രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരു മാര്‍ഗരേഖ
(2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി പുറത്തിറക്കിയ പൊതു പ്രകടനപത്രിക)
2019 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കാന്‍ പോകുന്ന 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിലാണ് രാജ്യം. 2014-ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷമുള്ള കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക സങ്കല്‍പങ്ങളെ ആഴത്തില്‍ മുറിവേല്‍പിക്കുന്നതായിരുന്നു. സമ്പന്ന വിഭാഗവുമായുള്ള രാഷ്ട്രീയക്കാരുടെ ചങ്ങാത്തം ഏറെ ശക്തിപ്പെടുകയും സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വളരെയേറെ വര്‍ധിക്കുകയും അസമത്വത്തിന്റെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങളെ ഏറെ പിന്നിലാക്കുകയും ചെയ്യുന്ന ഒരു സാമ്പത്തിക സ്ഥിതിവിശേഷമാണ് നമ്മുടെ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത്. തൊഴിലില്ലായ്മ അതിന്റെ പാരമ്യത്തിലാണ്. സാധാരണക്കാരന്റെ എല്ലാമെല്ലാം സമ്പന്നരുടെ ഉമ്മറപ്പടിയില്‍ കൊണ്ടുവന്ന് വെക്കേണ്ട സ്ഥിതിവിശേഷം.
മുമ്പൊരിക്കലും ഇല്ലാത്തവിധം ന്യൂനപക്ഷങ്ങളെയും ദുര്‍ബലരെയും അരക്ഷിതബോധം വേട്ടയാടുന്നു. ദലിതര്‍ക്ക് എവിടെയും സുരക്ഷിതത്വമില്ല. ആദിവാസി ഭൂമി കോര്‍പറേറ്റുകള്‍ വീതിച്ചെടുക്കുന്നു. കര്‍ഷകര്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളുടെ ജീവന് ഒരു വിലയുമില്ലാത്ത സ്ഥിതിയാണ്. സച്ചാര്‍ സമിതി റിപ്പോര്‍ട്ടിന്റെ തുടര്‍ നടപടിയെന്നോണം ദുര്‍ബലവും നിസ്സാരവുമായ ചില പൊടിക്കൈകള്‍ക്ക് തുടക്കമിട്ടിരുന്നതു പോലും ക്രമേണ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ മുസ്‌ലിം വ്യക്തിനിയമവും സാംസ്‌കാരിക ഐഡന്റിറ്റിയും അവരുടെ ന്യായമായ മതകീയ ആവശ്യങ്ങളും വരെ കൈവിട്ടുപോകുന്ന സ്ഥിതിവിശേഷമാണുള്ളത്.
ഈ ഗവണ്‍മെന്റിന്റെ തെരഞ്ഞെടുപ്പു മുദ്രാവാക്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നല്ലോ അഴിമതിവിരുദ്ധത. ഇന്ന് അഴിമതി അനിയന്ത്രിതമായിരിക്കുന്നുവെന്ന് മാത്രമല്ല, അത് പൈശാചിക രൂപമാര്‍ജിക്കുകയും ചെയ്തിരിക്കുന്നു. ഉന്നത അന്വേഷണ ഏജന്‍സികളില്‍ കടന്നുകയറി അവയുടെ നിഷ്പക്ഷത ഇല്ലാതാക്കിയിക്കഴിഞ്ഞു.
രാജ്യത്തെ സ്വതന്ത്ര ജനാധിപത്യ സ്ഥാപനങ്ങളെ ഫാഷിസ്റ്റ് താല്‍പര്യങ്ങളുടെ വരുതിയിലാക്കി എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. അവയുടെ സ്വയംഭരണവും സ്വതന്ത്രസ്വഭാവവും സംരക്ഷിക്കേണ്ടത് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയുടെ തന്നെ തേട്ടമായിരിക്കെ, തീര്‍ത്തും ഭരണകൂട സ്ഥാപനങ്ങളായി അവ മാറിയിരിക്കുന്നു. സി.ബി.ഐ, വിജിലന്‍സ് കമീഷന്‍, റിസര്‍വ് ബാങ്ക് എന്നിവയിലൂടെ കടന്ന് അതിപ്പോള്‍ ഇലക്ഷന്‍ കമീഷന്റെയും പരമോന്നത കോടതിയുടെയും സ്വതന്ത്രാസ്തിത്വം വരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന അവസ്ഥയിലേക്ക് വളര്‍ന്നിരിക്കുന്നു. ഇതൊക്കെയും ഒരു ജനാധിപത്യരാഷ്ട്രത്തെ തകര്‍ത്തുകളയുമെന്ന് പ്രത്യേകം പറയേണ്ടതില്ല.
