Prabodhanm Weekly

Pages

Search

2019 മെയ് 03

3100

1440 ശഅ്ബാന്‍ 27

കുഞ്ഞിമൂസയും ചന്ദ്രികയിലെ ദിനങ്ങളും

പി.കെ ജമാല്‍

മുസ്‌ലിം സമുദായത്തെ സംബന്ധിച്ചേടത്തോളം സംഭവബഹുലമായ കാലഘട്ടമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ എഴുപതുകള്‍. മത, രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക മേഖലകളില്‍ നവജാഗരണത്തിന്റെയും ആശാനിര്‍ഭരമായ മുന്നേറ്റങ്ങളുടെയും ചടുലമായ ചുവടുവെപ്പുകള്‍ക്ക് ഇന്ത്യാ രാജ്യവും കേരള സംസ്ഥാനവും സാക്ഷിയായ ചരിത്രത്തിലെ സവിശേഷ സന്ദര്‍ഭം. മുസ്‌ലിം സമുദായത്തിലെ വിദ്യാഭ്യാസ-നവോത്ഥാന സംരംഭങ്ങളുടെ വിളവെടുപ്പ് കാലവുമായിരുന്നു അത്. കലാ-സാഹിത്യ-പത്രപ്രവര്‍ത്തന രംഗങ്ങളിലുമുണ്ടായി പുത്തനുണര്‍വിന്റെ അനുരണനങ്ങള്‍. അതിജീവിനത്തിന്റെ മഹാ യത്‌നങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച് ജീവിതയാത്രയെ സഫലമാക്കിയ വ്യക്തിത്വമെന്ന് ചരിത്രത്തില്‍ അടയാളപ്പെടുത്തി കടന്നുപോകാന്‍ ഭാഗ്യം ലഭിച്ച കെ.പി കുഞ്ഞിമൂസയെ ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഇരമ്പിവരുന്ന സ്മരണകള്‍ക്ക് ഒരു ധന്യമായ കാലഘട്ടത്തിന്റെ നിറവും സൗരഭ്യവും സൗന്ദര്യവുമുണ്ട്.

ആയിരത്തി തൊള്ളായിരത്തി എഴുപത് മുതല്‍ രണ്ടായിരത്തി പത്തൊമ്പത് വരെ നീ അരനൂറ്റാണ്ടിന്റെ കെട്ടുറപ്പുള്ള സുഹൃദ് ബന്ധത്തിന്റെ കഥകള്‍ എനിക്കും കുഞ്ഞിമൂസക്കും ഓര്‍ക്കാനുണ്ട്. അതില്‍ ഏറ്റവും നിറമുള്ള കാലമായി ഓര്‍ക്കുന്നത് 1971 മുതല്‍ 1977 വരെ ഞാന്‍ ചന്ദ്രിക ദിനപത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും പത്രാധിപസമിതിയില്‍ സേവനമനുഷ്ഠിച്ച വര്‍ഷങ്ങളാണ്. ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും തമ്മിലെ ബന്ധങ്ങളില്‍ ഉായ അടുപ്പവും അകല്‍ച്ചയും ഇണക്കവും പിണക്കവും മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് നിരീക്ഷിച്ച പ്രസ്ഥാന പ്രവര്‍ത്തകനായ വ്യക്തി എന്ന നിലയില്‍ മനസ്സില്‍ ഊറിക്കൂടിയതും കുഞ്ഞിമൂസയുമായി ബന്ധപ്പെട്ടതുമായ സ്മരണകളുമായി ഇഴചേര്‍ത്ത് ഓര്‍ത്തെടുക്കുകയാണ്.

