മഹതി ഖദീജ ധര്‍മബോധമുള്ള കുട്ടിക്കാലം
മഹതി ഖദീജയുടെ ജീവിതത്തെക്കുറിച്ച് ഇസ്‌ലാമിലെ എല്ലാ വിഭാഗം ചരിത്രകാരന്മാരും ധാരാളമായി എഴുതിയിട്ടുണ്ട്. സുന്നി വിഭാഗത്തേക്കാളേറെ ശീഈ വിഭാഗം അവരുടെ വീക്ഷണം സമര്‍ഥമായി ഉള്‍ച്ചേര്‍ത്ത്, ആ ജീവിതം വിശദമായി രേഖപ്പെടുത്തി വെച്ചിരിക്കുന്നു. ദുറൂസികളും ഇബാദികളും സൈദികളും മറ്റു അവാന്തരവിഭാഗങ്ങളും കൂട്ടത്തിലുണ്ട്.
ഖുറൈശി ഗോത്രത്തിലെ പ്രമുഖ കുടുംബങ്ങളിലൊന്നായ ബനൂ അസദിലായിരുന്നു ഖദീജയുടെ പിറവി.
ഹാശിം, ഉമയ്യ, നൗഫല്‍, അബ്ദുദ്ദാര്‍, അസദ്, തൈം, മഖ്‌സൂം, അദിയ്യ്, ജുംഹ്, സഹ്മ് എന്നീ പത്ത് കുടുംബങ്ങളില്‍നിന്ന് കാലാകാലങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ സമിതിയാണ് കഅ്ബാ പരിപാലനം, തീര്‍ഥാടക സേവനം, മറ്റു ദൈനംദിന സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്തിരുന്നത്.
ദാറുന്നദ്വയില്‍ സമ്മേളിച്ചാണ് അവര്‍ എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടിരുന്നത്. സാധാരണഗതിയില്‍ നാല്‍പത് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ ദാറുന്നദ്‌വയില്‍ അംഗത്വമുണ്ടായിരുന്നുള്ളൂ. അബ്ദുദ്ദാര്‍ കുടുംബത്തിന് ഈ നിബന്ധന ആദ്യമേ ബാധകമായിരുന്നില്ല. എന്നാല്‍ വളരെ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രം മറ്റുള്ളവര്‍ക്കും പ്രായത്തിന്റെ കാര്യത്തില്‍ ഇളവ് അനുവദിക്കപ്പെട്ടിരുന്നു. ഖദീജയുടെ സഹോദരന്‍ ഹിസാമിന്റെ പുത്രന്‍ ഹകീം ഇവരില്‍ ഒരാളായിരുന്നു. കഅ്ബക്കകത്തു വെച്ച് പ്രസവിക്കപ്പെട്ടു എന്ന ഖ്യാതി ഉണ്ടായിരുന്ന ഹക്കീം, അതിബുദ്ധിമാനും സല്‍ഗുണസമ്പന്നനും, വളരെ വലിയ വ്യാപാരിയുമായിരുന്നതാണ് കാരണം. ഇദ്ദേഹം നബിതിരുമേനിയുടെ ഏറ്റവുമടുത്ത സുഹൃത്തും ആയിരുന്നു.
ജീവിതത്തിന് മാര്‍ഗദര്‍ശനം നല്‍കുന്ന ഒരു വേദഗ്രന്ഥമോ ലിഖിത നിയമാവലിയോ പരലോക വിശ്വാസമോ നിര്‍ണിതമായ ആരാധനാ കര്‍മങ്ങളോ അവര്‍ക്കുണ്ടായിരുന്നില്ല. അതിനാല്‍ ഉചിതം-അനുചിതം, ലാഭം-ചേതം എന്നതിനപ്പുറം അനുവദനീയം-നിഷിദ്ധം എന്നു ചിന്തിക്കേണ്ടതോ, തലമുറകളെ പഠിപ്പിക്കേണ്ടതോ ആയ കാര്യവും അവര്‍ക്കുണ്ടായിരുന്നില്ല.
