Prabodhanm Weekly

Pages

Search

2019 മെയ് 31

3104

1440 റമദാന്‍ 26

ശരീരത്തിന്റെ പുനര്‍നിര്‍മാണം കോശങ്ങളുടെ റിപ്പയറിംഗിലൂടെ ഓട്ടോഫാജിയും വ്രതവും

ഡോ. കെ. അഹ്മദ് അന്‍വര്‍

2016-ല്‍ വൈദ്യശാസ്ത്രത്തിന് (ഫിസിയോളജി) നൊബേല്‍ സമ്മാനം നേടിയ ജപ്പാനിലെ ടോക്യോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫ. യോഷിനോരി ഉഷൂമി (Yoshinori Ohsumi) യുടെ ഗവേഷണ ഫലങ്ങള്‍ മനുഷ്യ ശരീരത്തിന്റെ ജൈവ-രസതന്ത്ര പ്രക്രിയകളിലേക്കും ഉപചയാപചയങ്ങളി (Metabolism) ലേക്കും പുതിയ ദിശാസൂചകങ്ങളായ അറിവുകള്‍ നല്‍കിയിരുന്നു. ആ ഗവേഷണങ്ങള്‍ പല കോണുകളിലും താല്‍പര്യം ഉയര്‍ത്തിക്കൊണ്ടിരിക്കെ, അവയെകുറിച്ചു എഴുതുന്നത് അസംഗതമാവുകയില്ലെന്ന് കരുതുന്നു.
നിര്‍മാണവും സംഹാരവും ജൈവപ്രക്രിയയുടെ അനിവാര്യ ഘടകങ്ങളാണ്. ശൈശവത്തിലും ബാല്യത്തിലും നിര്‍മാണത്തിനാണ് മുന്‍കൈ. യൗവനത്തില്‍ രണ്ടും തമ്മിലെ സന്തുലനം ഉണ്ടാകുന്നു. തന്മൂലം ശരീരത്തിന്റെ നിലനില്‍പ്പും പ്രവര്‍ത്തനവും ഭംഗിയായി കൊണ്ടുപോകാനാകുന്നു. ഫലം അരോഗദൃഢഗാത്രം. വാര്‍ധക്യത്തില്‍ സംഹാരം പതുക്കെ പതുക്കെ നിര്‍മാണത്തെ കവച്ചുവെയ്ച്ച് നാശകാരണമാകുന്നു.
ശരീരാന്തര്‍ഭാഗങ്ങള്‍ നിശ്ചലമല്ല എന്നു എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ നൂറ്റാണ്ടിലെ പ്രശസ്തനായിരുന്ന ജീവശാസ്ത്രജ്ഞനും തലമുറ തലമുറയായി എല്ലാ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും സുപരിചിതനുമായ ക്ലാഡ് ബെര്‍ണാര്‍ഡ് (Claude Bernard) ശരീരത്തിലെ milieu interiore എന്നു വിളിച്ച അന്തര്‍ഭാഗം, അതിന്റെ സൂക്ഷ്മാവസ്ഥയില്‍ സദാ ചലനാത്മകമായിരിക്കുന്നു; നിലക്കാത്ത തിരകളിളകി മറിയുന്ന മഹാസമുദ്രം പോലെ. സ്ഥിരമായ അസ്ഥിരാവസ്ഥ (Constant Flux) എന്നാണ് അദ്ദേഹം അതിനെ വിവരിച്ചത്. നിലക്കാത്ത പ്രവാഹം പോലെയുള്ള ഈ അന്തര്‍ധാരയാണ് സത്യത്തില്‍ ശരീരമാകുന്ന എഞ്ചിന്റെ പ്രവര്‍ത്തന രീതി. എന്നാല്‍ സ്ഥൂലാവസ്ഥയിലോ, കാണുന്ന ദൃഷ്ടികള്‍ക്ക് എപ്പോഴും ഒരേപോലെ കാണുന്ന സ്ഥിരത മാത്രവും.
ശരീരത്തിന്റെ എല്ലാ ജൈവ-രാസ പ്രവര്‍ത്തനങ്ങളും നിര്‍ബാധം, സോദ്ദേശ്യപൂര്‍വം, കൃത്യമായി നടക്കുമ്പോള്‍ കേടുപാടുകളുണ്ടാകാം. അതിജീവനം അതിനാല്‍തന്നെ നിസ്തന്ദ്രമായ ഒരു പ്രക്രിയ ആണ്.
