Prabodhanm Weekly

Pages

Search

2019 മെയ് 03

3100

1440 ശഅ്ബാന്‍ 27

വിദ്വേഷ പ്രചാരണങ്ങളെ നേരിടേണ്ടത് എല്ലാവരെയും ചേര്‍ത്തുപിടിച്ച്

ഡോ. സബ്രീന ലെയ്

ഇസ്‌ലാമും പാശ്ചാത്യലോകവും തമ്മിലുള്ള പരസ്പരബന്ധം ഊട്ടിയുറപ്പിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്ന മുസ്‌ലിം തത്ത്വചിന്തകയും എഴുത്തുകാരിയുമെന്ന നിലയില്‍ ന്യൂസിലാന്റ് ദുരന്തം എന്നെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. എന്റെ മാതാവ് സ്വയം ക്രിസ്ത്യനാണെന്ന് പറഞ്ഞുകൊണ്ടിരിക്കുമെങ്കിലും അവരൊരിക്കലും പ്രായോഗികമായി അങ്ങനെയായിരുന്നില്ല. എന്റെ പിതാവ് മതരഹിതനും തന്റെ മതവിശ്വാസത്തെപറ്റി ഒരിക്കലും സംസാരിക്കാത്ത ആളുമാണ്. ഞാനൊഴിച്ചുള്ള എന്റെ കുടുംബാംഗങ്ങളാരും തന്നെ മുസ്ലിംകളല്ല. എന്നാല്‍ ഞങ്ങള്‍ പരസ്പരം വളരെയധികം അടുപ്പത്തിലും ബഹുമാനത്തോടെയുമാണ് സംവദിച്ചുപോരുന്നത്. ഇസ്ലാമിലേക്കുള്ള എന്റെ മതപരിവര്‍ത്തനം, യൂറോപ്പുമായും അതിന്റെ നാഗരികതയുമായും തുറന്ന ബന്ധം സാധ്യമാക്കാന്‍ പറ്റുന്നവിധം ഒരു മുസ്ലിം സമുദായത്തെ രൂപപ്പെടുത്തിയെടുക്കാനുള്ള എന്റെ പരിശ്രമങ്ങള്‍, ഇതൊക്കെ ഉായിട്ടും കഴിഞ്ഞ ഒമ്പതു വര്‍ഷമായി എന്റെ മാതാപിതാക്കള്‍ അങ്ങേയറ്റം സ്നേഹത്തോടെയാണ് എന്നോട് പെരുമാറിക്കൊണ്ടിരിക്കുന്നത്. അവര്‍ ഇസ്ലാമിക പാരമ്പര്യത്തോട് അടുത്തുനില്‍ക്കുകയും ഇസ്ലാമിന്റെ ആഗോള സാഹോദര്യത്തെയും എല്ലാ മനുഷ്യരോടുമുള്ള അതിന്റെ കാരുണ്യത്തെയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. എന്റെ പിതാവ് ജുമുഅ നമസ്‌കാരത്തിനോ അല്ലെങ്കില്‍ ഞാന്‍ സംസാരിക്കാന്‍ പോകുന്ന സ്ഥലത്തോ എന്നെ കാറില്‍ കൊണ്ടെത്തിക്കാറുണ്ട്. ക്രിസ്ത്യാനികള്‍ നടത്തുന്ന സര്‍വകലാശാലകള്‍ ഇസ്ലാമിനെകുറിച്ച് സംസാരിക്കാന്‍ എന്നെ ക്ഷണിക്കാറുമുണ്ട്. അത്തരം ക്രിസ്ത്യന്‍ സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും ഇസ്ലാം ആശ്ലേഷിച്ച ചിന്തക എന്നാണ് എന്നെ പരിചയപ്പെടുത്താറുള്ളത്. ഞാനിപ്പോഴും എന്നെ പഠിപ്പിച്ച കത്തോലിക്കാ അധ്യാപകരെയും പ്രഫസര്‍മാരെയും കന്യാസ്ത്രീകളെയും ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. മറ്റൊരര്‍ഥത്തില്‍ മറ്റുള്ള മതസ്ഥരുമായും സംസ്‌കാരങ്ങളുമായുമുള്ള എന്റെ ബന്ധത്തില്‍ വിദ്വേഷത്തിനോ എതിരഭിപ്രായത്തിനോ യാതൊരു ഇടവും ലഭിക്കാറില്ല. ഞാന്‍ എന്നോടുതന്നെ പറയാറുള്ളതുപോലെ, എന്റെ മതപരിവര്‍ത്തനവും മുസ്ലിംചിന്തക എന്നനിലക്കുള്ള പൊതുപ്രവര്‍ത്തനവും ഒന്നും എന്റെ സുഹൃത്തുക്കളെ ആരെയും തന്നെ എന്റെ ശത്രുക്കളാക്കിയിട്ടില്ല.

