Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 26

3099

1440 ശഅ്ബാന്‍ 20

അലിയാ, താങ്കളുടെ സ്‌നേഹദേശത്തോട് വിട...!

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

[യാത്ര-7 ]

സ്രബ്‌റനിറ്റ്‌സയിലെ വംശഹത്യാ സ്മാരകത്തോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പ്രധാന കവാടത്തിനരികില്‍ ഒരു സ്ത്രീയുടെ ചിത്രവും അനുശോചന കുറിപ്പുകളും കണ്ടു:

'ഹദീജ മെഹമ്മദോവിച്ച് (Hatidza Mehmedovic). സ്രബ്‌റനിറ്റ്‌സയിലെ ഉരുക്കുവനിത.' ഡാനി പരിചയപ്പെടുത്തി.

സെര്‍ബുകള്‍ നരനായാട്ടിനിറങ്ങിയ കാലത്ത് സ്രബ്‌റനിറ്റ്‌സയില്‍നിന്ന് ടുസ്‌ലയിലേക്ക് അഗ്നിപെയ്യുന്ന മലങ്കാടുകള്‍ താി പലായനം ചെയ്യുകയായിരുന്നു, ഹദീജയും കുടുംബവും. യാത്ര ലക്ഷ്യം കാണുംമുമ്പ് ഭര്‍ത്താവും രണ്ട് ആണ്‍മക്കളും രക്തസാക്ഷികളായി. ഹദീജ ജീവഛവമായി ടുസ്‌ലയിലെ അഭയാര്‍ഥികള്‍ക്കൊപ്പം എത്തിപ്പെട്ടു. ഡെയ്ടണ്‍ കരാര്‍ ഒപ്പുവെച്ച് യുദ്ധഭീകരത ഏതാാെക്ക ശമനമായി തുടങ്ങിയതില്‍പിന്നെ ഒട്ടും കാത്തിരിക്കാതെ ആ വീട്ടമ്മ സ്രബ്‌റനിറ്റ്‌സയിലെ സ്വന്തം കൂരയിലേക്ക് തിരികെയെത്തി. സെര്‍ബുകളുടെ അധിക്ഷേപങ്ങളും പരിഹാസങ്ങളും വകവെക്കാതെ അവര്‍ ആണ്‍തുണകള്‍ നഷ്ടപ്പെട്ട് അഭയാര്‍ഥികളായിത്തീര്‍ന്ന സ്രബ്‌റനിറ്റ്‌സന്‍ സ്ത്രീകളെ തിരികെ വിളിക്കാനും അമ്മമാരുടെ കൂട്ടായ്മ രൂപപ്പെടുത്തി സെര്‍ബിയന്‍ കുറ്റവാളികള്‍ക്കെതിരെ പൊരുതാനും മുന്നിട്ടിറങ്ങി. വീട്ടുമുറ്റത്ത് രണ്ട് കുഞ്ഞു ചെടികള്‍ നട്ടു നനച്ച്, രക്തസാക്ഷികളായ മക്കളുടെ പേരിട്ട് വിളിച്ച് അവര്‍ മനോബലം നേടി. പോട്ടോച്ചേരിയില്‍ രക്തസാക്ഷികള്‍ക്ക് സ്മാരകം പണിയാനും കൂട്ടക്കുഴിമാടങ്ങള്‍ തുറന്ന് ശരീരാവശിഷ്ടങ്ങള്‍ മാന്യമായി മലഞ്ചെരുവില്‍ സംസ്‌കരിക്കാനും അന്താരാഷ്ട്ര കോടതിയില്‍ സെര്‍ബ് കുറ്റവാളികള്‍ക്കെതിരെ കേസ് പറയാനും ആ വീട്ടമ്മ ഓടിനടന്നു. ഒടുവില്‍ അവരുടെ സ്വപ്‌നങ്ങളേറെയും പൂവണിഞ്ഞു. സ്മാരകമുയര്‍ന്നു, വംശഹത്യയുടെ യഥാര്‍ഥ ചിത്രങ്ങള്‍ ലോകമറിഞ്ഞു, സെര്‍ബിയയിലെയും സ്രബ്സ്‌കയിലെയും നരാധമന്മാര്‍ക്കെതിരിലെ വംശഹത്യാ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടു. ചിലരൊക്കെ ശിക്ഷിക്കപ്പെട്ടു. ഹേഗിലെ കോടതി റാറ്റ്‌കോ മാന്‍ഡിച്ചിന് ജീവപര്യന്തം ശിക്ഷ വിധിക്കുമ്പോള്‍ കോടതി മുറിയില്‍ തലയില്‍ തട്ടമിട്ട ഹദീജയുമുണ്ടായിരുന്നു. രണ്ടായിരത്തി പതിനെട്ട് ജുലൈയിലെ ഹേമന്തത്തില്‍ ആ ധീരവനിത രക്തസാക്ഷികളുടെ ലോകത്തേക്ക് പറന്നുപോയി. ഹദീജയുടെ ചിത്രത്തിനു താഴെ അനുശോചനക്കുറിപ്പെഴുതി അവരുടെ നന്മക്കായി പ്രാര്‍ഥിച്ച് സ്മാരക സമുച്ചയത്തില്‍നിന്നും നിറകണ്ണുകളോടെ ഞാന്‍ പട്ടണത്തിലേക്ക് തിരിച്ചു.

