Prabodhanm Weekly

Pages

Search

2019 മെയ് 31

3104

1440 റമദാന്‍ 26

മുഹമ്മദ് ഫൈസല്‍ പാലാറ

അബ്ദുര്‍റഹ്മാന്‍ എടച്ചേരി

പാതിരാവില്‍ ഞെട്ടിയുണര്‍ന്ന് അല്‍പം മുമ്പ് കേട്ട ശ്രവണമധുരമായ ഖുര്‍ആന്‍ പാരായണത്തിന്റെ ഉറവിടമന്വേഷിച്ചു വീടകമാകെ പരതുക. പുലര്‍കാലത്ത് എഴുന്നേറ്റ് ഇവിടമാകെ പരന്ന വല്ലാത്ത സുഗന്ധം നിങ്ങളനുഭവിക്കുന്നില്ലേയെന്ന് വീട്ടുകാരോടു ചോദിക്കുക. തലേന്നാള്‍ പറ്റുകടകളിലെ ബാധ്യതകള്‍ തീര്‍ക്കുക. മാസങ്ങളായി മനസ്സില്‍ താലോലിക്കുകയും ബന്ധപ്പെട്ടവരുമായി ആലോചിക്കുകയും ചെയ്ത കുടുംബ സംഗമത്തിന് ആശംസകള്‍ നേര്‍ന്നുള്ള ഗാനം എഴുതിയുണ്ടാക്കി മൊബൈലില്‍ റിക്കാര്‍ഡ് ചെയ്തു വെക്കുക. അടുത്തയാഴ്ച നടക്കുന്ന മദ്‌റസാ വാര്‍ഷികത്തിന്റെ സ്വാഗതഗാനം എഴുതി ബന്ധപ്പെട്ടവരെ ഏല്‍പിക്കുക. അവസാനം മണിക്കൂറുകള്‍ മുമ്പ് ഗള്‍ഫില്‍നിന്നെത്തിയ അനുജനെ വിളിച്ചിരുത്തി തന്നോടൊപ്പമുള്ള വൃദ്ധയായ മാതാവിന്റെ സംരക്ഷണമുള്‍പ്പെടെ കുടുംബകാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കെ മോനേയെന്ന സ്‌നേഹപൂര്‍വകമായ വിളിയോടെ മരിച്ചു വീഴുക. മരണം മുന്നില്‍കണ്ട് എല്ലാം തീരുമാനിച്ചുറച്ച പോലെയായിരുന്നു മര്‍ഹൂം അബ്ദുല്‍ഹയ്യ് എടയൂരിന്റെ പുത്രന്‍ മുഹമ്മദ് ഫൈസല്‍ ഏപ്രില്‍ 7-ന് അല്ലാഹുവിന്റെ തിരുസന്നിധിയിലേക്ക് യാത്രയായത്.
ഖുര്‍ആനുമായുള്ള ഗാഢബന്ധം ഫൈസലിന്റെ മികച്ച ഗുണമായിരുന്നു. എന്നും രാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് തഹജ്ജുദ് കഴിഞ്ഞ് സ്വുബ്ഹ് വരെ ഖുര്‍ആന്‍ പാരായണം ചെയ്യും. ശാന്തപുരം ഇസ്‌ലാമിയാ കോളേജ് വിദ്യാര്‍ഥിയായിരിക്കെ തന്നെ ശ്രവണമധുരമായും ഭക്തിസാന്ദ്രമായും ഖുര്‍ആനോതിയിരുന്ന പരേതന്‍ നാട്ടിലും മറുനാട്ടിലും നടന്ന ഖുര്‍ആന്‍ പാരായണ-ബാങ്ക്‌വിളി മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ വാങ്ങിയിരുന്നു. മരിക്കുന്നതിന് മുമ്പത്തെ വെള്ളിയാഴ്ച അല്‍പം ശബ്ദമുയര്‍ത്തി അദ്ദേഹം ഖുര്‍ആനോതവെ തന്റെ പാരായണം നിര്‍ത്തി അത് ശ്രദ്ധിച്ചിരുന്നുവെന്ന് പള്ളി ഇമാം പറയുകയുണ്ടായി. കാല്‍നൂറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതത്തില്‍ തനിക്കെഴുതിയ മുഴുവന്‍ കത്തുകളിലും ഖുര്‍ആന്‍ സൂക്തങ്ങള്‍ വിശദീകരണ സഹിതമെഴുതി തന്നെ ഖുര്‍ആനുമായി ബന്ധപ്പെടുത്തിയ കാര്യം, ജമാഅത്തെ ഇസ്‌ലാമിയെ ശക്തമായി എതിര്‍ത്ത ഒരു യാഥാസ്ഥിതിക സുന്നീ കുടുംബത്തില്‍നിന്ന് വന്ന് ഇപ്പോള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുഴുസമയ പ്രവര്‍ത്തകയായി മാറിയ ഭാര്യയും ഓര്‍ത്തെടുത്തു. കുഞ്ഞുനാളില്‍ വഴിയരികില്‍ അനാഥമായി കിടന്ന പട്ടിക്കുട്ടിയെ മദ്‌റസാ പുസ്തകങ്ങളുടെ മേല്‍ വെച്ചുകൊണ്ടുവന്നാരംഭിച്ച മിണ്ടാപ്രാണി സ്‌നേഹം അഭംഗുരം തുടര്‍ന്ന് ഡസന്‍ കണക്കില്‍ താറാവുകളുടെയും വിവിധതരം കോഴികളുടെയും അലങ്കാരപ്പക്ഷികളുടെയും വളര്‍ത്തുപ്പയായാണ് ഫൈസല്‍ മരണപ്പെട്ടത്. പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലെത്തി വിപുലമായ തോതില്‍ ആടു വളര്‍ത്തല്‍ ആരംഭിച്ചത് പ്രവാചക മാതൃകയുടെ പിന്തുടര്‍ച്ച എന്നു പറഞ്ഞായിരുന്നു.
കുടുംബബന്ധം പുലര്‍ത്തുന്നതില്‍ അങ്ങേയറ്റം കണിശത പുലര്‍ത്തിയ സഹോദരന്‍ ശാന്തപുരത്ത് രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയായിരിക്കെ പഠനം നിര്‍ത്തി രാമനാട്ടുകരയില്‍ പള്ളി ഇമാമും മദ്‌റസാധ്യാപകനുമായി ജോലി സ്വീകരിച്ചത് വൃദ്ധപിതാവിനൊരു താങ്ങാവാനായിരുന്നു. അവസാന നാളുകളില്‍ മാതാവിന്റെ പൂര്‍ണ പരിചരണമേറ്റെടുത്തതും അദ്ദേഹംതന്നെ. ഐ.ആര്‍.എസും സഫയും ഉള്‍പ്പെടെ താന്‍ പഠിപ്പിച്ച സ്ഥാപനങ്ങളിലെ ഏതാണ്ട് എല്ലാ വിദ്യാര്‍ഥികളുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. ടീന്‍ ഇന്ത്യയുടെയും മലര്‍വാടി ബാലസംഘത്തിന്റെയും ഓര്‍ഗനൈസറായിരിക്കെ ഒട്ടേറെപ്പേരെ പ്രസ്ഥാനവുമായടുപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

