Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 26

3099

1440 ശഅ്ബാന്‍ 20

'വെല്ലുവിളികളെ സാധ്യതകളായി അഭിമുഖീകരിക്കണം'

സയ്യിദ് സആദത്തുല്ലാ ഹുസൈനി

2019-2023 പ്രവര്‍ത്തന കാലയളവിലേക്കുള്ള ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ അമീറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സയ്യിദ് സആദത്തുല്ലാ ഹുസൈനി. പ്രഗത്ഭ ചിന്തകനും എഴുത്തുകാരനും സംഘാടകനുമായ അദ്ദേഹവുമായി 'പ്രബോധന'ത്തിനു വേി ജുമൈല്‍ കൊടിഞ്ഞി, ഹസീം മുഹമ്മദ് എന്നിവര്‍ തയാറാക്കിയ അഭിമുഖം.

 

താങ്കളുടെ കുടുംബം, പഠനം, പ്രസ്ഥാന അനുഭവങ്ങള്‍...

ഉമ്മയുടെ നാടായ തെലങ്കാനയിലെ മെഹ്ബൂബ് നഗര്‍ ജില്ലയിലെ ചെറിയ ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. കര്‍ണാടകയിലാണ് പിതാവിന്റെ നാട്. അദ്ദേഹം മഹാരാഷ്ട്രയില്‍ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു. അതിനാല്‍ എന്റെ ചെറുപ്പകാലവും പ്രാഥമിക വിദ്യാഭ്യാസവുമെല്ലാം മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിലായിരുന്നു. മഹാരാഷ്ട്രയിലെ പര്‍ഭാനിയിലായിരുന്നു എന്റെ ബിരുദത്തിന് മുമ്പുള്ള പഠനം. അതിനു ശേഷം എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കി. 

ചെറുപ്പം മുതല്‍ തന്നെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ചില പരിപാടികളില്‍ പങ്കെടുത്തിരുന്നു. പിന്നീട് എസ്.ഐ.ഒയിലൂടെയാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുന്നത്. 1990-ല്‍ എസ്.ഐ.ഒയില്‍ അംഗമായി. 1995-ല്‍ എസ്.ഐ.ഒ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷം തന്നെ കേന്ദ്രസമിതിയിലുമെത്തി. 1999-ല്‍ ദേശീയ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 2003 വരെ പ്രസിഡന്റായി തുടര്‍ന്നു. 1999-ലാണ് ജമാഅത്തില്‍ അംഗത്വമെടുത്തത്. 2007 മുതല്‍ ജമാഅത്തെ ഇസ്‌ലാമി ദേശീയ കൂടിയാലോചനാ സമിതിയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജമാഅത്തിന്റെ കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ അസിസ്റ്റന്റ് അമീറായും റിസര്‍ച്ച് സെന്റര്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു.

 

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പുതിയ അമീറായി തെരഞ്ഞെടുക്കപ്പെട്ട ഈ സന്ദര്‍ഭത്തില്‍ പ്രസ്ഥാന പ്രവര്‍ത്തകരോടും ഇന്ത്യന്‍ ജനതയോടും എന്താണ് പങ്കുവെക്കാനുള്ളത്? 

ലോകതലത്തിലും ഇന്ത്യയില്‍ പ്രത്യേകിച്ചും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വലിയ പ്രതിസന്ധികള്‍ നേരിടുന്ന സന്ദര്‍ഭമാണിത്. എന്നാല്‍ ഈ പ്രതിസന്ധികള്‍ നമുക്ക് വലിയ സാധ്യതകളും നല്‍കുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം. പ്രതിസന്ധികള്‍ക്കൊപ്പമോ അതിനു മറുവശത്തോ ധാരാളം സാധ്യതകളുണ്ടാകും. അവയെ നമുക്ക് ഉപയോഗിക്കാനാകണം. ഇസ്‌ലാമും ഇസ്‌ലാമിക പ്രസ്ഥാനവും വിവിധ തരത്തില്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ നമുക്ക് പറയാനുള്ളത് വിപുലമായ രീതിയില്‍ പൊതുസമൂഹത്തിലെത്തിക്കാന്‍ നമുക്ക് സാധിക്കണം. അതിനാവശ്യമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണം. ഇപ്പോഴുള്ള ചര്‍ച്ചകള്‍ക്കപ്പുറത്ത്, ഇസ്‌ലാമിക പ്രസ്ഥാനം എന്തിനാണ് നിലനില്‍ക്കുന്നത്, അതിനെന്ത് സന്ദേശമാണ് നല്‍കാനുള്ളത്, നാടിന്റെ പുരോഗതിക്ക് അതെന്തെല്ലാമാണ് ചെയ്യാനുദ്ദേശിക്കുന്നത് - ഇതെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നമുക്ക് ഈ അവസരം ഉപയോഗിക്കാം. അവസരങ്ങളുപയോഗപ്പെടുത്തി ആളുകളുമായി ആശയവിനിമയം നടത്താന്‍ ശ്രമിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നമ്മുടെ സന്ദേശത്തിന് ചെവിനല്‍കും എന്നാണ് പ്രസ്ഥാന പ്രവര്‍ത്തകര്‍ മനസ്സിലാക്കേണ്ടത്. 

ഇന്ത്യന്‍ ജനത പൊതുവിലും വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. വര്‍ഗീയ ശക്തികള്‍ രാജ്യത്തിന്റെ സുരക്ഷയും സമാധാനവും തീര്‍ത്തും ഇല്ലാതാക്കിയിരിക്കുന്നു. രാജ്യം തുടര്‍ന്നുപോന്ന അടിസ്ഥാന മൂല്യങ്ങള്‍ തന്നെ അപകടത്തിലാണ്. വിദ്വേഷ രാഷ്ട്രീയം പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സംവാദവും സഹവര്‍ത്തിത്വവും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്. വിവിധ മതവിഭാഗങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണകളും മറ്റും തീര്‍ക്കാന്‍ പരമാവധി ശ്രമിക്കണം. തല്‍പര കക്ഷികള്‍ക്ക് ഈ സഹകരണവും സൗഹൃദവും ഇല്ലാതാക്കാനാവില്ലെന്ന് ഇന്ത്യന്‍ സമൂഹം ഉറപ്പാക്കണം. ഈ ലക്ഷ്യത്തിനായി യുവാക്കള്‍ കാര്യമായി രംഗത്തിറങ്ങണം. 

 

ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറാകണമെന്നും അതിനുള്ള ശേഷി ആര്‍ജിക്കണമെന്നും താങ്കള്‍ എഴുത്തുകളിലും മറ്റും സൂചിപ്പിച്ചിട്ടുണ്ട്. വിശദീകരിക്കാമോ? 

