Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 26

3099

1440 ശഅ്ബാന്‍ 20

ഉപരിപഠന സാധ്യതകള്‍ വിശ്വസര്‍വകലാശാലകളില്‍

മുനീര്‍ മുഹമ്മദ് റഫീഖ്

ഇസ്‌ലാമിക നാഗരികതയുടെ സുവര്‍ണപ്രതീകങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന നഗരങ്ങളായ ബഗ്ദാദും (അബ്ബാസിയ്യാ കാലഘട്ടം) കോര്‍ദോവയും (മുസ്‌ലിം സ്‌പെയിന്‍) ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയത്, നാഗരിക പുരോഗതികള്‍ക്കപ്പുറം, ശാസ്ത്ര-വൈജ്ഞാനിക മേഖലയിലെ മികവ് കൊണ്ടുകൂടിയാണ്. മുസ്‌ലിം സ്‌പെയിനിലെ ഓരോ നഗരവും ഓരോ വിജ്ഞാനശാഖയാല്‍ പ്രശസ്തമായിരുന്നു. മെഡിസിനും എഞ്ചിനീയറിംഗും സംഗീതവും സ്‌പെഷ്യലൈസ് ചെയ്ത് പഠിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുണ്ടായിരുന്നു മുസ്‌ലിം സ്‌പെയിനില്‍. 950-ല്‍ കൊര്‍ദോവയിലെ ഒരു യൂനിവേഴ്‌സിറ്റിക്കു കീഴില്‍ 300 കോളേജുകളും 20000 വിദ്യാര്‍ഥികളുമുണ്ടായിരുന്നു. അക്കാലത്തെ ഏറ്റവും മികച്ച വിജ്ഞാനകേന്ദ്രങ്ങളായിരുന്ന ഈ നഗരങ്ങളിലേക്കാണ്, ഉപരിപഠനാര്‍ഥം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്  വിദ്യാര്‍ഥികള്‍ വന്നിരുന്നത്. എന്നാല്‍ ജ്ഞാന സമ്പാദനത്തിലും പ്രസരണത്തിലും, ഇന്നാ മികവ് പുലര്‍ത്തുന്നത് മുസ്‌ലിം നഗരങ്ങളോ അവിടത്തെ സര്‍വകലാശാലകളോ അല്ല. മറിച്ച്, യൂറോപ്പിലെയും അമേരിക്കയിലെയും മറ്റും യൂനിവേഴ്‌സിറ്റികളാണ്. വിജ്ഞാനം തേടി മുമ്പ് കൊര്‍ദോവയിലേക്കും സെവില്ലയിലേക്കും ലോകത്തിന്റെ പലഭാഗത്തുനിന്നും വിദ്യാര്‍ഥികള്‍ വന്നപോലെ, ഇന്ന് ഏറ്റവും മികച്ച ഉപരിപഠന സാധ്യതകള്‍ തേടി വിദ്യാര്‍ഥികള്‍ പറക്കുന്നത് യൂറോപ്പ്, അമേരിക്ക, ആസ്‌ത്രേലിയ പോലുള്ള ഇടങ്ങളിലേക്കാണ്.   