1971. ചന്ദ്രിക പത്രത്തിന്റെ മാനേജിംഗ് എഡിറ്ററായി കേരള ചീഫ് എഞ്ചിനീയറായിരുന്ന ടി.പി കുട്ട്യമ്മു സാഹിബ് നിയമിതനായി. പത്രത്തിന് പുതിയ രൂപവും ഭാവവും സൃഷ്ടിച്ചെടുക്കാന്‍ കുട്ട്യമ്മു സാഹിബ് ശ്രമം ആരംഭിച്ച സന്ദര്‍ഭം. മുസ്‌ലിം ലീഗ് പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ കോഴിക്കോട്ട് ഇരുന്നും വിദ്യാഭ്യാസമന്ത്രി സി.എച്ച് മുഹമ്മദ് കോയ തിരുവനന്തപുരത്ത് ഇരുന്നും കുട്ട്യമ്മു സാഹിബിന് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരുന്നു. കസ്റ്റംസില്‍നിന്ന് റിട്ടയര്‍ ചെയ്ത എം.പി.കെ എന്ന പേരില്‍ അറിയപ്പെടുന്ന എം.പി കുഞ്ഞുമുഹമ്മദ് സാഹിബും ഫാറൂഖ് കോളേജിലെ പ്രഫ. എം. മുഹമ്മദും എന്നെയും കൂട്ടി കുട്ട്യമ്മു സാഹിബിന്റെ ഓഫീസില്‍ ചെന്നു. എന്നെ പരിചയപ്പെടുത്തി. അന്നൊക്കെ ശാന്തപുരം കോളേജ് സ്ഥിരമായി സന്ദര്‍ശിക്കുമായിരുന്ന കുട്ട്യമ്മു സാഹിബിനെ അറിയാമായിരുന്നു; നേരിയ പരിചയം മാത്രം. എല്ലാം സശ്രദ്ധം ശ്രവിക്കുകയും സാഹിതീരംഗത്തെ മുന്‍പരിചയങ്ങള്‍ വിലയിരുത്തുകയും ചെയ്ത ആ മഹാനുഭാവന്‍ പറ്റേ ദിവസം മുതല്‍ ചന്ദ്രിക പത്രാധിപ സമിതിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ എന്നോടാവശ്യപ്പെടുകയും രണ്ടു ദിവസത്തിനകം നിയമനോത്തരവ് നല്‍കുകയും ചെയ്തു. അന്ന് ചന്ദ്രിക ചീഫ് സബ് എഡിറ്ററായ കെ.പി കുഞ്ഞിമൂസയെ ഓഫീസിലേക്ക് വിളിപ്പിച്ച് കുട്ട്യമ്മു സാഹിബ് എന്നെ പരിചയപ്പെടുത്തി. അന്ന് നാമ്പിട്ട സൗഹൃദം ചന്ദ്രികയില്‍ ചെലവഴിച്ച വര്‍ഷങ്ങളില്‍ വളരുകയും ശക്തിപ്പെടുകയും ചെയ്തു. എം.എസ്.എഫ് ഉപദേശക സമിതി ചെയര്‍മാന്‍ എന്ന നിലയിലും ബാഫഖി തങ്ങളുടെ 'മാനസപുത്രന്‍' എന്ന നിലയിലും തനിക്ക് മുസ്‌ലിം ലീഗിലുള്ള സ്ഥാനവും സ്വാധീനവും സഹപ്രവര്‍ത്തകരുടെ ഉന്നമനത്തിന് ഉപയോഗപ്പെടുത്തുന്നതില്‍ ഉദാരമതിയായിരുന്നു കുഞ്ഞിമൂസ.

