Prabodhanm Weekly

Pages

Search

2019 മെയ് 31

3104

1440 റമദാന്‍ 26

റമദാനു ശേഷമുള്ള ഖുര്‍ആന്‍ പഠനം

കെ.സി ജലീല്‍ പുളിക്കല്‍

റമദാനിലെ നോമ്പും അനുബന്ധ കര്‍മങ്ങളും കേവലം ചടങ്ങുകളല്ലെന്നും ജീവിത രംഗങ്ങളിലെല്ലാം പ്രതിഫലിക്കാനും ഉത്തേജനം നല്‍കാനും സന്മാര്‍ഗസരണിയില്‍ ഊര്‍ജസ്വലരായി മുന്നേറാനുള്ള കരുത്തു പകരാനും പര്യാപ്തമാണെന്നും ഇതിനകം പലരും മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പറഞ്ഞ വിധം റമദാനിന് ശേഷമുള്ള ഇസ്‌ലാമിക ജീവിതത്തെ സജീവമാക്കാനുള്ള ഊര്‍ജം സംഭരിക്കാന്‍ റമദാനിലെ ആരാധനാ കര്‍മങ്ങള്‍ക്കാകുന്നുണ്ടോ? റമദാനില്‍ ഖുര്‍ആന്‍ വായിക്കുകയും രാത്രി നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട് പലരും. എന്നിട്ടും പ്രതിഫലനം കാണാത്തതെന്തുകൊണ്ട്? പ്രതിഫലനമില്ലെങ്കിലും പ്രതിഫലം കിട്ടുമല്ലോ എന്നാണ് പൊതു ധാരണ.
ആരാധനാ കര്‍മങ്ങള്‍ ചൈതന്യവത്താക്കി അതിലൂടെ ജീവിതത്തെ ജീവസ്സുറ്റതാക്കുകയാണ് റമദാന്‍ നോമ്പും അനുബന്ധ കര്‍മങ്ങളും വഴി ലക്ഷ്യം വെക്കുന്നത്. ഖുര്‍ആനിന്റെ കൗതുകപൂര്‍ണമായ ചിത്രീകരണമാണ് ആരാധനാകര്‍മങ്ങളുടെ പ്രാധാന്യവും സ്ഥാനവും മര്‍മവും ചൈതന്യവും ഒന്നിച്ചുള്‍ക്കൊള്ളാനാവുക എന്നത്.

