിക മതപഠന ക്ലാസുകള്‍ ഉണ്ടായിരുന്നു. റൗദത്തുല്‍ ഉലൂം അധ്യാപകന്‍ സി.പി അബൂബക്കര്‍ മൗലവി, പ്രഫ. വി. മുഹമ്മദ് സാഹിബ് എന്നിവര്‍ക്കൊപ്പം ഞാനും ഈ മതപഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. സംഘടനാ ഭേദമന്യേ അക്കാലത്ത് അവിടെ പഠിച്ച ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമിക ഉണര്‍വ് നല്‍കാന്‍ ഈ ക്ലാസുകള്‍ ഉപകരിച്ചു. മുസ്‌ലിം വിദ്യാര്‍ഥികളെ കമ്യൂണിസത്തിലേക്കും യുക്തിവാദത്തിലേക്കും വഴിമാറാതെ ഇസ്‌ലാമില്‍ തന്നെ ഉറച്ചുനില്‍ക്കുന്നവരാക്കാന്‍ ഈ ക്ലാസുകള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഹമീദ് ചേന്ദമംഗല്ലൂര്‍ ഫാറൂഖ് കോളേജില്‍ പഠിക്കുന്ന കാലത്ത് എന്റെ മതപഠന ക്ലാസുകളില്‍ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇന്നത്തെ മുസ്‌ലിം ലീഗ് എം.എല്‍.എമാരില്‍ മിക്കവരും ഫാറൂഖ് കോളേജിന്റെ സന്താനങ്ങളാണ്. അവര്‍ ഈ മതപഠന ക്ലാസുകളില്‍ പങ്കെടുക്കുന്നവരുമായിരുന്നു. മുജാഹിദ് നേതാക്കള്‍ക്കു പുറമെ കെ.സി അബ്ദുല്ല മൗലവി, ടി.കെ അബ്ദുല്ല സാഹിബ്, കെ.എന്‍ അബ്ദുല്ല മൗലവി എന്നിവര്‍ക്കെല്ലാം ക്ലാസുകളെടുക്കാന്‍ അവസരമൊരുക്കിയിരുന്നു.
ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക ഘടകത്തിന്റെ പിന്തുണയോടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ജമാഅത്തിന്റെ നേരിട്ടുള്ള പ്രവര്‍ത്തനവും ഇതിനിടയില്‍ നടന്നിരുന്നു. ഫാറൂഖ് കോളേജിലെ എന്റെ ആദ്യകാല ശിഷ്യന്മാരിലൊരാളായ പൂവഞ്ചേരി മുഹമ്മദ് ആയിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ഫാറൂഖ് കോളേജില്‍ ഇസ്‌ലാമിക വിദ്യാര്‍ഥി കൂട്ടായ്മ രൂപപ്പെടുന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ. എന്റെ വിദ്യാര്‍ഥികളായ കെ.പി കമാലുദ്ദീന്‍, എന്‍.കെ അഹ്മദ്, ഉസ്മാന്‍ തറുവായി, എ.ഐ. റഹ്മത്തുല്ല, ചേളന്നൂര്‍ അബ്ദുല്ല തുടങ്ങിയവരൊക്കെയായിരുന്നു ഈ വിദ്യാര്‍ഥി കൂട്ടായ്മയുടെ മുന്‍നിരയില്‍. ആ കൂട്ടായ്മ അന്ന് വിപുലമായ സംഘടനാ രൂപമായി മാറിയിരുന്നില്ല. വിദ്യാര്‍ഥികളെ ബുദ്ധിപരമായി സ്വാധീനിക്കാന്‍ ഈ കൂട്ടായ്മക്ക് കഴിഞ്ഞിരുന്നു. ഇസ്‌ലാമിക സ്റ്റഡി ക്ലാസുകള്‍ സംഘടിപ്പിക്കലായിരുന്നു മുഖ്യ പ്രവര്‍ത്തനം. ഈ കാലത്ത് ഫാറൂഖ് കോളേജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിയായിരുന്ന മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ഈ കൂട്ടായ്മയില്‍ ആകൃഷ്ടനായിരുന്നു. പ്രീഡിഗ്രിക്കു ശേഷം ഡിഗ്രി പഠനത്തിന് അദ്ദേഹം തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലേക്ക് പോയി. ഫാറൂഖ് കോളേജ് വിട്ടതോടെ കുഞ്ഞാലിക്കുട്ടിയുടെ ആ ബന്ധം അവസാനിക്കുകയും ചെയ്തു.
