'ആഘോഷിക്കാത്ത പെരുന്നാളുകള്‍'
ഓര്‍മവെച്ച നാള്‍ മുതല്‍ പെരുന്നാളിനെക്കുറിച്ച് ഇരുത്തം വന്ന ഒരു സങ്കല്‍പമുണ്ട്; അല്ലാഹു വര്‍ഷത്തില്‍ വിശ്വാസികള്‍ക്ക് അനുവദിച്ച രണ്ട് ആഘോഷങ്ങള്‍- ചെറിയ പെരുന്നാളും ബലിപെരുന്നാളും. ആദ്യത്തേത്, നോമ്പനുഷ്ഠിച്ച നിര്‍വൃതിയില്‍ ആഘോഷിക്കുന്നത്. രണ്ടാമത്തേത്, ഇബ്‌റാഹീം പ്രവാചകന്റെയും ഇസ്മാഈല്‍ പ്രവാചകന്റെയും ആത്മബലിയുടെ ധീരമായ വീണ്ടെടുപ്പ്. ഈ രണ്ട് പെരുന്നാളുകളും ആഘോഷിക്കേണ്ടത് അവയുടെ ആത്മീയമായ അന്തസ്സത്തയെ മാനിച്ചുകൊണ്ടാവണം.
പെരുന്നാള്‍ ദിനം നമസ്‌കാരത്തിനു മുമ്പുള്ള പ്രഭാഷണങ്ങളില്‍, ആഘോഷം ചുരുക്കുന്നതിനെക്കുറിച്ച് ഉസ്താദ് പ്രത്യേകം ഓര്‍മിപ്പിക്കും. പുതിയ ഉടുപ്പിലും രുചിയുള്ള ഭക്ഷണങ്ങളിലും വിരുന്നുപോക്കിലുമായി പെരുന്നാള്‍ തീരും. പക്ഷേ, ആഘോഷം എന്ന സങ്കല്‍പം ഓരോ കാലത്തും പുതുമ തേടുന്നുണ്ട്. ഇക്കൊല്ലത്തെ ആഘോഷമാകില്ല അടുത്ത കൊല്ലം. കാരണം, ആഘോഷത്തിന്റെ രീതിയും വിശദാംശങ്ങളും തീരുമാനിക്കുന്നത് വിപണിയാണ്. എറണാകുളം ജില്ലക്കാര്‍ക്ക് ലുലു മാള്‍ വരുന്നതിനു മുമ്പും പിമ്പുമുള്ള ആഘോഷങ്ങള്‍ക്ക് വ്യത്യാസമുണ്ട്. പ്രാദേശികമായ ലഭ്യതക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് നിര്‍ണയിക്കപ്പെട്ടിരുന്ന ഫാഷനെയും ഭക്ഷണവിഭവങ്ങളുടെ തെരഞ്ഞെടുപ്പിനെയും മാള്‍ പോലുള്ള കേന്ദ്രീകരിക്കപ്പെടുന്ന വിപണിയും ബ്രാന്‍ഡുകളുടെ പെരുമയും ഏകീകരിക്കുന്നു. പഴയ പെരുന്നാള്‍ നല്ലത്, പുതിയത് മോശം എന്ന അര്‍ഥത്തിലല്ല ഇത് പറയുന്നത്. മറിച്ച് നോമ്പുകാലത്തും പെരുന്നാളിനും നമ്മുടെ തെരഞ്ഞെടുപ്പുകളെ അതിവര്‍ത്തിക്കുന്ന താല്‍പര്യങ്ങള്‍ സമൂഹത്തില്‍ രൂപംകൊള്ളുന്നു. സമൂഹത്തിന്റെ ആ ഒഴുക്കില്‍ ചേരുന്നതിനെയാണ് ആഘോഷം എന്ന് നാം പറയുന്നത്. പക്ഷേ, വിപണികളും ബ്രാന്‍ഡുകളും നിര്‍ണയിക്കുന്ന ആഘോഷം ഉപഭോഗകേന്ദ്രീകൃതമായ വ്യക്തിത്വങ്ങളുടെ ഏകീകരണം എന്നതിനപ്പുറം നോമ്പിലൂടെ കൈവന്ന സാമൂഹികതയുടെ ഉചിതമായ ഉപസംഹാരമാണോ എന്ന് സംശയമുണ്ട്.
