തകരുന്ന ഭരണകൂടങ്ങളും സാങ്കേതിക പദാവലികളും
അറബ് ലോകത്തെ ഭരണവ്യവസ്ഥകളും അവിടത്തെ ജനങ്ങളുടെ സ്വാതന്ത്ര്യ, ജനാധിപത്യ പ്രതീക്ഷകളുടെ തലങ്ങളും വിചിത്രം തന്നെ. പട്ടാളാധിപത്യമുള്ള രാജ്യത്തെ നയിക്കാന്‍ വരുന്ന ഓരോ ഭരണാധികാരിയും വിചാരിക്കുന്നത് ജീവിതാന്ത്യംവരെ താന്‍ തന്നെ അധികാരം വാഴുമെന്നാണ്. തന്റെ കസേരയിളക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന ഹുങ്കില്‍ ജനതയെ ഒന്നടങ്കം അയാള്‍ വെല്ലുവിളിക്കുന്നു. അധികാരത്തിലേറുന്നതോടെ, രാജ്യത്തിന്റെ പൊതുമുതല്‍ ഉപയോഗിച്ച് ആശ്രിതരെയും സൈന്യത്തെയും തന്നിലേക്കടുപ്പിക്കുന്നു. ജനങ്ങളെ സന്തോഷിപ്പിക്കുക, അവര്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ ജീവിതസാഹചര്യമൊരുക്കുക തുടങ്ങിയ ഭരണാധികാരിയുടെ റോളുകള്‍ അവര്‍ മറക്കുന്നു. ജനങ്ങള്‍ സമരത്തിനിറങ്ങിയാല്‍ ഭീഷണിപ്പെടുത്തുന്നു, സൈന്യത്തെ ഉപയോഗിച്ച് നേരിടുന്നു. മുപ്പതു കൊല്ലം ഭരിച്ചിട്ടും സാമ്പത്തികമായി ഒരല്‍പംപോലും മുന്നേറാത്ത, അടിസ്ഥാന സൗകര്യങ്ങള്‍ പോലും വികസിച്ചിട്ടില്ലാത്ത, സമാധാനം സ്ഥാപിക്കാന്‍ കഴിയാത്ത രാജാക്കന്മാര്‍ അറബ് ലോകത്ത് ഉണ്ടായിട്ടുണ്ട്.
അത്തരം ഭരണാധികാരികളുടെ പല വിചിത്ര പ്രയോഗങ്ങളും നാം കേട്ടതാണ്. ലിബിയന്‍ ഏകാധിപതിയായിരുന്ന മുഅമ്മര്‍ ഖദ്ദാഫിക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞതിങ്ങനെ: 'നിങ്ങള്‍ എലികളാണ്. ഓരോന്നിനെയും അതിന്റെ മാളങ്ങള്‍ വരെ ഞങ്ങള്‍ തേടിയെത്തും'. ഖദ്ദാഫിയുടെ ഭരണകാലത്ത് മില്യനുകള്‍ നേടിത്തന്ന പെട്രോള്‍ പണത്തെകുറിച്ചാരും ചോദിച്ചില്ല. ആ പണമൊക്കെ എവിടെ പോയി? മൂന്നുപതിറ്റാണ്ട് ഭരിച്ചിട്ടും രാജ്യമെന്തുകൊണ്ട് ഇത്ര ദുരിതത്തിലായി? ഒപ്പം ആഗോളസമൂഹവുമായുള്ള ബന്ധവും വഷളായി. മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കും അപ്രകാരം തന്നെ. മുപ്പതാണ്ട് ഭരിച്ചിട്ടും നാടിന്റെ പ്രശ്‌നമൊന്നും പരിഹരിച്ചില്ല. അഴിമതിയുടെ കരങ്ങള്‍ ജനങ്ങളുടെ റൊട്ടിമുതല്‍ പ്രസിഡന്റിന്റെ കൊട്ടാരം വരെ നീളുന്നു. 