Prabodhanm Weekly

Pages

Search

2019 മെയ് 31

3104

1440 റമദാന്‍ 26

കച്ചവടത്തിന്റെ സകാത്ത് കണക്കാക്കുന്നതെങ്ങനെ?

മുശീര്‍

ചില പണ്ഡിതന്മാര്‍ കച്ചവടത്തിന് സകാത്ത് നല്‍കേണ്ടത് മുടക്കുമുതലിനല്ല, ലാഭത്തിനാണ് എന്ന് അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായം ഞങ്ങളെല്ലാം നേരത്തേ മനസ്സിലാക്കിയതിനും ചെയ്തുകൊണ്ടിരുന്നതിനും എതിരാണ്. ഇതിന് വല്ല പ്രാമാണികതയും ഉണ്ടോ?
ഇസ്‌ലാമിലെ അംഗീകൃത കര്‍മശാസ്ത്ര വീക്ഷണങ്ങളെല്ലാം ഏകകണ്ഠമായി കച്ചവടത്തിന് സകാത്ത് നല്‍കണമെന്നും അത് കച്ചവടച്ചരക്കുകള്‍ക്കാണെന്നും അഭിപ്രായപ്പെടുന്നു. പരിശുദ്ധ ഖുര്‍ആന്‍, തിരുസുന്നത്ത്, ഖുലഫാഉര്‍റാശിദുകളുടെ ചര്യ, ഇതര സ്വഹാബികളുടെ അഭിപ്രായം എന്നിവക്കു പുറമെ ശരീഅത്തിന്റെ കാതലായ ലക്ഷ്യങ്ങളും ഈ അഭിപ്രായത്തിന് ബലമേകുന്നു.
ഇതിന്നപവാദമായി സകാത്ത് നല്‍കേണ്ടതില്ല എന്ന അഭിപ്രായം പറഞ്ഞത് രണ്ടു വിഭാഗമാണ്. ഒന്ന്, ളാഹിരീ മദ്ഹബിന്റെ പണ്ഡിതന്‍ ഇബ്‌നു ഹസം. അദ്ദേഹം കച്ചവടത്തിന് സകാത്ത് തീരെ നല്‍കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടു. രണ്ടാമത്തെ വിഭാഗം ശീഈകളിലെ ജഅ്ഫരീ മദ്ഹബുകാരാണ്. കച്ചവടത്തിന്റെ മുടക്കുമുതലിന് സകാത്തില്ല, എന്നാല്‍ ലാഭത്തിന് ഇരുപത് ശതമാനം സകാത്ത് നല്‍കണമെന്നാണ് അവരുടെ അഭിപ്രായം.
ഭൂരിപക്ഷം പണ്ഡിതന്മാരും അവലംബമാക്കിയ പ്രമാണങ്ങളും തെളിവുകളും സംക്ഷിപ്തമായി പരാമര്‍ശിക്കാം.
വിശുദ്ധ ഖുര്‍ആനിലെ 2:267 വചനമാണ് ഖുര്‍ആനില്‍നിന്നുള്ള ഒരു തെളിവ്. ''വിശ്വസിച്ചവരേ, നിങ്ങള്‍ സമ്പാദിച്ച ഉത്തമ വസ്തുക്കളില്‍നിന്നും നിങ്ങള്‍ക്ക് നാം ഭൂമിയില്‍ ഉല്‍പാദിപ്പിച്ചു തന്നതില്‍നിന്നും നിങ്ങള്‍ ചെലവഴിക്കുക.'' ഇമാം ബുഖാരി സകാത്തിന്റെ അധ്യായം ആരംഭിക്കുന്നത് ഈ വചനം ഉദ്ധരിച്ചുകൊണ്ടാണ്. ഇമാം ത്വബരി തന്റെ തഫ്‌സീറില്‍ 'ചെലവഴിക്കുക' എന്നതിന്റെ പൊരുള്‍ സകാത്ത് നല്‍കുക എന്നാണെന്ന് വിശദീകരിക്കുന്നു.
