Prabodhanm Weekly

Pages

Search

2019 മെയ് 03

3100

1440 ശഅ്ബാന്‍ 27

ദൈവേഛയെ ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങള്‍

ഡോ. മുഹമ്മദ് അബ്ദുല്‍ഹഖ് അന്‍സാരി

എല്ലാ തരംതിരിവുകള്‍ക്കും അതീതമായ ഉണ്മയായി തത്ത്വചിന്തകര്‍ ദൈവത്തെ കണ്ടതുകൊണ്ട് അവര്‍ക്ക് ദൈവേഛയെയും പ്രവൃത്തികളെയുമൊക്കെ നിരാകരിക്കേണ്ടിവന്നു. പ്രപഞ്ചം വളരെ അനിവാര്യമായും ദൈവത്തില്‍നിന്ന് ഉത്ഭൂതമായതാണെന്ന് അവര്‍ വാദിച്ചു. അങ്ങനെ വരുമ്പോള്‍ പ്രപഞ്ചവും ശാശ്വതമാണെന്ന് വന്നുചേരും. കാരണം ലോകം ഉത്ഭൂതമാവുന്നതിനു മുമ്പ് സമയം ഉണ്ടായിരുന്നില്ല. സമയം എന്നത് ചലനത്തിന്റെ അളവാണ്. പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പ് ചലിക്കാനായി ഒന്നുമില്ലല്ലോ. പ്രപഞ്ചത്തിന് ശാശ്വതികത്വമുണ്ടെന്ന തത്ത്വജ്ഞാനികളുടെ വാദത്തെ ഇമാം ഗസാലി തന്റെ തഹാഫുത്തില്‍ ഖണ്ഡിക്കുന്നുണ്ട്. പിന്നീട് ഉണ്ടായിത്തീര്‍ന്നതാണ് പ്രപഞ്ചമെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ദൈവേഛയാലാണ് അത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പിന്നെയൊരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് ദൈവം ഒരു പ്രത്യേക സമയത്ത് സൃഷ്ടിക്കുകയും അതല്ലാത്ത സമയത്ത് സൃഷ്ടിക്കാതിരിക്കുകയും ചെയ്യുന്നത്? സര്‍വശക്തമായ, നിത്യമായ ദൈവേഛക്ക് എല്ലാ സമയവും ഒരുപോലെ ആകേണ്ടതല്ലേ? ഇതിന് അശ്അരികള്‍ നല്‍കുന്ന മറുപടി, ദൈവേഛ നിത്യവും സര്‍വശക്തവുമായതുകൊണ്ടു തന്നെ ഏതു സമയവും എന്തും സൃഷ്ടിക്കാന്‍ അത് മതിയായതാണ് എന്നാണ്.

മുഅ്തസിലികള്‍ പറയുന്നത്, പിന്നീടുണ്ടാകുന്ന ദൈവേഛകളെ ഒരു ബിന്ദുവിലും സ്ഥാനപ്പെടുത്താനാവില്ല1 എന്നാണ്. ദൈവസത്തയില്‍ വന്നുചേരുന്ന ഒന്നും ഉണ്ടാകാന്‍ പാടില്ല എന്ന നിര്‍ബന്ധ ബുദ്ധിയാണ് ഇതിനു കാരണം. തുടക്കത്തില്‍ ദൈവം ക്രിയകള്‍ ചെയ്തിരുന്നില്ലെന്നും പിന്നീടാണ് ക്രിയകള്‍ ചെയ്തതെന്നും അവര്‍ വാദിക്കുന്നുണ്ട്. ഇബ്‌നുതൈമിയ്യ ഈ വാദത്തെ ഇങ്ങനെ വിശകലനം ചെയ്യുന്നു: ഒന്നുകിലിത് ഒരു നിശ്ചിത കാലത്ത് ദൈവത്തിന്റെ അകര്‍മണ്യതയെ കുറിക്കുന്നു; അല്ലെങ്കില്‍ കഴിവില്ലായ്മയെ. രണ്ടായാലും അത് ദൈവത്തിലേക്ക് ചേര്‍ത്തുപറയാന്‍ കൊള്ളില്ല.2 ഇബ്‌നുതൈമിയ്യയുടെ വീക്ഷണത്തില്‍, ദൈവം എല്ലായ്‌പ്പോഴും കര്‍മനിരതനായിരുന്നു, ഇപ്പോഴും ആണ്. ഒരു ഇനം എന്ന നിലക്ക് ദൈവേഛ ശാശ്വതമാണ്. അതിന്റെ ഭാഗമായി പിന്നീടുണ്ടാവുന്ന കാര്യങ്ങളും ശാശ്വതമാണ്. പക്ഷേ, ഒറ്റയൊറ്റ കാര്യങ്ങളായി അവയെ എടുക്കുമ്പോള്‍ അവ പിന്നീടുണ്ടായതാണെന്നും പറയേണ്ടിവരും.

