'നീതിക്കും നിര്‍ഭയത്വത്തിനും വേണ്ടിയുള്ള പോരാട്ടം തുടരണം'
ഇന്ത്യയിലെ മുന്‍നിര ആക്ടിവിസ്റ്റുകളില്‍ ഒരാളാണ് ഹര്‍ഷ് മന്ദര്‍. സാമൂഹിക സേവനത്തിനു വേണ്ടി ബ്യൂറോക്രസിയുടെ കുപ്പായം അഴിച്ചുവെച്ച ഈ ഐ.എ.എസ്സുകാരന്‍, റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ കാമ്പയിന്‍ സ്ഥാപകാംഗം കൂടിയാണ്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ആദിവാസി മേഖലകളില്‍ ജോലി ചെയ്തിട്ടുള്ള അദ്ദേഹം സോഷ്യല്‍ പ്രൊട്ടക്ഷന്‍ ആന്റ് ബി.പി.എല്‍ ദേശീയ കമ്മിറ്റിയിലും അംഗമായിരുന്നു. ആക്ഷന്‍ എയ്ഡ് എന്ന സ്ഥാപനത്തിന്റെ ഇന്ത്യാ തലവന്‍ ആയിരുന്നു. ഇപ്പോള്‍ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് ഡയറക്ടറാണ്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹം 'പ്രബോധന'വുമായി സംസാരിക്കുന്നു.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയെ കുറിച്ച് താങ്കള്‍ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നു. ഐ.എ.എസ് ഉദ്യോഗം വേണ്ടെന്നു വെച്ച് ഒരു മുഴുസമയ സാമൂഹിക പ്രവര്‍ത്തകനായിത്തീരാന്‍ എന്തായിരുന്നു കാരണം?
18 വര്‍ഷത്തോളം ഞാന്‍ സിവില്‍ സര്‍വീസില്‍(ഐഎ.എസ്) ഉണ്ടായിരുന്നു. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും സര്‍വീസിന്റെ ഭാഗമായി എനിക്ക് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്റെ അനുഭവം പറഞ്ഞാല്‍, 1984-ല്‍ ഇന്റോറിലുണ്ടായ ഒരു വലിയ വര്‍ഗീയ കലാപത്തെ ഞാന്‍ നേരിട്ടിട്ടുണ്ട്. അന്ന് ഞാന്‍ കലക്ടറാണ്. അക്രമികളെ കണ്ടാല്‍ വെടിവെക്കാന്‍ ഉത്തരവിട്ടു. സൈന്യത്തെ വിളിച്ചു. ആറ് മണിക്കൂര്‍കൊണ്ട് കലാപം നിയന്ത്രണാധീനമായി. പക്ഷേ ഗുജറാത്തില്‍ നാല് ആഴ്ചയിലധികമാണ് അക്രമികള്‍ നിറഞ്ഞാടിയത്. ആരും അവരെ തടഞ്ഞില്ല. അധികാരികള്‍ക്ക് വേണമെങ്കില്‍ അത് മണിക്കൂറുകള്‍കൊണ്ട് തടയാമായിരുന്നു. സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്ത കലാപമായിരുന്നു അത്. ഇരുപതോളം ജില്ലകളെ അത് ബാധിച്ചു.