ഈ സ്ഥിതിവിശേഷത്തിലാണ് കാര്യങ്ങളെങ്കിലും, ഇന്ത്യാരാജ്യം മൊത്തമായി ചിന്നിച്ചിതറിപ്പോകുമെന്നൊന്നും കരുതേണ്ടതില്ല. 2019-ലെ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ സ്വതന്ത്ര ജനാധിപത്യ ഭരണഘടനാ സങ്കല്‍പങ്ങളില്‍ വിശ്വാസമുള്ള ശക്തികള്‍ അധികാരത്തില്‍ വരുമെന്നു തന്നെ പ്രതീക്ഷിക്കാം. ഇത്തരം മൂല്യങ്ങള്‍ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യാന്‍ സാധ്യമാവുന്നത് അവര്‍ ചെയ്യുമെന്നും നാം കരുതുന്നു.
സമ്പൂര്‍ണവും വ്യവസ്ഥാപിതവുമായ ഒരു സമൂഹസൃഷ്ടിക്ക് ദൈവഭയവും ധാര്‍മികതയും ആത്മീയതയുമൊക്കെ ഉള്‍ച്ചേര്‍ന്ന പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ഖേദകരമെന്നു പറയട്ടെ, നമ്മുടെ രാജ്യത്ത് സാമുദായിക സ്പര്‍ധക്കും ഛിദ്രതക്കും ദുര്‍ബലരെ ചൂഷണം ചെയ്യുന്നതിനുമൊക്കെയാണ് മതങ്ങളെ ഉപയോഗിക്കുന്നത്. അതേസമയം, മതങ്ങളുടെ യഥാര്‍ഥ ആത്മാവ് പ്രയോജനപ്പെടുത്തിയാല്‍ ഇന്ത്യയെപ്പോലുള്ള ഒരു മതകീയ സമൂഹത്തില്‍ മത-ധാര്‍മിക -സദാചാര മൂല്യങ്ങള്‍ക്ക് ആരോഗ്യകരമായ സാമൂഹിക പരിവര്‍ത്തനത്തിനു വേണ്ടി നിര്‍മാണാത്മകമായ പങ്കുവഹിക്കാന്‍ സാധിക്കും.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, സ്രഷ്ടാവും നിയന്താവുമായ ദൈവത്തിന്റെ വിധേയത്വത്തിലേക്കും അനുസരണത്തിലേക്കും ജനങ്ങളെ ക്ഷണിക്കുന്ന പ്രസ്ഥാനമാണ്. നാം രാജ്യവാസികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും തെരഞ്ഞെടുപ്പിനിറങ്ങുന്ന സ്ഥാനാര്‍ഥികളെയും അവരുടെ തന്നെ സ്രഷ്ടാവിന്റെ അടിമത്ത്വത്തിലേക്ക് ക്ഷണിക്കുകയാണ്. തങ്ങളുടെ എല്ലാ പ്രവൃത്തികള്‍ക്കും ഒരുനാള്‍ ആ സ്രഷ്ടാവിന്റെ മുമ്പില്‍ മറുപടി ബോധിപ്പിക്കേണ്ടിവരുമെന്ന് അവരെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. വോട്ട് ചോദിക്കുന്നവര്‍ക്കും വോട്ട് നല്‍കുന്നവര്‍ക്കുമൊക്കെ ബാധകമായ കാര്യമാണിത്. അതുവഴി മാത്രമേ മനുഷ്യസ്‌നേഹവും നീതിയും സമത്വവും പുലരുന്ന ഒരു രാഷ്ട്രം വളര്‍ത്തിയെടുക്കാനാവൂ. മനുഷ്യര്‍ക്കിടയില്‍ യഥാര്‍ഥ നീതി സ്ഥാപിതമാവണമെങ്കില്‍ എല്ലാ മനുഷ്യരും തങ്ങളുടെ സ്രഷ്ടാവിനു മാത്രം അടിമപ്പെടുക മാത്രമേ നിവൃത്തിയുള്ളൂ.
ഈ പ്രകടനപത്രിക രാഷ്ട്രീയ പാര്‍ട്ടികളുടെയും സമ്മതിദായകരുടെയും മുമ്പില്‍ സമര്‍പ്പിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് വളരെയേറെ സന്തോഷമുണ്ട്. ഇത് യഥാര്‍ഥത്തില്‍ പൊതു സമൂഹത്തിന്റെ ഹൃദയങ്ങളില്‍നിന്നുള്ള ശബ്ദമാണ്. അതേസമയം, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സല്‍ഭരണം കാഴ്ചവെക്കാനുള്ള മാര്‍ഗരേഖയുമാണ്. ജമാഅത്ത് രാജ്യത്തെ തെരഞ്ഞെടുപ്പില്‍ നേരിട്ട് പങ്കാളിയാവുന്നില്ല. എന്നാല്‍, ഉയര്‍ന്ന ധാര്‍മിക-മാനുഷിക മൂല്യങ്ങളും മതസൗഹാര്‍ദവും സാഹോദര്യവും എല്ലാ വിഭാഗങ്ങളുടെയും അഭിവൃദ്ധിയും വിഭാവനം ചെയ്യുന്ന നീതിയിലധിഷ്ഠിതമായ ഒരു ഭരണം ഉറപ്പാക്കാന്‍ സംഘടന അതിന്റേതായ കര്‍ത്തവ്യം നിര്‍വഹിക്കുകയാണ്.
