മനുഷ്യാവകാശങ്ങളുടെ നിലപാടുതറകള്‍
മനുഷ്യാവകാശ സംരക്ഷണത്തിന്റെ ആവശ്യകത ഉള്‍ക്കൊണ്ട് അന്താരാഷ്ട്ര സമൂഹം രൂപകല്‍പന ചെയ്ത മനുഷ്യാവകാശ പ്രഖ്യാപനമാണ് 1948 ഡിസംബര്‍ 10-ന് ഐക്യരാഷ്ട്രസഭ പുറപ്പെടുവിച്ചത്. പ്രകൃതിതന്നെയാണ് മനുഷ്യാവകാശങ്ങള്‍ മനുഷ്യര്‍ക്ക് അനുവദിച്ചതെന്ന, പ്രസിദ്ധ തത്ത്വചിന്തകന്‍ അരിസ്റ്റോട്ടിലിന്റെ ആശയം പിന്തുടര്‍ന്ന് മറ്റു ദാര്‍ശനികരും പുതിയ പുതിയ സിദ്ധാന്തങ്ങള്‍ മതത്തിന്റെ അടിത്തറയില്‍നിന്നുകൊണ്ട് വ്യാഖ്യാനിക്കാന്‍ തുടങ്ങി. എന്നാല്‍ മതേതര യുക്തിചിന്ത വേരുപിടിച്ച കാലഘട്ടത്തില്‍ ദൈവത്തിനും മതത്തിനും മനുഷ്യാവകാശങ്ങളുടെ പിതൃത്വം ചാര്‍ത്തിക്കൊടുക്കാന്‍ സാമൂഹികശാസ്ത്ര ചിന്തകര്‍ തയാറായില്ല. ഈ വീക്ഷണത്തിന്റെ പോരായ്മയില്‍നിന്നാണ് സാമൂഹിക കരാര്‍ സിദ്ധാന്തം ഉടലെടുത്തത്. ഒരു കരാര്‍ അടിസ്ഥാനത്തില്‍ രാഷ്ട്രംതന്നെ പൗരന്റെ നിയമപരമായ അവകാശങ്ങള്‍ ചിട്ടപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്തു. അതിന്റെ പരിണിതഫലമോ, മനുഷ്യാവകാശം രാഷ്ട്രത്തിന്റെ ഔദാര്യമായി. ഔദാര്യമായതോടെ പൊതുതാല്‍പര്യത്തിന്റെയും ദേശതാല്‍പര്യത്തിന്റെയും മുന്നില്‍ നിശ്ശബ്ദനാകാന്‍ പൗരന്‍ വിധിക്കപ്പെട്ടു. അധാര്‍മികര്‍ നയിക്കുന്ന ഭരണകൂടം പൗരാവകാശം നിഷേധിക്കുന്നതിനും അടിച്ചമര്‍ത്തുന്നതിനും നിയമപരമായ ന്യായം കണ്ടെത്തി. (അടിയന്തരാവസ്ഥ). 1978-ല്‍ വന്ന അന്താരാഷ്ട്രനിയമം അവകാശങ്ങളുടെ പരമാധികാരം രാഷ്ട്രങ്ങള്‍ക്കു തന്നിഷ്ടം നടപ്പിലാക്കാന്‍ എളുപ്പവുമായി (വീറ്റോ). രാജവാഴ്ചയുടെ കാലത്തും കമ്യൂണിസ്റ്റ് ഭരണ സംവിധാനത്തിലും ലക്ഷക്കണക്കിന് ജീവന്‍ പൊലിഞ്ഞതിന്റെ ന്യായീകരണം പൗരാവകാശത്തിനുമേല്‍ സമഗ്രാധിപത്യമെന്ന മേല്‍ക്കോയ്മയാണ്.
