Prabodhanm Weekly

Pages

Search

2019 മെയ് 31

3104

1440 റമദാന്‍ 26

സ്വൂഫികളുടെ അതിവാദങ്ങള്‍

ഡോ. മുഹമ്മദ് അബ്ദുല്‍ഹഖ് അന്‍സാരി

ഇമാം ഇബ്‌നുതൈമിയ്യ സമാനതകളില്ലാത്ത പരിഷ്‌കര്‍ത്താവ് - 9

ഇബ്‌നുതൈമിയ്യ ഊന്നിപ്പറഞ്ഞ മറ്റൊരു പ്രധാന വശം, ഏറ്റവും മികച്ച രീതിയില്‍ എങ്ങനെ ദൈവത്തിന് വഴിപ്പെടാം, എങ്ങനെ ഒരു തികവുറ്റ ദൈവദാസനാകാം തുടങ്ങിയ കാര്യങ്ങളും നമുക്ക് പഠിപ്പിച്ചുതരേണ്ടത് ഖുര്‍ആനും സുന്നത്തും തന്നെയാണ് എന്നതാണ്. പ്രവാചകനെ നിയോഗിക്കുന്നത് ദൈവത്തിലേക്കുള്ള വഴി കാണിച്ചുകൊടുക്കാനാണ്; മനസ്സിനെ എങ്ങനെ ദുര്‍വിചാരങ്ങളില്‍നിന്ന് മോചിപ്പിച്ച് സംസ്‌കരിക്കാം എന്ന് പഠിപ്പിച്ചുകൊടുക്കാനാണ്. അങ്ങനെ ദൈവത്തിന്റെ തൃപ്തി(രിദാ)യും സാമീപ്യ(ഖുര്‍ബ്)വും എങ്ങനെ കരസ്ഥമാക്കാമെന്ന് പറഞ്ഞുകൊടുക്കാനും. ഇതിനൊക്കെയുള്ള വഴി (ത്വരീഖഃ) പ്രവാചകന്‍ തന്നെ ഒന്നും വിട്ടുകളയാതെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ ത്വരീഖ പിന്തുടര്‍ന്നുകൊണ്ട് അദ്ദേഹത്തിന്റെ അനുചരന്മാര്‍ തങ്ങളുടെ ജീവിത ലക്ഷ്യ സാക്ഷാത്കാരത്തിന്റെ പൂര്‍ണതയില്‍ എത്തിച്ചേര്‍ന്നിട്ടുമുണ്ട്. പ്രവാചകന്റെ ഈ സുലൂതില്‍/ ത്വരീഖയില്‍ എല്ലാമുണ്ട്- നമസ്‌കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം, ദിക്ര്‍, സദ്‌വൃത്തമായ ജീവിതം, മനുഷ്യസ്‌നേഹം, ഇസ്‌ലാമിക പ്രബോധനം, നന്മ ഉപദേശിക്കലും തിന്മ തടയലും, ദൈവമാര്‍ഗത്തിലെ സമരം തുടങ്ങിയ എല്ലാം. പ്രവാചകന്റെയും അദ്ദേഹത്തിന്റെ സഹചരന്മാരുടെയും ഈ ജീവിതവഴികള്‍ അവയുടെ വിശദാംശങ്ങളോടെ തന്നെ ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ട് കിടക്കുന്നതായും ഇബ്‌നുതൈമിയ്യ ചൂണ്ടിക്കാട്ടുന്നു.
പക്ഷേ, നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ സ്വൂഫികള്‍ തങ്ങളുടേതായ ത്വരീഖകളും സുലൂകുകളും (വഴികള്‍) ഉണ്ടാക്കാന്‍ തുടങ്ങി. അവയില്‍ പലതും പ്രവാചകചര്യയില്‍നിന്ന് എടുത്തത് തന്നെ; മറ്റു പലതും അവര്‍ സ്വന്തമായി കൂട്ടിച്ചേര്‍ത്തതും. അവയില്‍ രണ്ടെണ്ണം ഇബ്‌നുതൈമിയ്യ പ്രത്യേകമായി എടുത്തു പറയുന്നുണ്ട്. ഒന്ന് ഖല്‍വഃയാണ്. അതായത് ജനങ്ങളില്‍നിന്നൊക്കെ അകന്നു മാറി ഒറ്റക്ക് ഒരിടത്ത് പോയി ഇരിക്കുക. അത് പര്‍വതങ്ങളിലെ ഗുഹകളിലോ കാടുകളിലോ ഒക്കെയാവാം. അല്ലെങ്കില്‍ ഇതേ ലക്ഷ്യത്തിനു വേണ്ടി പണികഴിപ്പിച്ച സാവിയകളിലോ ഖാന്‍ഖാഹുകളിലോ. ഒരു നിശ്ചിത സമയം, ഉദാഹരണത്തിന് നാല്‍പത് ദിവസം, അവര്‍ പൂര്‍ണ ധ്യാനത്തിലായിരിക്കും. സ്വൂഫികള്‍ ഈ ധ്യാനത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പ് മുഹമ്മദ് നബി (സ) ഹിറാ ഗുഹയില്‍ പോയി ധ്യാനമിരുന്നില്ലേ എന്നാണ് അവര്‍ ഉന്നയിക്കുന്ന ന്യായം. ഇബ്‌നുതൈമിയ്യ വാദിച്ചത്, ഇത് ബിദ്അത്താണ് എന്നാണ്. അതായത് യാതൊരു മതകീയ ന്യായവുമില്ലാത്ത പുതുനിര്‍മിതി. പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പുള്ള നബിയുടെ പ്രവൃത്തികള്‍ നബിചര്യ(സുന്നത്ത്)യാണെന്ന് പറയാന്‍ കഴിയില്ല. അതൊക്കെയും പിന്തുടരപ്പെടേണ്ടതുമില്ല. മറ്റൊരു കാര്യവും ഓര്‍ക്കണം. പ്രവാചകനായ ശേഷം ഒരിക്കല്‍ പോലും അവിടുന്ന് ഹിറാ ഗുഹയില്‍ പോയിട്ടില്ല. ഉദ്ദേശിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിനത് എളുപ്പം സാധിക്കുമായിരുന്നല്ലോ. വേറെ ഗുഹകളിലും അദ്ദേഹം ധ്യാനമിരുന്നിട്ടില്ല. സ്വഹാബിമാരില്‍ ഒരാളും ഇങ്ങനെ ചെയ്തതായി നാം കാണുന്നുമില്ല. ഇതൊരു പുണ്യകര്‍മമായിരുന്നെങ്കില്‍ പ്രവാചകന്‍ തന്നെ തന്റെ അനുയായികളെ അത് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുമായിരുന്നല്ലോ.
ഇബ്‌നുതൈമിയ്യ രണ്ടാമതായി രൂക്ഷമായി വിമര്‍ശിക്കുന്നത് സ്വൂഫികളുടെ ദിക്ര്‍ ആചരണത്തെയാണ്. പ്രവാചകന്‍ പഠിപ്പിച്ചതും ആധികാരിക ഗ്രന്ഥങ്ങളില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നതുമായ ദിക്‌റുകളിലെ ഓരോ വാക്യവും വളരെ അര്‍ഥസമ്പുഷ്ടമാണ്. 'അല്ലാഹ്' എന്നോ 'ഹൂ' (അവന്‍) എന്നോ മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നതിന് ഒരു തെളിവുമില്ല. പ്രവാചകനോ അനുചരന്മാരോ അങ്ങനെയൊന്ന് പഠിപ്പിച്ചിട്ടുമില്ല. ഇത് സ്വൂഫികളുടെ ഒരു നവനിര്‍മിതിയാണ്. ഒരു നിലക്കും ഇതിനെ ന്യായീകരിക്കാനാവില്ല. 'ലാഇലാഹ ഇല്ലല്ലാഹ്' എന്ന ദിക്ര്‍ സാധാരണക്കാരന്റേതും, 'അല്ലാഹ്' എന്ന ദിക്ര്‍ ശ്രേഷ്ഠ പദവി ആര്‍ജിച്ചവരുടേതുമാണ് എന്ന ഇമാം ഗസാലിയുടെ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല.
