ഈദുല്‍ ഫിത്വ്‌റിലേക്ക്
വിശുദ്ധ റമദാന്‍ നമ്മോട് വിടപറയുകയാണ്. മാസം നീണ്ടുനിന്ന പവിത്രമായ ആരാധനകള്‍ക്കും പരിശീലനങ്ങള്‍ക്കും ശേഷം ഇതാ, ഈദുല്‍ ഫിത്വ്ര്‍ നമ്മിലേക്ക് വന്നണയുന്നു - അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.
ഏതാനും ദിവസങ്ങള്‍ മാത്രമാണ് റമദാനില്‍ ഇനി അവശേഷിക്കുന്നത്. അവസാന ഭാഗത്തിന് ഏറെ പ്രാധാന്യമുണ്ട്. ഓരോന്നിന്റെയും ഫലപ്രാപ്തി അതിന്റെ പര്യവസാനത്തിനനുസരിച്ചാണ് എന്നാണല്ലോ പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നത്. റമദാനിനെ സ്വീകരിച്ചതിനേക്കാള്‍ വര്‍ധിതമായ ആവേശത്തോടെയാണ് അതിന്റെ അവസാന നാളുകളില്‍ നാം ഉണ്ടാവേണ്ടത്. അല്ലാഹുവിനോട് കൂടുതല്‍ കൂടുതല്‍ തേടിയും പാപമോചനത്തിനര്‍ഥിച്ചും ആരാധനാകര്‍മങ്ങളും ദാനധര്‍മങ്ങളും വര്‍ധിപ്പിച്ചും ഒരേസമയം സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള കടപ്പാടുകളും ബാധ്യതകളും നാം പൂര്‍ത്തീകരിക്കണം. വിശുദ്ധമായ മനസ്സും ശരീരവുമായിട്ടാണ് നാം ഈദുല്‍ ഫിത്വ്‌റിലേക്ക് പ്രവേശിക്കേണ്ടത്.
ശവ്വാല്‍ പിറ കാണുന്നതോടെ അന്തരീക്ഷത്തില്‍ തക്ബീര്‍ധ്വനികളുയരുകയായി. വിശ്വാസിയുടെ മനസ്സിന്റെ ആഴങ്ങളില്‍നിന്നാണ് തക്ബീറുകള്‍ ഉറവെടുക്കുന്നത്. സര്‍വതും അല്ലാഹുവിന് വിധേയപ്പെടുത്തി, അവന്റെ ദീനിനുവേണ്ടി സഹനത്തിന്റെയും സമരത്തിന്റെയും ദുര്‍ഘടമായ മലമ്പാതകള്‍ താണ്ടാന്‍ ഞാനിതാ സന്നദ്ധനായിരിക്കുന്നു എന്ന ആഹ്ലാദ പ്രഘോഷണമാണ് ആ തക്ബീറുകള്‍.
തക്ബീറുകള്‍ക്കൊപ്പം നിര്‍ബന്ധമാകുന്ന കര്‍മമാണ് സകാത്തുല്‍ ഫിത്വ്ര്‍. റമദാനിന്റെ ആത്മീയോത്സവങ്ങള്‍ക്കൊപ്പം സുഭിക്ഷമായ ഒരു ലോകത്തെ സ്വപ്‌നം കാണാന്‍ പഠിപ്പിക്കുകയാണ് ഫിത്വ്ര്‍ സകാത്ത്. ഇപ്പോള്‍ ജനിച്ച കുഞ്ഞിനും ഫിത്വ്ര്‍ സകാത്ത് ബാധകമാണ്. അതായത്, കുഞ്ഞിളം പൈതല്‍പോലും ആ പോരാട്ടത്തില്‍ പങ്കാളിയാവുന്നു. വ്രതാനുഷ്ഠാനവും പുണ്യമാസത്തിലെ അനേകായിരം നന്മകളും അല്ലാഹുവിലേക്കെത്തി ഫലദായകമാകണമെങ്കില്‍ ഈ സ്വപ്‌നത്തെ താലോലിച്ച് അതിനായി വ്യയം ചെയ്യണമെന്നാണ് ഫിത്വ്ര്‍ സകാത്ത് പഠിപ്പിക്കുന്നത്.
പെരുന്നാള്‍ ആഘോഷമാണ്, ആഹ്ലാദമാണ്. കളികളും വിനോദങ്ങളും അനുവദനീയമാണ്. ഭംഗിയുള്ള പുതുവസ്ത്രങ്ങള്‍ ധരിക്കണം. സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കണം. ഏറെ പ്രതിഫലം ലഭിക്കുന്ന ദിനമായതിനാല്‍ നന്മകള്‍ വര്‍ധിപ്പിക്കണം. കുടുംബങ്ങളിലും ബന്ധുവീടുകളിലും സുഹൃദ് ഗൃഹങ്ങളിലും സന്ദര്‍ശനം നടത്തണം. അവര്‍ക്കെല്ലാം ആശംസകള്‍ നേരണം. ഈ ആഹ്ലാദവേളകളില്‍ അതില്‍ പങ്കുചേരാന്‍ സാധിക്കാത്ത രോഗികള്‍ക്കും അവശര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും നമ്മുടെ സാന്നിധ്യം സന്തോഷം നല്‍കണം. കഴിഞ്ഞ ഈദുല്‍ ഫിത്വ്‌റില്‍ നമ്മോടൊപ്പമുണ്ടായിരുന്ന പലരും ഇതിനകം അല്ലാഹുവിങ്കലേക്ക് യാത്രയായിട്ടുണ്ട്. അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കണം.
