Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 26

3099

1440 ശഅ്ബാന്‍ 20

വെറുപ്പിന്റെ വേട്ടമൃഗങ്ങളെ തുടലൂരി വിടുന്നവര്‍

പി.ടി. കുഞ്ഞാലി

ലോകത്തെ രണോത്സുകമായ ആത്യന്തിക സംഘങ്ങള്‍ തങ്ങളുടെ സ്ഥാപിതത്വത്തിനും നിലനില്‍പ്പിനും ആശ്രയിക്കുന്നത് എന്നും അപരനിഗ്രഹത്തിന്റെ കുടില സൂത്രങ്ങള്‍ മാത്രമായിരിക്കും. അതിന് ആവശ്യം തങ്ങള്‍ക്ക് ഏറ്റവും വിരോധമുള്ള ഒരു സമൂഹത്തെ മനസ്സില്‍ പ്രതിഷ്ഠിക്കുകയാണ്. എന്നിട്ട് അവര്‍ക്കെതിരെ നുണകളും ഊഹങ്ങളും പ്രചരിപ്പിക്കുക. കാരണം ഊഹങ്ങള്‍  എളുപ്പം വില്‍പ്പനയാവും. അതില്‍ ഒരു അനിശ്ചിതത്വമുണ്ട്. അനിശ്ചിതത്വത്തിന്റെ ചന്തകളില്‍ ഊഹച്ചരക്ക് എളുപ്പം വില്‍പ്പനയാക്കാന്‍ ഉന്മത്ത സമൂഹത്തിന് പറ്റും. ആള്‍ക്കൂട്ട മനോനിലയെ നിര്‍ണയിക്കുക ഊഹങ്ങളാവും. അവിടെ ന്യായം പ്രവര്‍ത്തിക്കുകയില്ല. അപ്പോള്‍ അക്രമവാസനയുടെ സാന്ദ്രത അപാരമായിരിക്കും. ഈയൊരു പ്രതലത്തിലാണ് ഇന്ത്യയിലെ രാഷ്ട്രീയ സ്വയം സേവകസംഘത്തെയും അവരുടെ കുടില തന്ത്രങ്ങളെയും നാം വിലയിരുത്തേണ്ടത്.  ആര്‍.എസ്.എസ് നിലനില്‍ക്കുന്നത് അവരുടെ ഏതെങ്കിലും ജനാധിപത്യ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനല്ല. മറിച്ച് തങ്ങള്‍ നോട്ടമിട്ട അപരന്‍ ഉടന്‍ നിഗ്രഹമര്‍ഹിക്കുന്നവനാണെന്ന അന്ധബോധ്യം പ്രയോഗതലത്തില്‍ ആസുരമായി വിജയിപ്പിക്കാനാണ്. യൂറോപ്പില്‍ ഈ അപരര്‍ ജിപ്‌സികളും  അമേരിക്കയില്‍ റെഡ് ഇന്ത്യക്കാരും ഫലസ്ത്വീനില്‍ അറബികളും  തിബറ്റില്‍ ബുദ്ധന്മാരും ചൈനയിലും ബോസ്‌നിയയിലും  മ്യാന്മറിലും മുസ്‌ലിം ജനതയുമാകുന്നത് വെറുതെയല്ല.  ഇന്ത്യയിലാകട്ടെ ഈ രണോത്സുക സംഘത്തിന്റെ ഒരേയൊരു ഇര ഇവിടെ തലമുറകളായി ജീവിതം  തുഴയുന്ന മുസ്‌ലിം  ജനസാമാന്യവും.

