Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 26

3099

1440 ശഅ്ബാന്‍ 20

ജീവിതം എന്തു പഠിപ്പിച്ചു?

ഒ. അബ്ദുര്‍റഹ്മാന്‍

[ജീവിതാക്ഷരങ്ങള്‍-24 ]

മുക്കാല്‍ നൂറ്റാണ്ട് നീണ്ട ആയുഷ്‌കാലം പിന്നിട്ട് ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന പൂര്‍ണവിരാമത്തിന്റെ പരിസരത്തുനിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ പ്രസക്തമായ ചോദ്യം, ജീവിതം എന്ത് പഠിപ്പിച്ചു എന്നതാവും. മകനായി, സഹോദരനായി, കുടുംബനാഥനായി, അധ്യാപകനായി, മാധ്യമപ്രവര്‍ത്തകനായി, സാമൂഹികരംഗത്തെ ഇടപെടലുകാരനായി, വിശ്വാസമര്‍പ്പിച്ച ആദര്‍ശ പ്രസ്ഥാനത്തിന്റെ സേവകനായി കഴിച്ചുകൂട്ടിയ ദിനങ്ങള്‍ ദുഃഖത്തേക്കാളേറെ സന്തോഷത്തിനും നൈരാശ്യത്തേക്കാളേറെ പ്രത്യാശക്കും അസംതൃപ്തിയേക്കാളേറെ സംതൃപ്തിക്കും വകനല്‍കുന്നതായിരുന്നു എന്നാണ് സത്യസന്ധമായി പറയേണ്ടത്. നമ്മുടെ പരിമിതികള്‍ തിരിച്ചറിഞ്ഞ്, അതിമോഹങ്ങളില്ലാതെ, യാഥാര്‍ഥ്യ ബോധത്തോടെ കര്‍മരംഗത്തിറങ്ങിയാല്‍ പരീക്ഷണങ്ങളില്‍ പതറാതെയും വെല്ലുവിളികള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കാതെയും മുന്നോട്ടു പോകാമെന്ന് തീരുമാനിച്ചാല്‍ തിരിച്ചടികളെ ആത്മവിശ്വാസത്തോടെ നേരിടാനാവും. കാലത്തിന്റെയും ലോകത്തിന്റെയും മാറ്റങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തി സാധ്യമായ മാറ്റങ്ങള്‍ക്ക് നമ്മളും സന്നദ്ധരായാല്‍ വിധിയെ പഴിക്കേണ്ടിവരില്ല.

അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ നാം പരാജയപ്പെട്ടു എന്ന് വരാം. അത് സ്വാഭാവികവുമാണ്. പക്ഷേ, നമുക്ക് പിറകെ വരുന്ന തലമുറകള്‍ മാറ്റങ്ങളോട് സമരസപ്പെട്ട് പുതിയ ചിന്തകളും പരിപാടികളും മുന്നോട്ട് വെക്കുമ്പോള്‍ അവരെ സഹിഷ്ണുതാപൂര്‍വം ശ്രദ്ധിക്കാനുള്ള സന്മനസ്സെങ്കിലും കാണിക്കണം. ശരിയെന്ന് തോന്നുന്നവയെ സ്വാംശീകരിക്കാനും തെറ്റെന്ന് കരുതുന്നവയെ യുക്തിപൂര്‍വം ചൂണ്ടിക്കാണിക്കാനും മടിക്കരുത്. കൊടുക്കലും വാങ്ങലുമാണല്ലോ ജീവിതത്തിന്റെ ആകത്തുക. കൊടുക്കാന്‍ മാത്രമോ വാങ്ങാന്‍ മാത്രമോ തീരുമാനിച്ചവര്‍ ജീവിതത്തില്‍നിന്ന് പുറംതള്ളപ്പെടുകയേ ചെയ്യൂ. നാം മറ്റുള്ളവരെ വിമര്‍ശിക്കാനും തിരുത്താനും മിനക്കെടുമ്പോള്‍ ഉറപ്പിച്ചുകൊള്ളണം, അതേയവകാശം നമ്മുടെ കാര്യത്തില്‍ അവര്‍ക്കുമുണ്ടെന്ന്. തലമുറകളെ പഠിപ്പിച്ച അധ്യാപകര്‍ക്ക് സാമാന്യമായ ഒരു ബലഹീനതയുണ്ട്. ജീവിതത്തിന്റെ വഴിത്തിരിവുകളിലെവിടെയോ ശിഷ്യരെ കണ്ടുമുട്ടാന്‍ അവസരമുണ്ടായാല്‍ പഴയ ക്ലാസ് മുറികളിലിരുന്ന കുട്ടികളായിട്ടവരെ കാണുകയാണത്. നമ്മുടെ വിദ്യാര്‍ഥികള്‍ വളര്‍ന്നു വലുതായി നമ്മേക്കാള്‍ വിവരവും വിവേകവും കൈവരിച്ചിട്ടുണ്ടെന്ന യാഥാര്‍ഥ്യം ഒരു നിമിഷം മറന്നുപോകുന്നു. അവരുടെ വിനയവും ഗുരുവിനോടുള്ള കടപ്പാടും നിമിത്തം ഒരുവേള അവര്‍ പ്രതികരിച്ചില്ലെന്നു വരാം, അല്ലെങ്കില്‍ ഭവ്യതയോടെ പെരുമാറിയെന്നു വരാം. പക്ഷേ, മനസ്സില്‍ ഗുരുവിനെക്കുറിച്ച് എന്താണവര്‍ കരുതിയിട്ടുണ്ടാവുക?

