Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 29

3095

1440 റജബ് 21

ഉമ്മയുടെ കൂടെ ഒരു ഹജ്ജ് യാത്ര

ഒ. അബ്ദുര്‍റഹ്മാന്‍

[ജീവിതാക്ഷരങ്ങള്‍-20]

ഉമ്മയെ ഹജ്ജ് ചെയ്യിക്കുക എന്ന പ്രധാന ഉദ്ദേശ്യത്തോടെ 1983-ല്‍ നടത്തിയ ഹജ്ജ് യാത്രയിലെ അനുഭവങ്ങള്‍ ജീവിതാന്ത്യം വരെ മറക്കാനാവാത്തതാണ്. അക്കാലത്ത് കേരളത്തില്‍നിന്ന് ഹജ്ജ് വിമാന സര്‍വീസില്ല. ബോംബെയില്‍നിന്ന്  വേണം യാത്ര. പ്രായമായ ഉമ്മയോടൊപ്പം ഭാര്യയുടെ എളേമ (ഉമ്മയുടെ അനുജത്തി)യും അമ്മാവനും നാട്ടുകാരന്‍ മൊയ്തീന്‍ കാക്കയുമടങ്ങിയതാണ് ഞങ്ങളുടെ ടീം. മൊയ്തീന്‍ കാക്കയുടെ ആരോഗ്യനില തൃപ്തികരവുമല്ല. എങ്കിലും അല്ലാഹുവില്‍ തവക്കുലാക്കി പുണ്യഭൂമിയിലേക്ക് യാത്ര തിരിച്ചു.

ജിദ്ദ എയര്‍പോര്‍ട്ടിലെ മദീനത്തുല്‍ ഹുജ്ജാജിലിറങ്ങിയതോടെ ആരംഭിച്ചു പരീക്ഷണത്തിന്റെ ഒന്നാം ഘട്ടം. ഞങ്ങളുടെ മുത്വവ്വഫിന്റെ വണ്ടി എത്തിച്ചേരണമെങ്കില്‍ 12 മണിക്കൂറെങ്കിലും കാത്തിരിക്കണം. അതുവരെ വയോധിക സംഘത്തെയുമായി എന്തു ചെയ്യണം ഞാന്‍? നിലത്ത് തുണി വിരിച്ച് ഇരിക്കുന്നതിനുമുണ്ടല്ലോ ഒരു കാലാവധി. ആലോചിച്ചു അങ്ങുമിങ്ങും നടക്കെ പിന്നില്‍നിന്നൊരു വിളി. തിരിഞ്ഞുനോക്കുമ്പോള്‍ പരിചയക്കാരനായ കുന്നക്കാവുകാരന്‍ ഹംസ. ഞാന്‍ വിവരങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ സമാധാനിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മറുപടി: 'ഞാന്‍ രിയാദില്‍നിന്ന് കാറില്‍ വന്നതാണ്. എന്റെ ഉപ്പ ഈ ഫ്‌ളൈറ്റില്‍ ഉണ്ടാവുമെന്ന് അറിയിച്ചിരുന്നു. പക്ഷേ, പുറത്തു വന്നവരില്‍ കണ്ടില്ല. ഒന്നുകൂടി പരതട്ടെ. എന്നിട്ട് ഞാന്‍ നിങ്ങളെ ബാബു മക്കയിലെത്തിക്കാം. അവിടെനിന്ന് നിങ്ങള്‍ക്ക് മക്കയിലേക്ക് വാഹനം കിട്ടും.' അനല്‍പമായ ആശ്വാസത്തോടെ ഹംസയെ കാത്തിരുന്നു. അദ്ദേഹം തിരിച്ചുവന്നു ഞങ്ങളെ ജിദ്ദയിലെ 'ബാബു മക്ക'യിലെത്തിച്ചു. തുടര്‍ന്ന് ഞങ്ങള്‍ മക്കയിലുമെത്തിച്ചേര്‍ന്നു. അവിടെ താമസസ്ഥലം ഹറമിന്റെ പരിസരത്തായിരുന്നതുകൊണ്ട് പ്രയാസപ്പെടേണ്ടിവന്നില്ല. പക്ഷേ യഥാര്‍ഥ പരീക്ഷണം വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ.

