Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 26

3099

1440 ശഅ്ബാന്‍ 20

മികച്ച കരിയറിന് മികച്ച സ്ഥാപനങ്ങള്‍

നബീല്‍ കൊടിയത്തൂര്‍

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ അവസാനിച്ചിരിക്കുകയാണല്ലോ. ഇനിയെന്ത് എന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആലോചിച്ചു തുടങ്ങുന്ന സമയമാണിത്. വിവിധ കോഴ്‌സുകളും അനവധി സ്ഥാപനങ്ങളും നമുക്ക് മുന്നിലുണ്ട്. ഇവയില്‍നിന്ന് ഏതു കോഴ്‌സ് തെരഞ്ഞെടുക്കുമെന്നും എവിടെ പഠനം പൂര്‍ത്തിയാക്കുമെന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കപ്പെടാറുണ്ട്. ഏതു കോഴ്‌സ് തെരഞ്ഞെടുക്കുന്നതിനു മുമ്പും അടിസ്ഥാനപരമായി ഒരുപാട് കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. വിദ്യാര്‍ഥികളുടെ താല്‍പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, വ്യക്തിത്വം, പുതിയ സാധ്യതകള്‍ എന്നിവ വിലയിരുത്തിയായിരിക്കണം തെരഞ്ഞെടുപ്പ്. ഒരു വിദ്യാര്‍ഥി ഏതു കോഴ്‌സ് തെരഞ്ഞെടുത്ത് പഠിക്കുന്നു എന്നതിനോളം പ്രധാനമാണ് ഏതു സ്ഥാപനത്തില്‍ പഠിക്കുന്നു എന്നതും. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ മേഖലകളില്‍ ശോഭിക്കാന്‍ സാധിക്കും. മികച്ച തൊഴില്‍ കരസ്ഥമാക്കുക എന്നത് എല്ലാവരുടെയും ലക്ഷ്യമാണ്. തൊഴിലവസരങ്ങള്‍ ഇന്നത്തെ കാലത്ത് എല്ലായിടത്തും ലഭ്യമാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ തൊഴില്‍ പ്രവണതകള്‍ക്ക് വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ കാലത്ത് വെറും ബിരുദം മാത്രം മതിയാവുകയില്ല. ബിരുദാനന്തര ബിരുദവും ഗവേഷണവും അനിവാര്യമായിത്തീരും. ഇവയെല്ലാം ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനങ്ങളില്‍നിന്നും യൂനിവേഴ്‌സിറ്റികളില്‍നിന്നും കരഗതമാക്കാന്‍ ശ്രമിക്കുന്നതാണ് ഉത്തമം.

രാജ്യത്ത് തൊഴില്‍ പ്രവണതയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവക്ക് അനുയോജ്യമായ ന്യൂജനറേഷന്‍ കോഴ്‌സുകള്‍ രൂപപ്പെട്ടുവരികയും സേവനമേഖല കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്തിരിക്കുന്നു. സ്മാര്‍ട്ട് തൊഴിലുകള്‍ക്ക് സാധ്യത വര്‍ധിച്ചിരിക്കുന്നു. നമുക്ക് ഇതുവരെ പരിചയമില്ലാത്ത പുതിയ തൊഴില്‍ മേഖലകള്‍ രൂപപ്പെട്ടുവരുന്നു. അതിനാല്‍ ഇത്തരം മേഖലകളില്‍ തിളങ്ങാന്‍ സാധിക്കുന്നവിധം വിദ്യാര്‍ഥികളെ ചെറുപ്പത്തില്‍തന്നെ പരിശീലിപ്പിച്ചെടുക്കേണ്ടത് അനിവാര്യമാണ്. ഗുണമേന്മയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ രീതിക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്.

വിദ്യാഭ്യാസ രീതിയില്‍ തന്നെ കാലോചിതമായ മാറ്റം ആവശ്യമാണ്. പുതിയ കാലത്തെ വൈജ്ഞാനിക മുന്നേറ്റത്തോട് കിടപിടിക്കാന്‍ വിദ്യാര്‍ഥികളെ സജ്ജരാക്കണം. സിലബസ് കേന്ദ്രീകൃതവും പരീക്ഷാ കേന്ദ്രീകൃതവും സര്‍ട്ടിഫിക്കറ്റ് കേന്ദ്രീകൃതവുമാണ് നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസ രീതി. താന്‍ എന്തിനാണ് ഈ കോഴ്‌സ് തെരഞ്ഞെടുത്തതെന്നും അതുകൊണ്ട് എന്താണ് തനിക്കുള്ള ഗുണമെന്നും വിദ്യാര്‍ഥിക്ക് ധാരണ ഇല്ലാതിരിക്കുന്നത് ദയനീയമായ അവസ്ഥയാണ്. അതിനാല്‍ സ്‌കൂള്‍ തലം തൊട്ട് ബിരുദാനന്തര ബിരുദം വരെയുള്ള പഠനരീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. നൈപുണി വികസനത്തിന് പ്രാധാന്യം നല്‍കണം. ഒരു വിദ്യാര്‍ഥി കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ ആ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ആവശ്യമായ നൈപുണി വികസിപ്പിച്ചെടുക്കേണ്ടത് അനിവാര്യമാണ്. തൊഴില്‍ ദാതാക്കളും ഇത്തരം കാര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കാറുള്ളത്.