ഞാന്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നു. അതിനാല്‍ അക്രമങ്ങള്‍ക്ക് എതിരെ നിലപാടെടുക്കുക എന്നത് എന്റെ കര്‍ത്തവ്യമായി മനസ്സിലാക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ ഉള്ള കാലത്തും ഞാന്‍ ഇങ്ങനെ തന്നെ ആയിരുന്നു. ഇന്ത്യയിലെ ദലിതുകള്‍, ആദിവാസികള്‍, മുസ്‌ലിംകള്‍ എന്നിവര്‍ വളരെ അരക്ഷിതരാണ്. അവര്‍ ഭയപ്പാടോടെയാണ് ജീവിക്കുന്നത്. ഒരു പരിഷ്‌കൃത സമൂഹത്തിന് ലഭിക്കേണ്ട പരിഗണന ഈ മൂന്ന് വിഭാഗങ്ങള്‍ക്കും ലഭിക്കുന്നില്ല. അതില്ലാതെ സെക്യുലരിസവും മതേതരത്വവും പൂര്‍ണമാകില്ല. മോദി ഭരണകാലത്ത് മുസ്ലിംകളാണ് ഏറ്റവുമധികം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്. ഇതില്‍ എന്നെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത്, ഇക്കാര്യത്തെ കുറിച്ച് പലരും മൗനമവലംബിക്കുന്നു എന്നതാണ്.
ഗുജറാത്ത് കലാപമായിരുന്നോ താങ്കള്‍ ഐ.എ.എസില്‍നിന്നും രാജിവെക്കാന്‍ പെട്ടെന്നുണ്ടായ കാരണം?
അതേ. ഞാന്‍ സര്‍വീസില്‍ ഉള്ള സമയത്താണ് ഗുജറാത്തില്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. അത് കലാപം ആയിരുന്നില്ല. മുസ്‌ലിം വംശഹത്യ തന്നെ ആയിരുന്നു. ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത വംശഹത്യ. ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന വേളയില്‍തന്നെ ഞാന്‍ അതിന്റെ ഭീകരത വിവരിച്ചുകൊണ്ട് ഒരു ലേഖനം എഴുതി; 'കേഴുക പ്രിയ നാടേ' (Cry my beloved country) എന്ന തലക്കെട്ടില്‍. ഇതിന്റെ ഒരു ഭാഗം ടൈംസ് ഓഫ് ഇന്ത്യ പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ചു. ആക്രമണത്തിന്റെ വ്യാപ്തി പുറംലോകമറിയാന്‍ അത് കാരണമായി. ആയിരക്കണക്കിന് ആളുകള്‍ അത് ഷെയര്‍ ചെയ്തു. സര്‍വീസിലുള്ള ഒരാള്‍ ഇത്തരമൊരു കുറിപ്പെഴുതിയത് വലിയ വിവാദമായി. എല്ലാ മനുഷ്യരുടെയും നന്മക്കും നീതിക്കും വേണ്ടി പ്രവര്‍ത്തിക്കുക, അതിന് ഗവണ്‍മെന്റ് സര്‍വീസ് തടസ്സമെങ്കില്‍ അത് ഉപേക്ഷിക്കുക എന്ന് തീരുമാനിച്ചു തന്നെയാണ് ഞാന്‍ ലേഖനം എഴുതിയത്. തുടര്‍ന്ന് സര്‍വീസില്‍ നിന്ന് രാജിവെച്ച് മുഴുസമയ സാമൂഹിക പ്രവര്‍ത്തകനാവുകയായിരുന്നു.
ഇന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ മുന്നില്‍ വെച്ചു ഗുജറാത്ത് കലാപത്തെ എങ്ങനെ വിലയിരുത്തുന്നു?
ഇന്ത്യ നാനാത്വത്തെയും വൈവിധ്യങ്ങളെയും ഉള്‍ക്കൊണ്ടായിരുന്നു സ്വാതന്ത്ര്യത്തിലേക്ക് കാലെടുത്തുവെച്ചത്. ജാതി, മതം, ദേശം, ഭാഷ തുടങ്ങിയവക്ക് അതീതമായി എല്ലാവര്‍ക്കും സമത്വവും സാഹോദര്യവും തുല്യനീതിയും വാഗ്ദാനം ചെയ്യുന്ന ഭരണഘടനയാണ് ഉണ്ടാക്കിയത്. ഈ ഇന്ത്യക്കെതിരെയുള്ള ആദ്യ വെടിയുണ്ടയായിരുന്നു രാഷ്ട്രപിതാവിന്റെ നെഞ്ചത്ത് കൊണ്ടത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ മൂന്ന് ദശകങ്ങള്‍ വലിയ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയി. അയിത്തവും ലിംഗ അസമത്വങ്ങളും വര്‍ഗീയകലാപങ്ങളും രാജ്യത്ത് ഉണ്ടായിരുന്നെങ്കിലും ഗുജറാത്ത് കലാപത്തോടെയാണ് ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നത്.
