എന്റെ ജനമേ, ചെറുത്തുനില്‍ക്കൂ, അവരെ പ്രതിരോധിക്കൂ
ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള ഫലസ്ത്വീനികളുടെ ചെറുത്തുനില്‍പിനു പിന്തുണ പ്രഖ്യാപിച്ച് കവിത വീഡിയോ അടക്കം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ അറബ്-ഇസ്രയേല്‍ കവി ദറീന്‍ താതറിനെ 5 മാസത്തേക്ക് തുറുങ്കിലടക്കുകയുണ്ടായി. 'തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചു' എന്ന കുറ്റം ചുമത്തിയാണ് നാസറെത് ജില്ലാ കോടതി വിധി പുറപ്പെടുവിച്ചത് എന്നാണ് 'ഹാരെറ്റ്‌സ് ഡെയിലി' റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒക്‌ടോബര്‍ 2015, 'റെസിസ്റ്റ് മൈ പീപ്പിള്‍, റെസിസ്റ്റ് തെം' എന്ന ലോക ശ്രദ്ധ നേടിയ കവിതാ വീഡിയോ അവര്‍ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. അതിന്റെ വിവര്‍ത്തനമാണ് താഴെ (കടപ്പാട്:https://www.counterpunch.org/2018/08/02/israeli-arab-dareen-tatour-sentenced-to-5-months-in-prison-over-pro-palestinian-poem/].
എന്റെ ജനമേ, ചെറുത്തുനില്ക്കു, അവരെ പ്രതിരോധിക്കൂ
ജറൂസലമില്‍, ഞാന്‍ എന്റെ മുറിവുകള്‍ തുടച്ചു
എന്‍ മനോവ്യഥകള്‍ ശ്വസിച്ചു
ഉള്ളം കൈയില്‍ ആത്മാവിനെ വഹിച്ചു
ഒരു അറബ് ഫലസ്ത്വീനിനായി
കീഴടങ്ങുകില്ല ഞാന്‍ 'സമാധാനപരമായ പരിഹാരത്തിന്'
താഴ്ത്തുകില്ല ഒരിക്കലും എന്‍ ധ്വജങ്ങളെ
എന്‍ ദേശത്തില്‍നിന്ന് അവരെ ഇറക്കിവിടുവോളം
തള്ളിക്കളയുന്നു അവരെ നല്ല നാളേക്കായി
എന്റെ ജനമേ, ചെറുത്തുനില്‍ക്കൂ, അവരെ പ്രതിരോധിക്കൂ
പ്രതിരോധിക്കൂ കുടിയേറ്റക്കാരന്റെ കൊള്ളയെ
പിന്തുടരൂ രക്തസാക്ഷി പഥികരെ
ചീന്താം അവമതിപ്പുണ്ടാക്കിയ ഭരണഘടനയെ
അടിച്ചേല്‍പ്പിച്ചു അത് അപകീര്‍ത്തിയും അപമാനവും
അവകാശ പോരാട്ടങ്ങളില്‍ നമ്മെ പിന്തിരിപ്പിച്ചു
അവര്‍ അഗ്നിക്ക് ഇരയാക്കിയത് കുരുന്നു ബാല്യങ്ങളെ;
ഹാദിലിനെ അവര്‍ പൊതുനിരത്തില്‍ ഉന്നംവെച്ചു
പട്ടാപ്പകല്‍ അവളെ കൊന്നുതള്ളി
എന്റെ ജനമേ, ചെറുത്തുനില്ക്കു, അവരെ പ്രതിരോധിക്കൂ
പ്രതിരോധിക്കൂ അധിനിവേശക്കാരന്റെ കടന്നാക്രമണങ്ങളെ
ചെവി കൊടുക്കരുത് നമ്മള്‍ക്കിടയിലെ
അവന്റെ ഏജന്റുമാര്‍ക്ക്
അവന്‍ മിഥ്യാ ശാന്തിയിലൂടെ നമ്മെ ബന്ധനസ്ഥരാക്കുന്നു
ഭയപ്പെടേണ്ട സംശയാസ്പദമായ നാവുകളെ
നിന്‍ ഹൃദയത്തിലെ പരമ സത്യങ്ങള്‍ക്കാണ് വീര്യം,
നീ നിന്റെ ദേശത്തിനായി ചെറുത്തുനില്‍ക്കുന്ന കാലത്തോളം
അത് പിന്നിട്ടത് അശാന്തിയെ, വിജയങ്ങളെ
അങ്ങനെ, അലി അവന്റെ ഖബ്‌റില്‍നിന്ന് വിളിച്ചു പറഞ്ഞു:
മീസാന്‍ കല്ലിനു മേല്‍ എനിക്കെഴുതൂ ഗദ്യങ്ങള്‍;
എന്റെ അവശിഷ്ടങ്ങളുണ്ട് മറുപടിയായി
എന്റെ ജനമേ ചെറുത്തുനില്ക്കു, അവരെ പ്രതിരോധിക്കൂ
എന്റെ ജനമേ, ചെറുത്തുനില്ക്കു, അവരെ പ്രതിരോധിക്കൂ
വിവര്‍ത്തനം: പി.പി മുഹമ്മദ്
Comments