അതായത്, ജീവിത കാലത്ത്, അനേകം (മില്ല്യന്‍ കണക്കില്‍) കോശങ്ങള്‍ ഉണ്ടാകുന്നു; അവയുടെ ദൗത്യം നിര്‍വഹിച്ച്, നാശമടയുന്നു. വരുന്നു, പോകുന്നു (ഖല്‍ഖുന്‍ ബഅ്ദ ഖല്‍ഖ്). വളരെ ചെറിയ ഒരു ശതമാനം കോശങ്ങളൊഴിച്ച് ഇങ്ങനെ മാറി മാറി വരുന്നു.
അമ്പതുകാരനായ ഒരാളെ (മമ്മദു എന്നാവട്ടെ പേര്) നമുക്കിവിടെ ഉദാഹരിക്കാം. ജനിച്ചപ്പോഴുള്ള ആ നവജാത ശിശു മമ്മദു ആണോ ഇപ്പോഴുള്ള മമ്മദു? അല്ലേ അല്ല. ശരീരത്തിലെ ഓരോ കോശവും കലയും എന്‍സൈമും എന്റോക്രൈന്‍ സ്രവവും അവക്കൊരോന്നിനും നിശ്ചയിക്കപ്പെട്ട കാലാവധി വരെയേ 'ജീവിക്കൂ', പ്രവര്‍ത്തിക്കൂ. അത് കഴിഞ്ഞാല്‍ അവ ഓരോന്നും നശിക്കുന്നു, ഇല്ലാതാവുന്നു; പുതിയവ അവയുടെ സ്ഥാനമേറ്റെടുക്കുന്നു. ഉദാഹരണത്തിന് ചുവന്ന രക്താണുക്കളെ എടുക്കുക. 120 ദിവസം ആണ് ഓരോന്നിന്റെയും ആയുസ്സ്. ദൗത്യം പൂര്‍ത്തിയാക്കിയ അവ, അതിനു ശേഷം, സ്പ്ലീന്‍ അഥവാ പ്ലീഹയില്‍ വെച്ച് നശിപ്പിക്കപ്പെടുന്നു. പുതിയവ ഇതോടൊപ്പം മജ്ജയില്‍ നിന്നു ഉല്‍പാദിപ്പിക്കപ്പെട്ടു രക്തത്തിലേക്ക് തുറക്കപ്പെടുന്നു. തൊലിയിലെ കോശങ്ങളായാലും മറ്റെവിടെയുമാണെങ്കിലും ഇതുതന്നെ സ്ഥിതി. ഈ പ്രക്രിയയുടെ ഗതിവേഗം വിവിധ അവയവങ്ങളിലും കോശങ്ങളിലും വ്യത്യസ്തമാണെന്ന് മാത്രം. കരളിലും ത്വക്കിലുമൊക്കെ നാശമായവക്ക് പകരമായി വളരെ വേഗം പുതിയ കോശങ്ങള്‍ ഉണ്ടാകും. തലച്ചോറിലും അതിന്റെ അനുബന്ധ നാഡി-ഞരമ്പുകളിലും വളരെ പതുക്കെ, അല്ലെങ്കില്‍ ഒട്ടും തന്നെ ഇല്ല. ഈ തലച്ചോറിലെ അല്ലെങ്കില്‍ നാഡികളിലെ കുറച്ചു കോശങ്ങള്‍ ഒഴിച്ചാല്‍ ജനിച്ചപ്പോഴുണ്ടായിരുന്ന മമ്മദുവിന്റെ ഒന്നും ഇപ്പോള്‍ ബാക്കിയില്ല.
ഓരോ ജീവിയെ സംബന്ധിച്ചേടത്തോളവും നിലനില്‍പ്പിനും വളര്‍ച്ചക്കുമായുള്ള നിരന്തര സമരമാണ് ജീവിതം. പ്രതിബന്ധങ്ങളും തിരിച്ചടികളും ഓരോ ഘട്ടത്തിലും ഉണ്ടാകാം. ഓരോ ഘട്ടവും വിജയകരമായി നേരിടുന്നതിന് ധാരാളം വ്യവസ്ഥകളും രീതികളും ശരീരഘടനയില്‍ തന്നെ നിലീനമാണ്. ബഷീറിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഈ അണ്ഡകടാഹത്തിലെ എല്ലാ സചേതന-അചേതന ജീവികളും വസ്തുക്കളും അതിന്റെ അവകാശികളുമാണ്. എല്ലാം പരസ്പരം കൊണ്ടും കൊടുത്തും നിലനില്‍ക്കേണ്ടവര്‍. ഇടക്കിടക്ക് ചിലര്‍ മറ്റ് ചിലരേക്കാള്‍ മേല്‍ക്കൈ നേടിയേക്കാം. സന്തുലനം (ബാലന്‍സ്, മീസാന്‍) തെറ്റിയേക്കാം. ബാലന്‍സ് ശരിയാക്കാന്‍ ഉള്ള ശ്രമങ്ങളും അപ്പോള്‍ തന്നെ തുടങ്ങുകയും ചെയ്യും.
ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളും അനവധി. അതിസൂക്ഷ്മമായും, കോശാന്തരങ്ങളിലായും ബാഹ്യമായും അവ പലതുണ്ട്. അതു വേറൊരു വിഷയം.
കോശങ്ങളുടെ അനിവാര്യമായ നാശം ഒരു വശത്ത് നടക്കുമ്പോള്‍ മറ്റൊരു വശത്ത് പുതിയ കോശങ്ങള്‍ ഉണ്ടാവുന്നു. അല്ലെങ്കില്‍ കേടുവന്നവ തന്നെ 'റിപ്പയര്‍' ചെയ്യപ്പെട്ട് പുത്തനായി മാറാം. കോശാന്തര്‍ഭാഗത്തുള്ള അതിസൂക്ഷ്മമായ കെമിക്കല്‍ ഘടനയുടെ ഉള്ളടക്കം വിഘടിതമായി പുനഃചംക്രമണവും പുനര്‍നിര്‍മാണവും നടക്കുന്നുണ്ട്. ഇതെങ്ങനെ എന്നായിരുന്നു യോഷിനോറി ഉഷൂമി പരിശോധിച്ചത്. കാന്‍സര്‍, വ്യാപകമാകുന്ന ടൈപ്പ്-2 പ്രമേഹം, പാര്‍കിന്‍സന്‍സ് രോഗം, ആല്‍ഷീമര്‍ രോഗം തുടങ്ങി അനേകം രോഗങ്ങളിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്നവയാണ് ഈ പഠനങ്ങള്‍. രോഗാണു ബാധ, പട്ടിണി, വ്രതം തുടങ്ങിയവയോട് ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് അദ്ദേഹം കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. എത്രയോ കോശങ്ങള്‍, സ്വാഭാവിക മരണം പുല്‍കുന്നു. എത്രയോ സെല്ലുകള്‍ നാശകാരണമായ വിവിധ ഘടകങ്ങളാല്‍ 'കൊല്ലപ്പെടുന്നു' (രോഗങ്ങള്‍, റേഡിയഷന്‍, നാശകാരിയായ ഔഷധങ്ങള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍ തുടങ്ങി). ഇവയില്‍ പലതും നിര്‍മാര്‍ജനം ചെയ്യപ്പെടുന്നു; വേറെ ചിലവ പുനഃചംക്രമണത്തിന് വിധേയമാവുന്നു, ഇടക്ക് ചില കോശങ്ങള്‍ നിയന്ത്രണാതീതമായി പെരുകാം (അതാണ് കാന്‍സര്‍). പക്ഷേ അവയിലെ ഭൂരിപക്ഷം 'വികൃതി'കളെയും ശരീരം തന്നെ 'ഒതുക്കുന്നു'. ഇങ്ങനെ ശരീരത്തിന്റെ 'റിപ്പയര്‍' രീതി അനേകമുണ്ട്.
ഇനി രണ്ടു മൂന്നു മെഡിക്കല്‍ വാക്കുകള്‍ പരിചയപ്പെടുത്തട്ടെ:
(1) Necrosis: (നമുക്ക് ഈ ഇംഗ്ലിഷ് വാക്ക് അങ്ങനെ തന്നെ ഉപയോഗിക്കാം. എന്തിന് വിഷമമേറിയ മലയാള പദം കണ്ടുപിടിക്കാന്‍ പോകണം?) നെക്രോസിസ് എന്നാല്‍ കോശങ്ങളുടെ നാശം. രോഗങ്ങള്‍, രക്തസഞ്ചാരം തടയപ്പെടല്‍, വിഷപദാര്‍ഥങ്ങള്‍ തുടങ്ങിയ അസാധാരണമായ, ആതുരമായ കാരണങ്ങളാല്‍ സംഭവിക്കുന്നവ. ഇതൊന്നും സാധാരണവും സ്വാഭാവികവുമായ പര്യവസാനമല്ല.
