Prabodhanm Weekly

Pages

Search

2019 മെയ് 31

3104

1440 റമദാന്‍ 26

സാമൂഹിക ജീവിതത്തിലെ സമത്വ വിഭാവന

റാശിദ് ഗന്നൂശി

വിശ്വാസ സ്വാതന്ത്ര്യം ഇസ്‌ലാമിക സമൂഹത്തിലുണ്ടാക്കുന്ന അടയാളങ്ങള്‍ എന്തൊക്കെയാണ്? അതിലൊന്ന് തീര്‍ച്ചയായും സമത്വവിഭാവനയാണ്. നിര്‍ബന്ധമോ സമ്മര്‍ദമോ മതകാര്യങ്ങളിലുണ്ടാകുന്നത് വിലക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. യുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന സൂക്തങ്ങളുമുണ്ട്. മതത്തില്‍ ബലപ്രയോഗം പാടില്ലെന്ന ആഹ്വാനം എല്ലാവര്‍ക്കുമുള്ളതാണ്. അതേസമയം, ഏതെങ്കിലും വിഭാഗങ്ങള്‍ അന്യായമായി മുസ്‌ലിംകള്‍ക്കെതിരെ ആയുധമെടുക്കുകയും ഇസ്‌ലാമിക പ്രബോധനത്തിന് തടസ്സമുണ്ടാക്കുകയും ചെയ്യുമ്പോള്‍ ആപത്ത് (ഫിത്‌ന) തടുക്കുന്നതിനായി യുദ്ധത്തിലേര്‍പ്പെടേണ്ടിയും വന്നേക്കാം. അപ്പോള്‍ 'കാഫിറുകളോട്' അല്ലെങ്കില്‍ 'ജനങ്ങളോട്' യുദ്ധം ചെയ്യുക എന്ന പ്രയോഗമൊക്കെ യഥാര്‍ഥത്തില്‍ ഒരു നിര്‍ണിത വിഭാഗത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ഉദാഹരണത്തിന്, മക്കയിലുണ്ടായിരുന്ന യുദ്ധോത്സുകരായ അറബി ഗോത്രങ്ങള്‍. അല്ലെങ്കില്‍ അത്തരത്തിലുള്ള അതിക്രമികളായ വിഭാഗങ്ങള്‍. അതിനാല്‍ ഈ യുദ്ധാഹ്വാനങ്ങളൊന്നും തന്നെ പൊതുസമൂഹത്തിനു മേല്‍ ഏതെങ്കിലും വിശ്വാസം അടിച്ചേല്‍പിക്കാന്‍ കാരണമാവുകയില്ല. വിശ്വാസ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന അത്തരമൊരു സംഭവവും പ്രവാചക ജീവിതത്തില്‍നിന്ന് കണ്ടെടുക്കാനാവുകയില്ല. മാത്രമല്ല, പ്രവാചകനും വിവിധ മതസമൂഹങ്ങളും തമ്മില്‍ അനുരഞ്ജന സന്ധികളില്‍ ഏര്‍പ്പെടുന്നതാണ് നാം കാണുന്നത്. മദീനയിലെ ജൂതന്മാരുമായും ക്രിസ്ത്യാനികളുമായും മറ്റു ബഹുദൈവാരാധക ഗോത്രങ്ങളുമായും ഉടമ്പടികളുണ്ടാക്കി ഇസ്‌ലാമിക രാഷ്ട്രത്തിന്റെ രൂപീകരണ വേളയില്‍ അവരെയൊക്കെ ഒരൊറ്റ രാഷ്ട്രീയ സമൂഹമായി മാറ്റുകയാണ് പ്രവാചകന്‍ ചെയ്തത്. ഇവരെല്ലാം തുല്യ പൗരത്വം നല്‍കപ്പെട്ടവരായിരുന്നു. ശത്രുവുമായി സഹകരിക്കാതിരിക്കുക, മദീനയെ സംരക്ഷിക്കുക തുടങ്ങിയ ബാധ്യതകളും ഇതിന് പകരമായി അവര്‍ അംഗീകരിക്കേണ്ടിയിരുന്നു. കരാറുകള്‍ ഉണ്ടാക്കിക്കഴിഞ്ഞാല്‍ പിന്നെയതില്‍ വഞ്ചന കാണിക്കുന്നത് പൊറുക്കപ്പെടാനാവാത്ത കുറ്റവുമാണ്. ജൂത, ക്രൈസ്തവ, സ്വാബിഅ, മജൂസ് വിഭാഗങ്ങള്‍ക്കാണ് ഇത്തരത്തില്‍ പൗരത്വം നല്‍കപ്പെടുക എന്ന് ഒരു വിഭാഗം പറയുമ്പോള്‍, വിഗ്രഹാരാധകരായാല്‍ പോലും അപേക്ഷിക്കുന്നവര്‍ക്കെല്ലാം പൗരത്വം നല്‍കണമെന്നാണ് മാലികികളുടെ കാഴ്ചപ്പാട്.1 പൗരത്വ നിബന്ധനകള്‍ പാലിച്ചാല്‍ അവരും മുസ്‌ലിംകളുമൊക്കെ ഒരുപോലെത്തന്നെയാണ്. കാരണം ഇസ്‌ലാമിന്റെ സാമൂഹിക വ്യവഹാരങ്ങളുടെയും ഇടപഴക്കങ്ങളുടെയും അടിത്തറ സമത്വ വിഭാവനയാണ്. ഇതിന് അപവാദമായി