Prabodhanm Weekly

Pages

Search

2019 മെയ് 03

3100

1440 ശഅ്ബാന്‍ 27

വിശ്വാസത്തിന്റെ കരുത്ത്

ഒ. അബ്ദുര്‍റഹ്മാന്‍

[ജീവിതാക്ഷരങ്ങള്‍-25]

അചഞ്ചലമായ വിശ്വാസവും പ്രാര്‍ഥനയും പോലെ ജീവിതത്തിന് സമാധാനം തരുന്ന മറ്റൊന്നുമില്ല എന്നതാണ് ഇതഃപര്യന്തമുള്ള അനുഭവപാഠം. മൂന്ന് പതിറ്റാണ്ടു കാലത്തോളം ഞാന്‍ വിദ്യാര്‍ഥികളെ പഠിപ്പിച്ച വിഷയങ്ങളിലൊന്ന് വിധിവിശ്വാസമായിരുന്നു. പലരെയും അസ്വസ്ഥമാക്കുന്ന പ്രഹേളികയാണ് വിധിവിശ്വാസമെങ്കിലും എന്നെ സംബന്ധിച്ചേടത്തോളം മനസ്സമാധാനത്തിന്റെ മുഖ്യസ്രോതസ്സാണത്. നാം എത്രതന്നെ പഠിച്ചാലും പ്രവര്‍ത്തിച്ചാലും അതിന് സാരമായ പരിമിതികളും പരിധികളുമുണ്ട്. എല്ലാം വിചാരിച്ചപോലെ നടക്കണമെന്നില്ല. അപ്രതീക്ഷിത തിരിച്ചടികളും പരാജയങ്ങളുമുണ്ടാവാം. അപ്പോഴൊക്കെയും പിടിച്ചുനില്‍ക്കാന്‍ സഹായിക്കുന്നത്, 'എല്ലാം ദൈവം വിധിച്ചപോലെയേ നടക്കൂ; തന്റെ ദാസന്മാരെ അവന്‍ കൈവെടിയില്ല' എന്ന ദൃഢവിശ്വാസമാണ്. അപ്രതീക്ഷിതവും നമ്മുടെ കണക്കുകൂട്ടലുകള്‍ക്ക് അതീതവുമായിരിക്കും ദൈവത്തിന്റെ ഇടപെടല്‍. യാത്രാവേളകളിലാണ് എനിക്കേറ്റവുമധികം അതനുഭവപ്പെട്ടത്. ഒരിക്കല്‍ ദോഹയില്‍നിന്ന് ബോംബെ വഴി നാട്ടിലേക്ക് പുറപ്പെട്ടതാണ്. രാത്രി വൈകി ബോംബെ എയര്‍പോര്‍ട്ടിലിറങ്ങി കസ്റ്റംസ് പരിശോധനയും കഴിഞ്ഞ് എയര്‍ലൈന്‍സുകാര്‍ ഏര്‍പ്പാടാക്കിയ ഹോട്ടലില്‍ വിശ്രമത്തിനായി തങ്ങി. പിറ്റേന്ന് രാവിലെയാണ് കൊച്ചിയിലേക്കുള്ള ഫ്‌ളൈറ്റ്. ഹോട്ടല്‍ കൗണ്ടറില്‍ രജിസ്റ്ററില്‍ ഒപ്പിട്ടുകൊടുത്തു റൂമിലെത്തിയപ്പോള്‍ എന്തോ കുറിക്കണമെന്ന് തോന്നി. പേന തപ്പിയപ്പോള്‍ കണ്ടില്ല. പേനയും പാസ്‌പോര്‍ട്ടുമടങ്ങിയ ഹാന്‍ഡ് ബാഗ് കാണാനില്ല. 'പടച്ചവനേ ചതിച്ചോ.' ഒരു നിമിഷം പരിഭ്രാന്തനായി. പെട്ടെന്നാണ് ഹോട്ടല്‍ കൗണ്ടറില്‍ ഹാന്‍ഡ് ബാഗ് മറന്നുവെച്ചതാണെന്ന് ഓര്‍മവന്നത്. ഉടനെ താഴെ വന്ന് നോക്കുമ്പോള്‍ തിരക്കേറിയ കൗണ്ടറില്‍ അത് സുരക്ഷിതമായിരിക്കുന്നു. പെരുന്നാള്‍ പ്രമാണിച്ച് നാട്ടുകാരും സുഹൃത്തുക്കളും നാട്ടിലേക്ക് തന്നയച്ച ലക്ഷക്കണക്കിന് രൂപയുടെ ഡ്രാഫ്റ്റുകളും അതിലുണ്ടായിരുന്നു. അല്ലാഹുവിനെ സ്തുതിച്ച് സമാധാനമായുറങ്ങി.

