റമദാനില്‍ ജീവിതം പുതുക്കിപ്പണിയുകയാണ്
റമദാന്‍ ഒരത്ഭുതമാണ്. ആലങ്കാരികമായി പറഞ്ഞതല്ല, അക്ഷരാര്‍ഥത്തില്‍ അത്ഭുതമാണ്. അതിന് പല കാരണങ്ങളുണ്ട്. ഒരു ഉദാഹരണം പറയാം. ഒരാള്‍ ജീവിതത്തെ മാറ്റിപ്പണിയാന്‍ ഉദ്ദേശിക്കുന്നു. പുതിയൊരു വ്യക്തിയായി മാറാന്‍ ആഗ്രഹിക്കുന്നു. ഒരു മാസംകൊണ്ട് സാധിക്കുമോ? സാധാരണ ഗതിയില്‍ സാധ്യത കുറവാണ്. അയാള്‍ അതുവരെ ജീവിച്ച ചുറ്റുപാട് പെട്ടെന്നൊന്നും അത് സമ്മതിക്കില്ല. മനസ്സ് വേഗത്തില്‍ വഴങ്ങണമെന്നില്ല. ചിലരെങ്കിലും പറയാറുണ്ടല്ലോ; 'നന്നാവണമെന്ന് വിചാരിച്ചതാണ് പക്ഷേ, ഈ ചുറ്റുപാട് സമ്മതിക്കുന്നില്ല.' ഒന്നാമതായി, അയാള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍നിന്ന് പണിപ്പെട്ട് പുറത്തു കടക്കണം. എന്നാലും അത് പഴയ ജീവിതത്തിലേക്ക് പിന്നില്‍നിന്ന് വലിച്ചുകൊണ്ടിരിക്കും. ശേഷം തിന്മയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മനസ്സിനെ മെരുക്കിയെടുക്കണം. ശക്തമായ പോരാട്ടമാണത്. തുടര്‍ന്ന് നന്മയുടെ അന്തരീക്ഷം അന്വേഷിച്ചു കണ്ടെത്തണം. അങ്ങനെ, ചെറിയ ചെറിയ മാറ്റങ്ങള്‍ പതുക്കെ പതുക്കെ കൊണ്ടുവരണം. ക്രമേണ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എത്തണം. ഒരു മാസം ഒട്ടും പോരാ, വലിയ കാലയളവ് ആവശ്യമുള്ള പ്രക്രിയയാണത്.
ഇവിടെയാണ് റമദാന്‍ മാസത്തിന്റെ ഒന്നാമത്തെ അത്ഭുതം നമുക്ക് അനുഭവപ്പെടുന്നത്. നിങ്ങള്‍ പുതിയൊരു വ്യക്തിയായി രൂപപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടോ? റമദാനിലെ മുപ്പതു ദിവസങ്ങള്‍ കൊണ്ട് നിങ്ങള്‍ക്കത് സാധ്യമാണ്. റമദാനില്‍ മാത്രമേ അങ്ങനെ സാധ്യമാകൂ. ആ രൂപത്തിലാണ് റമദാനെ അല്ലാഹു സംവിധാനിച്ചിരിക്കുന്നത്. റമദാന്‍ പിറന്നാല്‍ അല്ലാഹു പിശാചിനെ ചങ്ങലക്കിടുമെന്ന് റസൂല്‍(സ) പറഞ്ഞിട്ടുണ്ട്. മനുഷ്യരെ തെറ്റിലേക്ക് തള്ളിയിടാന്‍ എല്ലാ കുതന്ത്രങ്ങളും മെനയുന്നത് പിശാചാണല്ലോ. മനസ്സില്‍ കുടിയിരുന്ന് നിരന്തരം ദുര്‍ബോധനം ചെയ്യുന്നവന്‍. ആ ദുര്‍ബോധനത്തില്‍നിന്ന് രക്ഷപ്പെടാന്‍ നന്നായി കഷ്ടപ്പെടേണ്ടിവരും. എന്നാല്‍ റമദാനില്‍ പിശാചിന്റെ കാര്യമായ ശല്യം ഉണ്ടാകില്ല. പിശാച് ചങ്ങലയിലാണ്. തിന്മയുടെ ലോകത്തുനിന്ന് നിങ്ങള്‍ക്ക് എത്രയും അകലാം. പിറകെനിന്ന് പിടിച്ചുവലിക്കാന്‍ പിശാച് ഉണ്ടാകില്ല. നന്മയുടെ മാര്‍ഗത്തില്‍ ബഹുദൂരം സഞ്ചരിക്കാം. വഴിമുടക്കിയായി വരാന്‍ പിശാചിന് കഴിയില്ല. റമദാന്‍ എത്തിയാല്‍ നരകകവാടങ്ങള്‍ അടക്കപ്പെടുമെന്നും നബി(സ) വ്യക്തമാക്കി. മനുഷ്യരെ തെറ്റിലേക്ക് നയിക്കുന്നതില്‍ സാഹചര്യത്തിന് വലിയ പങ്കുണ്ട്. 