മുസ്ലിംകളല്ലാത്ത എന്റെ സുഹൃത്തുക്കളില്‍നിന്നുമുള്ള ഇത്തരം ശുഭകരമായ അനുഭവങ്ങളും യൂറോപ്പിലും അമേരിക്കയിലും ഉയര്‍ന്നുവരുന്ന ഇസ്ലാം ഭീതിയുടെ വിദ്വേഷത്തെ മറികടക്കാന്‍ മനുഷ്യര്‍ക്ക് കഴിയുമെന്നുള്ള എന്റെ ഉറച്ച വിശ്വാസവും മൂലം സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം അമ്പതിലേറെ ആളുകള്‍ മരണപ്പെട്ട ന്യൂസിലാന്റ് കൂട്ടക്കൊല എന്നെ സംബന്ധിച്ചേടത്തോളം മനസ്സിനെ വലിയ അളവില്‍ ഉലക്കുന്ന ഒന്നായിരുന്നു. ആള്‍ക്കൂട്ടത്തിലേക്ക്  വെടിയുതിര്‍ത്തതോ തോക്കിന്‍ മുന്നില്‍ കണ്ടവരെയെല്ലാം കൊലപ്പെടുത്തിയതോ ആയിരുന്നില്ല അത്. മറിച്ച് ആസ്ത്രേലിയക്കാരനായ വെള്ളവംശീയ ഭീകരവാദി നടത്തിയ ഒരു വിഭാഗത്തെ ഒന്നടങ്കം ഇല്ലായ്മ ചെയ്യാനുള്ള ഭീകര പ്രവര്‍ത്തനമായിരുന്നു. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ മഹത്തായ നിലപാടിനെ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്തുകൊണ്ട്, ഞാനും ഇവിടെ കൊലയാളിയുടെ പേരു പറയാന്‍ ആഗ്രഹിക്കുന്നില്ല. അയാള്‍ ചെയ്തതിന്റെ ഒരംശംപോലും ചെയ്യാത്ത നിഷ്‌കളങ്കരായ ഒരുവിഭാഗത്തെ നിഷ്ഠുരമായി ഇല്ലായ്മ ചെയ്തതിലൂടെ അയാള്‍ സ്വയം തന്നെ തന്റെ മനഷ്യത്വത്തെ അപഹരിച്ചതിനാലും കൂടിയാണ് ഞാന്‍ അയാളുടെ പേര് വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്നത്. ഏറ്റവുമധികം വേദനയും പരിക്കുകളും ഉണ്ടാക്കാനായി ശ്രദ്ധയോടെ തെരഞ്ഞെടുത്തവയായിരുന്നു അക്രമത്തിനായി ഉപയോഗിച്ച ആയുധവും ബുള്ളറ്റുകളും. ഇസ്ലാമിനും മുസ്ലിംകള്‍ക്കും എതിരെ മധ്യകാലത്ത് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ വീണ്ടും ഉയര്‍ത്തിക്കാട്ടിക്കൊണ്ടും ഉസ്മാനിയ്യ ഭരണകൂടം പാശ്ചാത്യ ലോകത്തിനെതിരെ നടത്തിയെന്ന് പറയപ്പെടുന്ന നീതികേടുകള്‍ക്കുള്ള പ്രതികാരം എന്ന അര്‍ഥത്തിലും താനെഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ അയാള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അവസാന നിമിഷം അക്രമണത്തെ സംബന്ധിച്ച് അയാള്‍ ന്യൂസിലാന്റ് ഭരണാധികാരികള്‍ക്ക് എഴുത്തയക്കുകയും ചെയ്തതായി പറയപ്പെടുന്നു.

കൊലയാളിയുടെ ആക്രമണം സോഷ്യല്‍ മീഡിയയില്‍ അല്‍പസമയം പ്രദര്‍ശിപ്പിച്ചിരുന്നു. അങ്ങേയറ്റം ഹിംസാത്മകമായ ഹോളിവുഡ് സിനിമ കാണുന്നതുപോലെയാണ് ആളുകള്‍ അത് കണ്ടിരുന്നത്. ഇവിടെയത് അമ്പതോളം പേര്‍ കൊല്ലപ്പെടുകയും അതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത യഥാര്‍ഥ സംഭവമാണെന്ന വ്യത്യാസം മാത്രം. ഇസ്ലാംഭീതി വളരെ കുറഞ്ഞ, സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്നതായി കണക്കാക്കപ്പെടുന്ന, അഭയാര്‍ഥികളെ സ്വാഗതം ചെയ്യുന്ന, ഫലസ്ത്വീനെതിരായുള്ള ഇസ്രയേലീ ആക്രമണങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്ന ന്യൂസിലാന്റിലാണ് സംഭവം നടന്നിട്ടുള്ളത് എന്ന കാര്യം തീര്‍ത്തും നിരാശാജനകമാണ്.

