തച്ചനറിയാത്ത മരം പോലൊരു രചന
വിഷയം ഏതുമാകട്ടെ, പുസ്തകങ്ങള്‍ മൂന്നു വിധമാണ്. ഈ ത്രിമാന വീക്ഷണത്തെ പ്രകൃതി ശാസ്ത്രജ്ഞര്‍ മരങ്ങളോടും താരതമ്യം ചെയ്യാറുണ്ട്. മരത്തില്‍ ഉളികൊണ്ട് വേല ചെയ്യുന്ന ഒരാള്‍ക്കുള്ള പ്രാഥമിക പാഠം 'ഉളി കൊണ്ട് മരത്തിന് നോവരുത്' എന്നതാണ്. മരവും മൂന്നു വിധമാണ്, പുസ്തകങ്ങള്‍ പോലെ. ഉളിക്കു വഴങ്ങുന്നവ, വാളിനു വഴങ്ങുന്നവ, തച്ചനറിയാത്ത മരം. തൂലികക്കു വഴങ്ങാത്ത ചില വിഷയങ്ങള്‍... എഴുത്താണിക്ക് മാത്രം വശംവദമാകുന്നവ. ചിന്തേരിടാനോ മറ്റെന്തിനെങ്കിലുമോ ഫലപ്രദമാകാത്ത മരം-ഇതത്രെ തച്ചനറിയാത്ത മരം. അബ്ദുല്‍ജബ്ബാര്‍ കൂരാരിയുടെ പുതിയ പുസ്തകമായ 'നോമ്പ്: ആത്മാവിന്റെ ആഹാരം' തച്ചനറിയാത്ത മരത്തിന്റെ ഗണത്തില്‍ പെടുത്തിയാണ് വായിച്ചുതീര്‍ത്തത്.
ദക്ഷിണേന്ത്യയിലെ ഇസ്‌ലാമിക ഗ്രന്ഥാലയങ്ങളില്‍ പ്രമുഖമായ ഐ.പി.എച്ച് ആണ് അബ്ദുല്‍ജബ്ബാര്‍ കൂരാരിയുടെ 'നോമ്പ്: ആത്മാവിന്റെ ആഹാരം' എന്ന ലഘു കൃതി പ്രസാധനം ചെയ്തിട്ടുള്ളത്.
നോമ്പ് വിഷയം ഭാഷയുടെ പ്രാമാണിക രീതിയിലൂടെ വിശകലനം ചെയ്യുമ്പോള്‍ ലഭിക്കുന്ന മധുരമുണ്ടല്ലോ, അത് ആസ്വാദകന് നല്ല ഗൃഹപാഠമായിത്തന്നെ അനുഭവപ്പെടും. 'ജലക്ഷാമത്തില്‍ ഒരു നോമ്പുകാലം' എന്ന നുറുങ്ങു വിഷയം അവതരിപ്പിക്കുമ്പോള്‍ ആ തൂലിക കൈക്കൊള്ളുന്ന സരസ ഭാവങ്ങള്‍ ഹഠാദാകര്‍ഷിക്കുന്നതാണ്. വെള്ളം വിലക്കുക എന്നാല്‍ ജീവിതം നിഷേധിക്കുക എന്നാണര്‍ഥമെന്ന് പ്രവാചക ദുഃഖത്തിലൂടെ പറയുന്നു. ജൂത മതക്കാരനായ പ്രമാണിയുടെ ഹുങ്കാണ് വിഷയം. ബദ്‌റില്‍ ഏറ്റുമുട്ടിയ ആദര്‍ശങ്ങളെ വിസ്തരിക്കുമ്പോള്‍ മുസ്‌ലിംകളില്‍ ശഹീദായ 14 പേരെ വായനക്കാര്‍ വീരാരാധനയോടെ നെഞ്ചേറ്റു വാങ്ങും. 23 ഖണ്ഡങ്ങളുണ്ട് ഈ പുസ്തകത്തില്‍ നോമ്പുമായി ഇഴചേര്‍ന്നത്. പുതുജീവന്‍ നല്‍കുന്ന പുണ്യമാസം തൊട്ട് ഫിത്വ്ര്‍ സകാത്ത് വരെ അത് നീളുന്നു. കേവലം 48 പേജുകളില്‍ ഇവ ഉള്‍ക്കൊള്ളിക്കാന്‍ ഗ്രന്ഥകാരന് സാധിച്ചിട്ടു്.
നോമ്പ്: ആത്മാവിന്റെ ആഹാരം
പ്രസാധനം: ഐ.പി.എച്ച്
വില 50 രൂപ
Comments