സ്വൂഫിചര്യ(സുലൂക്)യില്‍ ഏറ്റവും പ്രധാനമാണ്, അഹത്തെ ഇല്ലാതാക്കി ദൈവത്തില്‍ വിലയം കൊള്ളുന്ന 'ഫനാ' അനുഭവം. ഇതിനെ ഇബ്‌നുതൈമിയ്യ കാണുന്നത് പ്രവാചക സുലൂകിന്റെ ഭാഗമായാണ്. എന്നാല്‍, പില്‍ക്കാല ഇന്ത്യന്‍ സ്വൂഫികളായ ശൈഖ് അഹ്മദ് സര്‍ഹിന്ദി (മ. 1034/1624), ശാഹ് വലിയ്യുല്ലാ ദഹ്‌ലവി (മ. 1176/1762) തുടങ്ങിയവര്‍ ഇതൊരിക്കലും പ്രവാചക ചര്യയുടെ ഭാഗായിരുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.1 ഇബ്‌നുതൈമിയ്യ ഇതിനെ പുതുനിര്‍മിതി എന്നു വിളിക്കുന്നില്ല. ശൈഖ് അബ്ദുല്ല അന്‍സാരി അല്‍ ഹര്‍വി(മ. 481/1088)യെപ്പോലുള്ള ഒരു സ്വൂഫി, സ്വൂഫി സുലൂകിന്റെ ലക്ഷ്യം തന്നെ ഫനാ അനുഭവമാണെന്ന് പറയുന്നതിനോടും, ഇതിനെ മുന്‍നിര്‍ത്തി ഇബ്‌നു അറബിയെപ്പോലുള്ള ഒരാള്‍ ഉണ്മയുടെ ഏകത (വഹ്ദതുല്‍ വുജൂദ്) എന്ന ആശയം വികസിപ്പിക്കുന്നതിനോടും മാത്രമാണ് ഇബ്‌നുതൈമിയ്യക്ക് എതിര്‍പ്പുള്ളത്.2
ഇബ്‌നുതൈമിയ്യ വളരെ നിശിതമായി നിരൂപണം ചെയ്തിട്ടുള്ളത് സ്വൂഫിസത്തിലെ വഹ്ദതുല്‍ വുജൂദ് എന്ന ആശയത്തെയാണ്. ഇബ്‌നു അറബി വികസിപ്പിച്ച ഈ ആശയം രണ്ട് അടിസ്ഥാനങ്ങളിലാണ് നിലകൊള്ളുന്നത്. ഒന്ന്: ഒരു വസ്തുവിന്റെ സത്ത (Essence) എന്ന് പറയുന്നത് അതിന്റെ ഉണ്മ (Existence) യേക്കാള്‍ അപ്പുറമുള്ള ഒന്നാണ്. അത് കേവലം ഇല്ലായ്മ (Non-entity) അല്ല. ഉണ്മ ഉണ്ടാകും മുമ്പ് തന്നെ ആ സത്തയുണ്ട്. രണ്ട്: ദൈവാസ്തിത്വം എന്നത് പ്രപഞ്ചാസ്തിത്വത്തില്‍നിന്ന് ഭിന്നമല്ല; രണ്ടും ഒന്നുതന്നെയാണ്.3 ഈ രണ്ട് ചിന്താഗതികളെയും ഇബ്‌നുതൈമിയ്യ തള്ളിക്കളയുന്നു. മൂര്‍ത്ത യാഥാര്‍ഥ്യങ്ങളുടെ വക്താവ് (Nominalist) ആണ് ഇബ്‌നുതൈമിയ്യ എന്ന് നാം നേരത്തേ വിശദീകരിച്ചിട്ടുണ്ട്. സാമാന്യ/അമൂര്‍ത്ത ആശയങ്ങളെ അദ്ദേഹം നിരാകരിക്കും. അതിനാല്‍ ഉണ്മക്കു മുമ്പ് സത്ത ഉണ്ടായിരുന്നു പോലുള്ള ആശയവാദമൊന്നും അദ്ദേഹത്തിന് സ്വീകാര്യമാവുകയില്ല. ദൈവ-പ്രപഞ്ച അസ്തിത്വങ്ങളെ സമീകരിക്കുന്നത് അദ്ദേഹം തള്ളിക്കളയുന്നതിന്റെ ന്യായവും നമുക്ക് പിടികിട്ടും. അസ്തിത്വം എന്നു പറയുന്നത് നിരുപാധികമായ ഒന്നല്ല. അമൂര്‍ത്തവുമല്ല. ഈ കാര്യമോ അല്ലെങ്കില്‍ ആ കാര്യമോ ഒക്കെയാണ് നിലനില്‍ക്കുന്നത്. ദൈവത്തിന്റെ അസ്തിത്വം എന്ന് പറയുന്നത് ദൈവത്തിന്റെ അസ്തിത്വം തന്നെയാണ്. പ്രപഞ്ചത്തിന്റെ അസ്തിത്വം പ്രപഞ്ചത്തിന്റേതും. ഒന്ന് മറ്റേതില്‍നിന്ന് അഭിന്നമാണ് (Identical) എന്നു പറയാനേ പാടില്ല. കേവല അസ്തിത്വം എന്നത് അമൂര്‍ത്തമായ ആശയമാണ്; യാഥാര്‍ഥ്യമല്ല.
