Prabodhanm Weekly

Pages

Search

2019 മെയ് 31

3104

1440 റമദാന്‍ 26

കേരളത്തിലെ ഫിഖ്ഹീ പൈതൃകത്തിന്റെ വീണ്ടെടുപ്പ്

ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്

ഒരു സമൂഹത്തിന്റെ ഭൂതകാല സംസ്‌കൃതിയും ഈടുവെപ്പുകളും വരുംതലമുറകള്‍ക്ക് മുമ്പില്‍ അനാവൃതമാകുക, വലിയൊരളവില്‍ അവരുടെ ശാസ്ത്ര-വൈജ്ഞാനിക-സാഹിതീയ രംഗങ്ങളിലെ സംഭാവനകളിലൂടെയാണ്. ഈയര്‍ഥത്തില്‍ കേരളത്തിലെ ആദ്യകാല മുസ്‌ലിംകളുടെ വൈജ്ഞാനിക പൈതൃകം എന്തായിരുന്നുവെന്ന അന്വേഷണം നമ്മെ നിരാശപ്പെടുത്തിയേക്കും. ക്രി. ഏഴാം നൂറ്റാണ്ടില്‍ തന്നെ കേരളത്തില്‍ ഇസ്‌ലാം എത്തിയിട്ടുണ്ടെന്നാണ് മുസ്‌ലിം ചരിത്രകാരന്മാരില്‍ അധികപേരുടെയും നിഗമനം. കേരളതീരപ്രദേശങ്ങളില്‍ രൂപപ്പെട്ടുവന്ന ജീവസ്സുറ്റ ഒരു സമൂഹത്തിന്റെ വൈജ്ഞാനിക സംഭാവനകളൊന്നും മഖ്ദൂമീ കാലം വരേക്കും കണ്ടെടുക്കപ്പെട്ടിട്ടില്ല. കേരളം (ഈ പേരുപോലും പില്‍ക്കാലത്ത് വന്നുചേര്‍ന്നതാണ്) എന്ന കൊച്ചുപ്രദേശത്തിന്റെ അക്കാലത്തെ പൊതുവായ ചരിത്രം തന്നെയും വേണ്ടപോലെ ലഭ്യമല്ലെന്നിരിക്കെ, അവിടത്തെ ഒരു ചെറുവിഭാഗത്തിന്റെ ചരിത്രമെങ്ങനെ കണ്ടെത്താനാണ് എന്ന ചോദ്യം പ്രസക്തമാണ്. ലോകമുസ്‌ലിംകള്‍ ശാസ്ത്ര-വൈജ്ഞാനിക-നാഗരിക മേഖലകളില്‍ വളരെയേറെ മുന്നേറിയിരുന്നു മധ്യകാല നൂറ്റാണ്ടുകളിലും അതിന് മുമ്പും. ആഗോളതലത്തില്‍ ഇസ്‌ലാമിന്റെ നാഗരിക-വൈജ്ഞാനിക ശോഭ തെളിഞ്ഞുനില്‍ക്കുമ്പോഴാണ്, ചരിത്രത്തില്‍ തങ്ങളുടെ ഭാഗധേയം അടയാളപ്പെടുത്തുംവിധം ഒന്നും അവശേഷിപ്പിക്കാതെ ഇവിടെ ഒരു സമൂഹം കഴിഞ്ഞുപോയത്. അറബ് ലോകവുമായി ദൃഢമായ വാണിജ്യ-നാഗരിക ബന്ധം സ്ഥാപിച്ചിരുന്ന ഈ തീരപ്രദേശങ്ങളില്‍, അറബ്. മുസ്‌ലിം നാടുകളില്‍ ദൃശ്യമായിരുന്ന വൈജ്ഞാനികാഭിവൃദ്ധി കേരളമുസ്‌ലിംകളില്‍ എന്തുകൊണ്ട് പ്രതിഫലിക്കാതെപോയി എന്നത് ഇനിയും അന്വേഷിച്ചുകണ്ടെത്തേണ്ട ചരിത്രമാണ്.
കേരള മുസ്‌ലിംകളുടെ വൈജ്ഞാനിക സംഭാവനയായി കാര്യമായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ചരിത്ര-ഫിഖ്ഹ് കൃതികളാണ്. മഖ്ദൂമികള്‍ക്കു മുമ്പുള്ള കാലം ഇങ്ങനെയെങ്കില്‍, തുടര്‍ന്നു വന്ന നൂറ്റാണ്ടുകള്‍ എങ്ങനെയായിരുന്നുവെന്ന അന്വേഷണവും അനിവാര്യമാണ്. മൗലികമായ ഫിഖ്ഹീ-വൈജ്ഞാനിക സംഭാവനകളൊന്നും, മഖ്ദൂം രചനകള്‍ക്കു ശേഷവും കേരളത്തില്‍നിന്നുണ്ടായിട്ടില്ല. വൈദേശികാധിപത്യവും അതിനെതിരിലുള്ള ചെറുതും വലുതുമായ ചെറുത്തുനില്‍പ്പുകളും മുസ്‌ലിംചിന്താമണ്ഡലത്തില്‍ തുടര്‍കാലങ്ങളില്‍ ഒരു മന്ദീഭാവം സൃഷ്ടിച്ചിട്ടുണ്ട് എന്നു സമ്മതിച്ചാല്‍ തന്നെയും, ഇരുപതാം നൂറ്റാണ്ടില്‍, വിജ്ഞാനകേന്ദ്രങ്ങളും ഇസ്‌ലാമിക പ്രസിദ്ധീകരണാലയങ്ങളും ഉണ്ടായ ശേഷവും ഫിഖ്ഹീ നവോത്ഥാനത്തിന് കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഒരുകാലത്ത് ലോകമുസ്‌ലിംകളെ ആകര്‍ഷിക്കുംവിധം ഒരു വലിയ വിജ്ഞാനകേന്ദ്രവും ഗ്രന്ഥങ്ങളുമുണ്ടായിരുന്ന കേരള മുസ്‌ലിം ഫിഖ്ഹീ പാരമ്പര്യത്തിന് എന്തുകൊണ്ട് ഒരു തുടര്‍ച്ചയില്ലാതെ പോയി എന്ന അന്വേഷണം നമ്മെ കൊണ്ടെത്തിക്കുക ചില പുനര്‍വിചിന്തനങ്ങളിലേക്കും തിരിച്ചറിവുകളിലേക്കുമാണ്.