യൂറോപ്പിലെ പല പട്ടണങ്ങളും ഇന്ന് വലിയ സര്‍വകലാശാലകളുടെ പേരില്‍ അറിയപ്പെടുകയും ഉന്നത വിജ്ഞാന കേന്ദ്രങ്ങളായി അനേകം വിദ്യാര്‍ഥികളെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ആകര്‍ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ശാസ്ത്ര- സാങ്കേതിക-സാമൂഹിക-മാനവിക വിഷയങ്ങളില്‍ മാത്രമല്ല, ഇസ്‌ലാമിക വിഷയങ്ങളിലും ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കുന്നതില്‍ ഇത്തരം സര്‍വകലാശാലകള്‍ മുന്‍പന്തിയിലുണ്ട്. മുസ്‌ലിംകളില്‍ ഗുണപരമായ ചലനങ്ങള്‍ സൃഷ്ടിക്കുംവിധം പ്രകടമാണ് അത്തരം യൂനിവേഴ്‌സിറ്റികളിലെ പഠനവും ഗവേഷണവുമെല്ലാം. പുതിയ കാലത്ത് മുസ്‌ലിം ചിന്താ-വൈജ്ഞാനിക മേഖലയെ നവീകരിക്കുന്നതിലും യൂറോപ്യന്‍ വിദ്യാഭ്യാസം ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. ഈജിപ്തില്‍ മുഹമ്മദ് അബ്ദുവും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ അല്ലാമാ ഇഖ്ബാലുമൊക്കെ യൂറോപ്യന്‍ സര്‍വകലാശാലകളില്‍നിന്ന് ഉന്നതപഠനം നേടി, തങ്ങളുടെ അറിവനുഭവങ്ങള്‍ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസപുരോഗതിക്കായി ഉപയോഗപ്പെടുത്തിയവരാണ്. ഇസ്മാഈല്‍ റാജി ഫാറൂഖി, റജാ ഗരോഡി, ശൈഖ് റാശിദുല്‍ ഗന്നൂശി, പ്രഫ. താരിഖ് റമദാന്‍, ഡോ. ജാസിര്‍ ഔദ, വാഇല്‍ ബി. ഹല്ലാഖ് തുടങ്ങി ആധുനികരായ അനേകം ഇസ്‌ലാമിക പണ്ഡിതന്മാരുമുണ്ട് ഈ ശ്രേണിയില്‍. 

വിദ്യാഭ്യാസരംഗത്ത് കേരളമുസ്‌ലിംകള്‍ പൊതുവായി കൈവരിച്ച വളര്‍ച്ച, വിദേശ യൂനിവേഴ്‌സിറ്റികളില്‍ ഉപരിപഠനം നേടുന്നതിലും ഈയടുത്തകാലത്തായി പ്രതിഫലിച്ചുകാണുന്നുണ്ട്. ഡിഗ്രി-പി.ജി തലങ്ങളില്‍ ഏതെങ്കിലും അറിയപ്പെടുന്ന വിദേശ യൂനിവേഴ്‌സിറ്റികളില്‍ ചേര്‍ന്ന് പഠിക്കാനാഗ്രഹിക്കുന്ന നിരവധി വിദ്യാര്‍ഥികളുണ്ട് നമുക്കിടയില്‍. എജുക്കേഷന്‍ ലോണുകളും സ്‌കോളര്‍ഷിപ്പുകളും ഓണ്‍ലൈന്‍ അഡ്മിഷന്‍ നടപടിക്രമങ്ങളുമൊക്കെ അതിനുള്ള സാധ്യതകളും സാഹചര്യങ്ങളും ഏറെ വര്‍ധിപ്പിച്ചിട്ടുമുണ്ട്. ഇസ്‌ലാമിക-ഭൗതിക വിഷയങ്ങളില്‍ ഏറ്റവും മുന്തിയ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന ഏതാനും പ്രമുഖ അന്താരാഷ്ട്ര സര്‍വകലാശാലകളെ കുറിച്ച ഹ്രസ്വവിവരണമാണ് ചുവടെ. 

ലോകെത്ത ഏറ്റവും മികച്ച സര്‍വകലാശാല ഏതെന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം നല്‍കുക പ്രയാസമാണ്. കാരണം, ഓരോ പഠനമേഖയിലെയും മികവിന്റെ അടിസ്ഥാനത്തിലാണ് റാങ്കിംഗ്. ഉദാഹരണത്തിന്, ലോകത്തെ ഏറ്റവും മികച്ച യൂനിവേഴ്‌സിറ്റിയായി അറിയപ്പെടുന്നത് ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയാണെങ്കിലും അത് ശാസ്ത്ര-സാങ്കേതിക -എഞ്ചിനീയറിംഗ് മേഖലകളില്‍ അത്ര മുന്‍പന്തിയിലല്ല. എഞ്ചിനീയറിംഗ് പഠനമേഖലയില്‍ ലോകെത്ത ഏറ്റവും മികച്ച സ്ഥാപനം, MIT എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന Masachusets Institute of Technology ആണ്. സയന്‍സും എഞ്ചിനീയറിംഗ് അനുബന്ധ കോഴ്‌സുകളുമാണ്MIT-യുടെ പേരും പെരുമയുമെങ്കിലും ആര്‍ട്‌സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളും യൂനിവേഴ്‌സിറ്റി ഓഫര്‍ ചെയ്യുന്നുണ്ട്. യൂനിവേഴ്‌സിറ്റിയിലെ അഞ്ചു ലൈബ്രറികളില്‍ മൂന്നും ആര്‍ട്‌സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിലെ ഗ്രന്ഥസഞ്ചയങ്ങളാണ്. അമേരിക്കന്‍ ബുദ്ധിജീവിയും ഭാഷാപണ്ഡിതനുമായ നോം ചോസ്‌കി എം.ഐ.ടി സന്തതിയാണ്. 

