Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 26

3099

1440 ശഅ്ബാന്‍ 20

സൈബര്‍ കുറ്റകൃത്യങ്ങള്‍ രക്ഷിതാക്കള്‍ ജാഗ്രത കാണിക്കണം

ഒ.ടി മുഹ്‌യിദ്ദീന്‍, വെളിയങ്കോട്

സോഷ്യല്‍ മീഡിയ വ്യാപക സ്വാധീനം നേടിയെടുത്തതോടെ കുറ്റകൃത്യങ്ങള്‍ വിവിധ രൂപങ്ങള്‍ കൈക്കൊണ്ടിരിക്കുന്നു. കൗമാരക്കാര്‍ക്ക് ഹരം പകരാന്‍ കുട്ടികളുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ വ്യാപകമാണിപ്പോള്‍. ഈയിടെ 'ഓപ്പറേഷന്‍ പി ഹണ്ട്' എന്ന പേരില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ കേരള പോലീസ് ഹൈടെക്ക് സെല്ലും സൈബര്‍ സെല്ലും ഒറ്റ ദിവസം 12 ജില്ലകളിലെ 45 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 21 പേര്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളും കൂട്ടത്തിലുണ്ട്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ടെലിഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റു സൈറ്റുകള്‍ വഴിയും ഈ ചിത്രങ്ങള്‍ കാണുന്നവരുടെ വിവരങ്ങള്‍ ഒരു മാസമായി സൈബര്‍ ഡോം നിരീക്ഷിച്ചുവരികയായിരുന്നു. പരിശോധനയുടെ തലേദിവസം 84 അക്കൗണ്ടുകളുടെ വിവരം ശേഖരിച്ച് ജില്ലാ പോലീസ് മേധാവികളുടെ സഹായത്തോടെയാണ് 21 പേരെ വലയിലാക്കിയത്. 63 പേര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും സൈബര്‍ സെല്‍ അറിയിച്ചിരുന്നു.

കുട്ടികളില്‍ ഇത്തരം പ്രവണതകള്‍ വളരുന്നതില്‍ മാതാപിതാക്കളുടെ ജാഗ്രതതക്കുറവും ഒരു കാരണമാണ്. മക്കളോട് തുറന്നു സംസാരിക്കുന്ന, അവരുടെ പ്രശ്‌നങ്ങളും താല്‍പര്യങ്ങളും അടുത്തറിയുന്ന വിധത്തിലുള്ള ബന്ധം അവരുമായി ഉണ്ടാക്കിയെടുക്കണം. മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും, അതേസമയം അവരോട് ഇത്തരം ഭവിഷ്യത്തുകളെക്കുറിച്ച് പറഞ്ഞ് സൈബറിടങ്ങളില്‍ കൂടുതല്‍ സമയം സ്വയം ചെലവിടുകയും ചെയ്യുന്ന രക്ഷിതാക്കളും ഇതില്‍ കുറ്റക്കാര്‍ തന്നെയാണ്.

 

 

ചേറ്റിക്കൊഴിച്ചെടുത്ത 'വംശവൃക്ഷം'