അഹ്കാമുല്‍ ഖുര്‍ആന്‍ എന്ന കൃതിയില്‍ ഇമാം അല്‍ജസ്സാസ് ഇപ്രകാരം രേഖപ്പെടുത്തുന്നു: ''നിങ്ങള്‍ സമ്പാദിച്ച ഉത്തമ വസ്തുക്കളില്‍നിന്ന് ചെലവഴിക്കുക എന്ന വചനം കച്ചവടത്തെ ഉദ്ദേശിച്ചാണെന്ന് പൂര്‍വിക പണ്ഡിതരില്‍ ഒരു വലിയ വിഭാഗം അഭിപ്രായപ്പെടുന്നു. ഈ വചനം പൊതുവായതിനാല്‍ മറ്റു സമ്പത്തുകളിലും സകാത്ത് നല്‍കണം. 'നിങ്ങള്‍ സമ്പാദിച്ച' എന്ന പ്രയോഗം എല്ലാ സമ്പാദ്യത്തിനും ബാധകമാണ്'' (അഹ്കാമുല്‍ ഖുര്‍ആന്‍ 1/543).
എല്ലാ ധനത്തിലും ഇല്ലാത്തവന്റെ അവകാശമുണ്ടെന്ന് സമര്‍ഥിക്കുന്ന മറ്റനേകം സൂക്തങ്ങള്‍ വേറെയുമുണ്ട്.
'ഞങ്ങള്‍ കച്ചവടത്തിനു വേണ്ടി തയാറാക്കിയതില്‍നിന്നും ദാനം നല്‍കാന്‍ നബി (സ) ഞങ്ങളോട് കല്‍പിക്കുക പതിവായിരുന്നു' (ദാറഖുത്‌നി, അബൂദാവൂദ്, മുന്‍ദിരി) എന്ന് ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. അബൂദര്‍റി(റ)ല്‍നിന്ന് ദാറഖുത്‌നി: ''ഒട്ടകങ്ങളില്‍ അവയുടെ സകാത്തുണ്ട്, ആടുകളില്‍ അവയുടെ സകാത്തുണ്ട്, വീട്ടുപകരണങ്ങളില്‍ അവയുടെ സകാത്തുണ്ട്.'' ഈ ഉപകരണങ്ങള്‍ സ്വന്തം ഉപയോഗത്തിനാണെങ്കില്‍ സകാത്തില്ല. അതിനാല്‍ കച്ചവടമാണ് ഇവിടെ ഉദ്ദേശ്യം.
''ഉമര്‍ (റ) എന്റെ അടുക്കലൂടെ നടന്നുപോയി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഹമാസേ, നിന്റെ ധനത്തിന്റെ സകാത്ത് നല്‍കൂ.' അപ്പോള്‍ ഞാന്‍ പറഞ്ഞു: 'എനിക്ക് തോല്‍ സഞ്ചികളും ഊറക്കിട്ട തോലുമല്ലാത്ത സ്വത്തൊന്നും ഇല്ല.' അദ്ദേഹം പറഞ്ഞു: അവയുടെ വില കണക്കാക്കി അതിന്റെ സകാത്ത് നല്‍കുക'' (ശാഫിഈ, അഹ്മദ്, ഇബ്‌നു അബീ ശൈബ, അബ്ദുര്‍റസ്സാഖ് ദാറഖുത്‌നി മുതലായവര്‍ റിപ്പോര്‍ട്ട്). കച്ചവടക്കാരുടെ അടുക്കല്‍നിന്ന് സകാത്ത് പിരിക്കാന്‍ ഉമറുബ്‌നു അബ്ദുല്‍ അസീസ് (റ) തന്റെ ഗവര്‍ണര്‍ക്ക് കല്‍പന നല്‍കിയിരുന്നു.
അബ്ദുല്ലാഹിബ്‌നു ഉമര്‍ പറഞ്ഞതായി അബൂഉബൈദ് തന്റെ അംവാലില്‍ രേഖപ്പെടുത്തുന്നു: കച്ചവടം ഉദ്ദേശിച്ചുള്ള അടിമകള്‍, ഉപകരണങ്ങള്‍ എന്നിവക്ക് സകാത്തുണ്ട് (പേജ് 425).
അബ്ദുല്ലാഹിബ്‌നു അബ്ബാസില്‍നിന്ന് കച്ചവടത്തിന് സകാത്തുണ്ടെന്ന് അംവാലില്‍ രേഖപ്പെടുത്തിയിരിക്കുന്നു (പേജ് 426).
വര്‍ധനവ് ലക്ഷ്യമിട്ടുള്ള സമ്പത്താണ് കച്ചവടച്ചരക്കുകള്‍. സകാത്തുണ്ടെന്ന് ഏകസ്വരത്തില്‍ അംഗീകരിക്കപ്പെട്ട മൂന്നിനങ്ങളെപ്പോലെ-കൃഷി, കാലികള്‍, നാണയം-യാണ് കച്ചവടച്ചരക്കുകളും (ഇബ്‌നു റുശ്ദ്, ബിദായ 1/217).