കേരള ഫിഖ്ഹ്: ഇരുപതാം നൂറ്റാണ്ടില്‍

സലഫീ പ്രസ്ഥാനങ്ങളും ജമാഅത്തെ ഇസ്‌ലാമിയുമാണ് കേരളത്തില്‍ പൊതുവെ നവോത്ഥാനാശയങ്ങളുടെ പ്രചാരകരായി അറിയപ്പെടുന്നത്. സലഫീ പ്രസ്ഥാനങ്ങള്‍ പ്രധാനമായും മുസ്‌ലിംകള്‍ക്കിടയിലെ വിശ്വാസപരമായ പിഴവുകളെ തിരുത്താന്‍ ശ്രമിക്കുമ്പോള്‍, സമഗ്രവും സമ്പൂര്‍ണവുമായ ഒരു ജീവിതവ്യവസ്ഥിതിയായി ഇസ്‌ലാമിനെ അവതരിപ്പിക്കുകയാണ് ജമാഅത്തെ ഇസ്‌ലാമി ചെയ്തുപോന്നത്. രണ്ട് പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനമേഖലകളും ഊന്നലുകളും പരമ്പരാഗത ഫിഖ്ഹിലല്ല. ഒരു മദ്ഹബിനോടും ചേര്‍ന്നു നില്‍ക്കുന്നില്ല എന്നതുകൊണ്ടുതന്നെ, ജമാഅത്തെ ഇസ്‌ലാമിയുടെയും സലഫികളുടെയും പ്രധാന പ്രവര്‍ത്തന മേഖലയല്ല ഫിഖ്ഹ്.
എന്നാല്‍, പൊതുവെ ശാഫിഈ മദ്ഹബ് അനുധാവനം ചെയ്യുന്ന കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഫിഖ്ഹിന്റെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ 'സമസ്ത' വിഭാഗങ്ങളാണ്. ശാഫിഈ ഫിഖ്ഹില്‍ സാധാരണക്കാര്‍ മുതല്‍ പണ്ഡിതന്മാര്‍ വരെ അവലംബിക്കുന്ന പ്രധാനകൃതി ശാഫിഈ പണ്ഡിതനായ സൈനുദ്ദീന്‍ മഖ്ദൂമിന്റെ (1530-1583) ഫത്ഹുല്‍ മുഈനാണ്. പുതിയ കാലത്ത് കേരളത്തിന്റെ സവിശേഷ സാഹചര്യം മുന്‍നിര്‍ത്തി ഒരു ഫിഖ്ഹ് ഇവിടെ രൂപപ്പെട്ടിട്ടില്ല എന്നു മാത്രമല്ല, നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍തന്നെ ഈ കാലഘട്ടത്തിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള പോംവഴികളുണ്ടെന്ന ശാഠ്യത്തിലുമാണ് ഫിഖ്ഹിന്റെ ആളുകള്‍. ആധുനികരായ ഫുഖഹാക്കള്‍ക്കിടയിലെ പുതുപ്രവണതകളോ സമീപനരീതികളോ ഇവിടെ ചര്‍ച്ചയാവുകയോ പഠിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല. ഏതൊരു വിജ്ഞാന ശാഖക്കുമുള്ളതുപോലെയുള്ള ആദാനപ്രദാനങ്ങള്‍ കേരളത്തിലെ ഫിഖ്ഹീ വ്യവഹാരങ്ങളില്‍ കാണുക പ്രയാസം. ഫിഖ്ഹ് ഇന്ന് നാം കാണുന്ന രീതിയിലേക്ക് വളര്‍ന്നതും വികാസം പ്രാപിച്ചതും മദ്ഹബുകള്‍ക്കിടയില്‍ പല കാലഘട്ടങ്ങളിലായി ഉണ്ടായിട്ടുള്ള പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ്. മുമ്പ് ഏതെങ്കിലും ഒരു മദ്ഹബിന്റെ മാത്രം കുത്തകയായിരുന്ന തത്ത്വങ്ങളും നിയമനിര്‍ധാരണ രീതിശാസ്ത്രവുമൊക്കെ പിന്നീട് മറ്റു മദ്ഹബുകളും വിവേചനരഹിതമായി സ്വീകരിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ ഇന്‍ക്ലുസീവായ സമന്വയഫിഖ്ഹിന്റെ അഭാവമാണ് കേരളത്തില്‍ ഫിഖ്ഹിന്റെ വളര്‍ച്ചക്ക് വിനയായി നില്‍ക്കുന്നത്. സമന്വയ ഫിഖ്ഹ് എന്നാല്‍ പല കാലങ്ങളിലായി വ്യത്യസ്ത മദ്ഹബുകളില്‍നിന്ന് സ്വീകരിക്കുകയും കൂട്ടിച്ചേര്‍ക്കുകയും സര്‍വരാലും അംഗീകരിക്കപ്പെടുകയും ചെയ്ത തത്ത്വങ്ങളും നിയമങ്ങളും നിയമനിര്‍ധാരണ രീതികളുമാണ്. എന്നാല്‍ ഈ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ മുന്നിലുണ്ടായിരിക്കെ, പരസ്പരം വെള്ളം കയറാത്ത അറകളായി, ഏകമുഖോന്മുഖമായ സമീപനവുമായി മുന്നോട്ടുപോകുന്നുവെന്നതാണ് കേരള ഹിഖ്ഹിന്റെ ദുര്യോഗം.

