Prabodhanm Weekly

Pages

Search

2019 ജൂണ്‍ 14

3105

1440 ശവ്വാല്‍ 10

ഇ.എം അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍

സഹ്‌ല അബ്ദുല്‍ഖാദര്‍

എറണാകുളം ജില്ലയിലെ ജമാഅത്തെ ഇസ്ലാമി അംഗവും മുന്‍കാല സജീവപ്രവര്‍ത്തകനുമായിരുന്നു ഞങ്ങളുടെ പിതാവ് അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ (86). ആദര്‍ശവിശുദ്ധിയും അക്ഷീണകര്‍മങ്ങളും വഴി ഏകദേശം മൂന്നുപതിറ്റാണ്ട് കാലത്തോളം ജില്ലയില്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നു അദ്ദേഹം. 
ഇടപ്പള്ളിയിലെ ഒരു യാഥാസ്ഥിക കുടുംബത്തിലായിരുന്നു ജനനം. അധ്യാപകനായി ജോലിനോക്കുമ്പോഴാണ് ഇസ്ലാമികപ്രസ്ഥാനത്തെ പരിചയപ്പെടുന്നത്. വൈകാതെ സജീവ പ്രവര്‍ത്തകനായി. അതോടെ നാട്ടിലും കുടുംബത്തിലും അദ്ദേഹം അനഭിമതനായി. യാഥാസ്ഥിക നിലപാട് പുലര്‍ത്തിയിരുന്ന സ്വന്തം മഹല്ലില്‍നിന്നാണ് കൂടുതല്‍ എതിര്‍പ്പ് നേരിട്ടത്. ഇടപ്പള്ളിയില്‍ ആദ്യമായി പ്രസ്ഥാനത്തിലെ പണ്ഡിതന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് മതപ്രഭാഷണം സംഘടിപ്പിച്ചപ്പോള്‍ എതിര്‍പ്പ് രൂക്ഷമായി. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം പ്രതിസന്ധികളെ നേരിടാന്‍ അദ്ദേഹത്തിനു കരുത്ത് നല്‍കി.
ഇടപ്പള്ളിയിലെ ജമാഅത്ത് പ്രവര്‍ത്തനങ്ങളുടെ തുടക്കം അദ്ദേഹത്തില്‍ നിന്നായിരുന്നു. നിരന്തര ശ്രമത്തിലൂടെ  ഹല്‍ഖ രൂപീകരിച്ചു. എറണാകുളം ഇസ്‌ലാമിക് സെന്റര്‍, പത്തടിപ്പാലം അല്‍ അമാന ഇസ്‌ലാമിക് സെന്റര്‍ എന്നിവയുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയുണ്ടായി. എറണാകുളം മദീന മസ്ജിദില്‍ കെ.ടി അബ്ദുര്‍റഹീം സാഹിബ് ഉണ്ടായിരുന്ന കാലത്ത് അവിടം കേന്ദ്രീകരിച്ചു നടന്നിരുന്ന ഇസ്ലാമിക സംരംഭങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. 'മദീന മസ്ജിദ് സകാത്ത് കമ്മറ്റി'യുടെ നടത്തിപ്പിലും അദ്ദേഹത്തിന്റെ സേവനം അവിസ്മരണീയമാണ്. പ്രസ്ഥാനം അപരിചിതമായിരുന്ന വിവിധ സ്ഥലങ്ങളിലേക്ക് നടത്തിയ പ്രബോധന യാത്രകള്‍ സ്മരണീയമാണ്. അത്തരം ഒരു യാത്രയില്‍ വൈക്കത്ത് വെച്ചു യാഥാസ്ഥിതികര്‍ ശാരീരികമായി കൈകാര്യം ചെയ്യാന്‍ ശ്രമിച്ചിരുന്നു. 