നഗരാതിര്‍ത്തിയിലെ ഒരു വീട്ടില്‍ ഞങ്ങള്‍ ഇര്‍വിന്‍(കൃ്ശി) മുസവിച്ചിനെ കാണാനിറങ്ങി. ഉച്ചഭക്ഷണത്തിന് ഞങ്ങള്‍ ഇര്‍വിന്റെ അതിഥികളാണ്. മലഞ്ചെരുവിന്റെ ഭൂപ്രതലവുമായി സമന്വയിപ്പിച്ച് തട്ടുകളായി നിര്‍മിച്ചുവെച്ച പഴയ വീട്. മലയടിവാരത്തെ പാതയില്‍നിന്ന് വീട്ടിലേക്ക് പടികള്‍ കയറുമ്പോള്‍ ഇര്‍വിന്‍ ഞങ്ങളെ സ്വീകരിക്കാന്‍ ഓടിയെത്തി. അയാളുടെ മാതാപിതാക്കളെ പോട്ടോച്ചേരിയിലെ ഐക്യരാഷ്ട്രസഭാ കേന്ദ്രത്തില്‍ വെച്ച് സെര്‍ബ് പട്ടാളക്കാര്‍ നിര്‍ദയം വെടിവെച്ചുകൊല്ലുകയായിരുന്നു. ഡച്ച് സൈന്യത്തിന്റെ ഔദ്യോഗിക പരിഭാഷകരായിരുന്നു അവര്‍. അനാഥനാവുമ്പോള്‍ അഞ്ചു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഈ ബാലന്‍ അഭയാര്‍ഥി കൂട്ടങ്ങള്‍ക്കൊപ്പം എങ്ങനെയൊക്കെയോ ഇറ്റലിയിലെത്തിപ്പെട്ടു. അവിടെ നല്ലൊരു ജീവിതം കരുപ്പിടിപ്പിച്ചെടുക്കാനുള്ള സാഹചര്യങ്ങളുണ്ടായിരുന്നെങ്കിലും മുപ്പതാം വയസ്സില്‍ ഏതോ ഒരു ഉള്‍വിളിക്ക് ഉത്തരമെന്നോണം സ്രബ്‌റനിറ്റ്‌സയിലെ ആളൊഴിഞ്ഞ കുടുംബവീട്ടിലേക്ക് ആ യുവാവ് തിരിച്ചെത്തി. മലമുകളിലൊരു ഗ്രാമത്തില്‍ സാഹസിക വിനോദങ്ങള്‍ സംഘടിപ്പിക്കാന്‍ കൂട്ടുകാരെയും ഗ്രാമവാസികളെയും കൂട്ടി ഇര്‍വിന്‍ പദ്ധതികളിട്ടു. 'സ്രബ്‌റനിറ്റ്‌സയിലെ പ്രതീക്ഷയുടെ ഗ്രാമം' എന്ന് പേരുവിളിച്ച മലമടക്കിലേക്ക് മഞ്ഞുകാല വിനോദങ്ങളിലേര്‍പ്പെടാന്‍ യൂറോപ്യന്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി.

