Prabodhanm Weekly

Pages

Search

2019 ജൂണ്‍ 14

3105

1440 ശവ്വാല്‍ 10

മുസ്‌ലിം ധൈഷണികതയുടെ പ്രതിസന്ധികളും പുനരാലോചനകളും

ഡോ. ഒവമിര്‍ അന്‍ജും

2012 ല്‍ പ്രസിദ്ധീകരിച്ച Politics, Law and Community: The Taymiyyan Moment’ (രാഷ്ട്രീയം, നിയമം, സമുദായം എന്നിവ ഇസ്‌ലാമിക ചിന്തയില്‍: തൈമിയ്യന്‍ സന്ദര്‍ഭം) എന്ന പുസ്തകത്തില്‍ താങ്കള്‍ മുന്നോട്ടു വെക്കുന്ന ചിന്തകള്‍ ഒന്ന് പങ്കുവെക്കാമോ?

ഇസ്‌ലാമിക പാരമ്പര്യത്തിനകത്തു നിന്നുകൊണ്ടുതന്നെ ഇസ്‌ലാമിക രാഷ്ട്രീയപാരമ്പര്യത്തെക്കുറിച്ചുള്ള ഒരു വിമര്‍ശന പഠനത്തിനുള്ള ശ്രമമായിരുന്നു അത്. പഠനത്തിന്റെ രീതിശാസ്ത്രത്തില്‍ ഞാന്‍ മുന്‍ഗണന കൊടുത്ത കാര്യം, പല തരത്തിലുള്ള അക്കാദമിക സങ്കീര്‍ണതകളില്‍നിന്ന് ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയെ പുറത്തെത്തിക്കുക എന്നതായിരുന്നു. ഓറിയന്റലിസം, ആന്റി ഓറിയന്റലിസം, ആധുനികത, ഉത്തരാധുനികത തുടങ്ങിയ പലവിധ രീതിശാസ്ത്രങ്ങളുടെ സങ്കീര്‍ണതകള്‍ക്കിടയില്‍ ഇസ്‌ലാമിക പാരമ്പര്യം എങ്ങനെ സ്വന്തം കാലില്‍ നില്‍ക്കുന്നു എന്നത് കാണാനുള്ള ഒരു ശ്രമം. സ്വയം വിമര്‍ശനങ്ങളുടെ സാധ്യത നിലനില്‍ക്കുക എന്നതാണ് എന്നെ സംബന്ധിച്ചേടത്തോളം ഒരു പാരമ്പര്യം സ്വയം പര്യാപ്തമാണ് എന്ന് പറയാനുള്ള അടിസ്ഥാനം. ഈയൊരു കാര്യം അന്വേഷണവിധേയമാക്കാന്‍ വേണ്ടി തെരഞ്ഞെടുത്ത ഇസ്‌ലാമിക ചരിത്രത്തിലെ ഒരു സുപ്രധാന ഘട്ടം ആയിരുന്നു 'ഇബ്‌നുതൈമിയ്യന്‍ സന്ദര്‍ഭം' (Taymiyyan Moment) എന്നത്. ഈയൊരു ഘട്ടം പ്രാധാന്യമര്‍ഹിക്കുന്നത് മംഗോള്‍ ആക്രമണത്തിന് വിധേയമായ സന്ദര്‍ഭം എന്ന നിലക്കാണ്.
സ്വയം വിമര്‍ശനങ്ങളുടെ പാരമ്പര്യത്തിലെ ഒരു പ്രധാന വക്താവാണ് ഇബ്‌നുതൈമിയ്യ. ഇസ്‌ലാമിക പാരമ്പര്യത്തിന്റെ അകത്തുനിന്നുകൊണ്ടുതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ത്താന്‍ കഴിഞ്ഞു എന്നതു തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ മികവ്. ഇസ്‌ലാമിലേക്കുള്ള പല കടന്നുകയറ്റങ്ങളെയും വിശകലനവിധേയമാക്കിയാണ് അദ്ദേഹം ആരംഭിക്കുന്നത്. അതോടൊപ്പം തന്നെ ഫല്‍സഫ പാരമ്പര്യത്തെക്കുറിച്ചും, നവ പ്ലാറ്റോണിയന്‍ സ്വാധീനത്തെക്കുറിച്ചുമെല്ലാം നല്ല അവഗാഹം അദ്ദേഹത്തിനുണ്ടായിരുന്നു. അഗാധമായ പാണ്ഡിത്യമുള്ള പാരമ്പര്യവാദി ആയിരുന്നു അദ്ദേഹം. പൊതുവില്‍ പാരമ്പര്യവാദികള്‍ സംവാദങ്ങള്‍ക്കോ സിദ്ധാന്തങ്ങളുമായുള്ള ഇടപെടലുകള്‍ക്കോ നില്‍ക്കാതെ മുന്‍ഗാമികളെ പിന്തുടരാനാണ് ശ്രമിക്കാറുള്ളത് എന്നതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ ശ്രദ്ധേയമാകുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യ മൂന്നു നൂറ്റാണ്ടുകളെ എടുത്തുകൊണ്ട് പില്‍ക്കാല മൂന്ന് നൂറ്റാണ്ടുകളിലെ പ്രവണതകളെ വിമര്‍ശനവിധേയമാക്കുകയാണ് അദ്ദേഹം ചെയ്തത്. ഈയൊരു ശ്രമത്തിലൂടെ പുതിയ തുറസ്സുകള്‍ സൃഷ്ടിക്കുകയും, പുനഃക്രമീകരണങ്ങളുണ്ടാക്കുകയും, യുക്തിക്കും വെളിപാടിനുമിടയില്‍ (Between Reason and Revelation) പുതിയൊരു സമവായം ഉാക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ഇതായിരുന്നു എന്റെ പഠനത്തിന്റെ സൈദ്ധാന്തികമായ ഒരു വശം.
ഇബ്‌നുതൈമിയ്യന്‍ ചിന്തയുടെ ഒരു പരിണതി, സമുദായ കേന്ദ്രീകൃതമായ ആദ്യകാല ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയെ തിരിച്ചുകൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ്. മുസ്‌ലിം സമുദായം പല തരത്തിലുള്ള വിഭജനങ്ങള്‍ അനുഭവിച്ചിരുന്ന കാലമായിരുന്നു അത്. അതുകൊണ്ടാണ് ഞാനതിനെ ഒരു രാഷ്ട്രീയ സന്ദര്‍ഭം എന്ന് പറയുന്നത്. എന്നെ സംബന്ധിച്ചേടത്തോളം രാഷ്ട്രീയം എന്ന് പറയുന്നതിന്റെ അകക്കാമ്പ് കൂട്ടായ്മ എന്നതുമായി ബന്ധപ്പെട്ടതാണ്. പലതരം പ്രത്യേക മേഖലകളെക്കുറിച്ചുള്ള പരിഗണനകളിലേക്ക് ഉലമാക്കളൊക്കെ മാറിയ മധ്യകാല സാഹചര്യത്തില്‍, ഉമ്മത്ത് എന്ന ആശയത്തെ ഒരു പ്രധാന പ്രാതിനിധ്യമായി അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ഉമ്മത്ത് എന്നത് ക്രിയാത്മകതയുള്ള ഒരു ഘടകമായി അദ്ദേഹം കാണുന്നു. ഇതിനെയാണ് സമുദായ കേന്ദ്രീകൃതമായ ഇസ്‌ലാമിക കാഴ്ചപ്പാട് എന്ന് ഞാന്‍ വിശേഷിപ്പിച്ചത്. ഭരണാധികാരി കേന്ദ്രീകൃതമായ, രാഷ്ട്ര കേന്ദ്രീകൃതമായ കാഴ്ചപ്പാടുകളില്‍നിന്നെല്ലാം വ്യത്യസ്തമായിരുന്നു അത്.

ഇബ്‌നുതൈമിയ്യന്‍ ചിന്തയെ സ്ഥാപനവിരുദ്ധ (Anti -establishment) ചിന്തയായും ഗസാലിയന്‍ രാഷ്ട്രീയ ചിന്തയെ വരേണ്യതയോട് ചായ്‌വുള്ള ഒന്നായുമാണ് താങ്കളുടെ പഠനം സമീപിക്കുന്നത് എന്ന് പറയാമല്ലേ?