'നരകകവാടങ്ങള്‍ക്ക് പൂട്ടിടും' എന്നതിന്റെ ഉദ്ദേശ്യം തിന്മയിലേക്കുള്ള വാതിലുകള്‍ അടക്കപ്പെടും എന്നാണ്. തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന അന്തരീക്ഷം റമദാനില്‍ പൊതുവെ ഉണ്ടാകാറില്ല. സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുമെന്നും നബി (സ) സന്തോഷവാര്‍ത്ത അറിയിച്ചു. അഥവാ നന്മയിലേക്കുള്ള എല്ലാ വാതിലുകളും തുറക്കപ്പെടും. മുസ്‌ലിം സമൂഹത്തിനകത്ത് എവിടെയും അനുഭവപ്പെടുക നന്മയുടെ സുഗന്ധം മാത്രം. സ്വയം ഉദ്ദേശിക്കുന്നില്ലെങ്കില്‍ പോലും ഒരാള്‍ സ്വാഭാവികമായും നന്മ ചെയ്യുന്നവനായി മാറുന്ന സാഹചര്യം. ഇങ്ങനെയാണ് റമദാനിലെ രാപ്പകലുകളെ അല്ലാഹു സംവിധാനിച്ചിരിക്കുന്നത്. നന്മനിറഞ്ഞ വ്യക്തിത്വം വികസിപ്പിച്ചെടുക്കാന്‍ ഇങ്ങനെയൊരു ചുറ്റുപാടില്‍ എളുപ്പം സാധിക്കുന്നു.
നിങ്ങള്‍ ജീവിതം പുതുക്കിപ്പണിയാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടോ? അതിന് റമദാനേക്കാള്‍ മികച്ച മറ്റൊരു അവസരം ഇല്ല. റമദാന്‍ സന്നദ്ധമാണ്. നിങ്ങള്‍ അതിനെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് പ്രസക്തം.
ഏതൊരു സംഗതിയെയും നാം പരിഗണിക്കുക അതിന്റെ വില നോക്കിയാണ്. റമദാന്റെ മൂല്യം നാം എങ്ങനെയാണോ മനസ്സിലാക്കുന്നത് അങ്ങനെ മാത്രമേ നാം ആ മാസത്തെ പരിഗണിക്കുകയുള്ളൂ. നമുക്കു മുമ്പ് ഒരു സംഘം കടന്നുപോയിട്ടുണ്ട്. അവര്‍ റമദാന്റെ പ്രാധാന്യം പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് അത്ഭുതപ്പെടുത്തുന്ന രൂപത്തില്‍ അവര്‍ റമദാനില്‍ കര്‍മനിരതരായത്. യാത്രാവേളയിലെ ഇടത്താവളം; അങ്ങനെ മാത്രമാണ് നബി(സ) ഈ ലോകത്തെ കണ്ടത്. റസൂല്‍ പറയുന്നത് നോക്കൂ: ''ഞാനും ഈ ദുന്‍യാവും തമ്മില്‍ എന്തു ബന്ധം! വല്ല ബന്ധവുമുണ്ടെങ്കില്‍, അത് ഒരു വഴിയാത്രക്കാരനും മരത്തണലും തമ്മിലുള്ള ബന്ധം മാത്രം. വെയിലേറ്റ് ക്ഷീണിക്കുമ്പോള്‍ യാത്രക്കാരന്‍ മരത്തിന്റെ തണല്‍ തേടുന്നു. ക്ഷീണം മാറിയാല്‍ അവിടം ഉപേക്ഷിച്ചു പോകുന്നു.'' ഇത്രമേല്‍ നബി(സ) ദുന്‍യാവിനോട് വിരക്തി കാണിച്ചിരുന്നു. ഏതു നിമിഷവും തീര്‍ന്നുപോയേക്കാവുന്ന ഒന്ന്; അതാണല്ലോ ഈ ലോക ജീവിതം. ആ ദുന്‍യാവ് റസൂലിനെ ഒട്ടും ആകര്‍ഷിച്ചിരുന്നില്ല. പക്ഷേ, ഒരു സന്ദര്‍ഭത്തില്‍ നബി (സ) ദുന്‍യാവില്‍ ജീവിക്കാന്‍ കൊതിച്ചിരുന്നു. ആയുസ്സ് നീട്ടിത്തരണമെന്ന് നിരന്തരം പ്രാര്‍ഥിച്ചിരുന്നു. റമദാന്‍ അടുക്കുന്ന സന്ദര്‍ഭമായിരുന്നു അത്. ഒന്ന് ആലോചിച്ചുനോക്കൂ; റമദാന്റെ ആഴവും പരപ്പും എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ഇനിയെന്തെങ്കിലും വേണോ?