ഇതില്‍ പറഞ്ഞ ആശയങ്ങളുമായി യോജിച്ചുകൊണ്ട് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കില്‍ ധര്‍മബോധമുള്ളവരുടെ പിന്തുണ ലഭിക്കാനും രാഷ്ട്രത്തിന് ശരിയായ ദിശാബോധം നല്‍കാനും അതുവഴി സാധിക്കും.
ഭരണകൂടത്തിന്റെ കടമകള്‍
ബഹുസ്വരവും വികസ്വരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്ത്യയെന്ന സങ്കല്‍പം പ്രാവര്‍ത്തികമാക്കുന്നതിന് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും താഴെ പറയുന്ന കാര്യങ്ങള്‍ തങ്ങളുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതാണ്:
1. എല്ലാ പൗരന്മാര്‍ക്കും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, അന്തസ്സോടെയുള്ള ജീവിതം തുടങ്ങിയവ ഉറപ്പുവരുത്തുക. നീതിപൂര്‍വമായ വികസന സങ്കല്‍പത്തിലധിഷ്ഠിതമായി രാഷ്ട്രത്തെ പുനഃസംവിധാനിക്കുക.
2. അക്രമം, കലാപം, വര്‍ഗീയ ലഹളകള്‍, ആള്‍ക്കൂട്ടാക്രമണങ്ങള്‍, മതതീവ്രവാദം തുടങ്ങിയവ തടയുക. പാവങ്ങളുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും മറ്റു അരക്ഷിത വിഭാഗങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുക.
3. പട്ടികജാതിക്കാര്‍, പട്ടിക വര്‍ഗക്കാര്‍, മുസ്‌ലിംകള്‍, സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍, പിന്നാക്ക മേഖലകളിലെ വികസനമെത്താത്ത പ്രദേശങ്ങളിലെ ജനങ്ങള്‍ എന്നിവരുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനും പ്രത്യേക ഊന്നല്‍ കൊടുക്കുക.
4. മത-സാംസ്‌കാരിക-ഭാഷാ ന്യൂനപക്ഷങ്ങളുടെ മതകീയവും സാംസ്‌കാരികവുമായ അവകാശങ്ങളുടെ സംരക്ഷണം, വ്യക്തിനിയമങ്ങളുടെ പരിരക്ഷ, ആരാധനാലയങ്ങളുടെയും മതപ്രതീകങ്ങളുടെയും സുരക്ഷ.
5. അഴിമതി, നിര്‍ലജ്ജത, ലൈംഗിക കുറ്റങ്ങള്‍, രാഷ്ട്രീയത്തിലെ കുറ്റവാളികളുടെ സാന്നിധ്യം, സ്വജനപക്ഷപാതം, വിഭാഗീയ പ്രവണതകള്‍ തുടങ്ങിയ തിന്മകളുടെ ഉഛാടനം. സത്യസന്ധത, വിശ്വാസ്യത, ലജ്ജാബോധം, വിശാല വീക്ഷണം തുടങ്ങിയ മൂല്യങ്ങളെ പരിപോഷിപ്പിക്കല്‍. വിവിധ സ്വത്വങ്ങളെ അംഗീകരിക്കല്‍, സര്‍ക്കാര്‍ മിഷനറിയെയും രാഷ്ട്രീയ സംവിധാനങ്ങളെയും മൂല്യവല്‍ക്കരിക്കല്‍.
നയരൂപവത്കരണം
പൊതുസമൂഹത്തിന്റെ പിന്തുണ തേടുന്ന പാര്‍ട്ടികള്‍ മേല്‍പറഞ്ഞ ലക്ഷ്യങ്ങള്‍ നേടുന്നതിനായി താഴെ പറയുന്ന നയനിലപാടുകള്‍ അംഗീകരിക്കുന്നതിന് പതിനെട്ട് പോയിന്റുകള്‍ പ്രാവര്‍ത്തികമാക്കുമെന്ന് വാഗ്ദാനം ചെയ്യണം:
1. ജീവിതാവശ്യങ്ങള്‍ നിറവേറ്റാനുള്ള അവകാശം
ഭരണഘടനയില്‍ ആവശ്യമായ ഭേദഗതി വരുത്തി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ജീവിക്കാനാവശ്യമായ കാര്യങ്ങള്‍ ലഭ്യമാവണം (Rights to Livelihood). അതനുസരിച്ച് ആവശ്യമായ അളവില്‍ ആരോഗ്യദായക ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ആവശ്യങ്ങള്‍ ഓരോ പൗരന്നും പൂര്‍ത്തിയാക്കിനല്‍കുമെന്ന് ഉറപ്പ് നല്‍കണം. ഭരണം ലഭിച്ചാല്‍ നിയമനിര്‍മാണം നടത്തുകയും ബജറ്റില്‍ തുക വകയിരുത്തുകയും വേണം.