എന്നാല്‍ സാമൂഹിക-മാനവിക വിഷയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിംഗിലുള്ള സര്‍വകലാശാലകളാണ് ബ്രിട്ടനിലെ ഓക്‌സ്ഫഡും ക്രേംബിഡ്ജുമൊക്കെ. ഫിലോസഫി, ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ ഏറെ മികവ് പുലര്‍ത്തുന്ന സര്‍വകലാശാലകളാണ് യഥാക്രമം സ്‌കോട്ട്‌ലന്റിലെ എഡിന്‍ബര്‍ഗ് യൂനിവേഴ്‌സിറ്റിയും പാരീസിലെ സോബോണ്‍ സര്‍വകലാശാലയും. 

 

ഓക്‌സ്ഫഡ് 

2019-ലെ വേള്‍ഡ് യൂനിവേഴ്‌സിറ്റി റാംങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് ബ്രിട്ടനിലെ ഓക്‌സ്ഫഡ്. 

ക്യൂ എസ് വേള്‍ഡ് യൂനിവേഴ്‌സിറ്റി റാങ്കിംഗ്* പ്രകാരം ലോകത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ യൂനിവേഴ്‌സിറ്റിയാണിത്. ആന്ത്രാപ്പൊളജി, ആര്‍ക്കിയോളജി തുടങ്ങിയ ഹ്യുമാനിറ്റീസ് വിഷയങ്ങളിലും ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചറിലും ഏറ്റവും മുന്‍പന്തിയിലാണ് ഓക്‌സ്ഫഡിന്റെ സ്ഥാനം. മ്യൂസിക്, ചരിത്രം, ക്ലാസ്സിക് തുടങ്ങിയ വിഷയങ്ങളിലും യൂനിവേഴ്‌സിറ്റി മുന്‍പന്തിയില്‍ തന്നെ. റെഗുലര്‍ സ്റ്റുഡന്റ്‌സായി ഇരുപതിനായിരത്തിലധികം വിദ്യാര്‍ഥികളുള്ള യൂനിവേഴ്‌സിറ്റിയില്‍ അധികവും ബ്രിട്ടനു പുറത്തുനിന്നുള്ളവരാണ്. ഗ്രാജുവേറ്റ് ലെവലില്‍ വിദ്യാര്‍ഥികള്‍ക്ക് ചില നിയതമായ കോഴ്‌സുകള്‍ക്കേ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയില്‍ ചേരാന്‍ കഴിയൂ. പി.ജി ലെവലിലാണ് ഇന്റര്‍ നാഷ്‌നല്‍ സ്റ്റുഡന്‍സിന് കൂടുതല്‍ അവസരങ്ങളുള്ളത്. ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് കോഴ്‌സുകള്‍ക്കും ഇവിടെ ഏറെ വിദ്യാര്‍ഥികളുണ്ട്. ലോകത്തെ പല പ്രമുഖ എഴുത്തുകാരും നടന്മാരും രാജ്യതന്ത്രജ്ഞരുമൊക്കെ ഓക്‌സ്ഫഡിന്റെ സന്താനങ്ങളാണ്. 1985 മുതല്‍ യൂനിവേഴ്‌സിറ്റിയില്‍ സ്ഥാപിതമായ Oxford Centre for Islamic Studies  ഇസ്‌ലാമിക വിഷയങ്ങളിലെ പഠന-ഗവേഷണങ്ങള്‍ക്ക് അവസരമൊരുക്കുന്നു. ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പുറത്തിറക്കുന്ന മികച്ച അക്കാദമിക രചനകള്‍ക്കു പുറമെ, പ്രഗത്ഭരായ ഇസ്‌ലാമിക പണ്ഡിതരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇസ്‌ലാമിക് ലെക്ചര്‍ സീരീസുകളും പ്രശസ്തമാണ്. 

 

കേംബ്രിഡ്ജ്

യൂറോപ്പിലെ ഏറ്റവും പൗരാണിക യൂനിവേഴ്‌സിറ്റികളിലൊന്നാണ് 1209-ല്‍ സ്ഥാപിതമായ കേംബ്രിഡ്ജ്. ആര്‍ട്‌സ്, ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് തുടങ്ങിയ മേഖലകളില്‍ അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്‌സുകള്‍ക്കാണ് ഈ യൂനിവേഴ്‌സിറ്റി ഏറെ പ്രസിദ്ധം. യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള 18 കോളേജുകളിലായി 120-ല്‍ പരം രാജ്യങ്ങളില്‍നിന്നായി 18000 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. യൂനിവേഴ്‌സിറ്റിക്കു കീഴില്‍ 31 ഓട്ടോണമസ് കോളേജുകളുണ്ട്. ഇവിടെനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളില്‍ 90 ശതമാനം പേര്‍ക്കും യോഗ്യതക്കനുസരിച്ച ജോലിയോ ഉന്നതപഠനമോ സാധ്യമാകുന്നു. പഠനശേഷം മികച്ച ജോലി സാധ്യതയുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. സാധാരണ ഗതിയില്‍ ഡിഗ്രി പഠനത്തിന് ട്യൂഷന്‍ ഫീസ് ഇനത്തില്‍ ഏകദേശം 9250 യൂറോ, ചെലവ് വരും. മറ്റു ചെലവുകള്‍ വേറെയും. യൂനിവേഴ്‌സിറ്റിയും ബ്രിട്ടീഷ് സര്‍ക്കാരും വിദ്യാര്‍ഥികള്‍ക്ക് ചില സാമ്പത്തിക സഹായങ്ങളും സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നുണ്ട്. എന്നാല്‍ അതിലധികവും മെറിറ്റടിസ്ഥാനത്തിലാണ്. അപേക്ഷകളില്‍ 90 ശതമാനവും തള്ളി, ഏറ്റവും മികച്ച 10 ശതമാനം വിദ്യാര്‍ഥികള്‍ക്കേ ഇവിടെ പ്രവേശനം സാധ്യമാകാറുള്ളൂ.  

 

ഹാര്‍വാഡ്

അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലയാണ് 1636-ല്‍ സ്ഥാപിതമായ ഹാര്‍വാഡ് യൂനിവേഴ്‌സിറ്റി. ബോസ്റ്റണ്‍, മസാച്യുസെറ്റ്‌സ്, കേംബ്രിഡ്ജ് നഗരങ്ങളിലായി സ്ഥിതി ചെയ്യുന്ന യൂനിവേഴ്‌സിറ്റിയില്‍ നിലവില്‍ ഇരുപതിനായിരത്തില്‍പരം വിദ്യാര്‍ഥികളുണ്ട്. ഹാര്‍വാഡിന്റെ സന്താനങ്ങളായിരുന്നു എട്ട് അമേരിക്കന്‍ പ്രസിഡന്റുമാര്‍. 158 നോബല്‍ സമ്മാനജേതാക്കള്‍ ഹാര്‍വാഡിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. 2014-2016 കാലയളവില്‍ മെയിന്‍ കാമ്പസിലെ കുറ്റകൃത്യങ്ങളുടെ വര്‍ധനവ്, ഹാര്‍വാഡിന്റെ പ്രശസ്തിക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.  