ആ കാലഘട്ടത്തിലെ ചന്ദ്രിക പത്രാധിപസമിതി പ്രതിഭാധനരുടെയും യുവ രാഷ്ട്രീയ നേതാക്കളുടെയും സംഗമസ്ഥലിയായിരുന്നു. എസ്.ടി.യു സംസ്ഥാന പ്രസിഡന്റും പിന്നീട് സംസ്ഥാന പൊതു മരാമത്ത് വകുപ്പ് മന്ത്രിയുമായ പി.എം അബൂബക്കര്‍ ന്യൂസ് എഡിറ്റര്‍. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ ഉദ്യോഗസ്ഥനായ ഇ.ടി മുഹമ്മദ് ബഷീറായിരുന്നു അന്ന് എസ്.ടി.യു സംസ്ഥാന സെക്രട്ടറി. പി.എം-ഇ.ടി-കെ.പി ത്രയത്തിന്റെ സംഗമവേദിയായി പലപ്പോഴും എഡിറ്റോറിയല്‍ ഡസ്‌ക്. കുഞ്ഞിമൂസയുടെ നര്‍മഭാഷണങ്ങളും സരസമായ ഇടപെടലുകളും എഡിറ്റര്‍ വി.സി അബൂബക്കര്‍ ചെറുപുഞ്ചിരിയോടെ പ്രോത്സാഹിപ്പിക്കും. യു.എ ബീരാന്‍, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.കെ മുഹമ്മദ്, ജനറല്‍ സെക്രട്ടറി പി.കെ മുഹമ്മദ്, റഹീം മേച്ചേരി, സി.കെ താനൂര്‍, കെ.പി.സി.കെ അലി, കാനേഷ് പൂ

നൂര്, എം.ഐ തങ്ങള്‍, നവാസ് പൂനൂര്‍, മുഹമ്മദ് കോയ നടക്കാവ്, പി.എ മുഹമ്മദ് കോയ, എം.എം കുഞ്ഞിബാവ, അബ്ദുല്ല നന്മണ്ട, ടി.സി മുഹമ്മദ്, അബു സാഹിബ് മനോരമ, മുഹമ്മദ്, മൂസക്കോയ പാലാട്ട്, എന്‍. മമ്മുട്ടി, ആറ്റക്കോയ പള്ളിക്കണ്ടി, ഒ. ഉസ്മാന്‍, പി.സി ലത്വീഫ്, കുഞ്ഞമ്മദ് വാണിമേല്‍, എം. ആലിക്കുഞ്ഞി, ഉമര്‍ പാികശാല തുടങ്ങി വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച പ്രതിഭാധനരുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായി ജീവിച്ച ചന്ദ്രികയിലെ ഏഴു വര്‍ഷം മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്. ശൈഖ് മുഹമ്മദ് കാരകുന്ന് അന്ന് ഫറോക്ക് റൗദത്തുല്‍ ഉലൂമില്‍ പഠിക്കുകയാണ്. അന്ന് സ്ഥിരം ജിന്നാ കേപ്പ് ധരിക്കുമായിരുന്ന ശൈഖിന്റെ മുഖം മുന്നിലുണ്ട്. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ സ്ഥിരമായി എഴുതിക്കൊണ്ടിരുന്ന ശൈഖിന്റെ സായാഹ്നങ്ങളിലെ വരവ്, ലേഖനവും കൈയിലേന്തി കുഞ്ഞിമൂസയെയും റഹീം മേച്ചേരിയെയും എന്നെയും തേടിയായിരിക്കും. അന്ന് ശൈഖ് പരിഭാഷപ്പെടുത്തിയ അബ്ദുല്‍ ഖാദിര്‍ ഔദയുടെ ഗ്രന്ഥം-അല്‍ ഇസ്‌ലാമു ബൈന ജഹ്‌ലി അബ്‌നാഇഹി വ അജ്‌സി ഉലമാഇഹി- ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച സന്ദര്‍ഭത്തില്‍ 'മതം ദുര്‍ബല ഹസ്തങ്ങളില്‍' എന്ന് ഞാന്‍ നിര്‍ദേശിച്ച തലക്കെട്ടിന് അംഗീകാരം നല്‍കി ശൈഖിനെ അറിയിച്ചത് കുഞ്ഞിമൂസയാണ്. കുഞ്ഞിമൂസയും ഞാനും പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരവധി വേദികളില്‍ സംബന്ധിച്ചത് ഒന്നിച്ചായിരുന്നു. കുഞ്ഞിമൂസയുടെ സ്‌കൂട്ടറില്‍ ഞങ്ങള്‍ പോവാത്ത ഇടങ്ങളില്ല. തലശ്ശേരി പുന്നോല്‍ സ്വദേശിയായ കുഞ്ഞിമൂസ വാരാന്ത്യ ഒഴിവുകളില്‍ ചിലപ്പോള്‍ നാട്ടിലേക്കുള്ള യാത്ര സ്‌കൂട്ടറിലാവും. ഒരു ദിവസം ഞാന്‍ കുഞ്ഞിമൂസയുടെ പ്രത്യേക ക്ഷണമനുസരിച്ച് സ്‌കൂട്ടറിനു പിറകില്‍ കയറി. കൊയിലാണ്ടി എത്തിയതേയുള്ളൂ. എതിരെ കാറില്‍ വരികയായിരുന്ന ബാഫഖി തങ്ങള്‍ ഇത്രയും ദൂരം സ്‌കൂട്ടറില്‍ സാഹസികമായി സഞ്ചരിച്ച ഞങ്ങള്‍ ഇരുവരെയും ശകാരിക്കുകയും ശാസിക്കുകയും ചെയ്തത് ഓര്‍ക്കുന്നു. ഇരുവരെയും തലശ്ശേരിയില്‍ കൊണ്ടുവിടാന്‍ കാര്‍ ഡ്രൈവര്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് ആ സ്‌നേഹശാസന അവസാനിച്ചത്.