 

തോട്ടത്തില്‍ ഹുസൈന്‍ ഹാജി

ജമാഅത്തെ ഇസ്‌ലാമി കൊടിയത്തൂര്‍ ഏരിയയിലെ കക്കാട് യൂനിറ്റ് പ്രവര്‍ത്തകനായിരുന്നു തോട്ടത്തില്‍ ഹുസൈന്‍ ഹാജി. താന്‍ വൈസ് പ്രസിഡന്റായിരുന്ന കക്കാട് ഇസ്‌ലാമിക് സെന്ററിന്റെ ഉദ്ഘാടന ഒരുക്കങ്ങള്‍ വിലയിരുത്തി വീട്ടിലേക്ക് നടന്നു പോവുമ്പോള്‍ കുഴഞ്ഞു വീണായിരുന്നു മരണം.
ജമാഅത്തെ ഇസ്‌ലാമി മുന്‍ കേരളാ അമീര്‍ കെ.സി അബ്ദുല്ല മൗലവിയുടെ മൂത്ത സഹോദരീ പുത്രനായിരുന്നു. കേരളത്തില്‍ ഇസ്‌ലാമിക പ്രവര്‍ത്തനം തുടങ്ങിയ നാള്‍ മുതല്‍ അതിന്റെ സഹയാത്രികനായിരുന്നു.
കക്കാട്ടെ പലിശരഹിത ഇസ്‌ലാമിക സഹായ നിധിയുടെ സംഘാടകനായിരുന്നു. നാട്ടിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനും അതുപോലെ മറ്റു സഹായങ്ങള്‍ അര്‍ഹര്‍ക്ക് ലഭ്യമാക്കാനും ഹുസൈന്‍ ഹാജി മുന്നില്‍ നിന്നു.
ജമാഅത്ത് നമസ്‌കാരം, ഖുര്‍ആന്‍ പഠനം തുടങ്ങിയ കാര്യങ്ങളില്‍ കൃത്യനിഷ്ഠ പുലര്‍ത്തിയ ഹുസൈന്‍ ഹാജി പ്രസ്ഥാനത്തിന്റെ മുഴുവന്‍ പരിപാടികളിലും നേരത്തേ തന്നെ എത്തിച്ചേര്‍ന്ന് സദസ്സിലെ മുന്‍നിരയില്‍ ഇരിപ്പിടമുറപ്പിക്കുമായിരുന്നു. നാട്ടിലെ അറിയപ്പെട്ട കര്‍ഷകന്‍ കൂടിയായിരുന്നു അദ്ദേഹം.
ഭാര്യമാര്‍: പരേതയായ ആസ്യ, പാലപ്പെറ്റ ഖദീജ. മക്കള്‍: പരേതയായ ആയിശുമ്മ, സൈനബ കൂളിമാട്, സല്‍മത്ത് മാവൂര്‍, സഫിയ അരീക്കോട്, ലൈലാബി, പരേതയായ സലീന.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (1-3)
ടി.കെ ഉബൈദ്‌

ഹദീസ്‌

സകാത്തുല്‍ ഫിത്വ്‌റിന്റെ പൊരുള്‍
സ്വലാഹ് നജീബ്‌