പൊതു തത്ത്വം
കച്ചവടച്ചരക്കുകള്‍ ഫലത്തില്‍ നാണയം തന്നെ. അവയും വിലയായ നാണയവും തമ്മില്‍ വ്യത്യാസമില്ല. കച്ചവടച്ചരക്കുകള്‍ക്ക് സകാത്തില്ലെങ്കില്‍ എല്ലാ പണക്കാര്‍ക്കും തങ്ങളുടെ ധനം കച്ചവടച്ചരക്കാക്കി മാറ്റാനാകുമല്ലോ. അങ്ങനെ സ്വര്‍ണത്തിനും വെള്ളിക്കും വര്‍ഷം തികയാതെ നീട്ടിക്കൊ് പോകാനും സാധിക്കും. ഫലത്തില്‍ അവര്‍ക്ക് സകാത്തേ കൊടുക്കേിവരില്ല (തഫ്‌സീറുല്‍ മനാര്‍, 10/591). നമ്മുടെ ധനികരായ കച്ചവടക്കാരില്‍ അധികപേരുടെയും കൈയില്‍ സകാത്ത് നല്‍കേണ്ടത്ര പണം റൊക്കമുണ്ടാവില്ല. മിക്ക വ്യാപാര ഇടപാടുകളും പരസ്പരം പണം കൈമാറിയല്ല നടക്കുന്നത്. മാത്രമല്ല സമ്പത്തിന്റെ മുഖ്യ ഭാഗവും കച്ചവടത്തില്‍ ഇറക്കിയിട്ടുമുാവും. അതിനൊന്നും സകാത്തില്ലെങ്കില്‍ പാവങ്ങളുടെ പരിരക്ഷയും രാഷ്ട്രത്തിന്റെ വികസനവും എങ്ങനെ നടക്കാനാണ്!
സമ്പന്നന്റെ മനഃസംസ്‌കരണവും ആത്മീയോന്നതിയും ലക്ഷ്യമിട്ടുള്ളതാണല്ലോ സകാത്ത്. ഇതിന്റെ ആവശ്യം ഏറ്റവും കൂടുതല്‍ കച്ചവടക്കാര്‍ക്കാണെന്നതില്‍ സംശയമില്ല. സംസാരത്തിലും കൊള്ളക്കൊടുക്കയിലും ധാരാളം അബദ്ധങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതാണ് കച്ചവടം. അതിനാല്‍ പ്രഗത്ഭ പണ്ഡിതരുടെ അഭിപ്രായമാണ് അവലംബനീയം.
കച്ചവടത്തിന്റെ സകാത്തിനെക്കുറിച്ച് അല്‍പം വിശദീകരിക്കാം.
കച്ചവടത്തിന്റെ സകാത്ത് രണ്ടര ശതമാനമാണ്. അത് കണക്കാക്കേണ്ടത് കൈവശമുള്ള പണം + സ്റ്റോക്കിലുള്ള ചരക്കിന്റെ യഥാര്‍ഥ വില + കിട്ടുമെന്ന് പ്രതീക്ഷയുള്ള കടം. ഇതിന്റെ മൊത്തം തുകയില്‍നിന്ന് കൊടുക്കാനുള്ള കടം കിഴിക്കണം. ബാക്കി മൊത്തം സംഖ്യയുടെ രണ്ടര ശതമാനം കാണണം. അതാണ് സകാത്തായി നല്‍കേണ്ടത്.
കച്ചവടത്തിന് സകാത്ത് നിര്‍ബന്ധമാവാന്‍ ചില നിബന്ധനകളുണ്ട്:
ഒന്ന്, മൊത്തം ധനം സകാത്ത് നിര്‍ബന്ധമാവാന്‍ വേണ്ട ഏറ്റവും ചുരുങ്ങിയ പരിധി എത്തിയിരിക്കണം (85 ഗ്രാം സ്വര്‍ണത്തിന്റെ വിലയാണത്).
രണ്ട്, ഒരു വര്‍ഷം പിന്നിടണം (ധനം കച്ചവടത്തിലിറക്കി ഒരു വര്‍ഷം പൂര്‍ത്തിയായ ശേഷമാണ് സകാത്ത് നിര്‍ബന്ധമാവുക).
മൂന്ന്, ചരക്ക് കച്ചവടത്തിനുള്ളതായിരിക്കണം (ഭൂമി, കെട്ടിടം, വാഹനം മുതലായവ, വില്‍പനക്കല്ലാതെ ഉപയോഗിക്കുകയോ വാടകക്ക് കൊടുക്കുകയോ ചെയ്യുമ്പോള്‍ അവയില്‍നിന്നുള്ള വരുമാനത്തിനാണ് സകാത്ത് കണക്കാക്കേണ്ടത്).
കച്ചവടച്ചരക്കുകള്‍ക്ക് വില നിര്‍ണയിച്ചാണ് സകാത്ത് കണക്കാക്കുക. പാക്കിംഗിനും മറ്റുമുള്ള വസ്തുക്കള്‍ക്ക് വില ഈടാക്കുന്നില്ലെങ്കില്‍ അവക്ക് വില നിശ്ചയിക്കേണ്ടതില്ല. വില ഈടാക്കുന്നുണ്ടെങ്കില്‍ അവക്കും വില നിശ്ചയിക്കണം (പാക്കിംഗിനുള്ള ബാഗുകള്‍ക്കും മറ്റും വില നിശ്ചയിക്കുന്ന രീതി കച്ചവടത്തില്‍ സാധാരണമാണ്).
വിലനിര്‍ണയം വര്‍ഷാവസാനം പ്രസ്തുത വസ്തുക്കള്‍ വാങ്ങാന്‍ വേണ്ട സംഖ്യയായിരിക്കണം. അല്ലാതെ, ബുക്ക് വാല്യുവോ മാര്‍ക്കറ്റ് വാല്യുവോ അല്ല അടിസ്ഥാനമാക്കേണ്ടത്. ഇടക്കാലത്ത് വിലയില്‍ ഏറ്റപ്പറ്റുണ്ടായാല്‍ പരിഗണിക്കേണ്ടത് സകാത്ത് നല്‍കുമ്പോഴുള്ള വിലയാണ്.
ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ ഏത് വ്യവസ്ഥയിലാണ് വാങ്ങിയത് എന്നതാണ് അവ കച്ചവടക്കാരന്റെ സ്റ്റോക്കില്‍ ഉള്‍പ്പെടുത്തുന്നതിന്റെ നിദാനം. വില്‍പനക്കാരന്‍ അയാളുടെ പോര്‍ട്ടില്‍ എത്തിക്കാനാണ് വ്യവസ്ഥയെങ്കില്‍ (എഫ്.ഒ.ബി), അത് മുതല്‍ വാങ്ങിയവന്റെ സ്റ്റോക്കായി കണക്കാക്കും. വാങ്ങിയവന്റെ പോര്‍ട്ടില്‍ എത്തിക്കാനാണ് കരാറെങ്കില്‍ (സി.ഒ.എഫ്), ചരക്ക് അയാളുടെ പോര്‍ട്ടിലെത്തുമ്പോള്‍ മാത്രമേ സ്റ്റോക്കില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
വ്യത്യസ്ത നാണയങ്ങളിലാണ് ഇടപാട് നടന്നതെങ്കില്‍ കച്ചവടക്കാരന്റെ നാണയത്തിലാണ് വില നിര്‍ണയിക്കേണ്ടത്.

