Prabodhanm Weekly

Pages

Search

2019 മെയ് 03

3100

1440 ശഅ്ബാന്‍ 27

ദൈവത്തില്‍ ഭരമേല്‍പ്പിക്കുന്നതിന്റെ പാഠങ്ങള്‍

ശമീര്‍ബാബു കൊടുവള്ളി

'ദൈവത്തില്‍നിന്നുള്ളതില്‍ ദൃഢമായി ഉറപ്പുവെച്ചുപുലര്‍ത്തലും ജനങ്ങളുടെ പക്കലുള്ളതില്‍നിന്ന് ആശ മുറിയലുമാകുന്നു ദൈവത്തില്‍ ഭരമേല്‍പ്പിക്കല്‍' -സയ്യിദ് ജുര്‍ജാനി

ജീവിതത്തിലെ ചെറുതും വലുതുമായ ഓരോ കാര്യവും ദൈവത്തില്‍ ഭരമേല്‍പ്പിക്കുന്നവനാണ് മുസ്‌ലിം. അഥവാ അവന്റെ മഹിതമായ സ്വഭാവസവിശേഷതയാണ്  ഭരമേല്‍പ്പിക്കല്‍. ഇമാം ഫഖ്‌റുദ്ദീന്‍ റാസി പറയുന്നു: 'നിശ്ചയം, വിശ്വാസികള്‍ ദൈവത്തിലല്ലാതെ ഭരമേല്‍പ്പിക്കുകയില്ല. ഉയര്‍ന്ന പദവിയും ഉന്നതമായ സ്ഥാനവുമാകുന്നു അത്'. മനുഷ്യര്‍ രണ്ടു വിധത്തിലുള്ളവരാണ്. ഭാവിയില്‍ എന്തു സംഭവിക്കും എന്നോര്‍ത്ത് വിഷാദചിത്തതയില്‍ വീണുപോയവരാണ് ഒന്നാമത്തെ വിഭാഗം. ജീവിതത്തില്‍ നേടിയെടുത്തവ എന്നെന്നും തന്നെ സംരക്ഷിച്ചുകൊള്ളുമെന്ന മിഥ്യാധാരണയില്‍ അകപ്പെട്ടുപോയവരാണ് രണ്ടാമത്തെ വിഭാഗം. മുസ്‌ലിം രണ്ടു വിഭാഗത്തിലും ഉള്‍പ്പെട്ടവനല്ല. ദൈവം മാത്രമാണ് അവന്റെ അഭയസ്ഥാനം. ഭാവിയെക്കുറിച്ചോര്‍ത്ത് ജീവിതത്തെ നിരാശയില്‍ തളച്ചിടുകയോ ലഭിച്ചതില്‍ പരമമായ ആശ്രയം  കാണുകയോ ചെയ്യുന്നില്ല അവന്‍. ഏതു സാഹചര്യത്തിലും താന്‍ നിസ്സഹായനാണെന്ന ബോധമാണ് ഭരമേല്‍പ്പിക്കല്‍ മുസ്‌ലിമില്‍ ഉണ്ടാക്കുന്നത്. ഭരമേല്‍പ്പിക്കലിന്റെ പൊരുളും അതുതന്നെയാണ്.    

മുസ്‌ലിം എത്തിച്ചേരുന്ന വലിയൊരു സ്ഥാനമാണ് ഭരമേല്‍പ്പിക്കല്‍. പൂര്‍വസൂരികള്‍ അതിനെ വ്യത്യസ്തമായ രൂപങ്ങളില്‍ വര്‍ണിച്ചിട്ടുണ്ട്. ദൈവസമീപസ്ഥരുടെ ഉയര്‍ന്ന പദവിയും ജ്ഞാനികളുടെ സ്ഥാനവും മതത്തിന്റെ പ്രയാണപഥത്തിലെ താവളവുമായാണ് ഇമാം ഗസാലി ഭരമേല്‍പ്പിക്കലിനെ വീക്ഷിക്കുന്നത്. ദൈവത്തിലുള്ള ഉറച്ച വിശ്വാസവും ദൈനംദിന വിഭവങ്ങള്‍ അവന്‍ നല്‍കുമെന്ന പ്രതീക്ഷയുമാണ് ഭരമേല്‍പ്പിക്കലെന്ന് അഹ്മദുബ്‌നു ഹമ്പല്‍ നിരീക്ഷിക്കുന്നു. മതത്തിന്റെ പാതിയായാണ് ഇബ്‌നുല്‍ ഖയ്യിം ഭരമേല്‍പ്പിക്കലിനെ കാണുന്നത്. മറുപാതി ദൈവത്തിലേക്കുള്ള മടക്കമാണെന്നും അദ്ദേഹം പറയുന്നു. 