അങ്ങനെ പറയാം. പക്ഷേ, ഇമാം ഗസാലി എഴുതുന്നത് മംഗോള്‍ കാലഘട്ടത്തിന് മുമ്പാണ്. അദ്ദേഹത്തിന്റെ വീക്ഷണം വരേണ്യമായിരുന്നെങ്കിലും പ്രസ്തുത കാലത്തെ അബ്ബാസി ഖിലാഫത്തിന്റെ സംരക്ഷണം എന്നത് സുന്നി ഇസ്‌ലാമിന്റെ സംരക്ഷണം എന്ന നിലയില്‍ കൂടിയായിരുന്നു. ഇബ്‌നുതൈമിയ്യ അടക്കമുള്ളവര്‍ ഖിലാഫത്തിനെ എല്ലാ മുസ്‌ലിംകളുടെയും ഒരു സുപ്രധാന ബാധ്യതയായി തന്നെയാണ് കണ്ടത്. അതേസമയം, ഇമാം ഗസാലിയെ സംബന്ധിച്ചേടത്തോളം ഈജിപ്തിലെ ഫാത്വിമി ഖിലാഫത്ത് (ശീഈ മൂവ്‌മെന്റ്) ബഗ്ദാദിലെ അബ്ബാസി ഭരണത്തെ അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനും സജീവമായി ശ്രമിക്കുന്നുണ്ടായിരുന്നു എന്ന ഒരു അടിയന്തര സാഹചര്യത്തെ പരിഗണിക്കേണ്ടതുണ്ടായിരുന്നു. ആ ഒരു സാഹചര്യവുമായി കെട്ടിപ്പിണഞ്ഞുകൊണ്ടാണ് ഗസാലിയന്‍ ചിന്ത വരുന്നത്.

സമുദായത്തെ കേന്ദ്രീകരിച്ചുള്ള Bottom -Up ചിന്താരീതി രാഷ്ട്രീയ രംഗത്ത് ഗസാലി അനുവര്‍ത്തിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഒരു സമുദായം എന്ന നിലയില്‍ അടിസ്ഥാന സ്രോതസ്സുകളുടെ വായനയുടെ വെളിച്ചത്തില്‍ എങ്ങനെ ഒന്നിച്ചുനില്‍ക്കാം എന്നതോ, പ്രാദേശിക രാഷ്ട്രീയ അധികാരം എങ്ങനെയൊക്കെ രൂപപ്പെടും എന്നതോ രാഷ്ട്രീയ അധികാരം എങ്ങനെ വരുന്നു, എവിടെ രൂപപ്പെടുന്നു എന്നതോ അദ്ദേഹത്തിന്റെ ചിന്തയുടെ കേന്ദ്രം ആയിരുന്നില്ല. മംഗോള്‍ കടന്നുവരവിന് മുമ്പുള്ള കാലത്ത് ഖിലാഫത്തിനെ എങ്ങനെ നിലനിര്‍ത്തും എന്നതായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. 1258-ല്‍ ഖലീഫ കൊല്ലപ്പെട്ടതോടു കൂടി കയ്‌റോയില്‍ ഉയര്‍ന്ന പുതിയ ഖിലാഫത്തിന് പ്രതീകാത്മകം എന്ന നിലക്ക് പോലും പഴയ പ്രതാപമുായിരുന്നില്ല. ജനങ്ങളുടെ ജീവിതത്തില്‍ വലിയ പങ്കുവഹിക്കാനും കഴിഞ്ഞിരുന്നില്ല. സുന്നി ഇസ്‌ലാം ഈജിപ്തിലേക്കും സിറിയയിലേക്കും പരിമിതപ്പെടുന്ന ഒരു ഘട്ടം കൂടിയായിരുന്നു ഇത്. അതോടൊപ്പം തന്നെ രണ്ടുതരം ശത്രുക്കള്‍ക്കിടയില്‍ അകപ്പെട്ട അവസ്ഥയിലായിരുന്നു മുസ്‌ലിം സമൂഹം. ഒരു വശത്ത് പാശ്ചാത്യ കുരിശുയുദ്ധക്കാരും മറുവശത്ത് മംഗോളുകളും. അതുകൊണ്ടുതന്നെ എവിടെ നിന്നാണ് അംഗീകൃതമായ ഒരു രാഷ്ട്രീയ അധികാരം ലഭ്യമാവുക, അല്ലെങ്കില്‍ എവിടെയാണ് ആ അധികാരത്തിന്റെ ഉറവിടം എന്ന ചിന്തയാണ് ഇബ്‌നുതൈമിയ്യയെ നയിച്ചത്. ഖുര്‍ആനിലേക്കും ഹദീസിലേക്കും മടങ്ങിക്കൊണ്ടുള്ള ഒന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.

എന്തുകൊണ്ടാണ് ഇബ്‌നുതൈമിയ്യയുടെ ചിന്തകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആധുനിക കാലത്ത് സംഭവിച്ചിട്ടുണ്ടാവുക?

അദ്ദേഹം നിരന്തരമായി ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ അടിസ്ഥാനങ്ങളിലേക്ക് ചിന്തയെ കൊണ്ടുപോയിരുന്നു എന്നതിനാലാണത്. അതോടൊപ്പം തന്നെ, മധ്യകാലത്തെ പല വ്യാഖ്യാനങ്ങളിലും അധികാരത്തിലിരിക്കുന്നവര്‍ക്ക് തങ്ങളെ സമര്‍പ്പിക്കുന്ന നിഷ്‌ക്രിയതയുടെ ഒരു പ്രവണത ഉണ്ടായിരുന്നിരിക്കെ അതിനെ തള്ളിക്കളഞ്ഞുകൊണ്ട് ക്രിയാത്മകത തിരിച്ചുകൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചു. അതുകൊണ്ടുതന്നെ സമകാലിക ലോക സാഹചര്യവുമായി ആശയതലത്തില്‍ ചില സമാനതകള്‍ നിലനില്‍ക്കുന്നു എന്നതിനാലാവണം ഈയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ്.

സമകാലിക മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രധാന വെല്ലുവിളി ഫിലോസഫിക്കല്‍ ആണ് എന്ന് അഭിപ്രായപ്പെടുന്ന ഹുസ്സൈന്‍ നസ്വ്ര്‍ പോലുള്ളവരുടെ ചിന്തയെ എങ്ങനെ കാണുന്നു? ഇബ്‌നുതൈമിയ്യ ഗ്രീക്ക് ഫിലോസഫിയോട് തര്‍ക്കിച്ചതുപോലെ, ഹുസൈന്‍ നസ്‌റിനെപ്പോലുള്ളവരുടെ ചിന്തകള്‍ ഏതര്‍ഥത്തിലാണ് പാശ്ചാത്യ കാഴ്ചപ്പാടുകളോട് ഏറ്റുമുട്ടാന്‍ സഹായിക്കുക?

ഫിലോസഫിക്കല്‍ എന്നതുകൊണ്ട് ഒരാള്‍ ഉദ്ദേശിക്കുന്നത് ഈമാനും കുഫ്‌റും ആണെങ്കില്‍ അതേ എന്ന് പറയാം. ഇനി അതല്ല, കുഴങ്ങി കരക്കടിഞ്ഞ നിയോ പ്ലാറ്റോണിസമാണെങ്കില്‍ അല്ല എന്നുമാണ് പറയാന്‍ പറ്റുക. നിര്‍ഭാഗ്യവശാല്‍ ചില മുസ്‌ലിംകള്‍ യഥാര്‍ഥ സംഘര്‍ഷം എന്നത് ആധുനികതയും ആധുനികതാ വിരുദ്ധതയും തമ്മിലാണ് എന്ന രീതിയില്‍ ചിന്തിക്കുന്നുണ്ട്. ആധുനികത വലിയ തിന്മ, പൂര്‍വാധുനികതയിലേത് എല്ലാം മഹത്തരം എന്ന തരത്തിലുള്ള ഒരു വാദം. നമുക്ക് മുന്നിലുള്ള വെല്ലുവിളി എന്നത് പ്രവാചക ദൗത്യം തന്നെയാണ്. പ്രവാചകന്‍ ഒരു ഫിലോസഫര്‍ ആയിരുന്നില്ല. മറിച്ച്, ഒരു ദാഈ ആയിരുന്നു. ശുദ്ധപ്രകൃതിയുള്ള ആളുകളോടാണ് അദ്ദേഹം സംവദിച്ചത്. അത്തരമൊരു സംഭാഷണത്തിന് അരിസ്റ്റോട്ടിലിയന്‍ ഫിലോസഫിയോ പ്ലാറ്റോവിന്റെ ചിന്തകളോ ആവശ്യമില്ലായിരുന്നു. കള്ളങ്ങളുടെ മറകള്‍ നീക്കപ്പെടുന്നതോടുകൂടി, ആളുകള്‍ നാനാവഴികളില്‍ ഇസ്‌ലാമിലേക്ക് കടന്നുവരുന്നുണ്ട്. സാധാരണക്കാര്‍ക്കു പോലും അവരുടെ യഥാര്‍ഥ പ്രകൃതവും സത്യവും മനസ്സിലാക്കാന്‍ കഴിയുന്നു എന്നു പറയാം.

