പാനായിക്കുളം കേസ്: നീതിയെ തടവിലാക്കുന്ന ഭരണകൂട ആസൂത്രണങ്ങള്‍
ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ രൂപീകരിച്ച ശേഷം കേരളത്തില്‍നിന്ന് ഏറ്റെടുത്ത ആദ്യ കേസായിരുന്നു പാനായിക്കുളം കേസ്. വിവിധ തരത്തിലുള്ള കൈകടത്തലുകള്‍ നടക്കുന്ന, കള്ളസാക്ഷികളും വ്യാജ തെളിവുകളും ഹാജരാക്കപ്പെട്ട, എന്‍.ഐ.എ കോടതിയിലെ ന്യായാധിപന്‍ വരെ പക്ഷം ചേര്‍ന്ന കേസായിരുന്നു ഇത്. അവസാനം, ഹൈക്കോടതി എല്ലാ കുറ്റാരോപിതരെയും വെറുതെ വിടുകയും കോടതിയും നിയമ പാലകരും കേസില്‍ നടത്തിയ ഇടപെടലുകളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നു. മുന്‍ ഡി.ജി.പി ഡോ. സിബി മാത്യു 'നിര്‍ഭയം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയില്‍ പാനായിക്കുളം കേസില്‍ പോലീസ് സ്വീകരിച്ച സമീപനത്തെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പോലീസിലെ പലര്‍ക്കും ഈ കേസ് വെറും കെട്ടിച്ചമച്ചതാണെന്ന് കൃത്യമായി അറിയാമായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.
ഭീകരനിയമങ്ങള്‍ ചാര്‍ത്തപ്പെട്ട കേസുകളുടെ ഉള്ളുകള്ളികള്‍ വെളിച്ചത്തുകൊണ്ടുവരുന്നതാണ് കോടതിവിധി. പതിമൂന്ന് വര്‍ഷം നീ നിയമപോരാട്ടങ്ങളിലൂടെയാണ് നിരപരാധികള്‍ക്ക് ജയില്‍മോചിതരാകാന്‍ സാധിച്ചതെന്നത് നമ്മുടെ നിയമ വ്യവസ്ഥയുടെ നടത്തിപ്പിനെകുറിച്ച് കൂടുതല്‍ ആലോചനകള്‍ ആവശ്യപ്പെടുന്നുണ്ട്.
കേസിന്റെ നാള്‍വഴികള്‍
2006 ആഗസ്റ്റ് 15-നാണ് കേസിനാസ്പദമായ സംഭവങ്ങളുണ്ടാകുന്നത്. 'സ്വാതന്ത്ര്യത്തില്‍ ഇന്ത്യന്‍ മുസ്ലിംകളുടെ പങ്ക്' എന്ന തലക്കെട്ടില്‍ പാനായിക്കുളം അങ്ങാടിയിലെ ഹാപ്പി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയാണ് കേസിലേക്ക് നയിച്ചത്. പരിപാടിയുടെ തുടക്കത്തെയും സംഘാടനത്തെയും കുറിച്ച് കുറ്റാരോപിതരില്‍ ഒരാളായ റാസിഖ് തന്നെ എഴുതിയ ബ്ലോഗ് കുറിപ്പില്‍ ഇങ്ങനെ വായിക്കാം:
''ഓഡിറ്റോറിയത്തിന്റെ പുറത്ത് ശാദുലി നില്‍പുണ്ടായിരുന്നു. ഓഡിറ്റോറിയത്തിന്റെ താഴെ നിലയില്‍ ചില കടകള്‍ തുറന്നിരിപ്പുണ്ട്. റോഡില്‍നിന്ന് സ്റ്റെയര്‍ കയറി വേണം രണ്ടാം നിലയിലെത്താന്‍. കടക്കാനുള്ള ഗേറ്റില്‍തന്നെ 'സ്വാതന്ത്ര്യത്തില്‍ ഇന്ത്യന്‍ മുസ്ലിംകളുടെ പങ്ക് -ചര്‍ച്ച' എന്ന ബോര്‍ഡ് കാണാം. എന്നോടൊപ്പം ശാദുലിയും മുകളിലേക്ക് കയറിവന്നു. നിസാമുദ്ദീനെ പരിചയപ്പെടുത്തി. അന്നത്തെ പരിപാടിയെക്കുറിച്ചൊരു ചിത്രം ശാദുലി തന്നു: 'പത്തരക്കാണ് പരിപാടി. പാനായിക്കുളത്ത് വ്യാപകമായി ക്ഷണം നടന്നിട്ടുണ്ട്; പിന്നെ അറിയാവുന്ന സുഹൃത്തുക്കളെയും വിളിച്ചു.'
