Prabodhanm Weekly

Pages

Search

2019 ജൂണ്‍ 14

3105

1440 ശവ്വാല്‍ 10

പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടുക

സയ്യിദ് സആദത്തുല്ലാ ഹുസൈനി (അമീര്‍, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്)

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. പുതിയ ഭരണകൂടം അധികാരമേല്‍ക്കുകയാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് വോട്ട് ചെയ്ത് കക്ഷികളെ അധികാരമേല്‍പ്പിക്കുന്നത്. അതിനാല്‍ എല്ലാ പൗരന്മാരുടെയും ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടി ഈ ഭരണകൂടം നിലകൊള്ളുമെന്നും എല്ലാവരോടും നീതിയോടെ വര്‍ത്തിക്കുമെന്നുമാണ് നമ്മുടെ പ്രതീക്ഷ. രാജ്യത്ത് ഭീതിയില്‍ കഴിയുന്ന ദുര്‍ബല വിഭാഗങ്ങളുടെ ആശങ്കയകറ്റാനും അവര്‍ക്ക് ആശ്വാസം പകരാനും പുതിയ ഭരണകൂടത്തിന് കഴിയേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മുന്നോട്ടുവെക്കപ്പെട്ട വിഭാഗീയതയുടെ രാഷ്ട്രീയവും അതിനു വേണ്ടി നിര്‍മിച്ചെടുത്ത ഭാഷയും പ്രയോഗങ്ങളുമൊക്കെയാണ് രാഷ്ട്രത്തിന്റെ വിധി നിര്‍ണയിച്ചത്. വിഭാഗീയതയുടെയും ധ്രുവീകരണത്തിന്റെയും ഈ ശൈലി ഉപേക്ഷിച്ച് എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടി ഭരണകൂടം നിലകൊള്ളണമെന്നാണ് നാം ആഗ്രഹിക്കുന്നത്. പൗരന്മാരുടെ ഉത്തരവാദിത്തം വോട്ട് രേഖപ്പെടുത്തുന്നതോടെ അവസാനിക്കുന്നില്ല. യഥാര്‍ഥ ഉത്തരവാദിത്തം പിന്നീടാണ് വരുന്നത്. ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ അവര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. മികച്ച ഭരണം നടത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വീഴ്ചകളെയും പോരായ്മകളെയും കുറിച്ച് അധികാരികളെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കണം. ഇത് പൗരന്മാരുടെയും പൗരസംഘടനകളുടെയും ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി മുന്‍നിരയില്‍ തന്നെയാകും. ഭരണകൂടത്തിന് തെറ്റുകളും വീഴ്ചകളും പറ്റുമ്പോള്‍ അവ ചൂണ്ടിക്കാട്ടും; തിരുത്തണമെന്ന് ആവശ്യപ്പെടും. പൗരസംഘടനകളും ഈവിധം തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ മുന്നോട്ടുവരുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ക്ക് ഇത് പുനരാലോചനയുടെയും ആത്മവിമര്‍ശനത്തിന്റെയും സന്ദര്‍ഭമാണ്. രാജ്യനിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി പ്രതിപക്ഷ കക്ഷികള്‍ തങ്ങളുടെ പാര്‍ട്ടി താല്‍പര്യങ്ങള്‍ മാറ്റിവെക്കുമെന്നും അവസരവാദ നിലപാടുകളെടുക്കാതെ ഉയര്‍ന്നു ചിന്തിക്കുമെന്നും ഒരു ബദല്‍ സമര്‍പ്പിക്കുമെന്നുമാണ് നാം കരുതിയിരുന്നത്. പക്ഷേ ആ നിലയില്‍ ഉയര്‍ന്നു ചിന്തിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിയാതെ പോയി. ഈ ആത്മപരിശോധന പ്രതിപക്ഷ നേതാക്കള്‍ കാര്യഗൗരവത്തോടെ തന്നെ നടത്തണം. എങ്കിലേ ശക്തമായ പ്രതിപക്ഷനിര കെട്ടിപ്പടുക്കാനാവൂ.
ഇന്ത്യയിലെ മുസ്‌ലിംകളെ എനിക്ക് ആദ്യമായി ഓര്‍മപ്പെടുത്താനുള്ളത്, അവര്‍ ഒരു പ്രബോധക (ദാഈ) സമൂഹമാണ് എന്നതാണ്. ഒരു സന്ദേശത്തിന്റെ വാഹകരാണ് അവര്‍. മുഴുവന്‍ മനുഷ്യരെയും ലോക രക്ഷിതാവിന്റെ സന്മാര്‍ഗപാതയിലേക്ക് ക്ഷണിക്കുകയാണ് അവരുടെ യഥാര്‍ഥ മിഷന്‍. ഇസ്‌ലാമിനെ അവര്‍ രാജ്യനിവാസികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കണം. മുഴുവന്‍ മനുഷ്യരുടെയും ക്ഷേമമാണ് അവര്‍ ലക്ഷ്യം വെക്കേണ്ടത്. ആ സമുദായം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ ഭാഗമല്ല. കാരണം