പിറചന്ദ്രനെ തേടി
മംലൂക് കാലഘട്ടത്തില്‍1 ജീവിച്ചിരുന്ന എന്റെ വല്യുപ്പമാരിലൊരാള്‍ ഒരുമാതിരി സാഹിത്യവാസനയുള്ള ആളായിരുന്നു; എഴുത്ത് തൊഴിലായി സ്വീകരിച്ച ഒരാള്‍. അദ്ദേഹം തന്റെ ജീവിതചിന്തകള്‍ കടലാസില്‍ പകര്‍ത്താറുണ്ടായിരുന്നു; പഴയ മഖാമാത്ത്2 ശൈലിയില്‍. ഈ വല്യുപ്പ ചിതറിയ ചില കടലാസുകള്‍ വിട്ടേച്ചുകൊണ്ടാണ് ജീവിതത്തോട് വിടവാങ്ങിയത്. അക്കൂട്ടത്തില്‍ പഴകി മഞ്ഞച്ച കുറച്ചു കടലാസുകളുണ്ടായിരുന്നു. അക്കാലത്തെ റമദാന്‍ മാസത്തിലെ പിറചന്ദ്രന്റെ കാഴ്ചയെക്കുറിച്ച് വിവരിക്കുന്ന കുറച്ചു താളുകള്‍.
വല്യുപ്പ പറയുകയാണ്: ''ശഅ്ബാന്‍ മാസത്തിലെ ഇരുപത്തി ഒമ്പതാം ദിവസം സമാഗതമായപ്പോള്‍ അക്കാലത്തെ ഈജിപ്തുകാര്‍ ഒന്നടങ്കം അതിശ്രേഷ്ഠ മാസമായ റമദാനെ സ്വാഗതം ചെയ്യാനായി ഒരുങ്ങിപ്പുറപ്പെട്ടു. ഈ മാസത്തില്‍ ചുരുങ്ങിയത് ചെകുത്താന്മാരൊക്കെ തടവിലാക്കപ്പെടുമല്ലോ. പിന്നെ, ഈ ചെകുത്താന്മാരുടെ പ്രേരണയാല്‍ ഭരിക്കുന്ന മമാലിക് രാജാക്കന്മാരുടെ പീഡനത്തിനും കുറവുണ്ടാകും.
അസ്വ്ര്‍ നമസ്‌കാരം നിര്‍വഹിച്ച് അല്‍പം കഴിഞ്ഞ് സായാഹ്നത്തില്‍ പതിവു പോലെ പിറചന്ദ്രനെ കാണാനുള്ള സംഘം പുറപ്പെടുകയായി. ആണും പെണ്ണും കുട്ടികളുമെല്ലാം അടങ്ങിയ വലിയൊരു ഘോഷയാത്ര. മുഖത്വം പര്‍വതത്തിലേക്കുള്ള വഴിയിലൂടെ ഈ ഘോഷയാത്രയെ നയിച്ചുകൊണ്ടുപോകുന്നത് ഒരു പടുകിഴവനാണ്. 'മുഖത്വമി'ലെ നാട്ടുമൂപ്പന്റെ പദവിയാണ് എല്ലാവരും അദ്ദേഹത്തിന് കല്‍പിച്ചു നല്‍കിയിരുന്നത്. പിറചന്ദ്രനെ കണ്ടതായി പ്രഖ്യാപിക്കാനുള്ള അധികാരകേന്ദ്രമാണദ്ദേഹം. അപ്പോള്‍ പിന്നെ അതങ്ങനെയല്ലാതെ വരുമോ? അതൊരു ബഹുമതിപ്പട്ടമാണ്, വളരെ ഉന്നതവും രസകരവുമായ ജോലി. അദ്ദേഹത്തിന്റെ കുടുംബത്തിലെ മൂപ്പന്മാര്‍ തലമുറ തലമുറയായി കൊണ്ടു നടത്തുന്ന തൊഴില്‍.