വായനയെ അത്യധികം സ്‌നേഹിച്ചിരുന്ന അദ്ദേഹം ഒരുപറ്റം ഇസ്ലാമിക സാഹിത്യങ്ങളുമായിട്ടാണ് എപ്പോഴും യാത്ര ചെയ്തിരുന്നത്. കണ്ടുമുട്ടുന്നവര്‍ക്കെല്ലാം നല്‍കാന്‍ അദ്ദേഹത്തിന്റെ കൈയില്‍ അവരുടെ അഭിരുചിക്ക് ഇണങ്ങുന്ന എന്തെങ്കിലും ഒരു പുസ്തകം കാണുമായിരുന്നു. ഖുതുബാത്ത് ഒരാള്‍ മനസ്സിലാക്കി വായിച്ചാല്‍ അയാളെ പ്രസ്ഥാനവഴിയില്‍ എത്തിക്കാന്‍ വിഷമമില്ലെന്നു അദ്ദേഹം ഓര്‍മിപ്പിക്കാറുണ്ടായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, നൂറുപേര്‍ക്ക് ഖുതുബാത്ത് നല്‍കാന്‍ തീരുമാനിക്കുകയും അത് ഏതാണ്ട് പൂര്‍ണമായി നടപ്പില്‍ വരുത്തുകയും ചെയ്തു. എറണാകുളത്ത് ഐ.പി.എച്ച് ആരംഭിക്കുന്നതിനുമുമ്പ് കോഴിക്കോട് പോയി പുസ്തകങ്ങള്‍  വാങ്ങികൊണ്ടു വരികയായിരുന്നു പതിവ്. വെറുതെയും വിലക്കും അത് കൊടുത്ത് തീര്‍ക്കും. ഐ.പി.എച്ചിന്റെ എറണാകുളം ശാഖ തുടങ്ങുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിന് നല്‍കുകയുണ്ടായി.
സജീവ ഇസ്ലാമിക പ്രവര്‍ത്തകന്‍ എന്നതോടൊപ്പം ഉത്തരവാദിത്തമുള്ള കുടുംബനാഥന്‍ കൂടിയായിരുന്നു അദ്ദേഹം. കുടുംബത്തിന് കണിശമായ ഇസ്‌ലാമിക തര്‍ബിയത്ത് നല്‍കി. കുടുംബം പ്രസ്ഥാന വഴിയില്‍ തന്നെയുണ്ടാകണം എന്ന് നിര്‍ബന്ധമായിരുന്നു. ഞങ്ങളുടെ ഉമ്മയും (കുഞ്ഞുബീപാത്തു ടീച്ചര്‍) ആ പാത പിന്തുടര്‍ന്ന് ജമാഅത്ത് അംഗവും സജീവ പ്രവര്‍ത്തകയുമായി.
ഞങ്ങള്‍ രണ്ട് പെണ്‍മക്കളുടെയും ഭൗതിക-ഇസ്ലാമിക വിദ്യാഭ്യാസ കാര്യത്തില്‍ വാപ്പ വളരെ ശ്രദ്ധാലുവായിരുന്നു.  അക്കാലഘട്ടങ്ങളില്‍ മക്കനയോ മഫ്തയോ നാട്ടില്‍ പരിചിതമായിരുന്നില്ല. മക്കന ധരിച്ചു സ്‌കൂളില്‍ പോയപ്പോള്‍ അധ്യാപകരടക്കം പലരും അത്ഭുതവും പരിഹാസവും കൊണ്ടാണ് നേരിട്ടത്. കുട്ടികളായ ഞങ്ങള്‍ക്ക് അത് വലിയ പ്രയാസമുണ്ടാക്കി. അതോടെ ഞങ്ങളെയും കൂട്ടി മറ്റൊരു സ്ഥലത്തേക്ക് താമസം മാറാന്‍ തീരുമാനിച്ചു. ഇസ്ലാമിക പ്രവര്‍ത്തങ്ങള്‍ താരതമ്യേനെ കൂടുതലുള്ള മൂവാറ്റുപുഴയിലേക്ക് ഞങ്ങള്‍ മാറിത്താമസിച്ചു. അവിടെ മഫ്ത പ്രയാസമായില്ല. പിന്നീട്, സ്വന്തം നാട്ടിലേക്ക് തിരിച്ചുപോരുമ്പോഴേക്കും ഏത് സാഹചര്യത്തിലും മുഖമക്കന ധരിക്കാന്‍ ഞങ്ങള്‍ മാനസികമായി പാകപ്പെട്ടിരുന്നു.
