ഹൃദയരേഖകള്‍ അഗാധമാകുന്ന രാവുകള്‍ പകലുകള്‍
'സ്വയം പരിശോധിക്കാത്ത ജീവിതം ജീവിതയോഗ്യമല്ല' എന്ന് പറഞ്ഞത് സോക്രട്ടീസാണ്. അവനവനിലേക്കുള്ള യാത്രയോളം വലുതാകില്ല മറ്റൊരു യാത്രയും. വീടിനു ചൂലെന്നപോല്‍ ഹൃദയത്തിനു സ്വയാന്വേഷണം വൃത്തിയും വെടിപ്പുമേകുമെന്ന് മിര്‍ദാദിന്റെ പുസ്തകത്തില്‍ മിഖായേല്‍ നഈമയും പറഞ്ഞുതരുന്നുണ്ട്. പല കാഴ്ചകളിലേക്ക് ചിതറിയ കണ്ണിനെയും കൗതുകങ്ങളെയും പതുക്കെയൊന്ന് തിരികെവിളിച്ച്, സ്വന്തമുള്ളിലേക്ക് തിരിച്ചുവെക്കാനുള്ള ഇടവേളയെ നമുക്ക് റമദാന്‍ എന്നുവിളിക്കാം.
മനസ്സുപോലെ തിരക്കിലാണ് കാഴ്ചയും. എപ്പോഴും ഇല കൊഴിയുന്ന മരം പോലെ കാഴ്ചയും പലതിലേക്ക് പതിഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നിട്ടും സ്വന്തം പൂപ്പലുകളെ അശ്രദ്ധമായി അവഗണിക്കുകയും ചെയ്യുന്നു. വരൂ എന്ന് വിളിച്ച് റമദാന്‍ കൊണ്ടുപോകുന്നത് അവനവന്നുള്ളിലെ ആ പൂപ്പലുകളിലേക്കാണ്.
അവനവന്നുള്ളിലെ കളകളോടുള്ള പൊരുതലില്‍ വിജയികളാകുന്നവരാണ് പ്രപഞ്ചനാഥനു മുന്നിലും വിജയികളാകുന്നതെന്ന് ഖുര്‍ആന്‍. അലയടങ്ങാത്തൊരു കടലുണ്ട് ഉള്ളില്‍. കൗതുകങ്ങളുടെ കരയിലേക്ക് പിന്നെയും പിന്നെയും തിരയടിക്കുന്ന കടല്‍. ആ തിരയിലൊരു കുഞ്ഞുമത്സ്യമായി മനുഷ്യന്‍. കാമനകളുടെ മണല്‍പ്പുറത്ത് എത്ര തൊട്ടുരുമ്മിയിട്ടും മതിയാകാതെ പിന്നെയും. അപൂര്‍വം മനുഷ്യര്‍ തിളക്കുന്ന തിരകളോട് പൊരുതി ജയിക്കുന്നു. അവര്‍, ജീവിതത്തിനപ്പുറത്തെ മഹാ വന്‍കരയിലേക്ക് വിജയികളായി തിരികെത്തുഴയുന്നു. ടി.പി രാജീവന്റെ കവിത അവരെക്കുറിച്ചും പറയാം: 'മണല്‍ത്തരിയോളം പോന്നൊരു മത്സ്യം കടല്‍ത്തിരയോട് ഒറ്റക്ക് പൊരുതുന്നു.'
ശീലങ്ങളുടെ കടലില്‍, മേല്‍പരപ്പിലങ്ങനെ ഒഴുകുകയാണ് മനുഷ്യന്‍. നമ്മളോടൊപ്പം വളര്‍ന്നുവലുതായ ആ ശീലങ്ങളുടെ സ്ഫടികക്കൂട്ടില്‍നിന്ന് പുറത്തെത്താന്‍ റമദാന്‍ കൈ കാണിക്കുന്നു. ശീലങ്ങളുടെ കാല്‍ച്ചങ്ങലകളില്‍നിന്ന് മോചിതരാകാതെ ഒരാകാശത്തിലേക്കും പറക്കാനാകില്ല.