ദോഹയില്‍നിന്ന് ബോംബെ വഴി ദല്‍ഹിയിലേക്കുള്ള യാത്രയിലാണ് മറ്റൊരു സംഭവം. 1974-ല്‍ ദല്‍ഹിയില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു യാത്ര. പഠനാനന്തരമുള്ള എന്റെ മടക്കയാത്ര കൂടിയായിരുന്നു അത്. പുലര്‍ച്ചെ ബോംബെ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയപ്പോള്‍ വല്ലാതെ ക്ഷീണിതനായിരുന്നു. ദല്‍ഹിയിലേക്കുള്ള ഫ്‌ളൈറ്റുകള്‍ തേടി ബന്ധപ്പെട്ട കൗണ്ടറില്‍ എത്തിയപ്പോള്‍ തൂക്കിയിട്ട ദല്‍ഹി ഫ്‌ളൈറ്റുകളുടെ ബോര്‍ഡുകളൊന്നും എനിക്ക് പോവേണ്ട ഫ്‌ളൈറ്റുകളല്ല. മുമ്പിലെ ഇരിപ്പിടങ്ങളിലൊന്നില്‍ ഇരിപ്പുറപ്പിച്ചു. ക്ഷീണം കാരണം മയങ്ങിപ്പോയി. ഉണരുമ്പോള്‍ കൗണ്ടറിലെ തിരക്കൊഴിഞ്ഞിരുന്നു. ദല്‍ഹി ബോര്‍ഡും കീഴെ ഒന്നു രണ്ടു ജീവനക്കാരും മാത്രമുണ്ട്. ഞാന്‍ പെട്ടെന്നെഴുന്നേറ്റ് ടിക്കറ്റ് കാണിച്ചു ചോദിച്ചു. 'ദല്‍ഹി ഫ്‌ളൈറ്റ് പോയോ?'  അവര്‍ ടിക്കറ്റ് നോക്കി പറഞ്ഞു. 'ഈ ഫ്‌ളൈറ്റ് പറക്കാന്‍ തയാറായി നില്‍ക്കുകയാണ്. കോണി എടുത്തുകഴിഞ്ഞു.' 'എനിക്ക് ഈ ഫ്‌ളൈറ്റില്‍ പോയേ പറ്റൂ. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ ഞാന്‍ മയങ്ങിപ്പോയതാണ്. ദയവായി കോണി രണ്ടാമത് സ്ഥാപിക്കാന്‍ മെസ്സേജ് കൊടുക്കണം.' അവര്‍ സന്ദേശം നല്‍കി. ബോര്‍ഡിംഗ് പാസ് ഇഷ്യു ചെയ്തു. ഞാന്‍ ഓടിച്ചെന്ന് വിമാനത്തില്‍ കയറിപ്പറ്റുകയും ചെയ്തു. പടച്ചതമ്പുരാന്റെ ഇടപെടലുണ്ടായില്ലെങ്കില്‍ കൈയില്‍ മതിയായ കാശ് പോലുമില്ലാതിരുന്ന ഞാന്‍ വലഞ്ഞേനെ.