ഉത്തമ ഫലം പ്രദാനം ചെയ്യുന്ന ഒരുത്തമ വൃക്ഷം. ഉത്കൃഷ്ടമായ ആദര്‍ശ വചനത്തില്‍നിന്ന് ജന്മം കൊണ്ട് ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലേക്കും ശാഖോപശാഖകളായി വളര്‍ന്ന് പന്തലിച്ച് ഫലം നല്‍കിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിനെ ഖുര്‍ആന്‍ ഉദാഹരിച്ചത് ഈ വൃക്ഷത്തോടാണ്. കരുത്തുറ്റ ആദര്‍ശ വിശ്വാസത്തില്‍ അടിയുറച്ച മുരട്, ആ മുരട് ഭൂമിയില്‍നിന്ന് ശേഖരിച്ച ഉത്തമ പോഷകങ്ങളെ സ്വാംശീകരിച്ച് സാവകാശം വളര്‍ന്ന് കരുത്താര്‍ജിച്ച തടി. നാനാ ഭാഗത്തേക്കും പടര്‍ന്നു പന്തലിച്ച വന്‍ ശിഖരത്തെ, ഏത് കൊടുങ്കാറ്റിനെയും അതിജീവിച്ച് സംരക്ഷിച്ചു നിര്‍ത്തുന്നത് ഈ തടിയാണ്. അതേ, ഈ കരുത്തുറ്റ മരത്തടിയാണ് ആരാധനാ കര്‍മങ്ങള്‍. മരത്തടിയുടെ അഭാവത്തില്‍ വൃക്ഷം എന്ന സങ്കല്‍പം തന്നെ അപ്രസക്തമാണെന്ന പോലെ, ആരാധനാ കര്‍മങ്ങളുടെ അഭാവത്തില്‍ ഇസ്‌ലാം തന്നെ അപ്രസക്തമാണ്.
വിശ്വാസമാകുന്ന മുരട് ഭദ്രവും ശക്തവും പോഷക ശേഖരണശേഷിയുള്ളതുമല്ലെങ്കില്‍ അതിന്മേലുള്ള കാണ്ഡം ദുര്‍ബലവും നിര്‍ജീവവുമായിരിക്കുക സ്വാഭാവികമാണല്ലോ. അതിന്മേലുള്ള ശാഖകള്‍ എത്ര ദുര്‍ബലവും ഫലശൂന്യവുമായിരിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
ഇഫ്ത്വാര്‍, തറാവീഹ്, ദാനധര്‍മങ്ങള്‍ തുടങ്ങിയവയിലെല്ലാം സമുദായത്തിലെ എല്ലാ വിഭാഗങ്ങളും സജീവമാണ്. അതിന്റെയെല്ലാ ഗുണഫലങ്ങളും റമദാനില്‍ അനുഭവപ്പെടുന്നുമുണ്ട്. എന്നാല്‍ റമദാന്‍ വിടവാങ്ങിയാലോ? പഴയതുപോലെ തന്നെ. എന്നല്ല, നോമ്പുകാലത്ത് നിര്‍ജീവമാവുകയോ നിര്‍ത്തിവെക്കുകയോ ചെയ്തിരുന്ന ഇസ്‌ലാമിക പ്രവര്‍ത്തന സംരംഭങ്ങള്‍ വരെ പൂര്‍വാവസ്ഥയിലെത്താന്‍ പ്രയാസപ്പെടുന്നതാണ് കാണുന്നത്.
സ്വഹാബത്താണല്ലോ നമുക്ക് മാതൃക. അധഃപതനത്തിന്റെ അഗാധഗര്‍ത്തത്തില്‍നിന്ന് നിസ്തുലമായ ഔന്നത്യത്തിലേക്കവരെ എത്തിച്ചത് ഖുര്‍ആനായിരുന്നു. അതുതന്നെ നോമ്പുകാലത്തെ ഖുര്‍ആന്‍ പഠന വിചിന്തന പരിശീലനമായിരുന്നെന്ന് ചരിത്രം രേഖപ്പെടുത്തിയതാണല്ലോ. ഇത് തന്നെയായിരുന്നു റമദാനിലും നടക്കേണ്ടത്.
റമദാനില്‍ ഖുര്‍ആന്‍ കൂടുതല്‍ പഠിച്ചവര്‍, ഓതിത്തീര്‍ത്തവര്‍, വിശ്വാസവും കര്‍മങ്ങളും ആ ഖുര്‍ആനുമായി ബന്ധപ്പെടുത്തി പരിശോധിച്ച് ന്യൂനതകള്‍ കണ്ടെത്തി പരിഹരിച്ച് പുതുതായി ഊര്‍ജവും ശക്തിയും പകര്‍ന്ന് ഊര്‍ജസ്വലമായി രംഗത്തിറങ്ങി വരും മാസങ്ങളില്‍ തളരാതെ മുന്നേറാന്‍ സ്വയം പ്രാപ്തരാവുകയാണ് വേണ്ടത്. ഖുര്‍ആനുമായി ബന്ധിപ്പിക്കുന്നതോടെ തന്നെ അതിന്റെ ആശയങ്ങള്‍ എല്ലാ ഭാഗത്തേക്കും പ്രസരിച്ച് പെട്ടെന്ന് പ്രവര്‍ത്തിച്ച് തുടങ്ങുന്നു. അത്രയും ശക്തമാണ് ഖുര്‍ആന്‍.
ഖുര്‍ആന്‍ ആശയം ഗ്രഹിക്കുകയും ചിന്തിക്കുകയും ചെയ്യാതെ ഓതി കെട്ടിപ്പൂട്ടിവെക്കുന്ന സ്വഭാവത്തെ അന്ത്യപ്രവാചകന്‍ ശക്തമായി അപലപിച്ചിട്ടുണ്ട്. 'ഖുര്‍ആനിന്റെ വക്താക്കളേ, നിങ്ങള്‍ ഖുര്‍ആനിനെ തലയണയാക്കരുത്' എന്ന് തുടങ്ങുന്ന നബിവചനത്തില്‍, ശക്തമായ ഈ താക്കീത് നല്‍കുന്നതോടൊപ്പം ഖുര്‍ആന്‍ പഠന സ്വഭാവവും വിവരിച്ചിട്ടുണ്ട്.
ഈ നബിവചനത്തില്‍നിന്നും മറ്റു ചില നബിവചനങ്ങളില്‍നിന്നും ലഭിക്കുന്ന ഖുര്‍ആന്‍ പഠനരീതിയിതാ:

1. ഖുര്‍ആന്‍ പഠനം പരമപ്രധാനമാണ്. അവഗണന അപകടമാണ്, ശാപഹേതുകമാണ്.
2. ദിനേന നിസ്സാരമല്ലാത്ത സമയം ഖുര്‍ആനിന് നീക്കിവെക്കണം.
3. വായിക്കുമ്പോള്‍ അര്‍ഥവും ആശയവും ലളിതമായി ഗ്രഹിക്കാന്‍ സാധിക്കണം.
4. ആശയം ഗ്രഹിച്ചുകൊണ്ട് ചിന്തയോടെ നിരന്തരം പാരായണം ചെയ്തുകൊണ്ടേയിരിക്കണം.
5. വ്യക്തിതലങ്ങളിലും കുടുംബതലങ്ങളിലും സുഹൃദ് തലങ്ങളിലും ഈ പഠനം നടക്കണം. ഇതിന് പ്രചാരണവും വ്യാപനവും വേണം.
6. ഈ പഠനത്തോടൊപ്പം, ഇവരെല്ലാം ഒത്തുചേര്‍ന്ന കൂട്ടായ പഠനത്തിന് സംരംഭം വേണം. ഒത്തുകൂടി നടത്തുന്ന പ്രസ്തുത സംഘടിത പഠനത്തിന്റെ പ്രാധാന്യവും പഠനരീതിയും പ്രവാചകന്‍ പഠിപ്പിക്കുന്നത് നോക്കൂ:
അബൂഹുറയ്‌റയില്‍നിന്ന് നിവേദനം. നബി (സ) അരുളി: ''ഒരാള്‍ ജ്ഞാന സമ്പാദന മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍ അല്ലാഹു അവന് സ്വര്‍ഗ പ്രവേശനമാര്‍ഗം എളുപ്പമാക്കി കൊടുക്കും. അല്ലാഹുവിന്റെ ഏതെങ്കിലും ഒരു ഭവനത്തില്‍ ഒരുമിച്ചു കൂടുകയും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം പരസ്പരം ചര്‍ച്ച ചെയ്ത്, അന്യോന്യം വിജ്ഞാനം കൈമാറി പഠനം നടത്തുകയും ചെയ്തവര്‍ക്ക് സമാധാനം ഇറങ്ങാതിരിക്കില്ല. അല്ലാഹുവിന്റെ കാരുണ്യം അവരെ പൊതിയും. മലക്കുകള്‍ അവരെ വലയം ചെയ്യും. തന്റെ അടുത്തുള്ളവരോട് അല്ലാഹു അവരെക്കുറിച്ച് പറയുകയും ചെയ്യും'' (മുസ്‌ലിം).
നോക്കൂ, ഖുര്‍ആന്‍ പഠനത്തിന്റെ ശ്രേഷ്ഠത. വിജ്ഞാനത്തിന്റെ പര്യായം തന്നെ ഖുര്‍ആന്‍ പഠനം. അതിന്റെ പുണ്യമോ? അത് റമദാനില്‍ കൂടിയായാലോ? ഈ റമദാനില്‍ സജീവമായിരുന്ന ഖുര്‍ആന്‍ വായനാ പഠനം വരും നാളുകളില്‍ വ്യവസ്ഥാപിതമായി തുടരട്ടെ. ആധുനിക പഠന സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തിയും കുടുംബ, സൗഹൃദ കൂട്ടായ്മയിലൂടെ മുന്നോട്ടുപോയും മുഷിപ്പില്ലാത്ത ഖുര്‍ആന്‍ പഠനത്തിന്റെ കവാടം നമുക്ക് മുന്നില്‍ തുറന്നുതന്നെ കിടക്കട്ടെ.