ദൈവം ഒരു കാര്യം ചെയ്യുന്നത് എന്തെങ്കിലും നേടാനല്ല എന്ന അഭിപ്രായമാണ് തത്ത്വചിന്തകര്‍ക്കും അശ്അരീ വിഭാഗത്തിനുമുള്ളത്. അവന്റെ പ്രവൃത്തികള്‍ക്ക് എന്തെങ്കിലും പ്രേരണയോ ലക്ഷ്യമോ ഇല്ല. അശ്അരികളെ സംബന്ധിച്ചേടത്തോളം, ദൈവത്തിന്റെ ശാശ്വതികത്വമുള്ള ഇഛയാലാണ് എല്ലാം സൃഷ്ടിക്കപ്പെടുന്നത്. ലോകത്തിന്റെ സ്ഥിതിയും വ്യത്യസ്തമാകാന്‍ തരമില്ല. തത്ത്വജ്ഞാനികളെ സംബന്ധിച്ചേടത്തോളം കാര്യങ്ങള്‍ അനാദികാലം മുതല്‍ക്കേയുള്ള ദൈവജ്ഞാനത്താല്‍ അതതിന്റെ സമയത്ത് സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. ഈ രണ്ടു വിഭാഗങ്ങളും തമ്മിലുള്ള വ്യത്യാസം ഇങ്ങനെ ചുരുക്കിയെഴുതാം; തത്ത്വജ്ഞാനികള്‍ ദൈവിക കര്‍മങ്ങള്‍ക്ക് ലക്ഷ്യമില്ല എന്നു പറയാന്‍ കാരണം ഇഛ എന്ന ഗുണം അവര്‍ ദൈവത്തിലേക്ക് ചേര്‍ത്തിപ്പറയാത്തതുകൊണ്ടാണ്. ഇഛയുണ്ടെങ്കില്‍ ഒരാവശ്യമുണ്ടാവും എന്നാണവര്‍ പറയുക. ദൈവത്തെ ആവശ്യക്കാരനാക്കാന്‍ പറ്റില്ലല്ലോ. അശ്അരികള്‍ ദൈവപ്രവൃത്തികള്‍ക്ക് ലക്ഷ്യമില്ല എന്നു പറയുന്നത് ദൈവത്തിന് ഇഛ ഇല്ലാത്തതുകൊണ്ടല്ല. ദൈവത്തിന് ഇഛയുണ്ടെന്ന് പറയുന്നവര്‍ തന്നെയാണ് അശ്അരികള്‍. പക്ഷേ, ദൈവവൃത്തികള്‍ക്ക് ലക്ഷ്യമുണ്ടെന്ന് വന്നുകഴിഞ്ഞാല്‍ അതൊരു അപൂര്‍ണതയെ കുറിക്കുന്നുണ്ട്. പ്രവൃത്തി ചെയ്യുന്നത് ആ അപൂര്‍ണതയെ മറികടക്കാനാണെന്നും വരും. അശ്അരികള്‍ പറയുന്നത് ഇതാണ്: ദൈവേഛ എന്നതും സര്‍വശക്തവും സ്വയം പര്യാപ്തവും തന്നെയാണ്. അതിനെ ചലിപ്പിക്കാന്‍ ഒരു ലക്ഷ്യമോ ഉദ്ദേശ്യമോ കാരണമോ ഒന്നും വേണ്ടതില്ല.

ഉദ്ദേശ്യലക്ഷ്യമുണ്ടെന്ന് പറഞ്ഞുകഴിഞ്ഞാല്‍ അത് ആവശ്യമുണ്ട് എന്നതിന്റെ സൂചനയായി ഗണിക്കുന്ന വാദത്തെ ഇബ്‌നുതൈമിയ്യ ഖണ്ഡിക്കുന്നു. അദ്ദേഹം വാദിക്കുന്നു: ദൈവപ്രവൃത്തികള്‍ അവന്റെ അറിവിന്റെയും ശക്തിയുടെയും പ്രകാശനങ്ങളാണ്. പ്രവൃത്തികള്‍ ചെയ്യുന്നത് ദൈവത്തിന് ഇഷ്ടമാണ്. ഓരോ പ്രവൃത്തിക്കും കാരണവും ലക്ഷ്യവും ഉണ്ടായിരിക്കുകയും ചെയ്യും. ദൈവപ്രവൃത്തികള്‍ക്കു പിന്നില്‍ കാരണമുണ്ടെന്ന് തെളിയിക്കാന്‍ ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും തെളിവുകള്‍ നിരത്തുന്നുമുണ്ട് അദ്ദേഹം. അതേസമയം ലക്ഷ്യവും കാരണവുമുണ്ടെന്നു വെച്ച് ദൈവം ആവശ്യക്കാരനാണെന്ന് ഒരിക്കലും വന്നുചേരുന്നില്ല. ദൈവം പരമമായ അര്‍ഥത്തില്‍ സ്വയംപര്യാപ്തനാണെന്നും ഇബ്‌നുതൈമിയ്യ സമര്‍ഥിക്കുന്നു.