ഖത്തറില്‍ ഏതാനും മാസക്കാലം ഒരു ഇലക്‌ട്രോണിക് വര്‍ക്ക് ഷോപ്പില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യേണ്ടി വന്നപ്പോള്‍ പണിശാലയുടെ ഫോര്‍മാന്‍ പറഞ്ഞുതന്ന ഒരു സംഭവമുണ്ട്. ഇംഗ്ലീഷുകാരനായ മേലുദ്യോഗസ്ഥന്‍ പാകിസ്താന്‍കാരനായ കീഴ്ജീവനക്കാരനോട് എന്തോ കാര്യത്തില്‍ ഭയങ്കരമായി ക്ഷോഭിച്ചു. ഏറെ നേരം ശകാരവര്‍ഷം തുടര്‍ന്നു. തികഞ്ഞ മൗനമായിരുന്നു ഇരയുടെ പ്രതികരണം. ഒടുവില്‍ ബോസ് ചോദിച്ചു: 'ഞാന്‍ ഇത്രയൊക്കെ പറഞ്ഞിട്ടും താന്‍ മിണ്ടാത്തതെന്തേ!' ജീവനക്കാരന്റെ മറുപടി: 'ക്യാ ഫര്‍ഖ് പഠ്താ ഹെ സാബ്. ആപ് മുഛ് സെ ഗാലി ദേതേ ഹൈം, തോ മൈ ദില്‍സേ' (എന്ത് വ്യത്യാസം സാറേ, അങ്ങ് വായകൊണ്ട് ശകാരിക്കുന്നു, ഞാന്‍ മനസ്സുകൊണ്ടും!). മറ്റൊരിക്കല്‍ പ്രസ്തുത വര്‍ക്ക് ഷോപ്പില്‍ ജോലിചെയ്യവെ എനിക്ക് ക്ഷോഭിക്കേണ്ടിവന്നതും കൂട്ടത്തില്‍ ഓര്‍ക്കട്ടെ. തൊഴിലാളികള്‍ പല നാട്ടുകാരും ഭാഷക്കാരുമായതിനാല്‍ കലഹവും അടിപിടിയും സാധാരണയായിരുന്നു. ഒരിക്കല്‍ വക്കാണം മൂര്‍ഛിച്ചപ്പോള്‍ എനിക്ക് കയര്‍ത്തു സംസാരിക്കേണ്ടിവന്നു. അത് ശ്രദ്ധിച്ച ഫോര്‍മാന്‍ ഒരല്‍പം കളിയാക്കിക്കൊണ്ട് പറഞ്ഞു: 'അബ്ദുര്‍റഹ്മാന്‍ സാബ്. പ്യാരെ നബി ഐസേ നഹി കര്‍തേ ഥേ' (മുത്തുനബി ഇങ്ങനെ ചെയ്തിരുന്നില്ല). മുത്തുനബിയുടെ മാതൃക എന്നെ ഓര്‍മിപ്പിക്കാന്‍ കാരണം സമയത്തിന് നമസ്‌കരിക്കുന്ന ഒരേയൊരു ജോലിക്കാരന്‍ ഞാന്‍ ആയിരുന്നതിനാലാവും! 'പ്യാരെ നബി ഐസാ കച്ചറാ കമ്പനി മേം കബ് കാം കിയേ ഥേ?' (ഇമ്മാതിരി കച്ചറ കമ്പനിയില്‍ മുത്തുനബി ജോലി ചെയ്തതെപ്പോള്‍?). എന്റെ മറുചോദ്യം കേട്ട് ഫോര്‍മാന്‍ റഊഫ് പൊട്ടിച്ചിരിച്ചു. ഓരോരുത്തരുടെയും പ്രകൃതിയനുസരിച്ചിരിക്കും പെരുമാറ്റമെങ്കിലും പരമാവധി സഹനവും സംയമനവും തന്നെയാണ് ഗുണകരമായ പരിണതിക്ക് നിമിത്തമാവുക എന്നതാണ് അനുഭവസത്യം. ദീര്‍ഘകാലം പ്രബോധനം മാനേജറായിരുന്ന കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍ ഇക്കാര്യത്തില്‍ എടുത്തു പറയേണ്ട മാതൃകയായിരുന്നു.

