Prabodhanm Weekly

Pages

Search

2019 മെയ് 03

3100

1440 ശഅ്ബാന്‍ 27

ഇസ്‌ലാമില്‍ വിശ്വാസമാണ് അവകാശങ്ങള്‍ നിര്‍ണയിക്കുക

റാശിദ് ഗന്നൂശി

ജനാധിപത്യമാണെങ്കിലും മനുഷ്യാവകാശമാണെങ്കിലും പാശ്ചാത്യലോകത്ത് (പ്രത്യക്ഷത്തിലെങ്കിലും) അവ ചേര്‍ന്നുനില്‍ക്കുന്നത് ഓരോ വ്യക്തിയോടുമാണ്. ചര്‍ച്ചിനും രാജാക്കന്മാരുടെ സര്‍വാധിപത്യത്തിനുമെതിരെ അവ രണ്ടിന്റെയും അധികാരങ്ങള്‍ വെട്ടിച്ചുരുക്കാനും അധികാരങ്ങള്‍ മുഴുവനായി ജനങ്ങള്‍ക്ക് തിരിച്ചുനല്‍കാനും വേണ്ടി നടന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണല്ലോ ഇന്ന് നാം കാണുന്ന ജനാധിപത്യ രീതികളും മനുഷ്യാവകാശ രൂപങ്ങളുമൊക്കെ ജന്മം കൊള്ളുന്നത്. അതിനാല്‍ ആ ആശയങ്ങള്‍ വ്യക്തികേന്ദ്രീകൃതവും ദേശീയ വികാരം സ്ഫുരിപ്പിക്കുന്നതും മതമുക്തവുമാണ്. മുസ്‌ലിംനാടുകളുടെ സ്ഥിതിയാവട്ടെ തീര്‍ത്തും വ്യത്യസ്തമാണ്. ഭരണം ഒരു ഭാഗത്തും ജനങ്ങള്‍ മറുഭാഗത്തെന്നുമുള്ള ഈ വിഭജനം അധര്‍മങ്ങള്‍ വ്യാപിച്ച ഘട്ടത്തില്‍ പോലും മുസ്‌ലിം ലോകത്ത് ഉണ്ടായിട്ടില്ല. സുല്‍ത്താന്റെ അധികാരങ്ങളെ രണ്ടു സുപ്രധാന വിഷയങ്ങളില്‍ ശരീഅത്ത് നിയന്ത്രിച്ചുപോന്നിരുന്നു എന്നതാണതിനു കാരണം. നിയമനിര്‍മാണവും നികുതികള്‍ ചുമത്തലുമായിരുന്നു നിയന്ത്രിക്കപ്പെട്ടിരുന്ന ആ രണ്ട് അധികാരങ്ങള്‍. ഇസ്‌ലാമിന് വിരുദ്ധമാകുന്ന ഒരു നിയമനിര്‍മാണം നടത്താന്‍ ഭരണാധികാരിക്ക് കഴിയുമായിരുന്നില്ല. സകാത്ത് വ്യവസ്ഥ നിര്‍ണയിച്ച പരിധിക്കപ്പുറം പോകാന്‍ ഭരണാധികാരി അശക്തനായിരുന്നു.1 അതിനാല്‍ ഭരണവും ജനങ്ങളും പരസ്പരം പൂര്‍ണമായി വേര്‍പ്പെട്ട ഒരവസ്ഥ യൂറോപ്പിലേതു പോലെ മുസ്‌ലിം ലോകത്ത് ഉണ്ടായിരുന്നില്ല. വ്യക്തിയുടെയോ സമൂഹത്തിന്റെയോ പരിഷ്‌കരണ യത്‌നങ്ങളോ, ഇനിയൊരു വിപ്ലവം തന്നെയോ ആണെങ്കില്‍ പോലും അതൊന്നും ശരീഅത്തിന്റെ പരിധികള്‍ ലംഘിച്ചുപോകുന്നവയായിരുന്നില്ല. അതിന്റെ മികച്ച മാതൃക പ്രവാചകന്റെ ജീവിതകാലത്തുനിന്ന് ലഭിക്കും. ആ മാതൃകയുടെ മികച്ച പ്രയോഗവത്കരണം ആദ്യത്തെ നാലു ഖലീഫമാരുടെ ഭരണകാലത്ത് നാം കാണുകയും ചെയ്യുന്നു. അപ്പോള്‍ വിപ്ലവമാകട്ടെ, പരിഷ്‌കരണമാവട്ടെ അവയുടെയൊക്കെ മൂല്യങ്ങളും മാതൃകകളും ഇസ്‌ലാമില്‍നിന്നു തന്നെയാണ് വിപ്ലവകാരികളും പരിഷ്‌കര്‍ത്താക്കളും കണ്ടെടുക്കുന്നത്. അതിനാല്‍ പാശ്ചാത്യ കൊളോണിയലിസത്തിനും ബൗദ്ധിക അധിനിവേശത്തിനും മുമ്പ് ഇസ്‌ലാമിക ലോകത്തെ ചിന്തകന്മാര്‍ക്കും പരിഷ്‌കര്‍ത്താക്കള്‍ക്കും മറ്റെങ്ങോട്ടും തിരിയേണ്ടിവന്നിരുന്നില്ല; ഇസ്‌ലാമിക ചരിത്രത്തിലെ തന്നെ മികച്ച മാതൃകകള്‍ പൊടിതട്ടിയെടുത്ത് അടിസ്ഥാന സ്രോതസ്സുകളിലേക്ക് മടങ്ങൂ എന്ന് ആഹ്വാനം ചെയ്താല്‍ മാത്രം മതിയായിരുന്നു.

വ്യക്തിയായിരുന്നാലും സമൂഹമായിരുന്നാലും, അവര്‍ക്ക് ഏറ്റവും മികച്ച മോഡല്‍ സമര്‍പ്പിക്കുന്നത് വിശുദ്ധ വേദമാണ് എന്ന അടിയുറച്ച ബോധ്യവും വിശ്വാസവും മുസ്‌ലിം സമൂഹത്തില്‍ നിലനിന്ന കാലത്തൊന്നും അവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ ചാര്‍ട്ടറുകളിലാക്കി എഴുതിവെക്കേണ്ട ഒരാവശ്യവും നേരിട്ടിരുന്നില്ല; ഇസ്‌ലാമിക ചരിത്രത്തിന്റെ ആദ്യഘട്ടം അവകാശസംരക്ഷണത്തിന്റെ മികച്ച മാതൃക കാഴ്ചവെച്ചിരുന്നു എന്നതിനാല്‍ വിശേഷിച്ചും. പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാതി മുതല്‍ കാര്യങ്ങള്‍ മാറിത്തുടങ്ങി. മുസ്‌ലിം ലോകത്തിന്റെ വിശ്വാസസംഹിതക്കും ഭൂമിക്കും വിഭവങ്ങള്‍ക്കും മേല്‍ പാശ്ചാത്യരുടെ സൈനിക-ബൗദ്ധിക ആക്രമണം ശക്തിപ്പെട്ട കാലമായിരുന്നു അത്. തളര്‍ന്നു കിടക്കുന്ന മുസ്‌ലിം ലോകത്തെ പുനരുജ്ജീവിപ്പിക്കാന്‍ പാശ്ചാത്യര്‍ക്ക് ശക്തിയും ഐശ്വര്യവും നല്‍കിയ അതേ ആശയങ്ങള്‍തന്നെ സ്വീകരിക്കുകയാണ് വേണ്ടതെന്ന് മുസ്‌ലിംകളില്‍ ചിലര്‍ക്ക് തോന്നിത്തുടങ്ങി. പാശ്ചാത്യ ഭരണഘടനയുടെയും ഭരണവ്യവസ്ഥയുടെയും നീതിന്യായ സംവിധാനത്തിന്റെയും ഭാഗങ്ങള്‍ മുസ്‌ലിം നാടുകളിലേക്കും കൊുവരണമെന്ന് ഈജിപ്ത്, തുര്‍ക്കി, തുനീഷ്യ പോലുള്ള പ്രദേശങ്ങളില്‍നിന്ന് മുറവിളി ഉയര്‍ന്നു. ശത്രുവിനെ നേരിടുന്നത് ശത്രുവിനെ അനുകരിച്ചുകൊണ്ട് എന്ന സ്ഥിതിയിലായി കാര്യങ്ങള്‍.2