ഏക ഉണ്മാ വാദത്തെ/ അദൈ്വതത്തെ ഇബ്‌നുതൈമിയ്യ നിശിതമായി വിചാരണ ചെയ്യാന്‍ വേറെയും കാരണങ്ങളുണ്ട്. അതില്‍നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങള്‍ മതത്തെയും ധാര്‍മികതയെയുമൊക്കെ അത്രയേറെ പരിക്കേല്‍പിച്ചിരുന്നു. എന്തെല്ലാം തരം വാദങ്ങളാണ്! ദൈവത്തിന്റെ ഗുണവിശേഷങ്ങള്‍ യാഥാര്‍ഥ്യമല്ല, അവ കേവലം ബന്ധങ്ങളാണ്; ലോകം ദൈവത്തില്‍നിന്ന് നിര്‍ഗളിക്കുന്നതാണ്, അല്ലാതെ അവന്‍ തന്റെ ഇഛയാല്‍ സൃഷ്ടിക്കുന്നതല്ല; മനുഷ്യന്റെ പ്രവൃത്തി അവനല്ല ചെയ്യുന്നത്, ദൈവം തന്നെയാണ്, മനുഷ്യന് സ്വന്തമായി ഇഛയില്ല; വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും ദൈവം തന്നെയാണ്, നന്മയും തിന്മയുമെല്ലാം ചെയ്യുന്നത് അവന്‍ തന്നെ; ദൈവം തന്നെയാണ് ആരാധിക്കുന്നതും ആരാധിക്കപ്പെടുന്നതും; അവന്‍ തന്നെയാണ് കൊല്ലുന്നതും കൊല്ലപ്പെടുന്നതും; ഒന്നും അതിന്റെ സത്തയില്‍ നന്മയോ തിന്മയോ അല്ല; വിശ്വാസവും അവിശ്വാസവും ഒന്നുതന്നെയാണ്; തൗഹീദ് തന്നെയാണ് ശിര്‍ക്ക്, മറ്റു ദൈവങ്ങളെ ആരാധിച്ചാലും അത് ഏകദൈവത്തെ ആരാധിക്കല്‍ തന്നെയാണ്, കാരണം ഏകദൈവമല്ലാതെ മറ്റൊന്നും നിലനില്‍ക്കുന്നില്ലല്ലോ; ഏകദൈവത്തെ ആരാധിക്കണമെന്ന പ്രവാചകാഹ്വാനം വ്യാജമാണ്; കാരണം ദൈവമല്ലാതെ മറ്റൊരു ദൈവത്തിനും നിലനില്‍പ് ഇല്ലല്ലോ; നരകം എന്നത് നരകിക്കുന്ന ഇടമല്ല, സന്തോഷിക്കുന്ന ഇടം തന്നെയാണ്; പക്ഷേ അത് സ്വര്‍ഗത്തിലെ സന്തോഷത്തില്‍നിന്ന് വ്യത്യസ്തമായിരിക്കുമെന്നു മാത്രം... ഇങ്ങനെ പോകുന്നു തലതിരിഞ്ഞ വാദങ്ങള്‍.
ചില സ്വൂഫികള്‍, തങ്ങള്‍ക്ക് ഉണ്ടായെന്ന് പറയപ്പെടുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വാദിക്കുന്നത്, കശ്ഫിലൂടെ/ തങ്ങള്‍ വികസിപ്പിച്ച കഴിവുകളിലൂടെ പ്രവാചകന്മാര്‍ക്ക് ലഭിച്ച 'വലായ'(പ്രാമാണ്യം)യേക്കാള്‍ മികച്ച 'വലായ' തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു എന്നാണ്. അതായത് 'വലിയ്യ്' എന്ന പദവിയിലെത്തിയവര്‍ 'നബി' എന്ന പദവിയിലെത്തിയവരേക്കാള്‍ ശ്രേഷ്ഠരാണെന്ന്! പ്രവാചകത്വമുദ്ര ഉള്ളതുപോലെ സ്വൂഫിമുദ്രയും ഉണ്ടത്രെ. ഇത്തരം