മൂന്നാമത്തെ അനുഭവം കരിപ്പൂര്‍ എയര്‍പോര്‍ട്ടിലായിരുന്നു. ഗള്‍ഫിലേക്കുള്ള ഒരു യാത്രയില്‍, കൗണ്ടറില്‍നിന്ന് ബോര്‍ഡിംഗ് പാസ് വാങ്ങി ഇമിഗ്രേഷന്‍ കഴിച്ചു  ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലെത്തി ഫ്‌ളൈറ്റും കാത്തിരുന്നു. സമയമായപ്പോള്‍ അറിയിപ്പ് വന്നു. ഞാന്‍ ബോര്‍ഡിംഗ് പാസുമായി ക്യൂവില്‍നിന്നു. പെട്ടെന്നാണ് പാസ്‌പോര്‍ട്ട് തപ്പിയത്. സാധനം കാണാനില്ല. ഉടനെ മടങ്ങി ഇമിഗ്രേഷന്‍ കൗണ്ടറില്‍ ചെന്നുനോക്കുമ്പോള്‍ അതവിടെയുണ്ട്. എനിക്ക് ഇംഗ്ലീഷ് പാഠപുസ്തകത്തിലെ മറവിക്കാരനായ പ്രഫസറുടെ കഥയാണ് ഓര്‍മവന്നത്. മഹാ മറവിക്കാരനായിരുന്ന പ്രഫസര്‍ ഗ്രീന്‍. ഒരു പ്രഭാതത്തില്‍ സ്‌നേഹിതരില്‍ ഒരാള്‍ അദ്ദേഹത്തെ കാണാന്‍ വീട്ടിലെത്തി കാളിംഗ് ബെല്‍ എത്ര തവണ അമര്‍ത്തിയിട്ടും അങ്ങോര് പുറത്തുവരുന്നില്ല. ക്ഷമ നശിച്ച കൂട്ടുകാരന്‍ വാതില്‍ തള്ളിത്തുറന്ന് അകത്ത് ചെന്നപ്പോള്‍ പ്രഫസര്‍ അടുപ്പിന് തീ കത്തിച്ച് അതിനു മീതെ പാത്രം വെച്ച് എന്തോ തിളപ്പിക്കുകയാണ്. ഇടക്ക് കൈയില്‍ പിടിച്ച മുട്ട നോക്കുന്നുമുണ്ട്. കൂട്ടുകാരനെ കണ്ട പാടേ പ്രഫസര്‍ പറഞ്ഞു; 'സോറി ഞാന്‍ ബ്രെയ്ക്ഫാസ്റ്റിന് മുട്ട പുഴുങ്ങുകയാണ്. എത്ര നേരമായിട്ടും വേവുന്നില്ല.' വേവിക്കുന്നത് റിസ്റ്റ് വാച്ചും സമയം നോക്കുന്നത് മുട്ടമേലുമാണെന്ന് പ്രഫസറുണ്ടോ ഓര്‍ക്കുന്നു!

അടുത്ത കഥ ഒരക്കിടിയുടേതാണ്. കോഴിക്കോടിന്റെ ഹൃദയഭാഗത്തുള്ള പാരമൗണ്ട് ഹോട്ടല്‍, ഉടമയുടെ മരണത്തെതുടര്‍ന്ന് മക്കള്‍ക്കിടയിലെ സ്വത്ത് തര്‍ക്കം മൂലം ഏറെക്കാലം പൂട്ടിക്കിടന്നു. അക്കാലത്തും മുകളിലത്തെ കോണ്‍ഫറന്‍സ് ഹാളുകള്‍ ആവശ്യക്കാര്‍ക്ക് തുറന്നുകൊടുക്കാറുണ്ട്. ഒരു റമദാനില്‍ ഹോട്ടലില്‍ വെച്ച് നടന്ന ഇഫ്ത്വാറിലേക്ക് സംഘാടകര്‍ എന്നെ ക്ഷണിച്ചു. ഏതാണ്ട് നോമ്പ് തുറക്കാന്‍ നേരത്ത് ഞാന്‍ എത്തി. സമയമാവുമ്പോഴേക്ക് വുദൂ എടുത്ത് റെഡിയാകാനുദ്ദേശിച്ചു. മറ്റൊരു ഭാഗത്തുള്ള ബാത്ത് റൂമിലേക്ക് ചെന്നു. അകത്ത് കടന്ന് വാതില്‍ വലിച്ചടച്ചപ്പോള്‍ അതടഞ്ഞു. ഒപ്പം ദ്രവിച്ചു കിടന്ന വാതില്‍പിടിയും (ഹാന്‍ഡ്ല്‍) താഴെ വീണു. പിന്നെ എങ്ങനെ വലിച്ചിട്ടും വാതില്‍ തുറക്കുന്നില്ല. കേള്‍ക്കാനോ കാണാനോ ഒരാളും പരിസരത്തില്ലതാനും. ഞാന്‍ ബാത്ത് റൂമില്‍ കയറിയ വിവരവും ഹാളിലുള്ളവര്‍ക്കറിയില്ല. ഇഫ്ത്വാറിനപ്പോള്‍ മിനിറ്റുകളേ ബാക്കിയുള്ളൂ. ഞാന്‍ വീണുകിടക്കുന്ന ഹാന്‍ഡ്ല്‍ എടുത്ത് ദ്വാരത്തിലിട്ടു ഒറ്റവലി. വാതില്‍ തുറന്നു, പടച്ചവനെ സ്തുതിച്ചു ഞാന്‍ പുറത്തു കടന്നു. സമചിത്തതയും ശുഭചിന്തയും കൈവിടാതെ പ്രതിസന്ധികളെ നേരിട്ടാല്‍ ഗുഹാമുഖം അടച്ചുകളഞ്ഞ പാറക്കെട്ടും നീങ്ങിപ്പോകുമെന്ന് ഗുണപാഠം.