2. സംവരണം
ദുര്‍ബലരും അവകാശം നിഷേധിക്കപ്പെട്ടവരുമായ വിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കാന്‍ ലോകമെങ്ങും ചില നടപടികള്‍ സ്വീകരിക്കുന്നുണ്ട്. മുസ്‌ലിംകളുടെ സര്‍വതോമുഖമായ പിന്നാക്കാവസ്ഥ കാരണം സംരക്ഷണനയം രൂപപ്പെടുത്തുന്നതിനായി രംഗനാഥ് മിശ്ര കമീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കണം. വിദ്യാഭ്യാസത്തിലും ഉദ്യോഗങ്ങളിലും ന്യൂനപക്ഷ സംവരണം ഉറപ്പുവരുത്തുക. അതില്‍ മൂന്നില്‍ രണ്ട് ക്വാട്ട മുസ്‌ലിം ന്യൂനപക്ഷത്തിനായി നീക്കിവെക്കുക.
3. ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വയംഭരണവും ശാക്തീകരണവും
ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വയംഭരണം ഉറപ്പുവരുത്തുക. അവയിലെ നിയമനങ്ങള്‍ക്കും മറ്റും ഗവണ്‍മെന്റ് ഏര്‍പ്പെടുത്തുന്ന നിയന്ത്രണം അവസാനിപ്പിക്കുക. മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്ത ബോധമുണ്ടാക്കാനും തെറ്റായ വാര്‍ത്തകളും വഴിതെറ്റിക്കുന്ന പ്രചാരണവും തടയാനും നിയമനിര്‍മാണം നടത്തുകയും പ്രസ് കൗണ്‍സിലിന് നിയമപരിരക്ഷ നല്‍കുകയും ചെയ്യുക. രാഷ്ട്രീയ പാര്‍ട്ടികളെയും വന്‍ വ്യവസായങ്ങളെയും ലോക്പാല്‍ വൃത്തത്തില്‍ ഉള്‍പ്പെടുത്തുക. എല്ലാ ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങളും ഇടപാടുകളും സുതാര്യമാവാന്‍ e-governance നടപ്പില്‍ വരുത്തുക.
4. സുരക്ഷിതത്വം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ സുരക്ഷാ നിയമം (MGNREGA) ഭേദഗതി ചെയ്ത് 365 ദിവസവും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക. ഇത്തരം നിയമങ്ങള്‍ നഗരവാസികളായ ദരിദ്രര്‍ക്കായും നിര്‍മിക്കുക, കമ്പനികള്‍ക്ക് സാമൂഹിക ഉത്തരവാദിത്ത ബോധമുാക്കും (Corporate Social Responsiblity) വിധം നിയമം നിര്‍മിച്ച് ഗ്രാമീണ മേഖലകളില്‍ ഭക്ഷ്യധാന്യങ്ങള്‍ വിളയിക്കുന്നതിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
5. സാമ്പത്തികനീതിയിലധിഷ്ഠിതമായ വികസനം
രാജ്യത്തിന്റെ സമ്പദ്ഘടന കാര്യക്ഷമവും വ്യവസ്ഥാപിതവുമാക്കുക. അതിനായി കൃഷി, ചെറുകിട വ്യവസായം, മാനുഫാക്ചറിംഗ് എന്നിവക്ക് കാര്യമായ പ്രോത്സാഹനം നല്‍കുക. കുടില്‍ വ്യവസായം, പ്രാദേശിക പരമ്പരാഗത വ്യവസായം, പാരമ്പര്യ നൈപുണികള്‍ തുടങ്ങിയവയുടെ സംരക്ഷണത്തിനും വികസനത്തിനും നിയമപരിരക്ഷയും സഹായവും നല്‍കുക. പ്രധാന ഇനങ്ങളില്‍ അന്താരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റം നിയന്ത്രിക്കുക, നേരിട്ടുള്ള വിദേശ നിക്ഷേപം തടയുക. സെസ്(SEZ) നിയമം ഭേദഗതി ചെയ്ത് ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പ്രയോജനപ്രദമാക്കുക. പൊതുസ്വത്തുക്കളും ബാങ്കുകളുടെ ആസ്തികളും സമ്പന്നര്‍ക്ക് മാത്രം സഹായകമായ വിധത്തില്‍ അവരുടെ അന്യായമായ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കപ്പെടില്ലെന്ന് ഉറപ്പു വരുത്തുക, പ്രതിരോധ ഇടപാടുകളിലും മറ്റും സമ്പന്നരുടെ അനാവശ്യ ഇടപെടലുകളില്ലാതാക്കാന്‍ നിയമനിര്‍മാണം നടത്തുക.