കുട്ടികള്‍ ജനിച്ചുവീഴുന്നതോടെ അവരുടെ ആരോഗ്യകരമായ വളര്‍ച്ചയില്‍ ഖുറൈശികള്‍ ദത്ത ശ്രദ്ധരായിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. മക്ക ഒരു വലിയ തീര്‍ഥാടനകേന്ദ്രവും പ്രമുഖമായ വാണിജ്യ തലസ്ഥാനവും ആയിരുന്നതിനാല്‍ പല നാട്ടുകാരും സകുടുംബം അവിടെ വന്നുകൊണ്ടിരുന്നു. അതിനാല്‍ കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യത കൂടുതലായിരുന്നു. നവജാതശിശുക്കളെ മുലയൂട്ടാന്‍ അടുത്ത ഗ്രാമങ്ങളിലേക്ക് അയച്ചുകൊണ്ടാണ് അവര്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടത്.
ഖദീജയുടെ പിറവി കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വേദനയോടെ മനസ്സില്‍ ഉണരുന്ന കാര്യമാണ് പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന സമ്പ്രദായം.
ഇങ്ങനെയൊരു നിഷ്ഠുര സമ്പ്രദായത്തിന് തുടക്കംകുറിച്ചത് തമീം ഗോത്രക്കാരനായ ഖൈസുബ്‌നു ആസ്വിം ആയിരുന്നുവത്രെ. നുഅ്മാനു ബ്‌നു മുന്ദിറിന്റെ യോദ്ധാക്കള്‍ അദ്ദേഹത്തിന്റെ ഗോത്രത്തെ ആക്രമിക്കുകയും സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കുകയും ചെയ്തു. പിന്നീടുണ്ടായ ഒത്തുതീര്‍പ്പു പ്രകാരം സ്ത്രീതടവുകാര്‍ക്ക് പിതാവിന്റെയോ ഭര്‍ത്താവിന്റെയോ കൂടെ പോകാന്‍ അനുവാദം നല്‍കപ്പെട്ടു. ഖൈസിന്റെ ഒരു മകള്‍ അവളെ തടവിലാക്കിയ ആളുടെ കൂടെ കഴിയാനാണ് തീരുമാനിച്ചത്. ഇതില്‍ കുപിതനായ ഖൈസ് പിന്നീട് തനിക്ക് പിറന്ന എല്ലാ പെണ്‍കുട്ടികളെയും വധിച്ചുകളഞ്ഞുവത്രെ.
ഇസ്‌ലാമിന്റെ ആഗമനത്തോടെ മുസ്‌ലിമായ ഇദ്ദേഹം നബിയോട് നേരിട്ട് സംഭവം വിവരിക്കുന്ന നിവേദനങ്ങളുണ്ട്. ഇത് ശരിയാണെങ്കില്‍ വളരെ കുറച്ചുകാലം മാത്രം നിലനിന്ന ഒരു കിരാത സംഭവമായി ഇതിനെ കാണാനെങ്കിലും കഴിയുമായിരുന്നു. പക്ഷേ, മക്കയിലെ ഏറ്റവും പുരാതന ശ്മശാനമായ ഹുജൂനിനടുത്തുള്ള അബൂദുലാമാ താഴ്‌വര, മക്കക്കാര്‍ സ്ഥിരമായി പെണ്‍കുട്ടികളെ വധിച്ചിരുന്ന സ്ഥലമായിരുന്നു എന്നും കാണാം. ഏതായിരുന്നാലും നബിയുടെയും ഖദീജയുടെയും ഗോത്രമായ ഖുറൈശ് ഈ അപരാധത്തിന് അധികമൊന്നും കൂട്ടുനിന്നിട്ടുണ്ടാവില്ലെന്ന് നമുക്ക് സമാധാനിക്കാം.