(2) Apoptosis (അപ്പോപ്‌റ്റോസിസ്) എന്നാല്‍, Programmed Cell Death. അതായത്, ഈ കോശം, ഇത്ര അവധി എത്തിയാല്‍, അല്ലെങ്കില്‍ ഇന്നയിന്ന കര്‍ത്തവ്യം നിര്‍വഹിച്ചു കഴിഞ്ഞാല്‍ അത് നശിക്കും എന്നു അതിന്റെ ജനിതക ഘടനയില്‍ ആദ്യമേ 'പ്രോഗ്രാം' ചെയ്തു വെച്ചിട്ടുണ്ടാവും. മനുഷ്യ ഭാഷയില്‍ പറഞ്ഞാല്‍ 'സ്വാഭാവിക മരണം'. വളരെയേറെ രോഗാവസ്ഥകളിലും ഈ അപ്പോപ്‌റ്റോസിസ് ശ്രദ്ധേയവും കൗതുകമുണര്‍ത്തുന്നതുമാണ്.
ദൈനംദിന ജീവിതത്തിന്റെ ഭാഗമായും, എന്തെങ്കിലും സന്ദിഗ്ധതയുടെ ഭാഗമായുമൊക്കെ, ശരീരത്തില്‍ സ്വാഭാവിക വിസര്‍ജന പ്രക്രിയക്ക് പുറമെ, ധാരാളം 'അടുക്കാട്ടു', അല്ലെങ്കില്‍ വെയ്സ്റ്റ് എമ്പാടും അടിഞ്ഞു കൂടും. ഇവയെ നിര്‍മാര്‍ജനം ചെയ്യല്‍ ഒരു വശത്ത് നടക്കുമ്പോള്‍ തന്നെ, ക്ഷീണം/തേയ്മാനം സംഭവിച്ച കോശങ്ങളെ റിപ്പയര്‍ ചെയ്യുന്ന പ്രക്രിയ കൂടി നടക്കുന്നുണ്ട്. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍, ഒരു തരം റീസൈക്ക്‌ളിങ് നടക്കുന്നുണ്ട്. പ്ലാസ്റ്റിക് അല്ലെങ്കില്‍ പേപ്പര്‍ പുനഃചംക്രമണം ചെയ്യുന്നത് പോലെ. ഈ പ്രക്രിയയില്‍ അന്യഥാ നാശകാരിയാകുമായിരുന്ന ഇവയെ ഇങ്ങനെ അടിച്ചു വാരി തൂക്കുന്നതിന് സഹായിക്കുന്ന വിറ്റാമിനുകളും പഴം, പച്ചക്കറി തുടങ്ങിയവയില്‍ അടങ്ങിയതുമായ 'ആന്റി-ഓക്‌സിഡന്റുകളും' സഹായിക്കുന്നുണ്ട്.
ഇങ്ങനെയുള്ള 'സെല്‍ റിപ്പയറിങി'ല്‍ നടക്കുന്നതെന്താണെന്ന് കുറച്ചൊക്കെ നമുക്ക് വിശദീകരിക്കാനാകും. ഇവിടെയാണ് അടുത്ത ഇംഗ്ലീഷ് പദം വരുന്നത്:
(3) Autophagy (ഓട്ടോഫാജി): (Auto: സ്വയം; phagy: തിന്നുക. സ്വയം തിന്നുക എന്നു വാക്കര്‍ഥം). 1963 മുതലേ ഈ വാക്ക് പ്രയോഗത്തിലുണ്ട്. ഈ പ്രതിഭാസത്തെ പ്രഫ. യോഷിനോറി പ്രത്യേകം പഠനവിധേയമാക്കി. ഒരര്‍ഥത്തില്‍ ഓട്ടോഫാജി തന്നെയാണ്, കോശ റിപ്പയറിങും.
അതീവ ലളിതീകരിച്ച് ഓട്ടോഫാജിക്കു ഇങ്ങനെ നിര്‍വചനം കൊടുക്കാം (ലളിതീകരണം നടത്തുമ്പോള്‍ സാങ്കേതിക ഭാഷയുടെ കൃത്യതയും കണിശതയും നഷ്ടപ്പെടുമെന്നത് ഒരു ന്യൂനത തന്നെയാണ്. അങ്ങനെയല്ലെങ്കില്‍ ഓരോ സ്‌പെഷ്യാലിറ്റിയുടെയും ഭാഷ അതിനു പുറത്തുള്ളവര്‍ക്ക് ദുര്‍ഗ്രാഹ്യമായേക്കും)