ഗുജറാത്ത് പ്രശ്‌നം അറിയാന്‍ നാം നമ്മിലേക്കു തന്നെ ഒരു കണ്ണാടി തിരിച്ചുപിടിക്കണം. എന്നിട്ട് സ്വയം ചോദിക്കണം, എന്നെയും നിങ്ങളെയും പോലുള്ള സാധാരണ ജനം എങ്ങനെയാണ് ഇത്തരത്തിലുള്ള പൈശാചികതകളില്‍ പെട്ടുപോകുന്നത്?
രണ്ടാമതായി, ഇത് വളരെ ആസൂത്രണത്തോടെ നടന്ന ഒരു ഓപ്പറേഷന്‍ ആയിരുന്നു. മിലിറ്ററി ചെയ്യുന്നതുപോലെയുള്ള ഓപ്പറേഷന്‍. ഇതിന് ദീര്‍ഘകാലത്തെ പ്ലാനിംഗ് നടന്നിരിക്കും എന്നാണ് തെളിവുകള്‍ പറയുന്നത്. വലിയ ഒരു ടൗണില്‍ ഒരു പാന്റലൂണ്‍ ഷോപ്പ് മാത്രം കത്തിയെരിഞ്ഞു. കാരണം അതിന്റെ ഒരു സ്ലീപ്പിംഗ് പാര്‍ട്ണര്‍ മുസ്‌ലിം ആയിരുന്നു.
അതിനു ചുറ്റുമുള്ള മറ്റു കടകള്‍ ഒന്നും നശിപ്പിക്കപ്പെട്ടില്ല. കലാപം നടന്ന എല്ലാ സ്ഥലങ്ങളിലും ഉപയോഗിച്ച ആയുധങ്ങള്‍, കെമിക്കലുകള്‍, മെത്തേഡുകള്‍ എന്നിവയിലും സാമ്യമുണ്ടായിരുന്നു.
ഇത്രയും ദീര്‍ഘകാലത്തെ പ്ലാനിംഗ് ഉണ്ടായിരുന്നിട്ടും ഗുജറാത്തിലെ പൊതുസമൂഹം എന്തുകൊണ്ട് അത് തിരിച്ചറിഞ്ഞില്ല? സിവില്‍ സൊസൈറ്റിയും ആക്ടിവിസ്റ്റുകളും എഴുത്തുകാരുമുള്ള ആ സമൂഹം എന്തുകൊണ്ട് പ്രതികരിച്ചില്ല? ഇത് ഇക്കാലത്തും വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. വിദ്വേഷ കൊലകള്‍ നടക്കുമ്പോള്‍ വേണ്ട രീതിയില്‍ ഈ ആളുകളൊന്നും എന്തുകൊണ്ട് പ്രതികരിക്കുന്നില്ല?
നാളെ നമ്മള്‍ ജീവിക്കുന്ന സ്ഥലത്ത് ഒരു കലാപമോ ലിഞ്ചിംഗോ നടന്നാല്‍ ഉത്തരവാദിത്തം നമുക്കു കൂടിയാണ്. ഞങ്ങളറിഞ്ഞില്ല എന്നു പറയുന്നത് ശരിയല്ല. നമ്മുടെ സാമൂഹികാന്തരീക്ഷം നാം മനസ്സിലാക്കണം.