വിവിധ മേഖലകളില്‍ ഇസ്‌ലാമിക പ്രസ്ഥാനം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശേഷി നേടേത് അനിവാര്യമാണ്. ജമാഅത്ത് ഒരു ആദര്‍ശ പ്രസ്ഥാനമാണെന്നതിനാല്‍ ആദര്‍ശപരമായ കാര്യങ്ങള്‍ തന്നെയാണ് അതിലേറ്റവും പ്രാധാന്യമുള്ളത്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദര്‍ശ ചിന്തകള്‍ രൂപപ്പെട്ടതും വികസിച്ചതും വിഭജനത്തിനു മുമ്പുള്ള സാഹചര്യത്തിലാണ്. പിന്നെ ഇന്ത്യയെന്ന രാഷ്ട്രം നിലവില്‍വന്നു. ഇവിടെ മുഖ്യ ന്യൂനപക്ഷമായി മുസ്‌ലിംകളുണ്ട്. രാജ്യം മൊത്തമായി തന്നെ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. രാജ്യമെന്ന നിലയില്‍ എങ്ങനെയുള്ള വ്യവസ്ഥയാണ് ഇവിടെയുണ്ടാവേണ്ടത്, അതിന്റെ ഊന്നലുകളെന്താകണം എന്നൊക്കെയായിരുന്നു അക്കാലത്തെ പ്രധാന ചര്‍ച്ച. ആ സമയത്താണ് ഇന്ത്യയില്‍ ജമാഅത്ത് രൂപംകൊള്ളുന്നത്. എന്നാല്‍ ഇന്ന് അവസ്ഥകള്‍ കുറേയേറെ മാറിയിട്ടുണ്ട്. 

ഇപ്പോള്‍ ചര്‍ച്ചകളും മറ്റും വളരെ മുന്നോട്ടുപോയിരിക്കുന്നു. ലോകതലത്തിലും നമ്മുടെ രാജ്യത്തുമെല്ലാം ഇന്ന് ഇസ്‌ലാമിനെ ഒരു പ്രധാന ആശയവും ആദര്‍ശവുമായി അംഗീകരിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അതേസമയം ധാരാളം മറ്റു ആശയങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതുവരെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നേരിടേണ്ടിവരാത്ത തരത്തിലുള്ള പല ആശയങ്ങളും അതിലുണ്ട്. ഇത്തരം കാര്യങ്ങളെയും അഭിമുഖീകരിക്കേണ്ടതുണ്ട്. മുസ്‌ലിംകള്‍ തന്നെ പലതരത്തിലുള്ള പുതിയ ചോദ്യങ്ങളും നേരിടാന്‍ തുടങ്ങിയിരിക്കുന്നു. അതിനാല്‍ നിലപാടുകള്‍ നവീകരിക്കാതെ നമുക്ക് മുന്നോട്ടുപോകാനാവില്ല. വര്‍ത്തമാനകാല ഇന്ത്യക്ക് കൂടുതല്‍ യോജിക്കുന്ന ആദര്‍ശ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രസ്ഥാനത്തിനാകണം. 

മാറ്റം അനിവാര്യമായ മറ്റൊരു മേഖല സംഘടനയുടെ പോളിസിയുമായും ഘടനയുമായും ബന്ധപ്പെട്ടതാണ്. ഒരു വിഷയമുണ്ടായാല്‍ അതിനെ സമീപിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള നമ്മുടെ പല രീതികളും മാറേണ്ടിയിരിക്കുന്നു. നേരിടുന്ന വെല്ലുവിളികള്‍, അവ ഉയര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ ഇവയെല്ലാം പരിഗണിച്ചായിരിക്കണം നയങ്ങളും നിലപാടുകളുമുണ്ടാകുന്നത്. 

രാജ്യത്ത് ഇപ്പോള്‍ യുവാക്കളുടെ ജനസംഖ്യാ പ്രാതിനിധ്യം വളരെ കൂടുതലാണ്. ജനസംഖ്യയുടെ 65 ശതമാനം 35 വയസ്സിനു താഴെയുള്ളവരാണ്. മുന്‍തലമുറകളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് അവരുടെ സാഹചര്യങ്ങളും രീതികളും. സോഷ്യല്‍ മീഡിയാ കാലത്തെ വലിയ മാറ്റങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാവില്ല. അതിനൊത്ത് അവരെ അഭിമുഖീകരിക്കാനായാല്‍ മാത്രമേ നമുക്ക് ചലനാത്മക പ്രസ്ഥാനമാകാനാകൂ. ഈ രണ്ടു മേഖലകളാണ് എടുത്തു പറയേണ്ടവയായി എനിക്ക് തോന്നുന്നത്. 

 

രാജ്യത്തെ അധികാര പങ്കാളിത്തവുമായി ബന്ധപ്പെട്ട ജമാഅത്ത് ഭരണഘടനയിലെ നിലപാട് ഈയടുത്താണ് മാറിയത്. കൂടുതല്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ? 

തീര്‍ച്ചയായും മാറ്റം സാധ്യമാകും. ജമാഅത്തെ ഇസ്‌ലാമി ഒരു ആദര്‍ശ പ്രസ്ഥാനവും ചലനാത്മക സംഘവുമാണ്. അതിനാല്‍ അതിന് എന്നും മൂടുറച്ച് ഒരുപോലെ തുടരാനാകില്ല. സംഘടനയുടെ പ്രസക്തി തന്നെ നിര്‍ണയിക്കപ്പെടുന്നത് അത് സമൂഹത്തിലെ പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നതിനെയും ആവശ്യങ്ങള്‍ക്കനുസരിച്ച് മാറുന്നതിനെയും അടിസ്ഥാനമാക്കിയാണ്. മുമ്പും ജമാഅത്ത് ധാരാളം മാറിയിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് ഭാവിയിലും അത് തുടരും. 

താങ്കള്‍ പ്രത്യേകമായി പരാമര്‍ശിച്ച കാര്യത്തിലുള്ള നിലപാടുമാറ്റത്തിന് വലിയ ചരിത്രപ്രാധാന്യമുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പാണ് ജമാഅത്ത് ഉണ്ടാകുന്നത്. ആ സമയത്ത് എല്ലാവരുടെയും പ്രധാന ശ്രദ്ധ അധിനിവേശ ശക്തികള്‍ക്കെതിരായ പോരാട്ടത്തിലായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനവും അതുപോലെ തന്നെയായിരുന്നു. സ്വാതന്ത്ര്യസമരം അതിന്റെ അവസാന ഘട്ടത്തിലായതിനാല്‍ ബ്രിട്ടീഷ് ജോലികള്‍ ബഹിഷ്‌കരിക്കണമെന്ന നിലപാട് സ്വീകരിച്ച ധാരാളം മുസ്‌ലിം പണ്ഡിതന്മാരുണ്ടായിരുന്നു. മാത്രമല്ല ബ്രിട്ടീഷുകാര്‍ നടത്തുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്നും പങ്കെടുക്കില്ലെന്നും നിലപാടുള്ള പലരുമുണ്ടായിരുന്നു. അവരുടെ നിയമവ്യവസ്ഥയുടെയും കോടതികളുടെയും ഭാഗമാകില്ലെന്നും അവരില്‍ ചിലര്‍ പ്രഖ്യാപിച്ചു. മുസ്‌ലിം പണ്ഡിതന്മാരുടേതു മാത്രമായിരുന്നില്ല ഈ നിലപാട്. നിസ്സഹകരണ പ്രസ്ഥാനം രാജ്യത്താകമാനം അന്ന് അലയടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇസ്‌ലാമിക പ്രസ്ഥാനവും ബഹിഷ്‌കരണ തീരുമാനങ്ങളെടുത്തത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി. ഇവിടെ ജനാധിപത്യ വ്യവസ്ഥ നിലവില്‍വന്നു. അതിനാല്‍ അതിനോടുള്ള നിലപാടും മാറണം. നമുക്ക് സമൂഹത്തോട് ഇടപഴകാനും ഇടപെടാനും സാധിക്കണം. അതിന് വ്യവസ്ഥയുടെ വിവിധ മേഖലകളിലുള്ള പങ്കാളിത്തം അനിവാര്യമാണ്. അതിനാല്‍ ആ തീരുമാനം മാറല്‍ അനിവാര്യമായിരുന്നു. അതാണ് സംഭവിച്ചത്. സത്യത്തിനും നീതിക്കും വേണ്ടി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ ഭരണത്തിലും കോടതിയിലും ഉദ്യോഗത്തിലുമെല്ലാം പങ്കാളിത്തം വഹിക്കണമെന്ന് ഇപ്പോള്‍ ജമാഅത്ത് തീരുമാനിച്ചിരിക്കുന്നു. 