എന്നാല്‍, അതൃപ്പത്തിനതൃപ്പം എന്തെന്നല്ലേ? ഈ വയസ്സായ മൂപ്പന് കാല്‍ക്കീഴിലുള്ളതൊന്നും കാണാന്‍ പറ്റുമായിരുന്നില്ല. ദീര്‍ഘകാലം രണ്ടു കണ്ണിനെയും ബാധിച്ച ചെങ്കണ്ണ് രോഗമായിരുന്നു കാരണം. മാതാപിതാക്കളുടെ അറിവില്ലായ്മ മൂലം രോഗം ഗുരുതരമായിത്തീര്‍ന്നു. എന്നാല്‍ ഈ കുരുടൊക്കെ ഉണ്ടായിരുന്നെങ്കിലും വളരെ അകലെനിന്ന് പിറകാണാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. കൂടെയുള്ളവര്‍ക്കൊന്നും ദൃശ്യമായില്ലെങ്കിലും അദ്ദേഹം ഒറ്റക്കായിരിക്കും കാണുക. എന്നാലും അധികാരികള്‍ സ്വീകരിക്കുക അദ്ദേഹത്തിന്റെ സാക്ഷ്യമാണ്. മറ്റൊന്നും നോക്കാതെ അതോടെ അവര്‍ റമദാന്‍ മാസാരംഭം പ്രഖ്യാപിക്കും.
ഈ മൂപ്പര് എങ്ങനെയാണ് പിറ
കാണുന്നതെന്ന് അത്ഭുതപ്പെടുന്നുണ്ടാവും. അതിന്റെ പിന്നില്‍ ഒരു രഹസ്യമു്. ആ കാരണമറിഞ്ഞാല്‍ അതൃപ്പവും തീരും. അദ്ദേഹത്തിന് സഹായിയായി ഒരു ബാല്യക്കാരനുണ്ടായിരുന്നു. സദാ അയാളുടെ പിന്നാലെ അനുസരണയോടെ നടക്കുന്ന ഒരു യുവാവ്. തന്റെ ദുര്‍ബലമായ കാഴ്ചക്ക് അവനായിരുന്നു അദ്ദേഹത്തിന്റെ ബദല്‍. ഈ ബാല്യക്കാരന്‍ പിറകണ്ടാല്‍ തത്സമയം അവനില്‍നിന്ന് അദ്ദേഹം വിവരമറിയും. പിന്നെ താമസംവിനാ താന്‍ പിറ കണ്ടതായി അദ്ദേഹം അവകാശപ്പെടും. അപ്പോള്‍ എല്ലാവരും അത് അംഗീകരിക്കും.
എല്ലാം അറിയുകയും കേള്‍ക്കുകയും ചെയ്യുന്ന ദൈവം ഒരു കാര്യം തീരുമാനിച്ചു. അന്നത്തെ മഹത്തായ ആ നാളില്‍ പിറ കാണാന്‍ പോകുന്ന സംഘത്തില്‍നിന്ന് നമ്മുടെ ബാല്യക്കാരന്റെ സാന്നിധ്യം ഒഴിവാക്കുക എന്നതായിരുന്നു ദൈവത്തിന്റെ തീരുമാനം. അതിനൊരു കഥയുണ്ട്. എല്ലാ കഥയും പോലുള്ള കഥയല്ല. കഴിഞ്ഞകാലത്തൊന്നും അതുപോലൊന്നുണ്ടായിട്ടില്ല. വരും കാലത്തിനി ഉണ്ടാവുമെന്ന് തോന്നുന്നില്ല. സംഘം പുറപ്പെടുന്നതിന്റെ ഏതാനും ദിവസം മുമ്പാണ് അത് സംഭവിച്ചത്. ആ ചെറുപ്പക്കാരന്‍ ഒരു തെരുവിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോഴാണ് ഒരു നാടന്‍ പെണ്ണ് അവന്റെ കണ്ണില്‍പെട്ടത്. മേലാടയണിഞ്ഞ ഒരു തരുണീമണി. തെരുവില്‍ നിറഞ്ഞൊഴുകുന്ന അനേകം കുറുമ്പികളെപ്പോലുള്ള ഒരുത്തിയല്ല