'തലക്കുമീതെ ശൂന്യാകാശം താഴെ മരുഭൂമി' - തോപ്പില്‍ ഭാസിയുടെ 'അശ്വമേധം' എന്ന നാടകത്തിലെ വയലാര്‍ രാമവര്‍മ എഴുതിയ, മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ വരികള്‍. പക്ഷേ, ചുണ്ടുകളില്‍ വെറുതെ തത്തിക്കളിക്കുന്ന ഈരടികള്‍ എന്നതിനപ്പുറത്ത്, ഹൃദയാന്തരങ്ങളില്‍നിന്ന് തീനാളങ്ങളായി ആ ഗാനശകലം പുറത്തുവന്ന നിമിഷങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ പതിറ്റാുകള്‍ക്കു ശേഷവും വിട്ടുമാറാത്ത നടുക്കം. വിശുദ്ധ മക്കയിലെ ചരിത്രമുറങ്ങുന്ന മിനാ താഴ്‌വരയില്‍, തീര്‍ഥാടകന്റെ വെള്ളത്തുണിയും രണ്ടാം മുണ്ടുമായി, വെട്ടിത്തിളങ്ങുന്ന സൂര്യന്റെ കത്തിയെരിയുന്ന നാളങ്ങള്‍ നഗ്നശിരസ്സില്‍ ഏറ്റുവാങ്ങി എങ്ങോട്ടെന്നില്ലാതെ നടക്കുമ്പോള്‍ 'മുകളില്‍ ശൂന്യാകാശം...' പാടിപ്പോയതില്‍ എന്തത്ഭുതം! എഴുപത്തിമൂന്ന് വയസ്സ് പ്രായമായ ഉമ്മയെയും ഭാര്യയുടെ രോഗിണിയായ എളേമ(ഉമ്മയുടെ അനിയത്തി)യെയും കിംഗ് അബ്ദുല്‍ അസീസ് ഓവര്‍ബ്രിഡ്ജിനു താഴെ അപരിചിതരായ ആയിരങ്ങളുടെ നടുവില്‍ നില്‍ക്കാനിടം പോലുമില്ലാതെ തിരുകിക്കയറ്റി, രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച നടത്തമാണ്. ബംഗാളിയായ അഹ്മദ് സൈഫുദ്ദീന്റെ ടെന്റിലാണ് ഞങ്ങള്‍ക്കെത്തേണ്ടത്. പക്ഷേ, അതെവിടെ? ബോര്‍ഡായ ബോര്‍ഡൊക്കെ വായിച്ചിട്ടും അങ്ങനെയൊരുവന്റെ പേരില്ല. 