''ഒരു കോശത്തിനുള്ളിലെ 'ഓര്‍ഗനെല്ലുകളുടെ' (കോശഘടനയുടെ ഭാഗങ്ങള്‍) നിയന്ത്രിതമായ ദഹനം. അല്ലെങ്കില്‍, ചില ശരീര കലകളുടെ മെറ്റബോളിക് വിഘടനത്തിലൂടെ പോഷണം നിലനിര്‍ത്തല്‍.''

ഈ ഓട്ടോഫാജിയാണ് ശരീരാന്തര്‍ഭാഗത്തു നടക്കുന്ന സര്‍വ കേടുപാടുകളും ശരിയാക്കുന്നതിലെ താരം.
നേരത്തേ സൂചിപ്പിച്ച പോലെ അനാവശ്യമായിക്കഴിഞ്ഞ, നീര്‍വീര്യവും പ്രവര്‍ത്തനരഹിതവുമായ കോശത്തിലെ പാഴ്‌വസ്തുക്കളെ വേര്‍പ്പെടുത്തി, വിഘടിപ്പിച്ചു കോശങ്ങളുടെ ഫാക്ടറി ആയ 'ലൈസോസോമുകളി' ലേക്ക് മാറ്റി, പുനര്‍നിര്‍മിക്കലാണത്. അപ്പം ചുടുമ്പോള്‍ നുരഞ്ഞു പൊന്താന്‍ ചേര്‍ക്കുന്ന 'യീസ്റ്റ്' സെല്ലുകളില്‍ ആണ് ഓട്ടോഫാജിയെ നിയന്ത്രിക്കുന്ന ജീനുകളെപ്പറ്റിയുള്ള പഠനം പുരോഗമിച്ചത്. പലപ്പോഴും കോശത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന ഓട്ടോഫാജി ചിലപ്പോള്‍ സെല്ലിന്റെ മരണത്തിലും പങ്കു വഹിക്കാം.
അപ്പോള്‍ ഓട്ടോഫാജി നന്മയാണോ തിന്മയാണോ ചെയ്യുന്നതു, ശരീരത്തിനു? തീര്‍ച്ചയായും നന്മ തന്നെ. കാന്‍സര്‍, നാഡീ-നാശ രോഗങ്ങള്‍, കാര്‍ഡിയോമയോപ്പതി, പ്രമേഹം, കരള്‍ രോഗങ്ങള്‍, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവ പ്രതിരോധിക്കാനുള്ള താക്കോലാണ് അത്. വാര്‍ധക്യത്തെ കുറച്ചൊക്കെ വൈകിപ്പിക്കും.
ഈ പ്രക്രിയയെ കൂടുതല്‍ ചലനാത്മകമാക്കുന്ന വല്ല ഘടകങ്ങളുമുണ്ടോ? ഉണ്ട്. പ്രധാനമായവ ഇതാ:
(1) ഇടക്കിടക്കുള്ള നിരാഹാര ഇടവേളകള്‍ അഥവാ ഇടവിട്ടുള്ള വ്രതം
(2) ഇപ്പോള്‍ 'കീറ്റോ ഡയറ്റ്' എന്ന പേരില്‍ അറിയപ്പെടുന്ന മിതമായ ഭക്ഷണ ക്രമം സ്വീകരിക്കുക (ഭക്ഷണത്തിലെ അന്നജത്തിന്റെ വിഹിതം കുറക്കുക എന്നേ ഉദ്ദേശിച്ചുള്ളൂ; അല്ലാതെ കൊഴുപ്പും മാംസവും വാ മുട്ടേ തിന്നുക എന്നല്ല).
(3) കായികാധ്വാനം ചെയ്യുക. നമ്മുടെ ഇടയില്‍ ഇപ്പോള്‍ വളരെ അവഗണിക്കപ്പെടുന്ന ഒന്നാണിത്. (എങ്ങനെയെങ്കിലും ഇതുമൊരു നിര്‍ബന്ധ ബാധ്യതയാക്കിയിരുന്നെങ്കില്‍!)