കൂട്ടക്കുരുതിയില്‍ സംസ്ഥാന ഭരണസംവിധാനം വഹിച്ച പങ്കാണ് മറ്റൊന്ന്. എന്റെ 20 വര്‍ഷത്തോളം നീണ്ട സിവില്‍ സര്‍വീസ് ജീവിതത്തില്‍ 6 ജില്ലകളുടെ മജിസ്‌ട്രേറ്റ് ആയിരുന്നിട്ടുണ്ട് ഞാന്‍. പോലീസും സിവില്‍ അതോറിറ്റിയും ചേര്‍ന്നാല്‍ കലാപങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും. സൈന്യത്തെയും വിളിക്കാവുന്നതാണ്. എന്റെ സര്‍വീസ് ജീവിതത്തില്‍ 1982-ലും 1989-ലും ഇങ്ങനെ വര്‍ഗീയ കലാപങ്ങളെ നിയന്ത്രിച്ച അനുഭവമുണ്ട്. ലോക്കല്‍ പൊലീസ് മുതല്‍ സംസ്ഥാനത്തെ ഹയര്‍ അതോറിറ്റി വരെ ഇക്കാര്യത്തില്‍ കുറ്റവാളികളാണ്. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ വലിയ കുറ്റകൃത്യമാണ് ഇതിലൂടെ ചെയ്യുന്നത്.
എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് ഒരു കലാപത്തിനു ശേഷം ഗവണ്‍മെന്റ് റിലീഫ് ക്യാമ്പുകള്‍ തുറക്കാതിരുന്നത്. ഇരകളാക്കപ്പെട്ട സമുദായം തനിച്ചാണ് പലയിടത്തും ക്യാമ്പുകള്‍ നടത്തിയത്. അതിന് തന്നെ ആവശ്യമായ സുരക്ഷയോ സഹായമോ ഗവണ്‍മെന്റ് നല്‍കിയതുമില്ല.
ഗുജറാത്ത് അറുകൊലകളെ തുടര്‍ന്ന് നാലായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ രണ്ടായിരത്തിലധികം നേരത്തേതന്നെ ക്ലോസ് ചെയ്തു. അതില്‍ 36 പേരെ മാത്രമാണ് acquit ചെയ്തത്. ഭൂരിപക്ഷവും സമ്മറി ക്ലോഷര്‍ ആണ് നടത്തിയത്. Summary Closure എന്നുപറഞ്ഞാല്‍ കോടതിയില്‍ പോകാന്‍ പോലുമുള്ള തെളിവില്ല എന്നു പറഞ്ഞ് പോലീസ് അധികാരികള്‍ തന്നെ കേസ് അവസാനിപ്പിക്കുന്ന പരിപാടിയാണ്. കലാപത്തിലെ മുക്കാല്‍ഭാഗവും കേസുകള്‍ ഇങ്ങനെ ഇല്ലാതാക്കി. ആര്‍.എസ്.എസ്, വി.എച്ച്. പി, ബജറംഗ്ദള്‍ മെമ്പര്‍മാരായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍. അതിനാല്‍തന്നെ കേസുകളെല്ലാം ദുര്‍ബലമായി ഇല്ലാതായി.
പിന്നീട് പോട്ട (POTA) പ്രകാരം മുസ്‌ലിംകളെ വ്യാപകമായി അറസ്റ്റ് ചെയ്തു. ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്ത 240 പോട്ട കേസുകളില്‍ 239 എണ്ണവും മുസ്‌ലിംകള്‍ക്കെതിരെ ആയിരുന്നു.
ആദിവാസികള്‍, ദലിതുകള്‍, മുസ്‌ലിംകള്‍ എന്നിവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഒന്നു തന്നെയാണോ? ആരാണ് കൂടുതല്‍ വിവേചനം അനുഭവിക്കുന്നത്?