വളരെ കുറഞ്ഞ കാര്യങ്ങളേ ഉണ്ടാകൂ. അതാകട്ടെ രാഷ്ട്രം കാത്തുപോരുന്ന ഉയര്‍ന്ന മാനവിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുമായിരിക്കും. ഇതാണ് സ്ഥിതിയെന്നിരിക്കെ മുസ്‌ലിംകളല്ലാത്ത പൗരന്മാരെ കുറിക്കാന്‍ ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയില്‍ 'അഹ്‌ലുദിമ്മ' എന്ന് പ്രയോഗിക്കേണ്ട കാര്യമേയില്ല. കാരണം, എല്ലാവരും തുല്യ പൗരത്വത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നിച്ചാണായിട്ടാണല്ലോ രാഷ്ട്രം പിറവിയെടുത്തിരിക്കുന്നത്.2
മുസ്‌ലിംകളാവട്ടെ മറ്റുള്ളവരാകട്ടെ ഓരോ വിഭാഗവും അവരവരുടെ ആദര്‍ശത്തെയും വിശ്വാസത്തെയും ബൗദ്ധികമായിട്ടാവും പ്രതിരോധിക്കുക. ഇതാണ് വിശ്വാസ സ്വാതന്ത്ര്യത്തിന്റെ മറ്റൊരു അടയാളം. ഓരോ വിഭാഗത്തിനും തങ്ങളുടെ ആദര്‍ശത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാം, ഇതര ആദര്‍ശങ്ങളെ നിരൂപണം ചെയ്യുകയുമാവാം. പ്രതിയോഗികളുമായുള്ള ഈ ബൗദ്ധിക സംവാദത്തിന്റെ നിരവധി മാതൃകകള്‍ പ്രവാചകന്മാരുടെ ജീവിതത്തില്‍ നമുക്ക് കാണാന്‍ കഴിയും. തെളിവുകള്‍ നിരത്തിയാണ് അവര്‍ പ്രതിയോഗികളുടെ വാദമുഖങ്ങളെ നേരിടുന്നത്. ഇന്ന് നാം അഭിമുഖീകരിക്കുന്ന വിശ്വാസ/ പ്രത്യയശാസ്ത്ര ഏറ്റുമുട്ടലില്‍, ഇബ്‌റാഹീം നബിയും നംറൂദും, ഇബ്‌റാഹീം നബിയും സ്വന്തം പിതാവും തമ്മില്‍ നടന്ന സംവാദങ്ങളില്‍നിന്ന് നമുക്ക് മാര്‍ഗദര്‍ശനം ലഭിക്കുന്നതാണ്. അന്ത്യപ്രവാചകന്‍ വരെയുള്ള മുഴുവന്‍ നബിമാരും തെളിവുകള്‍ നിരത്തി തന്നെയാണ് ആദര്‍ശ എതിരാളികളെ നേരിട്ടത്. ഇന്ന് കാണുന്ന തരത്തിലുള്ള രാഷ്ട്രീയവും മറ്റുമായ തര്‍ക്കങ്ങളിലേക്ക് ആ സംവാദങ്ങള്‍ തരംതാഴ്ന്നിരുന്നില്ല. പ്രവാ
ചകന് ശേഷമുള്ള അദ്ദേഹത്തിന്റെ സദ്‌വൃത്തരായ അനുചരന്മാരും ഇതര വിഭാഗങ്ങളുമായി മാത്രമല്ല, മുസ്‌ലിം സമൂഹത്തിലെ വിവിധ കക്ഷികളുമായും ഉയര്‍ന്ന വിതാനത്തിലുള്ള ആശയസംവാദമാണ് നടത്തിയത്. മതനിഷേധികളുമായും (സനാദിഖ) സംവാദങ്ങള്‍ തന്നെ. അതില്‍ മേധാവിത്വമുായിരുന്നത് വസ്തുതകള്‍ക്കും തെളിവുകള്‍ക്കും മാത്രം. ഇസ്‌ലാമിന്റെ സഹിഷ്ണുതയെയും, അക്കാലത്ത് ചിന്തയും സ്വാതന്ത്ര്യവും എത്തിച്ചേര്‍ന്ന ഉയര്‍ന്ന വിതാനത്തെയും അടയാളപ്പെടുത്തുന്നുണ്ട് ഈ സംവാദങ്ങള്‍. അമേരിക്കയിലെ ടെംപ്ള്‍ യൂനിവേഴ്‌സിറ്റി മതതാരതമ്യ വിഭാഗം പ്രഫസറായിരുന്ന ഇസ്മാഈല്‍ റാജി ഫാറൂഖി ഇതു സംബന്ധമായി വിശദമായ ഒരു പഠനം നടത്തിയിട്ടുണ്ട്. ഒരു ഇസ്‌ലാമിക രാഷ്ട്ര സംവിധാനത്തില്‍ എല്ലാ പൗരന്മാര്‍ക്കും തത്തുല്യ അവകാശങ്ങളായിരിക്കുമെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അവഹേളിക്കാതെയും വികാരങ്ങളെ വ്രണപ്പെടുത്താതെയും മുസ്‌ലിംകള്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ അവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാം, പ്രചരിപ്പിക്കാം. പ്രബോധന പ്രചാരണവകാശം മുസ്‌ലിംകള്‍ക്കുള്ളതുപോലെ അമുസ്‌ലിംകള്‍ക്കുമുണ്ട്. മറ്റു ആശയങ്ങളുടെ പ്രചാരണം കാരണമായി മുസ്‌ലിംകളില്‍ വിശ്വാസ ശൈഥില്യമോ മറ്റോ ഉണ്ടാവുകയാണെങ്കില്‍, പണ്ഡിതന്മാരും മറ്റും വിശ്വാസം രൂഢമൂലമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്. അല്ലെങ്കിലും വാര്‍ത്താ വിനിമയ മാധ്യമങ്ങളില്‍ വന്‍ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു വിഭാഗത്തെയും കോട്ട കെട്ടി സംരക്ഷിക്കാനൊന്നും കഴിയില്ല. ഇസ്‌ലാംവിരുദ്ധ ആശയങ്ങള്‍ പല വഴികളിലൂടെ മുസ്‌ലിംകളിലുമെത്തും. അപ്പോള്‍ ഇത്തരം പ്രതിലോമകരമായ ആശയങ്ങളെ അവയുടെ മുനയൊടിക്കും വിധമുള്ള ധൈഷണിക സംവാദങ്ങള്‍ കൊണ്ട് നേരിടുകയാണ് ഏക പോംവഴി.3
മുസ്‌ലിംകളല്ലാത്തവരുടെ അവകാശങ്ങള്‍ വളരെ വ്യക്തമായും ഖണ്ഡിതമായും വിവരിക്കുന്നുണ്ട് ഇസ്‌ലാമിക ഭരണഘടനയുടെ കരട് തയാറാക്കിയ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി. ''സംസാരിക്കാനും എഴുതാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ചിന്തിക്കാനും കൂട്ടം ചേരാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഒരു ഇസ്‌ലാമിക രാഷ്ട്രത്തില്‍ മുസ്‌ലിംകള്‍ക്കെന്ന പോലെ അമുസ്‌ലിംകള്‍ക്കുമുണ്ടാവും; തുല്യമായ അളവില്‍ തന്നെ. മുസ്‌ലിംകള്‍ക്കുള്ള നിയന്ത്രണങ്ങളേ അമുസ്‌ലിംകള്‍ക്കും ഉണ്ടാവൂ. രാഷ്ട്രത്തെയും രാഷ്ട്ര നായകനെയുമൊക്കെ അവര്‍ക്കും വിമര്‍ശിക്കാം, നിയമപരിധിയില്‍ നിന്നുകൊണ്ടാവണമെന്ന് മാത്രം. മുസ്‌ലിംകള്‍ക്ക് മറ്റു ദര്‍ശനങ്ങളെ നിരൂപണം ചെയ്യാന്‍ അവകാശമുള്ളതുപോലെ അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെയും നിരൂപണം ചെയ്യാം. സ്വന്തം മതവിശ്വാസങ്ങളെ അവര്‍ക്ക് പ്രകീര്‍ത്തിക്കാം. ഇനിയൊരാള്‍ മുസ്‌ലിംകളില്‍നിന്ന് മതപരിത്യാഗിയായാല്‍ അത് അയാളുടെ മാത്രം പ്രശ്‌നമാണ്. അതിന്റെ പേരില്‍ മുസ്‌ലിംകളല്ലാത്തവര്‍ നടപടി നേരിടേണ്ടിവരില്ല. തങ്ങളുടെ മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവൃത്തി ചെയ്യാനും ഇസ്‌ലാമിക രാഷ്ട്രത്തില്‍ മുസ്‌ലിംകളല്ലാത്തവര്‍ നിര്‍ബന്ധിക്കപ്പെടുകയില്ല. തങ്ങളുടെ മനസ്സാക്ഷിക്കനുസരിച്ച് അവര്‍ക്ക് പ്രവര്‍ത്തിക്കാം; രാഷ്ട്ര നിയമങ്ങള്‍ക്ക് എതിരായിരിക്കരുത് എന്നു മാത്രം.''4
ഇസ്‌ലാമിക സമൂഹത്തിനകത്ത് ബഹു സാംസ്‌കാരികതയായിരിക്കും ഉണ്ടായിരിക്കുക എന്നര്‍ഥം. അതിന്റെ വിനിമയങ്ങള്‍ സ്വതന്ത്രമായിരിക്കും. ഈ ഭിന്നതകള്‍ നിലനിര്‍ത്തി തന്നെയാണ് എല്ലാവരും ചേര്‍ന്ന് ഇസ്‌ലാമിക നാഗരികതയുടെ നിര്‍മിതിയില്‍ പങ്കാളികളാവുന്നത്.5 ഇതര സംസ്‌കാരങ്ങളെ ഒതുക്കി അധീശത്വം സ്ഥാപിക്കുന്ന പാശ്ചാത്യ രീതിയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തം.