6. കാര്‍ഷിക പരിഷ്‌കരണങ്ങളും കര്‍ഷകരുടെ പ്രശ്‌നങ്ങളും
കാര്‍ഷിക മേഖല പരിഷ്‌കരിക്കുന്നതിനായി സമഗ്രനയം ഉണ്ടാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുക. കര്‍ഷകര്‍ക്കായി ദേശീയ കമീഷന്‍ (എം.എസ് സ്വാമിനാഥന്‍ കമീഷന്‍) ശിപാര്‍ശകള്‍ നടപ്പിലാക്കുക, കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ചുരുങ്ങിയത് ഒന്നര ഇരട്ടിയെങ്കിലും തറവില നിശ്ചയിക്കുക, കൃഷിഭൂമി വില്‍പനയും ദുരുപയോഗവും തടയുന്നതിനുള്ള കമീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക, കോര്‍പറേറ്റ് കൃഷിയും Future Selling-ഉം നിരുത്സാഹപ്പെടുത്തുക, കൃഷിനാശം സംഭവിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് സഹായത്തിനായി Calamity Fund പോലുള്ള ഫണ്ട് സ്ഥാപിക്കുക.
7. നികുതിയും സാമ്പത്തിക പരിഷ്‌കരണവും
സാമൂഹികവും മാനുഷികവുമായ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കാനും ഇതിനായി പണം കണ്ടെത്താനും സാധിക്കുന്നവിധം സാമ്പത്തിക പരിഷ്‌കരണങ്ങള്‍ കൊണ്ടുവരിക. ധനികര്‍ക്ക് കൂടുതല്‍ നികുതി ചുമത്തുക. പരോക്ഷ നികുതിക്കു പകരം പ്രത്യക്ഷ നികുതിയുടെ നിരക്ക് വര്‍ധിപ്പിക്കുക. ജി.എസ്.ടിയിലെ സങ്കീര്‍ണതകള്‍ ഇല്ലാതാക്കുക. ചെറുകിട കച്ചവടക്കാരെയും അവശ്യ വസ്തുക്കളെയും ഒഴിവാക്കുക. പെട്രോളിന്റെയും ഡീസലിന്റെയും അനാവശ്യ നികുതി ഒഴിവാക്കുക. മൊത്തത്തില്‍ കോര്‍പറേറ്റുകള്‍ക്ക് ഗുണകരവും സമ്പന്നര്‍ക്കു അനുകൂലവുമായ നികുതിഘടന മാറ്റി പൊതുസമൂഹത്തിനും ദരിദ്രര്‍ക്കും പ്രയോജനകരമായ രീതിയില്‍ പുനഃസംഘടിപ്പിക്കുക.
8. മതംനോക്കിയുള്ള അതിക്രമങ്ങള്‍ക്ക് അറുതി വരുത്തുക
ആള്‍ക്കൂട്ടാക്രമണങ്ങളിലൂടെ ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് ഇല്ലാതാക്കാന്‍ സമഗ്രമായ നിയമനിര്‍മാണം നടത്തുക. അതില്‍ പങ്കാളികളാകുന്ന ആളുകളെ കണ്ടെത്തി കടുത്ത ശിക്ഷ നല്‍കാന്‍ കഴിയണം. അതേപോലെ ദേശീയ ഉപദേശക കൗണ്‍സില്‍ സമര്‍പ്പിച്ച വര്‍ഗീയകലാപങ്ങളുമായി ബന്ധപ്പെട്ട ഇരകളുടെ സംരക്ഷണം, പുനരധിവാസം, കലാപം തടയല്‍ തുടങ്ങി ബില്ലിലെ പ്രധാന വകുപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുത്തുകയും വേണം. സാമൂഹിക ബഹിഷ്‌കരണം അവസാനിപ്പിക്കാനും വെറുപ്പും ശത്രുതയും വളര്‍ത്തുന്ന പ്രസംഗങ്ങളും പ്രസ്താവനകളും തെറ്റായ വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് തടയാനും വകുപ്പുകള്‍ ചേര്‍ക്കണം.