സമന്വയ ഫിഖ്ഹ്: വീണ്ടെടുക്കേണ്ട ചരിത്രമാതൃകകള്‍

ഉത്ഭവകാലം മുതല്‍ക്കേ, വ്യത്യസ്ത മദ്ഹബീധാരകള്‍ പരസ്പരപൂരകങ്ങളായി വര്‍ത്തിക്കുകയും വൈജ്ഞാനിക-ബൗദ്ധികരംഗത്ത് ആദാനപ്രദാനങ്ങള്‍ നടത്തിപ്പോരുകയും ചെയ്തിട്ടുണ്ട്. മൗലിക പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും കഴിഞ്ഞാല്‍ ഇന്ന് മുസ്‌ലിം ലോകം ഐകകണ്‌ഠ്യേന അംഗീകരിക്കുന്ന പ്രമാണമാണല്ലോ ഖിയാസ്. ഇമാം ശാഫിഈയുടെ നിയമനിര്‍ധാരണ രീതിയിലൂടെ വളര്‍ന്നുവന്ന ഖിയാസ് തുടക്കത്തില്‍ ശാഫിഈ മദ്ഹബിലെ മാത്രം നിയമനിര്‍ധാരണ രീതിയായിരുന്നു. യുക്തിക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന ഹനഫീ ഇജ്തിഹാദീശൈലി തന്നെയാണ് ഖിയാസിനെ വ്യവസ്ഥാപിതമായ ഒരു ഇജ്തിഹാദീ ടൂളായി വികസിപ്പിക്കാന്‍, ഇമാം ശാഫിഈയെ പ്രേരിപ്പിച്ചത്. മദീനാവാസം കഴിഞ്ഞ് പത്തു വര്‍ഷത്തെ ഇറാഖീ ജീവിതമാണ് ഇമാം ശാഫിഈയെ യുക്തിക്കും ഇസ്‌ലാമില്‍ വലിയ സ്ഥാനമുണ്ടെന്ന് ബോധ്യപ്പെടുത്തിയത്. ഇമാം മാലികിന്റെ പ്രമാണബദ്ധമായ ഫിഖ്ഹീ ധാരക്കും ഇമാം അബൂഹനീഫയുടെ യുക്തിയിലധിഷഠിതമായ ഫിഖ്ഹീ ധാരക്കുമിടയില്‍ ഒരു സമന്വയപാതയാണ് ഇമാം ശാഫിഈ വെട്ടിത്തുറന്നത് (Wael B. Hallaq, Shariah‑).