കുടുംബജീവിതത്തിലേക്ക് വരുമ്പോള്‍ വിട്ടുവീഴ്ചയും ക്ഷമയും സംയമനവും തന്നെയാണ് വിജയത്തിന്റെ ഗ്യാരണ്ടി. മഹാനായ പ്രവാചകനായിരുന്നു അതിനേറ്റവും മികച്ച മാതൃക. അദ്ദേഹം ഒമ്പതു വിവാഹങ്ങള്‍ ചെയ്തതിന്റെ ഒരു രഹസ്യവും ഇതാവാം. കുടുംബനാഥന്‍ സദാ കല്‍പിക്കുന്നവനും ചോദ്യം ചെയ്യുന്നവനും ശാസിക്കുന്നവനുമാണെന്ന വിചാരം  പ്രാകൃതമാണ്. ദാമ്പത്യം മരവിക്കുകയോ മരിക്കുകയോ ചെയ്യാനുള്ള പ്രധാന കാരണവും ഇതാണ്. ഇണകളുടെ ഈഗോ തകര്‍ത്തെറിയുന്ന കുടുംബ ജീവിതങ്ങളുടെ എണ്ണം ഭയാനകമായി വര്‍ധിച്ചുവരുന്നു. വിശിഷ്യ, രണ്ടു പേര്‍ക്കും ജോലിയുണ്ടെങ്കില്‍ താനെന്തിന് മറ്റവനെ/മറ്റവളെ ആശ്രയിക്കണം എന്ന വിചാരം മനസ്സിനെ കീഴടക്കുന്നു. അത് സ്വരച്ചേര്‍ച്ചയില്ലായ്മയിലേക്കും പരസ്പരമുള്ള കുറ്റപ്പെടുത്തലുകളിലേക്കും ഒടുവില്‍ ബന്ധവിഛേദത്തിലേക്കും നയിക്കുന്നു. കോഴിക്കോട് ബാറിലെ പ്രമുഖ അഭിഭാഷകനും അഭിഭാഷകയായ ഭാര്യയും ഒരേ വീട്ടില്‍ കഴിയവെ പതിനെട്ട് വര്‍ഷങ്ങളായി തമ്മില്‍ മിണ്ടാത്ത അനുഭവം മറ്റൊരു മുതിര്‍ന്ന അഭിഭാഷകന്‍ ഞാനുമായി പങ്കുവെച്ചത് ഓര്‍ക്കുന്നു. മതബോധവും അറിവുമൊക്കെയുള്ള ദമ്പതികള്‍ പോലും ഇതിനപവാദമല്ല. നിഷ്‌കളങ്കരായ മക്കള്‍ക്കാണ് ഇതിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരുന്നത്. ഞങ്ങളുടെ അയല്‍ക്കാരി ഒരു ദിവസം രാവിലെ എന്റെ ഉമ്മയുടെ അടുക്കല്‍ വന്ന് പറഞ്ഞതോര്‍ക്കുമ്പോള്‍ പതിറ്റാണ്ടുകള്‍ക്കു ശേഷവും ചിരി വരും. ഇന്നലെ കെട്ടിയോന്‍ പതിവ് തെറിവാക്ക് മൊഴിയാതിരുന്നതിനാല്‍ ഒരു രസവുമില്ലായിരുന്നു എന്നാണവര്‍ അറിയിച്ചത്! അത്രക്ക് പച്ചത്തെറിയുടെ അഡിക്റ്റ് ആയിക്കഴിഞ്ഞിരുന്നു അവര്‍. തികഞ്ഞ പ്രായോഗിക വീക്ഷണത്തോടെ പങ്കാളിയെ തെരഞ്ഞെടുത്തതുകൊണ്ടും വന്‍സ്വപ്‌നങ്ങള്‍ നെയ്യാതിരുന്നതുകൊണ്ടുമാവാം അരനൂറ്റാണ്ട് നീണ്ട ഞങ്ങളുടെ ഗാര്‍ഹിക ജീവിതം ഒട്ടൊക്കെ ശാന്തമായി ഒഴുകിയത്. അതോ, പ്രത്യക്ഷത്തില്‍ വൈരുധ്യങ്ങളുടെ പാരസ്പര്യം