അത് ശരിയാണ്. പക്ഷേ, പാശ്ചാത്യ ലോകവും അവരുടെ തത്ത്വശാസ്ത്രങ്ങളും വൈജ്ഞാനിക ഉല്‍പാദനത്തിന്റെയും പ്രസരണത്തിന്റെയും കേന്ദ്രമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുസ്‌ലിം സമൂഹം ഈ രംഗത്തേക്കിറങ്ങിയാല്‍ പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിക്കാന്‍ കഴിയില്ലേ? എറ്റവും ചുരുങ്ങിയത്, പിന്നാക്കം പോകുന്നത് ഒഴിവാക്കാനെങ്കിലും പറ്റില്ലേ?

എന്തുകൊണ്ട് അങ്ങനെ ചിന്തിക്കണം എന്ന് എനിക്കറിയില്ല. നമുക്ക് അരിസ്റ്റോട്ടിലിയന്‍ തത്ത്വചിന്തയിലേക്ക് തിരിഞ്ഞുനോക്കാം എന്ന് ചില പാരമ്പര്യവാദികള്‍ പറയാറുണ്ട്. ആധുനിക ശാസ്ത്രത്താല്‍ തള്ളപ്പെട്ട, നമ്മുടെ അടിസ്ഥാനങ്ങളുമായും യുക്തിയുമായൊന്നും യോജിക്കാത്ത ഒന്നിനോട് എന്തിനാണ് ഒരു മല്ലിക്കെട്ടിന് നാം പോകുന്നത്? പകരം, എന്തുകൊണ്ട്, അനുഭവ യാഥാര്‍ഥ്യങ്ങളെ ഖുര്‍ആന്‍, പ്രവാചകചര്യ എന്നിവയൊക്കെ മുന്നില്‍ വെച്ച് വിശകലനം ചെയ്തുകൂടാ? തീര്‍ച്ചയായും നമ്മുടെ പിന്‍ഗാമികളുടെ മഹത്തായ പഠനങ്ങള്‍ ചെയ്തത് അത്തരമൊരു പരിശ്രമം തന്നെയായിരുന്നു. ഇനി, പാശ്ചാത്യ വൈജ്ഞാനിക ഉല്‍പാദനത്തെക്കുറിച്ചാണെങ്കില്‍, ഒരുകൂട്ടം ആളുകള്‍ പുനര്‍വായനകളും വിചിന്തനവും നടത്തുന്നുണ്ട്. പക്ഷേ, എന്താണ് ഈയൊരു പുനര്‍വായനയുടെ അടിസ്ഥാനം എന്നതാണ് സുപ്രധാന ചോദ്യം. ആ അടിത്തറ എന്ന് പറയുന്നത് പോസ്റ്റ് മോഡേണിസ്റ്റുകളുടേതു പോലുള്ള ഒരു ഒഴുക്കന്‍ രൂപത്തിലാണെങ്കില്‍ നാം എവിടെയുമെത്തുന്നില്ല എന്നതാണ് സത്യം. വിമര്‍ശനങ്ങളുടെ കുറേ പാളികള്‍ മാത്രമായി അത് അവശേഷിക്കും. ഇസ്‌ലാമിക ചിന്തയെ ഇസ്‌ലാമിക് ആക്കുന്നത് അബ്രഹാമിക ദൈവം എന്നതിനോടുള്ള കടപ്പാടാണ്. സത്യം പറഞ്ഞാല്‍ ഖുര്‍ആന്‍ അധിഷ്ഠിതമാവാത്ത ഒരു വിമോചന സാധ്യത കാണാന്‍ എനിക്ക് കഴിയുന്നില്ല.

ഒരു സാധാരണ വിശ്വാസിയെ സംബന്ധിച്ചേടത്തോളം സുന്നി ഇസ്‌ലാം എന്നത് നിര്‍ണയിക്കുന്നത് എന്താണ്? എന്താണ് അതിന്റെ അര്‍ഥവും ആവശ്യതകളും?

വഹാബിസം, അശ്അരിസം, മാത്‌രീദിസം എന്നിവക്കൊന്നും സുന്നി ഇസ്‌ലാം എന്ന സങ്കല്‍പവുമായി ഒരു ബന്ധവുമില്ല. ഇവയെല്ലാം പില്‍ക്കാല ഫിലോസഫിക്കല്‍ സൃഷ്ടികളാണ്. സുന്നി ഇസ്‌ലാം എന്നു പറയുന്നത് അഹ്‌ലുസ്സുന്ന വല്‍ ജമാഅ എന്നതാണ്. ഏതെങ്കിലും ഒരു ഗ്രൂപ്പല്ല, എല്ലാ സ്വഹാബികളുടെയും ചര്യയെ അംഗീകരിച്ച വിഭാഗമാണ്. അലി പക്ഷമോ മുആവിയ പക്ഷമോ ഉസ്മാനികളോ നിഷ്പക്ഷ വാദികളോ അല്ല. ഇറാഖ്, മദീന, ദമസ്‌കസ് പോലുള്ള വിവിധ പ്രദേശങ്ങളില്‍ പ്രവാചകാധ്യാപനങ്ങള്‍ പകര്‍ന്നുനല്‍കിയ എല്ലാ സ്വഹാബികളുടെയും അറിവ് നമ്മള്‍ സ്വീകരിക്കാന്‍ പോകുന്നു എന്നാണ് അഹ്‌ലുസ്സുന്ന എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സംഘങ്ങളിലായിരുന്നു ഇസ്‌ലാമിലേക്ക് കടന്നുവന്നവരും നഗരവത്കരിക്കപ്പെട്ട അറബികളും ഒക്കെ ഉണ്ടായിരുന്നത്. സ്വഹാബികളുടെ കീഴില്‍ പഠിച്ചവരുടെ വിദ്യാര്‍ഥികള്‍ ആയിരുന്നു ഇവര്‍. ഇവരാണ് ഞങ്ങള്‍ അഹ്‌ലുസ്സുന്നയുടെ വക്താക്കളാണ് എന്ന തലത്തില്‍ സംസാരിച്ചവര്‍. അവര്‍ നേരത്തേ പറഞ്ഞ പോലെ ശീഈ, ഖവാരിജ്, ഉസ്മാനി പോലുള്ള ഏതെങ്കിലും അറ്റത്ത് ആയിരുന്നില്ല. മറിച്ച്, അവരുടേത് ഒരു മഴവില്‍ കൂട്ടായ്മയായിരുന്നു എന്നാണ് പറയാന്‍ കഴിയുക. ഇതര മുസ്‌ലിംകളെ പുറംതള്ളാത്ത, ഏതൊരു വിശ്വാസിക്കും ഇടം നല്‍കുന്ന ഒന്ന്. മുസ്‌ലിം സമൂഹത്തിലെ ഏകോപനമുള്ള മുഖ്യധാരാ സമുദായം എന്ന നിലക്കാണ് അല്‍ജമാഅ എന്ന് ചേര്‍ക്കപ്പെട്ടതും ഊന്നിപ്പറഞ്ഞതും. എല്ലാ സ്വഹാബികളെയും അവരിലൂടെ കൈമാറപ്പെട്ട പ്രവാചക ചര്യയെയും അംഗീകരിക്കുന്നു എന്നതുമായാണ് അഹ്‌ലുസ്സുന്ന വല്‍ജമാഅ എന്ന പ്രയോഗത്തിന് ബന്ധം.