അവര്‍ ക്ഷണിക്കുന്നത് എല്ലാ മനുഷ്യരെയുമാണ്. ഈയൊരു അവബോധം അവര്‍ക്കുണ്ടാവണം. പക്ഷേ മുസ്‌ലിം സമുദായത്തെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും ധാരാളം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നല്ല, മൊത്തം രാഷ്ട്രീയം തന്നെ കള്ളപ്രചാരണങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ഈയൊരവസ്ഥക്ക് മാറ്റമുണ്ടായില്ലെങ്കില്‍ രാഷ്ട്രീയ ചുറ്റുപാടുകള്‍ മാറുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. ഒരു വലിയ സാമൂഹിക യാഥാര്‍ഥ്യം ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. ഇസ്‌ലാമും മുസ്‌ലിംകളും വളരെ തെറ്റായി മനസ്സിലാക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണത്. ആ കള്ളപ്രചാരണങ്ങള്‍ അനുദിനം ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതാണ് വിഭാഗീയതയും രാഷ്ട്രീയ ധ്രുവീകരണവുമുണ്ടാക്കുന്നത്. ഇത് വളരെ ഗൗരവപൂര്‍വം നാം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഇതിനുള്ള പരിഹാരം നാം ജനങ്ങളിലേക്കിറങ്ങുക എന്നതാണ്. എന്നിട്ട് അവരുടെ തെറ്റിദ്ധാരണകള്‍ മാറ്റണം. യഥാര്‍ഥ ഇസ്‌ലാമിനെ അവര്‍ക്ക് പരിചയപ്പെടുത്തണം. അവരുമായി ഹൃദയ ബന്ധം സ്ഥാപിക്കണം. സകലവിധ ഭിന്നതകളും മാറ്റിവെച്ച് മുഴുവന്‍ മുസ്‌ലിം സംഘടനകളും വേദികളും ഈ ദൗത്യമേറ്റെടുക്കാന്‍ മുന്നോട്ടുവരികയാണ് ഈ സന്ദര്‍ഭത്തില്‍ ആവശ്യമായിട്ടുള്ളത്. എങ്കില്‍ തെറ്റിദ്ധാരണകള്‍ നീങ്ങും. ഇസ്‌ലാമിന്റെ യാഥാര്‍ഥ്യമെന്തെന്ന് ജനം തിരിച്ചറിയും. അത് ധ്രുവീകരണത്തിന് അന്ത്യം കുറിക്കും. എങ്കിലേ ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയുള്ളൂ.
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു നമ്മെ ഓര്‍മപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. 'നിങ്ങള്‍ വെറുക്കുന്ന കാര്യമുണ്ടല്ലോ, ഒരുപക്ഷേ അത് നിങ്ങള്‍ക്ക് നന്മയായിട്ടാവും ഭവിക്കുക.' ഈ പ്രതികൂലമായ രാഷ്ട്രീയ സാഹചര്യവും പ്രപഞ്ചനാഥന്‍ നമുക്ക് അനുകൂലമായി മാറ്റിത്തരും എന്നുതന്നെയാണ് നാം പ്രതീക്ഷിക്കുന്നത്. അനുഭവങ്ങളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുസ്‌ലിം സമൂഹം അവരുടെ മൗലിക ദൗത്യം ഏറ്റെടുക്കാന്‍ തയാറായാല്‍ തീര്‍ച്ചയായും സ്ഥിതിഗതികള്‍ മാറും. പുതിയൊരു പ്രഭാതത്തിന് അത് നാന്ദി കുറിക്കും. പ്രത്യക്ഷത്തില്‍ പ്രതിസന്ധിയെന്ന് തോന്നിക്കുന്ന ഈ സ്ഥിതിവിശേഷം പുതിയൊരു നവോത്ഥാനത്തിനും ഉണര്‍വിനും കാരണമാകില്ലെന്ന് ആരു കണ്ടു! അതിനാല്‍ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തോട് പറയാനുള്ളത്, നിരാശക്ക് അടിപ്പെടുന്നതിനു പകരം അവര്‍ പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയെടുക്കണമെന്നാണ്. ഈ സംഭവവികാസങ്ങളില്‍നിന്ന് അവര്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. പ്രശ്‌നങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്നതില്‍ നാം പരാജയപ്പെടുകയാണെങ്കില്‍ അതായിരിക്കും യഥാര്‍ഥ പരാജയം. കാരണം പ്രതിയോഗികള്‍ ഉന്നം വെക്കുന്നത് മുസ്‌ലിംകളുടെ ആത്മവിശ്വാസം തകര്‍ത്തുകളയാനാണ്. ആത്മവിശ്വാസത്തോടെ നാം നമ്മുടെ ദൗത്യവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹുവിന്റെ സഹായം നമുക്ക് ഉണ്ടാവുകതന്നെ ചെയ്യും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (4-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആര് ഭക്ഷിച്ചാലും കര്‍ഷകന് ഗുണമുണ്ട്
സാലിം അബ്ദുല്‍ മജീദ്‌