'സോനാര്‍ ബംഗ്ല'യുടെ ദേശീയ പതാക പറന്നുകളിക്കുന്ന തമ്പുകളൊന്നൊന്നായി കയറിയിറങ്ങി. അഹ്മദ് സൈഫുദ്ദീന്റെ ടെന്റ് കണ്ടവരും കേട്ടവരുമില്ല. മിനറല്‍ വാട്ടര്‍ കുപ്പികള്‍ ഒന്നൊന്നായി തീര്‍ന്നതറിയാതെ പ്രയാണം തുടര്‍ന്നു. സമയം ഉച്ചകഴിഞ്ഞ് രണ്ടു രണ്ടര മണിയായി. ഭക്ഷണവും വിശ്രമവുമില്ലാതെ, എരിപൊരി കൊള്ളുന്ന വെയിലില്‍ നടന്നുനീങ്ങുമ്പോള്‍ മനസ്സിനെ ആകുലപ്പെടുത്തിയ വിചാരം ഒന്നുമാത്രം; പാലത്തിനു ചുവട്ടില്‍ നിര്‍ത്തിയ ഉമ്മയും കൂട്ടുകാരിയും എന്തായിക്കാണും? ഒരുവേള അവിടെ തിരിച്ചെത്താന്‍ കഴിയാത്തവിധം, പാരാവാരം പോലെ പരന്നുകിടക്കുന്ന മിനായില്‍ ഞാന്‍ ദിശതെറ്റിപ്പോയാല്‍ എന്തു സംഭവിക്കും? അപ്പോഴും മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു; ബേജാറാവേണ്ട, ദൈവം കാരുണ്യവാനാണ്, നീ തീര്‍ഥാടകനും. പരീക്ഷണത്തിന്റെ പര്യവസാനം അടുത്തുവരുന്നു. അതിനാല്‍ ആവേശപൂര്‍വം ചൊല്ലൂ; 'ലബ്ബൈകല്ലാഹുമ്മ..' പണിമുടക്കിത്തുടങ്ങിയ കാലുകളെ വകവെക്കാതെ നടത്തം തുടരവെ പെട്ടെന്ന് പിന്നില്‍നിന്നൊരു വിളി: 'അബ്ദുര്‍റഹ്മാന്‍ കാക്കാ, നിങ്ങളെങ്ങോട്ടേക്കാണ്?' തിരിഞ്ഞുനോക്കിയപ്പോള്‍ എന്റെ നാട്ടുകാരന്‍ ഖാദറാണ്. 'കാദറേ, നീ ഇവിടെ?'