'തടിച്ചുകൊഴുത്ത പൂച്ചകള്‍' പ്രത്യക്ഷപ്പെട്ടു. അന്‍വര്‍ സാദാത്തിന്റെ കാലത്തും കാര്യങ്ങള്‍ ഇങ്ങനെതന്നെയായിരുന്നു. രാജ്യത്തിന്റെ ഭരണഘടനക്ക് വിരുദ്ധമായി ചില പ്രത്യേകാധികാരങ്ങള്‍ മുബാറക്കിന്റെ കുടുംബാംഗങ്ങള്‍ അനുഭവിച്ചിരുന്നു. പട്ടാളഭരണം 68 വര്‍ഷം പിന്നിട്ടിട്ടും ഈജിപ്തിന്റെ സാമ്പത്തിക സ്ഥിതി ഒട്ടും മെച്ചപ്പെട്ടില്ല. രാജ്യത്തിന്റെ കടം തിരിച്ചടച്ചിട്ടില്ല. സാധനങ്ങളുടെ വില ക്രാമാതീതമായി വര്‍ധിച്ചു. തെരുവുകള്‍ പ്രക്ഷുബ്ധമായി. ജനങ്ങള്‍ അറസ്റ്റ് വരിച്ച് ജയില്‍ നിറഞ്ഞു.
സുഡാനിലേക്ക് വന്നാല്‍, പ്രസിഡന്റ് ഉമറുല്‍ ബശീര്‍ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായിരുന്നു. ആവശ്യം ഉന്നയിക്കുന്നവര്‍ വഞ്ചകരാണെന്നും ശക്തമായി നേരിടുമെന്നും പ്രസിഡന്റ് ഭീഷണിപ്പെടുത്തി. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിക്കും എന്ന വാഗ്ദാനവും നല്‍കി. 30 കൊല്ലം മുമ്പും അദ്ദേഹം ഇതു തന്നെ പറഞ്ഞു. ആ പഴഞ്ചന്‍ഭരണം തുടരാന്‍ വിസമ്മതിക്കുന്ന ജനതയുടെ ശബ്ദം കേള്‍ക്കാള്‍ അദ്ദേഹം തയാറല്ല. സുഡാനെ വിഭജിച്ച് രാജ്യത്തിന്റെ മൂന്നിലൊന്ന് ബലികൊടുത്തു. പല രാജ്യങ്ങളും മധ്യസ്ഥം വഹിച്ചിട്ടും ദാര്‍ഫോര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. അറബ് ലോകത്തിന്റെ ഭക്ഷ്യശേഖരമായി സുഡാന്‍ അറിയപ്പെട്ട കാലമുണ്ടായിരുന്നു. എന്നാലിപ്പോള്‍ ആ രാജ്യം ചെറുതോ വലുതോ ആയ സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയാത്ത വിധം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തി അനുഭവിക്കുന്നു. അതിനെ കുറിച്ച് ഒരു സംരംഭകന്‍ പറഞ്ഞതിങ്ങനെ: 'സംരംഭം തുടങ്ങാന്‍ ഭൂമി തയാറായപ്പോള്‍ വൈദ്യുതി ആവശ്യമായി വന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഇവിടെ വൈദ്യുതി ഇല്ല. ജനറേറ്റര്‍ കൊണ്ടുവരാം. ജനറേറ്റര്‍ കൊണ്ടുവന്നപ്പോഴോ, ഡീസല്‍ ആവശ്യപ്പെട്ടു. അത് കിട്ടിയില്ല. അവര്‍ പറഞ്ഞു: ഞങ്ങളുടെ പക്കല്‍ ഡീസല്‍ ഇല്ല'. പദ്ധതി ഉപേക്ഷിക്കുകയേ പിന്നെ ആ സംരംഭകന്റെ മുന്നില്‍ വഴിയുണ്ടായിരുന്നുള്ളൂ.