ഓട്ടോഫാജിയില്‍ വ്രതത്തിന്റെ പങ്ക്
ഇടക്കിടെയുള്ള വ്രതമാണ് പ്രത്യേകം പരാമര്‍ശിക്കേത്. നബി (സ) പറഞ്ഞല്ലോ:
''എന്റെ മാതൃക ഇതാണ്. ഞാന്‍ നോമ്പ് നോല്‍ക്കുന്നു, നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുന്നു.''
ഓട്ടോഫാജിക്ക് വേണ്ടി എത്ര മണിക്കൂര്‍ ആഹാരപദാര്‍ഥങ്ങള്‍ ഉപേക്ഷിക്കണം? ഒന്നരയിടവിട്ടു ദിവസങ്ങളില്‍ ആകാം; അല്ലെങ്കില്‍ 4 മുതല്‍ 8 മണിക്കൂര്‍ ആയി ദിവസവും ആകാം. മറ്റൊരു എളുപ്പ വഴി ഇങ്ങനെയാകാം: ദിവസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം ആഹരിക്കുക. ഇടക്കുള്ള സ്‌നാക്ക്‌സ്, മറ്റ് ചെറിയ കൊറിക്കല്‍ ഒഴിവാക്കുക. രാത്രി ഭക്ഷണം 6-7 മണിയോടെ കഴിച്ചാല്‍, രാവിലെ 7.00 മണി വരെ ഒന്നും കഴിക്കാതിരുന്നാലും ഗുണം തന്നെ; അല്ലെങ്കില്‍ 11.00 a.m വരെ. ഒന്നരവിട്ട ദിവസങ്ങളില്‍ മാസങ്ങളോളം നോല്‍ക്കുക, പക്ഷേ നല്ലതല്ല. അത് ശരീരത്തിന് ആവശ്യമായ കലോറി കിട്ടാതാക്കിയേക്കാം.
രേഖപ്പെടുത്തപ്പെട്ട മനുഷ്യ ചരിത്രത്തില്‍ വ്രതം എല്ലാ കാലത്തും പരമ്പരാഗതമായ ചികിത്സാ മാര്‍ഗമായിരുന്നു; ആരോഗ്യദായകവും. ഒരുവിധം എല്ലാ മതങ്ങളിലും അങ്ങനെതന്നെ. ഒരുപക്ഷേ സെല്ലുകളില്‍ അതിസൂക്ഷ്മ തലത്തില്‍ നടന്നിരുന്ന ഓട്ടോഫാജിയുടെ സല്‍ഫലങ്ങള്‍ അന്നും അനുഭവവേദ്യമായിരുന്നിരിക്കാം. ഇപ്പോള്‍ മാത്രമാണു അതിന്റെ യഥാര്‍ഥ ബയോകെമിസ്ട്രി മനസ്സിലാകുന്നത്. പരിണാമപരമായി നോക്കിയാലും പല ബഹുകോശ ജീവികളിലും, ചില ഏകകോശ ജീവികളിലും ഇതുണ്ട്. ആഹാരത്തിന്റെ അലഭ്യതക്കുള്ള ശരീരത്തിന്റെ പ്രതികരണമായ ഓട്ടോഫാജി കോശന്തര്‍ഭാഗങ്ങളിലെ പാഴ്‌വസ്തുക്കളെയും ഉപയോഗ്യശൂന്യമായ ഭാഗങ്ങളെയും പുനര്‍ജനിപ്പിക്കാനുള്ള പ്രചോദനമായി വര്‍ത്തിക്കുന്നു.

തന്റെ തന്നെ ഭാഗങ്ങളെ 'ദഹിപ്പിക്കുന്നതി'ലൂടെ കോശം രണ്ടു കാര്യങ്ങള്‍ നേടുന്നു: തെറ്റായി പ്രവര്‍ത്തിക്കുന്ന അല്ലെങ്കില്‍ നാശം വന്ന പ്രോട്ടീനുകളെ നിര്‍മാര്‍ജനം ചെയ്യുന്നു; പുനരുപയോഗിക്കാവുന്ന അമിനോ ആസിഡുകളെ ('സ്‌പേയര്‍ പാര്‍ട്ടുകള്‍') സെല്ലിന്റെ നവഘടകമായി മാറ്റുന്നു.