'ഞാനും ഹജ്ജിന് വന്നതുതന്നെ. രിയാദില്‍നിന്ന് കൂട്ടുകാരോടൊപ്പമാണ് എത്തിയത്. കൂടെ ബാവയുമുണ്ട്. ഇതാ ഞങ്ങളുടെ ടെന്റ്'. അതേ, മരുഭൂമിയിലെ പഥികന്‍ ഒടുവില്‍ മരുപ്പച്ച കണ്ടെത്തിയിരിക്കുന്നു. അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് ഖാദറിന്റെ തമ്പില്‍ കയറി ഒറ്റവലിക്ക് ഒരു കുപ്പി വെള്ളംകൂടി അകത്താക്കി. ശ്വാസം നേരെ വീണശേഷം കഥ ഇതുവരെ ഖാദര്‍-ബാവ കമ്പനിയെ കേള്‍പ്പിച്ചു.

'നമുക്കൊരു കാര്യം ചെയ്യാം. തല്‍ക്കാലം ഉമ്മയെയും പാത്തുമ്മത്താത്തയെയും നാട്ടുകാരനായ ഉസ്സന്‍കുട്ടിയും മറ്റും കഴിയുന്ന തമ്പില്‍ കൊണ്ടുവിടാം. പിന്നെ നമുക്കൊന്നായി അഹ്മദ് സൈഫുദ്ദീന്റെ ടെന്റ് കണ്ടുപിടിക്കാം.'- അവരുടെ ഐഡിയ എനിക്കിഷ്ടപ്പെട്ടു. 'നിങ്ങളെന്തുവേണമെങ്കിലും ചെയ്യ്. എനിക്കിനി ഒരടി നടക്കാന്‍ വയ്യ'- ഞാനവരെ പറഞ്ഞുവിട്ട് നിവര്‍ന്നുകിടന്നു. അവര്‍ പാലത്തിന്റെ ചുവട്ടില്‍നിന്ന് ഉമ്മയെയും കൂട്ടുകാരിയെയും കണ്ടെത്തി, നാട്ടുകാരുടെ തമ്പിലെത്തിച്ച് തിരിച്ചുവന്നു. ഞങ്ങളൊന്നായി ഇറങ്ങി ടെന്റ് തെരച്ചിലായി. നേരത്തേ മക്കയില്‍നിന്ന് കിട്ടിയ വാഹനത്തില്‍ ടെന്റിലേക്ക് കയറ്റിവിട്ട വൃദ്ധരായ ഉണ്ണിമോയിന്‍, മൊയ്തീന്‍ കാക്കമാര്‍ എന്തായി എന്നറിയാഞ്ഞിട്ടായിരുന്നു എനിക്കേറെ ഉത്കണ്ഠ. അവര്‍ ടെന്റുടമയുടെ വാഹനത്തിലായിരുന്നതുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്തിയിരിക്കണം. പക്ഷേ, അതെവിടെ? കൂട്ടുകാരുമൊത്തുള്ള അന്വേഷണം സായാഹ്നത്തോടെ ലക്ഷ്യം കണ്ടു. മറ്റൊരാളുടെ ടെന്റിനകത്ത് സ്വന്തമായൊരു ഭാഗം തിരിച്ചുകെട്ടി, അവിടേക്ക് കാശുവാങ്ങി തീര്‍ഥാടകരെ കയറ്റിവിടുകയായിരുന്നു സൈഫുദ്ദീന്‍ എന്ന ബംഗാളിയെന്ന് ഒടുവിലേ മനസ്സിലായുള്ളൂ. അവിടെ ചെന്നുനോക്കുമ്പോള്‍ ഉണ്ണിമോയിന്‍ കാക്ക മാത്രം അവശനായിരിപ്പുണ്ട്. 'മൊയ്തീന്‍കാക്ക എവിടെ?' ആശങ്കയോടെ എന്റെ ചോദ്യം. 'മൂപ്പരും ഞാനും ഇവിടെ എത്തിയപ്പോള്‍ മൂപ്പര്‍ക്ക് വല്ലാത്ത ദാഹം. പക്ഷേ, വെള്ളമില്ല. ആരോടെങ്കിലും ചോദിക്കാന്‍ ഭാഷയും അറിയില്ല. ഒടുവില്‍ ഒരു മൂലയില്‍ വെള്ളം നിറച്ച കുപ്പി കണ്ടു. പെട്ടെന്നെടുത്ത് ഒരൊറ്റ കുടി. അപ്പോഴാണ് അറിഞ്ഞത് അത് മണ്ണെണ്ണയാണെന്ന്! പരിഭ്രാന്തനായ മൊയ്തീന്‍ കാക്ക തമ്പിന് പുറത്തിറങ്ങി. പിന്നെ മടങ്ങിവന്നിട്ടില്ല.'