മികച്ച കരിയര്‍ ഉണ്ടായിത്തീരാന്‍ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളെയാണ് പഠനത്തിന് തെരഞ്ഞെടുക്കേത്. ഏതൊക്കെയാണ് അത്തരം സ്ഥാപനങ്ങള്‍? എന്തുകൊണ്ടാണ് അവിടങ്ങളില്‍ പഠിക്കണം എന്ന് പറയുന്നത്? ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചേടത്തോളം പഠിക്കുന്ന സ്ഥാപനം, അവിടത്തെ അക്കാദമിക അന്തരീക്ഷം, അധ്യാപകര്‍, സ്ഥാപനത്തിലുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ വളരെയധികം സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. പലപ്പോഴും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മികച്ച സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ കഴിയാതെ വരാറുണ്ട്. പഠനം, പഠനാനുബന്ധമായ സംവിധാനങ്ങള്‍, ഗവേഷണത്തിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍, പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ ഗുണമേന്മ, സ്ഥാപനത്തിന്റെ മനോഭാവം എന്നിവ പരിഗണിച്ച് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂഷ്‌നല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (NIRF)  ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വര്‍ഷംതോറും റാങ്കിംഗ് നല്‍കിവരുന്നുണ്ട്. എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, ഫാര്‍മസി, നിയമം, ആര്‍ക്കിടെക്ച്ചര്‍, മെഡിക്കല്‍ തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങള്‍ക്കും ഇവയെല്ലാം ചേര്‍ത്തുകൊണ്ടുള്ള ഓവറോള്‍ റാങ്കിംഗും നല്‍കുന്നു. ഈയടുത്ത് പുറത്തുവന്ന 2019-ലെ റാങ്കിംഗ് അനുസരിച്ച് ഓവറോള്‍ റാങ്കിംഗില്‍ ചെന്നൈ ഐ.ഐ.ടി ഒന്നാം സ്ഥാനത്തും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, ഐ.ഐ.ടി ദല്‍ഹി എന്നീ സ്ഥാപനങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്.

ഏതു മേഖല തെരഞ്ഞെടുക്കുകയാണെങ്കിലും അതിനനുയോജ്യമായ മികച്ച സ്ഥാപനങ്ങള്‍ കണ്ടെത്തുക എന്നത് പ്രധാനപ്പെട്ടതാണ്. മികച്ച സ്ഥാപനങ്ങളില്‍ പ്രവേശനം നേടുക എളുപ്പമുള്ള കാര്യവുമല്ല. നമ്മുടെ കരിയര്‍ മേഖലയുമായി ഇണങ്ങുന്ന കോഴ്‌സുകള്‍ കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനുശേഷം, രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങള്‍ ഏതൊക്കെയെന്നും, അവയില്‍ ഏതൊക്കെ തരം കോഴ്‌സുകളുണ്ടെന്നും എങ്ങനെയാണ് അവിടങ്ങളില്‍ പ്രവേശനം സാധ്യമാവുകയെന്നും അറിഞ്ഞുവെക്കുക.

കരിയര്‍ തെരഞ്ഞെടുക്കുമ്പോള്‍ നമ്മള്‍ ഒരുപാട് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ഏതു മേഖലയോടാണ് തനിക്ക് കൂടുതല്‍ ഇഷ്ടം എന്നും അതിനായി ഏത് കോഴ്‌സ് തെരഞ്ഞെടുക്കുന്നതാണ് ഉത്തമം എന്നും സ്വയം മനസ്സിലാക്കണം. രക്ഷിതാക്കളുടെ താല്‍പര്യങ്ങള്‍ക്കല്ല വിദ്യാര്‍ഥിയുടെ അഭിരുചിക്കും താല്‍പര്യത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടത്.

 

പ്രവേശന പരീക്ഷക്കുള്ള തയാറെടുപ്പ്

രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലേക്കെല്ലാം പ്രവേശനം പ്രവേശന പരീക്ഷ വഴിയാണ്. മെഡിക്കല്‍ പ്രവേശനത്തിന് 'നീറ്റ്', എഞ്ചിനീയറിംഗ് പഠനത്തിന് 'ജെ.ഇ.ഇ', മാനേജ്‌മെന്റ് പഠനത്തിന് 'ക്യാറ്റ്' തുടങ്ങിയ പ്രവേശന പരീക്ഷകളെക്കുറിച്ച് പൊതുവില്‍ വിദ്യാര്‍ഥികള്‍ക്ക് ധാരണയുണ്ട്. ഇവക്കു പുറമെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ദേശീയ സ്ഥാപനങ്ങള്‍ നടത്തുന്ന നിരവധി പ്രവേശന പരീക്ഷകള്‍ വേറെയുമുണ്ട്.