പട്ടിണി ആയാല്‍ പോലും, അത്യാവശ്യ പോഷണങ്ങള്‍ കഴിക്കാന്‍ കിട്ടാത്ത കാലത്ത് പോലും, കേടുവന്ന, ഉപയോഗിച്ച് കഴിഞ്ഞ, പാഴ്‌വസ്തുവായി മാറിയ പ്രോട്ടീന്‍ തന്മാത്രക്ക്, ശരീരത്തിന്റെ പുറത്തേക്ക് വിസര്‍ജ്യമായി പോവുക എന്ന ഒരേ ഒരു പരിണാമം മാത്രമേയുള്ളൂ എന്ന തെറ്റിദ്ധാരണ മാറ്റാന്‍ സമയമായി. വ്രതം പേശികളുടെ ശോഷണത്തിന് കാരണമാകുന്നു എന്ന ഭീതിക്ക് കാരണം ഈ ധാരണയാണ്. 'മൂന്നു നേരം' ആഹാരം കഴിക്കാന്‍ കിട്ടിയില്ലെങ്കില്‍ ശരീരം പെട്ടെന്നു മെലിഞ്ഞൊട്ടി മരണം സംഭവിക്കും എന്ന ഭീതി. സത്യത്തില്‍ നാം കഴിക്കുന്നതിലെ മിച്ചം ശരീരം സൂക്ഷിച്ചു വെക്കും: കൊഴുപ്പായി; ലിവറില്‍, കുടലാവരണത്തില്‍, പേശിക്ക് ചുറ്റും, തൊലിക്കടിയില്‍, തുടങ്ങി പലേടങ്ങളിലും. പിന്നീട് വറുതിയുടെ നാളുകളില്‍ ഉപയോഗിക്കാന്‍, പട്ടിണി മരണം പെട്ടെന്നുണ്ടാകുന്നതല്ല. ദീര്‍ഘകാലയളവിലാണത് സംഭവിക്കുക.
അത്യാവശ്യം 'വിവരം' നമ്മുടെ കോശങ്ങള്‍ക്കുമുണ്ട്. പഴയ, ഉപയോഗം കഴിഞ്ഞ, നശിക്കുന്ന പ്രോട്ടീനുകളെക്കൊണ്ടു എന്തു വേണം എന്നു അവ തീരുമാനിക്കുന്നു: ഒന്നുകില്‍ വൃക്കകളിലൂടെ അരിച്ച്, പുറത്തേക്ക് തള്ളുക; അല്ലെങ്കില്‍ 'റീസൈക്ക്ള്‍' ചെയ്യുക, അഥവാ റിപ്പയര്‍ ചെയ്തു പുനരുപയോഗിക്കുക. പ്രോട്ടീനുകള്‍ നിര്‍മിക്കുന്ന ഇഷ്ടികകളാണല്ലോ അമിനോ അമ്ലങ്ങള്‍.
ഉഷൂമിയുടെ 2016-ലെ നൊബേല്‍ സ്വീകരണ പ്രഭാഷണത്തിന്റെ തലക്കെട്ട് 'ഓട്ടോഫാജി ഒരു കോശാന്തര റീ-സൈക്ല്ങ് വ്യവസ്ഥ' എന്നായിരുന്നു; അല്ലാതെ, 'എങ്ങനെ ശരീരം അത്യാവശ്യമായ പ്രോട്ടീന്‍ തന്മാത്രകളെ ടോയ്‌ലറ്റിലേക്ക് ഒഴുക്കുന്നു' എന്നായിരുന്നില്ല! പ്രോട്ടീന്‍ ആവശ്യമെങ്കില്‍ ശരീരം സ്വന്തം പാഴ്‌വസ്തുക്കളില്‍ നിന്നും വേണമെങ്കില്‍ അത് ഉണ്ടാക്കും എന്ന്.
ശരിയാണ്, ശരീരത്തില്‍ ആവശ്യത്തിലും വളരെ കൂടുതല്‍ പ്രോട്ടീന്‍ (മാംസ്യം) ഉണ്ടെങ്കില്‍, അത് അമിനോ അമ്ലങ്ങളായി വൃക്കകളിലൂടെ വിസര്‍ജിക്കപ്പെട്ടേക്കാം; അല്ലെങ്കില്‍ ഊര്‍ജമായി മാറ്റിയേക്കാം.