ഇബ്‌നുതൈമിയ്യയെ പലപ്പോഴും സലഫിസത്തിന്റെ വക്താവായാണ് അവതരിപ്പിക്കാറുള്ളത്. എങ്ങനെ നോക്കിക്കാണുന്നു ഈ പ്രവണതയെ?

അത് വളരെ സങ്കീര്‍ണമായ ഒരു ചോദ്യമാണ്. ഒന്നാമതായി, ഇതൊക്കെ വീക്ഷിക്കുന്ന ഒരാള്‍ എന്ന നിലയില്‍ എന്തിനെയാണ് സലഫിസം എന്ന് വിളിക്കുന്നത് എന്ന് തീരുമാനിക്കേണ്ടതുണ്ട്. കോളനിവത്കരണത്തോടുള്ള പ്രതികരണം എന്ന നിലയില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി ഉയര്‍ന്നുവന്ന മുഹമ്മദ് അബ്ദുവിനെപ്പോലുള്ളവരാണ് ഒരു വിഭാഗം. സമുദായത്തിനകത്തെ വീഴ്ചകളെ തുറന്നുകാട്ടി പരിഷ്‌കരണത്തിന് ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ആധുനികത ഉയര്‍ത്തിയ ബൗദ്ധിക വെല്ലുവിളികളെയടക്കം നേരിടാന്‍ ശ്രമിച്ച, സ്വയം സലഫികള്‍ എന്ന് വിശേഷിപ്പിച്ച ഒരു പ്രസ്ഥാനമാണ് ഇവര്‍. ഇബ്‌നുതൈമിയ്യന്‍ ചിന്തയില്‍ വരുന്ന ഇസ്‌ലാമിന്റെ ആദ്യകാല ചലനാത്മകതയും രാഷ്ട്രീയമായ ഉണര്‍വും അതുപോലെ അന്ധവിശ്വാസത്തിലേക്കടുത്തുപോയ ഒരുതരം ആത്മീയതയോടുള്ള എതിര്‍പ്പുമെല്ലാം ആദ്യകാല സലഫികള്‍ക്ക് ആകര്‍ഷകമായിരുന്നു. അതേസമയം ഇബ്‌നുതൈമിയ്യയെ വേണ്ടത്ര വായിക്കുകയോ അദ്ദേഹത്തിന്റെ പദ്ധതിയെ സമഗ്രമായി മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. പക്ഷേ, സ്വൂഫി പ്രാക്റ്റീസുകള്‍ പരിധിവിട്ട ഘട്ടങ്ങളിലും മറ്റും ഇബ്‌നുതൈമിയ്യയുടെ ചിന്ത ഉണര്‍ന്നെണീക്കുന്നതായി കാണാന്‍ നമുക്ക് കഴിയും. അത് ഈജിപ്തിലെ മുഹമ്മദ് അബ്ദുവിന്റെയും റശീദ് രിദായുടെയും കാര്യത്തില്‍ മാത്രമല്ല, സിറിയയിലും ഇന്ത്യയിലും യമനിലുമെല്ലാം അത്തരം ചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇനി സലഫിസം എന്നത് ഇരുപതാം നൂറ്റാണ്ടിലെ ഒരു മൂവ്‌മെന്റ് എന്ന നിലക്കല്ല കാണുന്നതെങ്കില്‍, അഥവാ, ഇസ്‌ലാമിനകത്തുതന്നെയുള്ള, പരിധിവിട്ട പൗരോഹിത്യത്തിന് അധീനപ്പെടുന്ന ഒരവസ്ഥക്കെതിരില്‍ നില്‍ക്കാനുള്ള കെല്‍പ്പാണെങ്കില്‍, അത് ഇസ്‌ലാമിനകത്തു തന്നെയുണ്ട്. ആ അര്‍ഥത്തില്‍ നോക്കുകയാണെങ്കില്‍ സലഫി ഇസ്‌ലാം എന്നത് ഇസ്‌ലാമിനകത്തു തന്നെയുള്ള നവീകരണ സാധ്യതകളുടെ ഒരു ഉദാഹരണം മാത്രമാണ്. ഈയൊരു പ്രമാണബന്ധിത വിമര്‍ശന സാധ്യത എന്നത് ഇസ്‌ലാമിനെ സംബന്ധിച്ച ഒരു വ്യതിരിക്തതയാണ്. ഇത് പ്രൊട്ടസ്റ്റന്റ് പരിഷ്‌കരണവുമായി താരതമ്യപ്പെടുത്താന്‍ പറ്റുന്ന ഒന്നല്ല. കാരണം, പ്രൊട്ടസ്റ്റന്റിസം എന്നത് ക്രിസ്ത്യാനിറ്റിക്കകത്തെ ഒരു വ്യതിയാനമാണ്. അതേസമയം, ജൂതന്മാരിലും ക്രിസ്ത്യാനികളിലുമുള്ള പൗരോഹിത്യത്തെ തള്ളിപ്പറഞ്ഞുകൊണ്ടും മുന്‍വേദങ്ങളെ വിമര്‍ശനവിധേയമാക്കിക്കൊണ്ടും ദൈവിക വചനങ്ങളിലേക്കു മടങ്ങണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുമാണ് ഇസ്‌ലാം കടന്നുവരുന്നതു തന്നെ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പാരമ്പര്യമായി പൂര്‍വികരില്‍നിന്നും കൈമാറ്റം ചെയ്യപ്പെടുന്ന അധികാരത്തെയും പൗരോഹിത്യത്തെയും വിമര്‍ശനവിധേയമാക്കിയാണ് ഖുര്‍ആനിക സന്ദേശം ആരംഭിക്കുന്നത്. അത്തരത്തില്‍ ഒന്നും തന്നെ ജൂത മതത്തിലോ ക്രിസ്തീയ മതത്തിലോ കാണാന്‍ കഴിയില്ല.
ആധുനികവിരുദ്ധമല്ല എന്ന തരത്തില്‍ സലഫിസത്തെയും പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിറ്റിയെയും ചിലരൊക്കെ താരതമ്യപ്പെടുത്താറുണ്ട്. എങ്ങനെ കാണുന്നു?
അത് അത്ര ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, ആദ്യകാല സലഫികളായിരുന്ന മുഹമ്മദ് അബ്ദുവും റശീദ് രിദായുമൊക്കെ ആധുനികതയോട് കൂടുതല്‍ തുറവിയോടുകൂടിയാണ് സമീപിച്ചിരുന്നതെങ്കില്‍, പില്‍ക്കാല സലഫികള്‍, പ്രത്യേകിച്ചും വഹാബിസം തീര്‍ത്തും ആധുനികവിരുദ്ധമായ ഒരു നിലപാടാണ് എടുത്തത്. ആധുനികതക്ക് അനുകൂലമോ പ്രതികൂലമോ എന്നത് സലഫിസത്തെ സംബന്ധിച്ച ചര്‍ച്ചയില്‍ ഒരു പ്രധാന ഘടകമാണ് എന്നെനിക്ക് തോന്നുന്നില്ല. സങ്കീര്‍ണമായ ഒന്നിനെ വളരെ ചുരുക്കിയും ലളിതമാക്കിയും പറഞ്ഞാല്‍ രണ്ടു തരത്തില്‍ പാരമ്പര്യത്തെ സ്വീകരിക്കുന്ന പ്രവണത സലഫിസത്തിനകത്തുണ്ട് എന്ന് പറയാന്‍ പറ്റും.
ഒന്നാമത്തേത്, എല്ലാ മുന്‍തലമുറയും ഇസ്‌ലാമിക പാരമ്പര്യം പൂര്‍ണതയോടെയും തികവോടു കൂടിയും സ്വീകരിക്കുന്നു എന്നും അതിനാല്‍ എല്ലാ തലമുറയും പൂര്‍ണ വിശ്വാസത്തോടെ മുന്‍തലമുറയില്‍നിന്നുള്ള കൈമാറ്റം സ്വീകരിക്കണം എന്നുമുള്ള നിലപാട്. അതായത്, സ്വീകരിക്കുന്നവരെ സംബന്ധിച്ചേടത്തോളം പ്രമാണങ്ങള്‍ അവലംബിച്ച് തങ്ങള്‍ക്കു കൈമാറിക്കിട്ടിയ ഒരു പാരമ്പര്യത്തെ വിശകലനം ചെയ്യാനും വിമര്‍ശനവിധേയമാക്കാനുമുള്ള അവകാശം ഇല്ല എന്ന നിലപാട്. രണ്ടാമത്തെ രീതിയെ, ശുഭാപ്തിവിശ്വാസത്തോടെ നീക്കം നടത്തുന്ന ഒരു ധാര എന്ന് പറയാം. അവരെ സംബന്ധിച്ചേടത്തോളം, അവരും ഇസ്‌ലാമിക പാരമ്പര്യം സ്വീകരിക്കുന്നുവെങ്കിലും പ്രമാണം മാനദണ്ഡമാക്കി വിശകലനം ചെയ്യുന്ന, അതിനു ഇടമുണ്ട് എന്ന് കരുതുന്ന ഒരു ധാരയാണവര്‍. സലഫികള്‍ എന്ന് പറയുന്നവര്‍ ഈ സാധ്യത തള്ളുന്നവരല്ല യഥാര്‍ഥത്തില്‍. മറിച്ച്, സലഫികളാണ് യഥാര്‍ഥ പാരമ്പര്യവാദികള്‍. ഏതര്‍ഥത്തില്‍ എന്നു വെച്ചാല്‍, അവര്‍ ആദ്യകാല പരമ്പര്യത്തിലേക്കും ഹദീസുകളില്‍ അതിന്റെ തുടര്‍ച്ചയിലേക്കും നിരന്തരമായി തിരിഞ്ഞുനോക്കുന്നു എന്ന അര്‍ഥത്തില്‍. പക്ഷേ, ഇതൊരു വല്ലാത്ത ലളിതവത്കരണമാണ് എന്നെനിക്കറിയാം. ശ്രദ്ധേയമായ കാര്യം എന്താണെന്നു വെച്ചാല്‍ മുകളില്‍ പറഞ്ഞ അര്‍ഥത്തില്‍ ഇന്ന് എല്ലാവരും സലഫികളാണ്. പ്രധാന പണ്ഡിതരൊന്നും തന്നെ കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയ മദ്ഹബുകളെ സമ്പൂര്‍ണമായി എറ്റെടുക്കാറില്ല. മറിച്ച്, വിശകലനവും പഠനവുമൊക്കെ അവക്കുമേല്‍ നടത്തുന്നവരാണ്. ചുരുക്കിപ്പറഞ്ഞാല്‍ സലഫിസത്തിന്റെ അടിസ്ഥാന ധാരണകളെ പൊതുവില്‍ എല്ലാ പണ്ഡിതരും അംഗീകരിക്കുന്നുണ്ട്.