ആശയങ്ങളെ ഇബ്‌നുതൈമിയ്യ പരിശോധിക്കുന്നുണ്ട്. നബിയേക്കാള്‍ വലിയവനല്ല വലിയ്യ്. എന്നല്ല നബിയുടെ അടുത്തൊന്നും വലിയ്യ് എത്തുകയുമില്ല. ഒരാള്‍ വലിയ്യ് ചമഞ്ഞതുകൊണ്ടൊന്നും അയാള്‍ക്ക് നബിയുടെ മാര്‍ഗദര്‍ശനമോ വെളിപാടുകളോ ആവശ്യമില്ലാതാകുന്നില്ല. ഒരാള്‍ക്ക് അല്ലാഹുവിന്റെ വലായത്ത് (സൗഹൃദവും പിന്തുണയും) ലഭിക്കണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ അനിവാര്യമാണ്; ഒന്ന്, ദൈവ വിശ്വാസം. രണ്ട്, അവന്‍ നിയോഗിച്ച പ്രവാചകനെ അനുസരിക്കല്‍. ദൃഢവിശ്വാസത്തോടെ ആര്‍ പ്രവാചകനെ പിന്തുടരുന്നുവോ അയാളാണ് യഥാര്‍ഥ വലിയ്യ്. ഈയൊരു ആത്മീയ പദവിയാര്‍ജിക്കാന്‍ സ്വൂഫി ത്വരീഖത്തുകള്‍ പിന്തുടരേണ്ട യാതൊരു കാര്യവുമില്ല; നിഗൂഢാനുഭൂതികള്‍ ഉണ്ടാവുകയോ കശ്ഫിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയോ വേണ്ടതില്ല. വലായത്ത് എന്ന പദവി എല്ലാ മനുഷ്യര്‍ക്കുമായി തുറന്നിട്ട ഒരു ജാലകമാണ്. കര്‍ഷകനോ കച്ചവടക്കാരനോ പണ്ഡിതനോ മുജദ്ദിദോ ഭരണാധികാരിയോ ആരാവട്ടെ, അവര്‍ക്കെല്ലാം ആ പദവിയില്‍ എത്തിച്ചേരാന്‍ കഴിയും.
സുഹ്ദ് (സുഖാനുഭവ വര്‍ജനം), വറഅ് (ദൈവാനുരാഗം), അമാനത്ത് (വിശ്വാസമര്‍പ്പിക്കല്‍), രിദാ (ദൈവിക തൃപ്തി) തുടങ്ങിയ സംജ്ഞകള്‍ക്ക് സ്വൂഫികള്‍ നല്‍കുന്ന വ്യാഖ്യാനങ്ങളെയും ഇബ്‌നുതൈമിയ്യ പരിശോധിക്കുന്നുണ്ട്. അവയില്‍ ഖുര്‍ആനുമായും സുന്നത്തുമായും ആദ്യകാല സച്ചരിതരുടെ ചര്യകളുമായും ഒത്തുവരുന്ന വ്യാഖ്യാനങ്ങള്‍ ഏതൊക്കെയെന്നും, സ്വന്തം ആശയങ്ങളാലും അനുഭവങ്ങളാലും സ്വൂഫികള്‍ നടത്തിയ വ്യാഖ്യാനങ്ങള്‍ ഏതൊക്കെയന്നും അദ്ദേഹം വേര്‍തിരിക്കുന്നു. ഇബ്‌നുതൈമിയ്യക്കു മുമ്പ് ഇബ്‌നുല്‍ ജൗസി (മ. 597/1200) തന്റെ തല്‍ബീസു ഇബ്‌ലീസ് എന്ന കൃതിയില്‍ ഇത്തരമൊരു അവലോകനം നടത്തുന്നുണ്ട്. ഇബ്‌നുതൈമിയ്യയാകട്ടെ ഇത്തരം സംജ്ഞകളുടെ വിശാലമായ അര്‍ഥതലങ്ങളെക്കുറിച്ച് ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ വിശദമായ അന്വേഷണം തന്നെയാണ് നടത്തുന്നത്. ഈ അന്വേഷണം അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇബ്‌നുല്‍ ഖയ്യിം (മ. 751/1350) തന്റെ മദാരിജുസ്സാലികീന്‍ പോലുള്ള കൃതികളില്‍ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകുന്നുമുണ്ട്.