എന്നിരുന്നാലും, പരസ്പരം സൗഹൃദത്തോടെ പ്രവര്‍ത്തിക്കാനും മതങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധം സ്ഥാപിക്കാനുമുള്ള മനുഷ്യന്റെ ശേഷിയെപറ്റിയുള്ള എന്റെ ശുഭാപ്തിവിശ്വാസം, ഞാന്‍ നേരത്തേ പറഞ്ഞതുപോലെ, പരിമിതമായതാണെന്ന് തെളിഞ്ഞിരിക്കുകയാണ് ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ ദുരന്തത്തിലൂടെ. യു.എസിലും കാനഡയിലും ഫ്രാന്‍സിലും നോര്‍വെയിലും ഇംഗ്ലണ്ടിലുമെല്ലാം മുസ്ലിംകള്‍ ധാരാളമായുണ്ട്. ഞാനിതെഴുതുമ്പോള്‍പോലും അവിടങ്ങളിലെല്ലാംതന്നെ മുസ്ലിംകള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും അല്ലാത്തതുമായ ഇസ്ലാംവിരുദ്ധതയും അക്രമങ്ങളും നടക്കുന്നുമുണ്ട്. പല രാജ്യങ്ങളിലും ഇസ്ലാമോഫോബിയ മുഖ്യധാരാ വ്യവഹാരമായി മാറിയിട്ടുണ്ട്; പ്രത്യേകിച്ചും യു.എസില്‍. അവിടെ പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപ്യോയും അടക്കം പല ഉന്നതാധികാരികളും സ്ഥിരമായി ഇസ്ലാംവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. യഥാര്‍ത്തില്‍ ഇസ്ലാംവിരുദ്ധത അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി നില്ക്കുകയാണിപ്പോള്‍.

ആഗോളവത്കരണം മനുഷ്യചരിത്രത്തില്‍ മുമ്പുകണ്ടിട്ടില്ലാത്തവിധം വ്യത്യസ്ത വംശങ്ങളിലും രാഷ്ട്രങ്ങളിലും പെട്ട ആളുകളെ ഒരുമിച്ചുകൂട്ടുകയും ഇന്റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും കുടിയേറ്റവും മറ്റും കാരണം ദേശാതിര്‍ത്തികള്‍ക്ക് പ്രാധാന്യം നഷ്ടപ്പട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഇസ്ലാംവിരുദ്ധതക്ക് സ്വീകാര്യത വര്‍ധിക്കുകയും അത് പാശ്ചാത്യ ചിന്തകളിലും പോളിസി രൂപീകരണത്തിലും സ്വാധീനം ചെലുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. ക്രൈസ്റ്റ്ചര്‍ച്ച് സംഭവവും ചില കോണുകളില്‍നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന വലതുപക്ഷ വെള്ളവംശീയ-ദേശീയ വ്യവഹാരങ്ങളുമെല്ലാം വീക്ഷിക്കുന്ന ഒരാള്‍ക്ക് 1948-ലെ ആഗോള മനുഷ്യാവകാശ ബില്ല് അടക്കം പല കരാറുകളും അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും മുന്നോട്ടുവെക്കുന്ന ആഗോള മനുഷ്യാവകാശങ്ങളെയും ഐക്യത്തെയും ഇസ്ലാംഭീതി ആശങ്കപ്പെടുത്തുന്നതായി കാണാന്‍ സാധിക്കും. 

മറ്റൊരര്‍ഥത്തില്‍, ഇസ്ലാംഭീതിയുടെ വളര്‍ച്ചക്കു പിന്നിലെ കാരണങ്ങള്‍ വിശകലനം ചെയ്യുകയും അത് പുറത്തുകൊണ്ടുവരികയും ചെയ്യേണ്ടത് മനുഷ്യാവകാശത്തിലും ഐക്യത്തിലും വിശ്വസിക്കുന്ന നമ്മുടെ പൊതുചിന്തകരുടെയും ഗവേഷകരുടെയും ബാധ്യതയാണ്. ഇസ്ലാമോഫോബിയ ഒരു മുസ്ലിം പ്രശ്നം മാത്രമോ മുസ്ലിം ചിന്തകര്‍ മാത്രം ആലോചിക്കേണ്ടുന്ന ഒന്നോ അല്ല. തീര്‍ച്ചയായും ഇസ്ലാംഭീതി മനുഷ്യാവകാശത്തെയും ഐക്യത്തെയും പറ്റിയുള്ള ആഗോളസങ്കല്‍പ്പനങ്ങളെ വെല്ലുവിളിക്കുന്നുണ്ട്. അത് മനുഷ്യാവകാശത്തെയും ഐക്യത്തെയും പറ്റിയുള്ള തത്ത്വങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരെയും ആശങ്കയിലാക്കുന്നു.