കൃത്യസമയത്തുള്ള നമസ്‌കാരവും ദീര്‍ഘനേരത്തെ പ്രാര്‍ഥനകളും അദ്ദേഹത്തിന്റെ ശീലമായിരുന്നു. ലാളിത്യം മുഖമുദ്രയായിരുന്നു. ഭക്ഷണവസ്തുക്കളില്‍ ഉത്തമമായത് ഉപയോഗിക്കാന്‍ താല്പര്യം കാണിച്ചപ്പോള്‍ തന്നെ ആടയാഭരണങ്ങളില്‍ മിതത്വം കാണിക്കാന്‍ നിഷ്‌കര്‍ഷിച്ചു. ഏതാനും വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ച് വരികയായിരുന്നു.
എത്ര വിവശതകള്‍ക്കിടയിലും വുദൂ ചെയ്ത് ബാങ്കിനു മുമ്പ് നമസ്‌ക്കാരത്തെ കാത്തിരിക്കുമായിരുന്നു. ജീവിതത്തിന്റെ അച്ചുതണ്ട് നമസ്‌കാരം തന്നെയെന്നു അദ്ദേഹം നിരന്തരം ഉണര്‍ത്തിയിരുന്നു. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിനുമുമ്പ് 'സ്വലാത്തുല്‍ ഇസ്തിഖാറ' നിര്‍വഹിക്കും. ശേഷം മനസ്സില്‍ തെളിയുന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയും അല്ലാഹുവില്‍ തവക്കുല്‍ ചെയ്യാന്‍ ഉണര്‍ത്തുകയും ചെയ്യും.
കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ അദ്ദേഹത്തിന്റെ തവക്കുലും മനോധൈര്യവും ഞങ്ങള്‍ നേരിട്ടറിഞ്ഞു. നാടും വീടും വെള്ളത്തിലായി.  ഒരുനില കടന്നു വെള്ളം കൂടിക്കൂടി വന്നു. കുട്ടികള്‍ ഭയന്ന് കരയാന്‍ തുടങ്ങി. ആര്‍ക്കും നിയന്ത്രണം നഷ്ടപ്പെട്ടു പോകുന്ന സന്ദര്‍ഭം. അവശതകള്‍ക്കിടയിലും ആയത്തുകള്‍ ഓതിയും ചരിത്രസംഭവങ്ങള്‍ ഉണര്‍ത്തിയും ഞങ്ങള്‍ക്ക് കരുത്തുനല്‍കിയത്,  ദീര്‍ഘകാലത്തെ ഇസ്ലാമിക പ്രബോധനമാര്‍ഗത്തില്‍ ലഭിച്ച അനുഭവജ്ഞാനം കൊണ്ടായിരുന്നു. 
എന്റെ സഹോദരി ദീര്‍ഘകാലമായി അമേരിക്കയില്‍ ആണ്. അവരുടെ കുട്ടിയുടെ അസുഖം കാരണം കുറച്ചുനാളായി നാട്ടില്‍ വരാന്‍ കഴിഞ്ഞില്ല. ഇതില്‍ വാപ്പക്ക് വലിയ മനഃപ്രയാസം ഉണ്ടായിരുന്നു. മരണത്തിനു മുമ്പ് മകളെ കാണണം എന്ന ആഗ്രഹം അറിയിച്ചപ്പോള്‍, പിതാവില്‍നിന്ന് പഠിച്ച തവക്കുലില്‍നിന്ന് ധൈര്യം ഉള്‍ക്കൊണ്ടുകൊണ്ട് അവര്‍സമാധാനിപ്പിച്ചു, ''ഇവിടെ കണ്ടാല്‍ നമുക്ക് കുറച്ചു സമയമല്ലേ കാണാനാകൂ, പരലോകത്തു ഒരുപാടുസമയം കാണാമല്ലോ.''