മണി പത്ത് കഴിഞ്ഞു. ആളുകള്‍ എത്തിത്തുടങ്ങുന്നതേയുള്ളൂ. 10.30-ഓടെ പരിപാടി ആരംഭിച്ചു. പത്തു പതിനഞ്ച് പേര്‍ കാണും. അന്‍സാര്‍ നദ്‌വിയുടെ ഖുര്‍ആന്‍ ക്ലാസോടെയായിരുന്നു തുടക്കം. ലളിതവും ഹ്രസ്വവുമായിരുന്നു ക്ലാസ്. പിന്നെയും ആളുകള്‍ വന്നുകൊണ്ടിരുന്നു. വിഷയാവതരണത്തിനായി ശാദുലി എന്നെ ക്ഷണിച്ചു. അപരിചിതരാണ് ഏറെയും. ഞാന്‍ സാവധാനം തുടങ്ങി. ആമുഖം തുടങ്ങിയതേയുള്ളൂ. ഡയസില്‍ ഒറ്റക്കാണ്. വീണ്ടും ചിലയാളുകള്‍ കയറിവന്നു. വന്നവര്‍ സംഘാടകരെ അന്വേഷിച്ചു. നിസാമുദ്ദീന്‍ ചെന്നു. തിരികെ വന്നുപറഞ്ഞു, പോലീസുകാരാണെന്ന്. പരിപാടി തുടര്‍ന്നോട്ടേ എന്നവരോടന്വേഷിച്ചു. തുടര്‍ന്നോളാന്‍ പറഞ്ഞു. പതിനൊന്ന് മണിയോടെ യൂണിഫോമിട്ട പോലീസുകാരും എത്തി. വന്നവര്‍ എന്റെ കൈയിലുണ്ടായിരുന്ന സിനോപ്‌സിസ് (പ്രസംഗിക്കാനുള്ള കുറിപ്പടി) പരിശോധിച്ചു, കുഴപ്പങ്ങളൊന്നുമില്ലെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ പോലീസുകാര്‍ ശൈലി മാറ്റി. ഇടക്കിടെ പോലീസുകാര്‍ക്ക് വന്നുകൊണ്ടിരിക്കുന്ന ഫോണുകളാണ് ശൈലിമാറ്റത്തിന്റെ കാരണമെന്നു എനിക്ക് തോന്നി. 'പരിപാടിയെക്കുറിച്ച് ചില സംശയങ്ങളുണ്ട്, സ്റ്റേഷന്‍ വരെ എല്ലാവരും വരണം' എന്ന് അവര്‍ പറഞ്ഞു. അവിടെ വെച്ചുതന്നെ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരുടെയും പേരും വിലാസവും പോലീസ് കുറിച്ചെടുത്തു....''