'ഞാന്‍ എന്റെ വേരുകള്‍ തേടിയെത്തിയതാണ്. ഇനി മടക്കമില്ല' ഇര്‍വിന്‍ ആഹ്ലാദവാനാണിന്ന്.

ഗ്രാമത്തിലെ മണ്ണും മരങ്ങളും മൃഗങ്ങളും മനുഷ്യരും അയാള്‍ക്ക് ഏറെ പ്രിയപ്പെട്ട കൂട്ടായിരിക്കയാല്‍ അപൂര്‍വമായേ തറവാട്ടുവീട്ടിലേക്ക് 

പോകാറുള്ളൂ. വലിയ കഷ്ണങ്ങളാക്കിയ ആട്ടിറച്ചിയും പച്ചക്കറികളും ചെമ്പുപാത്രത്തിലിട്ട് കനലില്‍ വേവിച്ചെടുക്കുന്ന ബോസ്‌നിയന്‍ പരമ്പരാഗത ഭക്ഷണം ഇര്‍വിനും കൂട്ടുകാരും ഞങ്ങള്‍ക്കായി സ്‌നേഹത്തോടെ വിളമ്പി. ചേരുവകളൊക്കെയും അയാളുടെ ഗ്രാമത്തില്‍നിന്ന് സമാഹരിച്ചത്. ഇര്‍വിനെ പോലെ അഭയാര്‍ഥികളായി പടിഞ്ഞാറന്‍ യൂറോപ്പിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലുമൊക്കെ എത്തിപ്പെട്ട നിരവധി ബോസ്‌നിയാക്കുകളുണ്ട്. അവരിലധികപേരും യുദ്ധാനന്തര ബോസ്‌നിയയിലേക്ക് മടങ്ങാതെ പ്രവാസഭൂമിയില്‍ ജീവിതം തളിര്‍പ്പിച്ചവരെങ്കിലും പതിയെ പതിയെ തങ്ങളുടെ ഗൃഹാതുരതയിലേക്ക് തിരികെ സഞ്ചരിക്കുന്നുണ്ടിന്ന്. സ്വാദിഷ്ഠമായ ബോസ്‌നിയന്‍ ഭക്ഷണം ആസ്വദിച്ച് ഞങ്ങള്‍ ഇര്‍വിനോടും കൂട്ടുകാരോടും യാത്ര പറഞ്ഞിറങ്ങി.

സ്രബ്‌റനിറ്റ്‌സയില്‍നിന്ന് സരയാവോയിലേക്ക് മടങ്ങും മുമ്പ് യുദ്ധാനന്തരം റിപ്പബ്ലിക് ഓഫ് സ്രബ്‌സ്‌കയില്‍ പെട്ടുപോയ ബോസ്‌നിയാക്കുകളുടെ ജീവിതവിശേഷങ്ങളറിയാന്‍ ഞങ്ങള്‍ ചിലരെ തേടിച്ചെന്നു. പേരുവിവരങ്ങള്‍ കണിശമായും രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പിന്മേല്‍ മാത്രമേ അവര്‍ ഉള്ളുതുറന്നുള്ളൂ; തങ്ങള്‍ക്കു ചുറ്റും പതിയിരിക്കുന്ന വേട്ടമൃഗങ്ങളെ അവരിന്നും ഭയക്കുന്നപോലെ.