'പടച്ചവനേ, ചതിച്ചോ!' എഴുപത്തഞ്ച് കഴിഞ്ഞ മൊയ്തീന്‍കാക്ക മണ്ണെണ്ണ അകത്താക്കി പൊരിവെയിലത്ത് നടുറോഡിലിറങ്ങിയാല്‍ എന്തുതന്നെ സംഭവിക്കില്ല! പിടിച്ചതിനേക്കാള്‍ വലിയത് മാളത്തില്‍ എന്ന പരുവത്തിലായ ഞാന്‍, ഉമ്മയെയും കൂട്ടുകാരിയെയും തമ്പിലെത്തിച്ച ശേഷം മതി ഇനിയുള്ള അലച്ചിലെന്നു തീരുമാനിച്ചു. അവരെ കൂട്ടിക്കൊണ്ടുവരുമ്പോഴേക്ക് പുതിയൊരു ഏടാകൂടം കൂടി. സംഘത്തിലുണ്ടായിരുന്ന ഭാര്യയുടെ അമ്മാവന്‍ മുഹമ്മദ് കുട്ടി ഹാജിയും ടെന്റിലെത്തിയിട്ടില്ല. മക്കയിലെവിടെയോ കുടുങ്ങിക്കിടക്കുന്ന അയാളെ തെരഞ്ഞെുപിടിച്ച് മിനായിലെ തമ്പില്‍ എത്തിച്ചേ പറ്റൂ. ഭാഗ്യവശാല്‍ അതിനകം, കാണാതായ മൊയ്തീന്‍ കാക്കയുടെ മകനും സഹോദരപുത്രനും ഞങ്ങളുടെ അരികെ എത്തിച്ചേര്‍ന്നിരുന്നു. തല്‍ക്കാലം പിതാവിനെ തെരയാന്‍ മക്കളെ ഏല്‍പിച്ച് ഞാന്‍ മക്കയിലേക്ക് കയറി. അവിടെ ചെന്നുനോക്കുമ്പോള്‍ മുഹമ്മദ് കുട്ടി ഹാജിയുടെ മേല്‍വിലാസമില്ല. തിരിച്ച് മിനായിലെത്തിയപ്പോള്‍ കക്ഷി തമ്പില്‍ സ്വസ്ഥം, ശാന്തം. ഹാവൂ! പക്ഷേ, നഷ്ടപ്പെട്ട മൊയ്തീന്‍ കാക്ക എവിടെ? ലോസ്റ്റ് പില്‍ഗ്രിംസ് ഓഫീസില്‍ പലതവണ ഞങ്ങള്‍ ചെന്നുനോക്കി. ഒരു രക്ഷയുമില്ല. മിനായിലെ ആശുപത്രിയിലായി തുടര്‍ന്നുള്ള അന്വേഷണം. അതും വിഫലം. പിറ്റേന്ന് പുലര്‍ച്ചെ ഹജ്ജ്കര്‍മത്തിന്റെ സുപ്രധാന ചടങ്ങിന് അറഫയിലേക്ക് പുറപ്പെട്ടേ പറ്റൂ. മൊയ്തീന്‍ കാക്കയെ പടച്ചവനെ ഏല്‍പിച്ച് കഠിനമായ മനോവ്യഥയോടെ ഞങ്ങള്‍ അറഫയിലേക്ക് പോയി. ബാപ്പ മിക്കവാറും നഷ്ടപ്പെട്ടതുതന്നെയെന്ന് മകന്‍ ഉറപ്പിച്ചിരുന്നു. അറഫയിലെ പകലും മുസ്ദലിഫയിലെ രാവും കഴിഞ്ഞ് ബലിദിനത്തില്‍ മിനായില്‍ തിരിച്ചെത്തി വീണ്ടും അന്വേഷണമായി. മൊയ്തീന്‍ കാക്കയെക്കുറിച്ച് ഒരു തുമ്പും ലഭിച്ചില്ല. അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലാതെ എങ്ങനെ നാട്ടിലേക്ക് മടങ്ങുമെന്ന വിചാരം മനസ്സിനെ തളര്‍ത്തി. അല്ലാഹു ഒരിക്കല്‍കൂടി രക്ഷക്കെത്തുമെന്ന പ്രതീക്ഷ മാത്രം ബാക്കിനിന്നു.

മിനായിലെ മൂന്നു ദിവസത്തെ താമസത്തിനു ശേഷം മക്കയില്‍ തിരിച്ചെത്തി. മൂന്നാം നാള്‍ മൊയ്തീന്‍ കാക്കയുടെ സഹോദരപുത്രനെയും കൂട്ടി ഫൈനല്‍ റൗണ്ട് അന്വേഷണത്തിനിറങ്ങുമ്പോള്‍ ഉമ്മയോട് പറഞ്ഞു: 'ഇത്തവണ മൊയ്തീന്‍ കാക്കയെ കൂട്ടിയേ മടങ്ങൂ.' 'പടച്ചവന്‍ സഹായിക്കട്ടെ'- ഉമ്മയുടെ പ്രതികരണം.

