ജീവിതത്തിലെ ഹലാല്‍ നിഷ്ഠ
ധനവ്യയത്തിലെ മിതത്വം കടക്കെണിയില്‍പെടാതെ കാക്കുന്ന രക്ഷാകവചമാണ്. ഹറാം സമ്പാദനത്തിന്റെ വഴി തേടാതിരിക്കാനും അത് ഉതകും. ''ചെലവ് ചെയ്യുകയാണെങ്കില്‍ അമിത വ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിന് മധ്യേയുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരാകുന്നു പരമകാരുണികന്റെ ദാസന്മാര്‍'' (അല്‍ഫുര്‍ഖാന്‍ 67). ''വിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചുതന്ന വിശിഷ്ട വസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്. നിങ്ങള്‍ പരിധി ലംഘിക്കുകയും ചെയ്യരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല'' (അല്‍മാഇദ 87). നബി (സ) പറഞ്ഞു: ''വയറിനേക്കാള്‍ മോശമായ ഒരു പാത്രവും മനുഷ്യന് നിറക്കാനില്ല. നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ മനുഷ്യന് ഒരു പിടി ആഹാരം മതി. കൂടിയേ കഴിയൂ എങ്കില്‍ മൂന്നിലൊന്ന് ആഹാരത്തിന്, മൂന്നിലൊന്ന് പാനീയത്തിന്, മൂന്നിലൊന്ന് തനിക്കും തന്റെ ശ്വാസോഛ്വാസത്തിനും.'' ഹറാംഭോജനം ജീവിതശൈലിയും ശീലവുമാക്കിയവരുമായുള്ള കൂട്ടുകെട്ടും ചങ്ങാത്തവും ഒഴിവാക്കുന്നതാണ് ഉചിതം. മനുഷ്യന്‍ സാഹചര്യങ്ങളുടെ കൂടി സൃഷ്ടിയാണ്. സാമൂഹിക സമ്മര്‍ദത്തിനടിപ്പെട്ട വ്യക്തി അരുതാത്ത വഴികളിലൂടെ സഞ്ചരിക്കാന്‍ അത് കാരണമായേക്കും.
സാമ്പത്തികജീവിതത്തില്‍ മുന്‍ഗാമികള്‍ പുലര്‍ത്തിയ നിഷ്ഠയും അച്ചടക്കവും മാതൃകയാക്കണം. ഇസ്രാഈല്‍ സമുദായത്തില്‍ ഉണ്ടായ ഒരു സംഭവം നബി(സ) വിവരിച്ചത് കാണുക: ഒരാള്‍ തന്റെ കൂട്ടുകാരന്റെ നിലം വാങ്ങി. വാങ്ങിയ വ്യക്തി ആ നിലത്ത് ഒരു സ്വര്‍ണനിക്ഷേപം കണ്ടെത്തി. അയാള്‍ കൂട്ടുകാരനോട്: ''നിങ്ങള്‍ എനിക്ക് വിറ്റ നിലത്തില്‍നിന്ന് കിട്ടിയതാണ് ഈ സ്വര്‍ണം. ഇത് നിങ്ങള്‍ സ്വീകരിക്കണം. ഞാന്‍ നിങ്ങളോട് നിലമല്ലേ വാങ്ങിയിട്ടുള്ളൂ? സ്വര്‍ണം വാങ്ങിയിട്ടില്ലല്ലോ.''
വിറ്റ വ്യക്തി: ''ഞാന്‍ നിങ്ങള്‍ക്ക് നിലവും അതിലെ ചമയങ്ങളും അതിലുള്ളതുമെല്ലാമാണ് വിറ്റത്. അതിനാല്‍ സ്വര്‍ണവും നിങ്ങള്‍ക്ക് അവകാശപ്പെട്ടതുതന്നെ.'' കേസില്‍ തീര്‍പ്പു കല്‍പിക്കാന്‍ അവര്‍ ഒരു മധ്യസ്ഥനെ സമീപിച്ചു. അദ്ദേഹം ഇരുവരോടുമായി: ''നിങ്ങള്‍ക്ക് മക്കളുണ്ടോ?'' ഒരാള്‍: ''എനിക്കൊരു മകനുണ്ട്.'' മറ്റെയാള്‍: ''എനിക്കൊരു മകളുണ്ട്.'' മധ്യസ്ഥന്‍: ''നിങ്ങളുടെ മകന് ആ പെണ്‍കുട്ടിയെ വിവാഹം ചെയ്തു കൊടുക്കുക. അവര്‍ക്കു വേണ്ടി ഈ നിധിയില്‍നിന്ന് ചെലവാക്കുക. രണ്ടു പേരും ധര്‍മവും ചെയ്യുക'' (ബുഖാരി).