രണ്ട് പതിറ്റാണ്ടുകള്‍ക്കു മുമ്പ് വിലക്കുകളുടെ അകമ്പടിയോടെ പുലര്‍ന്നിരുന്ന പെരുന്നാള്‍ ദിനങ്ങള്‍ - പടക്കം വാങ്ങി വീട്ടില്‍ വന്നതിന് കിട്ടിയ തല്ലും സിനിമ കാണരുതെന്ന വിലക്കുമൊക്കെ. ആഘോഷം ഏതാനും ചടങ്ങുകളില്‍ ഒതുങ്ങിനിന്നു. നിലാവ് കണ്ടെന്ന് അറിയിപ്പ് കിട്ടിയ തലേന്നാള്‍ രാത്രിയിലെ അരിവിതരണം, പെരുന്നാളിന് പുതുവസ്ത്രമണിഞ്ഞ് പള്ളിയില്‍ നമസ്‌കാരവും പരിചയം പുതുക്കലും, ഇടപ്പള്ളി പള്ളിയിലേക്ക് വാപ്പിച്ചിയുടെ കൂടെ ഉപ്പാപ്പാടെ ഖബ്‌റിങ്കലേക്ക്, പിന്നെ എല്ലാവരുമൊന്നിച്ച് ഭക്ഷണം, കുടുംബക്കാരെ കാണല്‍.... അതോടെ ആഘോഷം തീരുന്നു. അതിനപ്പുറത്തെ വിലക്കുകള്‍ കര്‍മശാസ്ത്രപരമായ വിലക്കുകളല്ല; മറിച്ച് പണ്ടുമുതലേ തുടര്‍ന്നുവരുന്ന ചില വിരോധങ്ങള്‍ മാത്രം. പകല്‍ മുതല്‍ സന്ധ്യവരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടുള്ള വ്രതകാലത്തെ ജീവിതത്തിനും സാധാരണ നാം തുടരുന്ന ജീവിതത്തിനുമിടയിലെ ഒരു ഇടവേളയായി പെരുന്നാള്‍ വേര്‍പ്പെട്ടു നിന്നു.
****
പെരുന്നാള്‍ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് പെരുന്നാള്‍ വിലക്ക് തന്നെയാണ്. ശവ്വാലില്‍ ആറു സുന്നത്ത് നോമ്പുണ്ട് എന്നറിയുന്നത്, പെരുന്നാള്‍ ദിവസം പുതിയ ഹെയര്‍ സ്റ്റൈലും ജീന്‍സും ധരിച്ചതിന് കൂട്ടുകാരന് ശിക്ഷാവിധിയായി അവന്റെ ബാപ്പ ആ നോമ്പ് പിടിപ്പിച്ചപ്പോഴാണ്. സ്‌കൂളിലും കളിസ്ഥലത്തും പരിഹാസ്യനായി മാറിയ അവനെ അവന്റിക്ക സമാധാനിപ്പിച്ചത്, വിശ്വാസിയുടെ എല്ലാ ദിവസവും പെരുന്നാളാണെന്നും അതിനുമപ്പുറത്തെ ചെറിയൊരു പെരുന്നാളാണ് ചെറിയ പെരുന്നാള്‍ എന്നും പറഞ്ഞുകൊണ്ടാണ്.