 

എം. മുഹമ്മദലി

ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല നേതാക്കളിലൊരാളായിരുന്ന മര്‍ഹൂം ആലുവ ടി.കെ മുഹമ്മദ് സാഹിബിന്റെ മകനും ജമാഅത്തെ ഇസ്‌ലാമി അംഗവും തായിക്കാട്ടുകര ഇസ്‌ലാമിക് എജുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാനും മോഡല്‍ ഓര്‍ഫനേജ് ഡയറക്ടറുമായിരുന്നു എം. മുഹമ്മദലി സാഹിബ് .
മോഡല്‍ ഓര്‍ഫനേജിലെ അന്തേവാസികള്‍ സ്‌നേഹപൂര്‍വം അലി മാമ എന്നും നാട്ടുകാര്‍ അലീക്കാ എന്നും വിളിക്കുന്ന മുഹമ്മദലി സാഹിബ് സ്‌നേഹത്തിന്റെയും നന്മയുടെയും പ്രതീകമായിരുന്നു; സത്യസന്ധതയുടെയും കണിശതയുടെയും സമയ നിഷ്ഠയുടെയും കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത  പ്രകൃതക്കാരനും.
കുറേ നാളുകളായി ധാരാളം അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നുവെങ്കിലും എല്ലാ സമയവും പള്ളിയിലേക്ക് എത്തിച്ചേരാനുള്ള വ്യഗ്രതയോടുകൂടിയാണ് അദ്ദേഹം നിലകൊണ്ടത്. 1994-ലെ ആസാം-ബോഡോ കലാപത്തിനിരയായവരുടെ കുട്ടികള്‍ക്കുവേണ്ടി ടി.കെ ആലുവയുടെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട മോഡല്‍ ഓര്‍ഫനേജ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയിരുന്നു അദ്ദേഹം. അനാരോഗ്യം മൂലം വീട്ടില്‍ തന്നെ കഴിയേണ്ടി വന്നിരുന്ന ഘട്ടങ്ങളിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും സ്ഥാപനങ്ങളുടെയും കാര്യത്തില്‍ സദാ ജാഗ്രതയോടെ  അന്വേഷിച്ചുകൊണ്ടിരുന്നു. തായിക്കാട്ടുകര സകാത്ത് കമ്മിറ്റി, പലിശരഹിത നിധി, അറഫ മസ്ജിദ് കമ്മിറ്റി, ഹല്‍ഖാ ചുമതല തുടങ്ങി വിവിധ സാമൂഹിക മേഖലകളില്‍ തനതായ മുദ്ര പതിപ്പിച്ചാണ്  എം. മുഹമ്മദലി സാഹിബ് അല്ലാഹുവിലേക്ക് യാത്രയായത്.

ടി.കെ അബ്ദുസ്സലാം, തായിക്കാട്ടുകര

 