ആധുനിക കാലത്തെ മഹാ പാണ്ഡിത്യത്തിന് ഒരു ഉദാഹരണം പറയാന്‍ കഴിയുമോ?

മഖാസ്സിദുശ്ശരീഅയെക്കുറിച്ച് നമ്മെ പഠിപ്പിച്ച ഇബ്‌നു ആശൂര്‍ അത്തരത്തില്‍ ഒരു പണ്ഡിതനായിരുന്നു. പാരമ്പര്യ വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടുകയും അതോടൊപ്പം തന്നെ ആ പാരമ്പര്യം ഇന്നയിന്ന തലങ്ങളില്‍ പരിമിതി നേരിടുന്നു എന്ന് പറയുകയും ചെയ്തു അദ്ദേഹം. ഖുര്‍ആനിലും സുന്നത്തിലും നന്നായി വേരൂന്നിയിരുന്നു അദ്ദേഹത്തിന്റെ ചിന്തകള്‍. ആഴമുള്ളതും തീക്ഷ്ണതയുള്ളതുമായതിനാലും, നന്നായി അഭിപ്രായങ്ങള്‍ രൂപപ്പെടുത്തിയിരുന്നതിനാലും, മാലികി അല്ലാത്ത ഒരാള്‍ക്കു പോലും അദ്ദേഹത്തിന്റെ ചിന്തയിലേക്ക് എളുപ്പത്തില്‍ കടന്നു ചെല്ലാനും അദ്ദേഹത്തിന്റെ ചിന്തകള്‍ പ്രചോദകമാണ് എന്ന് പറയാനും കഴിയുമായിരുന്നു.

യൂസുഫുല്‍ ഖറദാവിയുടെ ചിന്തകള്‍ എങ്ങനെ കാണുന്നു?

എനിക്ക് ഒരുപാട് ബഹുമാനമുള്ള, മികവുറ്റ പാണ്ഡിത്യത്തിന് ഉടമയാണ് അദ്ദേഹം. അതേസമയം താരതമ്യേന ആക്ടിവിസ്റ്റ് വിഭാഗങ്ങളെ അഭിമുഖീകരിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. വൈജ്ഞാനിക മേഖല കേന്ദ്രീകരിച്ചുകൊണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പഠനങ്ങളുടെ ആഴവും സമഗ്രതയും പരിഗണിക്കുമ്പോള്‍, പിന്‍ഗാമികള്‍ക്ക് ഏറ്റെടുത്ത് മുന്നോട്ടുപോകാന്‍ പറ്റുന്ന തരത്തില്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞോ എന്ന കാര്യം സംശയമാണ്.

ഇസ്‌ലാമിസ്റ്റ് പാരമ്പര്യം ഇനിയും വേണ്ടത്ര തികവില്‍ എത്തിയിട്ടില്ല എന്ന് താങ്കള്‍ ഈയിടെ എഴുതിയ ഒരു ലേഖനത്തില്‍ പറയുന്നുണ്ടല്ലോ. അങ്ങനെ പറയാനുള്ള സമയമായോ? ഒരു ചിന്താധാര അതിന്റെ പക്വതയില്‍ എത്താന്‍ നൂറും ഇരുനൂറുമൊക്കെ വര്‍ഷങ്ങള്‍ എടുക്കാമല്ലോ? ആ അര്‍ഥത്തില്‍ പൂര്‍ണതയിലേക്കുള്ള ഒരു യാത്രയിലാണ് അത് എന്നു പറഞ്ഞാല്‍?

നിലവില്‍ ഒരു സമ്പന്ന പാരമ്പര്യത്തിന്റെ തികവില്‍ എത്തിയിട്ടില്ല എന്നു തന്നെയാണ് ഞാന്‍ സംഗ്രഹിച്ചത്. അതേസമയം എന്നും ഇങ്ങനെത്തന്നെയാവും എന്ന് പറയാനും കഴിയില്ല. പരിഷ്‌കരണ ശ്രമങ്ങളിലേര്‍പ്പെട്ടിട്ടുള്ളവരോടും അത്തരം പ്രസ്ഥാനങ്ങളോടുമുള്ള സഹാനുഭൂതി തന്നെയാണ് ഒരര്‍ഥത്തില്‍ എന്നെ അത് പറയിപ്പിക്കുന്നതും. അതേസമയം, പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്ക് മറ്റു ചില പരിമിതികള്‍ ഉണ്ട്. അതായത്, ഒരുതരം ബൗദ്ധിക വിരുദ്ധത അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ചിന്താ മണ്ഡലത്തോട് അത്ര ഗൗരവതരമായ ഒരു സമീപനം സ്വീകരിക്കാനോ നിലനില്‍ക്കുന്ന വൈജ്ഞാനിക പാരമ്പര്യങ്ങളെ വേണ്ടത്ര ഉപയോഗപ്പെടുത്താനോ ഗൗരവതരമായ ശ്രമം ഇല്ല എന്നു തന്നെ പറയാം. സമീപകാലത്ത് രൂപപ്പെട്ടു എന്ന കാരണത്താലുള്ള ഒരു ശൈശവം എന്നത് കൊല്ല, മറിച്ച് ബൗദ്ധികവിരുദ്ധത എന്ന കാരണത്താലാണ് ഇസ്‌ലാമിസ്റ്റ് ധാര പ്രതിസന്ധി അനുഭവിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തില്‍ ഒരിക്കലും സ്തംഭിച്ചുനില്‍ക്കുന്ന അവസ്ഥ ഉായിട്ടു് എന്നെനിക്കു തോന്നുന്നില്ല. ഓരങ്ങളില്‍ നിന്നുകൊണ്ടെങ്കിലും ആരെങ്കിലുമൊക്കെ നിരന്തരമായി വെല്ലുവിളിക്കുന്ന, ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന, പുനരുജ്ജീവിപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു ഇസ്‌ലാമിക ചരിത്രത്തില്‍ എക്കാലവും. ഇമാം ഗസാലി അദ്ദേഹത്തിന്റെ കാലത്തെ നിലനില്‍ക്കുന്ന സാഹചര്യത്തെ ചോദ്യം ചെയ്ത പണ്ഡിതനായിരുന്നു. അതു തന്നെയായിരുന്നു എപ്പോഴും സംഭവിച്ചിരുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ പഠന ഗവേഷണ കാര്യങ്ങള്‍ ഏതെങ്കിലുമൊക്കെ സ്ഥാപനവല്‍കൃത കരങ്ങളിലേല്‍പ്പിക്കുക വഴി ഇസ്‌ലാമിന്റെ സമ്പന്ന പാരമ്പര്യത്തെ പ്രയോജനപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. നവോത്ഥാനത്തിന്റെ വക്താക്കള്‍ സ്ഥാപനങ്ങള്‍ സ്ഥാപിച്ചുവെങ്കിലും അവരുടെ ഗവേഷണങ്ങള്‍ പലപ്പോഴും റിസള്‍ട്ട് കേന്ദ്രീകൃതം ആയിപ്പോയി. വളരെ പെട്ടെന്ന് എന്തെങ്കിലുമൊക്കെ കണ്ടുപിടിച്ച് സമര്‍പ്പിക്കാനുള്ള ഒരു വ്യഗ്രത പലപ്പോഴും മുഴച്ചുനിന്നു. അതുകൊണ്ടുതന്നെ, മികച്ച പണ്ഡിതരെ സംഭാവന ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥ സംജാതമായി. ആ പ്രതിസന്ധി ഇനിയും മറികടക്കേണ്ടുന്ന ഒന്നാണ്.