എങ്ങനെയാണ് കൊളോണിയല്‍ കാലം തൊട്ടേ ഇന്ത്യയില്‍ ഇങ്ങനെയൊരു  മനോനില രൂപപ്പെട്ടതെന്നും  ഏതൊക്കെ വിതാനങ്ങള്‍ കയറിയും മറിഞ്ഞുമാണ് ഈ മുസ്‌ലിം നിഗ്രഹ കുടിലസംഘം ഇന്ത്യയില്‍ മേല്‍ക്കൈ നേടിയതെന്നും അതോടെ ദേശത്തിലെ  മുസ്‌ലിംകളുടെ ജീവിതാവസ്ഥകള്‍ എന്തുമാത്രം ഭീഷണിയിലാണെന്നും അപഗ്രഥിക്കുന്ന നിരവധി രചനകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഈ മണ്ഡലത്തില്‍ വ്യത്യസ്തമായൊരു നിരീക്ഷണമാണ് ഹാരിസ് ബശീറിന്റെ ആര്‍.എസ്.എസ് ഒരു വിമര്‍ശന വായന എന്ന ഏറ്റവും പുതിയ പുസ്തകം. ശത്രുപക്ഷത്തു നിന്നുള്ള ഭര്‍ത്സനമല്ല പുസ്തകം. വൈകാരിക സ്‌തോഭങ്ങളുടെ കേവലാവതരണവുമല്ല.  മറിച്ച് നീണ്ട കാലത്തെ സമര്‍പ്പിത സാധകം കൊണ്ട് ലഭ്യമാക്കിയ കൃത്യതയുള്ള വിവരങ്ങള്‍ മാത്രം മുന്നില്‍ വെച്ച് ആലോചനയുടെയും സമചിത്തതയുടെയും പ്രതലത്തില്‍നിന്നാണ് പുസ്തകം തയാറാക്കിയതെന്ന് ഒറ്റ വായനയില്‍ തന്നെ നമുക്കു ബോധ്യമാവും.

ഇത്രമാത്രം അപരവിരോധത്തിന്റെ സംഘാടനം എങ്ങനെയാണ് ഈ ദേശത്താരംഭിച്ചതെന്ന് അന്വേഷിച്ച് ഹാരിസ് ബശീര്‍ എത്തുന്നത് ദയാനന്ദ സരസ്വതിയിലേക്കും  (1824 - 83) അദ്ദേഹത്തിന്റെ ആര്യ സമാജത്തിലേക്കും പിന്നെ 'സത്യാര്‍ഥ പ്രകാശ'ത്തിലേക്കുമാണ്. സിന്ധുതടത്തിലേക്ക് ഇരമ്പിക്കയറി പാവം സാത്വികരായ ദ്രാവിഡരെ തുരത്തിയ ആര്യന്മാര്‍ ആയിരത്തി തൊള്ളായിരത്തി പതിനൊന്നിലെ കാനേഷുമാരിയില്‍ മാത്രമാണ് ആര്യ എന്നതിനു പകരം ഹിന്ദു  എന്നെഴുതാന്‍ ബോധപൂര്‍വം തീരുമാനിക്കുന്നത്. ഇത് ഇന്ത്യയില്‍ തീവ്രഹിന്ദുത്വം പ്രത്യക്ഷമാകുന്നതിന്റെ ആദിപ്രസരമായിരുന്നു. പതിയെ ലാലാ ലജ്പത് റായിയും മദന്‍ മോഹന്‍ മാളവ്യയും ഈ അന്ധബോധത്തെ തീവ്രവൈകാരികതയായി ജ്വലിപ്പിച്ചു. പിന്നീട് ഈ രണോത്സുക ഹിന്ദുജാഗരണം തിടം വെച്ചത് എങ്ങനെയൊക്കെയാണെന്ന് ചരിത്രത്തിന്റെ നിറവെട്ടത്തില്‍നിന്നാണ് എഴുത്തുകാരന്‍ നിരീക്ഷിക്കുന്നത്.

1922-ലാണ്  മറാഠിയായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ തന്റെ 'ഹിന്ദുത്വ' എന്ന പുസ്തകം പ്രകാശിപ്പിച്ചത്. അതിലദ്ദേഹം ഹിന്ദുക്കളെയാണ് രാഷ്ട്രം എന്ന് സംബോധന ചെയ്യുന്നത്.  ഇത് ദേശചരിത്രത്തിലെ ഒരു സുപ്രധാനമായ തിരിവാണ്. മൂന്ന് പ്രതലങ്ങളിലാണ് സവര്‍ക്കര്‍  തന്റെ സിദ്ധാന്തം  ക്രമീകരിക്കുന്നത്. അതില്‍ പ്രധാനം ദേശം തന്നെയാണ്. പിന്നെ സംസ്‌കാരവും. സംസ്‌കാരത്തിന്റെ ഭാഷ സംസ്

കൃതവും. അപ്പോള്‍ സ്വാഭാവികമായും മുസലിംകള്‍ അപരമാകും. കാരണം അവരുടെ സംസ്‌കാരം വേറെയാകും.  