1215-ലെ ബ്രിട്ടനിലെ മാഗ്നാകാര്‍ട്ട ജനാധിപത്യത്തിന്റെ ആദ്യപടിയായി ഉദ്‌ഘോഷിക്കുന്നുണ്ടെങ്കിലും, അത് രാജാവിനും ശക്തരായ പ്രഭുവര്‍ഗത്തിനുമിടയില്‍ അധികാരവും അവകാശവും പങ്കിട്ടെടുക്കുന്നതിനുള്ള ഒരു ഉടമ്പടി മാത്രമായേ പരിഗണിക്കാവൂ. പ്രഭുക്കളെ തുടര്‍ന്ന് ഡോക്ടര്‍, എഞ്ചിനീയര്‍ മുതലായ ഉപരിവര്‍ഗത്തിന്റെ ആവശ്യങ്ങളും രാജാവ് സമ്മതിച്ചുകൊടുത്തു. സാധാരണക്കാര്‍ക്ക് അവകാശങ്ങള്‍ അന്നും അന്യമായിരുന്നു. മനുഷ്യാവകാശങ്ങള്‍ ജന്മാവകാശമാണെന്ന തത്ത്വം രാഷ്ട്രങ്ങള്‍ പൊതുവെ അംഗീകരിച്ചുവരുമ്പോഴും ജനാധിപത്യരീതിയില്‍ ഒരു വോട്ടവകാശം ലഭിച്ചു എന്നതില്‍ മാത്രം സംതൃപ്തി അടയേണ്ടതായി വരുന്നു സാധാരണക്കാര്‍ക്ക്. പൊതു താല്‍പര്യം, ദേശതാല്‍പര്യം എന്നൊക്കെ ചൂണ്ടിക്കാണിച്ച് വിവിധ രാഷ്ട്രീയ സംവിധാനങ്ങള്‍ താഴേത്തട്ടിലുള്ള ജനവിഭാഗങ്ങളെ നിസ്സഹായരാക്കി തെരുവിലേക്കിറക്കിവിടുന്നത് സര്‍വസാധാരണമായി. വികസനത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍, പീഡനങ്ങള്‍, ബലാത്സംഗങ്ങള്‍, കൂട്ടക്കൊലകള്‍ മുതലായവയെല്ലാം നടമാടുന്നത് വിവിധ പ്രത്യയശാസ്ത്രങ്ങളെ പിന്തുടരുന്ന രാഷ്ട്രങ്ങളിലാണെന്നതാണ് വൈരുധ്യം.
വംശീയത മനുഷ്യരില്‍ ചിലര്‍ക്ക് പ്രത്യേക പദവിയും ശ്രേഷ്ഠതയും നല്‍കി ലോകത്ത് ഒട്ടേറെ അവകാശ ലംഘനങ്ങളും അക്രമങ്ങളും നടത്തുന്നു. വംശീയതയുടെ വകഭേദങ്ങളാണ് ജാതീയത, വര്‍ണവിവേചനം, ജന്മംകൊണ്ടുള്ള ഔന്നത്യം മുതലായ മനുഷ്യത്വരഹിതമായ ചിന്താഗതികള്‍. ഉടമ-അടിമ, ജന്മി-കുടിയാന്‍, കൊളോണിയല്‍ ഭരണം, കറുത്തവര്‍-വെളുത്തവര്‍, സവര്‍ണര്‍-അവര്‍ണര്‍ തുടങ്ങിയ ചേരിതിരിവുകളും വംശീയതയുടെ സന്തതികള്‍ തന്നെ. വംശീയതയുടെ പേരില്‍ മനുഷ്യാവകാശം ലംഘിക്കുന്നതില്‍ അഗ്രഗണ്യരായിരുന്നു യൂറോപ്യര്‍. ഇന്ത്യയിലെ വേദഗ്രന്ഥങ്ങളിലെ ചില പരാമര്‍ശങ്ങള്‍ക്കു സമാനമായി ഗ്രീസിന്റെയും റോമിന്റെയും ദാര്‍ശനികന്മാര്‍ (പ്ലേറ്റോ, അരിസ്റ്റോട്ടില്‍) വംശീയതയുടെ 'മഹത്വം' വരച്ചുകാട്ടിയിട്ടുണ്ടെന്നതും സ്മരണീയം. വികസനത്തിന്റെ ഗുണവശം മുഴുവന്‍ വികസിത രാഷ്ട്രങ്ങള്‍ക്കു ലഭിക്കുന്നതും അതിന്റെ മാലിന്യങ്ങള്‍ പേറാന്‍ വികസ്വര-അവികസിത രാഷ്ട്രങ്ങള്‍ നിര്‍ബന്ധിതമാകുന്നതും തന്ത്രപരമായ നീക്കങ്ങളില്‍ കൂടിയാണ്. രാസമാലിന്യങ്ങള്‍, കീടനാശിനികള്‍, നിരോധിത മരുന്നുകള്‍, കാലഹരണപ്പെട്ട സാങ്കേതികവിദ്യ ഇതെല്ലാം പേറേണ്ടിവരുന്നു അവികസിത രാഷ്ട്രങ്ങള്‍. മനുഷ്യാവകാശത്തിനേല്‍ക്കുന്ന മറ്റൊരു പ്രഹരം.