അസംസ്‌കൃത വസ്തുക്കളുടെ സകാത്ത്
ഫാക്ടറികളില്‍ നിര്‍മാണത്തിന് അനിവാര്യമായ അസംസ്‌കൃത വസ്തുക്കള്‍ കച്ചവടച്ചരക്കായി കണക്കാക്കി വില നിര്‍ണയിച്ച് സകാത്ത് നല്‍കണം. കാര്‍ നിര്‍മാണ ഫാക്ടറിയിലെ ഇരുമ്പ് ഉദാഹരണം. ഭക്ഷണ നിര്‍മാണ ഫാക്ടറികളിലെ ധാന്യങ്ങള്‍, സസ്യങ്ങള്‍ മുതലായവ അസംസ്‌കൃത വസ്തുക്കളായി കണക്കാക്കണം. എന്നാല്‍ ഉല്‍പ്പന്നത്തിന്റെ ഭാഗമല്ലാത്ത വസ്തുക്കള്‍ക്ക് സകാത്ത് നല്‍കേണ്ടതില്ല. ഇന്ധനം ഉദാഹരണം.
കച്ചവട സ്ഥാപനങ്ങളുടെയും ഫാക്ടറികളുടെയും മറ്റും ഫിക്‌സഡ് അസറ്റിനു (കെട്ടിടം, യന്ത്രങ്ങള്‍, ഭൂമി, കെട്ടിടത്തിലെ ആന്തരിക സജ്ജീകരണങ്ങള്‍, ചരക്കു നീക്കത്തിനു വേണ്ട വാഹനങ്ങള്‍, മറ്റു ഉപകരണങ്ങള്‍ മുതലായവ) സകാത്ത് നല്‍കേണ്ടതില്ല.
ഉല്‍പാദന പ്രക്രിയ പൂര്‍ത്തിയായ വസ്തുക്കള്‍ക്കെന്ന പോലെ ഉല്‍പാദനത്തിലിരിക്കുന്ന വസ്തുക്കള്‍ക്കും വില നിര്‍ണയിച്ച് സകാത്ത് നല്‍കണം.
ഒരേസമയം കാര്‍ഷിക സകാത്തും കച്ചവട സകാത്തും നിര്‍ബന്ധമാവുന്ന ചരക്കുകള്‍ ഉണ്ടെങ്കില്‍ കച്ചവടച്ചരക്കിന്റെ സകാത്ത് നല്‍കിയാല്‍ മതി. ഉദാഹരണമായി, ധാന്യങ്ങള്‍ ഉപയോഗിച്ച് വിലയേറിയ വിവിധ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ധാന്യങ്ങളുടെ സകാത്തല്ല ചരക്കാണെന്ന അടിസ്ഥാനത്തില്‍ വിലനിര്‍ണയിച്ച് നിശ്ചയിക്കുന്ന സകാത്താണ് നല്‍കേണ്ടത്.