ദൈവത്തില്‍ ഭരമേല്‍പ്പിക്കലിന് അറബിഭാഷയില്‍ 'തവക്കുല്‍' എന്നാണ് പറയുക. 'വക്കാലത്തി'ല്‍നിന്ന് നിഷ്പന്നമായതാണത്. ഒരാള്‍ തന്റെ കാര്യം മറ്റൊരാള്‍ക്ക് ചുമതലപ്പെടുത്തിക്കൊടുക്കുകയും അയാളത് നിര്‍വഹിച്ചുകൊടുക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നതിന് 'വക്കാലത്ത്' എന്നു പറയുന്നു. കാര്യങ്ങള്‍ ഏല്‍പ്പിക്കപ്പെടുന്ന വ്യക്തിക്ക് 'വക്കീല്‍' എന്നും പറയുന്നു. മറ്റാരെയും അവലംബിക്കാത്തവിധം ജീവിതത്തിന്റെ മുഴുവന്‍ കാര്യങ്ങളും ദൈവത്തിനുമാത്രം ഏല്‍പ്പിച്ചുകൊടുക്കുന്ന സവിശേഷമായ മാനസികാവസ്ഥയാണ് 'തവക്കുല്‍.'

ഭരമേല്‍പ്പിക്കല്‍ ജീവിതത്തിന്റെ സ്വഭാവമായിത്തീരണമെന്ന് വിശുദ്ധ വേദവും തിരുചര്യയും പഠിപ്പിക്കുന്നുണ്ട്. വിശുദ്ധ വേദം പറയുന്നു: ''അങ്ങനെ നീ തീരുമാനമെടുത്താല്‍ ദൈവത്തില്‍ ഭരമേല്‍പിക്കുക. നിശ്ചയം ദൈവം തന്നില്‍ ഭരമേല്‍പിക്കുന്നവരെ ഇഷ്ടപ്പെടുന്നു''(ആലുഇംറാന്‍: 159). തിരുചര്യയില്‍ ഇപ്രകാരം വന്നിരിക്കുന്നു: ''നിശ്ചയം, നിങ്ങള്‍ വേണ്ടവിധം ദൈവത്തില്‍ ഭരമേല്‍പിച്ചാല്‍ പക്ഷികള്‍ക്ക് തീറ്റ കൊടുക്കുംപോലെ നിങ്ങള്‍ക്കവന്‍ ആഹാരം നല്‍കും. പക്ഷികള്‍ പ്രഭാതത്തില്‍ വിശന്ന വയറുമായി കൂട്ടില്‍നിന്ന് പുറത്തുപോവുന്നു. പ്രദോഷത്തില്‍ നിറവയറുമായി കൂടണയുകയും ചെയ്യുന്നു''(തിര്‍മിദി). 