ദൈവേഛക്ക് ലക്ഷ്യവും കാരണവുമുണ്ടെന്ന് പറയുന്നവര്‍ തന്നെയാണ് മുഅ്തസിലികള്‍. അവര്‍ പറയുന്നു: ദൈവം മനുഷ്യരെ സൃഷ്ടിച്ചു; അവരിലേക്ക് പ്രവാചകന്മാരെ നിയോഗിച്ചു; അവര്‍ മുഖേന വേദങ്ങള്‍ നല്‍കി; മനുഷ്യര്‍ സദ്‌വൃത്ത ജീവിതം നയിക്കുന്നതിനും തങ്ങളുടെ സല്‍പ്രവൃത്തികള്‍ക്ക് പ്രതിഫലം സ്വായത്തമാക്കുന്നതിനും വേണ്ടി. ഈ പോയന്റില്‍ ഇബ്‌നുതൈമിയ്യക്ക് തര്‍ക്കമൊന്നുമില്ല. അശ്അരികള്‍ ലക്ഷ്യവും കാരണവും സൃഷ്ടികളിലേക്ക് മാത്രമായി ചുരുക്കുന്നതിനോടാണ് അദ്ദേഹത്തിന് വിയോജിപ്പ്. ലക്ഷ്യത്തെ ദൈവത്തിലേക്ക് ചേര്‍ത്തിപ്പറയുന്ന പ്രമാണപാഠങ്ങളും ഉണ്ടല്ലോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ജനങ്ങള്‍ തന്നെ ഓര്‍ക്കണമെന്നും സ്തുതിക്കണമെന്നും ആരാധിക്കണമെന്നും സ്‌നേഹിക്കണമെന്നും തന്റെ ആജ്ഞകള്‍ അനുസരിക്കണമെന്നും തന്നില്‍ ഭരമേല്‍പ്പിക്കണമെന്നുമൊക്കെ അല്ലാഹു താല്‍പ്പര്യപ്പെടുന്നില്ലേ? തനിക്കു മാത്രം വിധേയപ്പെട്ട്, തന്നെ മാത്രം അനുസരിച്ചും ആരാധിച്ചും മനുഷ്യന്‍ കഴിഞ്ഞുകൂടുന്നത് അല്ലാഹുവിനെ ഏറെ തൃപ്തനാക്കും. അതിനര്‍ഥം ഇത്തരം ആരാധനകളും സ്തുതികളും അനുസരണവുമൊക്കെ അല്ലാഹുവിന് ആവശ്യമുണ്ട് എന്നല്ല. ഇതൊക്കെ മനുഷ്യന്‍ ചെയ്യാതിരുന്നാല്‍ അല്ലാഹു അപൂര്‍ണനായിപ്പോകും എന്നും അര്‍ഥമില്ല. അല്ലാഹു കാര്യങ്ങള്‍ ചെയ്യുന്നത് അവനത് ചെയ്യുന്നത് ഇഷ്ടമാണ് എന്നതുകൊണ്ടാണ്.

ഒരാള്‍ക്ക് ചോദിക്കാം: മനുഷ്യനന്മക്കായി ദൈവം പ്രവാചകന്മാരെ നിയോഗിക്കുന്നു. കുറേ പേര്‍ അവരില്‍ വിശ്വസിച്ച് ഈ ദൈവികവൃത്തിയുടെ പ്രയോജനങ്ങള്‍ സ്വന്തമാക്കുന്നു. വേറെ കുറേ പേര്‍ പ്രവാചകന്മാരില്‍ വിശ്വസിക്കാതെ അതിന്റെ ദുരന്തഫലവും ഏറ്റുവാങ്ങുന്നു. ചിലര്‍ക്ക് പ്രയോജനപ്പെടുമെങ്കിലും മറ്റൊരു വിഭാഗത്തിന് മഹാ ദുരന്തം വരുത്തിവെക്കുന്ന ഈ കര്‍മത്തിനു പിന്നിലെ യുക്തി (ഹിക്മ) എന്താണ്? ഈ ചോദ്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ മുഅ്തസിലികള്‍ പറയുന്ന ന്യായം ഇതാണ്: പ്രവാചകന്മാര്‍ നിയോഗിക്കപ്പെടുന്നത് അവരെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാരോ അവരിലേക്കു മാത്രമാണ്. കാരണം തിന്മയായതൊന്നും ദൈവം ഇഛിക്കില്ല; സംഭവിക്കാത്ത ഒന്ന് അവന്‍ ഇഛിക്കാത്തതുപോലെതന്നെ. ഈ ഉത്തരം ശരിയല്ല. കാരണം, പ്രവാചകന്മാര്‍ അയക്കപ്പെടുന്നത് അവരെ വിശ്വസിക്കാത്തവരിലേക്കും ധിക്കരിക്കുന്നവരിലേക്കും കൂടി അല്ലെങ്കില്‍, ഈ ആളുകളെ അവിശ്വാസത്തിന്റെയും ധിക്കാരത്തിന്റെയും പേരില്‍ എങ്ങനെ ശിക്ഷിക്കാനാവും? ദൈവേഛയില്ലാതെ അവിശ്വാസമോ ധിക്കാരമോ സംഭവിക്കും എന്നും അതിന് അര്‍ഥമില്ല.