ഞങ്ങള്‍ ആദ്യം ചെന്നത് മക്കയിലെ അജ്‌യാദ് ഹോസ്പിറ്റലിലാണ്. വാര്‍ഡുകളൊക്കെയും പരതി നടന്നു. ഒടുവില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചവരുടെ ആല്‍ബം പരിശോധിച്ചു. എല്ലാം നിഷ്ഫലമായി. അടുത്തത് മിനാ ഹോസ്പിറ്റല്‍. അതും തഥൈവ. മൂന്നാമത്തേത് കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍. അനേകം നിലകളുള്ള വലിയൊരു ആശുപത്രിയാണത്. ഗ്രൗണ്ട് ഫ്‌ളോറില്‍ ചെന്നുനിന്ന് മേലോട്ടുനോക്കി, പറഞ്ഞുപോയി: 'അല്ലാഹുവേ, ഈ ആശുപത്രിയില്‍ മൊയ്തീന്‍ കാക്കയെ എവിടെ തെരയാന്‍?' സൂര്യാഘാതമേറ്റ് മൃതപ്രായരായവരുടെ പ്രവാഹമാണിവിടെ. മോര്‍ച്ചറി നിറഞ്ഞ് മൃതദേഹങ്ങള്‍ വരാന്തയില്‍ പോലും കൂട്ടിയിരിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ നിന്ന് വിയര്‍ത്തു. ലിഫ്റ്റിറങ്ങിവരുന്ന രണ്ടു മൂന്ന് ആശുപത്രി ജീവനക്കാരുടെ സംസാരം. ശുദ്ധ തെക്കന്‍ മലയാളം. ഓടിച്ചെന്ന് അവരോട് ചോദിച്ചു: 'നിങ്ങള്‍ ഈ ആശുപത്രിയിലെ ജോലിക്കാരല്ലേ?'

'അതേ, ഞങ്ങള്‍ കായംകുളത്തുകാരാണ്. ഇവിടെ ജോലിചെയ്യുന്നു. നിങ്ങള്‍ക്ക്എന്തു വേണം?'- അവര്‍ ചോദിച്ചു.

'ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന വൃദ്ധനായ മൊയ്തീന്‍ കാക്കയെ കാണാനില്ല. മിനായിലും അറഫയിലും മക്കയിലും ഇനി തെരയാന്‍ ബാക്കി ഒരിടവുമില്ല. ഇവിടെ അഡ്മിറ്റ് ചെയ്യപ്പെട്ടവരില്‍ വല്ല മലയാളികളുമുണ്ടോ?'

'ഉണ്ട്. കോഴിക്കോട്ടുകാരനായ ഒരു കാക്ക നാലാം നിലയില്‍ വാര്‍ഡില്‍ കിടന്ന് മകനെ വിളിച്ച് കരയുന്നു. അയാളായിരിക്കുമോ?'

'അയാളായിരിക്കും; അയാളായേ പറ്റൂ.' ഞങ്ങളെ ആ മലയാളി സുഹൃത്തുക്കള്‍ നാലാം നിലയിലെ ജനറല്‍ വാര്‍ഡിലേക്ക് കൂട്ടിക്കൊണ്ടുപോയി. ചെന്നു നോക്കുമ്പോള്‍ സാക്ഷാല്‍ മൊയ്തീന്‍ കാക്ക! അദ്ദേഹത്തിന്റെ കരച്ചിലിനും ഞങ്ങളുടെ ആഹ്ലാദത്തിനും അതിരില്ല.