9. ന്യൂനപക്ഷങ്ങളുടെ മതസാംസ്‌കാരിക അവകാശങ്ങള്‍
ന്യൂനപക്ഷങ്ങളുടെ മതപരവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ സംരക്ഷിക്കുക. ലോക്‌സഭ പാസ്സാക്കുകയും രാജ്യസഭയുടെ അജണ്ടയിലുള്‍പ്പെടുത്തുകയും ചെയ്ത മുത്ത്വലാഖ് ബില്‍ പിന്‍വലിക്കണം. വ്യക്തിനിയമത്തില്‍ ഒരുവിധ കൈകടത്തലുകളും നടത്തില്ലെന്ന് ഉറപ്പു നല്‍കുക. ന്യൂനപക്ഷ സ്ഥാപനങ്ങളായ അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ എന്നിവയുടെ ന്യൂനപക്ഷ സ്വഭാവം നിലനിര്‍ത്തണം. ചില സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സ്വതന്ത്രമായി ആരാധന നടത്താനുള്ള അവകാശം തടയപ്പെടുന്നുണ്ട്. സ്വന്തം മതത്തെയും മതസങ്കല്‍പങ്ങളെയും സംബന്ധിച്ച് അറിവ് നേടാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമുള്ള അവകാശവും, അത് ഹിജാബായാലും മറ്റെന്തായാലും ശരി, വിലക്കപ്പെടുന്നുണ്ട്. ഈ അവകാശങ്ങള്‍ സംരക്ഷിക്കുകയും അതിനെതിരെയുള്ള നീക്കങ്ങളെ തടയുകയും ചെയ്യുക.
10. പോലീസ് സേനയില്‍ പരിഷ്‌കരണം
പോലീസ് സേനയെ പ്രഫഷനലും മാനവിക സൗഹാര്‍ദപരവുമാക്കാന്‍ ദേശീയ പോലീസ് കമീഷന്‍ ശിപാര്‍ശകള്‍ നടപ്പിലാക്കുക. പോലീസ് ഘടന സമഗ്രമായി പരിഷ്‌കരിക്കുക. പോലീസില്‍ എല്ലാവരുടെയും പ്രാതിനിധ്യവും നിഷ്പക്ഷതയും ഉറപ്പുവരുത്തുക. 25 ശതമാനം ന്യൂനപക്ഷ മതക്കാര്‍ക്കായി സംവരണം ചെയ്യുക. ദേശീയ ന്യൂനപക്ഷ കമീഷന്റെ പോലീസ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ശിപാര്‍ശകള്‍ നടപ്പിലാക്കുക.
11. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകള്‍
സച്ചാര്‍ സമിതി റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കപ്പെട്ട Diversity Index Concept (DIC) കുണ്ടു കമ്മിറ്റി ശിപാര്‍ശകള്‍ക്കനുസരിച്ച് ഗവണ്‍മെന്റ്, വ്യക്തിഗത വകുപ്പുകളില്‍ പ്രയോഗവത്കരിക്കുക. എങ്കില്‍ മാത്രമേ ദലിത്, മുസ്‌ലിം വിഭാഗങ്ങള്‍ക്കും മറ്റു തടയപ്പെട്ട വിഭാഗങ്ങള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകൂ. എല്ലാ സര്‍ക്കാര്‍ സഹായങ്ങളും പദ്ധതികളും DIC പ്രകാരമേ വിതരണം ചെയ്യാവൂ. തുല്യാവസര കമീഷന് ഭരണഘടനാപരമായ നിയമപ്രാബല്യം നല്‍കുകയും വേണം. എങ്കില്‍ മാത്രമേ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കും പട്ടികജാതി വര്‍ഗത്തിനുമെതിരായ വിവേചനങ്ങള്‍ അവസാനിപ്പിക്കാനാവൂ, എല്ലാ സെക്ടറിലും അവര്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കൂ. സച്ചാര്‍ സമിതിയുടെ ശിപാര്‍ശകള്‍ നടപ്പിലാക്കുകയും എല്ലാ സര്‍ക്കാര്‍ പദ്ധതികളിലും Muslim Component Plan ഉള്‍പ്പെടുത്തുകയും വേണം.
12. വിദ്യാഭ്യാസ നയം
വിദ്യാഭ്യാസ നയം പൂര്‍ണമായി പുനരവലോകനം നടത്തണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന സംവിധാനത്തിലാവണമത്. വിശേഷിച്ച് വിദ്യാഭ്യാസ നയത്തിലും കരിക്കുലം നിര്‍മിതിയിലും ഇത് അത്യാവശ്യമാകുന്നു. പ്രത്യേക സംസ്‌കാരവും മതവിശ്വാസങ്ങളും മൂല്യങ്ങളും അടിച്ചേല്‍പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തടയിടണം. അതിനായി കേന്ദ്രതലത്തില്‍ നയം രൂപീകരിക്കണം. ചുരുങ്ങിയത് ജി.ഡി.പിയുടെ 8 ശതമാനം എങ്കിലും വിദ്യാഭ്യാസത്തിനായി നീക്കിവെക്കണം. പ്രൈമറി വിദ്യാഭ്യാസത്തിനുള്ള ചെലവുകളുടെ അനുപാതം തുടര്‍ച്ചയായി കുറക്കുന്നത് തടയുകയും മുസ്‌ലിംകളുടെയും വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെയും ഉന്നമനത്തിനായി പ്രത്യേക സ്‌കീമുകള്‍ തയാറാക്കുകയും വേണം.