ഇവള്‍. നല്ല ശുദ്ധ വെള്ളി പോലെ വെളുവെളുത്ത ഒരുവള്‍. മഹ്‌ലബിയ3 തളികയുടെ നിറമുള്ളവള്‍. കറുത്ത മേലാടക്കുള്ളിലൂടെ അവളുടെ മുഖം അവന്‍ കണ്ടു. കൂരിരുട്ടിലെ പൂര്‍ണേന്ദുവിനെ പോലെ. നോട്ടങ്ങള്‍ കൈമാറിയതും അവനെ വിസ്മയഭരിതനാക്കി അവള്‍ തൂമന്ദഹാസം തിരികെ നല്‍കി. അപ്പോള്‍ തന്റെ ഹൃദയം കാല്‍ചുവട്ടില്‍ വീഴുന്ന പോലെ അവന് തോന്നി. മസ്തിഷ്‌കം ചിറകടിച്ചു വായുവിലേക്ക് പറന്നുയരുന്ന പ്രതീതി. എല്ലാ ഈജിപ്തുകാരെയും പോലെ തന്നെയല്ലേ അവനും. തൊലി വെളുത്ത പെണ്ണുങ്ങളെ കണ്ടാല്‍ വാ പൊളിച്ചുനില്‍ക്കുന്നവര്‍. വിജിഗീഷുകളായ പടയാളികളുടെ, വാഴുന്നവരുടെ വര്‍ണമാണ് അവരെ സംബന്ധിച്ചേടത്തോളം അത്. വെളുത്ത ഒരു പെണ്ണിനെ കിട്ടിയാല്‍ അതില്‍പരം മറ്റൊരു വിജയവുമില്ല. അതോടെ ദൈവം തമ്പുരാന്‍ എല്ലാ മുറാദും ഹാസ്വിലാക്കിത്തന്നു എന്നാണ് അവരുടെ ധാരണ.
ആ യുവാവും യുവതിയും ആദ്യം നോട്ടവും പുഞ്ചിരിയും കൈമാറി. പിന്നീടത് അഭിവാദനത്തിലേക്കും സംഭാഷണത്തിലേക്കും നീങ്ങി. ഏതാനും ദിവസങ്ങള്‍ക്കു ശേഷം വീണ്ടും കാണാമെന്ന വാഗ്ദാനത്തോടെയാണ് അവര്‍ പിരിഞ്ഞത്. രണ്ടു പേരും പ്രേമത്തില്‍ വീണു. പാതി സ്‌നേഹാനുഭൂതി, പാതി അന്ധാനുരാഗം.
എന്നാല്‍ പാവം ഈജിപ്തുകാരുടെ നിര്‍ഭാഗ്യമെന്നു പറയട്ടെ. കൂടിക്കാഴ്ച നിര്‍ണയിച്ച ദിവസം ശഅ്ബാന്‍ 29-നായിരുന്നു. അങ്ങനെ അക്കൊല്ലത്തെ പിറ കാണാനുള്ള ഘോഷയാത്രയില്‍ ആ യുവാവിന്റെ സാന്നിധ്യം ഇല്ലാതെയായി. ചന്ദ്രപിറ കാണാന്‍ കഴിയുന്നില്ലെന്ന് സമ്മതിക്കുകയില്ലാതെ വൃദ്ധന് മറ്റൊരു നിവൃത്തിയുമുണ്ടായില്ല. അതോടെ വലിയ ചര്‍ച്ചയും തര്‍ക്കവുമൊന്നുമില്ലാതെ ആ വര്‍ഷത്തെ റമദാന്‍ വ്രതം ഒരു ദിവസം വൈകി. രാജാവ് പ്രജകളോട് പറഞ്ഞു: 'നിങ്ങള്‍ക്ക് ഒരു ദിവസം കൂടി കിട്ടിയല്ലോ.' അല്ല, ഞങ്ങള്‍ ഭാഗ്യദോഷികളാണെന്നായിരുന്നു ഇതിന് പ്രജകളുടെ പ്രതികരണം. എന്നാല്‍ യുവ കാമുകനായ ആ പിരാന്തന്റെയും ആ പെണ്ണിന്റെയും കഥയോ? സംഭവിച്ചതും സംഭവിക്കാന്‍ പോകുന്നതുമൊന്നുമറിയാതെ വിവാഹ രജിസ്ട്രറിന്റെ മുന്നില്‍ ഇരിക്കുന്ന ദിനവും കാത്ത് നിഗൂഢ പ്രേമത്തില്‍ ആറാടുകയായിരുന്നു അവര്‍.''