ഈ മത്സര പരീക്ഷകള്‍ താണ്ടി കടക്കാന്‍ നിരന്തര പരിശ്രമവും പരിശീലനവും കൂടിയേ തീരൂ.

വിദ്യാര്‍ഥികളില്‍ ചെറുപ്പം മുതല്‍ തന്നെ വിവിധതരം മത്സര പരീക്ഷകള്‍ നേരിടാനുള്ള അവബോധവും അതിനുള്ള താല്‍പര്യവും വളര്‍ത്തിയെടുക്കണം. ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങള്‍ എങ്ങനെ നേരിടണമെന്നത് വളരെ പ്രധാനമാണ്. ഇപ്പോള്‍ പരീക്ഷകള്‍ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അവക്ക് പ്രത്യേകമായ പരിശീലനവും പരീക്ഷാരീതിയെകുറിച്ച അറിവും വിദ്യാര്‍ഥികള്‍ നേടിയെടുക്കേണ്ടതുണ്ട്.

 

രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങള്‍

ഉന്നത വിദ്യാഭ്യാസ രംഗത്ത് അനന്ത സാധ്യതകള്‍ തുറക്കുന്ന ഒട്ടനവധി സ്ഥാപനങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. എന്‍.ഐ.ടികള്‍, ഐ.ഐ.ടികള്‍, ഐ.ഐ.എമ്മുകള്‍, കേന്ദ്ര സര്‍വകലാശാലകള്‍, ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങള്‍, ദേശീയ പ്രാധാന്യമുള്ള മറ്റു സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍നിന്ന് പഠനം നടത്താനാണ് വിദ്യാര്‍ഥികള്‍ ശ്രമിക്കേണ്ടത്. മേല്‍ സൂചിപ്പിച്ച സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ അവരവരുടെ മേഖലകളില്‍ കഴിവ് തെളിയിക്കുന്നതും നമുക്ക് കാണാം. രാജ്യത്തൊട്ടാകെ 49 കേന്ദ്ര സര്‍വകലാശാലകളാണുള്ളത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ദല്‍ഹി സര്‍വകലാശാല, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ, അലീഗഢ് സര്‍വകലാശാല, ബനാറസ് സര്‍വകലാശാല, ഹൈദരാബാദ് സര്‍വകലാശാല, ഇഫഌ, പോണ്ടിച്ചേരി സര്‍വകലാശാല തുടങ്ങിയവയാണ് അവയില്‍ പ്രധാനം. കേന്ദ്ര സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ ദേശീയ - അന്തര്‍ദേശീയ തലങ്ങളില്‍ കൂടുതല്‍ അംഗീകരിക്കപ്പെടുന്നവയാണ്. പ്ലസ് ടുവിനു ശേഷമുള്ള അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ കേന്ദ്ര സര്‍വകലാശാലകളും ഐ.ഐ.ടി ചെന്നൈ, ഐ.ഐ.എം ഇന്‍ഡോര്‍ എന്നീ സ്ഥാപനങ്ങളും നല്‍കുന്നുണ്ട്. ആഴത്തിലുള്ള പഠനത്തിലൂടെ ഗവേഷണ താല്‍പര്യമുള്ള വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കുകയാണ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ ലക്ഷ്യം.

അക്കാദമിക് മേഖലയില്‍ ഉയര്‍ന്നുപോകാന്‍ നമ്മെ സഹായിക്കുന്ന രാജ്യത്തെ പ്രധാന സ്ഥാപനങ്ങളാണ് കേന്ദ്ര സര്‍വകലാശാലകള്‍. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ബിരുദതലം മുതല്‍ ഗവേഷണതലംവരെ പഠനാവസരങ്ങള്‍ ലഭിക്കുന്നു. മികച്ച ലൈബ്രറി സംവിധാനങ്ങള്‍, അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ അധ്യാപകര്‍, അക്കാദമിക് സെമിനാറുകളിലും വര്‍ക് ഷോപ്പുകളിലും പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം, ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളോട് സംവദിക്കാനുള്ള സാഹചര്യം എന്നിവ കേന്ദ്ര സര്‍വകലാശാലകളുടെ പ്രത്യേകതകളാണ്. ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ഥിക്ക് കരിയറില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (20-21)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയത്തില്‍നിന്നാണ് ആ കണ്ണീര്‍
വി.പി അസ്ഖലാനി