എന്ന് വിലയിരുത്താവുന്ന വിധത്തിലായിരുന്നിട്ടും. ആണായാലും പെണ്ണായാലും മക്കള്‍ ബിരുദഘട്ടം വരെയെങ്കിലും പഠിക്കണമെന്നും സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി കൈവരിക്കണമെന്നുമുള്ള നിര്‍ബന്ധം ഉണ്ടായിരുന്നു. മൂന്ന് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമടങ്ങിയ സന്തതികള്‍ എല്ലാവരും പരിമിതമായ ആ ലക്ഷ്യം സാക്ഷാല്‍കരിക്കുകയും ചെയ്തു. മൂത്ത മകള്‍ സമീറ പി.ജി വരെ പഠിച്ചു. അധ്യാപക പരിശീലനവും പൂര്‍ത്തിയാക്കി. ഭര്‍ത്താവ് ഡോ. മുഹമ്മദ് ഖുത്വ്ബിനോടൊപ്പം ജിദ്ദയില്‍ കഴിയവെ ഇന്ത്യന്‍ എംബസി സ്‌കൂളില്‍ കുറച്ചുകാലം അറബി അധ്യാപികയുമായി. പ്രാസ്ഥാനിക രംഗത്ത് വിദേശത്ത് സജീവമായിരുന്ന അവര്‍ സ്വദേശത്തും ആ സജീവത തുടരുന്നു. രണ്ടാമന്‍ മുജാഹിദ് ഡിഗ്രിയും തൊഴില്‍ പരിശീലന കോഴ്‌സുമൊക്കെ നേടി സ്വന്തമായ തൊഴില്‍ കണ്ടെത്തി പിടിച്ചുനില്‍ക്കാന്‍ നോക്കുന്നു. സോഷ്യല്‍ മീഡിയയാണവന്റെ ദൗര്‍ബല്യം. അതിലൂടെ സാമൂഹിക-രാഷ്ട്രീയ കാര്യങ്ങളിലെ ഇടപെടല്‍ ചിലപ്പോഴെങ്കിലും ബുദ്ധിപൂര്‍വകമായി തോന്നിയിട്ടുണ്ട്. മൂന്നാമന്‍ സാഹിദ് ആരോഗ്യരംഗമാണ് തെരഞ്ഞെടുത്തത്. ഹെല്‍ത്ത് സര്‍വീസിലായിരിക്കെ റേഡിയോ ഓങ്കോളജിയില്‍ ബിരുദാനന്തര ബിരുദമെടുത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിചെയ്യുന്നു. സയന്‍സ് ബിരുദധാരിണിയായ നാലാമത്തവള്‍ ഹുദാ വര്‍ഷങ്ങളായി ഭര്‍ത്താവ് എഞ്ചിനീയര്‍ ബിലാലിനോടൊപ്പം ഗള്‍ഫില്‍ കഴിയുന്നു. ഒടുവിലത്തെ സന്തതി നദാ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദമെടുത്ത്, സിവില്‍ സര്‍വീസില്‍ പരിശീലനത്തിന് ദല്‍ഹിയില്‍ പോയെങ്കിലും വിവാഹം അത് മുഴുമിക്കാന്‍ തടസ്സമായി. എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദമുള്ള ഭര്‍ത്താവ് വസീം ഒരു പ്രമുഖ ജര്‍മന്‍ കമ്പനിയില്‍ ജോലിചെയ്യുന്നു. ബാപ്പയുടെ വഴിയില്‍ ആരുമില്ല; ആശയപരമായി എല്ലാവരുമുണ്ടു താനും.