(തുടരും)

 

കുറിപ്പുകള്‍

1. അഹ്മദ് സര്‍ഹിന്ദിയുടെ 'മക്തൂബാത്ത് ഇമാം റബ്ബാനി', വാള്യം:1, കത്ത് 113; ശാഹ് വലിയ്യുല്ലയുടെ 'ഹംദാത്ത്', എഡി: നൂറുല്‍ ഹഖ് അലവി, ഗുലാം മുസ്ത്വഫ, ഹൈദരാബാദ് (പാകിസ്താന്‍), 1964, പേജ് 16,17. എന്റെ 'സ്വൂഫിസവും ശരീഅത്തും' എന്ന കൃതിയും കാണുക. പേജ് 64,66,67.
2. ഇബ്‌നുതൈമിയ്യ, 'മജ്മൂഉ ഫതാവാ ശൈഖുല്‍ ഇസ്‌ലാം' (രിയാദ്), വാള്യം 10, പേജ് 498.
3. ഇബ്‌നുതൈമിയ്യ: ഹഖീഖത്തു മദ്ഹബില്‍ ഇത്തിഹാദിയ്യീന്‍, 'റസാഇല്‍ വമസാഇല്‍' (എഡി. റശീദ് രിദാ, കയ്‌റോ) എന്ന കൃതിയില്‍ ഉള്‍പ്പെടുത്തിയത്. വാള്യം 4, പേജ് 6-17.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (1-3)
ടി.കെ ഉബൈദ്‌

ഹദീസ്‌

സകാത്തുല്‍ ഫിത്വ്‌റിന്റെ പൊരുള്‍
സ്വലാഹ് നജീബ്‌