Prabodhanm Weekly

Pages

Search

2019 ജൂണ്‍ 14

3105

1440 ശവ്വാല്‍ 10

പുതിയ പാഠങ്ങള്‍

യാസീന്‍ വാണിയക്കാട് 

സാമൂഹികശാസ്ത്രത്തില്‍
പശു ഇടതടവില്ലാതെ ചാണകമിടുന്നു
'രാജ്യസ്‌നേഹികള്‍' മാത്രമുള്ള
ഈ പാഠപുസ്തകത്തില്‍നിന്നും
ജനസമൂഹങ്ങള്‍ വിസ്മൃതിയിലേക്ക്
പതിയെ നീങ്ങുന്നു

രാഷ്ട്രതന്ത്രത്തില്‍ ബിരുദം നേടിയവന്റെ
കൈകളില്‍ രാജ്യത്തിന്റെ
അസ്ഥിക്കഷ്ണങ്ങള്‍.......
നിയമബിരുദം നേടിയവന്റെ
കറുത്ത ഗൗണിനുള്ളില്‍
ചോര വാര്‍ന്നു കിടക്കുന്ന
ഇരയുടെ വെളുത്ത സ്വപ്‌നങ്ങള്‍......

ചരിത്രപാഠങ്ങളുടെ നേര്
മൗനത്തിന്റെ കൈപിടിച്ച്
ചുരം കയറിപ്പോകുന്നു
ഹിംസയുടെ വേര് 
ചരിത്രത്തിന്റെ വാതില്‍പ്പൂട്ട് പൊളിച്ച്
ഇന്നലെകളുടെ ആര്‍ദ്രതകളെ മുറിവേല്‍പ്പിക്കുന്നു

തത്ത്വശാസ്ത്രത്തില്‍
ചോര കൊണ്ടെഴുതിയ 
വാക്കുകള്‍ വിക്കുന്നു
ഹിംസ കൊണ്ടെഴുതിയ
വാക്കുകള്‍ ജ്വലിക്കുന്നു

ജീവശാസ്ത്രത്തില്‍
ജീവന്റെ കണികകള്‍
മരണവുമായി കരാറിലേര്‍പ്പെടുന്നു
രസതന്ത്രത്തില്‍
കുഴിബോംബുകള്‍ തളിര്‍ക്കുന്നു

ഗണിതശാസ്ത്രത്തില്‍
ഒന്നില്‍നിന്നും ഒന്ന് കിഴിക്കാന്‍
നമ്മെ പ്രാപ്തമാക്കുന്ന സമവാക്യങ്ങള്‍!
കൂട്ടലും ഗുണിക്കലും
കോര്‍പ്പറേറ്റുകള്‍ ദത്തെടുക്കുന്നു

ഭാഷാശാസ്ത്രത്തിന് പിടികൊടുക്കാതെ
ആംഗ്യഭാഷ കൊണ്ട് നാം 
ഇടതടവില്ലാതെ സംസാരിക്കുന്നു
തലയറ്റുപോയെങ്കിലും നാമെന്തിനു 
സംസാരം തുടരാതിരിക്കണം?

ജേര്‍ണലിസത്തില്‍
കുറുക്കന്റെ ഓരിയിടല്‍ മാത്രം മുഴങ്ങുന്നു
ആട് ഭീകരജീവിയാണെന്ന്
മുറവിളി ഉയരുന്നു

പുതിയ പാഠം ചൊല്ലിപ്പഠിക്കാന്‍
നാളെ മുതല്‍ നമ്മുടെ കുട്ടികള്‍
ഭ്രാന്താലയത്തിലേക്ക് ചുവടു വെക്കുന്നു..... 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (4-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആര് ഭക്ഷിച്ചാലും കര്‍ഷകന് ഗുണമുണ്ട്
സാലിം അബ്ദുല്‍ മജീദ്‌