.....
പഴകി ദ്രവിച്ച ആ താള്‍ വായിച്ചുകഴിഞ്ഞപ്പോള്‍ എന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിഞ്ഞു.
പണ്ടു പണ്ട് ഭൂതകാലത്തിന്റെ വിദൂര തീരത്ത് ചന്ദ്രപ്പിറ കാണുന്നതിനെച്ചൊല്ലി മുസ്‌ലിം നിയമജ്ഞന്മാര്‍ക്കിടയില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ നടക്കുകയുണ്ടായി. നാട്ടുമൂപ്പന്റെ നഗ്നദൃഷ്ടി കൊണ്ട് തന്നെ അത് കാണേണ്ടതുണ്ടോ? അതോ ഗോളശാസ്ത്രത്തിന്റെ കണ്ണ് കൊണ്ട് കണ്ടാല്‍ മതിയോ? ഒരു മറയുമില്ലാത്ത ഗോളശാസ്ത്രത്തിന്റെ കണ്ണാണോ പരിഗണനീയം, അതോ മറയോടുകൂടിയ മനുഷ്യന്റെ ദൃഷ്ടയോ? മനുഷ്യദൃഷ്ടിക്കുള്ള ആധികാരികത ഗോളശാസ്ത്രത്തിന്റെ ദൃഷ്ടിക്ക് കല്‍പിക്കാമോ? അല്ലെങ്കില്‍ പിന്നെന്ത്? ഈ 'പിന്നെന്ത്' എന്നത് തര്‍ക്കശാസ്ത്രവത്കരിക്കപ്പെട്ട ആയിരക്കണക്കില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിവിട്ടു, തീപ്പൊരി ചിതറുന്ന വാക്‌പോരുകള്‍. സജീവമായ ചര്‍ച്ചകള്‍, വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടലുകള്‍. ഇത് കാണുമ്പോള്‍ ഒരു ട്രാജിക്കോമഡി നാടകത്തിനകത്താണെന്ന് നിങ്ങള്‍ക്ക് തോന്നിപ്പോകും. മുസ്‌ലിംകള്‍ക്കിടയിലാണ് ഇത് നടക്കുന്നതെന്നാണ് ഏറെ പരിഹാസ്യം. അവരുടെ മതമാകട്ടെ 'വായിക്കുക' എന്ന ആഹ്വാനത്തോടെ അവതരിച്ചതുമാണ്. ശാസ്ത്രജ്ഞന്മാരുടെ ആ മഷി അന്ത്യനാളില്‍ രക്തസാക്ഷികളുടെ ചോരക്ക് തുല്യമാണെന്നാണ് അവരുടെ പ്രവാചകന്‍ വ്യക്തമാക്കിയിട്ടുള്ളത്. സ്വന്തം ശരീരത്തിലും ദിഗന്തങ്ങളിലുമുള്ള ദൈവിക ദൃഷ്ടാന്തങ്ങളിലേക്ക് കണ്ണോടിക്കുക എന്ന ആഹ്വാനത്തോടെയല്ലാതെ ഖുര്‍ആനിലെ ഒരധ്യായവും മുന്നോട്ടുപോകുന്നില്ല.