പിന്നീട് നടന്നത് പൊലീസിന്റെ വളരെ ആസൂത്രിതമായ നീക്കങ്ങളായിരുന്നു. പ്രതികളെ തെരഞ്ഞെടുത്ത് കഥയുണ്ടാക്കുകയെന്നതായിരുന്നു അവിടെ നടന്നത്. എല്ലാവരെയും ബിനാനിപുരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് റാസിഖിന്റെ വാക്കുകളില്‍:
''രണ്ട് ജീപ്പുകളില്‍ ഷട്ടിലടിച്ചാണ് ഞങ്ങളെ ബിനാനിപുരം പോലീസ് സ്റ്റേഷനിലെത്തിച്ചത്. സമയം ഉച്ചയാകുന്നതേയുള്ളൂ. സ്റ്റേഷനിലെത്തിച്ചെങ്കിലും പ്രത്യേകിച്ചൊന്നുമില്ല- കുറേ സമയത്തേക്ക് ആരും ഒന്നും ചോദിച്ചതു തന്നെയില്ല. എസ്.ഐ വന്നാല്‍ വിട്ടയക്കുമെന്ന് കൂട്ടിക്കൊണ്ടുവന്ന പോലീസുകാരും പറഞ്ഞു. പിന്നെ എസ്.ഐ വന്നു. പലതും ചോദിച്ചറിഞ്ഞു. 'ഉടനെ വിടുമോ സാറേ' - ഞങ്ങള്‍ ചോദിച്ചു. 'സി.ഐ വരട്ടെ നോക്കാം.' സ്റ്റേഷനില്‍നിന്ന് അകത്തേക്കും പുറത്തേക്കും നിരന്തരമായി വന്നുംപോയും കൊണ്ടിരുന്ന ഫോണ്‍ കോളുകള്‍ കാര്യങ്ങള്‍ അവതാളത്തിലാക്കുമെന്ന് നന്നായി അറിയാമായിരുന്നു. സി.ഐ വന്നു, പിന്നെപ്പിന്നെ നിരനിരയായി യൂണിഫോമിലും അല്ലാതെയും പോലീസുകാര്‍ വന്നുകൊണ്ടിരുന്നു. പോലീസുകാരുടെ സ്വഭാവത്തിലും ഭാഷയിലും പ്രകടമായ മാറ്റങ്ങളും കണ്ടുതുടങ്ങി.
മണി നാല് കഴിഞ്ഞു. അതുവരെ സ്റ്റേഷനിലുള്ളിലായിരുന്ന ഞങ്ങളോട് മുറ്റത്തേക്കിറങ്ങാന്‍ പറഞ്ഞു. പുറത്ത് ക്യാമറയുമായി ആളുകള്‍ റെഡിയായിരുന്നു. ഞങ്ങളെ നിരത്തി നിര്‍ത്തി. ഫഌഷുകള്‍ മിന്നിത്തെളിഞ്ഞു.
അല്‍പം കഴിഞ്ഞപ്പോള്‍ പോലീസുകാര്‍ വന്നു പറഞ്ഞു: 'ഈ സ്റ്റേഷനില്‍ സൗകര്യക്കുറവുള്ളതുകൊണ്ട് നിങ്ങളെ ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാറ്റുകയാണ്.' മുറ്റത്ത് 'ഇടിവണ്ടി' വന്നു നിന്നതിന്റെ ശബ്ദം. ഞങ്ങളേയും കൊണ്ട് പോലീസുകാര്‍ പുറത്തേക്കിറങ്ങി. സ്റ്റേഷന്റെ പരിസരമാകെ ജനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. സൂചി കുത്താന്‍ പോലും സ്ഥലമില്ലാത്ത തിരക്ക്.''
ബിനാനിപുരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന 18 പേരെ സ്റ്റേഷനിലെ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം വിട്ടയക്കാന്‍ ഒരുങ്ങവെ സംഘടിച്ചെത്തിയ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരും അവരുടെ മീഡിയയുമാണ് കേസിന്റെ ദിശതിരിച്ചത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പിലൂടെ ആളുകളെ കൊണ്ടുപോയതോടെ മാധ്യമങ്ങള്‍ അവരുടെ 'ഉത്തമ ധര്‍മം' നിര്‍വഹിക്കാന്‍ തുടങ്ങി. പൊലീസ് പറഞ്ഞതും പറയാത്തതുമായി ധാരാളം കഥകള്‍ മെനഞ്ഞ് അച്ചടിച്ചു വന്നു. പിന്നീട് രംഗം ഡി.വൈ.എസ്.പിയുടെ ഓഫീസിലേക്ക് മാറി. അവിടെ നടന്ന കാര്യങ്ങള്‍ റാസിഖിന്റെ വാക്കുകളില്‍ ഇങ്ങനെ വായിക്കാം:
''അഞ്ചു മണി കഴിഞ്ഞപ്പോള്‍ പോലീസ് വാഹനം ആലുവ ഡി.വൈ.എസ്.പി ഓഫീസിന് മുന്നിലെത്തി. നിറയെ പോലീസ് വാഹനങ്ങള്‍ക്കിടയിലേക്ക് മറ്റൊന്നുകൂടി. കനത്ത പോലീസ് ബന്തവസ്സില്‍ ഞങ്ങളെ ഡി.വൈ.എസ്.പി ഓഫീസിനുള്ളിലേക്ക് കൊണ്ടുപോയി. പലരെയും മാറിമാറി ചോദ്യംചോയ്തു.