 

മക്ഗില്‍ യൂനിവേഴ്‌സിറ്റി

ലോകത്ത് ഏറ്റവുമധികം അന്താരാഷ്ട്ര വിദ്യാര്‍ഥികളുള്ള യൂനിവേഴ്‌സിറ്റികളിലൊന്നാണ് കാനഡയിലെ മക്ഗില്‍ യൂനിവേഴ്‌സിറ്റി. 150-ല്‍പരം രാജ്യങ്ങളില്‍നിന്നായി 36500-ല്‍പരം വിദ്യാര്‍ഥികള്‍ ഈ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്നു. ആയിരത്തി എഴുന്നൂറുകളിലേ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം സ്വപ്‌നം കണ്ട ജെയിംസ് മക്ഗില്ലിന്റെ പേരിലാണ് 1821 -ല്‍ സ്ഥാപിതമായ യൂനിവേഴ്‌സിറ്റി അറിയപ്പെടുന്നത്. മെഡിസിന്‍, എഞ്ചിനീയറിംഗ് വിഷയങ്ങള്‍ക്കു പുറമെ ചരിത്ര വിഷയങ്ങളിലും ഏറെ മുന്‍പന്തിയിലാണ് മക്ഗില്‍ യൂനിവേഴ്‌സിറ്റി. പ്രമുഖ ചരിത്രകാരനും കംപാരറ്റീവ് റിലീജ്യന്‍ പ്രഫസറുമായിരുന്ന വില്‍ഫ്രഡ് കാന്റ്‌വെല്‍ സ്മിത്ത് 1952-ല്‍ സ്ഥാപിച്ച 'ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ്' ഇസ്‌ലാമിക വിഷയങ്ങളില്‍, വിശിഷ്യാ മതതാരതമ്യപഠനത്തില്‍ മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും ഉന്നതപഠന-ഗവേഷണത്തിനുള്ള അവസരങ്ങള്‍ ഒരുക്കുന്നു. പ്രശസ്ത ഇസ്‌ലാമിക ചിന്തകനും എഴുത്തുകാരനുമായ ഇസ്മാഈല്‍ റാജി ഫാറൂഖി മക്ഗില്‍ യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറായിരുന്നു.  

യു.എസിലെ ഫിലാഡല്‍ഫിയയിലെ ടെംബിള്‍ യൂനിവേഴ്‌സിറ്റി കംപാരറ്റീവ് റിലീജ്യസ് സ്റ്റഡീസില്‍ മികവു പുലര്‍ത്തുന്ന യൂനിവേഴ്‌സിറ്റിയാണ്. ഏകദേശം മുപ്പതിനായിരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന യൂനിവേഴ്‌സിറ്റിയില്‍ എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നല്‍കുന്നു ഇവിടെ. ഇസ്മാഈല്‍ റാജി ഫാറൂഖിയാണ് ടെംബിള്‍ യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് സ്റ്റഡീസ് പ്രോഗ്രാം ആരംഭിച്ചത്. ദീര്‍ഘകാലം അവിടെ അധ്യാപകനുമായിരുന്നു അദ്ദേഹം. 

 

മാക്‌സ് പ്ലാന്‍ക് ഇന്‍സ്റ്റിറ്റിയൂട്ട്

ശാസ്ത്ര-സാമൂഹിക വിഷയങ്ങളില്‍ ഉന്നതഗവേഷണം നടത്തുന്ന കേന്ദ്രമാണ് ജര്‍മനിയിലെ Max Planck Society for the Advancement of Science. 1911-ല്‍ നിലവില്‍ വന്ന ഈ സ്ഥാപനത്തിന് ജര്‍മനിക്ക് അകത്തും പുറത്തുമായി 84 ഇന്‍സ്റ്റിറ്റിയൂട്ടുകളുണ്ട്. ശാസ്ത്ര- സാങ്കേതിക രംഗത്തെ ഏറ്റവും മികച്ച ഗവേഷണസ്ഥാപനം എന്ന ഖ്യാതിയുണ്ട് മാക്‌സ് പ്ലാന്‍കിന്. ശാസ്ത്ര-സാങ്കേതിക രംഗത്ത് സംഭാവനകളര്‍പ്പിച്ച 33 നോബല്‍ ജേതാക്കള്‍ മാക്‌സ് പ്ലാന്റിന്റെ സന്താനങ്ങളാണ്. ശാസ്ത്ര ജേണലുകളില്‍ ഏറ്റവും കൂടുതല്‍ Citation Impact ഉള്ളവയാണ് മാക്‌സ് പ്ലാന്‍കിന്റേത്. 