വികസന സാധ്യതകള്‍
സകാത്ത് പ്രത്യക്ഷത്തില്‍ ചെലവഴിക്കലാണെങ്കിലും സമ്പത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും സഹായകമായ അനേകം ഘടകങ്ങള്‍ അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതായി കാണാം. കച്ചവടച്ചരക്കുകള്‍ പരിശോധിച്ച് സ്റ്റോക്കിന് വില നിര്‍ണയിക്കുന്നത് വിവിധ ദിശകളില്‍ കച്ചവടത്തിന്റെ വളര്‍ച്ചക്ക് സഹായിക്കുന്നു. കാലഹരണപ്പെട്ടതോ പെടാനടുത്തതോ ആയ ചരക്കുകള്‍ ശ്രദ്ധയില്‍ പെടാന്‍ ഇത് സഹായിക്കുന്നു. പുതുതായി ചരക്കുകള്‍ വാങ്ങാനുള്ള വില പഠിച്ചാല്‍ മാത്രമേ ചരക്കിന് വില കെട്ടാനാവൂ. മാര്‍ക്കറ്റില്‍ വരുന്ന വിലമാറ്റം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഇത് സഹായിക്കുന്നു. ചില വസ്തുക്കള്‍ ചെലവാകാതെ കിടക്കുന്നത് കൃത്യമായി കണ്ടെത്താന്‍ കഴിയുന്നത് നഷ്ടം ഒഴിവാക്കാനും ലാഭം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
ഇങ്ങനെ നോക്കുമ്പോള്‍ ശരിയായ രീതിയില്‍ സകാത്ത് നല്‍കുന്ന വിശ്വാസികള്‍ കച്ചവടത്തില്‍ അഭിവൃദ്ധിപ്പെടാന്‍ അനുഗുണമായ നിയമങ്ങളാണ് സകാത്ത് വ്യവസ്ഥയിലുള്ളത് എന്ന് കാണാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (1-3)
ടി.കെ ഉബൈദ്‌

ഹദീസ്‌

സകാത്തുല്‍ ഫിത്വ്‌റിന്റെ പൊരുള്‍
സ്വലാഹ് നജീബ്‌