അപകടങ്ങളില്‍നിന്നോ സംഭ്രാന്തിയില്‍നിന്നോ രക്ഷപ്പെടുന്നത് മാത്രമല്ല ദൈവസഹായം. തേടിയ വള്ളി കാലില്‍ തടഞ്ഞു എന്ന പ്രയോഗത്തെ അന്വര്‍ഥമാക്കുന്ന അനുഭവങ്ങളും പട്ടികയില്‍ പെടും. ഈ ആത്മകഥയില്‍ ചിലേടത്ത് ഞാനത് അനുസ്മരിച്ചിട്ടുണ്ട്. പ്രബോധനം വാരികയില്‍ ജമാഅത്തെ ഇസ്‌ലാമിയെ നിശിതമായി വിമര്‍ശിക്കുന്ന ലേഖനം എം.എന്‍ കാരശ്ശേരി എഴുതിക്കൊണ്ടിരുന്ന കാലം. മതം വേറെ, രാഷ്ട്രം വേറെ എന്ന സങ്കല്‍പം ഗാന്ധിജിക്കുണ്ടായിരുന്നില്ലെന്ന് ഞാന്‍ എഴുതി. 'എന്നെ സംബന്ധിച്ചേടത്തോളം മതമുക്തമായ രാഷ്ട്രീയം മരണതുല്യമാണ്' എന്ന ഗാന്ധിസൂക്തം ഞാന്‍ തെളിവായുദ്ധരിക്കുകയും ചെയ്തു. എം.എന്‍ കാരശ്ശേരി അത് ചോദ്യം ചെയ്തു. എവിടെയാണ് ഗാന്ധിജി അപ്രകാരം പറഞ്ഞത് എന്നാണദ്ദേഹം ചോദിച്ചത്. പുസ്തകം കൃത്യമായി എനിക്കോര്‍മയില്ലായിരുന്നു. ഞാന്‍ പ്രബോധനം ലൈബ്രറിയില്‍ പോയി ഗാന്ധി സാഹിത്യത്തിന്റെ വാള്യങ്ങള്‍ മുഴുവന്‍ പരതി. ഒരു രക്ഷയുമില്ല. നിരാശനായി മടങ്ങുമ്പോള്‍ വരാന്തയിലെ ഡസ്‌കില്‍ പൊതുവായനക്കായി ഡിസ്‌പ്ലേ ചെയ്ത മാസികകളും വാരികകളും ശ്രദ്ധയില്‍പെട്ടു. പെട്ടെന്ന് എടുത്തു നോക്കാന്‍ തോന്നിയത് 'സുന്നി ടൈംസ്' വാരികയാണ്. കവര്‍ പേജിലെ കുറിപ്പിലൂടെ കണ്ണോടിച്ചപ്പോള്‍ അതിലുണ്ട് ഞാന്‍ തെരഞ്ഞു നടന്ന ഉദ്ധരണി. സുകുമാര്‍ അഴീക്കോടിന്റെ പുസ്തകത്തിന്റേതാണ് റഫറന്‍സ്. ആ പുസ്തകം തെരഞ്ഞുപിടിച്ചപ്പോള്‍ ഗാന്ധിജിയുടെ പ്രസ്തുത വാക്യം അതിലുണ്ടായിരുന്നു.