 

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തനമാരംഭിച്ചിട്ട് ഏഴര പതിറ്റാണ്ട് പിന്നിട്ടു. പക്ഷേ അതിനനുസരിച്ചുള്ള വളര്‍ച്ച അതിന്റെ അണികളുടെ കാര്യത്തിലുണ്ടായിട്ടില്ല എന്ന നിരീക്ഷണമുണ്ട്. എന്തുകൊണ്ടാണിത്? ജനകീയ പ്രസ്ഥാനമായി ജമാഅത്ത് മാറേണ്ടതില്ലേ? 

ജമാഅത്തെ ഇസ്‌ലാമി ജനകീയ പ്രസ്ഥാനമാകാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. തുടക്കത്തില്‍ വളരെ ശക്തവും കെട്ടുറപ്പുള്ളതുമായ ഒരു ന്യൂക്ലിയസിനെ ഉണ്ടാക്കാനാണ് ജമാഅത്ത് ശ്രമിച്ചത്. ആദര്‍ശവും സംസ്‌കരണവും പൂര്‍ത്തിയായവരെയാണ് അതില്‍ ഉള്‍പ്പെടുത്തിയത്. ആദര്‍ശ പ്രസ്ഥാനമെന്ന നിലയില്‍ ഇത്തരം കാമ്പുള്ള ഒരു വിഭാഗത്തെ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഇപ്പോള്‍ ജനകീയ പ്രസ്ഥാനമാകാനും അത് ശ്രമം നടത്തുന്നു. ഈ ശ്രമങ്ങള്‍ വളരെ വൈകിയിട്ടുണ്ടെന്നത് ശരിയാണ്. അതിന് ജമാഅത്തിന് ധാരാളം കാരണങ്ങളുമുണ്ട്. രൂപീകരണത്തോടൊപ്പം തന്നെ നമ്മുടെ രാജ്യം വിഭജനത്തെയും നേരിട്ടു. വിഭജനാനന്തരമുണ്ടായ കുറേ കാലം അതിന്റെ വ്യത്യസ്ത പ്രതിസന്ധികള്‍ മുസ്‌ലിം സമുദായം അനുഭവിച്ചിരുന്നു. അത് ജമാഅത്തിനും ബാധകമായിരുന്നു. 

എന്നാല്‍ ഇപ്പോള്‍ ജമാഅത്ത് ജനകീയമാകാനുള്ള ശ്രമങ്ങള്‍ സജീവമാക്കിയിരിക്കുന്നു. വിവിധ പോഷക വിഭാഗങ്ങള്‍, വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംവിധാനങ്ങള്‍ ഇവയെല്ലാം അതിന്റെ ഭാഗമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മുന്നോട്ടുപോവുകയാണെങ്കില്‍ ജമാഅത്തിന് ജനകീയ അടിത്തറ വികസിപ്പിക്കാനാകുമെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. 

 

യുവാക്കളാണ് രാജ്യത്തെ ജനസംഖ്യയുടെ മുഖ്യപങ്കെന്ന് താങ്കള്‍ സൂചിപ്പിച്ചു. വിദ്യാര്‍ഥികളെ സംഘടിപ്പിക്കാന്‍ ഇപ്പോള്‍ ജമാഅത്തിന്റെ കീഴില്‍ എസ്.ഐ.ഒ ഉണ്ട്. യുവാക്കളെ പ്രത്യേകമായി സംഘടിപ്പിക്കാനും അവരുടെ ശേഷി ഉപയോഗപ്പെടുത്താനും പ്രത്യേക യുവജന സംഘടനയെ കുറിച്ച് ജമാഅത്ത് ആലോചിക്കുന്നുണ്ടോ? 

ഇപ്പോള്‍ തന്നെ ജമാഅത്തിന്റെ കീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍ യുവജന പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വിവിധതരം ജനവിഭാഗങ്ങള്‍ ജീവിക്കുന്ന വ്യത്യസ്ത മേഖലകളെന്ന നിലയില്‍ ഫെഡറല്‍ സിസ്റ്റത്തിലാണ് ജമാഅത്ത് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമായി അതത് സംസ്ഥാനങ്ങള്‍ക്ക് അവരുടെ സാഹചര്യത്തിനനുസരിച്ച് യുവജന വിഭാഗം രൂപീകരിക്കാമെന്ന അനുവാദം ജമാഅത്ത് നല്‍കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ അത് ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. ജമാഅത്തിന്റെ മിക്ക സംവിധാനങ്ങളും ഉണ്ടായിവന്നത് ഇപ്രകാരം ഫെഡറല്‍ വ്യവസ്ഥയിലൂടെ തന്നെയാണ്. ചില സംസ്ഥാനങ്ങള്‍ അവരുടെ സാഹചര്യത്തിന്റെ ആവശ്യത്തിനനുസരിച്ച് ആരംഭിച്ചതായിരുന്നു വിദ്യാര്‍ഥി പ്രസ്ഥാനവും വനിതാ വിംഗുമെല്ലാം. പിന്നീട് അത് ദേശീയതലത്തില്‍ രൂപീകരിക്കപ്പെടുകയാണുണ്ടായത്. ഇപ്പോള്‍ കേരളത്തിലും കര്‍ണാടകയിലും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്ന പേരില്‍ യുവജന പ്രസ്ഥാനമുണ്ട്. മഹാരാഷ്ട്രയിലും മറ്റ് ചില സംസ്ഥാനങ്ങളിലും ജമാഅത്ത് യുവജന വിംഗുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഭാവിയില്‍ ആവശ്യമെങ്കില്‍ ദേശീയതലത്തില്‍ തന്നെ യുവജന വിഭാഗത്തെ കുറിച്ച് ആലോചിക്കുന്നതാണ്. 