സെര്‍ബുകളുടെ നരനായാട്ട് കഴിഞ്ഞ് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഈ മണ്ണില്‍ പ്രതീക്ഷകള്‍ക്കപ്പുറം ഭയവും പുനര്‍ജനിച്ചു തുടങ്ങിയിരിക്കുന്നു. വംശശുദ്ധിയും വിശാല സെര്‍ബിയയും മുദ്രാവാക്യങ്ങളാക്കി സെര്‍ബിയയില്‍നിന്നൊരു കൂട്ടം യുവാക്കള്‍ അതിര്‍ത്തി കടന്ന് ബോസ്‌നിയന്‍ ഗ്രാമങ്ങൡലൂടെ പ്രകോപന യാത്ര നടത്തിയത് ഈയിടെയാണ്. അവരെ തടയാനോ അവര്‍ക്കെതിരെ നടപടികളെടുക്കാനോ ഒരക്ഷരമെങ്കിലും എതിര്‍ത്ത് പറയാനോ സ്രബ്‌സ്‌ക തയാറായില്ല. സ്രബ്‌റനിറ്റ്‌സയില്‍ അരങ്ങേറിയത് കിരാതമായ വംശഹത്യയെന്ന് മധ്യാഹ്ന വെളിച്ചം പോലെ ലോകമറിഞ്ഞതും സെര്‍ബിയയും സ്രബ്‌റസ്‌കയുമൊക്കെ അംഗീകരിച്ചതുമായിരുന്നു. വംശഹത്യക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ലോക കോടതി കുറ്റം തെളിയിച്ച് ശിക്ഷ നടപ്പിലാക്കുകയും ചെയ്തതാണ്. പക്ഷേ, സമീപകാലത്ത് കാര്യങ്ങള്‍ മാറിത്തുടങ്ങി. വംശഹത്യ നടന്നിട്ടില്ലെന്ന് സെര്‍ബിയയും സ്രബ്സ്‌കയും തിരുത്തി പറഞ്ഞുകഴിഞ്ഞു. പഴയ യുദ്ധക്കുറ്റവാളികള്‍ക്ക് പതിയെ നായക പരിവേഷങ്ങളും കല്‍പിക്കപ്പെട്ടു തുടങ്ങി. സ്രബ്‌റനിറ്റ്‌സയിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഈയിടെ സംഘടിപ്പിക്കപ്പെട്ട ഒരു ആഘോഷത്തില്‍ മുഖ്യാതിഥിയായെത്തിയത് വംശഹത്യാ കുറ്റമാരോപിക്കപ്പെട്ട മുന്‍ സെര്‍ബിയന്‍ പട്ടാളക്കാരനായിരുന്നു പോല്‍. അയാളുടെ പ്രഭാഷണത്തില്‍ മുഴങ്ങിയ തീവ്ര വംശീയ രോഷങ്ങള്‍ കേട്ട് സെര്‍ബ് വിദ്യാര്‍ഥികള്‍ ഒന്നടങ്കം കൈയടിച്ച് പ്രോത്സാഹിപ്പിച്ചതില്‍ അമ്പരന്നുപോയ ബോസ്‌നിയാക്കുകളെയും ഞാന്‍ കണ്ടു. സ്രബ്‌റസ്‌കയുടെ ഭരണ പരിധിയിലുള്ള വിദ്യാലയങ്ങളില്‍ ഭൂമിശാസ്ത്രവും ചരിത്രവും സാമൂഹികശാസ്ത്രവും ഭാഷാപഠനവും പൂര്‍ണമായും സെര്‍ബിയന്‍ പാഠ്യപദ്ധതിക്ക് അനുസൃതമായി മാറ്റാന്‍ ഈയിടെ തീരുമാനിക്കപ്പെട്ടു.

ഡെയ്ടണ്‍ കരാറനുസരിച്ച് ബോസ്‌നിയയില്‍ മൂന്ന് ഔദ്യോഗിക ഭാഷകളാണ്; ബോസ്‌നിയന്‍, സെര്‍ബിയന്‍, ക്രൊയേഷ്യന്‍. ഇതിലേതെങ്കിലുമൊന്ന് പ്രാഥമികതലം മുതല്‍തന്നെ പഠിച്ചുതുടങ്ങണം. സ്രബ്‌റസ്‌കയിലെ വിദ്യാലയങ്ങളില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് 'ബോസ്‌നിയന്‍' ഭാഷയെ 'ബോസ്‌നിയാക്കുകളുടെ മാത്രം ഭാഷ' എന്ന് പേരുമാറ്റി. അതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളൊന്നും വകവെക്കാതെയാണ് ഭാഷാപാഠങ്ങള്‍ പൂര്‍ണമായും 'സെര്‍ബിയന്‍' പാഠ്യപദ്ധതിയില്‍ ലയിപ്പിക്കപ്പെട്ടത്.

