Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 26

3099

1440 ശഅ്ബാന്‍ 20

നിഷേധാത്മക ശക്തികളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ വോട്ടവകാശം വിനിയോഗിക്കണം

2019 ഏപ്രില്‍ 3 മുതല്‍ 7 വരെ ന്യൂദല്‍ഹിയില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേന്ദ്ര പ്രതിനിധി സഭ അംഗീകരിച്ച പ്രമേയങ്ങള്‍

നമ്മുടെ രാജ്യത്ത് ജനാധിപത്യ സംവിധാനങ്ങള്‍ നിലനിര്‍ത്താനും സാമൂഹിക ഐക്യവും സമാധാനവും ഉറപ്പുവരുത്താനുമായിരിക്കണം പൗരന്മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇപ്പോഴത്തെ ഭരണ സംവിധാനം തുടര്‍ച്ചയായി നിഷേധാത്മക പ്രവണതകളാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ ഭരണകക്ഷി തങ്ങളുടെ ഭരണകാലത്ത് ക്രമസമാധാനത്തിനും സ്ഥാപനങ്ങളുടെ സ്വയം ഭരണാധികാരത്തിനും നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷതക്കും വലിയ ആഘാതമാണ് ഏല്‍പിച്ചത്. ഇടക്കിടെ ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്ന് ജനപ്രാതിനിധ്യത്തിന്റെ ചൈതന്യം ചോര്‍ത്തിക്കളഞ്ഞു. വെുപ്പിനെയും സാമുദായിക സംഘര്‍ഷത്തെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണവര്‍ സ്വീകരിച്ചത്. നോട്ടുനിരോധനവും വികലമായ രീതിയില്‍ നടപ്പാക്കിയ ജി.എസ്.ടിയും രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്തുകളഞ്ഞു. തൊഴിലാളികളുടെയും കര്‍ഷകരുടെയും പാവങ്ങളുടെയും താല്‍പര്യങ്ങളെ ഭരണകൂടം പരിഗണിച്ചതേയില്ല. അവര്‍ നിലകൊണ്ടത് പണക്കാര്‍ക്കു വേണ്ടിയായിരുന്നു. ഇത് ധനിക-ദരിദ്ര അന്തരം ഭീമമായി വര്‍ധിപ്പിച്ചു.

ഹിംസകളും നിയമരാഹിത്യവും രാജ്യത്ത് വര്‍ധിച്ചുവരുന്നു. ന്യൂനപക്ഷങ്ങളും ദലിതുകളും ആദിവാസികളുമാണ് ഇതിന്റെ ഇരകള്‍. അഴിമതിവിരുദ്ധ വാചാടോപങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും, അഴിമതിയുടെ ഗ്രാഫും കുത്തനെ ഉയരുകയാണ്. ഇന്ത്യന്‍ മീഡിയയിലെ ഗണ്യമായ ഒരു വിഭാഗം ഭരണകക്ഷിയുടെ ചട്ടുകങ്ങളായി മാറിയിരിക്കുന്നു. അതേസമയം പ്രതിപക്ഷ കക്ഷികള്‍ക്കാകട്ടെ ഈ നിര്‍ണായക ഘട്ടത്തിലും ഒരൊറ്റ  പ്ലാറ്റ്‌ഫോമില്‍ നിലയുറപ്പിക്കാനാവുന്നില്ല. ത്രികോണ മത്സരങ്ങള്‍ ഒഴിവാക്കാനുള്ള രാഷ്ട്രീയ പക്വതയൊന്നും അവര്‍ ആര്‍ജിച്ചതായി കാണുന്നില്ല. അതിനാല്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭക്ക് രാഷ്ട്രീയ പാര്‍ട്ടികളോടും പൊതുജനങ്ങളോടും അവരുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ഓര്‍മിപ്പിക്കേണ്ടിവരുന്നു. കള്ളപ്രചാരണങ്ങളെ എതിരിട്ടു കൊണ്ട് ഇക്കാര്യത്തില്‍ ജനങ്ങളെ ഉദ്ബുദ്ധരാക്കാന്‍ സാംസ്‌കാരിക നായകന്മാരും മാധ്യമ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളുമെല്ലാം രംഗത്തിറങ്ങേണ്ട സന്ദര്‍മാണിത്.

പൊതു മണ്ഡലത്തില്‍ ഇടപെടുന്നവരെല്ലാം ആരോഗ്യകരമായി സംവദിക്കുകയും ചെളിവാരിയേറും നിരുത്തരവാദപരമായ പ്രസ്താവനകളും ഒഴിവാക്കുകയും ചെയ്യേണ്ടതുണ്ട്. രാജ്യത്തെ അരാജകത്വത്തില്‍നിന്നും നിയമരാഹിത്യത്തില്‍നിന്നും സാമൂഹിക -സാമ്പത്തിക തകര്‍ച്ചയില്‍നിന്നും കരകയറ്റാന്‍ പൗരന്മാര്‍ മുന്നോട്ടുവരണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. നിഷേധാത്മക ശക്തികളുടെ പിടിത്തത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ നമുക്ക് ചെയ്യാനുള്ളത്, വളരെ സൂക്ഷിച്ച്, ശ്രദ്ധിച്ച് വോട്ടവകാശം വിനിയോഗിക്കുക എന്നതാണ്.