ശാന്തപുരത്തു പഠിച്ച് പാസ്സായ, ജമാഅത്ത് പ്രവര്‍ത്തകനായി അറിയപ്പെടുന്ന, ജമാഅത്ത് വേദികളില്‍ പ്രസംഗകനായി പ്രത്യക്ഷപ്പെടുന്ന, കെ.എന്‍.എം ജനറല്‍ സെക്രട്ടറി എ.കെ അബ്ദുല്ലത്വീഫ് മൗലവി ഖുത്വ്ബ നിര്‍വഹിക്കുന്ന പട്ടാളപ്പള്ളിയില്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ ഖുത്വ്ബ നിര്‍വഹിക്കുന്ന ഈ ലേഖകനെ എന്തൊരു സ്‌നേഹവും ആദരവും നല്‍കിയാണ് ചന്ദ്രിക സ്ഥാപനം ഏറ്റെടുത്ത് സ്വീകരിച്ചതെന്ന് നന്ദിപൂര്‍വം ഓര്‍ക്കുന്നു. വിദേശ പര്യടനത്തിനിടയില്‍ താന്‍ എഴുതിയയക്കുന്ന യാത്രാ വിവരണങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള പൂര്‍ണാധികാരവും സ്വാതന്ത്ര്യവും നല്‍കി സി.എച്ച് മുഹമ്മദ് കോയ സാഹിബ് എനിക്ക് എഴുത്തയച്ചിരുന്നതും ഓര്‍ക്കുകയാണ്. കെ.പി കുഞ്ഞിമൂസ രാഷ്ട്രീയമായ ഭിന്നാഭിപ്രായത്തെ തുടര്‍ന്ന് ലീഗ് ടൈംസ് പത്രത്തിലേക്ക് മാറിയപ്പോള്‍ വാരാന്തപ്പതിപ്പിന്റെ എഡിറ്റര്‍ ഇന്‍ചാര്‍ജായി ഞാന്‍ ചുമതലയേല്‍പിക്കപ്പെട്ടു. ആഴ്ചപ്പതിപ്പിലെ ജോലിക്കു പുറമെ ലീഡര്‍ റൈറ്ററുടെ അഭാവത്തില്‍ മുഖപ്രസംഗം എഴുതാനുള്ള ചുമതലയും ഏല്‍പിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍, പ്രശ്‌നങ്ങളില്‍ ലീഗിന്റെ നിലപാട് എനിക്ക് വിശദീകരിച്ചുതരാറുായിരുന്നത് കുഞ്ഞിമൂസയും മാനു സാഹിബ് എന്ന് ഞങ്ങള്‍ സ്‌നേഹപൂര്‍വം വിളിച്ചുപോന്ന പി.കെ മുഹമ്മദുമാണ്. വിശേഷ സന്ദര്‍ഭങ്ങളില്‍ സി.എച്ച് മുഹമ്മദ് കോയാ സാഹിബിന് റേഡിയോ പ്രഭാഷണങ്ങള്‍ തയാറാക്കി നല്‍കേണ്ടിവന്നപ്പോഴെല്ലാം നടക്കാവിലുള്ള സി.എച്ചിന്റെ വീട്ടിലേക്കുള്ള യാത്ര കുഞ്ഞിമൂസയുടെ സ്‌കൂട്ടറിലായിരിക്കും. റമദാനിലെ അത്താഴങ്ങള്‍ മിക്ക ദിവസവും ഞങ്ങള്‍ ഒരുമിച്ച് ചെമ്പോട്ടി ബസാറിന്റെ അറ്റത്തുള്ള റഹ്മാനിയ ഹോട്ടലിലായിരുന്നു. രാത്രി ഡ്യൂട്ടി കുഞ്ഞിമൂസ ആഘോഷമാക്കി മാറ്റും.