ഒരര്‍ഥത്തിലും പുറത്തുനിന്നുള്ളതല്ലാത്ത, പൂര്‍ണമായും യൂറോപ്പില്‍നിന്നുള്ള ആളായിട്ടുപോലും പലപ്പോഴും ഇസ്ലാംഭീതി എന്നെയും വേട്ടയാടിയിട്ടുണ്ട്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് ഇറാഖിലും മറ്റു പല ഇസ്ലാമിക രാഷ്ട്രങ്ങളിലും പ്രവര്‍ത്തിച്ച ഒരു സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ പൊതുസ്ഥലത്തുവെച്ച് ഇസ്ലാംവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത് വേദനാജനകമായ ഇസ്ലാമോഫോബിക് അനുഭവമായിരുന്നു. ഒരു ഈദ് ദിവസത്തില്‍ അദ്ദേഹവുമായി അഭിമുഖം നടത്തുന്ന പത്രപ്രവര്‍ത്തകയുമായി ചായ കുടിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെ എന്റെ വസ്ത്രത്തെയും ഇസ്ലാമിനെയും ഇസ്ലാം ആശ്ലേഷിച്ച എന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പിനെയും ആക്ഷേപിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചത്. വലതുപക്ഷ രാഷ്ട്രീയക്കാരും ഇസ്രയേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവരും തീവ്ര-വലതുപക്ഷക്കാരുമായ ചിന്തകരും കുറഞ്ഞത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പാശ്ചാത്യ മനസ്സുകളില്‍ വലിയ തരത്തില്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷത്തിന്റെ തീവ്രത എനിക്ക് ബോധ്യപ്പെടുത്തിത്തരുന്നതായിരുന്നു എന്നെ സംബന്ധിച്ചേടത്തോളം വേദനാജനകമായ ആ അനുഭവം.

മധ്യകാലത്തെ യുക്തിരഹിതമായ ഇസ്ലാംഭീതി ഇപ്പോഴും പാശ്ചാത്യ മനസ്സുകളില്‍ നിലനില്‍ക്കുന്നുണ്ട്. അത് യൂറോപ്പിന്റെ സാംസ്‌കാരിക, രാഷ്ട്രീയ, മതബോധങ്ങളുടെ ആഴങ്ങളിലെവിടെയോ ഉറങ്ങിക്കിടക്കുന്ന ഒന്നാണ്. വലതുപക്ഷ രാഷ്ട്രീയക്കാരും യുദ്ധക്കൊതിയന്മാരും ഇസ്രയേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ബുദ്ധിജീവികളും അവരുടെ ഭരണപരമായ പരാജയങ്ങളെയും ഭൗമ-രാഷ്ട്രീയ താല്‍പര്യങ്ങളെയും മറച്ചുപിടിക്കാന്‍ ആവശ്യാനുസരണം ഇസ്ലാംഭീതിയെ പൊടിതട്ടിയെടുക്കുന്നു. 1962-ല്‍ പുറത്തിറങ്ങിയ നോര്‍മന്‍ ഡാനിയലിന്റെ 'ഇസ്‌ലാമും പാശ്ചാത്യലോകവും' (Islam and the West) എന്ന പുസ്തകത്തില്‍ മധ്യകാല യൂറോപ്പ് ഇസ്ലാമിനെ എങ്ങനെയാണ് വരച്ചിടുന്നത് എന്നതിനെപറ്റി വിശദമായ പഠനങ്ങള്‍ നടത്തുന്നുണ്ട്. 1995-ല്‍ പുറത്തിറങ്ങിയ ആ പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ ആമുഖത്തില്‍ ആധുനികലോകത്ത് എങ്ങനെയൊക്കെയാണ് മുസ്ലിംകളെ പുറന്തള്ളിക്കൊണ്ടിരിക്കുകയും മുസ്ലിംകള്‍ക്കെതിരെ വിദ്വേഷം പരത്തിക്കൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് എന്നും ചര്‍ച്ചചെയ്യുന്നുണ്ട്. ഇസ്ലാമിനെയും മുസ്ലിംകളെയും പറ്റിയുള്ള പാശ്ചാത്യ ജ്ഞാന-കലാസങ്കല്‍പ്പനങ്ങളുടെ രൂപപ്പെടലുകളെ കൃത്യമായി അടയാളപ്പെടുത്തുന്നതും വളരെ സവിശേഷമായി വിശകലനം ചെയ്യുന്നവയുമാണ് ഓറിയന്റലിസം (1978),  കവറിംഗ് ഇസ്ലാം (1981), സംസ്‌കാരവും സാമ്രാജ്യത്വവും (1994) തുടങ്ങിയ എഡ്വേര്‍ഡ് സൈദിന്റെ പുസ്തകങ്ങള്‍. എന്നാല്‍ രണ്ടാം ലോകയുദ്ധം അവസാനിച്ചതുമുതല്‍ സോവിയറ്റ് യൂനിയന്റെ തകര്‍ച്ച വരെയുള്ള ശീതസമരകാലത്ത് ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെയുള്ള പാശ്ചാത്യ അധികാര കേന്ദ്രങ്ങളില്‍നിന്നുമുള്ള അതിക്രമങ്ങള്‍ കുറവായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍.