കുടുംബത്തിലെന്നല്ല, പരിചിതരായ എല്ലാവരുടെയും കണ്ണിലുണ്ണിയായി ഖദീജ വളര്‍ന്നു. പ്രായത്തെ വെല്ലുന്ന ബുദ്ധിവൈഭവവും അനന്യസുന്ദരമായ സ്വഭാവസവിശേഷതകളും സര്‍വോപരി കുട്ടിയുടെ നിരീക്ഷണപാടവവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
പിതാവായ ഖുവൈലിദ് സാധ്യമായ സമയങ്ങളിലെല്ലാം മകളെ കൂടെക്കൂട്ടി. അവളുടെ ന്യായമായ എല്ലാ സന്ദേഹങ്ങള്‍ക്കും വിശദമായ വിവരണങ്ങളിലൂടെ മറുപടി നല്‍കി. മക്കയുടെയും സ്വഗോത്രത്തിന്റെയും ചരിത്രം സവിസ്തരം പകര്‍ന്നുകൊടുത്തു. അവളുടെ വളര്‍ച്ചക്കനുസരിച്ച് ജീവിതത്തിന്റെ പ്രായോഗിക പാഠങ്ങള്‍ പഠിപ്പിക്കാന്‍ മാതാവും സഹോദരങ്ങളുമടക്കം വീട്ടിലുള്ള ആളുകളെല്ലാം സര്‍വഥാ പ്രാപ്തരായിരുന്നു. പോരാത്തതിന് ഖുവൈലിദ് യോഗ്യരായവരെ അതിന് ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടാവാം. ഒരു വലിയ നിയോഗം ഈ കുട്ടിക്ക് ഉണ്ടാവുമെന്ന് അന്നേ അദ്ദേഹത്തിന് ബോധ്യപ്പെട്ടിരുന്നോ ആവോ?
ആറു വയസ്സുള്ള കൊച്ചു ഖദീജ ഒരു ദിവസം പിതാവിനോടൊപ്പം കഅ്ബയുടെ ചുറ്റും നടക്കുമ്പോള്‍, പുറംചുമരില്‍ ഒട്ടിച്ചുവെച്ചതും പരിസരത്ത് നാട്ടിനിര്‍ത്തിയതുമായ പരശ്ശതം ബിംബങ്ങളെയും അവയുടെ മുന്നില്‍ നമിക്കുന്ന ആരാധകരില്‍ ചിലരേയും വിസ്മയത്തോടെ നോക്കി ഇങ്ങനെ ചോദിച്ചുവത്രെ:
'അധരങ്ങളില്ലാത്ത കല്ലുകളോട് ചോദിച്ചിട്ടെന്ത്?'
'കണ്ണുകളില്ലാത്ത കല്ലുകള്‍ക്ക് മുമ്പില്‍ കാഴ്ചകള്‍ സമര്‍പ്പിച്ചിട്ടെന്ത്?'
'കാതുകള്‍ ഇല്ലാത്ത കല്ലുകളോട് കേണിട്ടെന്ത്?'
സ്വന്തം ഗോത്ര കാഥികന്റെ കഥകള്‍ കേട്ടും കഅ്ബയുടെ പരിസരങ്ങളില്‍ നടക്കുന്ന പാരമ്പര്യ ചടങ്ങുകള്‍ ബുദ്ധി കൊടുത്ത് നിരീക്ഷിച്ചും വളരുകയായിരുന്നു ഖദീജ. അതിനിടെ നിരര്‍ഥകങ്ങളായ ആചാരങ്ങളും ആഘോഷങ്ങളും പുതുതായി ഉടലെടുക്കുന്നതും ഖദീജ കണ്ടു
'ആനക്കലഹം' ഖദീജയുടെ പിറവിക്കു ശേഷം നടന്ന മഹാസംഭവമായിരുന്നു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ സംഭവം ഉപയോഗപ്പെടുത്തി ഖുറൈശികള്‍ ചില പുതിയ ചൂഷണ സമ്പ്രദായങ്ങള്‍ ആവിഷ്‌കരിച്ചു. അവയിലൊന്ന് ഇങ്ങനെ വിളംബരം ചെയ്യപ്പെടുകയുണ്ടായി:
'അറിയുക, ആനക്കാരില്‍നിന്ന് മഹാദൈവമായ അല്ലാഹു നേരിട്ടിടപെട്ട് അവന്റെ കഅ്ബാ മന്ദിരത്തെ രക്ഷിച്ചെടുത്തു. അത് കഅ്ബയുടെ ഊരാളന്മാരായ തങ്ങള്‍ക്കു കൂടി അല്ലാഹു നല്‍കിയ വലിയ ബഹുമതിയായിരുന്നു. ഇക്കാര്യം എന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്. അതിനാല്‍ ഇനിമുതല്‍ ഖുറൈശ്, കിനാന, ഖുസാഅ എന്നീ ഗോത്രങ്ങളും അവരോട് നിയമാനുസൃത ബന്ധമുള്ളവരും 'അഹ്മസികള്‍' എന്നറിയപ്പെടും. അവര്‍ക്ക് ഹജ്ജിലും കഅ്ബയുമായി ബന്ധപ്പെട്ട ചടങ്ങുകളിലും പ്രത്യേക അവകാശങ്ങള്‍ ഉണ്ടായിരിക്കും. അല്ലാത്തവര്‍ മേലില്‍ ഇനി പറയുന്ന പുതിയ നിയമങ്ങള്‍ പാലിക്കണം.