സമുദായത്തിലെ വ്യത്യസ്ത വിഭാഗങ്ങളോടും ചിന്താധാരകളോടും സൗഹൃദപൂര്‍വമായ ആത്മബന്ധം പുലര്‍ത്തിയ മഹദ് വ്യക്തിത്വമായാണ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളെ ഞാന്‍ അനുഭവങ്ങളിലൂടെ മനസ്സിലാക്കിയിട്ടുള്ളത്. മുസ്‌ലിം ലീഗ് പ്രസിഡന്റും ചന്ദ്രിക എം.ഡിയുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി അടുത്തിടപഴകാന്‍ അവസരം കിട്ടിയപ്പോഴും ഞാന്‍ നിരീക്ഷിച്ച ഒരു സത്യം, ജമാഅത്തെ ഇസ്‌ലാമിയോട് ഉള്ളിന്റെയുള്ളില്‍ അവരെല്ലാം കരുതിവെച്ച സ്‌നേഹവായ്പും ആദരവുമാണ്. സി.എച്ച് മുഹമ്മദ് കോയ, സീതി ഹാജി, ബി.വി അബ്ദുല്ല കോയ തുടങ്ങിയ ലീഗിലെ പ്രമുഖ നേതാക്കളോട് അടുത്തിടപെട്ടപ്പോഴൊക്കെ ഇസ്‌ലാമിനെ ആദിമ വിശുദ്ധിയോടെ  കാത്തുസൂക്ഷിക്കുന്നതില്‍ ജാഗ്രത്തായ സമീപനം കൈക്കൊള്ളുന്ന സര്‍ഗാത്മക ശക്തിയായി പ്രസ്ഥാനത്തെ അവര്‍ വിലയിരുത്തുന്നതായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