ഉമര്‍ (റ) സ്വര്‍ണാഭരണങ്ങള്‍ മദീനയിലെ സ്ത്രീകള്‍ക്ക് വീതിച്ചുനല്‍കുകയായിരുന്നു. അതില്‍ ഒരു കണ്ഠാഭരണം ബാക്കി വന്നു. സദസ്സില്‍ ഒരാള്‍: ''അമീറുല്‍ മുഅ്മിനീന്‍! നിങ്ങളുടെ വീട്ടിലുള്ള റസൂലിന്റെ മകള്‍ക്ക് നല്‍കുക ഇത്.'' അലിയ്യിന്റെ പുത്രി ഉമ്മു കുല്‍സൂമിനെയാണ് അവര്‍ ഉദ്ദേശിച്ചത്. ഉമര്‍: ''റസൂലുമായി ബൈഅത്ത് ചെയ്ത അന്‍സ്വാരി വനിത ഉമ്മു സലിത്വാണ് അതിനേറ്റവും അര്‍ഹ. അവര്‍ ഉഹുദുയുദ്ധവേളയില്‍ ഞങ്ങള്‍ക്ക് തോല്‍പാത്രം തുന്നിത്തരുമായിരുന്നു'' (ബുഖാരി).
ജീവിതായോധനത്തിന് വീടു വിട്ടിറങ്ങുന്ന പുരുഷനോട് അക്കാലത്തെ സ്ത്രീകള്‍ ഉണര്‍ത്തുമായിരുന്നു: ''ഗൃഹനാഥനായ നിങ്ങള്‍ ഞങ്ങളുടെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കണം. വിശപ്പ് ഞങ്ങള്‍ സഹിച്ചുകൊള്ളും. നരകത്തീ സഹിക്കാന്‍ ഞങ്ങള്‍ക്കാവില്ല.''
ഹലാലായത് മാത്രം ആഹരിക്കുന്ന കുടുംബത്തില്‍ വളരുന്ന മക്കള്‍ തങ്ങളുടെ ജീവിതത്തിലും ആ നിഷ്ഠ പുലര്‍ത്തും. മക്കളുടെ ഭാവിജീവിതം ഭദ്രമാക്കാന്‍ രക്ഷിതാക്കള്‍ വേണ്ടത് തഖ്‌വാനിഷ്ഠമായ ജീവിതവും ആഹാരസമ്പാദനത്തില്‍ ഹലാലിന്റെ മാര്‍ഗം മാത്രമേ തേടുകയുള്ളൂ എന്ന നിര്‍ബന്ധ ബുദ്ധിയുമാണ്. പൊങ്ങച്ചത്തിന്റെയും താന്‍പോരിമയുടെയും ഈ കെട്ടകാലത്ത് കടവും വായ്പയും വാങ്ങാതെ ഉള്ളതില്‍ സംതൃപ്തിയടഞ്ഞ് അച്ചടക്കത്തോടെ ജീവിക്കാന്‍ കഴിയുകയെന്നത് മഹാ ഭാഗ്യമാണ്. ഹലാല്‍-ഹറാം ബോധത്തോടെ, അല്ലാഹു കനിഞ്ഞേകുന്നതില്‍ സംതൃപ്തമായി ജീവിക്കുന്ന കുടുംബത്തിന് ഒരു സന്ദര്‍ഭത്തിലും സ്വാസ്ഥ്യം നഷ്ടപ്പെടില്ല. അല്ലാഹു ആഹാരം നിയന്ത്രിച്ചു നല്‍കുന്നതും വാരിക്കോരി നല്‍കുന്നതും അവനു മാത്രം അറിയാവുന്ന യുക്തി മുന്‍നിര്‍ത്തിയാണെന്ന വിചാരം വേണം. ദാരിദ്ര്യമായാലും പട്ടിണിയായാലും ക്ഷമാപൂര്‍വം അവയെ തരണം ചെയ്യാനുള്ള മനസ്സ് വളര്‍ത്തുകയാണ് മുഖ്യമായിട്ടുള്ളത്.