സോവിയറ്റ് ശക്തികളുമായുള്ള യുദ്ധത്തില്‍ പാശ്ചാത്യര്‍ക്ക് ഇസ്ലാമിനെയും മുസ്ലിംകളെയും ആവശ്യമുണ്ടായിരുന്നതിനാലാണ് അക്കാലത്ത് ഇസ്ലാമിനെതിരായ വിദ്വേഷപ്രചാരണം അനുവദിക്കപ്പെടാതിരുന്നത്. സോവിയറ്റ് ഭീഷണി ഇല്ലാതായിത്തീരുകയോ അവസാനിക്കുന്നതിന്റെ വക്കില്‍ എത്തിച്ചേരുകയോ ചെയ്തതിന് തൊട്ടുടനെത്തന്നെ സയണിസ്റ്റ് ചിന്തകനായ, ഏഴു പതിറ്റാണ്ട് നീണ്ട തന്റെ അക്കാദമിക ജീവിതം മുഴുവന്‍ ഇസ്ലാമിനെയും ഇസ്ലാമിക ചരിത്രത്തെയും മുസ്ലിംകളെയും നീചമായി ചിത്രീകരിക്കാന്‍ വിനിയോഗിച്ച ബര്‍ണാഡ് ലൂയിസാണ്, ഇസ്ലാമാണ് ഇനി പാശ്ചാത്യലോകത്തിന് ഭീഷണി എന്ന മധ്യകാല ആശയം യൂറോപ്യന്‍ മുഖ്യധാരയില്‍ ചര്‍ച്ചാവിഷയമാക്കുന്നത്. സാമുവല്‍ ഹണ്ടിംഗ്ടണിന്റെ സംസ്‌കാരങ്ങളുടെ സംഘര്‍ഷം(1996) എന്ന ആശയത്തിനാധാരമാണ് 'റിവോള്‍ട്ട് ഓഫ് ഇസ്ലാം' എന്ന ലൂയിസിന്റെ പുസ്തകം. ബിന്‍ലാദനെയും അദ്ദേഹത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങളെയും പറ്റി ലോകം അറിയുന്നതിനും സെപ്റ്റംബര്‍ 11-ലെ ആക്രമണത്തിനും എത്രയോ മുമ്പാണ് ഇത്തരം ചര്‍ച്ചകള്‍ സംഘടിപ്പിക്കപ്പെട്ടതും ഇസ്ലാമിനെ ഭീകരതയായി ചിത്രീകരിച്ചതുമെല്ലാം. ഭീകരവിരുദ്ധ യുദ്ധവും ഇറാഖിലും മറ്റുള്ള മുസ്ലിം നാടുകളിലും നടന്നുകൊണ്ടിരിക്കുന്ന സൈനിക നീക്കങ്ങളുമെല്ലാം ഇസ്ലാംവിരുദ്ധ ആഖ്യാനങ്ങള്‍ക്ക് ശക്തിപകരുന്നുണ്ട്. പ്രഫസര്‍ റഫീഖ് ത്രാന്‍ എന്ന തുര്‍ക്കിഷ് ഹിസ്റ്റോറിക്കല്‍ സൊസൈറ്റി തലവന്‍ മേല്‍നോട്ടം വഹിച്ച പഠനം കഴിഞ്ഞ 25-വര്‍ഷമായി ഭീകരവിരുദ്ധ യുദ്ധത്തിന്റെയും തീവ്രവാദത്തിന്റെയും പേരില്‍ ലോകത്ത് 12.5 മില്യന്‍ മുസ്ലിംകളെ കൊന്നൊടുക്കിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മുസ്ലിംകളെപറ്റിയുള്ള ഇത്തരം വേദനാജനകമായ കണക്കുകള്‍ നിലനില്‍ക്കുമ്പോഴും, ഏകദേശം രണ്ടാം ലോകയുദ്ധത്തില്‍ കൊല്ലപ്പെട്ട ആളുകളുടെ അത്രതന്നെ മുസ്ലിംകള്‍ കൊല്ലപ്പെട്ടുകഴിഞ്ഞിട്ടും, ചരിത്രപരമായ നിര്‍മിതികളാലും ഇസ്ലാമിനെയും മുസ്ലിംകളെയും പടിഞ്ഞാറിന്റെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിനാലും ഇസ്ലാംഭീതി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇസ്ലാമോഫോബിക് വ്യവഹാരങ്ങളുടെ വളര്‍ച്ചയില്‍ മാനവികത ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.  യു.എസിലെ തീവ്ര-വലതുപക്ഷ-മൗലികവാദി-ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇസ്രയേലും തമ്മിലുള്ള ബന്ധവും ഇസ്ലാംഭീതിയുടെ കുത്തനെയുള്ള വളര്‍ച്ചക്ക് കാരണമായിട്ടുണ്ട്.