 

ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റികള്‍

ഇസ്‌ലാമിക സര്‍വകലാശാലകളില്‍ ലോകത്തെ ഏറ്റവും വലുതും പ്രശസ്തവുമാണ് ഈജിപ്തിലെ കയ്‌റോ ആസ്ഥാനമായ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി. ഖറാവീന്‍, സയ്തൂന യൂനിവേഴ്‌സിറ്റികള്‍ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും പുരാതന സര്‍വകലാശാലയാണിത്. 972-ല്‍ ഫാത്വിമീ ഭരണകൂടം സ്ഥാപിച്ച ഈ വിശ്വ കലാലയം നൂറ്റാണ്ടുകളായി അറബി സാഹിത്യത്തിന്റെയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെയും കേന്ദ്രമായി പരിലസിക്കുന്നു. പ്രഗത്ഭരായ ഭരണാധികാരികള്‍ക്കും പണ്ഡിതന്മാര്‍ക്കും ഗ്രന്ഥകാരന്മാര്‍ക്കും ജന്മം നല്‍കിയിട്ടുണ്ട് ഈ സ്ഥാപനം. 1961-ല്‍ ജമാല്‍ അബ്ദുന്നാസിര്‍ പ്രസിഡന്റായിരിക്കെ അസഹ്‌റിനെ ഈജിപ്ഷ്യന്‍ സര്‍ക്കാരിനു കീഴില്‍ കൊണ്ടുവരികയും ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ക്കു പുറമെ ഇക്കണോമിക്‌സ്, മെഡിസിന്‍, സയന്‍സ്, എഞ്ചിനീയറിംഗ് തുടങ്ങി ഭൗതികവിഷയങ്ങള്‍ കൂടി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ആധുനിക യൂനിവേഴ്‌സിറ്റിയായി ഉയര്‍ത്തുകയും ചെയ്തു. ഇസ്‌ലാമിക വിഷയങ്ങളിലെ ഉന്നതപഠനത്തിന് മുസ്‌ലിം വിദ്യാര്‍ഥികളുടെ ആദ്യ ചോയ്‌സാണ് പൊതുവെ അല്‍ അസ്ഹര്‍. സുഊദി അറേബ്യയിലെ മദീനാ യൂനിവേഴ്‌സിറ്റിയും ഇസ്‌ലാമിക വിഷയങ്ങളിലെ ഉപരിപഠനത്തിന് ഏറെപേര്‍ ആശ്രയിക്കുന്ന സ്ഥാപനമാണ്. പതിറ്റാണ്ടുകളായി മലയാളി സാന്നിധ്യമുള്ള യൂനിവേഴ്‌സിറ്റികളാണ് അസ്ഹറും മദീനാ യൂനിവേഴ്‌സിറ്റിയും.  

പാശ്ചാത്യ യൂനിവേഴ്‌സിറ്റികളോട് പാഠ്യരീതിയിലും അക്കാദമിക മികവിലും കിടപിടിക്കാന്‍ പോന്ന ലോകനിലവാരമുള്ള ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി എന്ന ലക്ഷ്യവുമായാണ് തൊള്ളായിരത്തി എണ്‍പതുകളില്‍ മലേഷ്യ, പാകിസ്താന്‍, സുഡാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റികള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ 1983-ല്‍, മലേഷ്യയിലെ ക്വാലാലമ്പൂരില്‍ സ്ഥാപിതമായ ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഒഴികെ, മറ്റു യൂനിവേഴ്‌സിറ്റികള്‍ ആ നിലവാരത്തിലേക്കുയര്‍ന്നില്ല. വിജ്ഞാനങ്ങളുടെ ഇസ്‌ലാമികവല്‍ക്കരണം എന്ന പ്രമേയത്തിന്റെ പ്രായോഗിക സാക്ഷാത്കാരമാണ് ക്വാലാലമ്പൂര്‍ യൂനിവേഴ്‌സിറ്റിയിലൂടെ സഫലമായിക്കൊണ്ടിരിക്കുന്നത്. രണ്ടായിരം മുതല്‍ ഇസ്‌ലാമിക വിഷയങ്ങളിലും, എജുക്കേഷന്‍, എം.ബി.എ, ഇസ്‌ലാമിക് ബാങ്കിംഗ് തുടങ്ങിയ കോഴ്‌സുകളിലും മലയാളി വിദ്യാര്‍ഥികളുടെ നിറഞ്ഞ സാന്നിധ്യമുണ്ട്. മികച്ച അക്കാദമിക നിലവാരം ലക്ഷ്യം വെച്ച് പാഠ്യ-പാഠ്യേതരരംഗങ്ങളില്‍ മികവു പുലര്‍ത്തി വളര്‍ന്നുകൊണ്ടിരിക്കുന്ന മറ്റൊരു യൂനിവേഴ്‌സിറ്റിയാണ് ഖത്തര്‍ ഫൗണ്ടേഷനു കീഴിലെ ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇസ്‌ലാമിക വിഷയങ്ങളിലും മറ്റും പി.ജി ലെവലില്‍ ഏറെ മലയാളി വിദ്യാര്‍ഥികളുടെ സാന്നിധ്യമുണ്ട്.  