സ്‌നേഹബഹുമാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, തന്റെ ഗുരുനാഥനായ ഇമാം മാലികിന്റെ രീതികളെ ചോദ്യം ചെയ്തുകൊണ്ടാണ് ഇമാം ശാഫിഈ തന്റെ വൈജ്ഞാനിക നിലപാടുതറ സ്ഥാപിക്കുന്നത്. ഇമാം മാലികിന്റെ വീക്ഷണത്തില്‍ 'ഇജ്മാഅ്' മദീനയിലെ പണ്ഡിതന്മാര്‍ക്കിടയില്‍ -അതും ഏതാനും പണ്ഡിതന്മാരില്‍- പരിമിതമായിരുന്നു. എന്നാല്‍ ഇജ്മാഇന്റെ വൃത്തം, മദീന എന്ന പരിമിതവൃത്തത്തില്‍നിന്ന് ഇസ്‌ലാമിക ലോകമെന്ന വിശാലവൃത്തത്തിലേക്ക് വികസിപ്പിച്ചത് ഇമാം ശാഫിഈ ആണ്. മാലികീ മദ്ഹബിലെ ഇജ്മാഇന്റെ പ്രാഗ്‌രൂപത്തെ, വിപുലപ്പെടുത്തി നവീകരിച്ചത് ശാഫിഈയാണെന്നു സാരം. പില്‍ക്കാലത്ത്, ഇരു മദ്ഹബുകളിലെയും പണ്ഡിതന്മാര്‍ ആ സങ്കല്‍പ്പത്തെ കൂടുതല്‍ വിപുലപ്പെടുത്തി.
ഇസ്‌ലാമിക നിയമങ്ങള്‍ക്ക് നിദാനമായി വര്‍ത്തിക്കുന്ന ഏറ്റവും സുപ്രധാന കാര്യം മസ്വ്‌ലഹത്ത്(പൊതുതാല്‍പര്യം) ആണെന്ന വാദമുയര്‍ത്തിയ പണ്ഡിതനായിരുന്നു ഇമാം ത്വൂഫി (ഹി. 673-716). ലിഖിതപ്രമാണങ്ങളുടെ പ്രത്യക്ഷാര്‍ഥങ്ങള്‍ക്കപ്പുറം പോകാത്ത ഹമ്പലീ മദ്ഹബുകാരനായിരുന്നിട്ടും, പ്രസ്തുത മദ്ഹബിന്റെ അതിരുകള്‍ക്കപ്പുറവും തന്റെ ചിന്തകളെ തുറന്നുവിട്ട പണ്ഡിതനായിരുന്നു അദ്ദേഹം. പ്രയോജനവാദിയായും മുഅ്തസിലി ചിന്താസരണിയാല്‍ സ്വാധീനിക്കപ്പെട്ടവനായും അദ്ദേഹം മുദ്രകുത്തപ്പെട്ടു. നിയന്ത്രിത ലിഖിതപ്രമാണങ്ങളില്‍ ഫിഖ്ഹിനെ പരിമിതപ്പെടുത്തിയ ഹമ്പലീ മദ്ഹബിന് പ്രായോഗികതയുടെ സമവാക്യങ്ങളാല്‍ പുതുജീവന്‍ നല്‍കുകയായിരുന്നു ഇമാം ത്വൂഫി, തന്റെ 'മസ്വ്‌ലഹത്ത്' അവതരണത്തിലൂടെ. ഹമ്പലിയായിരുന്നിട്ടും മാലികീ മദ്ഹബില്‍ വികാസം പ്രാപിച്ച 'മസ്വാലിഹുല്‍ മുര്‍സല' എന്ന ഇജ്തിഹാദീരീതി വ്യാപകമായി ഉപയോഗിക്കുക വഴി രണ്ട് മദ്ഹബുകള്‍ക്കിടയില്‍ സമന്വയത്തിന്റെ പാലം പണിയുകയായിരുന്നു അദ്ദേഹവും. മാലികീ മദ്ഹബില്‍ ഉത്ഭവിച്ച മസ്വാലിഹുല്‍ മുര്‍സല എന്ന നിയമനിര്‍ധാരണരീതിയുടെ വികാസത്തില്‍ ഹമ്പലീ, ശാഫിഈ പണ്ഡിതന്മാര്‍ക്കും വലിയ പങ്കുണ്ട്. മസ്വാലിഹുല്‍ മുര്‍സല നിയമനിര്‍ധാരണത്തിന് ഉപയോഗിച്ച ശാഫിഈ പണ്ഡിതനായിരുന്നു ഇമാം ഗസാലി. ഹമ്പലീ മദ്ഹബിലെ പ്രഗത്ഭനായ പണ്ഡിതനായിരുന്നിട്ടും മാലികി മദ്ഹബിലെ, മദീനാവാസികളുടെ സമ്പ്രദായം പരിഗണിക്കുക എന്ന രീതി ഇബ്‌നുതൈമിയ്യയും ചെറുതല്ലാത്ത രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്.
ഇമാം ശാഫിഈ നിശിതമായി എതിര്‍ത്ത ഹനഫികളുടെ 'ഇസ്തിഹ്‌സാന്‍' എന്ന നിയമനിര്‍ധാരണരീതി ഫലപ്രദമായി ഉപയോഗിക്കാന്‍ തുടങ്ങിയ ശാഫിഈ പണ്ഡിതനായിരുന്നു ഇമാം ഗസാലി. ഇസ്തിഹ്‌സാനിന് ഒരു പ്രമാണവും ഇല്ലെന്നിരിക്കെ അതിനെ സ്വീകരിക്കാന്‍ കഴിയില്ലെന്ന ഇമാം ശാഫിഈയുടെ ന്യായമാണ് ഇതോടെ മൂന്നു നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇമാം ഗസാലിക്കു മുന്നില്‍ വഴിമാറിയത്. ഇസ്തിഹ്‌സാന്‍ സ്വീകരിക്കുന്നതിന് ഇമാം ഗസാലിക്ക് മറ്റുപല ന്യായങ്ങളുമുണ്ടായിരുന്നു. ഹനഫികളുടേതു മാത്രമായിരുന്ന ഇസ്തിഹ്‌സാന്‍ പിന്നീട് എല്ലാ മദ്ഹബുകള്‍ക്കും ഒരുപോലെ സ്വീകാര്യമായി.