കഴിഞ്ഞ 25 വര്‍ഷമായി ഫലസ്ത്വീനില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെ പാശ്ചാത്യലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. അത് വലിയ അളവില്‍ ഇസ്രയേലിന്റെ വിശ്വാസ്യത ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ മുഖം രക്ഷിക്കാനായി അറബികളെയും മുസ്ലിംകളെയും മാനുഷിക ഗുണങ്ങളില്ലാത്തവരായി ചിത്രീകരിക്കുകയും അവരുടെ സാന്നിധ്യം പാശ്ചാത്യലോകത്തിന് ഭീഷണിയാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുകയാണവര്‍. ഫലസ്ത്വീനിലെ ജൂതസാന്നിധ്യത്തെ ചില ക്രിസ്ത്യന്‍ മൗലികവാദികള്‍ അവര്‍ വിശ്വസിച്ചുപോരുന്ന യേശുവിന്റെ രണ്ടാം വരവിന്റെ തെളിവായാണ് കണക്കാക്കുന്നത്. എല്ലാ ജൂതന്മാരും ക്രിസ്തുവിന്റെ രണ്ടാം വരവോടുകൂടി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുമെന്ന് അവര്‍ വിശ്വസിക്കുന്നു. ജൂതന്മാരെ പ്രത്യേക സമുദായമായി കണക്കാക്കുമ്പോള്‍ തന്നെ സയണിസ്റ്റുകളിലെ ഒരു വിഭാഗം അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ പെട്ടെന്നുതന്നെ നടപ്പില്‍ വരുത്തുന്നതിനായി യു.എസിലെ ഇസ്രയേല്‍ അനുകൂലികളായ സായുധ ക്രിസ്ത്യാനികളുമായി ബന്ധം സ്ഥാപിക്കുകയും അവര്‍ ഒരുമിച്ചുനിന്നുകൊണ്ട് യു.എസില്‍ ഇസ്ലാംഭീതിയെ സ്ഥാപനവത്കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. അതിനുള്ള ഏറ്റവും നീചമായ തെളിവാണ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണവും അവരെ പിന്താങ്ങുന്ന ക്രിസ്ത്യന്‍ മൗലികവാദികളും. 

2016 ജൂണില്‍ പുറത്തിറക്കിയ കണക്കുപ്രകാരം 2008-നും 2013-നും ഇടയില്‍ 200 മില്യന്‍ ഡോളറാണ് വ്യത്യസ്ത സംഘടനകള്‍ മുസ്ലിംകള്‍ക്കെതിരായ വിദ്വേഷപ്രചാരണങ്ങള്‍ നടത്താന്‍ യു.എസില്‍ വിനിയോഗിച്ചത്. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സും (ഇഅകഞ) ബെര്‍ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയും ചേര്‍ന്നാണ് പഠനം നടത്തിയത്. ഫെമിനിസ്റ്റ്, ക്രിസ്ത്യന്‍, സയണിസ്റ്റ് വിഭാഗങ്ങളുടെ സംഘടനകളും രാജ്യത്തെ പ്രധാന വാര്‍ത്താ ഏജന്‍സികളുമടക്കം 74 സ്ഥാപനങ്ങള്‍ ഇസ്ലാംഭീതി വളര്‍ത്തുന്നതിനായി ഫണ്ട് ചെയ്യുകയോ ഇസ്ലാംഭീതി പ്രചരിപ്പിക്കുകയോ ചെയ്യുന്നതായി പഠനം തെളിയിക്കുന്നു. ഇസ്രയേല്‍ നേരിട്ടോ അല്ലാതെയോ പിന്തുണക്കുന്ന ആളുകളും സംഘടനകളുമാണ് ഇസ്ലാമോഫോബിക് പ്രൊജക്റ്റുകളെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്.

തൊഴിലില്ലായ്മ, സാമ്പത്തിക തകര്‍ച്ച, സാമൂഹിക-ധാര്‍മിക പ്രതിസന്ധികള്‍ തുടങ്ങിയ ഗൗരവപ്പെട്ട വിഷയങ്ങളെ അഭിമുഖീകരിക്കുന്നതില്‍ പാശ്ചാത്യ രാഷ്ട്രീയ-മുതലാളിത്തവ്യവഹാരങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെയും കഴിവില്ലായ്മയുടെയും അനന്തരഫലം കൂടിയാണ് ഇസ്ലാംഭീതി. കോടിക്കണക്കിന് ഡോളറുകള്‍ ചെലവഴിച്ച് അമേരിക്ക നടത്തിയ ഭീകരവിരുദ്ധയുദ്ധം(ണമൃ ീി ഠലൃൃീൃ) സാമ്പത്തികമേഖലക്ക് കനത്ത ആഘാതമാണ് വരുത്തിവെച്ചത്. മുസ്ലിംകളുടെ മേല്‍ കുറ്റാരോപണങ്ങള്‍ നടത്തുകയും മുസ്ലിംകളെപറ്റി ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍(ഇീിുെശൃമര്യ ഠവലീൃശല)െ പടിഞ്ഞാറു മുഴുവന്‍, പ്രത്യേകിച്ച് യു.എസില്‍ പ്രചരിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് ഇതിനെ മറികടക്കാനുള്ള എളുപ്പവഴി. സ്വയം ക്രിസ്ത്യനായി അറിയപ്പെട്ടിട്ടും ജനനത്താല്‍തന്നെ യു.എസ് പൗരനായ ഒരാള്‍ക്ക് യു .എസ് പ്രസിഡന്റാവുന്നതില്‍ മതം ഒരു തടസ്സമല്ലാതിരുന്നിട്ടും, സ്വകാര്യമായി മുസ്ലിമായിരുന്നു എന്ന് ഒബാമക്കെതിരെ നടന്ന വിദ്വേഷ കാമ്പയിനും ഇസ്ലാംവിരുദ്ധതയുടെ ശക്തമായ അടയാളമാണ്. 