കൂടുതല്‍ ത്രസിപ്പിക്കുന്നതായിരുന്നു മറ്റൊരു മുന്‍ അനുഭവം. 1975 മാര്‍ച്ചില്‍ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജ് വാര്‍ഷികമാഘോഷിക്കുമ്പോള്‍ ശ്രദ്ധേയമായ ഒരു കലാപരിപാടി വേണം. എന്താണൊരു പുതുമയുള്ള പരിപാടി എന്നാലോചിച്ചപ്പോള്‍ ആയിടെ ദല്‍ഹി ചെങ്കോട്ടയില്‍ കണ്ട ലൈറ്റ് ആന്റ് സൗണ്ട് ഓര്‍മയില്‍ തെളിഞ്ഞു. അതിനാവശ്യമായ സാങ്കേതിക സംവിധാനമൊന്നുമില്ലെങ്കിലും മാലികുബ്‌നു ദീനാറും കച്ചവടസംഘവും ഇസ്‌ലാമിന്റെ സന്ദേശവുമായി കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ സംഭവം മുതല്‍ കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവം വരെയുള്ള ചരിത്രസംഭവങ്ങള്‍ കോര്‍ത്തിണക്കി ലൈറ്റ് ആന്റ് സൗണ്ട് ആവിഷ്‌കരിക്കാമെന്ന് തീരുമാനിച്ചു. എ.എം അബ്ദുര്‍റഹ്മാന്‍, പരേതനായ കെ.ടി.സി അബ്ദുര്‍റഹീം തുടങ്ങിയവര്‍ സജീവമായി സഹകരിച്ചു. ടേപ്പ് റിക്കാര്‍ഡറും ഗ്ലാസ് കഷ്ണങ്ങളില്‍ എ.എം വരച്ചുണ്ടാക്കിയ ചിത്രങ്ങളും ഷാഡോപ്ലേയുമെല്ലാം തരംപോലെ ഉപയോഗിച്ചായിരുന്നു നാല്‍പത്തഞ്ച് വര്‍ഷം മുമ്പത്തെ ഈ നൂതനാവിഷ്‌കാരം. ഒരു മാപ്പിളപ്പാട്ടിന്റെ പശ്ചാത്തലത്തിലാണ് കഥ തുടങ്ങേണ്ടത്. പരേതനായ പി.എം സാദിഖ് മൗലവി നടത്തിവന്ന അല്‍ ഫാറൂഖ് മാസികയുടെ വാര്‍ഷികപ്പതിപ്പില്‍ ഫാറൂഖ് കോളേജിലെ അന്നത്തെ മലയാള അധ്യാപകന്‍ വിദ്വാന്‍ ടി.സി മമ്മി എഴുതിയ മനോഹരമായ മാപ്പിളപ്പാട്ട് മുമ്പെന്നോ വായിച്ചത് ഓര്‍മയില്‍ തെളിഞ്ഞു. പക്ഷേ, അതിലെ കൃത്യമായ വരികള്‍ എവിടെനിന്ന് കിട്ടും? അല്‍ ഫാറൂഖ് മാസിക ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം സാദിഖ് മൗലവി തന്നെ അറുപതുകളില്‍ 'പ്രധാനം' എന്ന പേരില്‍ ആരംഭിച്ച മാസികയുടെ പ്രഥമ ലക്കത്തില്‍ ഈ പാട്ട് പുനഃപ്രസിദ്ധീകരിച്ചത് വായിച്ചിരുന്നു. പ്രസ്തുത മാസിക 'പ്രബോധനം' ഓഫീസില്‍ വരാറുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ അത് കൃത്യമായി സൂക്ഷിച്ചിരുന്നോ, ഉണ്ടെങ്കില്‍ തന്നെ എവിടെ എന്നൊന്നും ഒരു പിടിപാടുമില്ല. എന്നാലും ഒരു ശ്രമം നടത്തിക്കളയാം എന്ന് തീരുമാനിച്ചു നേരെ അങ്ങോട്ട് വിട്ടു. ഞാന്‍ 1964-ല്‍ ജോലിയാരംഭിച്ച പ്രബോധനം പ്രസ്സും ഓഫീസും എല്ലാം സ്ഥിതി ചെയ്തിരുന്ന ഹാളിന്റെ (ഇപ്പോള്‍ ഗോഡൗണ്‍) മേല്‍ഭാഗത്ത് സ്ഥാപിച്ച പലകപ്പുറത്ത് വെച്ച മാസികക്കെട്ടുകളാണ് ആദ്യമായി പരതാന്‍ തോന്നിയത്. കോണി ചാരി വെച്ചുകയറി ഒരു കെട്ടെടുത്തു നോക്കിയപ്പോള്‍ 'പ്രധാനം'! അതിലാദ്യത്തെ ലക്കം കെട്ടഴിച്ചു പുറത്തെടുത്തപ്പോള്‍ വിദ്വാന്‍ മമ്മിയുടെ പടമുള്ള ലക്കം!! ആഹ്ലാദത്തിന് അതിരുകളില്ലായിരുന്നു.