 

 

ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബിന്

അവസാനിച്ചു എന്ന സൂചനയോടെയുള്ള താങ്കളുടെ ആ ലേഖനം കണ്ണീര്‍ കണങ്ങളോടെയാണ് വായിച്ചത്. അത് പെട്ടെന്ന് നിര്‍ത്തരുതായിരുന്നു. നിങ്ങള്‍ അങ്ങനെ വിടവാങ്ങാന്‍ പാടില്ല. നിങ്ങളുടെ ദീര്‍ഘായുസ്സിന് ഈ പരിശുദ്ധ റമദാനില്‍ പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ സേവനം നമ്മുടെ പ്രസ്ഥാനത്തിന് ഇനിയും ഒത്തിരി വേണം. ഇതിന് മുമ്പ് ഒരു അസുഖ വിവരം കേട്ടപ്പോഴും നിങ്ങള്‍ക്ക് വേണ്ടി ഉള്ളുരുകി പ്രാര്‍ഥിച്ചിരുന്നു. ഞാനൊരു പഴയ പ്രസ്ഥാന കുടുംബക്കാരനൊന്നുമല്ല, വൈകി എത്തിയവനാണ് ഈ സംഘത്തില്‍. ആ 'സമ്പൂര്‍ണത' വായിച്ചു മനസ്സിലാക്കിയപ്പോള്‍ ഇതില്‍നിന്ന് വേറിടാനും വയ്യാതെയായി. അങ്ങനെ ഈ പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത് മുന്നോട്ടുപോകുന്നു. ഇപ്പോഴും നിങ്ങള്‍ പറഞ്ഞ പോലെ ഒരു 'അനുഭാവി'യുടെ കോളത്തിലാണ് എന്റെ സ്ഥാനമെങ്കിലും ഈ പ്രസ്ഥാനത്തെ അതിന്റെ 'എലൈറ്റ് ടീമായ' അംഗങ്ങളെപ്പോലെ ഞാനും സ്‌നേഹിക്കുന്നു. കമ്പ്യൂട്ടര്‍ ഇന്നത്തെപ്പോലെ വ്യാപകമല്ലാത്ത കാലത്ത്, പ്രസ്ഥാനത്തിന് വേണ്ടി നിങ്ങള്‍ക്ക് ഇംഗ്ലീഷില്‍ ഒരു ലെറ്റര്‍ ടൈപ്പ് ചെയ്തു തരാനുള്ള ഭാഗ്യം എനിക്കും കിട്ടിയിട്ടുണ്ട്.

അബു ചുള്ളിയോട് (ജിദ്ദ)

 

 