ഒരു മാസത്തിനു വേണ്ടി രണ്ടു മാസം മുമ്പേ ഒരുങ്ങുന്ന പ്രവാചകന്‍. ആ മാസത്തെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നാളുകള്‍. റമദാന്‍ മാസം അടുത്താലോ, നബിയുടെ മുഖം പ്രസന്നമാകും. ആ മനസ്സില്‍ ആഹ്ലാദം അലയടിക്കും. എന്തെന്നില്ലാത്ത ഊര്‍ജവും ഉത്സാഹവും പ്രവാചകന്റെ ജീവിതത്തില്‍ പ്രകടമാകും. അവിടെയും തീരുന്നില്ല, ആ സന്തോഷം ജനങ്ങള്‍ക്കും പകര്‍ന്നുകൊടുക്കുന്നു. അവരുടെയും മനസ്സില്‍ ആവേശം നിറക്കുന്നു. അഥവാ നാം വിചാരിക്കുന്നതിലും അപ്പുറമാണ് റമദാന്റെ ശ്രേഷ്ഠത.
മുന്‍ഗാമികളും അങ്ങനെയായിരുന്നു. അവര്‍ ഓരോ റമദാനെയും പ്രതീക്ഷയോടെ കാത്തിരിക്കും. റമദാനെത്തിയാല്‍ ആവേശത്തോടെ കര്‍മനിരതരാവും. റമദാനു മുമ്പുള്ള ആറ് മാസം റമദാനിലേക്ക് എത്തിക്കണേ എന്നും റമദാനു ശേഷമുള്ള ആറ് മാസം, റമദാനില്‍ ചെയ്ത കര്‍മങ്ങള്‍ സ്വീകരിക്കണേ എന്നും അവര്‍ പ്രാര്‍ഥിക്കുമായിരുന്നു. റമദാന്റെ പ്രാധാന്യം പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കുന്ന വ്യക്തി അതിലെ ഓരോ നിമിഷവും അമൂല്യമായി കാണുന്നു എന്ന് ചുരുക്കം.
ദുന്‍യാവിന്റെ തിരക്കുകളില്‍ നമ്മുടെ ജീവിതം ഒഴുകിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ഒന്ന് നിന്ന്, സ്വന്തത്തിലേക്ക് തിരിഞ്ഞുനോക്കാനുള്ള അവസരമാണ് റമദാന്‍ നല്‍കുന്നത്. ജീവിതം അടിമുടി ആത്മപരിശോധനക്ക് വിധേയമാക്കേണ്ട ദിനരാത്രങ്ങള്‍. അല്ലാഹുവുമായുള്ള ബന്ധത്തിന്റെ ആഴം അളക്കേണ്ട നിമിഷങ്ങള്‍. ആ ബന്ധം പുതുക്കിയും തേച്ചുമിനുക്കിയും പുതിയ മനുഷ്യനായി രൂപപ്പെടാനുള്ള സന്ദര്‍ഭം.
നമ്മുടെ റമദാന്‍ പ്രാര്‍ഥനകള്‍കൊണ്ട് നിറയട്ടെ. ജീവിതയാത്രയില്‍ ഒരുപാട് പാപങ്ങള്‍ ചെയ്തുപോയിട്ടുണ്ട്. പാപത്തിന്റെ ഭാണ്ഡവും പേറി ഇനിയും മുന്നോട്ടു നടക്കാന്‍ വയ്യ. പാപഭാരത്താല്‍ മുതുകൊടിഞ്ഞവന്റെ മുമ്പില്‍ ഇരുകൈയും നീട്ടി അല്ലാഹു നില്‍ക്കുന്നു. അവന്റെ കാരുണ്യത്തിന്റെ സന്നിധിയില്‍ പാപത്തിന്റെ ചുമട് ഇറക്കിവെച്ച് വിശുദ്ധമായ യാത്ര തുടരാന്‍ ഇനിയും നമ്മള്‍ എന്തിന് വൈകിക്കണം! 'പ്രാര്‍ഥിക്കുന്നവരുണ്ടോ, ഞാന്‍ ഉത്തരം നല്‍കാം. ചോദിക്കുന്നവരുണ്ടോ, നിങ്ങള്‍ ആവശ്യപ്പെടുന്നത് ഞാന്‍ തരാം' എന്ന് അല്ലാഹു വിളിച്ചു പറയുമ്പോള്‍ കണ്ണീര്‍ വാര്‍ത്ത് അവന്റെ ഉമ്മറപ്പടിയില്‍ വീണുകിടക്കാന്‍ നമുക്കെന്താണ് തടസ്സം?