മുസ്‌ലിം സ്വാംശീകരിക്കുന്ന ആദര്‍ശസ്വഭാവമാണ് ഭരമേല്‍പ്പിക്കല്‍. ദൈവവുമായാണ് അതിന്റെ ബന്ധം. അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹേയില്ലെന്ന പ്രഖ്യാപനം നടത്തിയ മുസ്‌ലിം നിര്‍ബന്ധമായും ദൈവത്തില്‍ ഭരമേല്‍പ്പിക്കുന്നവനായിരിക്കും: ''പറയുക, അവനാകുന്നു എന്റെ നാഥന്‍. അവനല്ലാതെ മറ്റൊരു ദൈവമില്ല. ഞാന്‍ അവനില്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. എന്റെ തിരിച്ചുപോക്ക് അവനിലേക്കാകുന്നു''(അര്‍റഅ്ദ്: 30). ''നിങ്ങള്‍ വിശ്വാസികളെങ്കില്‍ ദൈവത്തില്‍ ഭരമേല്‍പ്പിക്കുക'' (അല്‍മാഇദ: 23).  ഈ സൂക്തത്തെ വിശദീകരിച്ച് ഡോ. യൂസുഫുല്‍ ഖറദാവി എഴുതുന്നു: 'ഭരമേല്‍പ്പിക്കലിനെ വിശ്വാസസ്ഥീരികരണത്തിനുള്ള നിബന്ധനയായി വെച്ചിരിക്കുന്നു. ഭരമേല്‍പ്പിക്കുന്നില്ലെങ്കില്‍ വിശ്വാസമില്ലെന്നാണ് അര്‍ഥം.' ഇമാം ഗസാലി പറയുന്നു: 'അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ലെന്നും അവന്‍ ഏകനും പങ്കുകാരനുമില്ലാത്തവനാണെന്നും അവന് അധികാരവും സ്തുതിയും ഉണ്ടെന്നും അവന്‍ എല്ലാറ്റിനും കഴിവുള്ളവനാണെന്നും ഒരാള്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ ഭരമേല്‍പ്പിക്കലിന്റെ അടിസ്ഥാനമായ ആദര്‍ശം അവനില്‍ പൂര്‍ണമായി'. ദൈവത്തെക്കുറിച്ചും അവന്റെ വിശേഷണങ്ങളെക്കുറിച്ചുമുള്ള വിജ്ഞാനവും ഏകദൈവവിശ്വാസം സ്വത്വത്തില്‍ രൂഢമൂലമാവലുമാണ് ഭരമേല്‍പ്പിക്കലെന്ന് ഇബ്‌നുല്‍ ഖയ്യിം പറയുന്നു. ദൈവത്തെ കൈകാര്യകര്‍ത്താവായി തൃപ്തിപ്പെടുമ്പോഴാണ് ഒരു വ്യക്തി ദൈവത്തില്‍ ഭരമേല്‍പ്പിക്കുന്നവനായിത്തീരുന്നതെന്ന് യഹ്‌യബ്‌നു മുആദ് പറയുന്നു. വിശ്വാസത്തിന്റെ ആകത്തുകയാണ് ദൈവത്തില്‍ ഭരമേല്‍പ്പിക്കലെന്ന് സഈദുബ്‌നു ദുബൈര്‍. 

പ്രവാചകന്മാര്‍ മുതല്‍ ഇന്നോളമുള്ള പൂര്‍വസൂരികളുടെ സ്വഭാവസവിശേഷതയായിരുന്നു ഭരമേല്‍പ്പിക്കല്‍. ചെരുപ്പിന്റെ വാററ്റാല്‍ അത് നേരെയാക്കുന്ന കാര്യം മുതല്‍ വലിയ വലിയ കാര്യങ്ങള്‍ വരെ അവര്‍ ദൈവത്തിന് വിട്ടുകൊടുത്തു. പ്രതിസന്ധികളോടുള്ള അവരുടെ പ്രതികരണം ഇപ്രകാരമായിരുന്നു: ''ഞങ്ങള്‍ എന്തിന് ദൈവത്തില്‍ ഭരമേല്‍പ്പിക്കാതിരിക്കണം? ഞങ്ങളെ അവന്‍ മാര്‍ഗദര്‍ശനത്തിലാക്കിയിരിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കേല്‍പ്പിക്കുന്ന ദ്രോഹം ഞങ്ങള്‍ ക്ഷമിക്കുകതന്നെ ചെയ്യും. ഭരമേല്‍പ്പിക്കുന്നവരൊക്കെ ദൈവത്തില്‍ ഭരമേല്‍പ്പിച്ചുകൊള്ളട്ടെ''(ഇബ്‌റാഹീം: 12). വീട്ടില്‍നിന്ന് പുറത്തിറങ്ങമ്പോള്‍ ദൈവത്തില്‍ ഭരമേല്‍പ്പിക്കാറുണ്ടായിരുന്നു പ്രവാചകന്‍. ദൈവത്തില്‍ ഭരമേല്‍പ്പിച്ച് വീട്ടില്‍നിന്ന് പുറത്തിറങ്ങിയാല്‍ ദൈവത്തിന്റെ മാര്‍ഗദര്‍ശനവും അവന്റെ സംരക്ഷണവും സ്വയംപര്യാപ്തതയും ഉറപ്പാവുമെന്ന് അവിടുന്ന് അരുളുകയുണ്ടായി. ലുഖ്മാന്‍(അ) ഭരമേല്‍പ്പിക്കലിനെ മുന്‍നിര്‍ത്തി തന്റെ മകന് സാരോപദേശം നല്‍കുന്നുണ്ട്: 'മകനേ, ലോകം ആഴമുള്ള കടലാകുന്നു. അതില്‍ അനവധി പേര്‍ മുങ്ങിപ്പോയിട്ടുണ്ട്. നിനക്ക് വേണമെങ്കില്‍ വിശ്വാസമാകുന്ന ഒരു കപ്പല്‍ പണിയാം. ദൈവത്തിന്റെ വിധിവിലക്കുകള്‍ പാലിക്കുന്ന കര്‍മങ്ങളാണ് അതില്‍ വേണ്ടത്. അതിന്റെ പങ്കായം ദൈവത്തില്‍ ഭരമേല്‍പ്പിക്കലാവണം. എന്നാല്‍, നിനക്കും രക്ഷ പ്രാപിക്കാം'. ഇബ്‌നു അബ്ബാസ് (റ) ഒരിക്കല്‍ ഇപ്രകാരം പറയുകയുണ്ടായി: 'നമുക്ക് ദൈവം മതി. ഭരമേല്‍പ്പിക്കപ്പെടുന്നവന്‍ എത്ര നന്നായിരിക്കുന്നു!' തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: 'പ്രവാചകന്‍ ഇബ്‌റാഹീം(അ) തീക്കുണ്ഡത്തില്‍ എറിയപ്പെട്ടപ്പോള്‍ ആ വാചകം ഉച്ചരിക്കുകയുണ്ടായി. ജനങ്ങള്‍ ഒന്നടങ്കം താങ്കള്‍ക്കെതിരെ ഒരുമിച്ചുകൂടിയിരിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ പ്രവാചകനും പ്രസ്തുത വാചകം ഉച്ചരിക്കുകയുണ്ടായി'.