ചരിത്രവും ഭൂമിശാസ്ത്രവും സാമൂഹികശാസ്ത്രവും യുദ്ധാനന്തര ബോസ്‌നിയന്‍ പാഠ്യപദ്ധതിയെ അതിസങ്കീര്‍ണമാക്കുന്ന വിഷയങ്ങളാണ്. മൂന്ന് വംശങ്ങള്‍ക്ക് മൂന്നു തരം പാഠപുസ്തകങ്ങള്‍. ബോസ്‌നിയാക്കുകളും ക്രോട്ടുകളും ഭരണം പങ്കിടുന്ന ബോസ്‌നിയന്‍ ഫെഡറേഷനിലെ വിദ്യാലയങ്ങളില്‍ ഒരേ മേല്‍ക്കൂരക്കു താഴെ ചരിത്രാനുബന്ധ വിഷയങ്ങള്‍ക്ക് രണ്ടു തരം പാഠങ്ങളും വെവ്വേറെ ക്ലാസുകളും. സ്രബ്‌സ്‌കയിലാകട്ടെ 'സെര്‍ബിയന്‍' ഭാഷ്യം മാത്രം. ബോസ്‌നിയാക്കുകളെ മുഴുവന്‍ ബാള്‍ക്കന്‍ ദേശങ്ങളിലെ ഉസ്മാനിയാ കടന്നുകയറ്റക്കാരായി ചിത്രീകരിക്കുകയും സെര്‍ബിയന്‍ കാടത്തങ്ങളെ ദേശസ്‌നേഹമായി മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന സെര്‍ബിയന്‍ അഹങ്കാരങ്ങള്‍. അതുകാരണം സ്രബ്‌റസ്‌കയിലെ മുസ്‌ലിം കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ബോസ്‌നിയാക് ചരിത്രപാഠങ്ങളില്‍ സ്വകാര്യ ശിക്ഷണം നല്‍കുകയാണ് പതിവ്. യുദ്ധാനന്തരം ബോസ്‌നിയയിലെ വംശസങ്കര വിദ്യാലയങ്ങളില്‍ കമ്പിവേലികളുയര്‍ന്നിരുന്നു. വിദ്യാര്‍ഥികള്‍ വംശം തിരിഞ്ഞ് കമ്പിവേലിക്കപ്പുറവും ഇപ്പുറവും തങ്ങളുടെ പാഠങ്ങള്‍ ചൊല്ലിപ്പഠിച്ചു. ഇടവേളകളില്‍ വേലിക്കപ്പുറത്തെ നിഗൂഢതകളും കൗതുകങ്ങളും കണ്‍പാര്‍ത്തിരുന്നു. ഒടുവില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തില്‍ കമ്പിവേലികള്‍ അപ്രത്യക്ഷമായെങ്കിലും ബോസ്‌നിയന്‍ പൊതുവിദ്യാഭ്യാസത്തില്‍ വംശീയ അതിരുകള്‍ തീര്‍ക്കുന്ന അദൃശ്യസാന്നിധ്യം ഇന്നും സജീവമാണ്.