ഓരോ വ്യക്തിക്കും ചില ദൗര്‍ബല്യങ്ങളുണ്ടാകും. നിരന്തരം പെട്ടുപോകുന്ന പാപങ്ങളുണ്ടാകും. ആ പാപത്തിന്റെ ചളിക്കുണ്ടില്‍നിന്ന് പുറത്തു ചാടാന്‍ നാം അതിയായി ആഗ്രഹിക്കുന്നു. സ്വന്തം ദൗര്‍ബല്യം എന്താണോ, മുക്തിനേടാന്‍ ഉദ്ദേശിക്കുന്ന പാപം ഏതാണോ, അതില്‍ പ്രാര്‍ഥന കൂടുതല്‍ കേന്ദ്രീകരിക്കുക. അവയെ അതിജയിക്കാനുള്ള ഈമാനും തഖ്‌വയും നല്‍കാന്‍ പടച്ചവനോട് നിരന്തരം തേടുക. അങ്ങനെയെങ്കില്‍ റമദാന്‍ കഴിയുമ്പോള്‍ പൂര്‍ണമുക്തി നേടാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
സല്‍ക്കര്‍മങ്ങളില്‍ മത്സരിച്ച് മുന്നേറേണ്ട മുപ്പത് ദിനരാത്രങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. ജീവിതത്തിന്റെ അത്യാവശ്യങ്ങള്‍ കഴിഞ്ഞാല്‍ ബാക്കി മുഴുവന്‍ സമയവും ഖുര്‍ആന്‍ പാരായണം, സുന്നത്ത് നമസ്‌കാരം, പ്രാര്‍ഥന, ദിക്‌റ്, സ്വലാത്ത്, ദാനധര്‍മം തുടങ്ങിയവയില്‍ മുഴുകാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. അലസത മനസ്സില്‍നിന്ന് കുടിയൊഴിഞ്ഞു പോകണം. പകരം ഉത്സാഹം നിറയണം. സമയം പാഴാക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. റമദാനിലെ പാഴായിപ്പോകുന്ന നിമിഷങ്ങള്‍ വലിയ നഷ്ടമാണ്.
റമദാനെ നാം എങ്ങനെ പരിഗണിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ശേഷമുള്ള നമ്മുടെ ജീവിതത്തിലെ ആത്മീയ കരുത്ത്. ജീവിതത്തില്‍ നാം സഞ്ചരിക്കുന്ന ഓരോ വഴിയിലും പാപങ്ങളും തിന്മകളും നിറഞ്ഞുനില്‍ക്കുന്നു. തെറ്റുകളിലേക്കുള്ള എല്ലാ വാതിലുകളും തുറന്നു കിടക്കുന്നു. സകലമാന അശ്ലീലതകളും ജാഹിലിയ്യത്തും കുത്തിയൊഴുകുന്നു. ഇവിടെ, ആഴത്തിലുള്ള ആത്മീയ കരുത്ത് ഉണ്ടെങ്കില്‍ മാത്രമേ ഇടറിവീഴാതെ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ.
ഇത് നമ്മുടെ അവസാനത്തെ റമദാനാണ്. വിശ്വാസിക്ക് അങ്ങനെ ചിന്തിക്കാനേ കഴിയൂ. ഇത് എന്റെ മരണത്തിനു മുമ്പുള്ള ഒടുവിലത്തെ നമസ്‌കാരമാണ് എന്ന ചിന്തയോടെ ഓരോ നമസ്‌കാരവും നിര്‍വഹിക്കാനാണ് റസൂല്‍(സ) പഠിപ്പിച്ചത്. മണിക്കൂറുകള്‍ക്കിടയില്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുവരുന്ന നമസ്‌കാരത്തെക്കുറി ച്ചാണ് നബി(സ) ഇങ്ങനെ പറഞ്ഞത്. അങ്ങനെയെങ്കില്‍ ഒന്ന് കഴിഞ്ഞാല്‍ അടുത്തത് എത്താന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ട റമദാനെ നാം എങ്ങനെയാണ് കാണേണ്ടത്!
Comments