'സുന്ദരമായ ആശയം മാത്രം പോരാ; അവയെ അണിയിക്കുന്ന പുടവയും സുന്ദരമായിരിക്കണം' - ഇമാം ഗസാലിയുടെ ഈ വാക്കുകളെ സാധൂകരിക്കുന്ന കാവ്യാവിഷ്‌കാരമാണ് 'വംശവൃക്ഷം' (75/44). ദര്‍ശനാത്മകവും ഹൃദ്യവുമായ വായനാനുഭവമാണ് 'വംശവൃക്ഷം' സമ്മാനിക്കുന്നത്. ജന്മ-ജന്മാന്തരങ്ങളിലൂടെ കടന്നുപോരുന്ന മനുഷ്യവംശത്തിന്റെ എഴുതിയാല്‍ തീരാത്ത കാവ്യസംസ്‌കാരത്തിന്റെ ഒരു നുള്ളാവണം വംശവൃക്ഷത്തിന്റെ സ്ഥലകാലപരിധി. പൂവിന്റെയും പൂനിലാവിന്റെയും ആകാശത്തിന്റെയും സമുദ്രത്തിന്റെയും ഭംഗി മാത്രമല്ല, മാരിവില്ലഴകും മഞ്ഞ്, വേനല്‍, മഴ, ഗാലക്‌സി, ഞാഞ്ഞൂല്‍, പക്ഷി, ചേതനയുടെ കാതല്‍, കരുത്ത്, സൗന്ദര്യം തുടങ്ങി സൂക്ഷ്മ മൂലകങ്ങള്‍ വരെ കവി പഠനവിധേയമാക്കുന്നുണ്ട്. ജീവിതത്തിന്റെ ഗൗരവാവഹമായ ഒന്നാണ് കവിതയെന്ന് ജ്ഞാനികള്‍ എഴുതിയത് വെറുതെയല്ല. തോമസ് ആര്‍ണള്‍ഡിനെ പോലുള്ളവര്‍ ഒരുപടികൂടി കടന്ന്  ജീവിത വിമര്‍ശനമാണ് കവിതയെന്ന് രേഖപ്പെടുത്തി. നൂലറ്റ പമ്പരത്തോടും പൊളിച്ചെടുക്കുന്ന വാഴത്തടിയോടും മനുഷ്യജീവിതത്തെ ഉപമിച്ചവരും നമുക്കിടയിലുണ്ട്.

കാവ്യവാസനാ ഗുണങ്ങളില്‍ സദാ മുഴുകിക്കഴിയുന്ന നമ്മുടെ കവി ലോകഗതി മാറ്റിമറിക്കുന്നത് നിരക്ഷരനാണെന്ന് സമ്മതിക്കുന്നു. എഴുത്തും വായനയും പരിശീലിക്കാത്ത നബിമുത്ത് മുസ്ത്വഫയായിരുന്നല്ലോ മദീനാ റിപ്പബ്ലിക്കിന്റെ സാരഥ്യം വഹിച്ചത്. അഭിരുചിയുടെ അനന്ത വൈവിധ്യം ഊന്നിപ്പറയുന്നു വംശവൃക്ഷം. പരമമായ ലക്ഷ്യം കാവ്യാനന്ദമാണെന്ന് ലോഡ് ജിഫ്‌റി എഴുതിയത് അതുകൊണ്ടാവണം. 'മിന്നിത്തിളങ്ങും' എന്ന ഈരടിയുമായി 'വംശവൃക്ഷ'ത്തെ ചേര്‍ത്തുവെക്കാവുന്നതാണ്. കാരണം തത്ത്വദര്‍ശനങ്ങളുടെ ഊടും പാവും ഈ രണ്ട് കവിതകളെയും പ്രതിനിധാനം ചെയ്യുന്നുണ്ട്. നിരന്തര സാധനയിലൂടെ ചേറ്റിക്കൊഴിച്ചെടുത്ത കവിത കലാപരമായ ഔന്നത്യം പുലര്‍ത്തുന്നു.

അച്ചടക്കമുള്ള ഒരു പ്രകടനം അടിവെച്ചടിവെച്ച് കുന്നിന്‍മുകളിലേക്കെന്ന പോലെ ആരോഹണം ചെയ്യുന്നത് കവിതയെ ചൈതന്യവത്താക്കി മാറ്റുന്നു. മുഴുവന്‍ പറയാതെ പോവുന്നതാണ് ധ്വനിയെന്ന് അഷിത പറയുന്നുണ്ട്. 'വംശവൃക്ഷ'ത്തില്‍ ഈ ധ്വനി ഏറെ സാന്ദ്രമാവുന്നു. എളമ്പിലാക്കോടിന് കവിത്വം ജന്മസിദ്ധമാണെന്നതില്‍ സംശയമില്ല. അത്രമേല്‍ ശക്തമാണ് വൈകാരികാംശത്തിന്റെ ഉജ്ജ്വലതയും സംഗീതാംശത്തിന്റെ സൗകുമാര്യവും. നിര്‍വചനങ്ങളില്‍നിന്ന് മോചിപ്പിച്ചെടുക്കുന്ന വാക്യങ്ങളാണ് കവിത. പരമമായ സത്തയുടെ വെളിപ്പെടുത്തലാണ് അത്. വലിയുപ്പയില്‍നിന്ന് ഉപ്പയിലേക്കും തുടര്‍ന്ന് മകനിലേക്കും പേരക്കുട്ടിയിലേക്കും സംക്രമിക്കുന്ന ജീവിത മനോവിഭ്രാന്തിയിലൂടെ കവിത കടന്നുപോവുന്നു.