അങ്ങനെ ഒടുവിലതാ റമദാന്‍ മാസം സമാഗതമായിരിക്കുന്നു. വരിഷ്ഠമാസമേ സ്വാഗതം. നോമ്പും കാത്ത് വീട്ടിലിരിക്കുന്ന ഒരാളുടെ മനസ്സില്‍ എന്തെന്ത് ഓര്‍മകളാണ് മര്‍മരം പൊഴിക്കുന്നത്? കയ്‌റോ നഗരമൊന്നാകെ, ആയിരക്കണക്കില്‍ മിനാരങ്ങളോടെ, അലംകൃതമായ കുംഭഗോപുരങ്ങളോടെ, പുരാതനമായ തെരുവുകളോടെ ഖല്‍ബകത്തേക്ക് കടന്നുവരുന്നതു പോലെ എനിക്ക് തോന്നി. ജീവിതത്തില്‍ ആദ്യമായി ഞാന്‍ അറിഞ്ഞവളെ സ്‌നേഹിച്ച അതേ വികാരപാരവശ്യത്തോടെ ഈ മാസത്തെയും ഞാന്‍ സ്‌നേഹിക്കുന്നു. സംസാരിക്കാന്‍ ആയാസപ്പെടുമ്പോഴൊക്കെ വേപഥുകൊള്ളുന്ന മെലിഞ്ഞ് സുന്ദരിയായ ഒരു പെണ്ണ്. റമദാനില്‍ നഗരത്തിലെ വീടുകളൊക്കെ ഗംഭീരമായി അണിഞ്ഞൊരുങ്ങുന്നു. കടകളുടെ മുക്കുമൂലകള്‍ 'റമദാന്‍ പാനീസി'ന്റെ തൂവെളിച്ചത്തില്‍ കുളിച്ചുനില്‍ക്കും. തെരുവുകളില്‍ കുട്ടികള്‍ തുടികൊട്ടി ഉല്ലസിക്കുന്നു. ഞാന്‍ താമസിക്കുന്ന വലിയ തെരുവ് ആസകലം ഉണരുന്നു.
ഈ മാസത്തിന്റെ ഓരോ പുത്തനുണര്‍വിലും തുടിപ്പിലും എന്റെ ഉള്ളകത്തില്‍ എന്തോ ഉന്മിഷത്താകുന്നു. പൊരുളും യാഥാര്‍ഥ്യവും അറിയാത്ത എന്തോ ഒന്ന്... പ്രഥമാനുരാഗത്തിന്റെ അനുഭൂതി സാന്ദ്രത പോലെ എന്തോ ഒന്ന്... അല്ലെങ്കില്‍ പ്രേമം തന്നെയോ അതോ മിഥ്യാഭ്രമമോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അസ്വസ്ഥമായ ആ നാളുകളിലെ നിഗൂഢതക്ക് സമാനമായ എന്തോ ഒന്ന്...
റമദാന്റെ പ്രഥമ രാത്രിയില്‍ പ്രപഞ്ചത്തിലെ അപരാത്മാക്കള്‍ മുഴുവന്‍ എന്റെ ആത്മാവിലേക്ക് വിരുന്നു വരുന്നതായി എനിക്കനുഭവപ്പെടും. എന്റെ അകതാരില്‍ ഒരു ഗൃഹാതുരത ചുരമാന്തും. അപ്പോള്‍ ശലമോന്‍ ചക്രവര്‍ത്തി സംസാരിച്ച ഉറുമ്പിനെ കണ്ടെത്തി ചുംബിക്കാന്‍ എനിക്ക് തോന്നും, യോന പ്രവാചകനെ വിഴുങ്ങിയ തിമിംഗലത്തെ കണ്ട് അതിനെ തലോടാന്‍ തോന്നും. എസ്രായുടെ മുന്നില്‍ മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ കഴുതയെ കണ്ടെത്തി അതിനെ എന്റെ പുറത്ത് കയറ്റി വഹിക്കുന്നത് ഞാന്‍ കിനാവു കാണും. സൂര്യപൂജ നടത്തുന്ന ശേബാ രാജ്ഞിയുടെ കഥ ശലമോന്‍ ചക്രവര്‍ത്തിക്ക് പറഞ്ഞുകൊടുത്ത, ചക്രവര്‍ത്തിയുടെ സന്ദേശവുമായി രാജ്ഞിയുടെ അടുത്തേക്ക് പറന്നുപോയ മരക്കൊത്തിപ്പക്ഷിയുടെ ഖബ്‌റിനെക്കുറിച്ച് വെറുതെ ചിന്തിക്കും. ഈ മരക്കൊത്തിയുടെ ഖബ്ര്‍ ഇപ്പോള്‍ എവിടെയായിരിക്കും? സൂര്യാരാധനയെക്കുറിച്ച് അല്‍പം സംസാരിച്ചിരിക്കാന്‍ ഈ മരക്കൊത്തി ജീവന്‍ വീണ്ടെടുത്ത് വന്നിരുന്നെങ്കില്‍ എന്ത് രസമായിരിക്കും അത്!