13. സുരക്ഷിതത്വവുമായി ബന്ധപ്പെട്ട നിയമങ്ങള്‍
കേന്ദ്രതലത്തിലെ സുരക്ഷാ നിയമങ്ങളായ UAPA, NSA, AFSPA എന്നിവയും സംസ്ഥാനങ്ങളിലെ IPC, IT Act 2000 തുടങ്ങിയവയും ഭേദഗതി ചെയ്ത്, അവ അന്താരാഷ്ട്ര ഉടമ്പടികള്‍ പ്രകാരം പൗരന്മാരുടെ രാഷ്ട്രീയ അവകാശങ്ങളില്‍ (International Covenant of Civil & Political Rights) വിശദീകരിച്ച കാര്യങ്ങളുമായി ഒത്തുപോകുന്നതാക്കുക. അതുപോലെ ശിക്ഷാരീതികളെ സംബന്ധിച്ച Convention against Torture and other Cruel, Inhuman or Degrading Treatment or Punishment ന്റെ സ്വീകാര്യമായ പ്രോട്ടോക്കോളും International Convention for the Protection of All persons from Enforced Disappearance അംഗീകരിച്ചുകൊണ്ട് കണ്‍വെന്‍ഷന്‍ ശിപാര്‍ശകള്‍ അനുസരിച്ച് ദേശീയ നിയമങ്ങള്‍ ഭേദഗതി ചെയ്യുക.
14. ഭീകരാക്രമണങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും സംബന്ധിച്ച അന്വേഷണം
ഇതിനായി ഒരു സ്വതന്ത്ര നീതിന്യായ കമീഷനെ നിയമിക്കുക. ഭീകര-വിധ്വംസക പ്രവര്‍ത്തനങ്ങളും ആള്‍ക്കൂട്ടാക്രമണങ്ങളും കൊലപാതകങ്ങളും നിഷ്പക്ഷമായും നീതിപൂര്‍വകമായും അന്വേഷിക്കപ്പെടണം. നടപടികള്‍ വേഗത്തിലാക്കാനായി ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കണം. ബുദ്ധിശൂന്യമായ ഇത്തരം നിയമങ്ങളുടെ ഇരകള്‍ക്ക് നീതിയും നഷ്ടപരിഹാരവും വ്യവസ്ഥ ചെയ്യുന്നതും സാങ്കല്‍പിക കേസുകളില്‍ നിരപരാധികളെ അകപ്പെടുത്തുന്നവരെ ശിക്ഷിക്കുന്നതുമായിരിക്കണം. അതിനായി ആവശ്യമായ വകുപ്പുകള്‍ ചേര്‍ത്ത് നിയമങ്ങള്‍ പരിഷ്‌കരിക്കുക.
15. അസമിലെയും ജമ്മു-കശ്മീരിലെയും പ്രശ്‌നങ്ങള്‍
ലോക്‌സഭ അംഗീകരിച്ച പൗരത്വനിയമഭേദഗതി ബില്‍ എത്രയും വേഗം പിന്‍വലിക്കുക. കാരണം ഇത് ഇന്ത്യന്‍ ഭരണഘടനയുടെ വ്യക്തമായ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധവും മതവിഭാഗീയതക്ക് കാരണമാകുന്നതുമാണ്. അതേപോലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ അസമിലെ ബംഗാളി സംസാരിക്കുന്നവരെ ബംഗ്ലാദേശികളായി മുദ്രകുത്തി വേട്ടയാടുന്നത് എത്രയും വേഗം അവസാനിപ്പിക്കുക. അവര്‍ മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കുടിയേറിയ ബംഗാളികളാണ്. അവരുടെ പൗരത്വ രേഖകള്‍ ശരിയാക്കി അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാന്‍ തയാറാവണം. മനുഷ്യരെ കൊല്ലാതെ വേണം ജമ്മു-കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നത്. അവിടെ പൊതുജനപ്രാതിനിധ്യമുള്ള അധികാരികളെ അച്ചടക്കച്ചുമതലയേല്‍പിച്ച് പട്ടാളത്തിന്റെ അമിതാധികാരം കുറച്ചുകൊണ്ടുവരണം.