രാത്രി എട്ട് മണിയോടെ റൂറല്‍ എസ്.പി വഹാബുമെത്തി. ഇതിനകം എന്റെയും ശാദുലിയുടെയും വീടുകളില്‍ റെയ്ഡും നടന്നു. പിന്നീട് ചോദ്യംചെയ്യല്‍ ഞങ്ങളിരുവരെയും കേന്ദ്രീകരിച്ചായി. രാത്രി വൈകുംവരെ ഈ നില തുടര്‍ന്നു. മണി പത്തുകഴിഞ്ഞുകാണും, എന്നെയും ശാദുലിയെയും എസ്.പി റൂമിലേക്കു വിളിച്ചിട്ട് എന്നോട് പറഞ്ഞു. 'ഒള്ളത് പറഞ്ഞോ, ഇല്ലെങ്കില്‍ ചവിട്ടിക്കൂട്ടി അളിയനെ പോലെയാക്കും' (എന്റെ ഭാര്യാ സഹോദരനായ ശാദുലി തീരെ മെലിഞ്ഞിട്ടായിരുന്നു). ഭീഷണിയുടെ ഭാഷ എനിക്കും നന്നായി മനസ്സിലായി.
പിന്നീട് ആ രാത്രി ആരെയും അകത്തേക്ക് വിളിച്ചില്ല. ഓഫീസിന്റെ പുറത്തെ ഹാളിന്റെ തറയിലിരുന്ന് പലരും ഉറക്കം തൂങ്ങി. ഡി.വൈ.എസ്.പിയുടെ മുറിയില്‍ നടക്കുന്ന ചര്‍ച്ച ഇടക്കിടെ പുറത്തേക്ക് കേള്‍ക്കാം. പ്രതികളാക്കപ്പെടേണ്ട പേരുകളെ കുറിച്ചായിരുന്നു അവരുടെ ചര്‍ച്ച. ഉറക്കച്ചടവ് മാറ്റി ഞാന്‍ വാക്കുകള്‍ കൂടുതല്‍ ശ്രദ്ധിച്ചു. അഞ്ചാമത്തെ പ്രതിയെക്കുറിച്ച ചര്‍ച്ച നടക്കുമ്പോള്‍ വഹാബ് സാറിന്റെ ഗൗരവമുള്ള ശബ്ദം പുറത്തേക്കു കേട്ടു: 'അന്യായമായി ഒരു കുട്ടിയെയും അറസ്റ്റ് ചെയ്യാന്‍ പാടില്ല' (ഇതിനദ്ദേഹം നല്‍കേണ്ടിവന്ന വില വലുതായിരുന്നു). എന്റെ മനസ്സ് സമാധാനം പൂണ്ടു.
മണി മൂന്ന് കഴിഞ്ഞിരിക്കുന്നു. പോലീസ് മേധാവികള്‍ ഓരോരുത്തരായി പുറത്തേക്കു വന്നു കൊണ്ടിരുന്നു. തുടര്‍ന്ന് 5 പേരെ മുഖ്യപ്രതികളാക്കി തടഞ്ഞുവെച്ച് ബാക്കിയുള്ളവരെ വിട്ടയച്ചു.''