ദേശത്തെയാണ് ഇവര്‍ ഉദാത്തവല്‍ക്കരിക്കുന്നത്, മനുഷ്യരെയല്ല.  ദേശത്തെ ഒരു ജൈവസാന്നിധ്യമാണ് ഇവര്‍  അവതരിപ്പിക്കുന്നത്. ഹിന്ദുവിനെയും രാഷ്ട്രത്തെയും പര്യായപദമായാണ് ഗോള്‍വാള്‍ക്കര്‍ എപ്പോഴും ഉപയോഗിച്ചത്. ദേശീയ ജീവിതമെന്നാല്‍ എന്താണെന്ന ചോദ്യത്തിനുള്ള ഇവരുടെ ഉത്തരം 'ഹിന്ദുരാഷ്ട്രം' എന്നുതന്നെയാണ്.  ഇവിടെ ഭാരതം എന്നതിന്റെ താല്‍പര്യം തൊള്ളായിരത്തി പതിനൊന്നോടെ ഹിന്ദുവായി മാറിയ മനുപ്രോക്ത ആര്യന്‍ തന്നെയാണ്.  ഇതിന്റെ മറുഭാഗം ഹിന്ദുക്കളല്ലാത്തവരൊക്കെയും അടിപടലോടെ ദേശയുക്തിക്ക് മറുപുറത്താണെന്നതും.  ഇങ്ങനെ മറുപുറത്ത് നില്‍ക്കുന്നവര്‍ പരിഗണിക്കപ്പെടേണ്ടതില്ല.

ആര്‍.എസ്.എസ് ഒരു അരാഷ്ട്രീയ സാംസ്‌കാരിക സംഘമാണെന്നാണ് പൊതുവെ ഹിന്ദുത്വര്‍ അവകാശപ്പെടുക. ഈ കപട അവകാശവാദത്തെ എഴുത്തുകാരന്‍ യുക്തിസഹമായാണ് ചോദ്യം ചെയ്യുന്നത്. ആര്‍.എസ്.എസ്സിന്റെ മതസങ്കല്‍പം അവരുടെ തന്നെ ഗ്രന്ഥങ്ങളില്‍നിന്ന് ഹാരിസ് ഉദ്ധരിക്കുന്നുണ്ട്. ''നമ്മുടെ ദൈവം ജീവനുള്ളതാകണം. അത് ഹിന്ദുസമാജമാണ്. അതു തന്നെയാണ് ഭക്തിയുടെ കേന്ദ്രം. അതാണ് രാഷ്ട്ര ദേവി. ഹിന്ദുക്കളെ ഒരിക്കലും വര്‍ഗീയവാദികള്‍ എന്നു വിളിക്കാന്‍ പാടില്ല. കാരണമവര്‍ ഭാരതത്തോട് ഭക്തി പുലര്‍ത്തുന്നവരാണ്. ഭൂരിപക്ഷത്തിന്റെ ജീവിതമാണ് ഭാരതത്തിന്റെ  ദേശീയ ജീവിതം. ദേശീയോദ്ഗ്രഥനമെന്നാല്‍ ഹിന്ദു ദേശീയധാരയെ ശക്തിപ്പെടുത്തലാണ്. ന്യൂനപക്ഷമെന്ന പേരിലുള്ള സകല വര്‍ത്തമാനങ്ങളും അവസാനിപ്പിക്കണം. ദേശത്തോടുള്ള ഹിന്ദു സമൂഹത്തിന്റെ കൂറില്‍ ഒരുവിധ സംശയങ്ങളും പാടില്ല. എന്നാല്‍ മറ്റുള്ളവരുടെ ദേശക്കൂറ് ഒരിക്കലും ഉറപ്പിച്ചു പറയാനാവില്ല. ഭാരതത്തിന്റെ ദേശീയത  മുസ്‌ലിം ആക്രമണത്തിനു മുമ്പുള്ള ഹിന്ദു ജീവിതമാണ്. അത് പുഷ്ടിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ദേശീയ പ്രവര്‍ത്തനം. ഇതില്‍നിന്ന് തങ്ങള്‍ വ്യത്യസ്തരാണെന്ന് വിചാരിക്കുന്ന സര്‍വരും  വര്‍ഗീയവാദികളാണ്.'' ഇങ്ങനെ ഒരു ദേശമെന്നാല്‍ അത് ഒരു മതവിശ്വാസം മാത്രമാണെന്ന പരികല്‍പന മുന്നോട്ടുവെക്കുകയാണ് ആര്‍.എസ്.എസ്.