മതപരിത്യാഗത്തിന്റെ പ്രശ്‌നം

ഇസ്‌ലാം ശരിയായ രീതിയില്‍ ഉള്‍ക്കൊണ്ട് സ്വന്തം ഇഷ്ടപ്രകാരം അത് സ്വീകരിച്ച ശേഷം അതിനെ തള്ളിപ്പറയുന്നതാണ് രിദ്ദ, അഥവാ മതപരിത്യാഗം. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ നിഷേധിച്ചാലും അത് മതപരിത്യാഗമാകും. ദൈവത്തെയോ പ്രവാചകത്വത്തെയോ തള്ളിപ്പറയുക, ഹറാമായവയെ ഹലാലാക്കുക, നിര്‍ബന്ധ അനുഷ്ഠാനങ്ങളെ നിരാകരിക്കുക പോലുള്ളവ.
ഈ നിലപാടെടുക്കുന്നവരെ ഖുര്‍ആന്‍ പല സ്ഥലങ്ങളിലും അതിരൂക്ഷമായി തന്നെ അധിക്ഷേപിച്ചിട്ടുണ്ട്. അവര്‍ക്ക് കടുത്ത ശിക്ഷയുണ്ടെന്നു മുന്നറിയിപ്പ് നല്‍കുന്നു. പക്ഷേ വിശുദ്ധ ഖുര്‍ആന്‍ അത്തരക്കാര്‍ക്ക് ഈ ലോകത്ത് പ്രത്യേക ശിക്ഷയൊന്നും നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ഹദീസില്‍ അവര്‍ വധശിക്ഷയര്‍ഹിക്കുന്നു എന്നു വന്നിരിക്കുന്നു. ''ആര്‍ ദീനിനെ മാറ്റിമറിച്ചുവോ അവനെ വധിക്കുക'' (ബുഖാരി). മതപരിത്യാഗികളോട് യുദ്ധം ചെയ്യണമെന്ന കാര്യത്തില്‍ സ്വഹാബിമാര്‍ക്കിടയില്‍ അഭിപ്രായാന്തരമില്ല. ഇതൊരു വലിയ കുറ്റകൃത്യമാണെന്ന കാര്യത്തില്‍ പണ്ഡിതന്മാരും യോജിക്കുന്നു. ഇത് ചെയ്തവരെ വധിക്കണമെന്ന് വലിയൊരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍, മറ്റൊരു വിഭാഗം ആ അഭിപ്രായത്തെ എതിര്‍ക്കുന്നു.
അഭിപ്രായ ഭിന്നത രണ്ട് കാര്യത്തിലാണ്: ഒന്ന്, രിദ്ദ/ മതപരിത്യാഗം എന്നത് രാഷ്ട്രത്തിനെതിരെയുള്ള കലാപം എന്ന അര്‍ഥത്തില്‍ ഒരു രാഷ്ട്രീയ പാതകമാണോ? അങ്ങനെയെങ്കില്‍ രാഷ്ട്രത്തലവന് ആ കലാപകാരികള്‍ക്ക് എന്ത് ശിക്ഷ നല്‍കണമെന്ന് തീരുമാനിക്കാന്‍ (ഇതിനാണ് തഅ്‌സീര്‍ എന്ന് പറയുക) അധികാരമുണ്ട്. അതായത് പ്രമാണങ്ങളില്‍ അതിന് നിശ്ചിത ശിക്ഷ വിധിച്ചിട്ടില്ലെന്നര്‍ഥം. രണ്ട്, അതോ ഇതൊരു വിശ്വാസപരമായ കുറ്റകൃത്യമാണോ? അങ്ങനെയെങ്കില്‍ അതിന് നിര്‍ണിത ശിക്ഷ (ഹുദൂദ്) അല്ലാഹു വിധിച്ചിരിക്കും. ആ ശിക്ഷയില്‍ ഇളവ് വരുത്താന്‍ ഭരണാധികാരിക്ക് അധികാരമുണ്ടായിരിക്കുകയുമില്ല. മറ്റൊരു ഭാഷയില്‍ ഇങ്ങനെയും പറയാം: മുസ്‌ലിമല്ലാത്ത ഒരാള്‍ക്ക് ഇസ്‌ലാം നല്‍കിയ വിശ്വാസ സ്വാതന്ത്ര്യം അയാള്‍ വിശ്വാസിയായ ശേഷം നിലനില്‍ക്കുമെങ്കില്‍, അയാള്‍ തിരിച്ച് അങ്ങോട്ടു തന്നെ പോയാല്‍ ആ സ്വാതന്ത്ര്യം നിലനില്‍ക്കുമോ? വിശ്വാസിയല്ലാത്തപ്പോള്‍ ലഭിച്ചിരുന്ന വിശ്വാസ സ്വാതന്ത്ര്യം ഈ അവസ്ഥയില്‍ ലഭിക്കുമോ?6
ഒന്നാമത്തെ അഭിപ്രായക്കാര്‍ പറയുന്നു, ദൈവനിശ്ചിതമായ ശിക്ഷ(ഹദ്ദ്)യാണ് മതപരിത്യാഗത്തിനുള്ളത്. കൊല്ലപ്പെടണമെന്നതാണ് ആ ശിക്ഷ. ഭൂരിപക്ഷം പണ്ഡിതരും ഈ അഭിപ്രായക്കാരാണ്. ഇത്തരക്കാര്‍ക്ക് പശ്ചാത്തപിക്കാനുള്ള അവസരം കൊടുക്കണോ വേണ്ടേ എന്ന കാര്യത്തില്‍ ഈ വിഭാഗത്തിനിടയില്‍ തര്‍ക്കമുണ്ട്. പശ്ചാത്തപിക്കാന്‍ അവസരം കൊടുക്കേണ്ടതില്ല എന്ന് ഒരു വിഭാഗം. പശ്ചാത്തപിക്കാന്‍ അവസരം കൊടുക്കണം എന്നാണ് ഭൂരിപക്ഷവും പറയുന്നത്. അതിന് അനുവദിക്കേണ്ട സമയം മൂന്ന് ദിവസമോ (ഇതാണ് മാലികിന്റെയും അബൂഹനീഫയുടെയും അഭിപ്രായം) ഒരു മാസമോ എന്നൊക്കെ വേറെയും തര്‍ക്കങ്ങളുണ്ട്.