മുസ്‌ലിം പിന്നാക്കാവസ്ഥയുടെ ഒരു പ്രധാന കാരണം മനുഷ്യാവകാശങ്ങള്‍ക്ക് പരിഗണന ലഭിക്കാത്തതാണെന്നും വാദമുയര്‍ന്നു.3 മുസ്‌ലിം ലോകത്ത് പാശ്ചാത്യ കൊളോണിയല്‍ ശക്തികള്‍ മതം വേറെ, ഭരണം വേറെ എന്ന വിഭജന ചിന്ത അടിച്ചേല്‍പിക്കുകയും ചെയ്തു. ഈയൊരു പശ്ചാത്തലത്തില്‍, കൊളോണിയല്‍ ശക്തികളെ തുരത്താന്‍ മുസ്‌ലിം ലോകത്ത് ഉയര്‍ന്നുവന്ന ദേശീയ പ്രസ്ഥാനങ്ങള്‍, അവ ഇസ്‌ലാം അപകടത്തിലാണെന്ന മതവികാരം സൃഷ്ടിച്ചുകൊണ്ടിരുന്നപ്പോള്‍തന്നെ, പാശ്ചാത്യരില്‍നിന്ന് അവരുടെ ഭരണഘടനകളും ഭരണരീതികളും വ്യക്തി അവകാശ പ്രഖ്യാപനങ്ങളുമൊക്കെ കടം കൊള്ളുകയായിരുന്നു. പക്ഷേ പ്രയോഗതലത്തില്‍ ഇതിന്റെ പ്രതിഫലനങ്ങളൊന്നും മുസ്‌ലിം ലോകത്ത് ഉണ്ടായതുമില്ല. കൊളോണിയലിസത്തിന്റെ തിരോധാനത്തിനു ശേഷം മുസ്‌ലിം ദേശങ്ങളില്‍ സര്‍വാധിപത്യത്തിന്റെ തേര്‍വാഴ്ച ആയിരുന്നല്ലോ. ഈ ദേശീയ പ്രസ്ഥാനങ്ങളെ നയിച്ച വരേണ്യ വിഭാഗം പാശ്ചാത്യ ദര്‍ശനങ്ങള്‍ക്ക് അടിപ്പെട്ടതില്‍ അസ്വാഭാവികതയൊന്നുമില്ല. കാരണം ഈ ദേശീയ നേതാക്കളില്‍ അധിക പേരും പാശ്ചാത്യ കലാലയങ്ങളില്‍ ശിക്ഷണം നേടിയവരും അധിനിവേശകന്റെ സംസ്‌കാരത്തില്‍ ഭ്രമിച്ചുപോയവരുമായിരുന്നു. ഇതൊരു വശം. മറുവശത്ത്, മുസ്‌ലിം ലോകത്തെ ഈ കൊളോണിയല്‍വിരുദ്ധ പ്രസ്ഥാനങ്ങള്‍, ഇസ്‌ലാമിന്റെ വിമോചന സങ്കല്‍പം ഉള്‍ക്കൊണ്ട് പരിഷ്‌കരണത്തിന്റെ ഇസ്‌ലാമിക രീതി പരീക്ഷിച്ചവരായിരുന്നില്ല. പുതിയ പശ്ചാത്തലത്തില്‍ ഇസ്‌ലാമിന്റെ പ്രായോഗിക മാതൃകയും അവരുടെ പ്രവര്‍ത്തനങ്ങളില്‍ ദൃശ്യമായിരുന്നില്ല. കാരണം, നാനാഭാഗത്തു നിന്നും കടന്നാക്രമിക്കപ്പെട്ടുകൊണ്ടിരുന്ന ഇസ്‌ലാമിന് പ്രതിരോധമൊരുക്കുക എന്നതായിരുന്നു അക്കാലത്തെ ഇസ്‌ലാമിക ചിന്തകര്‍ തങ്ങളുടെ ദൗത്യമായി മനസ്സിലാക്കിയത്. പ്രതിരോധമൊരുക്കുക എന്നതിന് ഒരുതരം നിഷേധാത്മക സ്വഭാവമുണ്ടല്ലോ. പ്രതിരോധിക്കുക എന്നതല്ലാതെ ഒരു ബദല്‍ സമര്‍പ്പിക്കാന്‍ അത്തരം നീക്കങ്ങള്‍ അശക്തമായിരിക്കും. ഈയൊരു ചുറ്റുപാടില്‍ നേതൃത്വത്തിലെ വരേണ്യ വിഭാഗത്തിന് (അവരിലെ ആത്മാര്‍ഥതയുള്ളവരുടെ കാര്യമാണ് പറയുന്നത്; ഏജന്റുമാരുടെ കാര്യമല്ല) പാശ്ചാത്യരില്‍നിന്ന് പകര്‍ത്തുകയല്ലാതെ വേറെ മാര്‍ഗമുണ്ടായിരുന്നില്ല.