ഇവക്കു പുറമെ നിരവധി മികച്ച യൂനിവേഴ്‌സിറ്റികള്‍ ലോകത്തിന്റെ പലഭാഗത്തുമുണ്ട്. താരതമ്യേന അഡ്മിഷന്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനാലും ട്യൂഷന്‍ ഫീസും ജീവിതച്ചെലവും കുറവായതിനാലും ഏഷ്യന്‍ യൂനിവേഴ്‌സിറ്റികള്‍ ഉപരിപഠനത്തിനായി തെരഞ്ഞെടുക്കുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സ്, ചൈന, ജോര്‍ജിയ, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ യൂനിവേഴ്‌സിറ്റികളിലും മെഡിസിന്‍, മാനേജ്‌മെന്റ്, ബിസിനസ്സ് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളില്‍ ഡിഗ്രി-പി.ജി തലങ്ങളില്‍ ഇന്ന് നിരവധി മലയാളി വിദ്യാര്‍ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. 

 

 

* * QS (Quaquralli Symonds) World University Rankings വര്‍ഷാവര്‍ഷം നടത്തുന്ന യൂനിവേഴ്‌സിറ്റി റാംങ്കിംഗ് ആണ്. മുമ്പ്  Times Higher Education QS World University Ranking എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. 2004 മുതല്‍ 2009 വരെ ഇവര്‍ ചേര്‍ന്നാണ് യൂനിവേഴ്‌സിറ്റിയുടെ നിലവാരമനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ ഇരു കൂട്ടരും സ്വതന്ത്രമായി റാങ്കിംഗ് നടത്തുന്നു. യൂനിവേഴ്‌സിറ്റിയുടെ അക്കാദമിക നിലവാരം, വിദ്യാര്‍ഥി-അധ്യാപക അനുപാതം, ഗവേഷണം, സൈറ്റേസഷന്‍സ് തുടങ്ങി നിരവധി സൂചികകള്‍ മാനദണ്ഡമാക്കിയാണ് ഇവര്‍ യൂനിവേഴ്‌സിറ്റിയുടെ നിലവാരം കണക്കാക്കുന്നത്.

 

 

ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക കലാലയങ്ങള്‍

 

നദ്‌വത്തുല്‍ ഉലമ, ലഖ്‌നൗ

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ സ്ഥിതിചെയ്യുന്ന നദ്‌വത്തുല്‍ ഉലമ ഇന്ത്യക്കകത്തും പുറത്തുമുള്ള ധാരാളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന പ്രശസ്ത സ്ഥാപനമാണ്. 1894-ല്‍ സ്ഥാപിതമായ ഈ കലാലയം വിശ്വപ്രശസ്തരായ പല പണ്ഡിതന്മാരെയും സംഭാവന ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനത്തോടൊപ്പം അറബി ഭാഷക്ക് നല്‍കുന്ന പ്രാധാന്യമാണ് പ്രധാന ആകര്‍ഷണം. ആലിമിയത്ത് (ഡിഗ്രി), ഫളീലത്ത്(പി.ജി) എന്നിവയാണ് പ്രധാന കോഴ്‌സുകള്‍.