രണ്ടാം വിഭാഗത്തിന്റെ അഭിപ്രായം ഇതാണ്: ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളില്‍ പ്രത്യേക ശിക്ഷ നിര്‍ണയിച്ചിട്ടില്ലാത്ത കുറ്റങ്ങള്‍ക്ക് എന്ത് ശിക്ഷ നല്‍കണമെന്ന് ഇമാമിനോ ഖാദിക്കോ തീരുമാനിക്കാം. മതപരിത്യാഗ വിഷയവും ഇതില്‍പെട്ടതാണ്. മക്ക ജയിച്ചടക്കാനായി നബി വരുന്ന സന്ദര്‍ഭത്തില്‍ ചിലയാളുകളെ വധിക്കുമെന്ന് നബി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീടവര്‍ക്ക് മാപ്പ് കൊടുത്തത് അവര്‍ തെളിവായി എടുത്തുകാട്ടുന്നു. അവരില്‍ പെട്ട ഒരാളായിരുന്നു അബ്ദുല്ലാഹിബ്‌നു അബീസര്‍ഹ്. അദ്ദേഹം വഹ്‌യ് എഴു
ത്തുകാരില്‍ ഒരാളായിരുന്നു. പിന്നെ അദ്ദേഹം ഇസ്‌ലാം ഉപേക്ഷിച്ചു. ഉസ്മാന്റെ (റ) ശിപാര്‍ശ സ്വീകരിച്ചാണ് അദ്ദേഹത്തെ ശിക്ഷയില്‍നിന്ന് ഒഴിവാക്കിയത്. എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് മാപ്പ് നല്‍കുകയുമുണ്ടായില്ല. ഇതിനര്‍ഥം ഭരണാധികാരി നിശ്ചയിക്കുന്ന ശിക്ഷ (തഅ്‌സീര്‍) ആയിരിക്കും മതപരിത്യാഗത്തിന് എന്നാണല്ലോ. ദൈവനിശ്ചിത ശിക്ഷ (ഹദ്ദ്) ആയിരുന്നെങ്കില്‍ അതില്‍ ഉസ്മാന്റെ ശിപാര്‍ശ ഒരിക്കലും സ്വീകരിക്കുമായിരുന്നില്ല. ഹുദൂദില്‍ ശിപാര്‍ശ സ്വീകാര്യമല്ല എന്നതുതന്നെ കാരണം. പ്രവാചകന്‍ ഇത്തരക്കാരില്‍ ചിലര്‍ക്ക് വധശിക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍, അത് അനിവാര്യമാക്കുന്ന മറ്റു കുറ്റകൃത്യങ്ങളും അവര്‍ ചെയ്തിട്ടുണ്ട്. ഉമറുബ്‌നുല്‍ ഖത്ത്വാബ് അബൂശജറ എന്നയാളെ മതപരിത്യാഗത്തിന്റെ പേരില്‍ വധിക്കാതെ നാടു കടത്തിയത് മറ്റൊരു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അബൂബക്ര്‍ (റ) മതപരിത്യാഗികളോട് യുദ്ധം ചെയ്തത്, അവര്‍ രാഷ്ട്ര ഭരണ സംവിധാനത്തിനെതിരെ കലാപത്തിനിറങ്ങിയതുകൊണ്ടാണെന്നും ഈ അഭിപ്രായക്കാര്‍ വാദിക്കുന്നു. നവജാത ഇസ്‌ലാമിക രാഷ്ട്രത്തിന് ഭീഷണിയായിരുന്നു കലാപകാരികളുടെ ആ നീക്കം. അതുകൊണ്ട് ആ നടപടിക്രമങ്ങള്‍ മതപരമല്ല, രാഷ്ട്രീയമാണ്. മതപരിത്യാഗികള്‍ക്കുള്ള ശിക്ഷ ഹുദൂദില്‍ പെട്ടതായിരുന്നെങ്കില്‍, തന്റെ നിലപാട് സ്വഹാബികളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് ഇത്ര ക്ലേശിക്കേണ്ടിവരില്ലായിരുന്നല്ലോ. അക്കാര്യത്തിലെ ശിക്ഷ ദൈവനിശ്ചിതമായിരുന്നെങ്കില്‍ അവര്‍ ഉടന്‍ തന്നെ അത് അംഗീകരിക്കുമായിരുന്നല്ലോ. അപ്പോള്‍ തന്റെ രാഷ്ട്രീയ നിലപാടാണ് അദ്ദേഹം അവരെ ബോധ്യപ്പെടുത്തിയത്. ഇത് വെച്ചുകൊണ്ട് ഈ വീക്ഷണക്കാര്‍ പറയുന്നത്, മതപരിത്യാഗത്തിന്റെ പേരില്‍ നബി ചിലരെ വധിക്കാന്‍ ഉത്തരവിട്ടുണ്ടെങ്കില്‍ അതൊരു രാഷ്ട്രീയ തീരുമാനമായിരിക്കും എന്നതാണ്. നബി എന്ന നിലക്ക് നല്‍കിയ ഒരു മതകീയ വിധിയല്ല അത്. മക്കാ വിജയവേളയില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതു കണ്ട് 'ഇവരോടല്ല അടരാടേണ്ടിയിരുന്നത്' എന്ന് നബി ശാസിക്കുന്നുണ്ട്. അപ്പോള്‍ മതംമാറ്റമല്ല, രാഷ്ട്രത്തിനെതിരെ ഉയര്‍ത്തുന്ന ഭീഷണിയാണ് വധശിക്ഷ പുറപ്പെടുവിക്കാനുള്ള കാരണമെന്ന് വ്യക്തം. അപ്പോള്‍ അത്തരം മതപരിത്യാഗ നീക്കങ്ങള്‍ രാഷ്ട്രത്തിന്റെ സുരക്ഷക്ക് എത്രത്തോളം ഭീഷണിയാകും എന്നു നോക്കി ഒരു തീരുമാനമെടുക്കുകയാണ് വേണ്ടത്. ഈയൊരു രാഷ്ട്രീയ ചട്ടക്കൂടിന് പാശ്ചാത്യ രാഷ്ട്രീയ വിഭാവനയുമായി വലിയ അന്തരമുണ്ടെന്ന കാര്യവും ഓര്‍ക്കണം. പാശ്ചാത്യരെ സംബന്ധിച്ചേടത്തോളം മതം എന്നത് തീര്‍ത്തും വ്യക്തിയുടെ സ്വകാര്യമാണ്. രാഷ്ട്ര ഘടനയുമായോ സുരക്ഷയുമായോ അതിന് ബന്ധമില്ല. ക്രൈസ്തവത പൊതുകാര്യങ്ങളെല്ലാം നേരത്തേ തന്നെ കോണ്‍സ്റ്റന്റയ്ന്‍ ചക്രവര്‍ത്തിക്ക് വിട്ടുകൊടുത്തിരുന്നല്ലോ. വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേ മതം ഉണ്ടായിരുന്നുള്ളൂ. ഇസ്‌ലാമാകട്ടെ ഒരു ജീവിത ദര്‍ശനവും ഭരണസംവിധാനവുമൊക്കെയാണ്. ഇസ്‌ലാമിനെ ഉന്നം വെക്കുമ്പോള്‍ അത് ഭരണവ്യവസ്ഥയെ തന്നെ ഉന്നം വെക്കുന്നതായിത്തീരും. അതിനാല്‍ ദീന്‍ സംരക്ഷണത്തിന് ഇസ്‌ലാമിക ഭരണകൂടത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടിവരും. മതപരിത്യാഗം എന്ന ആഭ്യന്തര വെല്ലുവിളി എത്രത്തോളം മാരകമാണെന്ന് കണക്കുകൂട്ടി അതിനെ ചെറുക്കാനാവശ്യമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കേണ്ടിവരും.