ക്രൈസ്റ്റ്ചര്‍ച്ചില്‍ സംഭവിച്ച ദുരന്തം ഒരു രോഗലക്ഷണമാണെന്നാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. വളരെ വേദനാജനകമായ ദുരന്തവുമാണത്. ഭാവിയില്‍ അത്തരമൊന്ന് സംഭവിക്കാതിരിക്കാനായി നാമെന്നെന്നും ജാഗ്രത കൈക്കൊള്ളേണ്ടതുണ്ട്. പാശ്ചാത്യ പൊതു-സ്വകാര്യ മണ്ഡലങ്ങളെ ഒരുപോലെ ആഴത്തില്‍ സ്വാധീനിക്കുന്ന എല്ലാതരം ഇസ്ലാംഭീതികളെയും അതേ ഗൗരവത്തില്‍തന്നെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മുസ്ലിംകളും മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് ഇസ്ലാമോഫോബിയയുടെ അടിവേരുകള്‍ അന്വേഷിക്കേണ്ടതുണ്ട്. ഇസ്ലാമോഫോബിയ ഒരു യാഥാര്‍ഥ്യമാണ്, എന്നാല്‍ അതിന്റെ ആഴം ലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇസ്ലാമോഫോബിയക്കെതിരെ എഴുന്നേറ്റുനില്‍ക്കുന്ന മുസ്ലിംകള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധചെലുത്തേണ്ടതായുണ്ട്. ഒന്നാമതായി, മുസ്ലിംകള്‍ക്ക്, പ്രത്യേകിച്ച് ബഹുമത സമൂഹങ്ങളില്‍ ജീവിക്കുന്ന മുസ്ലിംകള്‍ക്ക് ഒരു സമുദായമെന്ന നിലക്ക് ചലനാത്മകതയും വൈവിധ്യങ്ങളും ഉള്ള ശക്തമായ സാംസ്‌കാരിക, മത, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ അടിത്തറ ഉണ്ടായിരിക്കണം. ഇവിടെ മുസ്ലിംകള്‍ക്ക് സംവാദത്തിനുള്ള പുതിയഭാഷയും ആവശ്യമായ സാംസ്‌കാരിക ഉപാധികളും അവരുടെ സംഭാവനകള്‍ വരച്ചുകാട്ടുന്നതിനുമായി സാമൂഹിക-വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ടായിരിക്കണം. ഇസ്ലാമോഫോബിയയെ വെല്ലുവിളിക്കാന്‍ സാമൂഹികമായ അരികുവത്കരണമോ ഉള്‍വലിയലോ മുസ്ലിംകളുടെ മാര്‍ഗങ്ങളാവരുത്. മുസ്ലിംകളെ സംബന്ധിച്ചേടത്തോളം ഇസ്ലാമോഫോബിയയെ വെല്ലുവിളിക്കാനുള്ള ഒരു മാര്‍ഗം മതവിഭാഗങ്ങള്‍ക്കിടയിലും സംസ്‌കാരങ്ങള്‍ക്കിടയിലും പരസ്പരബന്ധം രൂപപ്പെടുത്തുക എന്നുള്ളതാണ്. സമൂഹത്തിലെ മത, രാഷ്ട്രീയ, സാംസ്‌കാരിക സ്ഥാപനങ്ങളുമായും നേതൃത്വവുമായും ബന്ധങ്ങള്‍ സ്ഥാപിക്കുകയും എല്ലാതരത്തിലുള്ള അപരവിദ്വേഷങ്ങളെയും ഇല്ലാതാക്കാനായി അവരെ കൂടെക്കൂട്ടുകയും ചെയ്യേണ്ടതുണ്ട്. മുസ്ലിംകളെയും അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാകുന്ന മറ്റുള്ള ദുര്‍ബലരെയും പിന്തുണക്കാനും ഇസ്ലാമോഫോബിയയെ വെല്ലുവിളിക്കാനും സ്വാധീനമുള്ള വ്യക്തിത്വങ്ങള്‍ക്ക് കഴിയും. ഡൊണാള്‍ഡ് ട്രംപിനെപോലൊരു ഭരണാധികാരിയായിരുന്നു ന്യൂസിലാന്റിനുണ്ടായിരുന്നതെങ്കില്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലിംകള്‍ക്കെതിരായ കൂട്ടക്കൊല എങ്ങനെയാണ് സമൂഹത്തില്‍ വായിക്കപ്പെടുക എന്ന് നമുക്ക് വിഭാവന ചെയ്യാന്‍കൂടി സാധിക്കുമായിരുന്നില്ല. ഭാഗ്യവശാല്‍ രാജ്യത്തെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ മുസ്ലിംകളെ വലിയ അളവില്‍ പരിഗണിക്കുകയും അവരോട് അനുഭാവപൂര്‍വം ഇടപഴകുകയും രാഷ്ട്രീയമായി തന്നെ വലിയ തരത്തിലുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കുകയുമുണ്ടായി. ന്യൂസിലാന്റിലെ പൊതുജനങ്ങളും സാമൂഹികസ്ഥാപനങ്ങളുമെല്ലാം അവരുടെ ആഹ്വാനത്തെ ഏറ്റെടുത്തു. മുസ്ലിംകളല്ലാത്ത നേതാക്കളും വ്യക്തികളും നല്‍കിയ പിന്തുണയും ഐക്യപ്പെടലുകളുമെല്ലാം വളരെ പ്രാധാന്യത്തോടെ നാം മനസ്സിലാക്കണം.