മനുഷ്യാവകാശങ്ങളുടെ പവിത്രത ഉദ്‌ഘോഷിക്കുന്നു ഇസ്‌ലാം. ഭൂമിയുടെ മേല്‍നോട്ടവും പരിപാലനവും നടത്താന്‍ ദൈവം സൃഷ്ടിച്ച ഭൂമിയിലെ പ്രതിനിധിയാണ് മനുഷ്യന്‍. ദൈവം മനുഷ്യന് മഹത്വവും ആദരവും കല്‍പിച്ചു നല്‍കിയിരിക്കുന്നു. ജന്മനാ തന്നെ മനുഷ്യരെല്ലാവരും ഒരേപോലെ അന്തസ്സുള്ളവരും തുല്യരുമെന്ന് ദൈവം കല്‍പിച്ചു. മനുഷ്യന്റെ ഈ അന്തസ്സിനെ അംഗീകരിക്കലാണ് യഥാര്‍ഥ മനുഷ്യാവകാശം. മനുഷ്യന്റെ ജീവന്‍, രക്തം, ആത്മാഭിമാനം എന്നീ മൂന്ന് അവകാശങ്ങളാണ് അവനെ സ്വതന്ത്രമാക്കുന്നതും ആദരണീയമാക്കുന്നതും. മനുഷ്യാവകാശങ്ങള്‍ക്കുനേരെ കൈയേറ്റമുണ്ടായാല്‍, മതപരമായ കര്‍മങ്ങള്‍ വീഴ്ചവരുത്താതെ ചെയ്താലും അവര്‍ക്കു ലഭിക്കുന്നത് സ്വര്‍ഗമല്ല, മറിച്ച് നരകമാണ്. മനുഷ്യനു നല്‍കിയ മഹത്വവും ആദരവും വര്‍ണം, ഭാഷ, മതം, ദേശം എന്നിവക്കെല്ലാം അതീതവും എല്ലാവര്‍ക്കും തുല്യാവകാശം നല്‍കുന്നതുമാണ്. മനുഷ്യവംശം ഒരൊറ്റ ജനതയാണ്. ഒരാള്‍ക്ക് മറ്റൊരാളേക്കാള്‍ ശ്രേഷ്ഠതയില്ല. ജീവിത ഗുണവും ഭക്തിയുമാണ് ഔന്നത്യത്തിന്റെ മാനദണ്ഡം. ഈ വിഷയം ആധികാരികതയോടെ കൈകാര്യം ചെയ്യുന്ന പ്രൗഢ ഗ്രന്ഥമാണ് ഡോ. ആര്‍. യൂസുഫിന്റെ 'മനുഷ്യാവകാശം അംഗീകാരവും തിരസ്‌കാരവും.'
മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധി. ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നെങ്കില്‍ പ്രതിനിധിയെന്ന വാക്കിന് എന്തര്‍ഥം? പ്രതിനിധിയുടെ(ഖലീഫ) മൗലികാവകാശമാണ് വിശ്വാസ സ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, അഭിപ്രായപ്രകടന സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയവ. ദൈവികമാര്‍ഗദര്‍ശനത്തിനനുസരിച്ച് ജീവിതം നയിക്കുന്നതാണ് അഭികാമ്യമെന്ന പ്രപഞ്ചവീക്ഷണം നിലനില്‍ക്കുമ്പോഴും വ്യക്തിയുടെ വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ കാരണമില്ല. വ്യക്തിസ്വാതന്ത്ര്യത്തിനും അതിരുണ്ട്. ഭരണാധികാരികള്‍ക്കെതിരെ ആയുധമേന്തുകയോ കലാപത്തിന് തയാറെടുക്കുകയോ ചെയ്യാത്തേടത്തോളം അവരെ വധിക്കാന്‍ പാടില്ല. പക്ഷേ, മറ്റുള്ള പ്രജകളുടെ ജീവനും സ്വത്തിനും ഭീഷണിയായാല്‍ അവര്‍ വധിക്കപ്പെടേണ്ടവര്‍ തന്നെ. സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുക, വിചാരണ കൂടാതെയും കുറ്റം തെളിയിക്കാതെയും ശിക്ഷിക്കുക ഇവയൊക്കെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്. ജനാധിപത്യത്തില്‍ ജനങ്ങളുടെ ആഗ്രഹവും ചിന്തയും പ്രതിഫലിക്കണം. ജനങ്ങളുടെ ഭരണാധികാരികളെ ജനങ്ങള്‍ തന്നെ നിശ്ചയിക്കണം. തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി സ്വേഛാധിപതിയാകാതിരിക്കാന്‍ കൂടിയാലോചനാ സമിതി അനിവാര്യമാണ്, ജനാധിപത്യത്തില്‍.
