Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 26

3099

1440 ശഅ്ബാന്‍ 20

എങ്ങനെ ചൂടാവാതിരിക്കും?

മജീദ് കുട്ടമ്പൂര്‍

പച്ചപ്പുകളെ ഗര്‍ഭം ധരിക്കാത്ത വന്ധ്യയായി മാറിയ ഭൂമിയുടെ കഥ റേച്ചല്‍ കഴ്‌സണ്‍ തന്റെ 'നിശ്ശബ്ദ വസന്ത'ത്തില്‍ ചിത്രീകരിക്കുന്നുണ്ട്. മേഞ്ഞു നടക്കുന്ന ജീവികള്‍ മറിഞ്ഞു വീഴുന്നതും ശലഭങ്ങളും തേനീച്ചകളും അപ്രത്യക്ഷമാകുന്നതും പക്ഷികളുടെ സംഗീതം നിലയ്ക്കുന്നതും കാലം തെറ്റി പൂക്കുന്ന മരങ്ങളില്‍ പൂമ്പാറ്റകള്‍ വരാത്തതും ജലാശയങ്ങളില്‍ നീന്തിത്തുടിക്കുന്ന മത്സ്യങ്ങളെ കാണാത്തതും ചിത്രീകരണത്തിനപ്പുറം ഇന്ന് യാഥാര്‍ഥ്യമായി പരണമിക്കുകയാണ്.

ആഗോള താപനവും കാലാവസ്ഥാ മാറ്റത്തിന്റെ കെടുതികളും പറയാന്‍ നമുക്കിപ്പോള്‍ ഒരു ആമുഖത്തിന്റെ ആവശ്യമില്ല. മഹാപ്രളയം കഴിഞ്ഞ് മാസങ്ങള്‍ക്കകം ചൂടിന്റെയും ഉഷ്ണ തരംഗത്തിന്റെയും കെടുതികള്‍ നാമിവിടെ നേരിട്ട് അനുഭവിക്കുകയാണ്. രണ്ടായിരാമാണ്ടിനു ശേഷം ഏറ്റവും ചൂടേറിയ വര്‍ഷം എന്ന വിശേഷണം പേറിയാണ് ഓരോ വര്‍ഷവും കടന്നുപോകുന്നത്. സൂര്യാതപമേറ്റ് മരിക്കുന്നവരുടെയും ചികിത്സ തേടുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. സന്തുലിതമായ കാലാവസ്ഥാ വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ നമ്മുടെ സംസ്ഥാനം വറചട്ടിയിലെന്നപോലെ താപമേറ്റ് പൊരിയുന്നു.

പ്രകൃതിസമ്പത്തിനെയും കാലാവസ്ഥാ വ്യതിയാനത്തെയും സംബന്ധിച്ച് പഠിക്കുന്ന ഗ്ലോബല്‍ ഫുട്ട്പ്രിന്റ് നെറ്റ്‌വര്‍ക്കിന്റെ നിരീക്ഷണപ്രകാരം, ഇന്നത്തെ ഉപഭോഗരീതി അനുസരിച്ച് ഒരു ഭൂമി മനുഷ്യന് തികയാതെ വന്നിരിക്കുന്നു. 2030 ആകുമ്പോള്‍ രണ്ട് ഭൂമി വേണ്ടിവരുമെന്നാണ് കണക്ക്. എല്ലാ മനുഷ്യരും അമേരിക്കന്‍ ഉപഭോഗ രീതിയാണ് പിന്തുടരുന്നതെങ്കില്‍ 4.8 ഭൂമി വേണ്ടിവരുമത്രെ!

മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി സൃഷ്ടിക്കപ്പെട്ട അപകടകരമായ ഈ സ്ഥിതിവിശേഷത്തെ ചെറുക്കാന്‍ വളരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഉണര്‍ത്തല്‍.

കേരളം പൂര്‍ണമായും പശ്ചിമ ഘട്ട മലനിരകളുടെ സംരക്ഷണത്തിലാണെന്ന് കുഞ്ഞുനാളിലേ നാം പഠിച്ചതാണ്. നമ്മുടെ കാലാവസ്ഥയും മഴയും പുഴയും ചൂടും തണുപ്പുമെല്ലാം ഈ മലനിരകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ അറിവ് നമുക്കൊരു തിരിച്ചറിവും നല്‍കിയില്ല. നാം നേരിടുന്ന പ്രളയത്തിന്റെയും കൊടും ചൂടിന്റെയും കേന്ദ്രബിന്ദു പശ്ചിമഘട്ട മടക്കമുള്ള പ്രദേശത്തിന്റെ ആവാസ വ്യവസ്ഥക്ക് സംഭവിച്ച തകരാറുകളാണ്.