 

കശ്മീര്‍: നീക്കങ്ങള്‍ ക്രിയാത്മകമാകണം

കശ്മീരിലെ രക്തച്ചൊരിച്ചിലിലും ക്രമസമാധന തകര്‍ച്ചയിലും കേന്ദ്ര പ്രതിനിധി സഭ ഉത്കണ്ഠ രേഖപ്പെടുത്തുന്നു. സംസ്ഥാനത്ത് സാധാരണ നില തിരികെ കൊണ്ടുവരാനും സമാധാനം പുനഃസ്ഥാപിക്കാനും ഭരണാധികാരികളോടും ജനങ്ങളോടും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.

ബന്ധപ്പെട്ട എല്ലാ കക്ഷികളും നിയമവ്യവസ്ഥക്ക് വിധേയമായി പ്രവര്‍ത്തിക്കുമെന്നാണ് സമിതി കരുതുന്നത്. നിര്‍ബന്ധിതാവസ്ഥകള്‍ എന്തൊക്കെയാണെങ്കിലും മനുഷ്യാവകാശ ലംഘനങ്ങള്‍ അനുവദിച്ചുകൂടാത്തതാണ്. യാതൊരു ന്യായീകരണവുമില്ലാത്ത അറസ്റ്റുകള്‍, പൊതു പ്രവര്‍ത്തനം തടയല്‍, സമാധാനപരമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ നിരോധിക്കല്‍, അടിച്ചമര്‍ത്തല്‍ നടപടികള്‍ ഇതൊന്നും കശ്മീരില്‍ സമാധാനം തിരികെ കൊണ്ടുവരില്ലെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കണം. അത്തരം നീക്കങ്ങള്‍ എതിര്‍ ഫലമേ ഉണ്ടാക്കൂ. അടുത്ത കാലത്തെ ചരിത്രവും അതിന് തെളിവാണ്. ചര്‍ച്ചകള്‍ മാത്രമാണ് സുസ്ഥിര സമാധാനത്തിലേക്കുള്ള ഏകവഴി. അതിനാല്‍ കാര്യഗൗരവത്തിലുള്ള ചര്‍ച്ചകള്‍ തുടരണം. നിര്‍ഭാഗ്യവശാല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ചില വിഷയങ്ങളെ ആ നിലക്കല്ല സമീപിക്കുന്നത്. വൈകാരികത ഇളക്കിവിടാന്‍ അത്തരം വിഷയങ്ങളെ ഉപയോഗിക്കുകയാണ്. ഈ നിരുത്തരവാദ നിലപാടിന് രാഷ്ട്രീയക്കാരും മീഡിയയുമൊക്കെ ഉത്തരവാദികളാണ്. അത്തരമൊരു വിഷയമാണ് കശ്മീര്‍. ഇന്ത്യാ ഉപഭൂഖണ്ഡത്തെ അസ്വസ്ഥതകളില്‍നിന്ന് രക്ഷപ്പെടുത്താനും യഥാര്‍ഥ വികസനത്തിന് വഴിതുറക്കാനും താഴ്‌വരയില്‍ സ്ഥായിയായ സമാധാനം കൊണ്ടുവരാനും ചര്‍ച്ചകള്‍ക്ക് തുടക്കമിടണമെന്ന് പ്രതിനിധി സഭ ആവശ്യപ്പെടുന്നു.

 

ന്യൂസിലാന്റിലെ നിര്‍ഭാഗ്യകരമായ കൂട്ടക്കൊല

ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ച് കൂട്ടക്കൊല ലോകവ്യാപകമായി അപലപിക്കപ്പെട്ടതാണ്. ഈ വികാരം പ്രതിനിധിസഭയും പങ്കുവെക്കുന്നു. രണ്ട് മസ്ജിദുകളിലായി നടന്ന ആക്രമണത്തില്‍ അമ്പത് പേരാണ് കൊല്ലപ്പെട്ടത്. ധാരാളം പേര്‍ക്ക് പരിക്കേറ്റു. പ്രതിനിധിസഭ രക്തസാക്ഷികളുടെ പരലോകമോക്ഷത്തിനായി പ്രാര്‍ഥിക്കുന്നു; പരിക്കേറ്റവര്‍ വേഗത്തില്‍ സുഖപ്പെടാനും. അവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. ഇസ്‌ലാംവിരുദ്ധ പ്രോപഗണ്ടയാണ് ഇത്തരം നിഷ്ഠുര കൃത്യങ്ങള്‍ക്ക് കാരണമാകുന്നത്. അത്തരം പ്രോപഗണ്ടയാണ് ആദ്യം തടയേണ്ടയത്. ന്യൂസിലാന്റ്  ഗവണ്‍മെന്റ് ഉടന്‍ കൊലയാളിയെ പിടികൂടുകയും ഇരകള്‍ക്ക് ആശ്വാസം പകരുകയും ചെയ്തു. ഈ സഹാനുഭൂതിയെയും സാഹോദര്യ വികാരത്തെയും പ്രതിനിധി സഭ വിലമതിക്കുന്നു. ന്യൂസിലാന്റ് പ്രധാനമന്ത്രിയോടും അവിടത്തെ മീഡിയയോടുമുള്ള കടപ്പാട് പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ മാതൃക മറ്റു ഭരണകൂടങ്ങളും പിന്തുടരണം. ഭീകരതയുടെ പേരില്‍ മുസ്‌ലിംകളെ പഴിക്കുന്നതില്‍ കാര്യമില്ലെന്ന് ഈ സംഭവം തെളിയിച്ചു. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രകടിപ്പിച്ച വിശ്വാസദാര്‍ഢ്യത്തെ പ്രതിനിധി സഭ പ്രത്യേകം പ്രകീര്‍ത്തിക്കുന്നു. സത്യസന്ദേശം പ്രചരിപ്പിക്കാനുള്ള യത്‌നങ്ങള്‍ അവര്‍ തുടരുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.