ഇളയ മകളെ പരാമര്‍ശിക്കുമ്പോള്‍ അവള്‍ നഴ്‌സറി സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ ഒരനുഭവം ചിരിക്കാനും ചിന്തിക്കാനും വക നല്‍കുന്നതാണ്. അങ്ങാടിക്കടുത്തായിരുന്നു അവളുടെ സ്‌കൂള്‍. തൊട്ടടുത്ത് ഒരു കൊല്ലന്റെ ആലയും പ്രവര്‍ത്തിച്ചിരുന്നു. ഒരുനാള്‍ സ്‌കൂള്‍ വിട്ട് അവളെയും കൂട്ടി ഞാന്‍ വീട്ടിലേക്ക് വരുമ്പോള്‍ ഞങ്ങളുടെ സംസാരം പടച്ചവനെക്കുറിച്ചായി. 'നിങ്ങള്‍ കണ്ടിട്ടുണ്ടോ പടച്ചോനെ'- അവളുടെ ചോദ്യം. എന്റെ മറുപടി 'ഇല്ല മോളേ, പടച്ചോനെ ആര്‍ക്കും കാണാന്‍ പറ്റില്ല.' 'ഞാന്‍ കണ്ടിട്ടുണ്ടല്ലോ. ഞങ്ങളുടെ സ്‌കൂളിനടുത്ത ആലയിലെ ചെക്കുട്ടി പടച്ചോനെ നിങ്ങള്‍ കണ്ടിക്കില്ലേ!' എന്തുകൊണ്ട് ഇവള്‍ കൊല്ലന്‍ ചെക്കുട്ടിയെ പടച്ചവനാക്കി എന്നാലോചിച്ചപ്പോഴാണ് കൊച്ചുകുട്ടികളെ രക്ഷിതാക്കള്‍ ദൈവത്തെക്കുറിച്ച് പഠിപ്പിക്കുന്നതിലെ അശാസ്ത്രീയത ആലോചനയില്‍ വന്നത്. അവര്‍ അരുതായ്മകള്‍ കാണിക്കുമ്പോഴൊക്കെ ബാപ്പയോ ഉമ്മയോ 'പടച്ചോന്‍ തീയിലിടും' എന്നു പറഞ്ഞാണ് പേടിപ്പിക്കാറ്. അപ്പോള്‍ സദാ തീക്കുണ്ഠം ആളിക്കത്തിക്കുന്ന കൊല്ലന്‍ കുഞ്ഞുങ്ങളുടെ മനസ്സില്‍ പടച്ചോനായി! ദൈവത്തെ രക്ഷകനും കാരുണ്യവാനുമായി കുഞ്ഞുമനസ്സുകളില്‍ കുടിയിരുത്തുകയാണ് നാം ആദ്യമായി ചെയ്യേണ്ടതെന്ന ഗുണപാഠമാണ് ഈയനുഭവം പകര്‍ന്നുതരുന്നത്. 

 (തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (20-21)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയത്തില്‍നിന്നാണ് ആ കണ്ണീര്‍
വി.പി അസ്ഖലാനി