ഈ പാശ്ചാത്യ ഭരണഘടനാ സങ്കല്‍പങ്ങളും ഭരണരീതികളും പത്തൊമ്പതാം നൂറ്റാണ്ടില്‍ ഈജിപ്ത്, തുനീഷ്യ, തുര്‍ക്കി പോലുള്ള നിരവധി ഇസ്‌ലാമിക സമൂഹങ്ങളിലേക്ക് കൊണ്ടുവരപ്പെട്ടത് പടിഞ്ഞാറന്‍ സംസ്‌കാരം കടന്നുവരുന്നതിന്റെ അപകടകരമായ ആദ്യ സൂചനകളായിരുന്നു. മുസ്‌ലിം പരിഷ്‌കര്‍ത്താക്കളുടെ ലക്ഷ്യം ഭരണകര്‍ത്താക്കളുടെ അധികാരം നിയന്ത്രിക്കുക എന്നതായിരുന്നെങ്കിലും അത് സംഭവിച്ചില്ല. കടന്നുകയറ്റം പ്രത്യക്ഷ അധിനിവേശമായിത്തീരുക മാത്രമാണ് സംഭവിച്ചത്. ആ കടന്നുകയറ്റം പിന്നീട് വിപുലപ്പെടുകയും ആഴമുള്ളതാവുകയും ചെയ്തു. മുസ്‌ലിം രാഷ്ട്രങ്ങള്‍ കൊളോണിയല്‍ ശക്തികളില്‍നിന്ന് സ്വതന്ത്രമായപ്പോള്‍ ഇറക്കുമതി ചെയ്യപ്പെട്ട ഭരണഘടനകള്‍ക്കൊന്നും ഏകാധിപത്യത്തെ തടുക്കാനോ നിയന്ത്രിക്കാനോ ആയില്ല. അകത്തെ ജീര്‍ണതകളും പുറത്തു നിന്നുള്ള കടുത്ത സമ്മര്‍ദങ്ങളുമാണ് അതിനു കാരണം.

 