ആദിവാസികളുടെയും ദലിതുകളുടെയും പ്രശ്‌നം ദാരിദ്യം, വീടുകളുടെ അഭാവം, സാമൂഹിക പിന്നാക്കാവസ്ഥ, ജാതിവിവേചനം എന്നിവയാണ്. എന്നാല്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ ഇതില്‍നിന്ന് ഭിന്നമാണ്. സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ ഉള്ളതോടൊപ്പം തന്നെ മതപരമായ വിവേചനം കൂടി മുസ്ലിംകള്‍ക്ക് നേരിടേണ്ടിവരുന്നു. അതിനാല്‍ ഈ വിഭാഗത്തിന്റെ ജീവിതം കൂടുതല്‍ ക്ലേശപൂര്‍ണമാണ്. മുസ്‌ലിം സമൂഹത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുന്നു. അവര്‍ രണ്ടാംതരം പൗരന്മാരാണെന്ന തോന്നല്‍ അവരില്‍ ശക്തിപ്പെടുന്നു. ആ രീതിയിലാണ് ഭരണകൂടവും പോലീസും അവരോട് പെരുമാറുന്നത്. തങ്ങളും ഈ രാജ്യത്തിന്റെ ഭാഗമാണെന്നും തുല്യ അവകാശികളാണെന്നുമുള്ള ബോധം മുസ്ലിംകള്‍ക്ക് പകര്‍ന്നുകൊടുക്കുകയാണ് പൊതു സിവില്‍ സമൂഹം ചെയ്യേണ്ടത്. ദലിതുകള്‍ അധഃസ്ഥിതരാണെങ്കില്‍പോലും തങ്ങള്‍ ഇന്ത്യയില്‍ രണ്ടാംതരം പൗരന്മാരാണെന്ന തോന്നല്‍ അവര്‍ക്കിടയില്ല. ദലിതുകള്‍ കൂടുതല്‍ ആത്മവിശ്വാസം ഉള്ളവരാണ്. അവര്‍ പലയിടങ്ങളിലും പ്രതികരിക്കുന്നു. പീഡനങ്ങളും അവഹേളനങ്ങളും പരിധിവിടുമ്പോള്‍ ഹിന്ദു മതം ഉപേക്ഷിച്ചു ബുദ്ധമതം സ്വീകരിക്കാറുമുണ്ട്.
താങ്കളുടെ 'കാരവാനെ മുഹബ്ബത്തി'നെകുറിച്ച് പറയാമോ? ഇന്ത്യയില്‍ വിദ്വേഷ കൊലപാതകങ്ങള്‍ നടന്ന എല്ലായിടവും താങ്കള്‍ സന്ദര്‍ശിക്കുകയുണ്ടായല്ലോ.
അത് മുറിവേറ്റ ഇന്ത്യയിലൂടെയുള്ള ഒരു യാത്രയായിരുന്നു. അസം, ഝാര്‍ഖണ്ഡ്, കോസ്റ്റല്‍ കര്‍ണാടക, ദല്‍ഹി, പശ്ചിമ ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ പ്രദേശങ്ങളിലാണ് പര്യടനം നടത്തിയത്.
ഇരകളുടെ ബന്ധുക്കള്‍ക്ക് ആത്മവിശ്വാസം പകരുകയായിരുന്നു യാത്രയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം. നിങ്ങള്‍ ഒറ്റക്കല്ല, ഞങ്ങളും കൂടെയുണ്ട് എന്ന് അവര്‍ക്ക് ഉറപ്പ് കൊടുക്കുക. രണ്ടാമതായി, രാജ്യവും രാജ്യത്തെ അക്രമികളും അവരോടു ചെയ്ത ക്രൂരതകള്‍ക്ക് മാപ്പു ചോദിക്കുക. അവരുടെ നിയമപോരാട്ടങ്ങള്‍ക്ക് സഹായിക്കുക എന്നതായിരുന്നു മൂന്നാമത്തെ ലക്ഷ്യം.