ശാഫിഈ പണ്ഡിതരായിരുന്ന ഇമാം ജുവൈനിയും ഇമാം ഗസാലിയും ചേര്‍ന്ന് അടിത്തറപാകിയ 'മഖാസ്വിദുശ്ശരീഅ' ഒരു സ്വതന്ത്ര വൈജ്ഞാനിക ശാഖയായി വികാസം പ്രാപിച്ചത് മാലികീ പണ്ഡിതനായ ഇമാം ശ്വാതിബിയുടെ രചനകളിലൂടെയാണ്. ശാഫിഈ പണ്ഡിതന്മാര്‍ ഉണ്ടാക്കിയ അടിത്തറക്കുമേലാണ് ഇമാം ശാത്വിബി തന്റെ വിഖ്യാതഗ്രന്ഥമായ 'അല്‍ മുവാഫഖാത്തി'ലൂടെ മഖാസ്വിദീ തത്ത്വങ്ങള്‍ വികസിപ്പിച്ചത്. മഖാസ്വിദിന്റെ പ്രാഥമികപാഠങ്ങള്‍ രൂപപ്പെടുത്തിയത് ശാഫിഈ പണ്ഡിതന്മാരാണെന്ന കാരണത്താല്‍, ആ വിഷയം പഠനവിധേയമാക്കാതിരിക്കുകയോ പ്രസ്തുത വിഷയത്തില്‍ തുടര്‍രചനകള്‍ നിര്‍വഹിക്കാതിരിക്കുകയോ ചെയ്തിട്ടില്ല, ഇമാം ശാത്വിബി. മറിച്ച് ശാഫിഈ പണ്ഡിതന്മാര്‍ നിര്‍ത്തിയിടത്തുനിന്ന് തുടങ്ങുകയായിരുന്നു അദ്ദേഹം. മഖാസ്വിദുശ്ശരീഅയുടെ വികാസത്തില്‍ പല കാലഘട്ടങ്ങളിലുള്ള എല്ലാ മദ്ഹബിന്റെ പണ്ഡിതന്മാര്‍ക്കും വലിയ പങ്കുണ്ട്. ശാഫിഈ പണ്ഡിതനായ ഇസ്സുബ്‌നു അബ്ദിസ്സലാമും ഹമ്പലീ പണ്ഡിതന്മാരായിരുന്ന ഇബ്‌നുതൈമിയ്യയും ഇബ്‌നുല്‍ ഖയ്യിമും മാലികീ പണ്ഡിതനായ ശിഹാബുദ്ദീന്‍ ഖാറാഫിയുമൊക്കെ ഈ നിരയില്‍ അവഗണിക്കാനാവാത്ത സാന്നിധ്യങ്ങളാണ്. ഇന്ന് മഖാസ്വിദുശ്ശരീഅ എന്ന വിജ്ഞാന ശാഖ ഏതെങ്കിലും മദ്ഹബിന്റെ കുത്തകയല്ലാത്തവിധം വിവിധ മദ്ഹബീ പണ്ഡിതന്മാരുടെ വൈജ്ഞാനിക സംഭാവനകളാല്‍ സമ്പന്നമാണ്. അതിലെ പുതിയ കാഴ്ച്ചപ്പാടുകളും വായനകളും പുതിയ പ്രശ്‌നങ്ങളെ സമീപിക്കുന്ന രീതിയുമൊക്കെ, എല്ലാ മദ്ഹബിലുംപെട്ട പണ്ഡിതന്‍മാരുടെ വൈജ്ഞാനികസംഭാവനകളിലൂടെയാണ് വികാസം പ്രാപിക്കുന്നത്.
ചുരുക്കത്തില്‍, ഏതെങ്കിലും ഒരു മദ്ഹബിന്റെ പണ്ഡിതന്മാര്‍ രൂപപ്പെടുത്തിയതും പ്രചരിപ്പിച്ചതുമായ പല അടിസ്ഥാനതത്ത്വങ്ങളും കാലക്രമേണ മറ്റുമദ്ഹബുകള്‍ക്ക് സ്വീകാര്യമാവുകയും അവരത് വിവേചനരഹിതമായി ഉപയോഗപ്പെടുത്തിപ്പോരുകയും ചെയ്തുപോന്നിട്ടുണ്ട്. ഇന്ന് സര്‍വരാലും അംഗീകരിക്കപ്പെടുന്ന ഫിഖ്ഹിലെ പല തത്ത്വങ്ങളും നിയമനിര്‍ധാരണരീതികളും ഏതെങ്കിലും ഒരു പണ്ഡിതന്‍ രൂപപ്പെടുത്തിയതോ ഏതെങ്കിലും ഒരു മദ്ഹബില്‍ വികാസം പ്രാപിച്ചതോ ആണ്. എന്നാല്‍ കാലക്രമേണ എല്ലാ മദ്ഹബുകള്‍ക്കും അവ സ്വീകാര്യമാവുകയും മദ്ഹബീ വ്യത്യാസങ്ങള്‍ ഏതുമില്ലാതെ അവ ഉപയോഗിക്കപ്പെടുകയുമായിരുന്നു.

ഫിഖ്ഹീ സമന്വയം: ആധുനിക കാലഘട്ടത്തില്‍

ആധുനികതയുടെ വരവോടെ മുസ്‌ലിം ലോകത്ത്, വിശിഷ്യാ ഫിഖ്ഹീ മേഖലയില്‍ കാണപ്പെട്ട മാറ്റങ്ങളെ വാഇല്‍ ഹല്ലാഖ് കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. അതില്‍പെട്ടതാണ് 'തഖയ്യുര്‍,' 'തല്‍ഫീഖ്' എന്നീ രണ്ട് സാങ്കേതിക സംജ്ഞകളില്‍ അറിയപ്പെടുന്ന ഫിഖ്ഹീ രീതികള്‍. ഫിഖ്ഹീ അഭിപ്രായങ്ങളില്‍ താരതമ്യനേ പ്രബലമായ അഭിപ്രായങ്ങള്‍ സ്വ മദ്ഹബ് പണ്ഡിതന്മാരില്‍നിന്നോ മറ്റു മദ്ഹബിന്റെ പണ്ഡിതന്മാരില്‍നിന്നോ സ്വീകരിക്കുന്ന രീതിയാണ് തഖയ്യുര്‍ (തെരഞ്ഞെടുക്കല്‍). ഫിഖ്ഹില്‍ ഏറെ ഉദാരമായ ഈ രീതിക്ക് വലിയ നിയന്ത്രണങ്ങളില്ല. ഇതുപ്രകാരം, ശീഈകളിലെ ഇസ്‌നാ അശരിയ്യാക്കളുടെ അഭിപ്രായങ്ങളടക്കം സുന്നീ ഫിഖ്ഹില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. തല്‍ഫീഖ് (ഏകീകരണം, സംയോജനം) എന്നാല്‍ ഒരേ മദ്ഹബിലെയും വ്യത്യസ്ത മദ്ഹബുകളിലെയും പണ്ഡിതന്മാരുടെ ചേര്‍ന്നുവരുന്ന അഭിപ്രായങ്ങളെ സംയോജിപ്പിക്കുകയാണ്. ഈജിപ്ത്, ഇറാഖ് പോലുള്ള നാടുകളില്‍ ഈ ഫിഖ്ഹീ രീതികള്‍ അവലംബിക്കുക വഴി വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വാഇല്‍ ഹല്ലാഖ് നിരീക്ഷിക്കുന്നു.