അതിനിടെയാണ് ചന്ദ്രികയും പ്രബോധനവും തമ്മില്‍ പ്രമാദമായ ഒരു ആശയസമരത്തില്‍ ഏര്‍പ്പെട്ടത്. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളും നയങ്ങളും വിശദീകരിച്ച് ടി.പി കുട്ട്യമ്മു സാഹിബ് എ.എസ് എന്ന തൂലികാ നാമത്തില്‍ ചന്ദ്രികയില്‍ എഴുതിയ ലേഖനങ്ങളും ജമാഅത്തെ ഇസ്‌ലാമിയുടെ നയനിലപാടുകള്‍ വിശദീകരിച്ച് എ.ആര്‍ പ്രബോധനത്തിലൂടെ നല്‍കിയ മറുപടികളും ലക്കങ്ങള്‍ നീണ്ട അക്ഷരയുദ്ധത്തിന് വഴിവെച്ചു. ആരോഗ്യകരമായ സംവാദത്തിന്റെ നല്ല കാലമായിരുന്നു അത്. കുട്ട്യമ്മു സാഹിബിന്റെ ലേഖനങ്ങള്‍ എഡിറ്റ് ചെയ്തത് കുഞ്ഞിമൂസയാണ്. റഹീം മേച്ചേരിയുടെ സഹായത്തോടെ ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും കുഞ്ഞിമൂസ നടത്തി. 'ഇസ്‌ലാം ആന്റ് മോഡേണ്‍ ഏജ്' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചേകനൂര്‍ മൗലവി കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്തിയ സമ്മേളനത്തില്‍ ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബ് നടത്തിയ പ്രഭാഷണം കാറിലിരുന്ന് ശ്രവിച്ച അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍, പിറ്റേന്ന് ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബിനെ പ്രശംസിച്ചതും പ്രസംഗത്തിന്റെ ഓഡിയോ കാസറ്റിനായി എന്നെ പ്രബോധനത്തിലേക്ക് അയച്ചതുമെല്ലാം ശാന്തപുരം കോളേജ് സ്മരണികയില്‍ വിശദമായി എഴുതിയതിനാല്‍ ആവര്‍ത്തിക്കുന്നില്ല. കെ.സി അബ്ദുല്ല മൗലവിക്ക് സി.എച്ച് മുഹമ്മദ് കോയയുടെ ഹൃദയത്തില്‍ ഉണ്ടായിരുന്ന സ്ഥാനവും പ്രസ്തുത ലേഖനത്തില്‍ അനുസ്മരിച്ചിട്ടുണ്ട്. ചന്ദ്രികയുടെ പരസ്യം പ്രബോധനത്തിലും പ്രബോധനത്തിന്റെ പരസ്യം ചന്ദ്രികയിലും സൗജന്യമായി പ്രസിദ്ധീകരിക്കുന്ന അവസ്ഥയോളം ബന്ധങ്ങള്‍ വളര്‍ന്നു. 1977-ല്‍ അടിയന്തരാവസ്ഥ അവസാനിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധം നീങ്ങിയതിനെത്തുടര്‍ന്ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബിന് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ അമീറിന്റെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്താനുള്ള നിയോഗം എനിക്കായിരുന്നു. പിറ്റേന്നിറങ്ങിയ ചന്ദ്രിക വന്‍ പ്രാധാന്യത്തോടെയാണ് ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മുസ്‌ലിം ലീഗും ജമാഅത്തും തമ്മില്‍ നിലനിന്ന ഊഷ്മള ബന്ധം വിളിച്ചോതിയ റിപ്പോര്‍ട്ടിലെ ഒരു വാചകം ഏറെ ശ്രദ്ധിക്കപ്പെട്ടു; 'അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബിന്റെ ഇംഗ്ലീഷ് പ്രസംഗം ചന്ദ്രിക സഹപത്രാധിപര്‍ പി.കെ ജമാല്‍ പരിഭാഷപ്പെടുത്തി'.

സമുദായത്തിലെ അവാന്തര വിഭാഗങ്ങള്‍ തമ്മില്‍ നിലനിന്ന ഊഷ്മള ബന്ധത്തിന്റെ സുവര്‍ണ സ്മരണകള്‍ അയവിറക്കുമ്പോള്‍  ആ കാലഘട്ടത്തില്‍ സംഘടനകളുടെ നേതൃരംഗത്തുണ്ടായിരുന്ന മഹദ് വ്യക്തിത്വങ്ങളെ പ്രാര്‍ഥനാപൂര്‍വം ഓര്‍ക്കാതെ വയ്യ. വലിയ മനുഷ്യരായിരുന്നു അവരെല്ലാം.