അഹ്മദ് രിദ്‌വാന്‍: സര്‍ഗധന്യമായ ഒരേട്

കല-സര്‍ഗാത്മകത,  സംഘാടകത്വം, ജീവ കാരുണ്യം, അധ്യാപനം, കൃഷി തുടങ്ങിയ മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന ഇസ്‌ലാമിക പ്രവര്‍ത്തകനായിരുന്നു  ആണിയംകണ്ടി അഹ്മദ് രിദ്‌വാന്‍ (64).  കുനിയില്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും നെടിയടത്ത് കുഞ്ഞാമിനയുടെയും മകനാണ്.
മാപ്പിളപ്പാട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രധാന തട്ടകം. ജീവസ്സുറ്റ ഒട്ടനവധി മാപ്പാളപ്പാട്ടുകള്‍ സര്‍ഗ കൈരളിക്ക് അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.
തനതു മാപ്പിളപ്പാട്ട് സംഘങ്ങളിലെ  അംഗവും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെയും സംഗമങ്ങളിലെയും സജീവ സാന്നിധ്യവുമായിരുന്നു. മാരകമായ രോഗത്തിന്റെ പിടിത്തത്തിലമര്‍ന്ന ദിനങ്ങളില്‍ തന്നെ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന തനത് മാപ്പിളകലാ വേദി സംഗമത്തിലും കൊണ്ടോട്ടി മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകത്തിലെ 'ഇശല്‍ കൂട്ടായ്മ'യിലും പങ്കെടുക്കുകയും സംവദിക്കുകയും ചെയ്തു. വൈദ്യര്‍ സ്മാരക സംഗമത്തില്‍  വി.എം.കുട്ടിയുടെ കൈയില്‍നിന്ന് ആദരം ഏറ്റുവാങ്ങുകയും വി.എം കുട്ടിയെക്കുറിച്ച തന്റെ പാട്ട് അവിടെ ആലപിക്കപ്പെടുകയും ചെയ്തു. 
'ഇശല്‍ മാനസം' മാപ്പിളപ്പാട്ട് ഗ്രൂപ്പിന്റെ 2017 ലെ സ്‌നേഹോപഹാരം, തനിമ കലാ സാഹിത്യ വേദി 2014-ല്‍ സംഘടിപ്പിച്ച 'തനിമ പാട്ടെഴുത്ത്' മത്സരത്തിലെ രണ്ടാം സ്ഥാനം, 2012-ലെ 'മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ മഹോത്സവം' നടത്തിയ മാപ്പിളപ്പാട്ട് രചനയില്‍ ഒന്നാം സ്ഥാനം, ഇശല്‍ മാനസം ഈരാറ്റുപേട്ട വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന്റെ 'മഹദ് റസൂല്‍ ക്യാമ്പയിന്‍' രചനാ മത്സരത്തിലെ ഏറ്റവും മികച്ച രചയിതാവ്, മാസ് നരിക്കുനി ആള്‍ കേരള മാപ്പിളപ്പാട്ട് റൈറ്റിംഗ് കോംപറ്റീഷന്‍ വിജയി എന്നിവ പാട്ടിന്റെ നാള്‍വഴിയിലെ രിദ്‌വാന്റെ അംഗീകാരങ്ങളില്‍ ചിലതാണ്.