നാം ഈ രണ്ടാമത്തെ അഭിപ്രായത്തെയാണ് പിന്തുണക്കുന്നത്. മുന്‍കാലക്കാരായ സര്‍ഖസിയും ഇബ്‌നുല്‍ ഖയ്യിമുമൊക്കെ ഈ നിലപാടുകാരായിരുന്നു. ആധുനിക കാലത്തേക്ക് വരുമ്പോള്‍ വളരെപ്പേര്‍ ഈ അഭിപ്രായത്തിനൊപ്പം നില്‍ക്കുന്നവരാണ്. ഇമാം മുഹമ്മദ് അബ്ദു, ശൈഖ് അബ്ദുല്‍ മുത്ആല്‍ സഈദി, അബ്ദുല്‍ വഹാബ് ഖല്ലാഫ്, അബൂസഹ്‌റ, ശൈഖ് അബ്ദുല്‍ അസീസ് ശാവീശ് എന്നിവരും നിയമത്തില്‍ പ്രാവീണ്യമുള്ള ഫത്ഹീ ഉസ്മാന്‍, ഡോ. അബ്ദുല്‍ ഹമീദ് മുതവല്ലി, അബ്ദുല്‍ ഹകീം ഹസന്‍ അല്‍ ഈലി, ഡോ. ഹസന്‍ തുറാബി, ഡോ. മുഹമ്മദ് സലീം ഗസൂരി തുടങ്ങിയവരുമൊക്കെ. അവരുടെ വാദമുഖം ഇതാണ്: മതപരിത്യാഗം ഒരു കുറ്റകൃത്യമാണ്; അതിന് ഇസ്‌ലാം അംഗീകരിച്ച വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധമില്ല. രാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ പ്രശ്‌നമാണത്. ഇസ്‌ലാമിക രാഷ്ട്രത്തിനെതിരെ തിരിയുന്ന ശത്രുക്കള്‍ക്കെതിരെയുള്ള ഒരു സുരക്ഷാ വിന്യാസം. മതപരിത്യാഗ വിഷത്തില്‍ ഒരു രാഷ്ട്ര നായകന്‍ എന്ന നിലക്കുള്ള രാഷ്ട്രീയ നിലപാടാണ് പ്രവാചകന്‍ സ്വീകരിച്ചത്. അതിനാല്‍ മതപരിത്യാഗിക്കുള്ള ശിക്ഷ അതത് കാലത്തെ ഭരണാധികാരികളാണ് തീരുമാനിക്കുക. പ്രമാണങ്ങളില്‍ അതിന് നിര്‍ണിത ശിക്ഷ (ഹദ്ദ്) വന്നിട്ടില്ല. രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും നേരെ ഉണ്ടാകാറുള്ള വിധ്വംസക നീക്കമായി കണ്ട് രാഷ്ട്രീയമായാണ് അതിനെ നേരിടേണ്ടത്. അത്തരം നീക്കങ്ങള്‍ എത്രത്തോളം ആപത്കരമാണ് എന്ന് നോക്കിയാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഡോ. അബ്ദുല്‍ ഹമീദ് മുതവല്ലി എഴുതുന്നു: ''അന്യ മതവിശ്വാസിയായ ഒരാള്‍ മുസ്‌ലിം സ്ത്രീയെ വിവാഹം കഴിക്കാനായി ഇസ്‌ലാം സ്വീകരിക്കുന്നു; വിവാഹം കഴിഞ്ഞ് അയാള്‍ പഴയ മതത്തിലേക്ക് തിരിച്ചുപോകുന്നു. ഇനിയൊരു വിഭാഗം രാഷ്ട്ര ഘടനയെ അസ്ഥിരപ്പെടുത്തുന്നതിനായി കൂട്ട മതപരിത്യാഗം നടത്തി സായുധമായി കലാപത്തിനൊരുങ്ങുന്നു. ഈ രണ്ട് സംഭവങ്ങളെയും ഒരുപോലെ കാണാന്‍ കഴിയില്ല. ആദ്യത്തേത് ചില വ്യക്തികളുടെ ഒറ്റപ്പെട്ട പ്രവൃത്തികളാണ്. രണ്ടാമത്തേത് ഒരു രാഷ്ട്ര സംവിധാനത്തിനെതിരെയുള്ള ആസൂത്രിതതവും സംഘടിതവുമായ ആക്രമണമാണ്. അതുകൊണ്ട് ഈ രണ്ട് സ്വഭാവത്തിലുള്ള സംഭവങ്ങളെ ഒരേ നിലക്കല്ല കൈകാര്യം ചെയ്യേണ്ടത്.''7

കുറിപ്പുകള്‍
1. അവിവേകികളായ ഇസ്‌ലാമിന്റെ പ്രതിയോഗികള്‍ ദിമ്മി പ്രശ്‌നം ഇസ്‌ലാമിനെ കരിവാരിത്തേക്കാനായി ഉപയോഗിക്കുന്നുണ്ട്. 'ദാഇറതുല്‍ മആരിഫില്‍ ഇസ്‌ലാമിയ്യ' എന്ന വിജ്ഞാന കോശത്തില്‍ (വാ.9, പേജ് 391) ഓറിയന്റലിസ്റ്റായ മാക്‌ഡൊണാള്‍ഡ് എഴുതുന്നത് കാണുക: ''ദിമ്മികളെ ഇസ്‌ലാമിക രാഷ്ട്രത്തില്‍ പൗരന്മാരായി എണ്ണുന്നില്ല.'' പാശ്ചാത്യരെ പിന്തുടര്‍ന്ന് ഈ കരിവാരിത്തേക്കലില്‍ ചില അറബ് ഗവേഷകരും പങ്കാളികളാണ്. അവരിലൊരാളാണ് മജീദ് ഖദൂരി (അല്‍ ഹര്‍ബു വസ്സില്‍മു ഫീ ശിര്‍അതില്‍ ഇസ്‌ലാം എന്ന കൃതി, ബൈറൂത്ത്, 1923, പേജ് 237). ഈ വിഷയത്തില്‍ മാലികീ മദ്ഹബിന്റെ വീക്ഷണമറിയാന്‍ കാണുക: അബൂ ഉമര്‍ യൂസുഫ് ബ്‌നി അബ്ദില്ല അല്‍ ബര്‍റിന്റെ 'അല്‍കാഫി ഫീ ഫിഖ്ഹി അഹ്‌ലില്‍ മദീനത്തില്‍ മാലികി' (രിയാദ്, ഹി. 1398). വാ:1, പേജ് 479.