 

ഇന്ത്യന്‍ മുസ്‌ലിംകള്‍ വിവിധ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അവരുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നു. മാറ്റം എങ്ങനെ സാധ്യമാകും?

സംഘ്പരിവാര്‍ ഫാഷിസം തന്നെയാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഞാന്‍ മനസ്സിലാക്കുന്നത്. അവര്‍ അധികാരത്തില്‍ വന്നപ്പോഴുള്ള രാഷ്ട്രീയ പ്രശ്‌നം മാത്രമായി മനസ്സിലാക്കരുത്. അത് വളരെ ആഴത്തില്‍ വേരൂന്നിയ സാമൂഹിക പ്രശ്‌നം തന്നെയാണ്. നമ്മുടെ സമൂഹത്തെ നെടുകെ പിളര്‍ക്കാന്‍ അതിന് കഴിഞ്ഞിട്ടുണ്ട്. പുതുതലമുറയില്‍ പോലും വിദ്വേഷം നിറക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. മുസ്‌ലിംകളെയും ഇസ്‌ലാമിനെയും തെറ്റിദ്ധരിപ്പിക്കുന്നതിലും അവരെ ശത്രുക്കളാക്കി ചിത്രീകരിക്കുന്നതിലും അവര്‍ വിജയിച്ചിരിക്കുന്നു. അതിനാല്‍ ഈ ഫാഷിസത്തെ നേരിടുകയെന്നതാണ് മുന്‍ഗണനാക്രമത്തില്‍ ഏറ്റവും ആദ്യത്തെ വെല്ലുവിളി. ഈ വെല്ലുവിളി നേരിടാന്‍ പ്രധാനമായും ശ്രമങ്ങള്‍ നടക്കേണ്ടത് തൃണമൂല തലത്തിലാണ്. ഓരോ പ്രദേശത്തും സമുദായങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണകളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ എല്ലാവരുടെയും പങ്കാളിത്തമുള്ള കൂട്ടായ്മകളുണ്ടാകണം. അതിലൂടെ സംഘ്പരിവാര്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ തടയാനാകണം. ഇതിന് ചെറിയ ചില ശ്രമങ്ങള്‍ ജമാഅത്ത് കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ നടത്തിയിട്ടുണ്ട്. 

മുന്‍ഗണനാക്രമത്തില്‍ രണ്ടാമതായി പരിഗണിക്കേണ്ട വെല്ലുവിളിയായി ഞാന്‍ മനസ്സിലാക്കുന്നത് നമുക്കുള്ളില്‍ തന്നെയുള്ള പ്രശ്‌നമാണ്. അതായത് മുസ്‌ലിംകള്‍ പലപ്പോഴും ദുര്‍ബലരായാണ് തങ്ങളെ കാണുന്നത്. ഇത് മാറണം. സര്‍വതോമുഖമായ ശാക്തീകരണം അനിവാര്യമാണ്. വിദ്യാഭ്യാസം, സാമൂഹികം, സാമ്പത്തികം, അധികാര പങ്കാളിത്തം, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലും മുസ്‌ലിംകള്‍ രാജ്യത്ത് ഏറ്റവും പിന്നാക്കവിഭാഗമായി നിലകൊള്ളുകയാണ്. ഈ പ്രശ്‌നത്തിന്റെ പരിഹാരം മുസ്‌ലിംകളുടെ സമഗ്രമായ ശാക്തീകരണം തന്നെയാണ്. അതിനായി സര്‍ക്കാറും മറ്റും വലിയ തോതില്‍ താല്‍പര്യം കാണിക്കില്ലെന്ന് ഇന്നത്തെ സാഹചര്യത്തില്‍ നമുക്കറിയാം. വോട്ട്ബാങ്കുമായി ബന്ധപ്പെട്ട് മാത്രമാണ് അത്തരം ശ്രമങ്ങളുണ്ടാവുക. മുസ്‌ലിം സമുദായം തന്നെ മുന്നോട്ടുവന്ന് അവരുടെ ശാക്തീകരണത്തിന് വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. അതിനായി സാമൂഹിക കൂട്ടായ്മകള്‍, എന്‍.ജി.ഒകള്‍, സമുദായ സംഘടനകള്‍ എല്ലാം മുന്നോട്ടു വരേണ്ടതുണ്ട്. വിവിധ പദ്ധതികള്‍ എല്ലാവരും ഏറ്റെടുത്ത് നടത്തിയാല്‍ മാത്രമേ ചെറിയ തോതിലെങ്കിലും മാറ്റം സാധ്യമാവുകയുള്ളൂ. 

 

ഇസ്‌ലാമോഫോബിയ ഇപ്പോള്‍ ഒരു ആഗോള പ്രതിഭാസമാണ്. എന്നാല്‍ പല രാജ്യങ്ങളിലും അതിനെതിരെ പ്രതികരണങ്ങള്‍ ക്രിയാത്മകമായി ഉയര്‍ന്നുവന്നതു കാണാം. ന്യൂസിലാന്റ് സംഭവത്തില്‍ അവിടെയുള്ള സര്‍ക്കാറും ജനങ്ങളും ഒന്നടങ്കം ഇസ്‌ലാമോഫോബിയ പ്രചാരണങ്ങള്‍ക്കെതിരെ രംഗത്തെത്തുകയും അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പല പാശ്ചാത്യ രാജ്യങ്ങളിലും ഇത്തരം നീക്കങ്ങളുണ്ടാകുന്നുണ്ട്. എന്നാല്‍ ഇവിടെ അത്തരം നീക്കങ്ങള്‍ പെതുവെ കാണുന്നില്ല. താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? 

നമ്മുടെ രാജ്യത്തും ഇത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് എന്റെ അനുഭവം. പക്ഷേ, പലപ്പോഴും അത്തരം ശ്രമങ്ങള്‍ മീഡിയ ശ്രദ്ധിക്കുന്നില്ല. കാരണം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യത്ത് മീഡിയയെയും ഫാഷിസ്റ്റുകള്‍ കൃത്യമായി നിയന്ത്രിക്കുന്നുണ്ട്. അതിനാല്‍ അവര്‍ ഇത്തരം വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ല. എന്നാല്‍ ബദല്‍ മീഡിയയായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയയിലും മറ്റും ഇത്തരം പല ശ്രമങ്ങളും നമുക്ക് കാണാനാകും. വിദ്യാര്‍ഥി കൂട്ടായ്മകള്‍, ദലിത്-ആദിവാസി കൂട്ടായ്മകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി പലരും മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷപ്രചാരണങ്ങളെ തടയാനും അതിനെതിരെ സമൂഹത്തെ ബോധവത്കരിക്കാനും ശ്രമിക്കുന്നുണ്ട്. സമൂഹത്തില്‍ പല ജനാധിപത്യ സംരംഭങ്ങളെയും ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അവയെ ജനങ്ങളിലെത്തിക്കാന്‍ മീഡിയ ഇല്ലെന്നതാണ് വലിയ പ്രശ്‌നം. 

ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയ പ്രയോഗങ്ങളെ പ്രതിരോധിക്കുകയെന്നത് മാത്രമാകരുത് നമ്മുടെ മുഖ്യലക്ഷ്യം. ഇത്തരം കാര്യങ്ങളുടെ സാമൂഹിക പ്രയോഗത്തെയാണ് നാം പ്രധാനമായി പരിഗണിക്കേണ്ടത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റ് ശക്തികള്‍ അധികാരത്തില്‍ വരാതിരുന്നാല്‍ ദൗത്യം പൂര്‍ത്തിയായെന്ന് നാം ധരിക്കരുത്. കാരണം അതുകൊണ്ട് മാത്രം ഫാഷിസ്റ്റുകള്‍ ഇവിടെ സമൂഹത്തിലുണ്ടാക്കിയ ധ്രുവീകരണങ്ങളും വെറുപ്പുകളും ഇല്ലാതാകില്ല. അത് സമൂഹത്തില്‍ ആഴത്തില്‍ മുറിവേല്‍പിച്ചിരിക്കുന്നു. അത്തരം മുറിവുകളെ ഉണക്കാനും സാമൂഹികമായി ഫാഷിസത്തിന്റെ എല്ലാ സ്വാധീനങ്ങളെയും ഇല്ലാതാക്കാനും സാധിച്ചാല്‍ മാത്രമേ പോരാട്ടം അര്‍ഥപൂര്‍ണമാകൂ.

 

ദലിത്-ആദിവാസി വിഭാഗങ്ങൡലെ കൂട്ടായ്മകളെ കുറിച്ച് താങ്കള്‍ സൂചിപ്പിച്ചു. ഇന്ത്യന്‍ സമൂഹ ഘടനയിലെ പ്രധാന ഘടകമാണല്ലോ ജാതി. ജാതിപ്രശ്‌നത്തെ കൃത്യമായി അഭിമുഖീകരിക്കാന്‍ ശ്രമിക്കാത്ത പ്രസ്ഥാനമാണ് ജമാഅത്ത് എന്ന് വിമര്‍ശനമുണ്ട്. താങ്കളുടെ അഭിപ്രായം? 

ജമാഅത്ത് ജാതിപ്രശ്‌നത്തെ തീരെ അഭിമുഖീകരിച്ചില്ലെന്നത് ശരിയല്ല. പല രീതിയില്‍ അതിനെ അഭിമുഖീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാന അധ്യാപനം തന്നെ മനുഷ്യസമത്വത്തെ കുറിച്ചുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നാം വിവിധ ജനവിഭാഗങ്ങളുമായി സംവദിക്കേണ്ടതുണ്ട്. ദലിത്-ആദിവാസി കൂട്ടായ്മകളോടെല്ലാം ഈ അടിസ്ഥാനത്തില്‍ നാം കൂടുതല്‍ ബന്ധം സ്ഥാപിക്കുകയും ഐക്യദാര്‍ഢ്യപ്പെടുകയും ചെയ്യണം. 

ഇസ്‌ലാം മനുഷ്യന്റെ ഏകതക്ക് പ്രാധാന്യം നല്‍കുന്ന ആദര്‍ശമാണ്. മനുഷ്യര്‍ക്കിടയില്‍ അസമത്വവും വിഭജനവും സൃഷ്ടിക്കുന്ന എല്ലാ ആശയങ്ങളെയും അത് തള്ളിക്കളയുന്നു. ബ്രാഹ്മണിക്കല്‍ ജാതീയതയുടെ സമൂഹ വിഭജനങ്ങളെ അത് ശക്തമായി എതിര്‍ക്കുന്നു. ജന്മത്തിന്റെയോ വര്‍ണത്തിന്റെയോ വംശത്തിന്റെയോ പേരില്‍ ഒരാളും അനീതിക്കും അക്രമത്തിനും ഇരകയാകരുതെന്നാണ് അത് മുന്നോട്ടുവെക്കുന്ന ആശയം. ഈ സമത്വ സിദ്ധാന്തമാണ് ഇത്തരം ഇടപെടലുകളില്‍ ജമാഅത്ത് ആദ്യമായി പരിഗണിക്കുന്നത്. അതിനാല്‍ പലപ്പോഴും ജാതീയതയുടെ പ്രശ്‌നങ്ങളെ പ്രത്യേകമായി അഭിമുഖീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയരാന്‍ കാരണമായിട്ടുണ്ട്.

പൊതുമണ്ഡലത്തില്‍ നമ്മള്‍ വ്യത്യസ്ത ജനവിഭാഗങ്ങളുടെ കൂട്ടായ്മകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. നന്മകളില്‍ സഹകരിക്കുക, തിന്മകളില്‍ നിസ്സഹകരിക്കുക എന്നതാണ് ഈ മേഖലയില്‍ നമ്മുടെ നിലപാടുകളുടെ അടിസ്ഥാനം. ദലിത് വിഭാഗങ്ങളുമായും മറ്റ് വിവിധ കൂട്ടായ്മകളുമായും നമ്മള്‍ സഹകരിക്കുന്നതും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതും ഈ അടിസ്ഥാനത്തിലാണ്.  

 

അടിച്ചമര്‍ത്തപ്പെടുന്നവരുടെ പ്രശ്‌നമായികൂടിയാണ് ജാതീയതയുടെ പ്രശ്‌നം ഉയര്‍ന്നുവരുന്നത്...

അതേ, അതുതന്നെയാണ് നമ്മുടെ നിലപാടിന്റെ അടിസ്ഥാനം. അടിച്ചമര്‍ത്തല്‍ എന്ന പ്രവൃത്തിയോടാണ് നമ്മുടെ സമരം. അതിനെതിരെ നാം പ്രതികരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ അടിച്ചമര്‍ത്തലില്‍ പങ്കാളികളാകുന്ന വ്യക്തികളോടും ശക്തികളോടും നാം പോരാടും. എന്നാല്‍ ചെറിയൊരു വിഭാഗം നടത്തുന്ന അടിച്ചമര്‍ത്തലുകളുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ മുഴുവനായും പൈശാചികവത്കരിക്കുന്നതിനോട് യോജിപ്പില്ല. ഒരു വിഭാഗത്തിന്റെ അക്രമത്തെ എതിര്‍ക്കുമ്പോള്‍ തന്നെ, ആ എതിര്‍പ്പ് ആ ജനവിഭാഗത്തോടുതന്നെയുള്ള വെറുപ്പായി മാറുന്നതിനോട് ജമാഅത്ത് യോജിക്കുന്നില്ല. 

 

മുസ്‌ലിംകള്‍ക്കിടയിലും ജാതീയതയുടെ സ്വാധീനങ്ങള്‍ നിലനില്‍ക്കുന്നതായി കാണുന്നു. ജമാഅത്ത് അതിനെ എങ്ങനെയാണ് അഭിമുഖീകരിക്കുന്നത്? 