ചെയ്ത തിന്മകള്‍ ആവര്‍ത്തിക്കുന്നതിന്റെ പേരാണ് ദുശ്ശീലങ്ങള്‍. തിന്മ അറിയാതെ ചെയ്‌തേക്കാം. തിന്മയാണെന്ന് അറിഞ്ഞാല്‍ പിന്നെയത് ആവര്‍ത്തിക്കാതിരിക്കലാണ് വിവേകിയുടെ വഴി. ആവര്‍ത്തിച്ചു ചെയ്യുമ്പോള്‍ ആ തിന്മയുടെ ഗൗരവം മനസ്സില്‍ കുറഞ്ഞുവരും. അതിന്റെ പേരില്‍ കാരുണ്യവാനോടൊന്ന് മാപ്പുചോദിക്കുകപോലും ചെയ്യാത്ത വിധം അത് സാധാരണ കാര്യമായിതോന്നും. ദുശ്ശീലങ്ങളിലേക്ക് വീഴാതെ നില്‍ക്കുന്നവരെ അല്ലാഹു ഒരുപാട് സ്‌നേഹിക്കുന്നു. സ്വര്‍ഗം ആരെയാണ് കാത്തിരിക്കുന്നത് എന്നു പറയുന്നിടത്താണ്, 'അവരൊരിക്കലും തങ്ങള്‍ ചെയ്തുപോയ തെറ്റുകളില്‍ ബോധപൂര്‍വം ഉറച്ചുനില്‍ക്കുകയില്ല' എന്നുകൂടി പറഞ്ഞത്.
ദുശ്ശീലങ്ങളെ കുറിച്ചൊരു കഥയുണ്ട്.
അമ്മ മകനെയും കൊണ്ട് ഗുരുവിന്റെ അടുത്തെത്തി. ചീത്ത കൂട്ടുകാരുടെ കൂടെക്കൂടി അവന്‍ പുകവലി ശീലിച്ചിരിക്കുന്നു. അമ്മ എത്ര പറഞ്ഞിട്ടും അവന്‍ ആ ദുശ്ശീലം ഉപേക്ഷിക്കുന്നില്ല. 'ഗുരോ, ഈ ദുശ്ശീലമൊന്ന് മാറ്റാന്‍ അവനോട് പറയണം. പറഞ്ഞു പറഞ്ഞ് ഞാന്‍ മടുത്തു.'
ഗുരു അവന്റെ തോളില്‍പിടിച്ച് കുറച്ചുദൂരം നടന്നു. അവിടെയൊരു ഉദ്യാനമുണ്ട്. ധാരാളം ചെടികളും. ഒരു ചെടിയെ ചൂണ്ടി ഗുരു അവനോട് പറഞ്ഞു: 'മോനേ, ആ ചെടിയൊന്ന് പിഴുതെറിയൂ.'
അവന്‍ ചെടി പിഴുതെറിഞ്ഞു. ചെറിയ ചെടിയായതുകൊണ്ട് അവനത് നിഷ്പ്രയാസം ചെയ്യാന്‍ പറ്റി. കുറച്ചുകൂടി വലിയൊരു ചെടിയെച്ചൂണ്ടി വീണ്ടും ഗുരു പറഞ്ഞു: 'അതുകൂടി പിഴുതെറിയൂ.'
കുറച്ച് പ്രയാസപ്പെട്ടാണെങ്കിലും അവനതും ചെയ്തു. 'ഇനിയാ നില്‍ക്കുന്ന മരം പിഴുതെറിയൂ.' ഗുരുവിന്റെ അടുത്ത കല്‍പ്പന. അവനെത്ര ശ്രമിച്ചിട്ടും മരമൊന്ന് ഇളക്കാന്‍ പോലും കഴിഞ്ഞില്ല. ഗുരു പറഞ്ഞുകൊടുത്തു: 'ഇതുപോലെയാണ് ദുശ്ശീലങ്ങള്‍. ചെറിയ പ്രായത്തിലാണെങ്കില്‍ പിഴുതെറിയാന്‍ എളുപ്പമാണ്. പ്രായമേറും തോറും അവ ജീവിതത്തില്‍ ഉറയ്ക്കും. പിന്നെ എടുത്തൊഴിവാക്കാന്‍ കഴിഞ്ഞെന്നുവരില്ല.' നമുക്കൊപ്പം അവയും വളര്‍ന്നുവലുതാകുന്നത് അങ്ങനെയാണ്.