2. കാണുക, റാശിദുല്‍ ഗന്നൂശിയുടെ 'ഹുഖൂഖുല്‍ മുവാത്വന: മൗഖിഉ ഗൈരില്‍ മുസ്‌ലിമി ഫിദ്ദൗലത്തില്‍ ഇസ്‌ലാമിയ്യ' (തൂനിസ്, ദാറുസ്സ്വഹ്‌വ, 1988). 'ഹുഖൂഖു അഹ്‌ലിദ്ദിമ്മ ഫിദ്ദൗലത്തില്‍ ഇസ്‌ലാമിയ്യ' (ബൈറൂത്ത്, ദാറുല്‍ ഫിക്ര്‍) എന്ന പേരില്‍ സയ്യിദ് മൗദൂദിയും അഹ്‌ലുദിമ്മ (ബൈറൂത്ത്, മുഅസ്സസത്തുര്‍രിസാല) എന്ന പേരില്‍ അബ്ദുല്‍ കരീം സൈദാനും 'ഹുഖൂഖു അഹ്‌ലിദ്ദിമ്മ' (കയ്‌റോ) എന്ന പേരില്‍ സലീം അല്‍ അവായും 'ഗൈറുല്‍ മുസ്‌ലിമീന ഫില്‍ മുജ്തമഇല്‍ ഇസ്‌ലാമി' (കയ്‌റോ 1977) എന്ന പേരില്‍ യൂസുഫുല്‍ ഖറദാവിയും ഈ വിഷയത്തില്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. സൈദാനും അവായും പറയുന്നത്, രാഷ്ട്രത്തിന്റെ അടിസ്ഥാനം തുല്യ പൗരത്വമായിത്തീര്‍ന്ന നമ്മുടെ കാലത്ത് 'ദിമ്മി' എന്ന പ്രയോഗം തന്നെ ആവശ്യമില്ല എന്നാണ്. രാഷ്ട്ര നിര്‍മിതി തുല്യ പൗരത്വത്തില്‍ അധിഷ്ഠിതമാവണമെന്നാണ് എന്റെയും നിലപാട്.
3. ഇസ്മാഈല്‍ ഫാറൂഖി- 'ഹുഖൂഖു ഗൈരില്‍ മുസ്‌ലിമീന ഫിദ്ദൗല അല്‍ ഇസ്‌ലാമിയ്യ' (അല്‍ മുസ്‌ലിമുല്‍ മുആസ്വിര്‍, ലക്കം 26).
4. അബുല്‍ അഅ്‌ലാ മൗദൂദി: 'നള്‌രിയ്യത്തുല്‍ ഇസ്‌ലാം വ ഹദ്‌യുഹു ഫിസ്സിയാസത്തി വല്‍ ഖാനൂന്‍' (ബൈറൂത്ത്/ദമസ്‌കസ്, ദാറുല്‍ ഫിക്ര്‍ 1964), പേജ് 361.
5. മത്വ്‌റാന്‍ ജോര്‍ജ് ഖദിര്‍ പറയുന്നു: ''ഇസ്‌ലാമിന്റെ ആഗമനത്തോടെ പുഷ്പിക്കുകയും വളരുകയും ചെയ്ത ഈ നാഗരികതയുടെ ഹൃദയത്തിലാണ് ഞാനുള്ളത്.'' വജീഹ് അല്‍ കൗസറാനി തന്റെ 'അല്‍ മസ്അലത്തുസ്സഖാഫിയ്യ ഫീ ലുബ്‌നാന്‍: അല്‍ ഖിത്വാബുസ്സിയാസി വത്താരീഖ്' എന്ന കൃതിയില്‍ (ബൈറൂത്ത്, 1984) ഉദ്ധരിച്ചത്.
6. മുഹമ്മദ് സലീം ഗസ്‌വരി: 'അല്‍ ഹുര്‍രിയത്തുല്‍ ആമ്മ ഫില്‍ ഇസ്‌ലാം', പേജ് 95.
7. അബ്ദുല്‍ ഹമീദ് മുതവല്ലി: 'അസിമ്മത്തുല്‍ ഫിക്‌രില്‍ ഇസ്‌ലാമി ഫില്‍ അസ്വ്‌റില്‍ ഹദീസ്-മാളാഹിറുഹാ, അസ്ബാബുഹാ, ഇലാജുഹാ' (കയ്‌റോ 1970).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (1-3)
ടി.കെ ഉബൈദ്‌

ഹദീസ്‌

സകാത്തുല്‍ ഫിത്വ്‌റിന്റെ പൊരുള്‍
സ്വലാഹ് നജീബ്‌