ജമാഅത്തിന്റെ പോളിസിയില്‍ ഇക്കാര്യവും സാധാരണ ഉള്‍പ്പെടുത്താറുണ്ട്. അതിന്റെ പ്രധാന പ്രവര്‍ത്തന മേഖലകളിലൊന്നായി അത് നിശ്ചയിച്ചിരിക്കുന്ന ഒരു മേഖലയാണ് മുസ്‌ലിംകളുടെ സംസ്‌കരണം. ഏതെല്ലാം മേഖലയില്‍ ഇസ്‌ലാമികാധ്യാപനങ്ങളില്‍നിന്ന് മുസ്‌ലിംകള്‍ അകന്നുപോയിട്ടുണ്ടോ, അവിടെയെല്ലാം ഇസ്‌ലാമിന്റെ യഥാര്‍ഥ അധ്യാപനങ്ങളിലേക്ക് അവരെ തിരിച്ചുകൊണ്ടുവരികയെന്നതാണ് ജമാഅത്തിന്റെ സംസ്‌കരണ (ഇസ്വ്‌ലാഹ്) പ്രവര്‍ത്തനങ്ങളുടെ താല്‍പര്യം. മുസ്‌ലിംകള്‍ക്കിടയിലെ ഇത്തരം വിഭജനങ്ങളും വിവേചനങ്ങളും അവസാനിപ്പിക്കുകയെന്നത് ഇനിയും ജമാഅത്തിന്റെ ഈ മേഖലയിലെ പ്രധാന നിലപാടായിരിക്കും. ഇപ്പോള്‍തന്നെ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായ മേഖലകളില്‍ ഇത്തരം വിവേചനങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നുണ്ട്. 

 

സംഘ്ഫാഷിസം ഇപ്പോള്‍ കാര്യമായി ചെയ്യുന്ന പ്രവൃത്തിയാണ് ചരിത്രത്തില്‍ മുസ്‌ലിംകളുടെ സ്ഥാനം മായ്ക്കാനുള്ള ശ്രമങ്ങള്‍. രാജ്യത്തിന്റെ ചരിത്രത്തില്‍ വില്ലന്മാരായി മാത്രമാണ് മുസ്‌ലിംകളുള്ളതെന്നാണ് അവര്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്ന ഇത്തരം പ്രചാരണങ്ങളെ തടയാന്‍ നമുക്കെന്ത് ചെയ്യാനാകും? 

ചരിത്രത്തില്‍ പലതരത്തിലുള്ള കൈകടത്തലുകള്‍ നടന്നിട്ടുണ്ടെന്നത് ശരിയാണ്. മുസ്‌ലിം ഭരണാധികാരികളെയും മതപ്രചാരകരെയും രാജ്യത്തിന്റെ സംസ്‌കാരത്തിനെതിരെ പ്രവര്‍ത്തിച്ചവരായി ചിത്രീകരിക്കുക, രാജ്യത്തിന് മുസ്‌ലിംകളും മുസ്‌ലിം ഭരണവും നല്‍കിയ സംഭാവനകള്‍ തമസ്‌കരിക്കുക ഇതെല്ലാം ഇവിടെ സംഭവിക്കുന്നുണ്ട്. ഇതൊക്കെയും ചരിത്രത്തിലെ കൈകടത്തലുകളാണ്. അതിനാല്‍ യഥാര്‍ഥ ഇന്ത്യന്‍ ചരിത്രം നമുക്ക് പുറത്തുകൊണ്ടുവരാനാകണം. ഇത്തരം ശ്രമങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. രാജ്യത്തുള്ള ചരിത്രകാരന്മാരെ മുമ്പില്‍ നിര്‍ത്തിയും നമ്മുടെ തന്നെ പരിശ്രമങ്ങളിലൂടെയും മുസ്‌ലിംകളുടെ സംഭാവനകള്‍ ഉയര്‍ത്തിക്കാണിക്കാന്‍ നമുക്ക് സാധിക്കണം. സാമൂഹികമായും സാമ്പത്തികമായും നാഗരികമായും സാംസ്‌കാരികമായും മതപരമായും മുസ്‌ലിംകള്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ ബോധ്യപ്പെടുത്തുന്ന വിപുലമായ പഠനങ്ങള്‍ തന്നെ നടക്കേണ്ടതുണ്ട്. 

 

ഇന്ത്യന്‍ മുസ്‌ലിംകളനുഭവിക്കുന്ന വലിയൊരു പ്രതിസന്ധിയാണ് നേതൃത്വമില്ലായ്മ. നേതൃഗുണങ്ങളുള്ളവരെ വളര്‍ത്തിയെടുക്കാന്‍ ശ്രമങ്ങള്‍ നടക്കേണ്ടതില്ലേ?

മുസ്‌ലിം സമുദായം പ്രധാന പരിഗണന നല്‍കേണ്ട കാര്യം തന്നെയാണ് നേതൃത്വങ്ങളെ വളര്‍ത്തിയെടുക്കലും പരിശീലിപ്പിക്കലും. ആദ്യമായി നേതൃത്വമെന്ന സങ്കല്‍പത്തില്‍ യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നാണ് എന്റെ അഭിപ്രായം. സമൂഹത്തില്‍ അവരാണ് കൂടുതല്‍. അതുകൊണ്ട് നേതൃഗുണമുള്ള യുവാക്കള്‍ക്ക് മാത്രമേ സമൂഹത്തെ നന്നായി നയിക്കാനാകൂ. നേതാക്കളായി യുവാക്കളെ ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥയിലേക്ക് സമുദായം ഉയരേണ്ടതുണ്ട്. 

ശാസ്ത്രീയമായ നേതൃപരിശീലനങ്ങള്‍ നാം ശീലിക്കണം. ബുദ്ധിപരമായി നേതൃത്വം നല്‍കാനാകുന്ന തിങ്ക്ടാങ്കുകളെ നാം വളര്‍ത്തിയെടുക്കണം. അതിന് മുഖ്യ പരിഗണന നല്‍കുകയും ചെയ്യണം. 

ഇന്ന് സമുദായത്തിലുള്ള നേതാക്കള്‍ പൊതുവെ നിലനില്‍ക്കുന്നത് വ്യക്തിപരമായ പ്രഭാവം കൊണ്ടുമാത്രമാണ്. അവര്‍ തീരുമാനങ്ങളെടുക്കുകയും കല്‍പിക്കുകയും അണികള്‍ നടപ്പിലാക്കുകയുമാണ്. എന്നാല്‍ മുകളില്‍നിന്ന് കല്‍പിക്കുന്ന ഇത്തരം ലീഡര്‍ഷിപ്പിന്റെ കാലം കഴിഞ്ഞിരിക്കുന്നു. ഇനി പരമാവധി ആളുകള്‍ക്കൊപ്പം നിന്ന് നയിക്കുന്നവരെയാണ് വേണ്ടത്. അതിനാവശ്യമായ ശാസ്ത്രീയ പരിശീലന രീതികള്‍ തന്നെ സമുദായം സ്വീകരിക്കേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം. 