ആള്‍ക്കൂട്ടക്കൊല(ലിഞ്ചിംഗ്) നടന്ന ഇടങ്ങളിലെല്ലാം ആക്രമണങ്ങള്‍ക്ക് സാദൃശ്യമുണ്ടായിരുന്നു. ഒരേ രീതിയിലാണ് എല്ലാ സ്ഥലത്തെയും ആളുകള്‍ മുറിവേല്‍പ്പിക്കപ്പെട്ടത്. പലയിടത്തും ഇരകളെ സഹായിക്കാന്‍ പൊതുജനങ്ങള്‍ എത്തിയില്ല. ആക്രമണങ്ങള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്നു. പണ്ട് കറുത്ത വര്‍ഗക്കാര്‍ക്കെതിരെ അമേരിക്കയില്‍ നടന്ന സിവില്‍ വാറിന് സമാനമാണിത്. അക്കാലത്ത് കറുത്തവരെ ആക്രമിക്കുന്നത് ഒരു പിക്‌നിക് പോലെ വെള്ളക്കാര്‍ ആസ്വദിക്കുമായിരുന്നു. അതിന് തുല്യമാണ് ഇത്തരം പ്രവൃത്തികള്‍. പോലീസ് അക്രമികളെ സംരക്ഷിക്കുന്ന കാഴ്ചയാണ് പലയിടത്തും കണ്ടത്. ഗുണ്ടകള്‍ക്ക് പോലീസും രാഷ്ട്രീയക്കാരും അഭയം നല്‍കുന്നു. ഇതിനെതിരെ ഭൂരിപക്ഷ സമുദായം പ്രതികരിക്കുകയും മുസ്‌ലിംകളോട് അനുഭാവവും സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കുകയും ചെയ്യണം. എന്നാലേ നമുക്ക് നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങള്‍ നിലനിര്‍ത്താനാവൂ.
കാരവന് എതിര്‍പ്പുകള്‍ നേരിട്ടിരുന്നോ?
രാജ്യത്തെ പ്രമുഖരായ പത്തിലധികം ആളുകളാണ് സംഘത്തിലുണ്ടായിരുന്നത്. കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ആക്ടിവിസ്റ്റുകളും അതതിടങ്ങളില്‍ ഞങ്ങളുടെ കൂടെ വന്നു. ഇതില്‍ യുവാക്കളും വിദ്യാര്‍ഥികളും എല്ലാമുണ്ടായിരുന്നു. രാജ്യത്തെ 8 സംസ്ഥാനങ്ങളിലാണ് ഞങ്ങള്‍ യാത്ര പോയത്. എല്ലായിടത്തും ജനങ്ങള്‍ നല്ല സ്വീകരണമാണ് നല്‍കിയത്. സാമ്പത്തിക സഹായവും അവര്‍ നല്‍കി. ഹിന്ദുക്കളും മുസ്‌ലിംകളും എല്ലാവരുമുണ്ടായിരുന്നു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു മാത്രമാണ് അനിഷ്ടം തോന്നുന്ന സംഭാഷണങ്ങള്‍ ഉണ്ടായത്. വേറെ ആരും അതിനെ മുടക്കാന്‍ ശ്രമിച്ചിട്ടില്ല. ഭരണകൂടം ഇത് തടയാന്‍ പല രീതിയിലും ശ്രമിച്ചു.
പൊതുസമൂഹത്തിന്റെ, പ്രത്യേകിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ മൗനത്തെക്കുറിച്ച് താങ്കള്‍ ധാരാളം സംസാരിക്കുന്നു. വിശദീകരിക്കാമോ?