റിപ്പബ്ലിക് ഓഫ് സ്രബ്‌സ്‌ക അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ബോസ്‌നിയാക്കുകളെയും ക്രോട്ടുകളെയും അവഗണിച്ച് ബോസ്‌നിയ-ഹെര്‍സഗോവിന എന്ന രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്ന് പതിയെ വഴുതിമാറി സെര്‍ബിയയിലൊട്ടാനുള്ള വഴിതിരയുകയാണ് സ്രബ്‌സ്‌ക. ബോസ്‌നിയയുടെ പാതിഭൂമി അപഹരിച്ച് വിശാല സെര്‍ബിയയായിത്തീരാനുള്ള വഴി. സെര്‍ബുകളുടെ പുതിയ നീക്കങ്ങളെക്കുറിച്ച് ബോസ്‌നിയാക്കുകളും ബോധവാന്മാരാണ്. സ്രബ്‌സ്‌ക വിട്ടൊഴിഞ്ഞുപോകാതെ അവര്‍ തങ്ങളുടെ മണ്ണില്‍ ചുവടുറപ്പിച്ച് പൊരുതുകയാണ്. റിപ്പബ്ലിക് ഓഫ് സ്രബ്‌സ്‌കയുടെ പേരില്‍നിന്ന് വംശനാമമായ 'സ്രബ്‌സ്‌ക' വെട്ടിമാറ്റണമെന്നും ബോസ്‌നിയന്‍ പൊതു ഘടനയുമായി സമരസപ്പെടുന്നവിധം പുനര്‍നാമകരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് അലിയായുടെ പാര്‍ട്ടി (ടഉഅ) കോടതിയെ സമീപിച്ചിരിക്കുകയാണ്. ബോസ്‌നിയാക്കുകളും ക്രോട്ടുകളും വെവ്വേറെ മത്സരിച്ചിരുന്ന തെരഞ്ഞെടുപ്പുഗോദയില്‍ ഇക്കുറി ക്രോട്ടുകളുമായി രാഷ്ട്രീയ സഖ്യം ചേര്‍ന്നാണ് ബോസ്‌നിയാക്കുകള്‍ മത്സരിക്കുന്നത്. പക്ഷേ, കോടതിവിധികളോ പൊതുജനാഭിപ്രായങ്ങളോ ഒന്നും സെര്‍ബുകളെ പിന്തിരിപ്പിക്കാന്‍ വഴിയില്ല. അവര്‍ പടിഞ്ഞാറന്‍ യൂറോപ്പിന്റെ നിശ്ശബ്ദ സമ്മതത്തിനു വേണ്ടി മാത്രമായിരിക്കും കാത്തിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ഭരണ കേന്ദ്രമായ ഒരു വിശാല സെര്‍ബിയ തങ്ങളുടെ ചാരെ ശക്തിയാര്‍ന്നുവരാനായി കാത്തലിക് യൂറോപ്പ് പച്ചക്കൊടി കാണിക്കുമോ എന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു ബോസ്‌നിയയുടെയും ബോസ്‌നിയാക്കുകളുടെയും ഭാവി. അങ്ങനെയൊരു പുനര്‍വിഭജനത്തിന് അരങ്ങൊരുങ്ങിയാല്‍ അതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ നിമിത്തമാക്കി തീവ്ര സെര്‍ബുകള്‍ ഇനിയുമൊരു വംശ 'ശുദ്ധീ'കരണത്തിന് ഇറങ്ങിത്തിരിക്കുക തന്നെ ചെയ്യും. തികഞ്ഞ മുന്‍ധാരണയോടെയും ഒരുമയോടെയും ലോകം പ്രതിരോധം തീര്‍ത്തില്ലെങ്കില്‍ ഈ വ്രണിതഭൂമിയില്‍ ഇനിയും നിരപരാധികളുടെ നിണം പരക്കും. തങ്ങളുടെ ഭൂമി ആരൊക്കെയോ വീതംവെച്ച് അരികുചേര്‍ന്നുപോയ ബോസ്‌നിയാക്കുകളുടെ ദുര്‍വിധിയെക്കുറിച്ച് ആധിപൂണ്ട് ദീര്‍ഘയാത്രാന്ത്യം ഞാന്‍ സരയാവോയില്‍ തിരികെയെത്തി, നടുക്കുന്ന ഓര്‍മകളുമായി.

****

അലിയാ ഇസ്സത്ത് ബെഗോവിച്ചിന്റെ ഓര്‍മസ്ഥലം. ബാള്‍ക്കന്‍ യാത്രക്ക് അര്‍ധവിരാമമിട്ട് ബോസ്‌നിയയില്‍നിന്ന് മടങ്ങും മുമ്പ് രാഷ്ട്രനായകന്റെ സ്മൃതി ഭൂമിയില്‍ ആദരമര്‍പ്പിക്കണം, പ്രാര്‍ഥിക്കണം. എന്തുമാത്രം സംഘര്‍ഷനിര്‍ഭരമായിരുന്നു ആ ജീവിതം. ടിറ്റോയുടെ കാലം മുതല്‍ ബോസ്‌നിയാക്കുകളുടെ സാരഥിയായും ബോസ്‌നിയയുടെ തന്നെ അമരം പിടിച്ചും സമൃദ്ധ ബോസ്‌നിയ കിനാവു കും കുരിശുവേട്ടക്കു മുന്നില്‍ പെട്ടുപോയ അലിയാ. സരയാവോ പട്ടണപ്രാന്തത്തില്‍ അനേകം രക്തസാക്ഷികളുറങ്ങുന്ന കൊവാഷി മഖ്ബറയില്‍ ഞങ്ങളെത്തി. രണ്ടാംലോക യുദ്ധകാലത്തിനു മുമ്പേ തുടങ്ങി എഴുപത്തിയെട്ട് വര്‍ഷം നീണ്ട അലിയായുടെ കര്‍മനിരതമായ ഭൗതിക ജീവിതത്തിന് ഇവിടെ സരയാവോയിലെ രക്തസാക്ഷികള്‍ക്കിടയില്‍ പൂര്‍ണവിരാമമായി. പച്ചപ്പുല്‍മെത്ത വിരിച്ച വിശാലമായ ശ്മശാനത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന അനേകം മീസാന്‍ കല്ലുകളിലൊന്നില്‍ അലിയായുടെ പേരും ജീവിതകാലവും രേഖപ്പെടുത്തിവെച്ചിരിക്കുന്നു. ആ ഖബ്ര്‍സ്ഥാനില്‍ അതിര്‍ത്തിയായി മാര്‍ബിള്‍ പതിച്ച് വൃത്തത്തില്‍ പണിത കൊച്ചുകിടങ്ങിനകത്ത് ചിരിച്ചു നില്‍ക്കുന്ന വര്‍ണ പൂച്ചെടികള്‍. ആ ധീരനായകന്റെ ജീവിതം ഓര്‍ത്തെടുത്തും പ്രാര്‍ഥിച്ചും ഞാന്‍ ആ സ്മൃതി സ്ഥലത്ത് ഏറെനേരം നിശ്ശബ്ദനായി.