ശീലങ്ങളില്‍നിന്നുള്ള മോചനമാണ് ശരിയായ പശ്ചാത്താപം. ഓരോ ഇടര്‍ച്ചകൊണ്ടും പരമകാരുണികനില്‍നിന്ന് ഒരുപാട് അകലേക്കാണ് മനുഷ്യന്‍ വീണുപോയത്. എന്നാലും എത്ര ആഴത്തില്‍നിന്നും ആ മഹാകാരുണ്യം നമ്മെ കരയിലേക്കുയര്‍ത്തും. ഇടര്‍ച്ചയെക്കുറിച്ചൊരു സങ്കടം മാത്രം മതി. ഉള്ളുനൊന്തൊരു പ്രാര്‍ഥന മതി. ആത്മകഥയിലെ എല്ലാ അക്ഷരത്തെറ്റും അവന്‍ മായ്ച്ചുതരും.
ഒരു പെണ്‍കുട്ടി. അവള്‍ ധാരാളം തെറ്റുകള്‍ ചെയ്തിട്ടുണ്ട്. പൊറുക്കപ്പെടാത്ത പാപങ്ങള്‍ മനുഷ്യരോടും ദൈവത്തോടും ചെയ്തു. അവളുടെ മനസ്സ് വിതുമ്പി. കുറ്റബോധം കൊണ്ട് മനസ്സ് നീറി. ജീവിതം മടുത്തു. ഒരടി മുന്നോട്ടുപോകാന്‍ വയ്യാത്ത പോലെ. ആത്മഹത്യയെക്കുറിച്ച് മാത്രമേ മനസ്സ് ചിന്തിക്കുന്നുള്ളൂ. അവള്‍ ആ തീരുമാനത്തിലെത്തി. ജീവിതം മതി, സ്വയമങ്ങ് തീര്‍ത്തുകളയാം.
കടലില്‍ ചാടി ആത്മഹത്യ ചെയ്യാനാണ് ഒരുങ്ങിയത്. ഭൂമിയോടും ഇവിടത്തെ ചരാചരങ്ങളോടും ഉള്ളുകൊണ്ടൊരു യാത്ര ചോദിച്ച് അവള്‍ ആര്‍ത്തിരമ്പുന്ന കടലിന്റെ നേരെ നടന്നു. ജീവന്റെ അവസാന നിമിഷങ്ങളിലേക്ക് ചുവടുവെച്ചു. കടലിന്റെ നനവില്‍ കാല്‍തൊട്ടു. അപ്പോഴാണ് ഉള്ളിലൊരു ചിന്തയാല്‍ വെറുതെ പിറകിലോട്ട് നോക്കിയത്. അവള്‍ നടന്നുവന്ന കാല്‍പ്പാദങ്ങള്‍ മണലില്‍ താഴ്ന്നുകിടക്കുന്നു. അതോരോന്നും അവള്‍ ചെയ്ത തിന്മകളുടെ കാലടികളായി അവള്‍ക്ക് തോന്നി. കുറ്റബോധം വര്‍ധിച്ചു. അപ്പോഴതാ വേഗത്തില്‍ പാഞ്ഞുവന്നൊരു തിരമാല ആ കാല്‍പ്പാടുകളെ മുഴുവന്‍ ഒറ്റനിമിഷം കൊണ്ട് മായ്ച്ചുകളഞ്ഞു. അവളുടെയുള്ളില്‍ പുതിയൊരു ചിന്ത പിടഞ്ഞു. തിരികെ നടന്നു. മണലില്‍ തലകുനിച്ചിരുന്നു പ്രാര്‍ഥിച്ചു: 'എന്റെ നാഥാ, വെറുമൊരു തിരമാല കൊണ്ട് മണലില്‍ ചെയ്തത് നിന്റെ കാരുണ്യത്താല്‍ എന്റെ ജീവിതത്തിലും ചെയ്യേണമേ.' മഹാകാരുണ്യത്തിലുള്ള പ്രത്യാശയാല്‍ അവള്‍ ആശ്വാസത്തിന്റെ ഇലപ്പച്ച കണ്ടെത്തി.
ഉടഞ്ഞുപോകുന്നതിനെയെല്ലാം ഉപേക്ഷിക്കാറുള്ളത് നമ്മളാണ്. പടച്ചവന്‍ അങ്ങനെയല്ല. എത്രയുടഞ്ഞാലും അവന്‍ ചേര്‍ത്തുവെക്കും. ബ്രോക്കന്‍ പീസിനെ മാസ്റ്റര്‍ പീസാക്കാന്‍ അവന്റെ കൈയില്‍ ഉപായങ്ങളുണ്ട്. ഏതെല്ലാം കല്ലില്‍തട്ടി എത്രവട്ടം ഇടറിപ്പോയവരാണു നാം. എന്നിട്ടും ആ വലിയ കലാകാരന്‍ അതിസുന്ദരമായി ചേര്‍ത്തുവെച്ചു. പശ്ചാത്തപിക്കുന്നവരെ അവനിഷ്ടമാണെന്ന് പിന്നെയും പിന്നെയും നമ്മെ സന്തോഷിപ്പിച്ചു.