ഇബ്‌നുതൈമിയ്യ പറയുന്നത്, നന്മയോ തിന്മയോ ആയി ലോകത്ത് എന്തു സംഭവിക്കുന്നതും ദൈവേഛയോടും അനുവാദത്തോടും അവന്റെ കഴിവിനാലുമൊക്കെ തന്നെയാണ് എന്നാണ്. ദൈവേഛയെ പ്രാപഞ്ചികം, നിര്‍ദേശാത്മകം എന്നിങ്ങനെ രണ്ടിനമായി തിരിച്ചുകാണണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പ്രവാചകന്മാരെ അയക്കുക, അവര്‍ നല്‍കുന്ന സന്ദേശത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുക എന്നുള്ളതെല്ലാം ദൈവത്തിന്റെ നിര്‍ദേശാത്മക ഇഛയായി കാണാം. ഈ നിര്‍ദേശങ്ങള്‍ സ്വീകരിച്ചാല്‍ വിജയമുണ്ട്; അല്ലെങ്കില്‍ പരാജയവും ശിക്ഷയും. ദൈവം നിര്‍ദേശിക്കുന്നതെന്തും നന്മയായിരിക്കും; ആ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നവരെ അവന് ഇഷ്ടവുമായിരിക്കും. അവന്റെ എല്ലാവിധ അംഗീകാരവും അതിനുണ്ടാവും. പ്രാപഞ്ചിക ഇഛ എന്നു പറയുമ്പോള്‍, അത് നന്മയായോ തിന്മയായോ ഭവിക്കാം. ദൈവത്തിന്റെ അംഗീകാരമോ അംഗീകാരമില്ലായ്മയോ അവിടെ വിഷയമല്ല. ഒരാള്‍ തിന്മ ചെയ്യുന്നത് ദൈവേഛ പ്രകാരമല്ലേ എന്ന ചോദ്യത്തിന്, അത് ഈ രണ്ടാം ഇനത്തില്‍പെട്ട ഇഛയായിരിക്കും എന്നാണ് മറുപടി.

ദൈവം നന്മ ഉദ്ദേശിച്ച പ്രവൃത്തിയില്‍തന്നെ ചില തിന്മകളും കണ്ടെന്നു വന്നേക്കാം. മഴ പെയ്യുന്നത് പൊതുവെ എല്ലാവര്‍ക്കും നന്മയാണ്; ആ മഴ കെടുതിയായിത്തീരുന്നവരും ഉണ്ടാകുമല്ലോ. പക്ഷേ, അത്തരം കാര്യങ്ങളില്‍ എപ്പോഴും നന്മ തിന്മയെ മറികടന്നും മുന്തിയും നില്‍ക്കും. അതുപോലെ പ്രവാചകന്മാരെ അയക്കുക എന്നത് മൊത്തത്തില്‍ മനുഷ്യസമൂഹത്തിന് വലിയ നന്മയാണ്; മഴയുടെ കാര്യത്തിലെന്നപോലെ, നിഷേധിക്കുന്നവര്‍ക്ക് അത് തിന്മയായും ഭവിക്കും.

(തുടരും)

 

കുറിപ്പുകള്‍

1. സയ്യിദ് ശരീഫ് അല്‍ജുര്‍ജാനി - ശറഹുല്‍ മവാഖിഫ് 8/379

2. ഇബ്‌നുതൈമിയ്യ - മിന്‍ഹാജുസ്സുന്ന 1/39

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (22-26)
എ.വൈ.ആര്‍

ഹദീസ്‌

റമദാന്‍ വ്രതത്തിന്റെ വിശുദ്ധി
സുബൈര്‍ കുന്ദമംഗലം