പ്രഭാഷണത്തിലും  കഥാ പ്രസംഗ രചനയിലും  മികവു പുലര്‍ത്തിയ  അദ്ദേഹം  കാര്‍ട്ടൂണിലും പ്രാഗത്ഭ്യം തെളിയിച്ചു. കൊടുവള്ളി ഗവ. ഹൈസ്‌കൂളില്‍ അറബിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് റിട്ടയര്‍ ചെയ്തതിനു ശേഷം മുഴുസമയ സര്‍ഗ-സംഘടനാ വിഷയങ്ങളില്‍ വ്യാപൃതനാവുകയായിരുന്നു.  ഓമശ്ശേരി ഇസ്‌ലാമിയാ കോളേജ് പ്രിന്‍സിപ്പല്‍, കരുവമ്പൊയില്‍ മനാറുല്‍ ഹുദാ മദ്‌റസാ പ്രധാനാധ്യാപകന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. പരപ്പന്‍പൊയില്‍ മസ്ജിദുല്‍ ഹുദാ , കൊടുവള്ളി മസ്ജിദുല്‍ ഫലാഹ് എന്നിവിടങ്ങളില്‍ ഖത്വീബായിരുന്നു ഇടക്കാലത്ത്.
വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരണകാലത്ത്  കൊടുവള്ളിയിലെ ആദ്യ പ്രസിഡന്റായിരുന്നു അദ്ദേഹം. നഗരസഭാ പ്രസിഡന്റ്, മണ്ഡലം കമ്മറ്റി അംഗം എന്നീ നിലകളില്‍ നല്ല പ്രവര്‍ത്തനമാണ്  കാഴ്ചവെച്ചത്. സംഘടനാ വേദിയിലെ സ്ഥിരം പ്രഭാഷകനായ അദ്ദേഹം ഒട്ടേറെ ജനകീയ സംരംഭങ്ങളില്‍ നേതൃപരമായ പങ്കുവഹിക്കുകയുണ്ടായി. തനിമ കലാ സാഹിത്യ വേദി ജില്ലാ കമ്മിറ്റിയടക്കം ഒരുപാട് കലാ -സാംസ്‌ക്കാരിക കൂട്ടായ്മകളിലെ അംഗമായിരുന്നു. ജമാഅത്തെ ഇസ്‌ലാമി കരുവമ്പൊയില്‍ ഘടകത്തിന്റെ നാസിമായും പ്രവര്‍ത്തിച്ചു.
ജീവകാരുണ്യ മേഖലയില്‍ രിദ്‌വാന്റെ പങ്കാളിത്തവും പ്രാതിനിധ്യവും ഏറെ പ്രശംസനീയമാണ്. അന്യനാടുകളില്‍നിന്ന് സ്ഥിരമായി പാവപ്പെട്ടവരും നിരാലംബരും അദ്ദേഹത്തെ തേടിയെത്തി, നാലാളറിയാത്ത നിശ്ശബ്ദ പ്രവര്‍ത്തനായിരുന്നു ഇത്.
കൃഷിയുമായി ആത്മബന്ധമുണ്ടായിരുന്നു. സ്വന്തം പറമ്പില്‍ വ്യത്യസ്ത വിളകളുല്‍പ്പാദിപ്പിക്കുകയും പുതിയ കാര്‍ഷിക രീതികള്‍ പരീക്ഷിക്കുകയും ചെയ്ത കഠിനാധ്വാനി.
രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്. അവര്‍ക്ക് ദീനീവിജ്ഞാനമടക്കം ഉന്നത വിദ്യാഭ്യാസം നല്‍കുന്നതില്‍ അദ്ദേഹം വിജയിച്ചു. മൂത്ത മകന്‍ അഹ്മദ് ശഫീഖ് ദുബൈ ആരോഗ്യ മന്ത്രാലയത്തില്‍ റെഗുലേറ്ററി അഫയേഴ്‌സ് ഓഫീസറും, രണ്ടാമത്തെ മകന്‍ അഹ്മദ് ശമീം ദുബൈയിലെതന്നെ ന്യൂ കണ്‍ട്രി ഹെല്‍ത്ത് കെയറിലെ ഫാര്‍മക്കോ വിജിലന്‍സ് ഓഫീസറുമാണ്. ആദ്യ മകള്‍ ശഫ്‌ന കോഴിക്കോട് പരപ്പില്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കെമിസ്ട്രി അധ്യാപികയായി ജോലി നോക്കുന്നു. രണ്ടാമത്തെ മകള്‍ ശംന ദല്‍ഹി ഹംദര്‍ദ് യൂനിവേഴ്‌സിറ്റി  ബി.എസ്.സി നഴ്‌സാണ്. ഭാര്യ പി.പി റുഖിയ്യ  റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്.