സമ്പത്തിലോ വിദ്യാഭ്യാസത്തിലോ അക്കാലത്ത് കാര്യമായ വളര്‍ച്ചയൊന്നുമില്ലാതിരുന്ന എളമക്കരയിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. ദൈനംദിന ചെലവുകള്‍ക്കായി കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ നിരവധിയുണ്ടായിരുന്നു നാട്ടില്‍. ഭൂമിയുടെ വിലയിലുണ്ടായ കുതിച്ചുകയറ്റം ഒന്നുകൊണ്ടു മാത്രം പുതിയ ധനികര്‍ വളര്‍ന്നുവന്ന ഇക്കാലവുമായി, 'ജന്മി' എന്ന് പേരറ്റമുണ്ടായവര്‍ പോലും ക്ലേശപ്പെട്ട് ജീവിച്ചിരുന്ന ആ കാലത്തെ താരതമ്യപ്പെടുത്താനാകില്ല. അതുകൊണ്ട് ആഘോഷത്തിലെ വിലക്കുകള്‍ സമൂഹത്തിന്റെ സാമ്പത്തികസ്ഥിതിയെ പ്രതിഫലിപ്പിക്കുന്നതായി വേണം മനസ്സിലാക്കാന്‍. ഉപയുക്തയുള്ള വിഭവങ്ങള്‍ക്കായി കരുതല്‍ വേണമെന്നതാകാം, പൊട്ടിച്ചുകളയുന്ന പടക്കങ്ങളെയും, ഒരു പ്രാവശ്യം മാത്രം ഇടാവുന്ന പാര്‍ട്ടിവേര്‍ എന്ന ഇനത്തില്‍ വരുന്ന വസ്ത്രങ്ങളെയും വിലക്കുകള്‍ കൊണ്ട് പ്രതിരോധിക്കാന്‍ കാരണം. പക്ഷേ, കൂട്ടത്തില്‍ പെടാത്ത, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍നിന്ന് (കോളനിയെന്ന് പേര്) മാറി സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയര്‍ച്ചയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ചില വീടുകളില്‍ പെരുന്നാളിന്റെ അന്ന് പടക്കം പൊട്ടുന്നത് കേള്‍ക്കാം. ആ വീടുകളില്‍നിന്ന് പള്ളിയില്‍ വരുന്നവര്‍ പളാപളാ മിന്നുന്ന പെരുന്നാള്‍ക്കോടി ഇടുകയും ചെയ്യും. പക്ഷേ, ഒരു കിലോമീറ്ററില്‍ താഴെ കാല്‍നടയായി എത്താന്‍ കഴിയുന്ന വഴിദൂരം കാറിലൂടെ സഞ്ചരിക്കുന്ന ഒന്നോ രണ്ടോ വരുന്ന അത്തരം കുടുംബങ്ങള്‍ സഹതാപമോ പരിഹാസമോ അര്‍ഹിച്ചിരുന്നു എന്നതിനപ്പുറം, ഒരു മാതൃകയായിരുന്നില്ല.
****
മക്കാരുസ്താദായിരുന്നു എളമക്കര മുസ്‌ലിം ജമാഅത്തിന്റെ അച്ചുതണ്ട്. കല്ലുകള്‍ കെട്ടി പള്ളി സ്ഥാപിക്കാന്‍ മുന്‍പന്തിയില്‍ നിന്നതും, അവിടേക്ക് ആളെ എത്തിച്ചതും, ഒരു സാമൂഹികജീവിതത്തിന്റെ അടിത്തറയൊരുക്കിയതും അദ്ദേഹമാണ്. സാമ്പ്രദായികമായ മതപഠനമൊന്നും നേടിയ ആളല്ല. പക്ഷേ മുപ്പത്തിയാറ് കൊല്ലക്കാലം താന്‍ മുന്‍കൈയെടുത്ത് പണിത ആ പള്ളിയില്‍ ഇമാമായി ജോലി ചെയ്ത അദ്ദേഹം സാധാരണയായി ഇമാമുമാര്‍ക്ക് കിട്ടുന്ന തുഛമായ വേതനം പോലുമില്ലാതെ എല്ലാവര്‍ക്കും വഴികാട്ടിയായി അവിടെ ജീവിച്ചു. എപ്പോഴും പുഞ്ചിരിയോടെ പതുങ്ങിയ ശബ്ദത്തില്‍ എല്ലാ മനുഷ്യരോടും അദ്ദേഹം സംസാരിച്ചു. ഞങ്ങളുടെ കുട്ടിക്കാലത്ത് പുറത്തുനിന്ന് വരുന്ന മുതഅല്ലിമുകളല്ലാതെ മക്കാരുസ്താദ് തറാവീഹിനോ ജുമുഅ ഖുത്വ്ബക്ക് മുമ്പോ ശേഷമോ മതപ്രസംഗം നടത്തിയിരുന്നില്ല. അതദ്ദേഹത്തിന് പരിചയമുള്ള മാധ്യമമായിരുന്നില്ല. പക്ഷേ പുഞ്ചിരിച്ചും സ്‌നേഹത്തോടെ കൈപിടിച്ചും ഞങ്ങള്‍ അറിയേണ്ട പാഠങ്ങളെല്ലാം പുഞ്ചിരിയോടെ അദ്ദേഹം ഞങ്ങള്‍ക്ക് പകര്‍ന്നു തന്നു. കളിസ്ഥലത്തേക്ക് അദ്ദേഹം സൈക്കിള്‍ ചവിട്ടി വരും, കുട്ടികള്‍ക്കെല്ലാം മിഠായി തരും. പിന്നെ പോകും.