ഈ ഓര്‍മസ്ഥലത്തും ഒരിക്കല്‍ അക്രമികള്‍ അഴിഞ്ഞാടി. അലിയാ മണ്ണോടു ചേര്‍ന്ന് മൂന്നു വര്‍ഷം തികയുംമുമ്പ് ആ ജനനായകന്റെ ഖബ്‌റിനരികില്‍ ആരോ സ്‌ഫോടനം നടത്തി. മാര്‍ബിള്‍ തറയും കല്ലുകളും ഇളകിത്തെറിച്ചു. രാഷ്ട്രപിതാവിന്റെ ഓര്‍മത്തറയില്‍ ബോംബ് വെച്ചതാരെന്ന് ഒരു വ്യാഴവട്ടക്കാലം പിന്നിട്ടിട്ടും ബോസ്‌നിയക്കറിയില്ല. അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷിക്കേണ്ടതാരെന്ന് പോലും ഈ നാടിനറിയില്ല. അത്രയും സങ്കീര്‍ണവും അപ്രായോഗികവുമാണീ ദേശത്തിലെ ഭരണസംവിധാനം; അമേരിക്കയിലെ ഡെയ്ടണില്‍ വെച്ച് രൂപപ്പെടുത്തി, ഫ്രാന്‍സില്‍ ഒപ്പു വെപ്പിച്ച് ബോസ്‌നിയക്ക് മേല്‍ ചാര്‍ത്തിക്കൊടുത്ത ഈ ഭരണരൂപം. കരാര്‍ നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന യൂറോ-അമേരിക്കന്‍ ഉന്നതാധികാര സമിതി പോലും നിസ്സഹായരും നിസ്സംഗരുമാണിന്ന്.

ബോസ്‌നിയയും സെര്‍ബിയയും ക്രൊയേഷ്യയും ഒപ്പുവെച്ച ഡെയ്ടണ്‍ കരാറിന്റെ അസ്സല്‍രേഖ പോലും ബോസ്‌നിയന്‍ പ്രസിഡന്‍സി കാര്യാലയത്തിലെ അലമാരകളില്‍നിന്ന് കട്ടുകൊണ്ടുപോയി! രണ്ടായിരത്തി എട്ടില്‍ കളവുപോയ 'സമാധാനക്കരാര്‍' റിപ്പബ്ലിക് ഓഫ് സ്രബ്‌സ്‌കയുടെ മുന്‍ പ്രസിഡന്റിന്റെ അംഗരക്ഷകന്റെ വീട്ടില്‍നിന്ന് രണ്ടായിരത്തി പതിനേഴിലാണ് കണ്ടെടുത്തത്. രാജ്യപുനര്‍നിര്‍മാണത്തിന് വിദേശങ്ങളില്‍നിന്ന് ഒഴുകിയെത്തിയ ബില്യന്‍ കണക്കിന് ഡോളറുകള്‍ ആരൊക്കെയോ കട്ടുമുടിച്ചെന്ന് 'സമാധാനം' നടപ്പിലാക്കാനെത്തിയ ഉന്നതാധികാര സമിതി തന്നെ പരാതിപ്പെടുന്നു. ഈ നിഷ്‌ക്രിയ ഭരണസംവിധാനം, സകലതും തകര്‍ന്നു പോയൊരു രാജ്യത്തെ പുനഃസൃഷ്ടിക്കാന്‍ പശ്ചാത്തലമൊരുക്കുന്നതെങ്ങനെ? തളര്‍ന്നുപോയൊരു ജനതയുടെ തളിര്‍പ്പിന് മണ്ണൊരുക്കുന്നതെങ്ങനെ?