ഖുര്‍ആന്‍ അഞ്ചാം അധ്യായം എഴുപത്തിനാലാം വാക്യം അങ്ങനെയൊരു ആനന്ദം പകരുന്നു: ''ഇനിയും അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും അവനോട് മാപ്പിനായി യാചിക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ.''
ഭൂമിയിലേക്കു വന്ന വിശുദ്ധിയില്‍ ഇവിടന്ന് പോകാനുള്ള ഒരേയൊരു നടപ്പാതയാണ് പശ്ചാത്താപം. നടക്കാന്‍ തുടങ്ങിയതു മുതല്‍ വീഴാനും തുടങ്ങിയിട്ടുണ്ട്. ശരിതെറ്റുകളെ അറിയാന്‍ തുടങ്ങിയ നാള്‍തൊട്ട് അതെല്ലാം ചെയ്തുപോകുന്നുമുണ്ട്. ശരിയേക്കാള്‍ കൊതിപ്പിച്ചത് തെറ്റുകളായിരുന്നു. ആ വശീകരണത്തിനുമുന്നില്‍ അനേകനേരം തോറ്റുനിന്നു. പിന്നെയും ശരിയിലേക്ക് ജയിക്കാനൊരുങ്ങി. അതിന്റെയൊക്കെ പേരായിരുന്നു ജീവിതം. ഇടര്‍ച്ചകള്‍ നമ്മെ പലതും പഠിപ്പിച്ചിട്ടുണ്ട്. കാരുണ്യവാന്റെ പ്രിയപ്പെട്ടവനും പ്രിയപ്പെട്ടവളുമാകാനുള്ള യാത്രയില്‍ ഹൃദയമറിഞ്ഞ പ്രാര്‍ഥനയും പശ്ചാത്താപവുമാണ് പൊതിച്ചോറ്. ഇന്നലെയുള്ള ഇടര്‍ച്ചയില്‍നിന്നാണ് ഇന്നുള്ള ഞാനും നിങ്ങളും രൂപപ്പെട്ടത്. അബദ്ധങ്ങളും പിഴവുകളും കൂടുതല്‍ സൂക്ഷ്മമായൊരു ജീവിതത്തിന്റെ വിത്തുകളായിത്തീരുകയായിരുന്നു. തിന്മകള്‍ എത്ര വലിയ തീയാണെന്ന് അനുഭവിച്ചവര്‍ പിന്നെയാ വഴി പോകില്ലല്ലോ.
ലോകപ്രസിദ്ധ ചിത്രകാരന്‍ പിക്കാസോ ചിത്രരചനയില്‍ മുഴുകിയിരിക്കെ, അദ്ദേഹത്തിന്റെ ആത്മസുഹൃത്തുക്കളിലൊരാള്‍ വന്നു. പിക്കാസോയുടെ വിമര്‍ശകന്‍ കൂടിയായ അയാള്‍ ചോദിച്ചു: 'എന്റെ മനസ്സിനെ കുറേ നാളായി അലട്ടുന്ന ഒരു ചോദ്യമുണ്ട്. ഞാന്‍ ചോദിക്കട്ടെ?'
പിക്കാസോ സമ്മതം മൂളി.
'നൂറുകണക്കിന് ചിത്രങ്ങള്‍ വരച്ചില്ലേ. താങ്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താങ്കളുടെ ചിത്രമേതാണ്?'
പിക്കാസോ ഉടന്‍ മറുപടി കൊടുത്തു: 'ഇപ്പോളീ വരച്ചുകൊണ്ടിരിക്കുന്ന ചിത്രം തന്നെ.'
'ഇതോ! ഇതിലേറെ പ്രസിദ്ധമായ ചിത്രങ്ങള്‍ മുമ്പ് വരച്ചിട്ടുണ്ടല്ലോ.'