ഇന്ത്യയില്‍ വിദ്വേഷം അതിന്റെ ഏറ്റവും കൊടുമുടിയിലാണ് ഇപ്പോള്‍. ദുഷ്പ്രചാരണങ്ങളിലൂടെ അന്യസമുദായത്തോടുള്ള വെറുപ്പ് ആളുകളുടെ മനസ്സില്‍ ആഴ്ന്നിറങ്ങിയിരിക്കുന്നു. ചികിത്സിച്ചു മാറ്റുക അത്ര എളുപ്പമല്ല. 1930-കളില്‍ യൂറോപ്പില്‍ ഉണ്ടായിരുന്നതിന് സമാനമാണിത്. ഞാന്‍ മുസ്‌ലിം അല്ലാത്തതിനാല്‍ എന്തിനാണ് അവര്‍ക്കുവേണ്ടി സംസാരിക്കുന്നത് എന്നാണ് പലരും കരുതുന്നത്. പലരും മുസ്‌ലിം
കള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ഗൗനിക്കുന്നില്ല. ഇങ്ങനെ നമ്മള്‍ ഇന്ത്യയുടെ ആത്മാവിനെ തന്നെ നഷ്ടപ്പെടുത്തുകയാണ്. രാജ്യത്തെ പ്രമുഖ പാര്‍ട്ടിയായ കോണ്‍ഗ്രസും ഇതില്‍ പ്രതികളാണ്. മുസ്‌ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ തുടക്കത്തില്‍ രാഹുല്‍ ഗാന്ധിയും വേണ്ടത്ര അളവില്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നില്ല.
മോദി ഗവണ്‍മെന്റ് മാറുന്നതോടുകൂടി വിദ്വേഷകൊലകള്‍ക്ക് അന്ത്യമാകുമെന്ന് കരുതുന്നുണ്ടോ?
ഒരിക്കലുമില്ല. അത് രാജ്യത്തെ പൗരന്മാരെ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നു. വിദ്വേഷം രക്തത്തില്‍ കലര്‍ന്നിരിക്കുന്നു, ഒരു തരം ഹെറോയിന്‍ കുത്തിവെച്ചതുപോലെ. ആളുകള്‍ ഒരുതരം ഉന്മാദത്തിലാണ്. ഒരു ഇലക്ഷനോടുകൂടി ഇതിന്റെ ജീനുകള്‍ ആളുകളില്‍നിന്ന് മാറുകയില്ല. രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തില്‍ രാജ്യത്തിന്റെ പ്രധാന പ്രശ്‌നങ്ങള്‍ മൂന്നെണ്ണമാണെന്ന് പറയുന്നു; തൊഴിലില്ലായ്മ, കര്‍ഷക പ്രശ്‌നങ്ങള്‍, ക്രോണി കാപിറ്റലിസം (ബിസിനസ് ക്ലാസും രാഷ്ട്രീയക്കാരും തമ്മിലുള്ള മൈത്രീ മുതലാളിത്തം). യുവാക്കളുടെ പ്രശ്‌നങ്ങള്‍ തങ്ങളുടെ ഗവണ്‍മെന്റ് വന്നാല്‍ പരിഹരിക്കുമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഈ മൂന്ന് പ്രധാന പ്രശ്‌നങ്ങളെയും അഡ്രസ് ചെയ്യാനുള്ള കരുത്തോ ധൈര്യമോ പോലും മോദിക്ക് ഇല്ല. അതിനൊരു കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ മൂന്നു പ്രശ്‌നങ്ങളും ഇത്ര രൂക്ഷമാകാന്‍ കാരണം മോദിയുടെ പിടിപ്പുകേട് തന്നെയായിരുന്നു എന്നതാണ്. എന്നാല്‍ നമ്മള്‍ മനസ്സിലാക്കേണ്ട കാര്യം, യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മൂന്ന് അടിസ്ഥാന പ്രശ്‌നങ്ങളെ അഡ്രസ് ചെയ്തിരുന്നില്ല എന്നതാണ്. മാക്‌സിമം ഹെയ്റ്റ് വയലന്‍സ് പ്രസംഗങ്ങള്‍ മാത്രമാണ് അവിടെ നടന്നത്. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് മനസ്സിലാക്കാനും തിരുത്താനും മോദിയും കൂട്ടരും സന്നദ്ധരുമല്ല. കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം ഹെയ്റ്റ് സ്പീച്ചുകള്‍ വലിയ അളവില്‍ നടക്കുന്നു. പക്ഷേ കോണ്‍ഗ്രസ്സും ഇതിനെതിരെ ഉറക്കെ സംസാരിക്കാനോ അപലപിക്കാനോ സന്നദ്ധമല്ല. ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണ് തങ്ങള്‍ മിണ്ടാതിരിക്കുന്നതെന്നു സ്വകാര്യ സംഭാഷണങ്ങളില്‍ കോണ്‍ഗ്രസുകാര്‍ നമ്മോടു പറയും. ഇത്തരം പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ്സും മറ്റു പാര്‍ട്ടികളും വിദ്വേഷ രാഷ്ട്രീയത്തിനെതിരെ മൗനം പാലിക്കുകയല്ല വേണ്ടത്, അതിനെ അഡ്രസ് ചെയ്യുകയാണ്.