ഇത്രയുമാണ് 2006 ആഗസ്റ്റില്‍ നടന്ന സംഭവങ്ങള്‍. ഇടതുമുന്നണി ഭരിക്കുന്ന സമയത്തായിരുന്നു ഈ സംഭവങ്ങളെല്ലാം. മുന്‍കൂട്ടി നോട്ടീസടിച്ച് നാട്ടുകാരെ വിളിച്ച് പൊതുജന പങ്കാളിത്തത്തോടെ നടന്ന ഒരു പരിപാടിയെയാണ് രഹസ്യ യോഗമായി ചിത്രീകരിക്കാന്‍ പിന്നീട് പോലീസ് ശ്രമിച്ചത്. അതിനായി ധാരാളം വ്യാജ തെളിവുകളും നിരത്തി. ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക ചോദ്യംചെയ്യലില്‍ പാനായിക്കുളത്ത് നടന്നത് രഹസ്യയോഗമായിരുന്നില്ല, സ്വാതന്ത്ര്യദിന സെമിനാറായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയത് കേസിലെ സാക്ഷിമൊഴിയില്‍ വന്നിട്ടുണ്ട്.
തെളിവുകളുടെ ഒരു പിന്തുണയുമില്ലാതായതോടെയാണ് റശീദ് മൗലവിയെന്ന മാപ്പുസാക്ഷിയെ പോലീസ് ഉണ്ടാക്കിയെടുക്കുന്നത്. അങ്ങനെ റശീദ് മൗലവിയില്‍നിന്ന് പരാതി എഴുതിവാങ്ങി കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് 5 പേര്‍ക്കും കേരള ഹൈക്കോടതി ജാമ്യമനുവദിച്ചു.
കേസിന്റെ ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തി ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ മുഖ്യധാരാ മാധ്യമങ്ങളടക്കം ആലുവ റൂറല്‍ എസ്.പി ആയിരുന്ന അബ്ദുല്‍ വഹാബ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കഥ പ്രചരിപ്പിച്ചു. ഉദ്യോഗസ്ഥന്റെ മതമായിരുന്നു ഈ പ്രചാരണത്തിന് കരുത്തായത്. ഈ ദുഷ്പ്രചാരണങ്ങള്‍ ഉപയോഗപ്പെടുത്തി കോടിയേരിയുടെ ആഭ്യന്തര വകുപ്പ് 2008 സെപ്റ്റംബറില്‍ മലപ്പുറം ഡി.വൈ.എസ്.പി ശശിധരന്റെ നേതൃത്വത്തില്‍ പുതിയ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ (എസ്.ഐ.ടി) നിയമിച്ചു. ഈ അന്വേഷണ സംഘമാണ് ദേശവിരുദ്ധമെന്ന് പിന്നീട് വാദിക്കപ്പെട്ട പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതിയുണ്ടാക്കിയതും അത് കേട്ടുവെന്ന് റശീദ് മൗലവിയെക്കൊണ്ട് കള്ളസാക്ഷി പറയിച്ചതും. കേസിന്റെ ബലത്തിനായി നേരത്തേ വെറുതെവിട്ട 13 പേരെ വീണ്ടും അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്‍.ഐ.എ
2009 അവസാനം ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്തുതന്നെയാണ്് സംസ്ഥാനത്ത് എന്‍.ഐ.എ സംവിധാനം വരുന്നത്. അതിനെ തുടര്‍ന്ന് പാനായിക്കുളം കേസ് എന്‍.ഐ.എ ഏറ്റെടുത്തു. അന്വേഷണമെന്ന പേരില്‍ എല്ലാ കുറ്റാരോപിതരെയും സ്വാധീനിക്കാനും മാപ്പുസാക്ഷികളാക്കാനുമായിരുന്നു ശ്രമിച്ചിരുന്നത്. എന്നാല്‍ അവസാനം റശീദ് മൗലവി മാത്രമാണ് അതിന് വഴങ്ങിയത്. അങ്ങനെ 2011-ല്‍ എന്‍.ഐ.എ ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചു. 2014 ജൂലൈയില്‍ കൊച്ചി എന്‍.ഐ.എ കോടതി വിചാരണ ആരംഭിക്കുകയും ചെയ്തു.