പുതിയ വെല്ലുവിളികള്‍ക്കെതിരെ ഉമ്മത്തിനെ സജ്ജരാക്കണം

ഇസ്‌ലാമിനെതിരില്‍ വിമര്‍ശനങ്ങള്‍ എല്ലാ കാലഘട്ടത്തിലുമുണ്ടായിട്ടുണ്ട്. അതിനെയെല്ലാം അതത് കാലങ്ങളിലെ പണ്ഡിതന്മാര്‍ കൃത്യമായി അഭിമുഖീകരിക്കുകയും പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അത്തരം വിമര്‍ശനങ്ങളെ നേരിട്ട് വളരുന്ന ഇസ്‌ലാമിനെയാണ് ചരിത്രത്തില്‍ നാം കാണുന്നത്. പക്ഷേ, ഇന്ന് ഒരു പടി കൂടി കടന്ന് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ കത്തിവെക്കുന്ന തരത്തില്‍ സമുദായത്തിന്റെ അകത്തുനിന്ന് ചില പണ്ഡിത വേഷധാരികള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നത് നാം കാണുന്നു. അവര്‍ ഹദീസുകളെ നിഷേധിക്കുന്നു, സകാത്തിനെയും ഹജ്ജിനെയും നോമ്പിനെയുമെല്ലാം ലഘുകരിക്കുന്ന വാദങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇവയെല്ലാം മാര്‍ക്കറ്റ് ചെയ്യുന്നു. കുറേ മുസ്‌ലിം ചെറുപ്പങ്ങളെങ്കിലും ഇത്തരം കെണികളില്‍ വീണ് പോകുന്നുമുണ്ട് എന്നത് ഗൗരവതരമാണ്.
കേവല മദ്‌റസാ പഠനത്തിന്റെ പുറത്തേക്ക് അറിവില്ലാത്ത അല്‍പജ്ഞാനികളാണ് പെട്ടുപോകുന്നവരിലധികവും, അല്ലെങ്കില്‍ വിശ്വാസത്തില്‍ ഉറപ്പില്ലാത്തവര്‍. എങ്ങനെയൊക്കെയായാലും സമുദായം ഇവരെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പല പേരുകളില്‍ ഇവര്‍ അറിയപ്പെടുന്നുണ്ട്. ഖുര്‍ആനിസ്റ്റുകളെന്നതാണ് ഒരു മുഖം.
ഇസ്‌ലാമിന്റ അടിസ്ഥാന പ്രമാണങ്ങളില്‍ കൈകടത്തി ദീനിനെ തകര്‍ക്കുകയെന്നതാണ് ലക്ഷ്യം.
കൃത്യമായ മുന്നൊരുക്കത്തോട് കൂടി വ്യാജവാദങ്ങളും തെളിവുകളുമായി വരുന്ന ഇക്കൂട്ടരുടെ വാദങ്ങള്‍ക്ക് മുന്നില്‍ സാധാരണക്കാരായ മുസ്‌ലിം സുഹൃത്തുക്കള്‍ പതറിപ്പോകുന്നു.
ഇക്കൂട്ടര്‍ക്കെതിരെ കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാമിക സംഘടനകള്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. രചനാത്മകമായി തന്നെ ഇതിനെ സമീപിക്കണം. ചെറുപ്പക്കാര്‍ക്ക് ദീനിനെ കുറിച്ചും അടിസ്ഥാന വിശ്വാസങ്ങളെ കുറിച്ചും കേവല വിവരങ്ങള്‍ക്കപ്പുറം വ്യക്തമായ അറിവ് ഉണ്ടാക്കികൊടുക്കുന്ന പരിപാടികളും അനിവാര്യമാണ്.

ഇ.എം ഉബൈദത്ത് പെരുമ്പാവൂര്‍

 

 


മനുഷ്യബന്ധങ്ങളുടെ നന്മ

2019 മെയ് 3-ലെ പ്രബോധനം വാരിക വിലപ്പെട്ട ലേഖനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. റമദാനില്‍ ജീവിതം പുതുക്കിപ്പണിയുകയാണ് എന്ന സി.എസ് ഷാഹിന്റെ ലേഖനം വളരെ ഭംഗിയായി. റമദാനിനെ വരവേല്‍ക്കുന്ന വിശ്വാസിക്ക് ഈ ലക്കം വിലപ്പെട്ടതാണ്.
കെ.പി കുഞ്ഞിമൂസ സാഹിബിനെ അനുസ്മരിച്ച പി.കെ ജമാല്‍ സാഹിബിന്റെ ഓര്‍മ വായിച്ചപ്പോള്‍ കണ്ണു നനഞ്ഞു. നന്മ നിറഞ്ഞ വ്യക്തികളുടെ സംഗമവേദിയായ ചന്ദ്രികയുടെ ഡസ്‌കിലെ പഴയ കാലം മനുഷ്യബന്ധങ്ങളുടെ നന്മയെ ഓര്‍മിപ്പിച്ചു.

എം.എ റഫീഖ് തലക്കടത്തൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (1-3)
ടി.കെ ഉബൈദ്‌

ഹദീസ്‌

സകാത്തുല്‍ ഫിത്വ്‌റിന്റെ പൊരുള്‍
സ്വലാഹ് നജീബ്‌