ഒന്നാമതായി അഹ്മസികള്‍ അല്ലാത്ത, സ്ത്രീയോ പുരുഷനോ ആദ്യമായി കഅ്ബയെ ത്വവാഫ് ചെയ്യാന്‍ വരുമ്പോള്‍, അവര്‍ ധരിച്ചെത്തുന്ന 'പാപ പങ്കിലമായ' വസ്ത്രം ഉരിഞ്ഞുകളയണം. പകരം വസ്ത്രങ്ങള്‍ അഹ്മസികളില്‍നിന്ന് വിലകൊടുത്തു വാങ്ങണം, നിര്‍ബന്ധിതാവസ്ഥയില്‍ വസ്ത്രങ്ങള്‍ വായ്പയായി ലഭിക്കുന്നതാണ്. ഇതിന് സൗകര്യപ്പെടാത്തവര്‍ നഗ്നരായി ത്വവാഫ് ചെയ്യേണ്ടതാകുന്നു.
അതുപോലെത്തന്നെ ഒരാള്‍ ഉരിഞ്ഞുകളഞ്ഞ വസ്ത്രങ്ങള്‍ അയാള്‍ക്കോ മറ്റുള്ളവര്‍ക്കോ എടുത്തുപയോഗിക്കാനോ, ഉപേക്ഷിച്ചേടത്തുനിന്ന് നീക്കം ചെയ്യാനോ പാടുള്ളതല്ല. തീര്‍ഥാടകരുടെ പാദപതനമേറ്റ് അവ നശിച്ചുപോകട്ടേ......'
തുടക്കത്തില്‍ ഈ നിയമം നടപ്പില്‍ വരുത്തുന്നതില്‍ ചില പ്രയാസങ്ങള്‍ ഉണ്ടായി. പുതിയ വ്യവസ്ഥകള്‍ ചോദ്യം ചെയ്തവരെ കഅ്ബയുടെ ഊരാളന്മാര്‍ എന്ന് അവകാശപ്പെടുന്നവര്‍ പ്രഹരിക്കുകയും ബലം പ്രയോഗിച്ച് അവരുടെ വസ്ത്രം പരസ്യമായി ഉരിയുകയും ചെയ്തു.
കുറേയധികം ചരിത്രകാരന്മാര്‍ വിവരിക്കുന്നതുപോലെ, ആനക്കലഹവേളയില്‍ ഖദീജക്ക് പതിനഞ്ചു വയസ്സ് തികഞ്ഞിട്ടുണ്ടായിരുന്നുവെങ്കില്‍, ഈ അപലപനീയമായ കിരാത സമ്പ്രദായത്തിന്റെ ഉദയം അവരുടെ മനസ്സില്‍ കടുത്ത അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ടാവുമെന്ന കാര്യം തീര്‍ച്ച. അതായത്, ആ കൗമാരത്തിനു പോലും അസഹനീയമായ പലതും അന്ന് മക്കയില്‍ നിര്‍ബാധം നടമാടിയിരുന്നു.
മക്കയിലെ കുലസ്ത്രീകള്‍ വ്യഭിചാരം അങ്ങേയറ്റം നിന്ദ്യമായി കരുതിയിരുന്നെങ്കിലും ജനമധ്യത്തില്‍ താമസിച്ചിരുന്ന അഭിസാരികമാര്‍ വീടിനു മീതെ ചുകന്ന കൊടിനാട്ടി ആവശ്യക്കാരെ പരസ്യമായി ക്ഷണിച്ചിരുന്നു. ഒരര്‍ഥത്തില്‍ കനത്ത ധര്‍മരോഷഭാരത്തോടെയാണ് ഖദീജ കൗമാരകാലം കടന്ന് യൗവനം പ്രാപിച്ചത്.
(പൂര്‍ത്തിയായിവരുന്ന ഖദീജ എന്ന ചരിത്രാഖ്യായികയില്‍നിന്ന്).
Comments