പ്രാചിതന്‍ പൂങ്കവിള്‍തടം

പൂര്‍വാധികം തുടുക്കവെ....

എന്നു തുടങ്ങുന്ന ഗാനം അരീക്കോട് കെ.വി അബൂട്ടി എന്ന അനുഗൃഹീത സംഗീതജ്ഞന്റെ സ്വരത്തില്‍, 'വെളിച്ചത്തിലേക്ക്' എന്ന് പേരിട്ട ലൈറ്റ് ആന്റ് സൗണ്ട് പരിപാടിയിലൂടെ ഒഴുകിയപ്പോള്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ ആവേശത്തിരമാലകളുയര്‍ന്നത് ഇന്നലെ കഴിഞ്ഞപോലെ. കൂട്ടത്തില്‍ പറയട്ടെ, ജമാഅത്തെ ഇസ്‌ലാമിയുടെ ഏതെങ്കിലും സ്ഥാപനത്തിന്റെ കലാപരിപാടിയില്‍ ഇദംപ്രഥമമായി ഉപകരണ സംഗീതം മുഴങ്ങിയത് ഈ പരിപാടിയിലായിരുന്നു. കെ.സി അബ്ദുല്ല മൗലവിയോട് അനുവാദം ചോദിച്ചപ്പോള്‍ 'എതിര്‍പ്പുകളുയരും, നീയത് നേരിടാന്‍ തയാറാണെങ്കില്‍ നോക്കിക്കോ. ഉത്തരവാദിത്തം ഞാന്‍ ഏല്‍ക്കില്ല' എന്ന മറുപടി കിട്ടി. ഞാന്‍ കിതാബുകളും ഫത്‌വകളും പരതി. സദ്‌വിചാരവും സദ്‌വികാരവും ശ്രോതാക്കളില്‍ ഉളവാക്കുന്ന സംഗീതം ഇസ്‌ലാമില്‍ നിഷിദ്ധമല്ലെന്ന ഡോ. യൂസുഫുല്‍ ഖറദാവിയുടേത് ഉള്‍പ്പെടെയുള്ള അഭിപ്രായങ്ങളും ഇമാം ഇബ്‌നു ഹസമിന്റെ 'സംഗീതം ഹറാമാണെന്ന വിഷയത്തില്‍ സ്വഹീഹ് (സ്വീകാര്യം) ആയ ഒരൊറ്റ ഹദീസും വന്നിട്ടില്ലെന്നും എല്ലാം വ്യാജ ഹദീസുകളാണെന്നുമുള്ള പ്രസ്താവനയും (അല്‍ മുഹല്ല, ഭാഗം 1) രക്ഷക്കെത്തി. കെ.സി പ്രവചിച്ചപോലെ പിറ്റേ ദിവസം മുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുതുടങ്ങി (ഇന്നത്തെ സോഷ്യല്‍ മീഡിയ അന്ന് ഇല്ലാതിരുന്നത് ഭാഗ്യം). ഞാന്‍ വിഷയം സാമാന്യം നന്നായി പഠിച്ചു പ്രബോധനം മാസിക(1975 മെയ് ലക്കം)യില്‍ ലേഖനമെഴുതി. സംവാദം തല്‍ക്കാലത്തേക്കെങ്കിലും അവസാനിച്ചു. സംഗീതമുക്തമായ വല്ല സി.