1876-ല്‍ ഉസ്മാനിയാ ഭരണകൂടം പുറത്തിറക്കിയ 'മജല്ല', മദ്ഹബീ ഫിഖ്ഹീ സമന്വയത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. മുഖവുരക്ക് പുറമെ 16 അധ്യായങ്ങളുള്ള ആ ബൃഹദ്കൃതി അനേകം പണ്ഡിതന്മാരുടെ സഹായത്താല്‍ ഏഴുവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. കുടുംബസംബന്ധിയായ കാര്യങ്ങള്‍ കുറവായതിനാല്‍ 1917-ല്‍ ആ ഭാഗം കൂടി ഉള്‍പ്പെടുത്തി. നൂറ്റാണ്ടുകളായി ഹനഫീ മദ്ഹബിനെ മാത്രം അധികരിച്ചുള്ള ഫിഖ്ഹീ നിയമങ്ങളില്‍നിന്ന് വ്യത്യസ്തമായി, മറ്റു മൂന്നു മദ്ഹബുകളെകൂടി പരിഗണിച്ചുള്ള ഫിഖ്ഹീധാരയിലേക്കുള്ള തുര്‍ക്കിയുടെ ഔദ്യോഗിക മാറ്റമായിരുന്നു അത് (Hashim Kamali‑).. മധ്യപൗരസ്ത്യ ദേശത്തെ പല രാജ്യങ്ങളും ക്രമേണ ഈ ശൈലിയിലേക്ക് മാറി. 1929-ല്‍ ഈജിപ്ഷ്യന്‍ നിയമസംവിധാനത്തില്‍ ഇത് കൂടുതല്‍ പ്രകടമായി. നാല് മദ്ഹബുകളുടെ സമന്വയം മാത്രമല്ല, നവ പ്രശ്‌നങ്ങളില്‍ അക്കാലത്തെ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും കൂടി ഉള്‍പ്പെടുത്തിയ ഒരു നിയമസംവിധാനം അതോടെ ഈജിപ്തില്‍ സംവിധാനിക്കപ്പെട്ടു. 1953-ല്‍ സിറിയയിലും വ്യക്തിനിയമങ്ങളില്‍ എല്ലാ മദ്ഹബിന്റെ വീക്ഷണങ്ങളും ചേര്‍ക്കപ്പെട്ടു. ഫിഖ്ഹില്‍ മുന്‍മാതൃകകളില്ലാത്ത വിഷയങ്ങളില്‍ പുതിയ നിയമനിര്‍മാണം നടത്തുകയും ചെയ്തു. സിറിയയിലെ ഈ ഫിഖ്ഹീ സംരംഭം, ആധുനികകാലത്തെ ഇജ്തിഹാദിന് ഒരു പുതിയ തുടക്കം നല്‍കി. കാലങ്ങളായി തുടര്‍ന്നുപോന്നിരുന്ന പാരമ്പര്യ ഫിഖ്ഹീധാരയില്‍നിന്നുള്ള പ്രകടമായ മാറ്റമായിരുന്നു അത്. പിന്നീട് അമ്പതുകളില്‍ ഈ മാറ്റം മൊറോക്കോ, തുനീഷ്യ, ഇറാഖ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുടെ നിയമങ്ങളിലും ദൃശ്യമായി.
ഇരുപതാം നൂറ്റാണ്ടില്‍ ശക്തിപ്പെട്ട നവോത്ഥാനാശയങ്ങള്‍ മുസ്‌ലിം ചിന്താമണ്ഡലത്തെ പരിവര്‍ത്തിപ്പിച്ചപ്പോള്‍ സമാനമായ മാറ്റം ഫിഖ്ഹിലും അവതരിപ്പിക്കുകയായിരുന്നു ഇബ്‌നു ആശൂറിനെ പോലുള്ള പണ്ഡിതന്മാര്‍. അദ്ദേഹത്തിന്റെ വിശ്രുത കൃതി 'മഖാസ്വിദുശ്ശരീഅ അല്‍ ഇസ്‌ലാമിയ്യ' അത്തരമൊരു ചുവടുവെപ്പിന്റെ ഭാഗമായിരുന്നു. ആഗോളതലത്തില്‍ ഫിഖ്ഹ് പരിഷ്‌കരണചിന്തകള്‍ ആശയതലത്തിലെങ്കിലും ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ട്. ഉലമാഉന്നുസ്വൂസ്വും ഉലമാഉല്‍ വാഖിഉം ചേര്‍ന്ന് (Integration of Scholars of Texts and Scholars of Context) പുതിയ കാലത്തെ ഫിഖ്ഹ് രൂപപ്പെടുത്തണമെന്നാണ് പ്രഫ. താരിഖ് റമദാനെപോലെയുള്ള ചിന്തകര്‍ ആവശ്യപ്പെടുന്നത്. ബഹുസ്വര സമൂഹത്തിലെ പ്രശ്‌നങ്ങളെ സക്രിയമായി അഡ്രസ്സ് ചെയ്യാന്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹമുള്ള പണ്ഡിതരും സാമൂഹിക-മാനവിക-ശാസ്ത്രീയ വിഷയങ്ങളിലെ വിദഗ്ധരും ചേര്‍ന്ന് ഒരു സംവിധാനമുണ്ടാകണമെന്നാണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന വീക്ഷണം (Tariq Ramadan, 2009, 132). ഇക്കാലഘട്ടത്തിന്റെ പ്രശ്‌നങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കാന്‍ ഇവ്വിധം ചലനാത്മകമായ ഒരു ഫിഖ്ഹ് രൂപപ്പെടുത്തിയേ തീരൂ. ഏതെങ്കിലും വ്യക്തിക്കോ മദ്ഹബിനോ സംഘടനക്കോ തീര്‍ക്കാനാവാത്തത്രയും സങ്കീര്‍ണമാണ് നവീനപ്രശ്‌നങ്ങള്‍. ദീനീവിജ്ഞാനരംഗത്ത് ഒരൊറ്റ സ്‌പെഷ്യലൈസേഷന്‍ മതിയാവുകയില്ല, പല രംഗത്തുള്ള വിദഗ്ധരെയും ഈ ഉദ്യമത്തില്‍ പങ്കാളികളാക്കണം. ഇങ്ങനെ രൂപപ്പെടുന്ന ഫിഖ്ഹ് കൗണ്‍സിലുകളില്‍ ഇതര മതവിശ്വാസികളായ എക്‌സ്‌പേര്‍ട്ടുകളെ ആവശ്യം വന്നാല്‍ ഉള്‍പ്പെടുത്തുന്നതിനും കുഴപ്പമില്ലെന്നും റമദാന്‍ സമര്‍ഥിക്കുന്നു. ആധുനികകാലത്ത് ശക്തിപ്പെട്ട ഇത്തരം ചിന്താധാരകള്‍, മദ്ഹബീ-സംഘടനാ സങ്കുചിതത്വങ്ങള്‍ക്കപ്പുറം മൂല്യാധിഷ്ഠിതമായ ഒരു വിശാല ഭൂമിക തേടുന്നുണ്ട്. അവിടെ മദ്ഹബുകളും സംഘടനകളും സരണികളും തരംതിരിച്ചുള്ള കൊടിയടയാളങ്ങള്‍ ഇല്ല, ഇസ്‌ലാം എന്ന ഒറ്റ ലേബലേ ഉള്ളൂ. ഉദാഹരണത്തിന്, ആഗോള മുസ്‌ലിം പണ്ഡിതസഭയെ നയിക്കുന്നത്, വ്യത്യസ്ത ധാരകളിലുള്ള പണ്ഡിതന്മാരാണ്. അവരവിടെ അറിയപ്പെടുന്നത് അവരവരുടെ മദ്ഹബീ-സംഘടനാ ലേബലുകളിലല്ല, ഇസ്‌ലാമെന്ന പൊതുവായ പ്ലാറ്റ്‌ഫോമിലാണ്.