വ്യക്തിസ്വാതന്ത്ര്യത്തിന് അമിതപ്രാധാന്യം നല്‍കുമ്പോള്‍ ചില പ്രശ്‌നങ്ങളും ഉയര്‍ന്നുവരാം. ഏകാധിപത്യം, പരിസ്ഥിതിനാശം, വിമതലൈംഗികത, സാമ്പത്തിക അരാജകത്വം, കുത്തകവല്‍ക്കരണം തുടങ്ങിയവ അമിതസ്വാതന്ത്ര്യത്തിന്റെ സന്തതികളാണ്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവില്‍ നടക്കുന്ന ഉദാര ലൈംഗികത, സ്വവര്‍ഗരതി മുതലായ അധാര്‍മിക സ്വാതന്ത്ര്യങ്ങള്‍ മനുഷ്യനെ എങ്ങോട്ടാണെത്തിക്കുക? സദാചാരമൂല്യങ്ങളിലധിഷ്ഠിതമായ മനുഷ്യബന്ധങ്ങള്‍, കുടുംബം, ദാമ്പത്യ ജീവിതം ഇതെല്ലാം വ്യക്തിവാദവുമായി മല്ലിട്ടു ക്ഷയിക്കുന്നതിനും ലോകം സാക്ഷ്യം വഹിക്കുന്നു. മനുഷ്യാവകാശവും അഭിപ്രായസ്വാതന്ത്ര്യവും രാഷ്ട്രത്തിന്റെ ഔദാര്യത്തില്‍ അധിഷ്ഠിതമാണെന്ന കമ്യൂണിസ്റ്റ് സിദ്ധാന്തം മനുഷ്യാവകാശ ധ്വംസനമായതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഒരുവശത്ത് വ്യക്തിയുടെ അനിയന്ത്രിത സ്വാതന്ത്ര്യം, മറുവശത്ത് രാഷ്ട്രത്തിന്റെ അനിയന്ത്രിതാവകാശം. രണ്ടും മനുഷ്യാവകാശത്തെ കവര്‍ന്നെടുക്കുന്നു.
എപ്പോഴാണ് ഒരു പ്രവൃത്തി അനീതിയാകുന്നത്? വ്യക്തിയുടെയോ സമൂഹത്തിന്റെയോ അവകാശത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ഒരാളുടെ കര്‍മം അപഹരിക്കുമ്പോള്‍ ആ കര്‍മം അനീതിയായിത്തീരുന്നു. ഇതിനെ അക്രമമെന്നും വിശേഷിപ്പിക്കാം. ഈ അനീതി തടയുന്നതിനും അക്രമം കാണിച്ചവരെ ശിക്ഷിക്കുന്നതിനും കണിശമായ തത്ത്വങ്ങളും ദൃഢമായ ശിക്ഷാവിധികളും ആവിഷ്‌കരിച്ചിരിക്കുന്നു. എല്ലാവരെയും സ്‌നേഹിക്കുകയെന്ന തത്ത്വം കൊള്ളാം. പക്ഷേ, മര്‍ദകനോടും ചൂഷകനോടും ദയ കാണിച്ചാല്‍ അത് അക്രമത്തിന് കൂട്ടുനില്‍ക്കുന്നതിനു തുല്യമാകും. നീതിക്കു മേലല്ല സ്‌നേഹം. സ്‌നേഹം നീതി നടപ്പാക്കുന്നതിന് തടസ്സമാവുകയും ചെയ്യരുത്. കുറ്റം ചെയ്തവന്‍ ശിക്ഷിക്കപ്പെടണം. കുറ്റം ചെയ്തവനല്ലാതെ അവനോട് ബന്ധപ്പെട്ട നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത് എന്നതും പ്രധാനമാണ്. ലോകത്ത് നടന്ന ജനകീയ മുന്നേറ്റങ്ങള്‍ മനുഷ്യാവകാശ സംരക്ഷണത്തിനു വേണ്ടിയാണെന്നും ആ അവകാശങ്ങള്‍ ദൈവം ഭൂമിയിലെ പ്രതിനിധിയായ മനുഷ്യന് കല്‍പിച്ചുനല്‍കിയ മഹത്വവും ആദരവുമാണെന്നുമുള്ള തിരിച്ചറിവ് നമുക്കുണ്ടായേ മതിയാകൂ.
Comments