ഫാറൂഖ് കോളേജിലെ സജീവമായ ഈ ഇസ്‌ലാമിക വിദ്യാര്‍ഥി കൂട്ടായ്മയാണ് പിന്നീട് 1970 ഒക്‌ടോബറില്‍ രൂപം കൊണ്ട ഐഡിയല്‍ സ്റ്റുഡന്റ്‌സ് ലീഗിന്റെ (ഐ.എസ്.എല്‍) പിറവിക്ക് നിമിത്തമായത്. ഐ.എസ്.എല്‍ സജീവമായതോടെ ഫാറൂഖ് കോളേജിലെ ഏറ്റവും വലിയ വിദ്യാര്‍ഥി പക്ഷം അവരായി. 1973-ല്‍ ഐ.എസ്.എല്‍ നേതാവായിരുന്ന കെ.പി കമാലുദ്ദീന്‍ ഫാറൂഖ് കോളേജ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയായും 1974-ല്‍ അദ്ദേഹം യൂനിയന്‍ ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് നേതാവും എം.പിയുമായിരുന്ന എം.ഐ ഷാനവാസിനെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കെ.പി കമാലുദ്ദീന്‍ പരാജയപ്പെടുത്തിയത്. ഷാനവാസ് അന്ന് കെ.എസ്.യു നേതാവായിരുന്നു. മുസ്‌ലിം ലീഗ് വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫ് അന്ന് ഐ.എസ്.എല്‍ സ്ഥാനാര്‍ഥി കെ.പി കമാലുദ്ദീനെയാണ് പിന്തുണച്ചത്. 1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. വൈകാതെ ഐ.എസ്.എല്‍ പിരിച്ചുവിട്ടു. അടിയന്തരാവസ്ഥാ കാലത്ത് ഫാറൂഖ് കോളേജ് കാമ്പസ് പൊതുവെ ശാന്തമായിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ഉടനെയാണ് ഞാനും മോങ്ങത്തെ പ്രഫ. കെ. മുഹമ്മദും ഹജ്ജിന് പോകുന്നത്. കപ്പലിലായിരുന്നു യാത്ര. ടി.കെ ഇബ്‌റാഹീം ടൊറണ്ടോയും മൊയ്തു മൗലവിയും അന്ന് മക്കയിലുണ്ടായിരുന്നു. ഇബ്‌റാഹീം സാഹിബിന്റെ ശ്രമഫലമായി അന്ന് മക്കയില്‍ നടന്ന റാബിത്വയുടെ പരിപാടിയില്‍ പ്രതിനിധിയായി പങ്കെടുക്കാനും ശൈഖ് ഇബ്‌നുബാസിനെ പരിചയപ്പെടാനും അവസരം ലഭിച്ചു. ശൈഖ് ഇബ്‌നുബാസ് ഞങ്ങള്‍ക്കു വേണ്ടി വീട്ടില്‍ ഉച്ചഭക്ഷണ വിരുന്നൊരുക്കി ക്ഷണിച്ചിരുന്നു. വി.പി അഹ്മദ് കുട്ടി അന്ന് മദീനാ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണ്. മദീനാ യൂനിവേഴ്‌സിറ്റിയില്‍ ജോലി ചെയ്തിരുന്ന സഅ്ദുദ്ദീന്‍ മൗലവിയുടെ വീട്ടില്‍ ഞങ്ങള്‍ക്ക് സ്വീകരണവും ഒരുക്കിയിരുന്നു. സഅ്ദുദ്ദീന്‍ മൗലവി മദീനാ യൂനിവേഴ്‌സിറ്റിയില്‍ പരിഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു. കെ.എം മൗലവിയുടെ മകനായ അബ്ദുസ്സമദ് അല്‍ കാത്തിബിനെയും അവിടെ വെച്ചാണ് പരിചയപ്പെട്ടത്.
ഹജ്ജ് കഴിഞ്ഞ് ഫാറൂഖ് കോളേജില്‍ തിരിച്ചെത്തുമ്പോള്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ കാമ്പസില്‍ നിര്‍ജീവമായിരുന്നു. 1976 ജനുവരിയില്‍ വിദ്യാര്‍ഥി-യുവജനങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിക ക്ലാസുകള്‍ നടത്താന്‍ ഒരു വേദി രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ പഴയ ഐ.എസ്.എല്‍ നേതാക്കളുടെ നേതൃത്വത്തില്‍ കാമ്പസിനു പുറത്ത് ഒരു യോഗം ചേര്‍ന്നു. അന്‍സാറുല്‍ ഇസ്‌ലാം സംഘം എന്ന വേദിക്ക് അന്ന് രൂപം നല്‍കി. യുവാവായ എന്നെയും അതിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായി തെരഞ്ഞെടുത്തു. അന്‍സാറുല്‍ ഇസ്‌ലാം സംഘത്തിന്റെ അറിവോടെ സമാനമായ പല വേദികളും പലയിടത്തും രൂപീകരിച്ചു. ശൈഖ് മുഹമ്മദ് കാരകുന്ന്, ജമാല്‍ മുഹമ്മദ്, പി. കോയ എന്നിവരൊക്കെ ഈ സംഘത്തിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്നു. ഇസ്‌ലാമിക സ്റ്റഡി ക്ലാസുകള്‍ തന്നെയായിരുന്നു മുഖ്യപ്രവര്‍ത്തനം. അടിയന്തരാവസ്ഥ പിന്‍വലിച്ച് 1977 മാര്‍ച്ചില്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ പരസ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ സംഘം തീരുമാനിച്ചു. ഇന്ദിരാ ഗാന്ധിയെയും അവരുടെ കക്ഷിയെയും പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന ലഘുലേഖ തയാറാക്കി വ്യാപകമായി വിതരണം ചെയ്തു. ഈ ലഘുലേഖ ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ദേശാഭിമാനി പത്രം ആ ലഘുലേഖ അപ്പടി പുനഃപ്രസിദ്ധീകരിച്ചിരുന്നു. സിമി 1977-ല്‍ ഫാറൂഖ് കോളേജില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ അവരായിരുന്നു പിന്നീട് ഇസ്‌ലാമിക വിദ്യാര്‍ഥി ഇടപെടലുകള്‍ക്ക് കാമ്പസില്‍ നേതൃത്വം നല്‍കിയത്.