ഇസ്‌ലാമിസ്റ്റ് വൈജ്ഞാനിക പാരമ്പര്യത്തിന് ആധുനികതയെ വേണ്ടത്ര വിമര്‍ശനവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് താങ്കളുടെ ഒരു ലേഖനത്തിലെ പ്രധാന അഭിപ്രായങ്ങളിലൊന്ന്. അതേസമയം ഇടതുപക്ഷ ഇടപെടലുകള്‍ക്ക് കുറേക്കൂടിയൊക്കെ അതിനു കഴിയുന്നുണ്ട് എന്ന് പറയാന്‍ കഴിയില്ലേ?

ആധുനികതയെയും മതേതരത്വത്തെയും മനസ്സിലാക്കുകയും വിമര്‍ശനവിധേയമാക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. പക്ഷേ, അത് സാധ്യമാവണമെങ്കില്‍ ആധുനികതയെക്കുറിച്ച് നല്ല ധാരണ ആവശ്യമാണ്. ഇടതു വിമര്‍ശനങ്ങള്‍ ആധുനികതക്ക് പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ അല്ല. മറിച്ച്, അവര്‍ ആധുനികതയുടെ തന്നെ ഭാഗമാണ്. ആ അര്‍ഥത്തില്‍ അത് ആധുനികതയുടെയും മതേതരത്വത്തിന്റെയും ഒരു സ്വയം വിമര്‍ശനം എന്ന നിലയിലേ പരിഗണിക്കാന്‍ കഴിയൂ. പ്രമാണങ്ങളില്‍ അഗാധമായി അധിഷ്ഠിതമായ ഒരു ജീവിതവീക്ഷണം വളര്‍ത്തിയെടുക്കാത്തേടത്തോളം കാലം, കാറ്റില്‍ പാറുന്ന കരിയിലയുടെ അവസ്ഥ മാത്രമായിരിക്കും ഉണ്ടാവുക. പലതരം പാരമ്പര്യങ്ങള്‍ക്കിടയില്‍ വട്ടം കറങ്ങുന്ന ഒരവസ്ഥ. ആധുനികതയുടെ ആഭ്യന്തര സംഘര്‍ഷങ്ങളെ മനസ്സിലാക്കുക എന്നത് അതിനെ വിമര്‍ശനവിധേയമാക്കുന്നതിന്റെ ആദ്യപടിയാണ്. അതേസമയം ഇസ്‌ലാമികമായ വീക്ഷണത്തില്‍ നിന്നുകൊണ്ടുതന്നെ ആധുനികതയോട് ഇടപഴകാനും നമുക്ക് കഴിയേണ്ടതുണ്ട്. ആധുനികത എന്നത് ഏക രൂപം ഉള്ള ഒന്നാണ് എന്ന് ഞാന്‍ കരുതുന്നില്ല. നിരന്തരമായി ഇളകിമറിഞ്ഞുകൊണ്ടിരിക്കുന്ന ഭൗതികവും ബൗദ്ധികവുമായ സാമൂഹിക അവസ്ഥകളുടെ സങ്കലനം എന്നാണ് പറയാന്‍ കഴിയുക. അതുകൊണ്ടുതന്നെ ആധുനികതയിലോ ആധുനികവിരുദ്ധതയിലോ വല്ലാതെ ആരും അഭിരമിക്കാതിരിക്കുക എന്നതാവും നന്നാവുക. അങ്ങനെ ഒരു സമീപനം സ്വീകരിച്ച് ആധുനികതയോട് ഇടപഴകുകയും അതിനെ വിമര്‍ശനവിധേയമാക്കുകയും ചെയ്യുക എന്നതാവും സ്വീകരിക്കാവുന്ന ഒരു നിലപാട്.

ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ഒരു പ്രധാന മുഖമായിരുന്നല്ലോ മൗലാനാ മൗദൂദി, പ്രത്യേകിച്ചും ദക്ഷിണേഷ്യയില്‍. അദ്ദേഹത്തെക്കുറിച്ച് രണ്ട് തരത്തിലുള്ള അഭിപ്രായങ്ങള്‍ പൊതുവെ നിലനില്‍ക്കുന്നുണ്ട്. അതില്‍ ഒന്ന്, അദ്ദേഹം വെറുമൊരു പത്രപ്രവര്‍ത്തകനായിരുന്നു എന്നതാണ്. പണ്ഡിതോചിതമായ കഴിവുകള്‍ ഇല്ലാത്തയാളായിരുന്നു എന്നും വാദിക്കപ്പെട്ടു. രണ്ടാമത്തെ ധാര, ഇസ്‌ലാമിക നിയമവുമായൊക്കെ ബന്ധപ്പെട്ട എല്ലാതരം കാര്യങ്ങളിലും നല്ല അറിവുള്ള പണ്ഡിതനായിരുന്നു അദ്ദേഹം എന്ന നിലയിലും കാണുന്നു. മൗദൂദിയെക്കുറിച്ച താങ്കളുടെ ചരിത്രപരമായ വായന എങ്ങനെയാണ്? മൗദൂദിയുടെ മതപരമായ വീക്ഷണങ്ങളെ എങ്ങനെ കാണുന്നു?