റമദാന്റെ നാന്ദിവേളകളില്‍ ജീവജാലങ്ങളുടെ നേരെ, എല്ലാ ജീവജാലങ്ങളുടെയും നേരെ എന്റെ മനസ്സ് രാഗലോലമാകും... മനുഷ്യലോകത്തും ജന്തുലോകത്തും സസ്യലോകത്തും അചരലോകത്തുമുള്ള എല്ലാ പ്രേമകഥകളോടും എന്റെ ഹൃദയം ആര്‍ദ്രവിവശമാകും.. ചന്ദ്രന്റെ നെടുവീര്‍പ്പിനും കടലിന്റെ വേലിയേറ്റിറക്കങ്ങള്‍ക്കുമിടയിലെ ബന്ധത്തെക്കുറിച്ചുള്ള അറിവ് എന്നെ വന്നു മൂടും... സ്വന്തം അമ്മക്കഭിമുഖമായി നില്‍ക്കുന്ന, രാവ് സമാഗതമാവുമ്പോള്‍ കഴുത്ത് കുനിച്ച് ഉറങ്ങുന്ന സൂര്യകാന്തിപ്പൂവ് അമ്മയുമായി കൈമാറുന്ന സ്‌നേഹത്തിന്റെ പൊരുള്‍ എനിക്ക് അനാവൃതമാകും...
റമദാനില്‍ പ്രപഞ്ചത്തിലെ എല്ലാമെല്ലാം സ്‌നേഹത്തിലാണ് നില്‍ക്കുന്നതെന്ന് എനിക്ക് തോന്നും. ലോകത്തെ അടക്കിഭരിക്കുന്നത് ഈ സ്‌നേഹമാണ്. മനുഷ്യര്‍ വെറുപ്പ് കൊ് അതിനെ ദുഷിപ്പിച്ചിട്ടുണ്ടെങ്കിലും... ഈ സ്‌നേഹവികാരം മനസ്സില്‍ വികസിച്ചു വികസിച്ചു വരവെ സഹധര്‍മിണിയുടെ ശബ്ദം എന്നെ യാഥാര്‍ഥ്യത്തിന്റെ ലോകത്തേക്ക് തിരിച്ചുകൊണ്ടുവന്നു. അടുക്കളയില്‍ അത്താഴമൊരുക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ പോവുകയാണവള്‍.
(തുടരും)
വിവ: വി.എ കബീര്‍
കുറിപ്പുകള്‍
1. മൂന്നാം അബ്ബാസി കാലഘട്ടത്തിന്റെ (ക്രി. 1250-1517) ഒടുവില്‍ ഈജിപ്ത് ഭരിച്ച അടിമ രാജവംശം
2. ബദീഉസ്സമാന്‍ ഹമദാനി (ക്രി. 969-1007), അല്‍ ഹരീരി (ക്രി. 1054-1112) എന്നിവര്‍ ആവിഷ്‌കരിച്ച അറബി കഥാഖ്യാനരൂപം- വിവ.
3. ഒരു മധുര പലഹാരം- വിവ.
Comments