പാശ്ചാത്യലോകത്ത് ഇസ്ലാംഭീതി അപകടകരമാംവിധം വളര്‍ന്നുകൊണ്ടിരിക്കുമ്പോഴും ഇസ്ലാമോഫോബിയയെ എതിര്‍ക്കുന്നവരില്‍ മുന്‍നിരയിലുള്ളവര്‍ പലരും മറ്റു മതവിഭാഗങ്ങളിലും മതേതര മണ്ഡലങ്ങളിലുമുള്ള മുസ്ലിംകളല്ലാത്ത ആളുകളാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതിനാല്‍തന്നെ മറ്റു മതങ്ങളില്‍പെട്ട എല്ലാ ആളുകളെയും വ്യവസ്ഥകളെയും തങ്ങളുടെ എതിരാളികളായി കണക്കാക്കാതിരിക്കാന്‍ മുസ്ലിംകള്‍ പ്രത്യേകം ശ്രദ്ധ

പുലര്‍ത്തണം. മാനവികതക്കും മനുഷ്യാവകാശത്തിനുമായി നിലകൊള്ളുന്ന മുഴുവന്‍ വിഭാഗം ജനങ്ങളുമായും ചേര്‍ന്നുനിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ മുസ്ലിംകള്‍ പരിശ്രമിക്കണം. ഹിജാബ് ധരിക്കുന്നതിനാല്‍ ഞാന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടപ്പോള്‍, മതവും വസ്ത്രവും തെരഞ്ഞെടുക്കാനുള്ള എന്റെ വ്യക്തിപരമായ അവകാശത്തെ സംരക്ഷിക്കാനായി മറ്റു മതസ്ഥരില്‍പെട്ടവരും യുക്തിവാദികളുമായിട്ടുള്ള ഒരുപാടാളുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. പൊതുമൂല്യങ്ങളും സമാധാനവും രൂപപ്പെടുത്തിയെടുക്കാനായി മറ്റു മതങ്ങളില്‍പെട്ട പൊതുജനങ്ങളെയും നേതാക്കന്മാരെയും 'തവാസുല്‍ യൂറോപ്പ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡയലോഗ്' സമീപിക്കുകയും അവരുമായി ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. തവാസുല്‍ യൂറോപ്പിന്റെ സാംസ്‌കാരിക ഉപദേശകനായ അബ്ദുല്ലത്വീഫ് ചാലിക്കണ്ടി പോപ്പ് ഫ്രാന്‍സിസിന് ഈ സന്ദേശം എത്തിക്കുകയും 2016 നവംബറില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൈപിടിച്ചുകൊണ്ട് അബ്ദുല്ലത്വീഫ് പറഞ്ഞു: 'ഞാനൊരു മുസ്ലിമാണ്, ലക്ഷക്കണക്കിനായ മറ്റു മുസ്ലിംകളെപോലെ ഇസ്ലാമോഫോബിയയെ എതിര്‍ക്കുന്ന യഥാര്‍ഥ മതനേതാവായതിനാല്‍ ഞാനും താങ്കളെ പരിഗണിക്കുകയും പ്രശംസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.' ഇസ്ലാമോഫോബിയെയും മറ്റെല്ലാ തരത്തിലുള്ള അപരവിദ്വേഷത്തെയും വെല്ലുവിളിക്കാന്‍ ചിന്താപരമായും സംഘടിതമായും ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടുന്ന സമയമാണിപ്പോള്‍. അതുതന്നെയാണ് ക്രൈസ്റ്റ്ചര്‍ച്ച് കൂട്ടക്കൊല നമുക്ക് നല്‍കുന്ന ശക്തമായ സന്ദേശവും. 


(തവാസുല്‍ യൂറോപ്പിന്റെ ഡയറക്ടറാണ് ഡോ. സബ്രീന ലെയ്. വിവ: അസ്ഹര്‍ അലി)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (22-26)
എ.വൈ.ആര്‍

ഹദീസ്‌

റമദാന്‍ വ്രതത്തിന്റെ വിശുദ്ധി
സുബൈര്‍ കുന്ദമംഗലം