 

ജമാഅത്ത് അതിന്റെ തുടക്കത്തില്‍ പണ്ഡിതന്മാരും ധൈഷണികരും ചേര്‍ന്ന് നയിച്ച പ്രസ്ഥാനമാണ്. പിന്നീട് അത്തരം ധൈഷണികരെ വളര്‍ത്തുന്നതില്‍ അത് വിജയിച്ചിട്ടില്ലെന്ന് വിലയിരുത്തുന്നവരുണ്ട്. ലോകതലത്തില്‍ ഇപ്പോഴും ഇത്തരം ധൈഷണിക നേതാക്കളുണ്ടാകുമ്പോഴും ഇവിടെ അതില്ലാതെ പോകുന്നു. അത്തരം ആളുകള്‍ക്ക് മാധ്യമങ്ങളുടെയും മറ്റും ശ്രദ്ധ നേടാനാകുന്നുമില്ല. ഈ പ്രശ്‌നത്തെ എങ്ങനെ നേരിടാനാകും? 

പ്രതിസന്ധികളും വെല്ലുവിളികളും നേതാക്കള്‍ക്ക് ജന്മം നല്‍കുമെന്നത് ഒരു പ്രകൃതി യാഥാര്‍ഥ്യമാണ്. ജന്മനാ നേതൃശേഷിയുള്ളവര്‍ വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്താര്‍ജിച്ച് രംഗത്തു വരും. അത് നമ്മുടെ അനുഭവമാണ്. ഇപ്പോള്‍ സമുദായം വലിയ വെല്ലുവിളികളും പ്രയാസങ്ങളും നേരിടുന്നുണ്ട്. അതുകൊണ്ട് സ്വാഭാവികമായും ഈ സാഹചര്യങ്ങള്‍ ചില കഴിവുറ്റ നേതാക്കള്‍ക്ക് ജന്മം നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 

എന്നാല്‍ നമുക്ക് ഇങ്ങനെ സ്വാഭാവികമായുണ്ടായിവരുന്ന നേതാക്കള്‍ക്കായി കാത്തിരിക്കാനാകില്ല. നേതാക്കളെ പരിശീലിപ്പിച്ചെടുക്കാന്‍ നമ്മള്‍ ശ്രമിക്കണം. ആളുകളെ നയിക്കാന്‍, അവരുമായി ആശയവിനിമയം നടത്താന്‍, അവരെ സംഘടിപ്പിക്കാന്‍ ഉതകുന്ന പരിശീലനങ്ങള്‍ തുടര്‍ച്ചയായി നല്‍കണം. അതിനുള്ള കൃത്യമായ ആശയവും പദ്ധതിയും നമുക്കുണ്ടാവണം. 

സ്വാതന്ത്ര്യത്തിനു ശേഷം മുസ്‌ലിം സമുദായം വിദ്യാഭ്യാസത്തിലും മറ്റും വളരെ പിറകിലായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ പതിറ്റാണ്ടുകളില്‍ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടുവന്നപ്പോള്‍ കഴിവും ശേഷിയുമുള്ളവരെല്ലാം മെഡിസിന്‍, എഞ്ചിനീയറിംഗ് പോലുള്ള ജോലികേന്ദ്രീകൃതമായ പഠനങ്ങളിലാണ് ശ്രദ്ധിച്ചത്. മുസ്‌ലിംകളുടെ സമകാലിക അവസ്ഥയില്‍ ഇതൊരു അനിവാര്യതയുമാണ്. കാരണം സാമ്പത്തിക ഉന്നമനമെന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. എന്നാല്‍ ഈ പ്രവണത സാമൂഹിക ശാസ്ത്ര മേഖലയില്‍ മുസ്‌ലിം പങ്കാളിത്തം തീരെ കുറയാന്‍ കാരണമായി. അതിനാല്‍ നരവംശശാസ്ത്രവും സാമൂഹിക ശാസ്ത്രവും അറിയുന്ന നേതാക്കള്‍ കുറഞ്ഞു. ഈ പ്രശ്‌നവും നമുക്ക് പരിഹരിക്കേണ്ടതുണ്ട്. 

ഇത്തരം മേഖലകളില്‍ ജമാഅത്ത് സമീപകാലത്തായി നല്ലപോലെ ശ്രദ്ധിക്കുന്നുണ്ട്. മനുഷ്യവിഭവ ശേഷി വികസിപ്പിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ജമാഅത്ത് മര്‍കസ് കേന്ദ്രീകരിച്ച് പ്രത്യേക അക്കാദമിയും കേരളത്തില്‍ ശാന്തപുരത്ത് പ്രത്യേക സ്ഥാപനവും അതിനായി സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം മേഖലകളില്‍ പഠിക്കുന്നവര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പുകളും മറ്റും നല്‍കാനും ജമാഅത്ത് ശ്രമിക്കുന്നുണ്ട്. 

 

മീഡിയയുടെ പ്രാധാന്യത്തെ കുറിച്ച് താങ്കള്‍ സൂചിപ്പിച്ചുവല്ലോ. ദേശീയ തലത്തില്‍ മീഡിയാ മേഖലയില്‍ പദ്ധതികളുണ്ടോ? 

വാര്‍ത്താവിനിമയ മേഖലകളില്‍ നമുക്ക് ചെയ്യാനാകുന്ന കാര്യങ്ങളെ കുറിച്ച് വ്യത്യസ്ത തലങ്ങളില്‍ ആലോചനകളും ചര്‍ച്ചകളും നടക്കുന്നുണ്ട്. അത്തരം ചര്‍ച്ചകളിലൂടെ കൂടുതല്‍ വിപുലമായ ഒരു സംവിധാനം നിലവില്‍ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 

 

വെല്‍ഫെയര്‍ പാര്‍ട്ടി പോലുള്ള നവ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളെയും മുന്നോട്ടുപോക്കിനെയും കുറിച്ച് താങ്കള്‍ക്കെന്താണ് പറയാനുള്ളത്? 

വെല്‍ഫെയര്‍ പാര്‍ട്ടി ഒരു സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമാണ്. എല്ലാ വിഷയങ്ങളിലും സ്വന്തമായ അഭിപ്രായവും നിലപാടുകളുമുള്ള പാര്‍ട്ടിയാണത്. ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.  

ഉയര്‍ന്ന മൂല്യങ്ങള്‍ക്ക് പരിഗണന നല്‍കുന്ന രാഷ്ട്രീയത്തെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്നത്. അതു ജമാഅത്തിന്റെയും പരിഗണന തന്നെയാണ്. അതിനാല്‍ അത്തരം രാഷ്ട്രീയത്തില്‍ ജമാഅത്ത് അതിനെ പിന്തുണക്കും. അതേസമയം, സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്ന പ്രസ്ഥാനമെന്ന നിലയില്‍ ജമാഅത്തിന് സ്വന്തമായ രാഷ്ട്രീയ നിലപാടുകളുണ്ടാകും. അത് ഇതുവരെ ചെയ്തിരുന്നതുപോലെ അതിന്റെ നിലപാടുകള്‍ പ്രഖ്യാപിക്കുകയും ചെയ്യും. രാഷ്ട്രീയത്തില്‍ ആളുകള്‍ക്ക് ഉപകാരപ്പെടുന്ന മൂല്യങ്ങളെ ജമാഅത്ത് പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യും. 