'മക്കളേ, നിങ്ങളെന്തേ എന്നെ തിരിഞ്ഞുനോക്കാഞ്ഞേ?' വിലപിക്കുന്ന മൊയ്തീന്‍ കാക്കയോട് ഞങ്ങള്‍ ഉണ്ടായതൊക്കെ പറഞ്ഞു. ഫൈസല്‍ ഹോസ്പിറ്റലില്‍ താന്‍ പ്രവേശിപ്പിക്കപ്പെട്ട കഥ അയാളും വിവരിച്ചു. മിനായിലെ തമ്പില്‍നിന്ന് അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ചയുടനെ പുറത്തുകടന്നപ്പോള്‍ തലചുറ്റിവീണു. പിന്നീട് ബോധം വീണപ്പോള്‍ കിടക്കുന്നത് ആശുപത്രിയില്‍. സുഊദി ആരോഗ്യവകുപ്പിന്റെ ആംബുലന്‍സ് വാന്‍ അദ്ദേഹത്തെ പെറുക്കിയെടുത്ത് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. കഠിനമായ പനിയും ടൈഫോയ്ഡും ബാധിച്ച മൊയ്തീന്‍കാക്കയെ പക്ഷേ, ആശുപത്രി അധികൃതര്‍ ആംബുലന്‍സില്‍ കയറ്റി അറഫയിലെത്തിച്ച് ഹജ്ജ് കര്‍മം പൂര്‍ത്തീകരിച്ചതായി മൊയ്തീന്‍ കാക്ക അറിയിച്ചപ്പോള്‍ അടക്കാനാവാത്ത വിസ്മയം. മൂപ്പരെ ഉടനെ ഡിസ്ചാര്‍ജ് വാങ്ങി മക്കയിലെ താമസസ്ഥലത്ത് തിരിച്ചുപോയേ പറ്റൂ. പനി മാറാതെ ഡിസ്ചാര്‍ജ് ചെയ്യാന്‍ പറ്റില്ലെന്ന് ഈജിപ്തുകാരനായ ഡോക്ടര്‍ ഉറപ്പിച്ചു പറഞ്ഞു. പക്ഷേ, മൊയ്തീന്‍ ഹാജി ഒരു നിമിഷം അവിടെ തുടരാന്‍ തയാറായില്ല. ഒടുവില്‍ ഉത്തരവാദിത്തം മുഴുവന്‍ ഞാന്‍ ഏറ്റെടുത്ത് കടലാസില്‍ ഒപ്പിട്ട ശേഷം മൊയ്തീന്‍ കാക്കയെ ഡോക്ടര്‍ പുറത്തുവിട്ടു. മക്കയില്‍ തിരിച്ചെത്തിയപ്പോള്‍ അങ്ങോര്‍ക്ക് വീണ്ടും കലശലായ പനി. ഇത്തവണ അജ്‌യാദ് ഹോസ്പിറ്റലില്‍ അഭയം തേടി. അവിടെയാകട്ടെ, സൂചികുത്താന്‍ ഇടമില്ല. സാഹസപ്പെട്ട് ഒരുവക ഡോക്ടറുടെ മുന്നിലെത്തിച്ചപ്പോള്‍ അഡ്മിറ്റ് ചെയ്യാന്‍ ഒരു നിര്‍വാഹവുമില്ലെന്നും ഐസ് വെള്ളത്തില്‍ മുക്കിയ തുണിക്കഷ്ണം കൊണ്ട് ശരീരം മണിക്കൂറുകളോളം തടവി പനിയുടെ കാഠിന്യം കുറക്കാമെന്നും ഡോക്ടറുടെ നിര്‍ദേശം. ഞാനും നാട്ടുകാരന്‍ അഹ്മദ് കുട്ടിയും ചേര്‍ന്ന് നഴ്‌സിംഗ് ജോലി ഏറ്റെടുക്കുകയല്ലാതെ ഗത്യന്തരമുണ്ടായില്ല. മണിക്കൂറുകള്‍ നീണ്ട തടവലിനൊടുവില്‍ പനിക്ക് തീക്ഷ്ണത കുറഞ്ഞു. മൊയ്തീന്‍ കാക്കയുമായി ഞങ്ങള്‍ മടങ്ങി.

കഥാന്ത്യം: ഹാജിയായി സ്വദേശം പൂകിയ വിഭാര്യനായ മൊയ്തീന്‍ കാക്ക പുനര്‍വിവാഹം ചെയ്ത് വര്‍ഷങ്ങളോളം സസുഖം വാഴുന്നതിന് വിനീതനായ ഈ ചരിത്രകാരന്‍ സാക്ഷി. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (13-13)
എ.വൈ.ആര്‍

ഹദീസ്‌

സത്യപാതയിലെത്തിയവരുടെ ഒന്നാമത്തെ ബാധ്യത
ഇ.എം അര്‍ഫദ് അലി, അല്‍ജാമിഅ