''അല്ലാഹുവാണ് തന്റെ ദാസന്മാരില്‍ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനമാര്‍ഗം വിശാലമാക്കുന്നതും താനുദ്ദേശിക്കുന്നവര്‍ക്ക് അത് കുടുസ്സാക്കുന്നതും. തീര്‍ച്ചയായും അല്ലാഹു ഏതു കാര്യത്തെക്കുറിച്ചും അറിവുള്ളവനാകുന്നു'' (അന്‍കബൂത്ത് 62).
''അല്ലാഹു തന്റെ ദാസന്മാര്‍ക്ക് ഉപജീവനം വിശാലമാക്കി കൊടുത്തിരുന്നുവെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷേ അവന്‍ ഒരു തോതനുസരിച്ച് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇറക്കിക്കൊടുക്കുന്നു. തീര്‍ച്ചയായും അവന്‍ തന്റെ ദാസന്മാരെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനും കറിയുന്നവനുമാകുന്നു'' (ശൂറാ 27).
ഹറാമായ എല്ല ധനസമ്പാദന മാര്‍ഗങ്ങളുടെയും വാതില്‍ അടക്കുകയാണാവശ്യം. ഹറാമിലെത്തിക്കും എന്ന് ശങ്കയുള്ള എല്ലാ കവാടങ്ങളും അടച്ചുപൂട്ടുകയാണ് ഹലാല്‍ നിഷ്ഠമായ ജീവിതത്തിന് വഴിയൊരുക്കുക. പലിശ സ്ഥാപനങ്ങള്‍, വേശ്യാഗൃഹങ്ങള്‍, മദ്യശാലകള്‍, പന്നി വില്‍പന കേന്ദ്രങ്ങള്‍, സിനിമാ തിയേറ്ററുകള്‍ അങ്ങനെ പലതുമുണ്ടല്ലോ ഹറാം സമ്പാദന മാര്‍ഗമായി. അവക്കെല്ലാം ഉത്തമമായ ബദലുകള്‍ കെത്തി സമ്പാദന മാര്‍ഗമാക്കുകയാണ് വിശ്വാസി വേണ്ടത്. നിഷ്‌കൃഷ്ടമായ ഹലാല്‍ബോധത്തോടെ ജീവിക്കുന്നവന്റെ ജീവിതം ഭാസുരമാക്കാന്‍ അല്ലാഹുവിന് സാധിക്കുമല്ലോ. ''ദാരിദ്ര്യം അഭിമുഖീകരിക്കേിവരുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അല്ലാഹു അവന്റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്നപക്ഷം നിങ്ങള്‍ക്ക് ഐശ്വര്യം വരുത്തുന്നതാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു'' (അത്തൗബ 28).
നിരന്തര കര്‍മങ്ങളില്‍ ഏര്‍പ്പെടണം. അധ്വാനത്തിലാണ് വ്യക്തിയുടെ മഹിമ. പൂര്‍വ പ്രവാചകന്മാര്‍ എല്ലാം അധ്വാനശീലരായിരുന്നു. തൊഴിലെടുത്ത് ജീവിക്കുന്നവരായിരുന്നു. നബി (സ) പറഞ്ഞു: ''അല്ലാഹുവാണ് സത്യം. കയറുമായി മലയില്‍ പോയി വിറകുവെട്ടി ചുമന്ന് കൊണ്ടുവന്ന് അതിന്റെ വരുമാനത്തില്‍നിന്ന് ഭക്ഷണം കഴിക്കുകയാണ് ജനങ്ങളോട് യാചിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായിട്ടുള്ളത്. അല്ലാഹു നിഷിദ്ധമാക്കിയത് തന്റെ വയറ്റിലാകുന്നതിനേക്കാള്‍ ഉത്തമം മണ്ണ് വാരിക്കഴിക്കലാണ്'' (തര്‍ഗീബുത്തര്‍ഹീബ് ലില്‍ മുന്‍ദിരി)
സംഗ്രഹം: പി.കെ.ജെ
Comments