'ശരിയാണ്. ആ ചിത്രങ്ങളെല്ലാം ഈ ചിത്രത്തിലുണ്ട് എന്നതാണ് കാര്യം. ഇനി ഞാന്‍ ചെയ്യുന്നത് ഇതിലേറെ പൂര്‍ണതയുള്ള മറ്റൊരു ചിത്രമായിരിക്കും. എത്ര കൂടുതലായി ചെയ്യുന്നുവോ അത്രയും പൂര്‍ണത കൈവരും നമ്മുടെ പ്രവൃത്തികള്‍ക്ക് എന്നതാണ് എന്റെ അനുഭവം. തെറ്റില്‍നിന്നാണ് ഞാന്‍ ശരിയിലേക്കെത്തുന്നത്. അബദ്ധങ്ങളില്‍നിന്നാണ് ഞാന്‍ കൂടുതല്‍ പാഠങ്ങള്‍ പഠിച്ചത്. വേദനകളില്‍നിന്നാണ് ഞാന്‍ കരുത്തുനേടിയത്.'
കരുണ്യവാരിധി ഒരുക്കിയതായിരുന്നു എല്ലാം. ഒരായുസ്സ് തന്ന് അവന്‍ നമ്മെ നിരീക്ഷിക്കുകയായിരുന്നു. നമ്മള്‍ ഒറ്റക്കിരുന്ന നിമിഷങ്ങള്‍ യഥാര്‍ഥത്തില്‍ മറ്റുള്ളവരെയെല്ലാം പറഞ്ഞുവിട്ട് അവന്‍ നമ്മെ തനിച്ചിരുത്തിയ നിമിഷങ്ങളായിരുന്നു. സന്തോഷങ്ങളും സങ്കടങ്ങളും തന്നു. അവസരങ്ങളനേകം തന്നു. എങ്ങനെ സഹവസിക്കുമെന്നറിയാന്‍ ചുറ്റും കുറേ മനുഷ്യരെയും ജീവകണങ്ങളെയുമൊരുക്കി. ആ നോട്ടത്തില്‍നിന്നൊരു കുഞ്ഞുനിമിഷം പോലും അകലാനാകാത്ത വിധമാണ് ഈ ആയുസ്സ്. ആകെ പൊതിഞ്ഞുനില്‍ക്കുന്ന ഗാഢമായ സ്‌നേഹത്താല്‍ അവന്‍ നിമിഷാനിമിഷങ്ങളില്‍ ഇളം കുഞ്ഞിനെയെന്നപോല്‍ കാത്തുരക്ഷിച്ചു. ആ സ്‌നേഹാകാശത്തെ അറിഞ്ഞു തുടങ്ങുമ്പോള്‍ ഹൃദയരേഖകള്‍ അഗാധമാകുന്നു.
പരംപൊരുളായൊരു സ്‌നേഹത്തെ തിരിച്ചറിയാനും കുറച്ചുകൂടെ ആ തണുപ്പിലേക്ക് തൊട്ടിരിക്കാനും റമദാന്‍ കൈപിടിക്കും. പലതിലേക്കും പലരിലേക്കും ചിതറിയ സ്‌നേഹനിമിഷങ്ങളെ അവനിലേക്കൊന്ന് കേന്ദ്രീകരിക്കാനുള്ള സമയമാണ്. മനുഷ്യര്‍ കണ്ടുപിടിച്ച ഏതു ലഹരിയേക്കാളും വലിയ ലഹരി എന്റെ നാഥനുണ്ടെന്ന് ഓരോ ആള്‍ക്കും അറിഞ്ഞനുഭവിക്കാനുള്ള നേരങ്ങളാണ്. അവനോടുള്ള ഇടമുറിയാത്ത ബാന്ധവമാണ് നമുക്ക് വേര്. വെള്ളമൊഴിക്കേണ്ടത് മുഴുവന്‍ ആ വേരിലാണ്. അതില്‍നിന്നാണ് എല്ലാം തളിര്‍ക്കുന്നത്. സ്‌നേഹനാഥനെ അനുഭവിച്ചു തുടങ്ങുമ്പോള്‍ നമ്മുടെ ജീവിതവും സ്‌നേഹനിര്‍ഭരമാകുന്നു. പത്തായത്തില്‍ സുരക്ഷിതമായുറങ്ങുന്ന അരിമണിയല്ല, വയലിലാകെ പൊരുതിത്തളിര്‍ക്കുന്ന നെല്‍ക്കതിരായി ആ നിമിഷം മുതല്‍ ജീവിതം മറ്റൊന്നാകും.
Comments