നിങ്ങള്‍ അറിയുക പോലും ചെയ്യാത്ത നിരവധി വസ്തുക്കള്‍ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു (ഖുര്‍ആന്‍ 16.8). ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത മണ്ണിലെ സൂക്ഷ്മ മൂലകങ്ങള്‍ എന്ന കവിവാക്യം മേല്‍ വചനങ്ങളെ സാക്ഷ്യപ്പെടുത്തുന്നു. ഓരോ പ്രപഞ്ചവിസ്മയവും പരസ്പരം കടപ്പെട്ടിരിക്കുന്നു. ലയമില്ലാതെ താളമില്ല. ഒന്നില്ലാതെ മറ്റൊന്നിന് അസ്തിത്വമില്ല. മുടിയിഴകള്‍ ഒന്നിലധികം കീറുകളാക്കാനും ആറ്റം വിഭജിക്കാനും കഴിയുമെങ്കില്‍ വംശവൃക്ഷത്തിന്റെ സാധ്യത ചെറുതല്ല. പ്രപഞ്ചത്തേക്കാള്‍ ആഴവും പരപ്പുമുണ്ടതിന്. അനന്ത സാധ്യതകള്‍ കവിതയില്‍ പകര്‍ന്നാടുന്നു. ആറാം ഇന്ദ്രിയത്തിന്റെ സ്വപ്‌നവാക്യങ്ങളിലൂടെ കടന്നുപോകുന്നു കവിത. മരണത്തോട് മല്ലിടുന്ന കീറ്റ്‌സ് പറഞ്ഞ പോലെ, താരമേ നിന്നെപ്പോലെ അചഞ്ചലമീക്കവിതയും എന്ന സത്യത്തിലേക്ക് കവി നടന്നടുക്കുന്നു.  നന്ദി, കവിക്കും വാരികക്കും.

വി.കെ.എം കുട്ടി, ഈസ്റ്റ് മലയമ്മ

 

 

 

ജമാഅത്തിന്റെ വൈജ്ഞാനിക സംഭാവനകള്‍

മുസ്‌ലിം സമൂഹത്തിലും പൊതുസമൂഹത്തിലും ഇസ്‌ലാമിനെ കാലോചിതമായി അവതരിപ്പിക്കുന്നതില്‍ ഏറെ പങ്കുവഹിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. പ്രസ്ഥാന വൃത്തത്തില്‍നിന്ന് രൂപപ്പെട്ട പ്രസിദ്ധീകരണങ്ങളും കൃതികളും പ്രഭാഷണങ്ങളും ഇസ്‌ലാമിക വൈജ്ഞാനിക വീഥികളില്‍ ഉത്തമവഴിത്തിരിവുകള്‍ സൃഷ്ടിച്ചിച്ചുണ്ട്.

സമുദായത്തിന് വളരാനും ഉയരാനും ആവശ്യമായ ഭൗതികവും ആത്മീയവുമായ പല പദ്ധതികളും ജമാഅത്തെ ഇസ്‌ലാമി ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. വളരെയേറെ പുതുമയോടെ ഇസ്‌ലാമികാശയങ്ങള്‍ സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഉതകുന്നതാണ് ജമാഅത്തിന്റെ പ്രസിദ്ധീകരണങ്ങള്‍; പ്രബോധനം, ബോധനം തുടങ്ങിയവ ഉദാഹരണം. 