എന്‍.ഐ.എ കോടതി പലതരത്തില്‍ വിചാരണ നീട്ടിക്കൊണ്ടുപോകാനും കള്ള തെളിവുകളുണ്ടാക്കാനും ശ്രമിച്ചു. പ്രതിഭാഗത്തിനായി വാദിച്ച മുന്‍ ജഡ്ജി വി.ടി രഘുനാഥിന്റെ നേതൃത്വത്തിലുള്ള എട്ടംഗ അഭിഭാഷകര്‍ എന്‍.ഐ.എയുടെ എല്ലാ തെളിവുകളെയും ഖണ്ഡിക്കുകയും റശീദ് മൗലവിയുടെ മാപ്പുസാക്ഷ്യം നിലനില്‍ക്കില്ലെന്ന് തെളിയിക്കുകയും ചെയ്തു. കേസിന് രണ്ട് എഫ്.ഐ.ആറുകളുണ്ടായിരുന്നെന്നും ആദ്യത്തേത് നശിപ്പിക്കപ്പെട്ടതാണെന്നും കോടതിയില്‍ തെളിഞ്ഞു. അങ്ങനെ ഒരു ഘട്ടത്തില്‍ ദേശദ്രോഹക്കുറ്റം ഈ കേസില്‍ നിലനില്‍ക്കില്ലെന്ന് ജഡ്ജി തന്നെ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതേ വകുപ്പുകള്‍ ചാര്‍ത്തി കുറ്റാരോപിതര്‍ക്ക് പരമാവധി ശിക്ഷ വിധിക്കുന്നതാണ് പിന്നീട് കണ്ടത്. സംശയത്തിന്റെ ആനുകൂല്യങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലമില്ലാതിരിക്കല്‍ തുടങ്ങി ഒന്നും പരിഗണിച്ചില്ല. എന്‍.ഐ.എ കോടതി പ്രോസിക്യൂഷനെയും എന്‍.ഐ.എയും ചാര്‍ജ്ഷീറ്റിലെ വൈരുധ്യങ്ങള്‍ തിരുത്താന്‍ സഹായിക്കുന്ന അപൂര്‍വതയും വിചാരണാ വേളയിലുണ്ടായി.
ഇങ്ങനെ തികച്ചും പക്ഷപാതപരമായി എന്‍.ഐ.എ കോടതി പുറപ്പെടുവിച്ച വിധിയാണ് ഇപ്പോള്‍ ഹൈക്കോടതി വിധിയിലൂടെ ഇല്ലാതായിരിക്കുന്നത്. എല്ലാവരെയും കോടതി വെറുതെ വിടുകയും ചെയ്തു. കേസില്‍ എന്‍.ഐ.എയുടെ മുഖ്യ ആരോപണങ്ങളായിരുന്ന സിമി ബന്ധവും രഹസ്യ യോഗവും സ്ഥാപിക്കാന്‍ ഒരു തെളിവുമില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. മേല്‍പറഞ്ഞ ആരോപണങ്ങള്‍ തെളിയിക്കാന്‍ ഹാജരാക്കിയ തെളിവുകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ കോടതി പ്രതികരിക്കുകയും ചെയ്തു. നോട്ടീസടിച്ച് പരസ്യമായി നടത്തിയ യോഗം രഹസ്യ യോഗമാക്കിയതിനെ വിമര്‍ശിച്ച കോടതി, മാപ്പുസാക്ഷി കേട്ടെന്നു പറഞ്ഞ് എന്‍.ഐ.എ ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കത്തില്‍ ദേശവിരുദ്ധമോ നിയമവിരുദ്ധമോ ആയ ഒന്നുമില്ലെന്നും നിരീക്ഷിച്ചു. നിരോധിക്കുന്നതിനു മുമ്പ് സിമിയുടെ കോഴിക്കോട് ഓഫീസില്‍നിന്ന് കിട്ടിയ പ്രവര്‍ത്തകരുടെ ലിസ്റ്റില്‍ പേരുണ്ടെന്നത് തെറ്റല്ലെന്നും അന്ന് നിരോധിക്കപ്പെടാത്ത സംഘടനയില്‍ പ്രവര്‍ത്തിച്ചത് പ്രശ്‌നമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ദീര്‍ഘമായ 13 വര്‍ഷമാണ് തങ്ങളുടെ യുവപ്രായത്തില്‍ കുറ്റാരോപിതരായ ശാദുലി, റാസിഖ്, അന്‍സാര്‍, ശമ്മാസ്, നിസാമുദ്ദീന്‍ എന്നിവര്‍ക്ക് നഷ്ടമായത്. നീണ്ട കേസുനടത്തിപ്പില്‍ മൈനോറിറ്റി റൈറ്റ്സ് വാച്ചിനെ പോലുള്ള കൂട്ടായ്മകളും മറ്റും വലിയ പങ്കാണ് വഹിച്ചത്. അഭിഭാഷകരായ എസ്. ഷാനവാസ്, വി.എസ് സലീം, വി.ടി രഘുനാഥ്, ടി.ജി രാജേന്ദ്രന്‍, എസ്. രാജീവ് തുടങ്ങി പലരും കേസില്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. സോളിഡാരിറ്റി പോലുള്ള സംഘടനകള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയും മറ്റും സംഘടിപ്പിച്ച് പാനായിക്കുളത്തും ഈരാറ്റുപേട്ടയിലും വിപുലമായ സമര പരിപാടികളും സംഘടിപ്പിച്ചിരുന്നു.