ആ മക്കാരുസ്താദിനോടാണ് ഒരിക്കല്‍ ഞങ്ങള്‍ ആഘോഷം ചുരുങ്ങിപ്പോയതിനെക്കുറിച്ച് ചോദിച്ചത്, പടക്കം പൊട്ടിക്കാന്‍ അനുവാദമില്ലാത്തതിനെക്കുറിച്ച് ചോദിച്ചത്. ചെറിയൊരു വിഷാദം നിഴലിട്ട മുഖത്ത് പാല്‍പുഞ്ചിരി പൊഴിച്ചുകൊണ്ട് ഉസ്താദ് ഇങ്ങനെ പറഞ്ഞു: ''റമളാനിക്ക് റമളാന്‍ ഒരു കൊല്ലം കഴിയുമ്പോ ഒരുപാട് പേര്‍ സലാം ചൊല്ലിപ്പോകും. അല്ലാഹുവിന്റെ കുറേ പടപ്പുകള് അവന്റടുത്തേക്ക് പോകും. പോകുന്നോരില്‍ കുറേ ചെറുപ്പക്കാരുണ്ടാവും. അവര്‍ക്ക് കുഞ്ഞിമക്കളുണ്ടാവും. പോയോര് പോയതോടെ കുടുമ്പത്ത് വെളിച്ചോം പോയിട്ട്ണ്ടാവും. നിങ്ങ ഇവിടെന്ന് പടക്കം പൊട്ടിക്കുമ്പോ അത്ങ്ങട നെഞ്ചത്ത് തീ കത്തും. ജോറായി കുപ്പായ്ട്ട് അങ്ങനെ നടക്കല്ലേ. പടച്ചോന്‍ പൊറുക്കട്ടെ മക്കളേ.''
അത് കേട്ടതില്‍ പിന്നെ ഞങ്ങള്‍ക്ക് പടക്കം പൊട്ടിക്കാന്‍ തോന്നിയിട്ടില്ല. ഞങ്ങള്‍ അനുവര്‍ത്തിച്ചിരുന്ന ജീവിതശൈലിയുടെ വിശദീകരണമായി പറഞ്ഞ ഒരു gut ഫിഖ്ഹാണ് അന്ന് മക്കാരുസ്താദ് ഞങ്ങള്‍ക്ക് പറഞ്ഞു തന്നത്. അതിന് സാമ്പ്രദായികമായ ഫിഖ്ഹിന്റെ കീഴ്‌വഴക്കമില്ല, പക്ഷേ താന്‍ കണ്ടറിഞ്ഞ ഒരു സമൂഹത്തോടുള്ള അലിവും ആര്‍ദ്രതയുമുള്ള ഒരു പ്രതികരണം.