ഡിയും എസ്.ഐ.ഒ, ജി.ഐ.ഒ, സോളിഡാരിറ്റി സംഘടനകള്‍ വിശേഷിച്ചും മതസംഘടനകള്‍ പൊതുവെയും ഇക്കാലത്ത് പുറത്തിറക്കാറുണ്ടോ എന്നാലോചിക്കുന്നത് കൗതുകകരമാവും. നമ്മുടെ പണ്ഡിതന്മാര്‍ എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നു. പുതുതായി എന്തെങ്കിലും ഉപകരണമോ സംവിധാനമോ പ്രചാരത്തില്‍ വന്നാല്‍ അവര്‍ അതിനെ ആദ്യം എതിര്‍ക്കും. കാലം കഴിഞ്ഞാണ് ഒരു പുനര്‍വിചാരത്തിനവര്‍-അല്ലെങ്കില്‍ അവരുടെ പിന്‍ഗാമികള്‍- തയാറാവുക. ഖുത്വുബി മുഹമ്മദ് മുസ്‌ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രസിഡന്റായിരുന്ന കാലത്ത് ഒരുപറ്റം ദര്‍സ് വിദ്യാര്‍ഥികള്‍ അദ്ദേഹത്തോടും കാലഘട്ടത്തിലെ മറ്റ് പ്രമുഖ പണ്ഡിതന്മാരോടും ചോദിച്ച ചോദ്യവും അവര്‍ നല്‍കിയ മറുപടിയും ഞാന്‍ സൂക്ഷിച്ചിരുന്നു. ഉച്ചഭാഷിണി ബാങ്കുവിളിക്കും ഇമാമത്തിനും ജുമുഅ ഖുത്വ്ബക്കും ഉപയോഗിക്കുന്നതിന്റെ മതവിധിയാണ് അവര്‍ക്കറിയേണ്ടിയിരുന്നത്. 'ലഇബ് ലഹ്‌വി'ന്റെ (കളിതമാശയുടെ) ഉപകരണമായ ഉച്ചഭാഷിണി ആരാധനാ കര്‍മങ്ങള്‍ക്കുപയോഗിക്കുന്നത് ഹറാമാണ് എന്നു തന്നെ അവര്‍ ഏകകണ്ഠമായി ഫത്‌വയും നല്‍കി! 1965-ല്‍ ചേര്‍ന്ന സമസ്ത ഉന്നതാധികാര സമിതിയായ മുശാവറ വിലക്ക് നീക്കിയത് പില്‍ക്കാല സംഭവം. ആ തിരുത്തിനോട് വിയോജിച്ചാണ് പ്രമുഖ പണ്ഡിതന്റെ കെ.കെ സദഖത്തുല്ലാ മുസ്‌ലിയാര്‍ സംഘടനയില്‍നിന്ന് രാജിവെച്ചതും സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ സ്ഥാപിച്ചതും. നാദാപുരം ജുമുഅത്ത് പള്ളി ഉള്‍പ്പെടെ അവര്‍ക്ക് സ്വാധീനമുള്ള പള്ളികളില്‍ ഇപ്പോഴും ഉച്ചഭാഷിണി ഔട്ടാണ്.