ഇജ്തിഹാദിന്റെ കവാടങ്ങള്‍ തുറക്കപ്പെടുന്നു

പതിമൂന്നാം നൂറ്റാണ്ടില്‍ (ഹിജ്‌റ 656) നടന്ന താര്‍ത്താരികളുടെ ആക്രമണത്തോടെയാണ് ഇജ്തിഹാദിന്റെ കവാടം അടഞ്ഞതായി കരുതപ്പെട്ടത് (Jasser Auda, 2007). മുന്‍കാല ഇമാമുകളുടെയും അവരുടെ ശിഷ്യരുടെയും അഭിപ്രായങ്ങള്‍ 'പ്രമാണ'ങ്ങളായി കരുതപ്പെട്ടു. അക്കാലത്ത് അറിയപ്പെട്ട പണ്ഡിതന്മാര്‍പോലും ഇജ്തിഹാദിനു മുതിരാന്‍ ധൈര്യപ്പെട്ടില്ല. മുന്‍കാല ഇമാമുമാരുടെ കൃതികള്‍ക്ക് ശറഹുകള്‍ രചിക്കുക മാത്രമായിരുന്നു അവരുടെ പണ്ഡിതധര്‍മം. തങ്ങളുടെ മദ്ഹബിനെയും ഇമാമുമാരെയും പ്രകീര്‍ത്തിക്കുന്ന ശീലം ഇതര മദ്ഹബുകളോടും അതിന്റെ പണ്ഡിതന്മാരോടുമുള്ള വിദ്വേഷമായി മാറുകയും ശത്രുത മൂത്ത് മദ്ഹബുകാര്‍ക്കിടയില്‍ സംഘര്‍ഷങ്ങളുടലെടുക്കുക വരെ ചെയ്തു. എന്നാല്‍ ഇന്ന് ഇസ്‌ലാമിക ലോകം മദ്ഹബീ പക്ഷപാതിത്വത്തില്‍നിന്ന് വലിയ അളവില്‍ മുക്തമായിട്ടുണ്ട്. പക്ഷേ, ഇസ്‌ലാമിക ചരിത്രത്തിലെ താര്‍ത്താരീ ഘട്ടത്തില്‍തന്നെ കഴിച്ചുകൂട്ടുകയാണ് കേരളത്തിലെ പാരമ്പര്യപണ്ഡിതന്മാര്‍. തങ്ങള്‍ക്ക് പ്രിയങ്കരരായ ഏതാനും ശാഫിഈ പണ്ഡിതന്മാര്‍ നൂറ്റാണ്ടുകള്‍ക്കപ്പുറം എഴുതിവെച്ചതിനപ്പുറമൊരു ഫിഖ്ഹില്ലെന്നും പുതിയ ഇജ്തിഹാദിന്റെ ആവശ്യമില്ലെന്നുമുള്ള ചെറിയ ലോകം തീര്‍ക്കുകയാണവര്‍. ഇസ്‌ലാമിക ലോകത്ത് ഫിഖ്ഹീമേഖലയില്‍ നടക്കുന്ന മാറ്റങ്ങള്‍ക്ക് ചെവികൊടുക്കുകയോ സ്വയമൊരു പരിഷ്‌കരണത്തിന് മുതിരുകയോ ചെയ്യുന്നില്ല. എന്നാല്‍ ഫിഖ്ഹിന്റെ പാരമ്പര്യം അവകാശപ്പെടുന്നതില്‍ ഒരു കുറവുമില്ലതാനും.
പുകള്‍പെറ്റ ഒരു ഫിഖ്ഹീ പൈതൃകത്തിലേക്ക് ചേര്‍ത്തുപറയാന്‍ കഴിയുമാറ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ പാരമ്പര്യം യഥാര്‍ഥത്തില്‍ എന്തായിരുന്നുവെന്ന് കേരളത്തിലെ സമകാലികരായ ശാഫിഈ പണ്ഡിതന്മാര്‍ തിരിച്ചറിയണം. അക്കാലത്തെ ഏറ്റവും പ്രശസ്തരായ ആഗോള മുസ്‌ലിം പണ്ഡിതരുമായുള്ള സൈനുദ്ദീന്‍ മഖ്ദൂമിന്റെ ബൗദ്ധികവ്യവഹാരങ്ങളും മറുനാടുകളില്‍നിന്ന് ആര്‍ജിച്ച അനുഭവങ്ങളും തന്റെ എഴുത്തില്‍ പ്രതിഫലിച്ചിരുന്നു എന്നതുകൊണ്ടാണ് കേരളത്തിലും പുറത്തും ഫത്ഹുല്‍ മുഈന്‍ പ്രശസ്തി നേടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തത്. അക്കാലത്തെ സുപ്രധാന ജ്ഞാനകേന്ദ്രമായിരുന്ന ഇരു ഹറമുകളിലെ വിജ്ഞാനസദസ്സുകളും വ്യത്യസ്ത പണ്ഡിതന്മാരോടൊത്തുള്ള സഹവാസവുമാണ് സൈനുദ്ദീന്‍ മഖ്ദൂമിനെയും അദ്ദേഹത്തിന്റെ ഗ്രന്ഥത്തെയും പ്രശസ്തിയിലേക്കുയര്‍ത്തിയത്. നഷ്ടപ്പെട്ട ആ ഫിഖ്ഹീപാരമ്പര്യം തിരിച്ചുപിടിക്കാന്‍, സൈനുദ്ദീന്‍ മഖ്ദൂമിന്റെ വിജ്ഞാനസമ്പാദന-പ്രസരണ രീതി സ്വീകരിക്കുകയാണ് നാം ചെയ്യേണ്ടത്. ഉള്‍ക്കൊള്ളല്‍-സമന്വയ ഫിഖ്ഹിന്റെ രീതിയാണത്. വ്യത്യസ്തരായ പണ്ഡിതന്മാര്‍ക്കു കീഴില്‍ വിവിധ ഫിഖ്ഹീധാരകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള രീതി. എന്നാല്‍ മഖ്ദൂമീപാരമ്പര്യം അവകാശപ്പെടുന്നവര്‍, ഇസ്‌ലാമിക ലോകത്തെ സമകാലികരായ പണ്ഡിതന്മാരുമായി ബന്ധമുള്ളവരോ, ഇസ്‌ലാമിക ലോകത്തെ നവചര്‍ച്ചകളില്‍ തല്‍പരരോ അല്ല. മഖ്ദൂമിന്റെ പാരമ്പര്യം, പതിനഞ്ചാം നൂറ്റാണ്ടില്‍ കത്തിച്ച വിളക്ക് അതേപോലെ കത്തിക്കലാണെന്നും അതിനു ചുറ്റുമിരുന്ന് പഴയ രീതിയില്‍തന്നെ ക്ലാസ്സുകള്‍ തുടരലാണെന്നും ധരിച്ചുവശായിരിക്കുന്നു അവര്‍. അദ്ദേഹം പ്രസരിപ്പിച്ച കാലാതിവര്‍ത്തിയായ മൂല്യങ്ങളിലല്ല; ആ കാലം ബാക്കിവെച്ച ചരിത്രശേഷിപ്പുകളിലാണ്, നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്നവരുടെ ശ്രദ്ധ ഉടക്കിനില്‍ക്കുന്നത്. ഏതു ഫിഖ്ഹീധാരയില്‍പെട്ടവരാണെങ്കിലും, സംഘടനാ ചായ്‌വുള്ളവരാണെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പരസ്പരം ഉള്‍ക്കൊള്ളാനും ഒരുമിച്ചിരിക്കാനും ഐക്യപ്പെടാനും കഴിയണമെന്നതാണ് മദ്ഹബുകളുടെ ചരിത്രം നമുക്ക് പകര്‍ന്നു നല്‍കുന്ന പാഠം. ഫിഖ്ഹീപാരമ്പര്യത്തിന്റെയും ആദര്‍ശസംരക്ഷണത്തിന്റെയും പേരും പറഞ്ഞ് നാം കെട്ടിയുയര്‍ത്തിയ വന്‍മതിലുകള്‍, വന്‍ അബദ്ധമായിപ്പോയെന്ന് ദശാബ്ദങ്ങള്‍ക്കപ്പുറം നാം വിലയിരുത്തപ്പെടാന്‍ ഇടവരാതിരിക്കട്ടെ.

 

അവലംബം

  1. Wael B. Hallaq, Shariah, Theory, Practice & Transformation, Cambridge University Press
    2. Muhammad Hashim Kamali, Fiqh Adaptation and Social Realtiy
    3. Tariq Ramadan, Radical Reform; Islamic Ethics and Liberation (Oxford: Oxford University Press, 2009), 132.
    4. Jasser Auda, Maqasid al-Shariah as Philosophy of Islamic Law: A Systems Approach (Herdon: International Institute of Islamic Thought, 2007).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (1-3)
ടി.കെ ഉബൈദ്‌

ഹദീസ്‌

സകാത്തുല്‍ ഫിത്വ്‌റിന്റെ പൊരുള്‍
സ്വലാഹ് നജീബ്‌