രാഷ്ട്രത്തിന്റെ ഫെഡറല്‍ ഘടനയെ ആര്‍.എസ്.എസ് നിരാകരിക്കുന്നു. ദേശം ഏകശിലാത്മകമായ ഒരു സത്തയാകുന്നതിന് എതിരുനില്‍ക്കുന്ന സര്‍വതിനെയും നിലംപരിശാക്കണമെന്നതാണവരുടെ സിദ്ധാന്തം. ചരിത്രത്തെയവര്‍ ഉപയോഗിക്കുന്നത് ദേശമഹിമകള്‍ വാഴ്ത്താന്‍ മാത്രമല്ല, മുസ്‌ലിം അപരനെ ദേശയുക്തിയില്‍നിന്ന് നിര്‍ദ്ദയം പുറത്താക്കാനുമാണ്. ഇതിനവര്‍ക്ക് വ്യവസ്ഥാപിത സന്നാഹങ്ങളുമുണ്ട്.  'അഖില ഭാരതീയ ഇതിഹാസ സങ്കലന്‍ യോജന'  ഇതിലൊന്നു മാത്രം. പാഠ്യപദ്ധതികളില്‍ കൂടി ഇതിനായി ഇവര്‍ സംഘടിതമായി തിരിമറികള്‍ നടത്തിക്കഴിഞ്ഞു.  

ക്ഷുദ്രവും ഭീകരവുമായ ഇത്തരം ആശയാവലികള്‍ ഇളംതലമുറകളിലേക്ക് ബോധപൂര്‍വം ഇവര്‍ പ്രക്ഷേപണം ചെയ്യുകയാണ്. അങ്ങനെ നാടാകെ കലാപമുണ്ടാക്കുകയും വെറുപ്പിന്റെ വേട്ടമൃഗങ്ങളെ തുടലൂരിവിട്ട് മുസ്‌ലിം സാമൂഹിക ജീവിതത്തെ കുടഞ്ഞെറിയാന്‍ ചുരമാന്തി മണ്ടുകയും ചെയ്യുന്നതാണ് ഇന്നുവരെയുള്ള സംഘചരിത്രം. ഇന്നാകട്ടെ ഭരണകൂടത്തെ ഇവര്‍ക്ക് നിയന്ത്രിക്കാനാവുന്നു. എങ്ങനെയാണ് ഒരു സമൂഹത്തിന് ഇത്തരത്തില്‍ രണോത്സുകമാകാന്‍ സാധ്യമാകുന്നത്, ഇതിനു പിന്നിലെ  കൊടൂരസിദ്ധാന്തങ്ങള്‍ എന്തൊക്കെയാണ്, എങ്ങനെയാണ് ഈ ആശയങ്ങള്‍ സംഘഗോത്രങ്ങള്‍ക്കിടയില്‍ ഭൂതാവേശമായി പ്രക്ഷേപിക്കുന്നത് ഇതെല്ലാം സംഘമാത്ര പ്രമാണങ്ങളില്‍നിന്നും സൂക്ഷ്മമായി കണ്ടെടുത്താണ് ഈ പുസ്തകം തയാറാക്കിയത്.  ഒരുതരം നൈതികതയും ആശ്ലേഷിക്കാത്ത ഈ വര്‍ഗീയകോമരങ്ങള്‍ക്ക് മുന്നില്‍  പാല്‍പ്പത ശൈശവമോ  നിഷ്‌കളങ്ക ബാല്യമോ വിവശ വാര്‍ധക്യമോ  അബല സ്‌ത്രൈണതയോ ഒന്നും കരുണ തേടുകയില്ല. ഈ ഫാഷിസ്റ്റ് സംഘത്തിന്റെ യഥാര്‍ഥ സ്വരൂപം അവരുടെതന്നെ പ്രമാണഗ്രന്ഥങ്ങളിലൂടെ  അറിഞ്ഞെത്തുമ്പോള്‍ നാം സ്തബ്ധരാകും. കെ.ടി. ഹുസൈനാണ് പുസ്തകം ഭാഷാമാറ്റം ചെയ്തത്. ഒഴുക്കുള്ളതാണ് പരിഭാഷ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (20-21)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയത്തില്‍നിന്നാണ് ആ കണ്ണീര്‍
വി.പി അസ്ഖലാനി