അനാചാരങ്ങളില്‍ മുങ്ങിക്കിടന്നിരുന്ന മുസ്‌ലിം സമൂഹത്തെ അതില്‍നിന്ന് മോചിപ്പിച്ച്, ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ജീവിക്കേണ്ടതിന്റെ അനിവാര്യത അവരെ ജമാഅത്ത് ബോധ്യപ്പെടുത്തുകയുണ്ടായി. തൗഹീദ് മുഖ്യ അജണ്ടയാക്കി പ്രബോധനരംഗത്ത് നിലകൊള്ളേണ്ടതുണ്ടെന്നും, അതാണ് പ്രവാചകന്മാരുടെ മാര്‍ഗമെന്നുമുള്ള ബോധം ഈയുള്ളവനില്‍ ജനിപ്പിച്ചതും ചെറുപ്പം മുതലേയുള്ള പ്രബോധനം വായനയാണ്. അനേകം വ്യക്തികളില്‍ ഈ ബോധം വളര്‍ത്തിയെടുക്കാന്‍ പ്രബോധനത്തിന് കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍, ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയ നീക്കങ്ങളില്‍ കൂടുതല്‍ ഇടപെടുന്നതില്‍ എനിക്ക് വിയോജിപ്പുണ്ട്. ജമാഅത്തെ ഇസ്‌ലാമി തിരിച്ചുപോകേണ്ടതുണ്ട്. വ്യത്യസ്ത രാഷ്ട്രീയവീക്ഷണങ്ങള്‍ പുലര്‍ത്തുന്ന മുസ്‌ലിം സമുദായത്തില്‍ പ്രത്യേക രാഷ്ട്രീയം പുലര്‍ത്തുന്നതിന് പകരം ദീനീനിലപാടുകളില്‍ ശ്രദ്ധയൂന്നുന്ന ജമാഅത്തെ ഇസ്‌ലാമിയാണ് നല്ലത്.

എം.എ നൂറുദ്ദീന്‍ ലബ്ബ ദാരിമി, ഇമാം, മസ്ജിദുല്‍ ഇസ്‌ലാം, പാലാരിവട്ടം

 

 

 

സാഹോദര്യത്തിന്റെ സംഗീതം

മനുഷ്യത്വത്തിന്റെയും മാനവികതയുടെയും മനോഹര സംഗീതം മുഴക്കുന്ന മസ്ജിദിന്റെ പവിത്രതയിലേക്ക് വെറുപ്പിന്റെ നിറയൊഴിച്ച ന്യൂസിലാന്റ് ഭീകരാക്രമണത്തെയും അതിന്റെ പ്രതിഫലനങ്ങളെയും വിലയിരുത്തിയ ലേഖനങ്ങള്‍ (ലക്കം 45)അവസരോചിതമായി. 

സയണിസ്റ്റ് സ്വാധീനമുള്ള മാധ്യമങ്ങള്‍ നിരന്തരമായ നുണ പ്രചാരണങ്ങളിലൂടെ വേട്ടക്കാരായി ചിത്രീകരിച്ചവരാണ് യഥാര്‍ഥ ഇരകളായ മുസ്‌ലിംകള്‍. മതചിഹ്നങ്ങള്‍ പോലും ഭീകരവാദത്തിന്റെ ബീഭത്സ അടയാളങ്ങളായി ചിത്രീകരിക്കപ്പെട്ടതിനാല്‍, അരക്ഷിതാവസ്ഥയിലേക്കെടുത്തെറിയപ്പെട്ട ഒരു സമൂഹത്തെ ചേര്‍ത്തുപിടിച്ചതിലൂടെ ലോകത്തെ വേദനിക്കുന്ന മുഴുവന്‍ വിശ്വാസി സമൂഹത്തെയും സ്‌നേഹാശ്ലേഷണം നടത്തിയ പ്രതീതിയാണ് അക്ഷരാര്‍ഥത്തില്‍ ജസീന്ത എന്ന ഭരണാധികാരി സൃഷ്ടിച്ചത്. 

വംശീയതയും വര്‍ഗീയതയും ഇരകളാക്കുന്ന മനുഷ്യരെ ചേര്‍ത്തു പിടിക്കുന്ന മനുഷ്യസ്‌നേഹികളായ ഭരണാധികാരികളെ വര്‍ത്തമാനകാലം വല്ലാതെ കൊതിക്കുന്നുണ്ട്. 

ഇസ്മാഈല്‍ പതിയാരക്കര

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (20-21)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയത്തില്‍നിന്നാണ് ആ കണ്ണീര്‍
വി.പി അസ്ഖലാനി