ഭരമേല്‍പ്പിക്കുന്നതിനൊപ്പം മറ്റു മൂന്ന് തത്ത്വങ്ങള്‍ കൂടിയുണ്ട്. ഉദ്ദേശ്യം, കര്‍മം, പ്രാര്‍ഥന എന്നിവയാണവ. ഉദ്ദേശ്യമില്ലാത്ത കര്‍മംകൊണ്ടോ പ്രാര്‍ഥനകൊണ്ടോ ഫലമുണ്ടാവില്ല. അതുപോലെ കര്‍മമില്ലാത്ത പ്രാര്‍ഥനകൊണ്ടോ പ്രാര്‍ഥനയില്ലാത്ത കര്‍മംകൊണ്ടോ ഫലമില്ല. അപ്രകാരം തന്നെയാണ് ഇവയൊന്നുമില്ലാത്ത ഭരമേല്‍പിക്കല്‍ കൊണ്ടോ ഭരമേല്‍പിക്കാതെയുള്ള ഉദ്ദേശ്യം കൊണ്ടോ കര്‍മം കൊണ്ടോ പ്രാര്‍ഥന കൊണ്ടോ ഫലമുണ്ടായിരിക്കുകയില്ല. ഉദ്ദേശ്യം, കര്‍മം, പ്രാര്‍ഥന എന്നിവയുടെ അകമ്പടിയോടെ, ദൈവത്തിന്റെ പൂര്‍ണമായ സഹായവും അഭയവും ഉണ്ടാവുമെന്ന അടിയുറപ്പോടെ വിശ്വസിക്കലാണ് ഭരമേല്‍പ്പിക്കല്‍. ഉദ്ദേശ്യം, കര്‍മം, പ്രാര്‍ഥന, ഭരമേല്‍പ്പിക്കല്‍ എന്നിവ മുസ്‌ലിമിന്റെ സ്വത്വത്തില്‍ ഒപ്പത്തിനൊപ്പം നിലകൊള്ളേണ്ട മഹത്തായ ആശയങ്ങളാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (22-26)
എ.വൈ.ആര്‍

ഹദീസ്‌

റമദാന്‍ വ്രതത്തിന്റെ വിശുദ്ധി
സുബൈര്‍ കുന്ദമംഗലം