 

തെരഞ്ഞെടുപ്പു കാലമാണ്. ഈ തെരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റ് ശക്തികളെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ജമാഅത്ത് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്? 

ഫാഷിസത്തെ അധികാരത്തില്‍നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ വിവിധ തരത്തില്‍ നടത്തുന്നുണ്ട്. മതേതര ശക്തികളെ ശക്തിപ്പെടുത്താനും ഒന്നിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് അതിലൊന്ന്. മുസ്‌ലിംകളെയും മറ്റ് പിന്നാക്കക്കാരെയും പരമാവധി തെരഞ്ഞെടുപ്പു പ്രക്രിയകളില്‍ പങ്കാളികളാക്കാനുള്ള ശ്രമങ്ങളും ജമാഅത്ത് നടത്തിയിരുന്നു. പല സ്ഥലങ്ങളിലും കൂട്ടത്തോടെ വോട്ടര്‍ലിസ്റ്റില്‍നിന്ന് പുറത്താക്കപ്പെട്ടവരെ ലിസ്റ്റില്‍ ചേര്‍ക്കാനും അതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും ജമാഅത്ത് പ്രവര്‍ത്തകര്‍ പല സംസ്ഥാനങ്ങളിലും മുന്നിട്ടിറങ്ങുകയുായി. 

രാജ്യത്തിന്റെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടകളില്‍ കൊണ്ടുവരാനാകുന്ന തരത്തില്‍ വിവിധ പാര്‍ട്ടികളുമായി ആശയവിനിമയങ്ങള്‍ നടത്താനും ജമാഅത്ത് ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി കൃത്യമായ ആവശ്യങ്ങളുന്നയിച്ചുകൊണ്ട്, പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തന്നെ പുറത്തിറക്കി. സാമൂഹികം, സാമ്പത്തികം, സാംസ്‌കാരികം തുടങ്ങി വിവിധ മേഖലകളെ ബാധിക്കുന്ന പ്രശ്‌നങ്ങളായിരുന്നു അതിലുന്നയിച്ചത്. അത് എല്ലാ മതേതര പാര്‍ട്ടികള്‍ക്കും എത്തിച്ചുകൊടുക്കാനും അവ അവരുടെ മാനിഫെസ്റ്റോകളില്‍ ഉള്‍പ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടത്തി. ഇപ്പോഴും വിവിധ പാര്‍ട്ടികളുമായുള്ള ആശയവിനിമയങ്ങള്‍ തുടരുന്നുണ്ട്. തെരഞ്ഞെടുപ്പിനു ശേഷവും നാമുന്നയിച്ച ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം ചര്‍ച്ചകള്‍ തുടരും. 

 

താങ്കള്‍ ഉത്തരവാദിത്തമേല്‍പ്പിക്കപ്പെട്ട ഈ കാലയളവില്‍ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളെന്തെല്ലാമാണ്?

വിശദ രൂപത്തിലുള്ള നയവും പരിപാടികളും ഇനിയും രൂപപ്പെടുത്തിയിട്ടില്ല. നേതൃതെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാകുന്നേയുള്ളൂ. ജൂണ്‍ മാസത്തോടെയാണ് പുതിയ നയവും പരിപാടിയും കൂടിയാലോചനാസമിതികളിലൂടെ രൂപീകരിക്കുക. 

പൊതുവില്‍ മുകളില്‍ സൂചിപ്പിച്ച മേഖലകളില്‍ തന്നെയായിരിക്കും സംഘടനയെന്ന നിലയില്‍ ജമാഅത്തിന്റെ പ്രധാന ഊന്നലുകളെന്നു പറയാം. യുവാക്കളെ സംഘടിപ്പിക്കലും അവരെ പ്രത്യേകം അഭിമുഖീകരിക്കലും പരിശീലിപ്പിക്കലും തീര്‍ച്ചയായും ഒരു പ്രധാന പ്രവര്‍ത്തന മേഖലയായിരിക്കും. വനിതകളുടെ ശക്തി കൂടുതല്‍ ഉപയോഗിക്കാനാകുന്ന തരത്തിലുള്ള നയങ്ങളും അനിവാര്യമാണ്. 

വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കാനാകുന്ന തരത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദവും സാഹോദര്യവും സഹവര്‍ത്തിത്വവും വളര്‍ത്താനുള്ള പദ്ധതികള്‍ തീര്‍ച്ചയായും ജമാഅത്തിന്റെ വരുംകാല പ്രവര്‍ത്തനങ്ങളില്‍ പ്രധാന ഇനമാകും. ഇസ്‌ലാമിന്റെ ആശയങ്ങള്‍ കൂടുതല്‍ ആളുകളിലേക്കെത്തിക്കാനും അവരുടെ തെറ്റിദ്ധാരണകള്‍ തിരുത്താനുമുള്ള പ്രവര്‍ത്തന ഊന്നലുകളുണ്ടാകും. 

 

ആദ്യമായാണ് ജമാഅത്ത് ശൂറയിലേക്ക് ഇത്തവണ വനിതയെ തെരഞ്ഞെടുത്തത്....

ജമാഅത്തില്‍ വനിതകളുടെ പ്രാതിനിധ്യവും പങ്കാളിത്തവും വര്‍ധിച്ചുവരികയാണ്. അത് നല്ലൊരു സൂചന തന്നെയാണ്. കഴിഞ്ഞ കുറച്ചു പ്രവര്‍ത്തന കാലയളവുകളായി ജമാഅത്ത് അംഗങ്ങളിലും വനിതകള്‍ വര്‍ധിച്ചുവരുന്നുണ്ട്. പ്രവര്‍ത്തകരില്‍ വനിതകളുടെ വര്‍ധനവ് വളരെ വേഗത്തിലാണ്. ഒരുവേള പുരുഷന്മാരെ കവച്ചുവെക്കുന്ന രീതിയില്‍ അവര്‍ പ്രവര്‍ത്തകരായി ചേരുന്നുണ്ട്. തീര്‍ച്ചയായും വനിതകളുടെ പങ്കാളിത്തം വര്‍ധിക്കുന്നതിനനുസരിച്ച് നേതൃത്വത്തിലും അവരുടെ സാന്നിധ്യം വര്‍ധിക്കും. നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് സംവരണം വേണമെന്ന ആവശ്യം ജമാഅത്തിനു മുന്നില്‍ വന്നിരുന്നു. എന്നാല്‍ സ്വാഭാവിക വര്‍ധനവിലൂടെ വരുന്ന നേതൃപങ്കാളിത്തം മതിയെന്നാണ് ജമാഅത്ത് തീരുമാനിച്ചത്. അത് ശരിയായിരുന്നുവെന്ന് തെളിയിക്കുന്ന രൂപത്തിലാണ് ഇപ്പോള്‍ ശൂറയിലും പ്രതിനിധി സഭയിലും കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളിലുമെല്ലാം വനിതകളുടെ സാന്നിധ്യം വര്‍ധിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (20-21)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയത്തില്‍നിന്നാണ് ആ കണ്ണീര്‍
വി.പി അസ്ഖലാനി