ജമാഅത്തെ ഇസ്‌ലാമി എസ്.ഐ.ഒ രൂപീകരിക്കുന്നതിന്റെ തൊട്ടുമുമ്പത്തെ അധ്യയനവര്‍ഷമായ 1981-82 ല്‍ ഫാറൂഖ് കോളേജ് സ്റ്റുഡന്റ്‌സ് യൂനിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത് സിമിയുടെ സ്ഥാനാര്‍ഥിയായിരുന്ന എം.പി അബ്ദുസ്സമദ് സമദാനിയായിരുന്നു. അദ്ദേഹം സിമിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന ശൂറാ അംഗവുമായിരുന്നു. അന്നേ മികച്ച പ്രഭാഷകനായ സമദാനി ജമാഅത്തെ ഇസ്‌ലാമിയുടെ പരിപാടികളില്‍ യുവപ്രാസംഗികനായി സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് സിമിയില്‍നിന്ന് വേര്‍പിരിഞ്ഞ് സമദാനി മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫില്‍ സജീവമായി.
സിമി സജീവമായ കാലത്താണ് കോഴിക്കോട് നഗരത്തില്‍ യൂത്ത് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. അതിന്റെ ചെയര്‍മാനായി എന്നെയാണ് തെരഞ്ഞെടുത്തത്. കോഴിക്കോട് കേന്ദ്രീകരിച്ച് വ്യത്യസ്തമായ ഇസ്‌ലാമിക ചര്‍ച്ചകള്‍ സെന്ററിന്റെ കീഴില്‍ നടന്നിരുന്നു. ഒരുകാലത്ത് കേരളത്തിലെ ഇസ്‌ലാമിക ചിന്തയുടെ യൗവനകേന്ദ്രമായിരുന്നു യൂത്ത് സെന്റര്‍. ഐ.ഡി.ബി ജിദ്ദയുടെ പ്രതിനിധികളൊക്കെ യൂത്ത് സെന്റര്‍ സന്ദര്‍ശിച്ചിരുന്നു.
1982-ല്‍ എസ്.ഐ.ഒ നിലവില്‍വന്ന ശേഷവും ജമാഅത്ത് പ്രവര്‍ത്തകരായ ഞാനും പ്രഫ. മുഹമ്മദും ശൈഖ് മുഹമ്മദ് കാരകുന്നുമൊക്കെ യൂത്ത് സെന്റര്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. ഞാന്‍ തന്നെയായിരുന്നു അന്നും ചെയര്‍മാന്‍. പക്ഷേ, അവിടെ നടക്കുന്ന മിക്ക മീറ്റിംഗുകളിലും ഞങ്ങള്‍ പങ്കെടുക്കാറില്ലായിരുന്നു. ചെയര്‍മാന്‍ സ്ഥാനത്ത് ഞാനായതിനാല്‍ സെന്ററുമായി ബന്ധപ്പെട്ട് പല തീരുമാനങ്ങളുമെടുക്കാന്‍ സ്വാഭാവികമായും അവര്‍ക്ക് ചില പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. അങ്ങനെ 1985-ല്‍ ഫാറൂഖ് കോളേജില്‍നിന്ന് വളന്ററി റിട്ടയര്‍മെന്റ് വാങ്ങി ഞാന്‍ ജിദ്ദയിലെ അറബ് ന്യൂസിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ എന്നോടവര്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് യൂത്ത് സെന്ററിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ഞാന്‍ രാജിവെക്കുന്നത്. മീറ്റിംഗുകളില്‍ സ്ഥിരമായി പങ്കെടുക്കാതായപ്പോള്‍ പ്രഫ. കെ. മുഹമ്മദിനോടും അവര്‍ ഒഴിയാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹവും രാജിവെച്ചു. ശൈഖ് മുഹമ്മദ് കാരകുന്ന് രാജിവെച്ചിരുന്നില്ല. അദ്ദേഹത്തെ പതിയെ അവര്‍ ഒഴിവാക്കുകയായിരുന്നു.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (4-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആര് ഭക്ഷിച്ചാലും കര്‍ഷകന് ഗുണമുണ്ട്
സാലിം അബ്ദുല്‍ മജീദ്‌