പൗരാണിക അറബികവി അംറുബ്‌നു കുല്‍സൂം പാടിയ പോലെ, ഹിജജുന്‍ ഖലൗന ഹലാലുഹാ വ ഹറാമുഹാ (പാടില്ലാത്തതും പാടുള്ളതും കലര്‍ന്ന കുറേ സംവത്സരങ്ങള്‍ അങ്ങനെ കടന്നുപോയി). പല നാടുകള്‍ തെണ്ടി. പലരെയും കണ്ടു. കണ്ടവരോട് സംവദിച്ചു. പലതും പറഞ്ഞു. ചിലതൊക്കെ എഴുതി. മാധ്യമത്തിനുവേണ്ടി എഴുതിയ മുഖപ്രസംഗങ്ങള്‍ മാത്രം മൂവായിരത്തില്‍ കവിയും. ഒന്നു രണ്ടെണ്ണത്തിന് അവാര്‍ഡും കിട്ടി. പ്രബോധനത്തില്‍ നാലു പതിറ്റാണ്ടുകളായി തുടരുന്ന ചോദ്യോത്തര പംക്തിയിലൂടെ ആയിരക്കണക്കില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുത്തവ സമാഹരിച്ച് മൂന്നു വാള്യങ്ങളായി ഐ.പി.എച്ച് പുറത്തിറക്കി. മാധ്യമം പത്രത്തിലും പ്രബോധനം വാരികയിലും മറ്റു ആനുകാലികങ്ങളിലുമായി എഴുതിയ ലേഖനങ്ങള്‍ നിരവധി. ഒട്ടുമിക്കതും ആവശ്യങ്ങളുടെ പുറത്തെഴുതിയതാണ്. ഇനി നിര്‍ത്താന്‍ സമയമായെന്ന് തോന്നുന്നു. ഡിജിറ്റല്‍ യുഗമാണ് പിറന്നിരിക്കുന്നത്. അതിന്റെ കുതിച്ചുചാട്ടത്തോടൊപ്പം ഓടാന്‍ വയ്യ. പരാജയം സമ്മതിച്ചു, ഗതകാല സ്മരണകള്‍ അയവിറക്കി, ശാന്തമായൊരു പര്യവസാനത്തിനായി സര്‍വശക്തനോട് പ്രാര്‍ഥിച്ച് അവന്‍ തിരികെ വിളിക്കുന്നതുവരെ പരാതിയോ പരിഭവമോ ഇല്ലാതെ കഴിയാം. 

(അവസാനിച്ചു)

 

തിരുത്ത്

കഴിഞ്ഞ അധ്യായങ്ങളില്‍ ചില ഓര്‍മപ്പിശകുകള്‍ സംഭവിച്ചതായി വായനക്കാര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. അതു പ്രകാരമുള്ള തിരുത്തുകളാണ് ചുവടെ:

1. 'ഫലസ്ത്വീന്റെ മണ്ണില്‍' എന്ന അധ്യായത്തില്‍ (ജീവിതാക്ഷരങ്ങള്‍-19) ഗുഹാനിവാസികള്‍ അഭയം തേടിയ ഗുഹ പെട്രയില്‍ എന്നെഴുതിയത് ശരിയല്ല. അമ്മാനിന്റെ 13 കി.മീ. തെക്ക് സ്ഥിതി ചെയ്യുന്ന ഹര്‍ബതുസ്സൂഖിലുള്ള ഗുഹയാണ് അസ്ഹാബുല്‍ കഹ്ഫ് കഴിച്ചുകൂട്ടിയ സ്ഥലമായി കരുതപ്പെടുന്നത്.

2. 1992 ഡിസംബര്‍ രണ്ടിലെ ബാബരി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനകളുടെ കൂട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെട്ടിരുന്നു. അന്ന് കേരള അമീര്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ ആയിരുന്നു, കെ.സി അബ്ദുല്ല മൗലവി ആയിരുന്നില്ല.

അച്ചടിത്തെറ്റുകളും ചിലത് സംഭവിച്ചിരിക്കുന്നു. തിരുത്തും ചില വിശദീകരണങ്ങളും കൂടുതല്‍ വിവരങ്ങളും ഉള്‍പ്പെടുത്തി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നതിനാല്‍ തല്‍ക്കാലം ഉപസംഹരിക്കുകയാണ്. അല്ലാഹു സഹായിക്കട്ടെ.

ഒ. അബ്ദുര്‍റഹ്മാന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (22-26)
എ.വൈ.ആര്‍

ഹദീസ്‌

റമദാന്‍ വ്രതത്തിന്റെ വിശുദ്ധി
സുബൈര്‍ കുന്ദമംഗലം