ചൂടിനെ നിയന്ത്രിക്കുകയും മേഘങ്ങളെ തടഞ്ഞുനിര്‍ത്തി പെയ്യിക്കുകയും ചെയ്യുന്ന പശ്ചിമ ഘട്ടത്തെയും ജലസംഭരണികളായ ഇടനാട്ടിലെ കുന്നുകളെയും ജലസാന്ദ്രതയെ സന്തുലിതമാക്കുന്ന വയലുകളെയും വികസനത്തിന്റെ പേരില്‍ നാം പരമാവധി ചൂഷണം ചെയ്തു. പശ്ചിമഘട്ട മേഖലകളില്‍ നടത്തുന്ന അനിയന്ത്രിത കൈയേറ്റങ്ങള്‍ക്കും ഖനനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന രാഷ്ട്രീയക്കാരെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനെതിരെ ഹര്‍ത്താല്‍ നടത്തിയിട്ടുണ്ട് നമ്മുടെ നാട്. അതിനൊപ്പം നിന്നവരാണ് എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും പള്ളി മേധാവികളും കച്ചവട സംഘങ്ങളും. ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ഭരണകൂടം അനാസ്ഥ കാണിച്ചതാണ് കേരളത്തില്‍ പിന്നീടുണ്ടായ പ്രളയത്തെ മനുഷ്യനിര്‍മിത ദുരന്തമെന്ന് ഗാഡ്ഗില്‍ വിശേഷിപ്പിക്കാന്‍ കാരണമായത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കത്തിച്ച് പ്രതിഷേധിച്ചവര്‍, വികസനം പറഞ്ഞ് കാടും മരവും കുന്നും നശിപ്പിച്ചവര്‍, വയലും തണ്ണീര്‍ത്തടങ്ങളും ചതുപ്പും കൈയേറി റോഡും ഫഌറ്റും ഷോപ്പിംഗ് മാളുകളും കെട്ടിയവര്‍, പുഴയും കായലും നികത്തി അവകാശം ഒപ്പിച്ചെടുത്തവര്‍.... കേരളം വെന്തുരുകുമ്പോള്‍ വിചാരണ ചെയ്യപ്പെടേണ്ടവര്‍ ഇവരെല്ലാമാണ്.

ഇക്കഴിഞ്ഞ ലോക കാലാവസ്ഥാ ഉച്ചകോടിയുടെ മുന്നറിയിപ്പ്, നിലവിലുള്ള വികസന രീതി തന്നെ പിന്തുടര്‍ന്നാല്‍ വളരെ പെട്ടെന്നു തന്നെ ഭൂമി വാസയോഗ്യമല്ലാതായിത്തീരും എന്നാണ്. കാലാവസ്ഥാ മാറ്റത്തിന്റെ ദുരന്ത ഫലങ്ങള്‍ അനുഭവിച്ചു തുടങ്ങിയ കേരളത്തെപ്പോലെ ഒരു സംസ്ഥാനം അതി ജാഗ്രതയോടെയാണ് ഈ മുന്നറിയിപ്പിനെ സമീപിക്കേണ്ടിയിരുന്നത്. പിറക്കാനിരിക്കുന്ന തലമുറകള്‍ക്കായി അവശേഷിക്കുന്ന ഹരിത കണങ്ങളെ കാത്തുസൂക്ഷിക്കണമെന്ന വലിയ പാഠം നാമിനിയും ശരിയായി ഉള്‍ക്കൊണ്ടിട്ടില്ല. അതിനാല്‍തന്നെ നമ്മുടെ ഭൂമി ഇനിയും ചുട്ടുപഴുത്ത് തിളച്ചു മറിഞ്ഞു കൊണ്ടേയിരിക്കും. പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു; 'മനുഷ്യന്‍ തന്റെ ജീവിത രീതിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ അധികം വൈകാതെ മനുഷ്യന്‍ ഭൂമിയെ കൊല്ലും; അല്ലെങ്കില്‍ ഭൂമി മനുഷ്യനെ കൊല്ലും.'

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (20-21)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയത്തില്‍നിന്നാണ് ആ കണ്ണീര്‍
വി.പി അസ്ഖലാനി