നവീന ഇസ്‌ലാമിക ചിന്ത

ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, ഖൈറുദ്ദീന്‍ തൂനിസി, സആലബി തുടങ്ങിയവര്‍ക്കൊപ്പവും അതിനു ശേഷവും ഇസ്‌ലാമിക ചിന്തക്ക് പാശ്ചാത്യ സംസ്‌കാര മാതൃകയെ നിരൂപണം ചെയ്യാനും അതില്‍ പതിയിരിക്കുന്ന ഏകാധിപത്യത്തിന്റെയും കാപട്യത്തിന്റെയും അംശങ്ങളെ തുറന്നുകാട്ടാനും സാധിക്കുകയുണ്ടായി. ഇതൊരു വശം. മറുവശത്ത് വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തെ ചിട്ടപ്പെടുത്തുന്ന ഒരു ബദല്‍ ഇസ്‌ലാമിക മാതൃകയും ഇസ്‌ലാമിക ചിന്തകര്‍ സമര്‍പ്പിക്കുകയുണ്ടായി. അതിനുള്ള ഒരു ചട്ടക്കൂട് എന്ന നിലക്ക് ശരീഅത്ത്, നിയമവ്യവസ്ഥയുടെ ഭാഗമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടതില്‍ യാതൊരു അസാംഗത്യവുമില്ല. ഈ ചട്ടക്കൂടിന് അകത്തുനിന്നുകൊണ്ടാണ് ഇസ്‌ലാമിക ചിന്തകര്‍ മനുഷ്യാവകാശങ്ങളെയും പൗരസ്വാതന്ത്ര്യത്തെയുമൊക്കെ കൈകാര്യം ചെയ്തത്. ഇസ്‌ലാമിക കാഴ്ചപ്പാടും യൂറോപ്പിലും മറ്റുമുണ്ടായിട്ടുള്ള മനുഷ്യാവകാശ പ്രഖ്യാപനങ്ങളും ഏതൊക്കെ കാര്യങ്ങളില്‍ യോജിക്കുന്നു, വിയോജിക്കുന്നു എന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി. യോജിക്കുന്ന മേഖലകളില്‍തന്നെ ഇസ്‌ലാമിന്റെയും പടിഞ്ഞാറിന്റെയും പൗരാവകാശ അടിത്തറകള്‍ വ്യത്യസ്തമായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.4 ദൈവവിശ്വാസമാണ് അവകാശബാധ്യതകളുടെ അടിസ്ഥാനം എന്നാണ് ഇസ്‌ലാമിക ചിന്തകര്‍ ഊന്നിപ്പറയുന്ന ഒരു കാര്യം.5 മനുഷ്യനെക്കുറിച്ച പ്രാപഞ്ചിക വീക്ഷണം, പ്രപഞ്ച സംവിധാനത്തില്‍ മനുഷ്യനുള്ള സ്ഥാനം, മനുഷ്യന്റെ ജീവിത ലക്ഷ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉപവിഷയങ്ങളാണ് പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ബാധ്യതകളുമൊക്കെ. പാശ്ചാത്യരാകട്ടെ പ്രകൃതിപരം എന്ന നിലക്കാണ് അവയെ സമീപിക്കുന്നത്. അതിനാല്‍തന്നെ പാശ്ചാത്യ മുന്‍കൈയില്‍ നടന്ന മനുഷ്യാവകാശ പ്രഖ്യാപനങ്ങളില്‍ മതനിരാസത്തിന്റെ സൂചനകള്‍ ധാരാളമായി കാണാം. മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട്, അവകാശങ്ങളുടെയും നിയമനിര്‍മാണത്തിന്റെയും സ്രോതസ്സ് മനുഷ്യന്‍ തന്നെയെന്ന കാഴ്ചപ്പാടിലാണ് ആ അവകാശ പ്രഖ്യാപനങ്ങളൊക്കെയും ഉരുവം കൊള്ളുന്നത്. ഇസ്‌ലാമിലാകട്ടെ, മനുഷ്യനെ സൃഷ്ടിക്കുകയും സൃഷ്ടിപ്പിന്റെ ലക്ഷ്യം നിര്‍ണയിക്കുകയും ചെയ്ത ശക്തിയേതോ ആ ശക്തിയാണ് കേന്ദ്ര സ്ഥാനത്ത് നിലകൊള്ളുന്നത്. സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവാണ് ആ ശക്തി. എങ്ങനെ ജീവിക്കണമെന്ന് (ശരീഅത്ത്) നിര്‍ദേശിക്കുന്നതും ആ ശക്തിതന്നെ. ഭൂമിയിലെ ദൈവപ്രതിനിധി എന്നുള്ളതാണ് മനുഷ്യന്റെ സ്ഥാനം. ബുദ്ധിയും ഇഛാശക്തിയും സ്വാതന്ത്ര്യവും നല്‍കിക്കൊണ്ട് ആ സ്രഷ്ടാവ് മനുഷ്യനെ ആദരിച്ചിരിക്കുന്നു. സത്യപാത കണ്ടെത്താന്‍, അങ്ങനെ ക്രമപ്രവൃദ്ധമായി മനുഷ്യപൂര്‍ണതയിലേക്ക് യാത്ര തുടരാന്‍ മനുഷ്യകുലത്തെ സഹായിക്കാനായി ദൂതന്മാരെയും ദൈവം അയച്ചുകൊണ്ടിരുന്നു. ആ ദൈവദൂത പരമ്പരയിലെ അവസാന കണ്ണിയാണ് മുഹമ്മദ് നബി. പ്രവാചകന്മാര്‍ വഴി ലഭിച്ചിട്ടുള്ള ദൈവപ്രോക്ത ജീവിതദര്‍ശനത്തിന്റെ അവസാന രൂപമാണ് ആ ഒടുവിലത്തെ പ്രവാചകന്‍ നമുക്ക് നല്‍കിയിട്ടുള്ളത്. ആ പൊതു ചട്ടക്കൂട് ഉള്ളതോടൊപ്പം തന്നെ ഒരുപാട് വിശാലമായ ഇടങ്ങളും ഒഴിച്ചിട്ടിരിക്കുന്നു. തന്റെ ദൈവപ്രാതിനിധ്യം എന്ന ഉത്തരവാദിത്ത നിര്‍വഹണത്തിനിടക്ക് മനുഷ്യന്‍ സ്വയം പൂരിപ്പിക്കേണ്ട ഇടങ്ങളാണവ. ഈ ദര്‍ശനപ്രകാരം, മനുഷ്യന്‍ തന്റെ ജീവിത വാഹനം ദൈവദത്തമായ പ്ലാനനുസരിച്ച് സ്വയം ചലിപ്പിക്കുകയും അതിന്റെ ലക്ഷ്യം നിര്‍ണയിക്കുകയും ചെയ്യേ സവിശേഷ സൃഷ്ടിയാണ്. ദൈവം നിശ്ചയിച്ചു നല്‍കിയ ബാധ്യതകള്‍ മികച്ച രീതിയില്‍ നിര്‍വഹിക്കുമ്പോള്‍, സ്രഷ്ടാവിനുള്ള വിധേയത്വവും സമര്‍പ്പണവും അഗാധമായിത്തീരുമ്പോള്‍ ആ മനുഷ്യന്‍ അതിനനുസരിച്ച് കൂടുതല്‍ സ്വാതന്ത്ര്യം സ്വന്തത്തിനു വേണ്ടിയും പ്രകൃതിക്കു വേണ്ടിയും തനിക്കു ചുറ്റുമുള്ള ചരാചരങ്ങള്‍ക്കു വേണ്ടിയും സ്വന്തമാക്കുന്നു.

ഇവിടെ അവകാശങ്ങള്‍ എന്നു പറയുന്നത് പവിത്രമായ ബാധ്യതകള്‍ തന്നെയാണ്. ദൈവപ്രതിനിധിയായ ഒരു ദാസന് അക്കാര്യത്തില്‍ വീഴ്ച വരുത്താന്‍ അവകാശമില്ല. മനുഷ്യന്‍ ഒന്നും ഉടമപ്പെടുത്തുന്നില്ല. യഥാര്‍ഥ ഉടമാവകാശം അല്ലാഹുവിനു മാത്രമാണ്. ഭൂമിയില്‍ ദൈവപ്രതിനിധിയായ മനുഷ്യന്‍ ആ യഥാര്‍ഥ ഉടമയുടെ ഇഛക്കൊത്ത് പ്രവര്‍ത്തിക്കേണ്ടവനാണ്. മനുഷ്യജീവന്റെ സംരക്ഷണം, നിലനില്‍പ്,  സംതൃപ്തി എന്നിവയൊക്കെ ഇതുമായി ബന്ധപ്പെടുത്തിക്കാണണം. ആത്മഹത്യക്ക് മുതിര്‍ന്നോ, അവഗണന കാട്ടിയോ, പട്ടിണിക്കിട്ടോ, പ്രതികാര നടപടികള്‍ സ്വീകരിച്ചോ ഒക്കെ ഇക്കാര്യത്തില്‍ വീഴ്ചവരുത്താന്‍ മനുഷ്യന് അവകാശമില്ല. ഇതൊക്കെയും നിയമാനുസൃതമായ ബാധ്യതകളിലാണ് പെടുക. അടിമത്തത്തെ നിരാകരിക്കുക, അതിക്രമികളെ എതിരിടുക, നീതിക്കും സ്വാതന്ത്ര്യത്തിനും മനുഷ്യപുരോഗതിക്കും വേണ്ടി പോരാടുക പോലുള്ള കാര്യങ്ങളും ഉത്തരവാദിത്തങ്ങളായാണ് നിശ്ചയിച്ചിട്ടുള്ളത്. അവ ചെയ്താല്‍ പരലോകത്ത് പ്രതിഫലം ലഭിക്കും; ചെയ്തില്ലെങ്കില്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. ചുരുക്കം പറഞ്ഞാല്‍, അവകാശങ്ങള്‍ക്കെല്ലാം ഈ വിധത്തില്‍ പരിപാവനത്വം കല്‍പിച്ചു നല്‍കുന്നുണ്ട് ഇസ്‌ലാമിക ദര്‍ശനം. ഏതെങ്കിലും പാര്‍ട്ടിക്കോ പാര്‍ലമെന്റിനോ ഭരണാധികാരിക്കോ അതിലേതെങ്കിലുമൊന്ന് വേണ്ടെന്നു വെക്കാനോ മറ്റെന്തെങ്കിലുമൊക്കെ കൂട്ടിച്ചേര്‍ക്കാനോ അധികാരമുണ്ടായിരിക്കില്ല. ഇവയുടെയൊക്കെ സ്രോതസ്സ് അല്ലാഹുവായിരിക്കുവോളം അവയിലൊന്നും മനുഷ്യനുണ്ടാക്കിയ ഒരു സംവിധാനത്തിനും തൊട്ടുകളിക്കാനാവില്ല.