അദ്ദേഹം പ്രതിഭാശാലിയായിരുന്നു എന്നു തന്നെയാണ് കരുതുന്നത്. പക്ഷേ, പണ്ഡിതന്മാര്‍ ഇടപെടേണ്ടിയിരുന്നു എന്ന് അദ്ദേഹം കരുതിയിരുന്ന തരത്തില്‍ രാഷ്ട്രീയ, സാമുദായിക രംഗങ്ങളില്‍ ഒരു ഇസ്‌ലാമിക പദ്ധതിയുമായി പണ്ഡിതര്‍ ഇടപെടാത്ത ഒരു ഘട്ടത്തിലാണ് അദ്ദേഹം എഴുതുന്നത്. അദ്ദേഹം വളരെ കഴിവു തെളിയിച്ച വ്യക്തിത്വം തന്നെയായിരുന്നു. എത്രത്തോളമെന്നാല്‍ ഒരു തഫ്‌സീര്‍ രചിക്കുക പോലും ചെയ്തു. പക്ഷേ, രാഷ്ട്രീയമായ കാരണങ്ങളാലോ അല്ലെങ്കില്‍ പ്രാഥമികമായി ഒരു നിയമജ്ഞന്‍ അല്ലാതിരുന്നതിനാലോ ഒരു പണ്ഡിതന്‍ എന്ന് അദ്ദേഹം സ്വയം അവകാശപ്പെട്ടിട്ടില്ല. അറിവിന്റെ കുറവായിരുന്നു കാരണം എന്ന് ഞാന്‍ കരുതുന്നില്ല. ഇന്ന് പണ്ഡിതര്‍ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്ന പലരും 25 വയസ്സും ഏതെങ്കിലുമൊരു സ്ഥാപനത്തില്‍നിന്ന് ഏഴു വര്‍ഷത്തെ ഡിഗ്രിയും മാത്രമുള്ള ശിശുക്കളാണ്. അതേസമയം ദശകങ്ങള്‍ നീണ്ട പഠനങ്ങളുടെയും എഴുത്തിന്റെയും അധ്യാപനത്തിന്റെയുമൊക്കെ ശേഷവും അദ്ദേഹം അറിവുള്ള ഒരാളല്ല എന്ന് വാദിക്കുന്നത് വളരെ വിചിത്രമാണ്. ഇതൊക്കെ വെറും ആഭ്യന്തര വാദപ്രതിവാദങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്നതാണ്.
അതേസമയം, മൗദൂദിയെ സംബന്ധിച്ചേടത്തോളം ഒരുതരം ഏക പ്രതിഭ എന്ന സാഹചര്യമായിരുന്നു. മികച്ച ചിന്തയും പഠനങ്ങളുമൊക്കെ രൂപപ്പെടുന്നത് ഒരാളുടെ പഠനത്തെ വിശകലനം ചെയ്യാനും ചോദ്യം ചെയ്യാനുമൊക്കെ പറ്റിയ ഒരു കൂട്ടം പണ്ഡിതര്‍ക്കിടയിലാവുമ്പോഴാണ്. അതുകൊണ്ടുതന്നെയായിരിക്കാം, കുറേയൊക്കെ തുറന്നുതന്നെ കിടക്കേണ്ടിയിരുന്ന പല വിഷയങ്ങളിലും അദ്ദേഹം അന്തിമമായ ചില തീര്‍പ്പുകളില്‍ എത്തിയ പോലൊരു സമീപനം കാണാം. ഖുര്‍ആനിക വായനയില്‍ മികവ് തെളിയിച്ചിട്ടുണ്ട് അദ്ദേഹം, അതില്‍ ഒരുതരം പ്രത്യേക അജണ്ട ഉണ്ടായിരുന്നെങ്കിലും. അങ്ങനെയൊക്കെയാണെങ്കിലും അതൊരു ഉള്‍ക്കാഴ്ച നല്‍കുന്ന ഖുര്‍ആനിക വായന തന്നെയാണ്. എന്റെ വായനകള്‍ക്കിടയില്‍ ഇരുപതോളം തഫ്‌സീറുകളില്‍ പരതുകയാണെങ്കില്‍ ചില വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ തഫ്‌സീറില്‍ മികച്ച ഒരു വീക്ഷണം കണ്ടെത്താന്‍ പറ്റാറുണ്ട്. എങ്കിലും അദ്ദേഹത്തിന് ചില പരിമിതികളുണ്ടായിരുന്നു എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. സങ്കീര്‍ണമായ പലതും ലളിതവത്കരിച്ചതും, ഏകശിലാത്മക വീക്ഷണങ്ങളിലേക്കു ചുരുങ്ങിപ്പോയതും പരിമിതികള്‍ തന്നെയാണ്.

പക്ഷേ, അദ്ദേഹത്തിനു ശേഷം ആ ഒരു ധാരയില്‍ വലിയ ഗവേഷണങ്ങളൊന്നും കാണുന്നില്ലല്ലോ.

അക്കാദമികമായ പഠന ഗവേഷണ മേഖലകളില്‍ വരണ്ട ഒരവസ്ഥയാണ് പാകിസ്താനില്‍ എന്നതാണ് അതിന്റെ പ്രധാന വശങ്ങളിലൊന്ന്. ഇനി പാകിസ്താനില്‍ ഉള്ളവര്‍ തന്നെ സെക്യുലര്‍ ലിബറല്‍ ചായ്‌വിലാണ്. പാശ്ചാത്യ അക്കാദമിക ഇടത്തില്‍നിന്ന് പരിശീലനം സിദ്ധിച്ചവരില്‍ വളരെ കുറച്ചേ പാകിസ്താനിലേക്ക് തിരിച്ചു വന്ന് പഠനങ്ങളില്‍ ഏര്‍പ്പെടുന്നുള്ളൂ, അതും മതിയായ തോതിലല്ല. ഞാന്‍ പാകിസ്താനുമായി ബന്ധപ്പെട്ട അത്ര വിദഗ്ധന്‍ ഒന്നുമല്ല. പാകിസ്താനിലെ ഗവേഷകരുമായുള്ള സംസാരങ്ങള്‍ക്കിടെ അവര്‍ പങ്കുവെക്കുന്നതില്‍നിന്ന് എനിക്ക് മനസ്സിലാവുന്ന ചില കാര്യങ്ങള്‍ എന്ന നിലക്ക് പറഞ്ഞതാണ്. വളരെ സജീവമായി ധൈഷണിക സ്വഭാവം പുലര്‍ത്തും എന്ന് നാം പ്രതീക്ഷിക്കുന്ന കറാച്ചിയിലുള്ള പലരും അത്തരമൊരു അക്കാദമിക അന്തരീക്ഷം ഇല്ല എന്നാണ് പറയുന്നത്. ഒരുപക്ഷേ അങ്ങനെയായിക്കൊള്ളണമെന്നില്ല. ഞാന്‍ കേട്ടത് അതേപടി പറയുന്നു എന്നേ ഉള്ളൂ. എന്തായാലും അതൊക്കെയാണ് തുടര്‍ച്ചകള്‍ ഇല്ലാതെ പോയതിന്റെ ഒരു വശം. അതേസമയം, തങ്ങള്‍ക്ക് എല്ലാറ്റിനും പരിഹാരം അറിയാം എന്ന രൂപത്തിലുള്ള ഒരുപാട് പ്രത്യയശാസ്ത്രങ്ങള്‍ പാകിസ്താനിലുണ്ട്. ആ ഒരു പ്രവണതക്ക് മൗദൂദിയുടേതു പോലുള്ളവരുടെ ചിന്തകള്‍ക്കും പങ്കുണ്ടാവാം. ഈയൊരു പ്രവണത സാമാന്യം വ്യാപകമാണ്. എല്ലാതരം പ്രശ്‌നങ്ങള്‍ക്കും അന്തിമ പരിഹാരം കൈയിലുള്ള ഒരുപാട് പേരുണ്ട്.

പാശ്ചാത്യ ലോകത്തെന്ന പോലെ മുസ്‌ലിം ലോകത്തും ഫുഖഹാക്കളും പണ്ഡിതരുമൊക്കെയുണ്ടല്ലോ? പിന്നെ ഏതര്‍ഥത്തിലാണ് മുസ്‌ലിം ലോകം പിന്നില്‍ നില്‍ക്കുന്നത്?

പഠന ഗവേഷണങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന തരത്തില്‍ സംവിധാനങ്ങള്‍ ഇല്ല എന്നതാണ് മുസ്‌ലിം ലോകം പിന്നിലായിരിക്കുന്നതിന്റെ നിര്‍ണായക വശം. അതിനു സാമാന്യം സ്വാതന്ത്ര്യവും, പഠനപ്രവര്‍ത്തനങ്ങളെ ബഹുമാനിക്കുന്ന ഒരു സംസ്‌കാരവുമൊക്കെ വേണം.

ഖാലിദ് അബൂ അല്‍ ഫദ്ല്‍, ഫസ്‌ലുര്‍റഹ്മാന്‍ പോലുള്ള മികച്ച പണ്ഡിതര്‍ പാശ്ചാത്യ ലോകത്തു നിന്നും കടന്നുവരുന്നുണ്ടല്ലോ? എന്താണ് മുന്നോട്ടുള്ള സാധ്യത? ഇനിയും മികച്ച ഗവേഷകരെ പ്രതീക്ഷിക്കാമോ?