 

സംഘര്‍ഷമൊടുങ്ങാതെ ഫലസ്ത്വീന്‍

ഫലസ്ത്വീനികള്‍ക്കെതിരെയും അയല്‍ അറബ് നാടുകള്‍ക്കെതിരെയും ഇസ്രയേല്‍ തുടരുന്ന കടന്നാക്രമണങ്ങളില്‍ പ്രതിനിധിസഭ ഉത്കണ്ഠ രേഖപ്പെടുത്തുന്നു. ഗോലാന്‍ കുന്നുകളുടെ കാര്യത്തിലുള്ള തീരുമാനവും ഇസ്രയേല്‍ തലസ്ഥാനം ജറൂസലമിലേക്ക് മാറ്റാനുള്ള നീക്കവും ആശങ്കാജനകമാണ്. ഇസ്രയേല്‍ എന്തു ചെയ്താലും അമേരിക്ക അതിനെ കണ്ണടച്ച് പിന്തുണക്കുകയാണ്. ഇസ്രയേല്‍ അതിക്രമങ്ങള്‍ തടയാന്‍ ഒരു നീക്കവും ആഗോളവേദികളില്‍നിന്നുണ്ടാവുന്നില്ല. പ്രതിനിധിസഭ മുസ്‌ലിം രാഷ്ട്രങ്ങളെയും ഒ.ഐ.സിയെയും അറബ് ലീഗിനെയുമൊക്കെ ഒരു കാര്യം ഉണര്‍ത്താന്‍ ആഗ്രഹിക്കുന്നു. ഫലസ്ത്വീന്‍ പ്രശ്‌നത്തിനുള്ള യഥാര്‍ഥ പരിഹാരം ഒരു സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രത്തിന്റെ രൂപവത്കരണമാണ്. ഈ ലക്ഷ്യത്തിനു വേിയാണ് മുസ്‌ലിം ലോകം പണിയെടുക്കേണ്ടത്. പക്ഷേ, പല രാഷ്ട്രങ്ങളും നീതിയുടെ പക്ഷത്തല്ല നിലയുറപ്പിച്ചിട്ടുള്ളത്. അമേരിക്ക ചെയ്യുന്ന അനീതികളെ അവര്‍ പിന്തുണക്കുകയാണ്. അതിനാല്‍ മുസ്‌ലിം പൊതു സമൂഹത്തോടും അവരുടെ ഭരണാധികാരികളോടും പ്രതിനിധിസഭക്ക് പറയാനുള്ളത്, ഫലസ്ത്വീന്‍ രാഷ്ട്ര രൂപീകരണത്തിനുള്ള ഫലപ്രദമായ ഒരു സ്ട്രാറ്റജി രൂപപ്പെടുത്തണമെന്നാണ്. ഐക്യരാഷ്ട്ര സഭാ പ്രമേയങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ഇസ്രയേല്‍ അതിക്രമങ്ങള്‍ തടയണമെന്ന് പറയുന്നുണ്ടെങ്കിലും, പാശ്ചാത്യ ലോകം കേവലം പ്രസ്താവനക്കപ്പുറം യാതൊന്നും ചെയ്യുന്നില്ലെന്നും പ്രതിനിധിസഭ ചൂണ്ടിക്കാട്ടി. സ്വതന്ത്ര ഫലസ്ത്വീന്‍ എന്ന ന്യായമായ ആവശ്യത്തെ ഇന്ത്യാ ഗവണ്‍മെന്റ് പിന്തുണക്കുകയും മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാന്‍ നയതന്ത്ര സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ധീരരായ ഫലസ്ത്വീന്‍ ജനതയെ അഭിവാദ്യം ചെയ്യുന്ന പ്രതിനിധി സഭ, അവരുടെ വിജയത്തിനു വേണ്ടി സര്‍വശക്തനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (20-21)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയത്തില്‍നിന്നാണ് ആ കണ്ണീര്‍
വി.പി അസ്ഖലാനി