ഇത്തരം അടിസ്ഥാനങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കുകയെന്നതും ദീനിയായ ബാധ്യത തന്നെ. ജിഹാദും രക്തസാക്ഷ്യവുമൊക്കെ അതിനു വേണ്ടിയുള്ളതാണ്. അപ്പോള്‍ ദൈവവിശ്വാസം തന്നെയാണ്, അല്ലെങ്കില്‍ മനുഷ്യാവകാശങ്ങളെ മനുഷ്യ സ്രഷ്ടാവിലേക്ക് ചേര്‍ത്തു വെക്കുക എന്നതാണ് അവകാശങ്ങള്‍ സ്ഥാപിക്കപ്പെടാനും നടപ്പാക്കപ്പെടാനും സംരക്ഷിക്കപ്പെടാനുമുള്ള ഏറ്റവും മികച്ച ഗ്യാരന്റി. അത് എങ്ങനെയെന്നു നോക്കാം:

- രാജാവോ പാര്‍ട്ടിയോ ഒക്കെ തങ്ങള്‍ക്ക് തോന്നുംപോലെ അവകാശ പ്രശ്‌നങ്ങള്‍ കൈയാളാതിരിക്കാന്‍ അവരുടെ കൈയെത്താത്ത വിധം ഉയരത്തില്‍ ആ അവകാശങ്ങളെ പവിത്രത നല്‍കി പ്രതിഷ്ഠിക്കുന്നു.

- സത്യവിശ്വാസികളില്‍ ഭരമേല്‍പിക്കപ്പെട്ട ട്രസ്റ്റ് ആണ് അവകാശ സംരക്ഷണം എന്നത്. ആ സംരക്ഷണ ഉത്തരവാദിത്തം ഏറ്റെടുത്തോ എന്നും മര്‍ദക ഭരണകൂടങ്ങള്‍ക്കെതിരെ അതിനു വേണ്ടി ശബ്ദിച്ചോ എന്നും അവര്‍ ഉത്തരം ബോധിപ്പിക്കേണ്ടിവരും, സ്രഷ്ടാവിന്റെ മുന്നില്‍; ദീനീബാധ്യത എന്ന നിലക്കു തന്നെ.

- സാര്‍വലൗകികമായിരിക്കും ആ മനുഷ്യത്വ വിഭാവന. സാമൂഹിക, പ്രാദേശിക, ലിംഗ വ്യത്യാസങ്ങള്‍ക്കൊക്കെ അതീതമായിരിക്കും. കാരണം ആ വിഭാവനയുടെ കേന്ദ്ര സ്ഥാനത്ത്, 'ലോകങ്ങള്‍ പരിപാലിക്കുന്ന പടച്ച തമ്പുരാന്‍'  ആണല്ലോ. അവകാശങ്ങള്‍ ഏതെങ്കിലുമൊരു വിഭാഗത്തിന് മാത്രമാവുക വയ്യ.