വ്യക്തിഗതമായ സുരക്ഷിതത്വത്തിന്റെയും ആര്‍ഭാടത്തിന്റെയും കുടുസ്സായ ഉള്ളകങ്ങളിലേക്ക് ഉള്‍വലിയുമ്പോഴും നമ്മെ സമൂഹത്തിന്റെ തുറസ്സുകളിലേക്ക് പിന്‍വലിക്കുകയാണ് പെരുന്നാള്‍ ചെയ്യുന്നത്. ഫിത്വ്ര്‍ സകാത്ത് കൊണ്ട് ആഘോഷം തുടങ്ങുന്നതിന്റെ കാരണം അതാണ്. നോമ്പ് നമ്മെ നമുക്കപ്പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. പള്ളികളില്‍ നോമ്പുതുറക്കും തറാവീഹിനും നാം എല്ലാവരുമായി ഇടപഴകുന്നു. എല്ലാ വിഭാഗത്തില്‍ പെട്ട മനുഷ്യരുടെയും കൂട്ടായ്മകളോടെ ഇഫ്ത്വാര്‍ വിരുന്നുകളൊരുക്കുന്നു. പക്ഷേ, വ്രതാനുഷ്ഠാനം കഴിഞ്ഞാല്‍ ആ സാമൂഹികതയില്‍നിന്ന് വേര്‍പെടാനുള്ള മനോഗതിയുണ്ടാവരുത്. ആഘോഷത്തിന്റെ അര്‍ഥഭേദമതാണ്. വീടിന്റെ തൊട്ടടുത്ത് ജോയിച്ചേട്ടന്റെയും ആന്റോ ചേട്ടന്റെയും വീട്, പല മതസ്ഥരായ ആളുകളാണ് ചുറ്റുപാടും.. വാപ്പിച്ചീടെ കടയുടെ പിറകില്‍ പഫ്‌സും സമൂസയും ഉണ്ടാക്കി വില്‍ക്കുന്ന ബോര്‍മയുണ്ടായിരുന്നു. അവിടെ പണിചെയ്തിരുന്നത് കോഴിക്കോട്ടു നിന്നും വൈക്കത്തു നിന്നുമൊക്കെ വന്ന ചേട്ടന്മാര്‍. പെരുന്നാളിന് ചോറുണ്ടാക്കി എല്ലാ വീടുകളിലും എത്തിക്കും. എല്ലാ ആഘോഷനാളുകളിലും ഈ വീടുകളില്‍നിന്നും ഭക്ഷണം വരും. അതുകൊണ്ട് പെരുന്നാളിലെ നെയ്‌ച്ചോറിനും ഇറച്ചിക്കും ഈസ്റ്ററിന് കിട്ടാന്‍ പോകുന്ന ബ്രഡിന്റെയും സ്റ്റ്യൂവിന്റെയുമൊക്കെ രുചിവരും.
****
ഇക്കൊല്ലം നോമ്പിന് രണ്ട് ദിവസം മുമ്പാണ് സെമിഹ് കെപ്‌നോഗുലുവിന്റെ 'ഗ്രെയിന്‍' കാണുന്നത്. മിസ്റ്റിക്കല്‍ ഫിലോസഫിയുടെ ആഴത്തിലുള്ള ആലോചനകളുടെ ചലച്ചിത്രഭാഷ്യമെന്ന പേരില്‍ ശ്രദ്ധിക്കപ്പെട്ട 'ഗ്രെയിന്‍' നോമ്പിലേക്ക് നല്ലൊരു പ്രവേശികയായിരുന്നു. കാര്‍ഷികശാസ്ത്രത്തില്‍ ശ്രദ്ധേയമായ നിഗമനങ്ങള്‍ അവതരിപ്പിച്ച ഒരു പ്രഫസര്‍ തന്നെ ഏറെ സ്വാധീനിച്ച് തിരോധാനം ചെയ്ത സഹപ്രവര്‍ത്തകനെത്തേടിയുള്ള യാത്രയാണതിലുള്ളത്. ജനിതക വിപുലീകരണത്തിന്റെയും മണ്ണിന്റെ മേലുള്ള മനുഷ്യന്റെ അധിനിവേശത്തിന്റെയും ഫലമായി ലോകാവസാനത്തിന്റെ ഇരുണ്ട പശ്ചാത്തലത്തിലേക്ക് വഴിമാറിയ (Apocalyptic) ഒരു ലോകത്ത് നടക്കുന്ന ഈ യാത്ര ഗുരുവിനെത്തേടിയുള്ള ഒരു മനുഷ്യന്റെ അലച്ചിലായിത്തീരുന്നു. അതോടൊപ്പം, തന്നേക്കാള്‍ ജ്ഞാനിയായ ഒരാളെത്തേടി (ഖിള്ര്‍) മൂസാ നബി (അ) നടത്തിയ യാത്രയുടെ പുനരാഖ്യാനമായി അത് മാറുന്നു. സെമിറ്റിക് മത ചരിത്രത്തിലെ പ്രശസ്തമായ യാത്രയുടെ ഓരോ പരിണാമവും ചലച്ചിത്രത്തില്‍ പുനരാഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട്. മിസ്റ്റിക്കല്‍ ദര്‍ശനത്തിന്റെ ചലച്ചിത്ര ഭാഷ്യമെന്ന പേരില്‍ ശ്രദ്ധേയമായ ചലച്ചിത്രം എന്നെ സ്വാധീനിച്ചത് രണ്ട് സീനുകളിലാണ്.