വളര്‍ച്ച നല്ലതാണെന്നാണ് പൊതുധാരണ. പക്ഷേ എല്ലായ്‌പ്പോഴുമല്ല. പ്രത്യേകിച്ചു സ്വാഭാവിക വളര്‍ച്ച പൂര്‍ത്തിയായ മുതിര്‍ന്ന ആളില്‍. നിയന്ത്രണമില്ലാത്ത വളര്‍ച്ച അല്ലെങ്കില്‍ കോശബാഹുല്യം കാന്‍സറും അല്ലാത്തതുമായ മുഴകളായി വളരാം. അമിതമായ, ഉപയോഗരഹിതമായ, ഒരു നിരര്‍ഥ പ്രോട്ടീന്‍ തലച്ചോറിലെ നാഡീ കോശങ്ങളില്‍ അടിഞ്ഞുണ്ടാകുന്നതാണ് അല്‍ഷീമര്‍ രോഗം. ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയവയുടെ കാരണവും അതെറോമ എന്ന അട്ടികള്‍ രക്തവാഹിനികളില്‍ അടിയുന്നത് കൊണ്ടാണ്. അങ്ങനെ അമിത വളര്‍ച്ച അല്ലെങ്കില്‍ കോശബാഹുല്യം പല രോഗങ്ങള്‍ക്കും അടിത്തറയിടും. ആരംഭഘട്ടങ്ങളില്‍ ഇവയെ നിയന്ത്രിക്കാന്‍ ഓട്ടോഫാജിയുടെ ശ്രമമുണ്ടാകും. എത്രയോ വട്ടം, ഏതെങ്കിലും കോശം, നിയന്ത്രണം വിട്ടു, കൂട്ടം തെറ്റി കാന്‍സര്‍ സെല്‍ ആയി, 'വികൃതി കോശം' ആയി മാറുന്നുണ്ട് (ദിവസത്തില്‍ പതിനായിരം കോശങ്ങളെങ്കിലും!). പക്ഷേ അവയെയെല്ലാം വരുതിയില്‍ വരുത്താനും 'നല്ല കുട്ടികളാക്കാനും' ശരീരത്തിന്റെ ഈ റിപ്പയറിങിന് കഴിയുന്നു.
കൂട്ടത്തില്‍, സി. രാധാകൃഷ്ണന്‍ മാധ്യമം ദിനപത്രത്തില്‍ ഈയിടെ (17-05-2019, ഞാനറിയുന്ന റമദാന്‍, 'നോമ്പ് നോറ്റാല്‍ രണ്ടുണ്ട് കാര്യം') എഴുതിയ ചില വാക്യങ്ങള്‍ ഇവിടെ ഉദ്ധരിക്കട്ടെ: ''നോമ്പിന്റെ മറ്റൊരു മുഖം ഈയിടെ ഒരു സയന്‍സ് ജേണലിലാണ് ഞാന്‍ കണ്ടത്. ശരീരത്തില്‍ നിന്നു തരം തെറ്റിയും തേയ്മാനം വന്നും പാതി ജീവനായും ധാരാളം ജീവകോശങ്ങള്‍ പല കാരണങ്ങളാലും അടിഞ്ഞു കൂടാറുണ്ട്. നമ്മുടെ വിസര്‍ജനാവയവങ്ങള്‍ക്ക് ഇവയെ പുറന്തള്ളാനും കഴിവില്ല. ഈ കോശങ്ങള്‍ അര്‍ബുദം വരെയുള്ള രോഗങ്ങള്‍ ഉണ്ടാക്കും. പക്ഷേ നന്നായി വിശന്നാല്‍ ശരീരം ഈ കോശങ്ങളെത്തന്നെ വക വരുത്തി അലിയിച്ച് അതിലെ പോഷകങ്ങള്‍ ആഹരിച്ചു രണ്ടു മഹാകാര്യങ്ങള്‍ ഒരുമിച്ച് സാധിക്കും! ഈ പ്രക്രിയക്ക് ഓട്ടോഫജിങ് എന്നാണ് സാങ്കേതിക നാമം.''
ചുരുക്കത്തില്‍, കൂടുതല്‍ താല്‍പര്യത്തോടെയും കൗതുകത്തോടെയും ഈ രംഗത്തെ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് ശാസ്ത്രലോകം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (1-3)
ടി.കെ ഉബൈദ്‌

ഹദീസ്‌

സകാത്തുല്‍ ഫിത്വ്‌റിന്റെ പൊരുള്‍
സ്വലാഹ് നജീബ്‌