- ക്രിയാത്മകവും സമഗ്രവുമായിരിക്കും; ഭാഗികമോ യാന്ത്രികമോ ആയിരിക്കില്ല. തന്റെ സൃഷ്ടികളുടെ യഥാര്‍ഥ ആവശ്യങ്ങള്‍ നന്നായറിയുന്ന സ്രഷ്ടാവിന്റെ നിയമവ്യവസ്ഥയാണത്.

- അവകാശത്തെ സ്രഷ്ടാവുമായി നേരില്‍ ബന്ധിപ്പിച്ചതിനാല്‍ സ്വേഛാധിപത്യ മതകീയ ഭരണ(ഠവലീരൃമര്യ)ത്തിനൊന്നും ഒരു റോളുമില്ല. ഹലാലും ഹറാമുമാക്കാന്‍/ അനുവദിക്കാനും നിരോധിക്കാനും അധികാരമുള്ള പൗരോഹിത്യം ഇസ്‌ലാമിന് അന്യമാണ്. ഹലാലും ഹറാമുമാക്കുന്നത് ഒരു പക്ഷത്തേക്കും ചായാത്ത സൃഷ്ടികര്‍ത്താവാണ്. സൃഷ്ടികള്‍ അനുസരിച്ചാലും ധിക്കരിച്ചാലും ആ സൃഷ്ടികര്‍ത്താവിന് ഒന്നും വരാനില്ല; ഒരാളുടെയും സഹായമോ ആശ്രയമോ പ്രപഞ്ചനാഥന് ആവശ്യമില്ല. അപ്പോള്‍ പിന്നെ അവന്റെ അവകാശപ്രഖ്യാപനങ്ങളില്‍ സമ്പൂര്‍ണ നീതി തന്നെയാണ് ഉണ്ടാവുക. ആ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അതിനെതിരെ പോരാടാന്‍ വിശ്വാസിയെ സജ്ജമാക്കുകയും ചെയ്യുന്നു. അവകാശ ലംഘനമുണ്ടാകുന്നത് സ്വന്തം കാര്യത്തിലാണെങ്കിലും ശരി, മറ്റുള്ളവരുടെ കാര്യത്തിലാണെങ്കിലും ശരി. ഇരയാകുന്നത് വിശ്വാസിയാണോ അവിശ്വാസിയാണോ എന്നൊന്നും നോക്കുകയേ ഇല്ല. അതിക്രമം എവിടെയായാലും അത് തുടച്ചുനീക്കപ്പെടണം; നന്മ സാക്ഷാത്കരിക്കപ്പെടുകയും  വേണം.

 

(തുടരും)

 

1. ഹസന്‍ തുറാബി: അല്‍ ഹുര്‍രിയത്തു വല്‍ വഹ്ദ, പേജ് 9

2. ഖൈറുദ്ദീന്‍ അത്തൂനിസി: അഖ്‌വമുല്‍ മസാലിക് ഫീ മഅ്‌രിഫതി അഹ്‌വാലില്‍ മമാലിക് (തുനീഷ്യ, 1972, മുന്‍സ്വിഫ് ശനൂഫിയുടെ സംശോധന, പേജ് 27).

3. അതേ പുസ്തകം, പേജ് 284

4. ഉദാഹരണത്തിന്, യൂറോപ്യന്‍ ഇസ്‌ലാമിക് കൗണ്‍സില്‍ തയാറാക്കിയ 'ഇസ്‌ലാമിലെ മനുഷ്യാവകാശങ്ങളെക്കുറിച്ച ആഗോള പ്രഖ്യാപനം' (പാരീസ് 1981), ഇസ്‌ലാമിലെ മനുഷ്യാവകാശങ്ങളെക്കുറിച്ച് കുവൈത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തിന്റെ കരട് പ്രഖ്യാപനം (1980) എന്നിവ കാണുക.

5. അഹ്മദ് അല്‍ കാതിബ്: ആലിയത്തുല്‍ വഹ്ദഃ വല്‍ ഹുര്‍രിയ ഫില്‍ ഇസ്‌ലാം (അമേരിക്ക, ഹിജ്‌റ 1405, പേജ് 119).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (22-26)
എ.വൈ.ആര്‍

ഹദീസ്‌

റമദാന്‍ വ്രതത്തിന്റെ വിശുദ്ധി
സുബൈര്‍ കുന്ദമംഗലം