16. പലിശരഹിത ബാങ്കിംഗ്
ബാങ്കിംഗില്‍ പലിശരഹിത ഇടപാടുകള്‍ പരിചയപ്പെടുത്തുക. ഡോ. രഘുറാം രാജന്റെ നേതൃത്വത്തില്‍ പ്ലാനിംഗ് കമീഷന്റെ Financial Sector Reforms, ധനകാര്യവകുപ്പ് പരിഷ്‌കരണ കമ്മിറ്റി ശിപാര്‍ശകള്‍, മറ്റു നിരവധി കമ്മിറ്റി നിര്‍ദേശങ്ങള്‍, ന്യൂനപക്ഷ-ദുര്‍ബല വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ എന്നിവ കണക്കിലെടുത്തും രാജ്യത്തെ സാമ്പത്തിക പുരോഗതി ലക്ഷ്യം വെച്ചും ബാങ്കുകള്‍ക്ക് പലിശരഹിത വിന്‍ഡോകള്‍ തുടങ്ങാന്‍ അനുമതി നല്‍കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തേ ശരീഅത്തനുസരിച്ചുള്ള ഇക്വിറ്റി ഫണ്ട് തുടങ്ങാന്‍ തീരുമാനിച്ചത് നടപ്പിലാക്കാന്‍ അനുവദിക്കുക. ഇന്‍ഷുറന്‍സ് മേഖലയില്‍ 'തകാഫുല്‍' അനുവദിക്കുക.
17. വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണം, കാര്യക്ഷമമായ ഉപയോഗം
വഖ്ഫ് ആക്ട് 2013 ഭേദഗതി ചെയ്തുകൊണ്ട് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ എല്ലാ ശിപാര്‍ശകളും നടപ്പിലാക്കുക. സ്റ്റേറ്റുകളിലെ റെന്റ് കണ്‍ട്രോള്‍ നിയമങ്ങള്‍ക്കും റവന്യൂ നിയമങ്ങള്‍ക്കും മേല്‍ വഖ്ഫ് നിയമങ്ങള്‍ക്കുമേല്‍ക്കൈ നല്‍കുക. നിര്‍ണിത വഖ്ഫുകള്‍ സര്‍വേ നടത്തുക, സര്‍വേ റിപ്പോര്‍ട്ടുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുക. വഖ്ഫ് സ്വത്ത് കൈയേറിയവരെ ഒഴിപ്പിക്കാന്‍ സി.ഇ.ഒക്ക് അധികാരം നല്‍കുക, കൈയേറ്റക്കാരെ ഒഴിപ്പിക്കാത്ത ഗവണ്‍മെന്റ് ഓഫീസര്‍മാര്‍ക്ക് ഉചിതമായ ശിക്ഷ നല്‍കുക, വഖ്ഫ് കൗണ്‍സിലിന്റെ തലപ്പത്തും നിഷ്പക്ഷനും നീതിമാനുമായ വ്യക്തികളെ മാത്രം നിയമിക്കുക തുടങ്ങിയ ശിപാര്‍ശകള്‍ വഖ്ഫ് ആക്ടില്‍ ഉള്‍പ്പെടുത്തണം. വഖ്ഫ് സ്വത്തുക്കള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി തയാറാക്കിയ The Waqf Properties Bill 2014(Eviction of Unauthorised Occupants) കുറേ വര്‍ഷങ്ങളായി മാറ്റിവെച്ചിരിക്കുകയാണ്. അത് എത്രയും വേഗം നടപ്പില്‍ വരുത്തുക. സച്ചാര്‍ സമിതി ശിപാര്‍ശ പ്രകാരം യു.പി.എസ്.സിക്കു കീഴില്‍ വേറിട്ട ഒരു നാഷ്‌നല്‍ വഖ്ഫ് സര്‍വീസ് സ്ഥാപിക്കുക.
18. അന്താരാഷ്ട്ര കരാറുകള്‍
ഏതെങ്കിലും അന്താരാഷ്ട്ര കരാറുകള്‍ സ്വീകരിക്കുന്നതിനും രാജ്യത്തിന്റെ വിദേശനയത്തില്‍ മൗലികമായ മാറ്റങ്ങള്‍ വരുത്തുന്നതിനും പാര്‍ലമെന്റിന്റെ അംഗീകാരം വേണമെന്ന് വ്യവസ്ഥ വെക്കണം. ഇതിനായി ഭരണഘടനയില്‍ ഭേദഗതി വരുത്തണം. രാജ്യത്തിന്റെ വിദേശനയം സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവും മാനുഷികവുമാകുന്നതിനും സമഗ്രാധിപത്യവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതിനും ഇതാവശ്യമാണ്. അത് അയല്‍രാജ്യങ്ങളുമായി ഊഷ്മള ബന്ധത്തിനും അനുഗുണമായിരിക്കും. ദക്ഷിണ-ദക്ഷിണ സഹകരണ (South-South Co-operation)ത്തിന് വഴിതുറക്കാനും വിദേശനയങ്ങളും ഭരണഘടനാമൂല്യങ്ങളും പരസ്പര പൂരകമാവേണ്ടതുണ്ട്.
വിവ: പി.പി അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍
Comments