ലോക ഇസ്‌ലാമിക സമൂഹം വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇസ്‌ലാമിന്റെ ശത്രുക്കള്‍ കൂടുതല്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. സമുദായത്തിനകത്തെ സംഘര്‍ഷങ്ങള്‍ക്ക് ആക്കം വര്‍ധിച്ചിരിക്കുന്നു. പരസ്പരം പോരടിച്ച് രക്തം ചിന്താനുള്ള തയാറെടുപ്പിലാണ് സമുദായം. ഗള്‍ഫ് മേഖലയില്‍ ഉരുണ്ടുകൂടുന്ന യുദ്ധത്തിന്റെ കാര്‍മേഘം നമ്മെ ഭയപ്പെടുത്തുന്നുണ്ട്. അവര്‍ക്കിടയില്‍ ശത്രുവാണ് കളിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അവര്‍ക്കിനിയുമായിട്ടില്ല. ഇസ്‌ലാമിന്റെ ഭൂമിയും സ്വത്തും കൊള്ളയടിച്ചും നശിപ്പിച്ചും തടിച്ചുവീര്‍ക്കാനാണവര്‍ ശ്രമിക്കുന്നത്. മറുവശത്ത് പട്ടിണിക്കോലങ്ങളുടെ സങ്കട ചിത്രങ്ങള്‍. അഭയാര്‍ഥികളും ആട്ടിയോടിക്കപ്പെട്ടവരുമാണവര്‍. പൂമ്പാറ്റകളെപ്പോലെ നമ്മുടെ കുഞ്ഞുങ്ങള്‍ പെരുന്നാള്‍ ദിനത്തില്‍ ആര്‍ത്തുല്ലസിക്കുമ്പോള്‍ കാലൂന്നാന്‍ മണ്ണില്ലാത്ത, കിടന്നുറങ്ങാന്‍ മേല്‍ക്കൂരകളില്ലാത്ത, രക്ഷാകര്‍തൃത്വത്തിന്റെ സുരക്ഷ നല്‍കാന്‍ മാതാപിതാക്കളില്ലാത്ത ആയിരക്കണക്കിന് കുസുമങ്ങളുടെ പെരുന്നാളുകളെ കുറിച്ച് നമുക്ക് ഓര്‍മയുണ്ടാവണം.
ഇതെഴുതുമ്പോള്‍ രാജ്യത്ത് വോട്ടുകള്‍ എണ്ണിത്തുടങ്ങാനിരിക്കുന്നേയുള്ളൂ. വോട്ടുയന്ത്രങ്ങള്‍ മാറ്റാനുള്ള ശ്രമങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുന്നു. വോട്ടിംഗിനെ സംബന്ധിച്ച് തന്നെ സംശയങ്ങളുയര്‍ന്നിരുന്നു. സംഘ്പരിവാര്‍ തന്നെയാണ് അധികാരത്തിലെത്തുന്നതെങ്കില്‍ ഈ രാജ്യം അവശേഷിക്കില്ല എന്നതില്‍ രണ്ടില്ല തരം. ആര് അധികാരത്തില്‍ വന്നാലും അങ്ങേയറ്റം ഇസ്‌ലാം, മുസ്‌ലിം വിരുദ്ധമായ ഒരു അധോഭരണകൂടം രാജ്യത്ത് നിലവില്‍ വന്ന് കഴിഞ്ഞിട്ടുണ്ട്. അതിനെ മറികടക്കുക അത്ര എളുപ്പമായിരിക്കില്ല. ഈ കൂരിരുട്ടുകളെല്ലാം മാറാന്‍ നാം ഉള്ളുതുറന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കണം.
നിരാശപ്പെടാനല്ല ഇതൊന്നും പറയുന്നത്. അശുഭാപ്തി വിശ്വാസക്കാരല്ല നാമൊരിക്കലും. നമ്മുടെ മനസ്സിടിഞ്ഞ് പോകില്ല, ആരുടെ മുന്നിലും തലകുനിക്കുകയുമില്ല. കൂടുതല്‍ ഉത്സാഹത്തോടെ, പ്രതീക്ഷയോടെ നാം മുമ്പോട്ട് പോകും. അല്ലാഹു പറഞ്ഞുറപ്പിച്ച സമാധാനത്തിന്റെ ലോകം നാം ഈ ഭൂമിയില്‍ സ്ഥാപിക്കുക തന്നെ ചെയ്യും. അതില്‍നിന്ന് നമുക്ക് പിന്മടക്കമില്ല. റമദാനും പെരുന്നാളും നമുക്ക് നല്‍കിയത് അതാണ്. പ്രതീക്ഷിക്കാന്‍ മാത്രം സന്നാഹങ്ങളില്ലാത്ത കാലത്തും അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് നാം മുന്നോട്ട് പോകും. എന്നിട്ട് നേടും, ബദ്ര്‍ പോലെ.
ഇസ്‌ലാമിക പ്രസ്ഥാനം പുതിയ പ്രവര്‍ത്തനകാലത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. കേരളത്തില്‍ വീണ്ടും ഉത്തരവാദിത്തം എന്നെയാണേല്‍പ്പിച്ചിരിക്കുന്നത്. താമസിയാതെ നമ്മുടെ വിവിധ ഘടകങ്ങളിലും പുതിയ നേതൃത്വം ചുമതലയേല്‍ക്കും. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഈ യാത്രക്ക് ഒരല്‍പംകൂടി ഗതിവേഗം വര്‍ധിപ്പിക്കണമെന്ന് നാം ആഗ്രഹിക്കുന്നു. ഈ പ്രസ്ഥാനവും അതിന്റെ നേതൃത്വവും പ്രവര്‍ത്തകരും നിങ്ങളുടെ പ്രാര്‍ഥനയിലുണ്ടാവണം.
Comments