ഈ പറഞ്ഞവരെയൊന്നും ഇസ്‌ലാമിലെ മികച്ച പണ്ഡിതരായി ഞാന്‍ കാണുന്നില്ല. അവരെല്ലാം പാശ്ചാത്യ പാരമ്പര്യങ്ങളിലെ പ്രത്യേകം ധാരകളില്‍ പെടുന്നവരാണ്. ത്വാഹിര്‍ ഇബ്‌നു ആശൂറിനോടൊന്നും താരതമ്യപ്പെടുത്താന്‍ പറ്റുന്ന തരത്തില്‍ ഇവരാരും എത്തില്ല. പാശ്ചാത്യ പഠനങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടുന്ന ചിലതുണ്ട്. പാശ്ചാത്യ ഗവേഷണം എന്ന് പറയുന്നത് വലിയൊരു കോര്‍പറേറ്റ് സംരംഭമാണ്. മികച്ച പണ്ഡിതരെ സൃഷ്ടിക്കുന്നു എന്നതിനാല്‍ തിളങ്ങുന്ന ഒന്നല്ല അത്. അതുണ്ട്, പക്ഷേ, അപൂര്‍വമായി മാത്രം. പ്രത്യേക മേഖലകളില്‍ ഗവേഷണം നടത്തുന്ന ഒരുപാട് വിദഗ്ധരെ ഒരുമിച്ചു കൊണ്ടുവരാന്‍ കഴിയുന്നു എന്നതാണ് അതിനെ തിളക്കമുള്ളതാക്കുന്നത്. അവരില്‍ വിശ്വാസികളും നിരീശ്വരവാദികളും ഒക്കെ ഉണ്ടാവും. പക്ഷേ അവര്‍ പഠനവിധേയമാക്കുന്ന പ്രത്യേക മേഖല സമാനമായിരിക്കും. ഉദാഹരണത്തിന്, 1390-കളില്‍ കിഴക്കന്‍ ദമസ്‌കസിലെ സ്വൂഫി ഗ്രൂപ്പുകള്‍ എന്തെടുക്കുകയായിരുന്നു എന്ന് പഠിക്കുന്നയാള്‍ ആ ഒരു പ്രത്യേക കാര്യത്തിന്റെ വിദഗ്ധനായിരിക്കും, അത് അതിന്റേതായ രീതിശാസ്ത്രത്തില്‍ സമര്‍ഥിക്കുകയും ചെയ്യും. പ്രസ്തുത വ്യക്തിയെ സംബന്ധിച്ചേടത്തോളം നമസ്‌കാരം, എങ്ങനെ ഒരു മതപ്രഭാഷണം നടത്താം, ഖുര്‍ആന്‍, പ്രവാചക ജീവിതം, ആശയക്കുഴപ്പത്തില്‍ അകപ്പെട്ട ഒരാളെ എങ്ങനെ സഹായിക്കാം തുടങ്ങിയതൊന്നും അറിയണമെന്നില്ല. പക്ഷേ, വളരെ പരിമിത തലത്തിലെ വൈദഗ്ധ്യമാണെങ്കിലും ഇസ്‌ലാമിക പഠനങ്ങളിലെ വിദഗ്ധന്‍ എന്ന നിലയിലായിരിക്കും ആഗോളതലത്തില്‍ മുസ്‌ലിംകള്‍ നോക്കിക്കാണുന്നത്. യഥാര്‍ഥത്തില്‍ ഇസ്‌ലാമിക ചരിത്രത്തിലെ ഏതോ ഒരു മൂലയെക്കുറിച്ച വൈദഗ്ധ്യം മാത്രമായിരിക്കും ഉണ്ടാവുക. ഈ ഒരു രീതിയിലാണ് പാശ്ചാത്യ അക്കാദമിക രംഗം. ഇസ്‌ലാമിക പഠനത്തില്‍ ഒരാള്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നു വെച്ച് അയാള്‍ക്ക് ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടെന്നോ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ ആവിഷ്‌കാരമാണ് അയാള്‍ നടത്തുന്നത് എന്നോ ഒന്നും അതിനര്‍ഥമില്ല. ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യം തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ആ ഒരു ലോകത്ത്, ഒരാള്‍ക്ക് ഗവേഷണത്തിന്റേതായ യാതൊരു കഴിവും ഉണ്ടായിക്കൊള്ളണമെന്നില്ല, പക്ഷേ ഇസ്‌ലാം എന്ന ആവിഷ്‌കാരം അയാളില്‍ ഉണ്ടാവും. ഈ രണ്ടു വശങ്ങളും നാം കോര്‍ത്തിണക്കേണ്ടതുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ഗവേഷണ മികവോടൊപ്പം തന്നെ ഇസ്‌ലാമിന്റെ ജീവിക്കുന്ന രൂപങ്ങളാവാനും നമുക്ക് കഴിയണം. അതുപക്ഷേ, വളരെ അപൂര്‍വമായേ സംഭവിക്കാറുള്ളൂ.

ഇസ്‌ലാമിക ചിന്താധാരയില്‍ മികവു പുലര്‍ത്തണം എന്നാഗ്രഹമുള്ള പുതിയ തലമുറയോട് എന്താണ് പറയാനുള്ളത്?

ഒറ്റമൂലികളൊന്നും ഇല്ല. ഗവേഷണത്തില്‍ കണിശതയും മികവും പുലര്‍ത്തുന്ന പാശ്ചാത്യ അക്കാദമിക രംഗവുമായി സംവദിക്കുക. ഖുര്‍ആനിക വീക്ഷണത്തില്‍ കാര്യങ്ങള്‍ കാണാനും ശ്രമിക്കുക. പഠന ഗവേഷണങ്ങള്‍ക്ക് എല്ലാം തികഞ്ഞ ഒരു വഴിയും രീതിയും പറയാന്‍ കഴിയില്ല. പക്ഷേ, താങ്കള്‍ ഒരു മുസ്‌ലിമാണെങ്കില്‍, ഇസ്‌ലാമിന്റെ പ്രമാണങ്ങളില്‍ കഴിവ് നേടുക എന്നത് വളരെ പ്രധാനമാണ്. എല്ലാം മനഃപാഠമാക്കുക എന്നൊന്നും ഈ പറഞ്ഞതിനര്‍ഥമില്ല. ഒരേസമയം പ്രമാണങ്ങളുമായും, നാം ഓരോരുത്തരും ജീവിക്കുന്ന മുസ്‌ലിം ജനതയുമായും അടുത്ത ബന്ധം ഉണ്ടായിരിക്കുക എന്നതും വളരെ പ്രധാനമാണ്. സ്വുബ്ഹിന് പള്ളിയില്‍ വരുന്ന വളരെ സാധാരണക്കാരായ വിശ്വാസികളോട് സംസാരിക്കാനും, അവരില്‍നിന്ന് കേള്‍ക്കാനും മനസ്സിലാക്കാനുമൊക്കെ കഴിയണം. ഇസ്‌ലാമിക പ്രമാണങ്ങളില്‍ മികവുള്ള വനിതാ പണ്ഡിതരുടെ സാന്നിധ്യം ധാരാളമായി ഉണ്ടാവുക എന്നത് കാലഘട്ടത്തിന്റെ മറ്റൊരു അനിവാര്യതയാണ്. അക്‌റം നദ്‌വി എന്ന ഒരു പണ്ഡിതന്‍ ഇസ്‌ലാമിക ചരിത്രത്തിലെ വനിതാ പണ്ഡിത സാന്നിധ്യങ്ങളെക്കുറിച്ച് എഴുതുന്നുണ്ട്. അദ്ദേഹത്തിന്റെ വിവരണത്തില്‍ ഏറെ ഹൃദയസ്പര്‍ശിയായി അനുഭവപ്പെട്ട ഒരു കാര്യമുണ്ട്. പത്താം നൂറ്റാണ്ടുവരെ നൂറുകണക്കിന് വനിതാ പണ്ഡിതരുടെ സാന്നിധ്യം മുസ്‌ലിം ലോകത്തുണ്ടായിരുന്നു എന്നതാണത്. പക്ഷേ, തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ ആ സാന്നിധ്യം കുറഞ്ഞുവരുന്നതായും പതിയെ ഇല്ലാതാവുന്നതായും കാണാം. മുസ്‌ലിം ധൈഷണികതയുടെ സമകാലികാവസ്ഥ വനിതാ പാണ്ഡിത്യത്തിന്റെ അപചയത്തില്‍ പ്രതിഫലിക്കുന്നുണ്ട് എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.
www.shoncharon.com എന്ന വെബ്‌പേജില്‍ പ്രസിദ്ധപ്പെടുത്തിയത്.

വിവ: എം.കെ നസീഫ്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (4-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആര് ഭക്ഷിച്ചാലും കര്‍ഷകന് ഗുണമുണ്ട്
സാലിം അബ്ദുല്‍ മജീദ്‌