നഷ്ടപരിഹാരം തന്നെയാണ് നീതി
നിലവിലുള്ള ഭീകര നിയമങ്ങളും ദേശദ്രോഹ നിയമങ്ങളും വലിയ ദുരുപയോഗങ്ങള്‍ക്ക് സാധ്യതയുള്ളതാണ്. യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങള്‍ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കുമെന്നതിനാല്‍ റദ്ദാക്കപ്പെടണം. അധികാരികളും പൊലീസും എങ്ങനെയാണ് ഇത്തരം നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നതെന്നും വംശീയ മുന്‍വിധികളോടെ ശത്രുതാപരമായി ഉപയോഗിക്കുന്നതെന്നും കൃത്യമായി തെളിയിക്കുന്ന കേസാണ് പാനായിക്കുളം. അതിനാല്‍ ഇത്തരം നിയമങ്ങള്‍ക്കെതിരെ മുന്നിട്ടിറങ്ങുകയെന്നത് ജനാധിപത്യത്തിന്റെ നിലനില്‍പ്പാഗ്രഹിക്കുന്ന ഓരോരുത്തരുടെയും സാമൂഹിക ഉത്തരവാദിത്തമാണ്.
ഇത്തരം കേസുകളില്‍ കുടുക്കി കുറ്റാരോപിതരായി ആയുസ്സിലെ ദീര്‍ഘ വര്‍ഷങ്ങള്‍ നഷ്ടപ്പെടുകയും നിരപരാധികളെന്നു തെളിഞ്ഞ് പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്യുന്ന ധാരാളം സംഭവങ്ങളുണ്ട്. അവര്‍ക്ക് പൂര്‍ണ നീതിയെന്നത് നഷ്ടപരിഹാരം തന്നെയാണ്. ഇത്തരത്തില്‍ മോചിതരാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിയമ കമീഷന്റെ ശിപാര്‍ശയുണ്ട്. എന്നാല്‍ അത് നടപ്പാക്കാന്‍ സര്‍ക്കാറുകള്‍ ഇതുവരെ തയാറായിട്ടില്ല. ആളുകളെ അന്യായമായി കേസില്‍ കുടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കും അധികാരികള്‍ക്കുമെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ മാത്രമേ ഇവിടെ നിയമവാഴ്ചയും നീതിയും ഉറപ്പാക്കാനാകൂ. പാനായിക്കുളം കേസില്‍ തന്നെ കോടതി, ഉദ്യോഗസ്ഥരെയും എന്‍.ഐ.എയെയും താക്കീതു ചെയ്തിട്ടുണ്ടെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ല. ഇതും വലിയ അനീതിയാണ്. നമ്മുടെ ജനാധിപത്യത്തിനു മുന്നില്‍ ഇത്തരം നടപടികളെല്ലാം മനസ്സാക്ഷിയെ കൊളുത്തിവലിക്കുന്ന ചോദ്യങ്ങളായി അവശേഷിക്കും, തീര്‍ച്ച.
Comments