അസമിലെ പൗരത്വ പ്രശ്‌നവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷന്‍ (NHRC) നിയോഗിച്ച കമ്മിറ്റിയില്‍ അംഗമായിരുന്നു താങ്കള്‍. എന്തായിരുന്നു അതിന്റെ ഫലങ്ങള്‍?
അസമിലെ മുസ്‌ലിംകളെ ബംഗാളില്‍നിന്നുള്ള കുടിയേറ്റക്കാരാണ് എന്ന സംശയത്തിന്റെ പേരില്‍ പോലീസ് വ്യാപകമായി അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ സൂക്ഷിക്കുന്നു. പോലീസ് യഥാര്‍ഥത്തില്‍ ഇതിന് യാതൊരു മാനദണ്ഡവും പാലിക്കുന്നില്ല എന്നതാണ് വസ്തുത. വെറും സംശയത്തിന്റെ പേരിലാണ് പൗരന്മാരുടെ ജീവിതം താറുമാറാക്കുന്നത്. അവര്‍ക്ക് ജയിലുകളില്‍ മനുഷ്യാവകാശങ്ങളോ പരോളോ അനുവദിച്ചിരുന്നില്ല. അന്വേഷണ കമീഷന്റെ കണ്ടെത്തലുകളും ശിപാര്‍ശകളും അടങ്ങുന്ന 39 പേജുള്ള വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റിനു സമര്‍പ്പിച്ചിട്ടുണ്ട്. അവ ഗവണ്‍മെന്റിന്റെ ഔദ്യോഗിക സൈറ്റുകളില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്.
താങ്കളുടെ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ?
സാമൂഹിക നീതിയെ സംബന്ധിച്ച വിഷയങ്ങളില്‍ പഠനങ്ങള്‍ നടത്തുകയാണ് സെന്ററിന്റെ പ്രവര്‍ത്തനം. പിന്നെ എന്റെ ഒരു സ്‌പെഷ്യലൈസ്ഡ് ഏരിയ സമൂഹത്തിന്റെ ദാരിദ്ര്യനിര്‍മാര്‍ജ്ജനവും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമാണ്.
ഗവണ്‍മെന്റിന്റെ നയങ്ങളെ തുറന്നെതിര്‍ക്കുന്നതിന്റെ പേരില്‍ എതിര്‍പ്പുകള്‍ ഉണ്ടാകാറുണ്ടോ?
അവ ഞാന്‍ കാര്യമാക്കാറില്ല. എന്നെ രാജ്യദ്രോഹിയുടെ ഗണത്തിലാണ് പലപ്പോഴും പെടുത്താറുള്ളത്. അതേസമയം രാജ്യം ശക്തമായി നിലനില്‍ക്കണം എന്നതുകൊണ്ട് മാത്രമാണ് ഞാന്‍ ഇക്കാര്യങ്ങളിലൊക്കെ നിരന്തരം ഇടപെടുന്നത്.
Comments