മുന്‍ അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂതഫ്‌ലീഖയും വാര്‍ത്തകളില്‍ ഇടം പിടിക്കുകയുണ്ടായി. ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാനാവാത്ത വിധം ആരോഗ്യാവസ്ഥ മോശമായ അദ്ദേഹത്തിന്റെ അധികാരത്തില്‍ തുടരാനുള്ള ശ്രമങ്ങള്‍ വാര്‍ത്തയായിരുന്നു. അവസാനം അഭിപ്രായം മാറ്റി, അഞ്ചാം തവണ താന്‍ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു. എന്നിട്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകിച്ചു. ആഭ്യന്തരമന്ത്രിയെ പ്രധാനമന്ത്രിയായി നിയമിച്ച് ഉത്തരവിട്ടു. അഞ്ചാം തവണയും താന്‍ മത്സരിക്കും എന്ന് പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ ഭരണകൂടത്തിലുണ്ടായിരുന്ന പ്രധാനമന്ത്രി രാജിവെക്കുകയായിരുന്നു. ആ രാജ്യത്ത് പട്ടാള ഭരണം തന്നെ തുടരുമെന്ന സൂചനയാണ് ലഭിക്കുന്നത്.
അറബ് വസന്തകാലത്ത് പ്രത്യക്ഷപ്പെട്ട കുറേസാങ്കേതിക പദങ്ങളുണ്ട്. 'നിയമാനുസൃത രാഷ്ട്രം' എന്നതാണതിലൊന്ന്, അതിതുവരെ രൂപപ്പെട്ടിട്ടില്ല. 'സാമ്പത്തിക അഭിവൃദ്ധി' എന്നതാണ് മറ്റൊന്ന്, അതും യാഥാര്‍ഥ്യമായിട്ടില്ല. 'ജനാധിപത്യ ഈജിപ്ത്', 'പൗരസമൂഹം', 'പൊതു പങ്കാളിത്തം' ഇതൊന്നും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. 'അടിയന്തരാവസ്ഥ' എന്നതാണ് മറ്റൊരു പ്രയോഗം. ചില ഏകാധിപതികള്‍ ജനകീയ പ്രക്ഷോഭത്തെ നേരിടാനും പൗരന്മാരെ അടിച്ചമര്‍ത്താനും ഉപയോഗിക്കുന്ന മാര്‍ഗമാണത്.
എന്തുകൊണ്ടാണ് അടിയന്തരാവസ്ഥ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നത്? പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു വര്‍ഷം മതിയാകുമോ? അതോടെ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങുകയില്ല എന്ന ഉറപ്പ് ലഭിക്കുമോ? ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാനും കാര്യങ്ങള്‍ ശരിയാക്കാനും അടിയന്തരാവസ്ഥയാണോ വേണ്ടത്? മുപ്പതു കൊല്ലം അധികാരക്കസേരയിലിരിക്കുകയും അഴിമതിയില്‍ മുങ്ങിക്കുളിക്കുകയും ജനങ്ങള്‍ രംഗത്തിറങ്ങുമ്പോള്‍ വഞ്ചകരെന്നും നശിപ്പിക്കുന്നവരെന്നും മുദ്രകുത്തുകയും ജനകീയ പ്രക്ഷോഭമായി മാറുന്നതോടെ അനുരഞ്ജനത്തെ കുറിച്ച് പറയുകയും