പ്രബോധനത്തിന്റെ സ്ഥിരം വായനക്കാരനായിരുന്നു കുഞ്ഞിമൂസ. ചന്ദ്രികയില്‍ ജോലി ചെയ്ത ഏഴു വര്‍ഷവും മുടങ്ങാതെ ഞാനാണ് അദ്ദേഹത്തിന് പ്രബോധനം നല്‍കിയിരുന്നത്. വായിച്ചുകഴിഞ്ഞാല്‍ പിന്നെ അത് ഡസ്‌കില്‍ പൊതു വായനക്കിടും. പ്രബോധനത്തില്‍ ലേഖനം പ്രസിദ്ധീകരിക്കുന്നത് വ്യക്തിക്കുള്ള അംഗീകാരമാണെന്ന് റഹീം മേച്ചേരി പലവുരു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സി.എച്ചിനും റഫറന്‍സിന് പലപ്പോഴും പ്രബോധനത്തിന്റെ പഴയ ലക്കങ്ങള്‍ വേണമായിരുന്നു. സി.എച്ചിന്റെ മിഡില്‍ പീസ് പംക്തിയായ 'കേട്ടില്ലയോ കിഞ്ചന വര്‍ത്തമാന'ത്തില്‍ പ്രബോധനം ലേഖനങ്ങളിലെ ഉദ്ധരണികള്‍ കടന്നുവന്നത് എന്റെ എഡിറ്റിംഗ് ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു. ഇ.ടി മുഹമ്മദ് ബഷീറിനും പ്രബോധനം ആധാരം.

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടിയുടെ പിതാവ് വി.സി അഹ്മദ് കുട്ടി മയ്യഴി എന്ന പേരില്‍ ആഴ്ചപ്പതിപ്പില്‍ പലപ്പോഴും എഴുതുമായിരുന്നു. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം കോഴിക്കോട്ട് വ്യാപാരം നടത്തുന്ന നാളുകളില്‍ ചന്ദ്രികയില്‍ വരും, കുട്ട്യമ്മു സാഹിബുമായി ദീര്‍ഘനേരം സംസാരിച്ചിരിക്കും. പിന്നെ കുഞ്ഞിമൂസയെ തേടി വന്നാല്‍ കഥ പറയേണ്ട. ഇരുവരും ഓര്‍ക്കാത്ത വ്യക്തികളില്ല, പറയാത്ത കഥകളില്ല. സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുമായുള്ള ചങ്ങാത്തം കുഞ്ഞിമൂസയിലെ പ്രതിഭക്ക് നിറച്ചാര്‍ത്ത് നല്‍കി. മതരംഗങ്ങളിലെ വ്യക്തിത്വങ്ങളുമായുള്ള ഇടപഴകല്‍ ചിന്താധാരകളെ ആഴത്തില്‍ അറിയാന്‍ സഹായിച്ചു. 'സമസ്ത'യുടെ മുഖപത്രമായ 'സുന്നീ ടൈംസ്' ദീര്‍ഘകാലം എഡിറ്റ് ചെയ്തത് കുഞ്ഞിമൂസയാണ്.

മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും തമ്മില്‍ നിലനിന്ന ഊഷ്മള ബന്ധമറിയാന്‍ പുതുതലമുറയെ ഈ ഓര്‍മകള്‍ സഹായിക്കും. സമുദായത്തില്‍ ധാരാളം കുഞ്ഞിമൂസമാര്‍ ഉണ്ടാകണം, അവര്‍ക്ക് വളരാന്‍ പാകത്തില്‍ മണ്ണിന് പശിമയും വേണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (22-26)
എ.വൈ.ആര്‍

ഹദീസ്‌

റമദാന്‍ വ്രതത്തിന്റെ വിശുദ്ധി
സുബൈര്‍ കുന്ദമംഗലം