ഒരുമിച്ചുള്ള യാത്രയുടെ വേളയില്‍ ഏറ്റവും ശുദ്ധമായ മണ്ണിന്റെ നിക്ഷേപമുള്ളിടത്ത് ഇരുവരും എത്തിച്ചേരുന്നു. ആ മണ്ണ് നൂറുകണക്കിന് ചാക്കുകളില്‍ നിറച്ച് കിലോമീറ്ററുകള്‍ താണ്ടി ചങ്ങാടത്തിലെത്തിക്കണം. വിശപ്പും യാത്രാ ക്ഷീണവും കൊണ്ട് തളര്‍ന്ന പ്രഫസര്‍ പാതി മനസ്സോടെ തന്റെ ഗുരുവിനെ അനുസരിക്കുന്നു. തന്നെ സഹിക്കാനാവുന്നില്ലെങ്കില്‍ യാത്ര നിര്‍ത്താമെന്ന ശാസനയുണ്ട്. വിശപ്പു കൊണ്ട് അവശനായ പ്രഫസറുടെ വയറ്റില്‍ കരിങ്കല്ലുകള്‍ വെച്ച് കെട്ടിക്കൊടുക്കുന്നുണ്ട്, സഹയാത്രികനും വഴികാട്ടിയുമായ ആ മുന്‍ സഹപ്രവര്‍ത്തകന്‍. പ്രവാചകചരിത്രത്തിലെ ത്യാഗത്തിന്റെ മുഹൂര്‍ത്തങ്ങളെയാണ് അതോര്‍മിപ്പിക്കുന്നത്.
അന്നു രാത്രി ഇരുള്‍ പരന്നപ്പോള്‍ പ്രഫസര്‍ ഒരു ബാലനെ സ്വപ്‌നം കാണുന്നു. യാത്ര മതിയാക്കി തിരിച്ചുപോകാന്‍ ആ കുട്ടി അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നു. 'വരൂ, എനിക്ക് വിശക്കുന്നുണ്ട്. എന്നോടൊപ്പം വന്ന് വിശപ്പടക്കൂ.' ഇതായിരുന്നു ശാസന. തന്റെ വഴികാട്ടി ആ കുഞ്ഞിന്റെ ജീവനെടുക്കുന്നു. മൂസാ-ഖിള്ര്‍ ചരിത്രാഖ്യായികയുടെ ആഴത്തിലുള്ള വ്യാഖ്യാനമാണിത് എന്നു കാണാം. ഫ്രെയിമില്‍നിന്ന് കാഴ്ച നമ്മുടെ മനസ്സിലേക്ക് തിരിച്ചുവരുമ്പോള്‍, നമ്മുടെയൊക്കെ ഉള്ളിലുള്ള അല്‍പത്തവും ഇടര്‍ച്ചയും പ്രതിബദ്ധതയില്ലായ്മയുമാണ് ആ കുഞ്ഞ് എന്ന് നാം മനസ്സിലാക്കുന്നു. നമ്മുടെ മുന്നോട്ടുള്ള ഓരോ പ്രയാണത്തിനും പ്രതിബന്ധമാകുന്ന കുഞ്ഞ് കുഞ്ഞ് മോഹങ്ങള്‍. അതെല്ലാം കൊന്നൊടുക്കാതെ എങ്ങനെയാണ് നോമ്പ് നോല്‍ക്കുക? എന്നാല്‍ അത്തരം അല്‍പത്തങ്ങള്‍ വളര്‍ന്ന് വലുതായി, അധികാരമോഹവും ആര്‍ത്തിയുമായിത്തീര്‍ന്നപ്പോള്‍ സംഭവിച്ചത് മണ്ണിന്റെ മേലുള്ള അധിനിവേശമാണ്, വിളനാശമാണ്.