ചെയ്യുന്ന ഭരണാധികാരികളുണ്ട്. ജനങ്ങളോടുള്ള തന്റെ ഇഷ്ടം പ്രകടമാക്കുന്ന ഒരക്ഷരം പോലും ഇത്രയും കാലം ഉരിയാടാത്തവരാണ് ഇങ്ങനെ രംഗത്തു വരുന്നത്. ഈ നാടുകളില്‍ കാര്യങ്ങളുടെ കടിഞ്ഞാണ്‍ എപ്പോഴും പട്ടാളത്തിന്റെ കൈയിലായിരിക്കും. ജനങ്ങളില്‍നിന്നകന്ന് കൊട്ടാരങ്ങളില്‍ സുഖിക്കുന്നവര്‍ രാജ്യത്തെ ദുരവസ്ഥ ഒന്നും അറിയുന്നില്ല. ഭരണാധികാരിയുടെ കോപം ഭയന്നോ സ്ഥാനം തെറിക്കുമെന്ന് ശങ്കിച്ചോ അടുപ്പമുള്ളവരാരും രാജ്യത്തിന്റെ യഥാര്‍ഥ ചിത്രം അദ്ദേഹത്തിനു നല്‍കുന്നുമില്ല. രാജ്യത്തെ ഭരണസംവിധാനങ്ങളുടെ അവസ്ഥ അറിയാനും ശരിയായ റിപ്പോര്‍ട്ട് ലഭിക്കാനും മന്ത്രിമാരെയോ ഉപദേശകരെയോ നിയോഗിക്കാത്ത ഭരണാധികാരി അഴിമതിക്കും പിടിപ്പുകേടിനും പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്. അതിലൂടെ സാമ്പത്തിക തകര്‍ച്ചയും ജനങ്ങളുടെ രോഷവും ക്ഷണിച്ചുവരുത്തുന്നു.
അലി അബ്ദുല്ല സ്വാലിഹ് യമന്‍ പ്രസിഡന്റായിരിക്കുന്ന കാലത്ത് 400 മില്യന്‍ ഡോളറിന്റെ ഒരു ഗള്‍ഫ് സംരംഭം നിര്‍ത്തിവെക്കുകയുണ്ടായി. പ്രസിഡന്റിന്റെ മകനുവേണ്ടി ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതാണ് കാരണം. അതിനു വേണ്ടി പണം മുടക്കാന്‍ തയാറായി വന്ന നിക്ഷേപകര്‍ അതോടെ എല്ലാം കെട്ടിപ്പൂട്ടി സ്വദേശത്തേക്ക് മടങ്ങി. നൂറുകണക്കിന് യമനികളുടെ തൊഴിലവസരം അതോടെ നഷ്ടപ്പെട്ടു, ഒപ്പം പദ്ധതിമൂലം രാജ്യത്തിനുണ്ടാകുമായിരുന്ന സാമ്പത്തിക അഭിവൃദ്ധിയും. രാജ്യത്തിന്റെ ഈ തകര്‍ച്ചയും അഴിമതിയുമാണ് അലി സ്വാലിഹിന്റെ വീഴ്ചയിലേക്കും അദ്ദേഹത്തിന്റെ വധത്തിലേക്കും തുടര്‍ന്ന് ആയിരങ്ങള്‍ മരിച്ചുവീണ ആഭ്യന്തര യുദ്ധത്തിലേക്കും കൊണ്ടെത്തിച്ചത്. ഭരണസംവിധാനങ്ങളെല്ലാം തകര്‍ന്നു. ദാരിദ്ര്യവും രോഗവും പടര്‍ന്നു. അടിസ്ഥാന സൗകര്യങ്ങള്‍ തരിപ്പണമായി. ആ രാജ്യത്തെ പൂര്‍വാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പതിറ്റാണ്ടുകളെടുക്കും.
തകരുന്ന ഭരണങ്ങളെക്കുറിച്ച സാങ്കേതികപദാവലികള്‍ ധാരാളമുണ്ട്. അവയോട് ഇടപെടുന്ന ഭരണാധികാരികളുടെ കാര്യത്തിലും അവര്‍ ഇടപെടുന്ന ഭരണീയരുടെ കാര്യത്തിലും ആശ്ചര്യം തോന്നുന്നു.
(കടപ്പാട്: അശ്ശര്‍ഖ് ദിനപത്രം)
വിവ: നാജി ദോഹ
Comments