പക്ഷേ പ്രതീക്ഷകളൊക്കെയും ബോസ്‌നിയക്ക് അറ്റുപോയിട്ടില്ല. കളങ്കിതമായ രാഷ്ട്രീയക്കളികളില്‍ മനംനൊന്തും അലിയായുടെ സ്വപ്‌നങ്ങള്‍ പൂവണിയുന്ന നല്ല നാളെയെ കിനാവു കണ്ടുമിരിക്കുന്ന അനേകം പേര്‍ ഇന്നുമുണ്ട്. വംശഭേദങ്ങള്‍ക്കപ്പുറത്തും 'മനുഷ്യനെ' കാണുന്നവര്‍. പക്ഷേ, ഈ കലുഷിതഭൂമിയിലൂടെ അവരുടെ തേരു പായിക്കാന്‍ ഒരു സാരഥിയെവിടെ? ഇനിയൊരു സാരഥി രംഗപ്രവേശം നടത്തിയാല്‍ പോലും യൂറോപ്യ

ന്‍ കുരിശുയുദ്ധ ഭൂമിയില്‍ അതിജീവിക്കുന്നതെങ്ങനെ? അലിയായുടെ ഖബ്ര്‍ സ്ഥാനില്‍നിന്ന് മടങ്ങുമ്പോള്‍ മനമാകെ അസ്വസ്ഥമായിരുന്നു. തന്റെ കര്‍മനൈരന്തര്യത്തിനിടയില്‍ ഒരു പിന്‍ഗാമിയെ ഒരുക്കാന്‍ അലിയാ മറന്നുപോയതെന്തേ? ജീവനും രക്തവും ബലിക്കല്ലില്‍ സമര്‍പ്പിച്ച് അലിയാക്കു പിന്നില്‍ അണിചേര്‍ന്ന ആയിരങ്ങളെ അനാഥമാക്കി അദ്ദേഹം കടന്നുപോയതെന്തേ? മനസ്സില്‍ തുളുമ്പിയ ചോദ്യങ്ങളൊക്കെയും ബാക്കിയാക്കി ഞാന്‍ അലിയാ ഇസ്സത്ത് ബെഗോവിച്ചിന്റെ ഓര്‍മസ്ഥാനത്തു നിന്നും മടങ്ങി.

കരളു കടയുന്ന ഒരായിരം ഓര്‍മകളുമായി ഞാന്‍ ഈ ചരിത്രഭൂമിയില്‍നിന്ന് മടങ്ങുകയാണ്. ഡാനിയോടും മിരാളമിനോടും, ബോസ്‌നിയയോടും ഉപചാരം ചൊല്ലിപ്പിരിയുമ്പോള്‍ അറിയാതെ തേങ്ങിപ്പോയി. ഈ സഹനഭൂമിയിലുള്ളവരൊക്കെയും എന്റെ തന്നെ ആത്മാവും ശരീരവുമാണ്, വിശ്വാസവും. യാത്രാന്ത്യം സരയാവോ വിമാനത്താവളത്തിന്റെ ഇടനാഴികകളിലൂടെ തിരിച്ചു നടക്കുമ്പോള്‍ ഈ വിമാനത്താവളത്തിന് അലിയാ ഇസ്സത്ത് ബെഗോവിച്ചിന്റെ പേരു നല്‍കാനുള്ള നിര്‍ദേശം നടപ്പിലാകാത്തത് എന്തുകൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.

 

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (20-21)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയത്തില്‍നിന്നാണ് ആ കണ്ണീര്‍
വി.പി അസ്ഖലാനി