 

ദാറുല്‍ ഉലൂം, ദയൂബന്ദ്

ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയിലെ ദയൂബന്ദിലാണ് പ്രസിദ്ധമായ ദാറുല്‍ ഉലൂം ഇസ്‌ലാമിക പഠനകേന്ദ്രം. 1866-ല്‍ മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി സ്ഥാപിച്ച ഇവിടെ ഹനഫീ സരണിയിലുള്ള സിലബസാണ് പിന്തുടരുന്നത്.

 

ജാമിഅത്തുല്‍ ഫലാഹ്, അഅ്‌സംഗഢ്

ഉത്തര്‍പ്രദേശിലെ തന്നെ അഅ്‌സംഗഢില്‍ സ്ഥിതിചെയ്യുന്ന ജാമിഅത്തുല്‍ ഫലാഹ് ഇന്ത്യയിലെ പ്രശസ്ത ഇസ്‌ലാമിക കലാലയങ്ങളിലൊന്നാണ്.

 

ജാമിഅ ദാറുസ്സലാം, ഉമറാബാദ്

തമിഴ്‌നാട്ടിലെ ഉമറാബാദില്‍ 1924-ല്‍ സ്ഥാപിതമായി. മദ്ഹബ് പക്ഷപാതിത്വങ്ങള്‍ക്കതീതമായ പാഠ്യപദ്ധതിയാണ് ദാറുസ്സലാമിന്റെ പ്രത്യേകതയെങ്കിലും, സലഫി ചിന്താധാരക്ക് മുന്‍തൂക്കമു്. 8 വര്‍ഷമാണ് കോഴ്‌സ് കാലയളവ്.

 

ബാഖിയാത്തുസ്സ്വാലിഹാത്ത്, വെല്ലൂര്‍

1883-ല്‍ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ സ്ഥാപിതമായ ബാഖിയാത്ത് ശാഫിഈ ഫിഖ്ഹിന്റെ പ്രചാരണത്തില്‍ വലിയ സംഭാവന നല്‍കിയ മതപഠനകേന്ദ്രമാണ്.

 

അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ, ശാന്തപുരം

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് ശാന്തപുരത്ത് സ്ഥിതിചെയ്യുന്ന സ്ഥാപനം ഇന്ത്യക്കകത്തും പുറത്തും പ്രശസ്തമാണ്. എസ്.എസ്.എല്‍.സിക്ക് ശേഷമാണ് പ്രവേശനം. ഇംഗ്ലീഷ്, അറബി ഭാഷാപഠനത്തിന് പ്രാധാന്യം നല്‍കുന്ന പ്രിപ്പറേറ്ററി കോഴ്‌സിനു ശേഷം ഉസ്വൂലുദ്ദീന്‍, ശരീഅ ഡിഗ്രി കോഴ്‌സുകളാണുള്ളത്. വിവിധ ഇസ്‌ലാമിക വിഷയങ്ങളില്‍ രണ്ടു വര്‍ഷത്തെ പി.ജി കോഴ്‌സും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.

 

ദാറുല്‍ഹുദാ, ചെമ്മാട്

മലപ്പുറം ജില്ലയിലെ ചെമ്മാട്ട് സ്ഥിതിചെയ്യുന്ന സ്ഥാപനം കേരളത്തിലെ പ്രസിദ്ധമായ ദീനീകലാലയമാണ്. ഇവിടെനിന്ന് ഹുദവി ബിരുദം നേടിയവര്‍  ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമാണ്.

 

പട്ടിക്കാട് ജാമിഅ നൂരിയ്യ, കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ, വളാഞ്ചേരി വാഫി, എടവണ്ണ ജാമിഅ നദ്‌വിയ്യ, കണ്ണൂര്‍ ഐനുല്‍ മആരിഫ്, വര്‍ക്കല മന്നാനിയ, കായംകുളം ഹസനിയ തുടങ്ങിയവയും കേരളത്തിലെ പ്രധാന ഇസ്‌ലാമിക പഠനകേന്ദ്രങ്ങളാണ്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (20-21)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയത്തില്‍നിന്നാണ് ആ കണ്ണീര്‍
വി.പി അസ്ഖലാനി