-സലാം കരുവമ്പൊയില്‍

 

വട്ടിപ്പറമ്പത്ത് മുഹമ്മദ് എന്ന വാപ്പു

ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിശ്ശബ്ദ സേവനമര്‍പ്പിച്ച വ്യക്തിത്വമാണ് ശാന്തപുരത്ത് അന്തരിച്ച പള്ളിക്കുത്ത് വട്ടിപ്പറമ്പത്ത് കുരിക്കള്‍ മുഹമ്മദ് എന്ന വാപ്പു (78). ജീവിതസാക്ഷ്യം കൂടിയാണ് ഇസ്‌ലാമിക പ്രബോധനമെന്ന് പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ച വ്യക്തിയാണ് വാപ്പു സാഹിബ്.
ആരംഭകാലത്തുതന്നെ ശാന്തപുരത്തിന്റെ മണ്ണില്‍നിന്ന് ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയെ അടുത്തറിയാനും പഠിച്ചറിയാനും അവസരം ലഭിച്ച വാപ്പു സാഹിബ് ജീവിതം മുഴുവന്‍ പ്രസ്ഥാനത്തിനു വേണ്ടി സമര്‍പ്പിച്ചു. സ്‌നേഹമസൃണമായ പെരുമാറ്റം വാപ്പു സാഹിബിനെ ആകര്‍ഷണീയ വ്യക്തിത്വമാക്കി മാറ്റി. ശാന്തപുരം ഇസ്‌ലാമിയാ കോളേജ് പ്രിന്‍സിപ്പല്‍ എ.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റിന്റെ കീഴില്‍ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിച്ചുവന്ന ശാന്തപുരം ലോഡ്ജിന്റെ പൂര്‍ണ ഉത്തരവാദിത്തം വാപ്പു സാഹിബിനെയാണ് ഏല്‍പിച്ചിരുന്നത്.
ലോഡ്ജ് മാനേജര്‍ സ്ഥാനം ഒരു ജീവിതായോധന മാര്‍ഗമായി മാത്രം വാപ്പു സാഹിബ് കണ്ടില്ല. വൈയക്തികവും സാമൂഹികവുമായ മേഖലകളില്‍ പ്രസ്ഥാനം പ്രബോധനം ചെയ്യുന്ന ആശയങ്ങളുടെ മാതൃകയാക്കി ആ സ്ഥാനത്തെ മാറ്റാനാണ് അദ്ദേഹഹം ശ്രമിച്ചത്. ശാന്തപുരം ലോഡ്ജിനെ ഇസ്‌ലാമിക പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെയും ചര്‍ച്ചകളുടെയും കേന്ദ്രമാക്കി മാറ്റി അതിന് ഒരു മാതൃകാ ലോഡ്ജ് എന്ന ഖ്യാതി നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ മജിസ്‌ട്രേറ്റുമാര്‍, ജുഡീഷ്യറി വകുപ്പിലെ ഉന്നതര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരൊക്കെ സ്വസ്ഥമായ താമസത്തിനായി ശാന്തപുരം ലോഡ്ജാണ് തെരഞ്ഞെടുത്തത്. നല്ല പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും അവിടെ വായനക്കെത്തിക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയിരുന്ന വാപ്പു സാഹിബ് ഇസ്‌ലാമിക സാഹിത്യങ്ങളുടെ നല്ലൊരു ശേഖരം തന്നെ സൂക്ഷിച്ചിരുന്നു. പ്രദേശത്ത് മാധ്യമം പത്രത്തിന്റെ വളര്‍ച്ചയിലും പ്രചാരണത്തിലും അദ്ദേഹം പങ്കുവഹിച്ചു. കൂടുതല്‍ വരിക്കാരെ ലഭ്യമാക്കുന്നതിന് ഒറ്റക്കും കൂട്ടായും അദ്ദേഹം സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തി. പെരിന്തല്‍മണ്ണയില്‍ മാധ്യമത്തിന് സ്വന്തമായ ഒരു ബ്യൂറോ ഇല്ലാതിരുന്നതിന്റെ പ്രയാസം മനസ്സിലാക്കിയ വാപ്പു സാഹിബ് മാനേജര്‍ എന്ന നിലയില്‍ ഉപയോഗിച്ചിരുന്ന റൂമില്‍ മാധ്യമം ലേഖകന് പ്രവര്‍ത്തിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തു. വാര്‍ത്തകള്‍ ശേഖരിക്കുന്നതിലും ലേഖകനെ സഹായിച്ചു. ബ്യൂറോയുടെ സുഗമമായ പ്രവര്‍ത്തനത്തിന് സ്വന്തമായൊരു റൂമും ടെലിഫോണും അടിയന്തരാവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം മാധ്യമവുമായി നിരന്തരം ബന്ധപ്പെടുകയും പെരിന്തല്‍മണ്ണയില്‍ സ്വന്തമായൊരു ബ്യൂറോ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുകയും ചെയ്തു. മാധ്യമം മലപ്പുറം യൂനിറ്റ് പൂപ്പലത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ തുടക്കം മുതല്‍ തന്നെ ഓരോ ഘട്ടത്തിലും സജീവ സഹകരണം നല്‍കി. പൂപ്പലം യൂനിറ്റിന്റെ റസിഡന്റ് മാനേജര്‍ കെ. ശംസുദ്ദീന്റെ ദീര്‍ഘകാല പ്രവര്‍ത്തന കേന്ദ്രവും ശാന്തപുരം ലോഡ്ജ് ആയിരുന്നു. പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കും അല്ലാത്തവര്‍ക്കും പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് ലഭ്യമാകേണ്ട സേവനങ്ങള്‍ സൗകര്യപ്പെടുത്തി കൊടുക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു. ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റിന്റെ കീഴില്‍ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന മസ്ജിദുല്‍ ഹുദായുടെ ദൈനംദിന നടത്തിപ്പിലും പൂപ്പലം ദാറുല്‍ ഫലാഹ് സ്‌കൂളിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. 
ബൃഹത്തായ ഒരു സുഹൃദ്‌വലയം വാപ്പു സാഹിബിനുണ്ടായിരുന്നു. ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ പരിചയം ആഴത്തിലുള്ളതായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതാക്കളും പ്രവര്‍ത്തകരും മറ്റനേകം പേരും അദ്ദേഹത്തിന്റെ ആതിഥ്യത്തിന്റെ മധുരമറിഞ്ഞവരാണ്. ശാന്തപുരം ഇസ്‌ലാമിയാ കോളേജിന്റെയും ട്രസ്റ്റിന്റെ ഇതര സ്ഥാപനങ്ങളുടെയും സുഗമമായ നടത്തിപ്പിന് റവന്യൂ വകുപ്പില്‍നിന്നും മറ്റു സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും ആവശ്യമായ രേഖകള്‍ ലഭ്യമാകുന്നതിന് ശാന്തപുരം കോളേജ് ഓഫീസ് സൂപ്രണ്ടായിരുന്ന പരേതനായ എ. ഹൈദര്‍ സാഹിബിനോടൊപ്പം അനുസ്യൂതം പ്രവര്‍ത്തിക്കാന്‍ വാപ്പു സാഹിബുണ്ടായിരുന്നു.
നേരത്തേ മഹാരാഷ്ട്രയിലെ കൊയിനയിലും കര്‍ണാടകയിലെ അംബികാ നഗറിലും പവര്‍ പ്ലാന്റിലും ടണല്‍ നിര്‍മാണത്തിലും ഫോര്‍മാനായും സൈറ്റ് ഇന്‍ചാര്‍ജായും ജോലി ചെയ്തിരുന്ന അദ്ദേഹം ഏതാനും വര്‍ഷം ഷാര്‍ജയിലും ചെലവഴിച്ചിട്ടുണ്ട്. ഭാര്യ: മൈമൂന. മക്കള്‍: ഇബ്‌റാഹീം കുട്ടി, മഖ്ബൂല്‍, മൂസ, ഷഹര്‍ബാന്‍, സനീറ, സുനീറ.


പി.എ.എം അബ്ദുല്‍ ഖാദര്‍, തിരൂര്‍ക്കാട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (4-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആര് ഭക്ഷിച്ചാലും കര്‍ഷകന് ഗുണമുണ്ട്
സാലിം അബ്ദുല്‍ മജീദ്‌