ഉപയുക്തത, ഉടമാവകാശം എന്നിവയെ പരസ്പരം വേര്‍തിരിച്ചുകൊണ്ട് ജോര്‍ജിയോ അഗംബെന്‍ പൗരാണിക ക്രൈസ്തവ സന്യാസി മഠങ്ങളെക്കുറിച്ച് പറഞ്ഞത് നോമ്പിനെക്കുറിച്ചും പെരുന്നാളിനെക്കുറിച്ചും 'ഗ്രയിനിന്റെ' പശ്ചാത്തലത്തില്‍ ആലോചിക്കുമ്പോള്‍ പ്രസക്തമാണ്. വസ്തുക്കളുടെ സ്വതന്ത്രവും നിരുപാധികവുമായ ഉപയോഗവും ഉടമസ്ഥതയും വേണ്ടെന്നു വെച്ചു കൊണ്ട്, അവയുടെ കേവലമായ ഉപയോഗം മാത്രം നിര്‍വഹിച്ചിരുന്ന ഫ്രാന്‍സിസ്‌കന്‍ സന്യാസിമാരെക്കുറിച്ചാണ് അഗംബെന്‍ തന്റെ The Highest Poverty: Monastic Rules and Form- of - Life എന്ന പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നത്. കോളനിവാഴ്ചയിലൂടെ വിഭവകേന്ദ്രീകരണത്തെ ആഗോള സാമ്പത്തിക അനുശീലനമായി പരിവര്‍ത്തിപ്പിച്ച ഒരു വ്യവസ്ഥിതിയുടെ മറ്റൊരു സ്വഭാവത്തെക്കുറിച്ചാണ്, അതുറപ്പ് നല്‍കുന്ന ജീവിതരൂപത്തെക്കുറിച്ചാണ് അഗംബെന്‍ സംസാരിക്കുന്നത്. പക്ഷേ അപ്രകാരം ഒരു ജീവിതം രൂപീകരിക്കപ്പെടുന്നത് സമൂഹത്തിന്റെ നിലനില്‍ക്കുന്ന പെരുമാറ്റത്തെയും നിയമരീതികളെയും ഉപേക്ഷിച്ചുകൊണ്ടാണ് (Renouncing Law). അപ്പോള്‍ കൈവരുന്ന ആലോചനകള്‍ക്ക് ഒരു 'ഗട്ട്' ഫിഖ്ഹിന്റെ സ്വഭാവം കൈവരും.
****
ഒരുപക്ഷേ വിശപ്പിനെക്കുറിച്ച് മാത്രമല്ല, വിശപ്പ് ശമിപ്പിക്കാന്‍ നാം കഴിക്കുന്ന വിഭവങ്ങളെക്കുറിച്ചും ആലോചിക്കേണ്ട സമയമായിരിക്കുന്നു എന്നാണ് 'ഗ്രെയിന്‍' നമ്മോട് പറയുന്നത്. കര്‍ഷക ആത്മഹത്യകള്‍ പതിവായ ഒരു സമയത്താണ് നോം നോമ്പ് നോല്‍ക്കുന്നത്. വ്യക്തിഗതമായ ലോകത്തെക്കുറിച്ചുള്ള 'നഫ്‌സീ, നഫ്‌സീ' എന്ന ആലോചനകള്‍ സാമൂഹികതയുടെ പുതിയ രാഷ്ട്രീയത്തിന് വഴിമാറാന്‍ സമയമായി എന്ന ആലോചനയിലാണ് ഈ പെരുന്നാള്‍ പുലരേണ്ടത്.
Comments