ഇസ്ലാമോഫോബിയക്കെതിരെ നിയമനിര്മാണം വേണം
ഇസ്ലാമിനെക്കുറിച്ചും മുസ്ലിംകളെക്കുറിച്ചും ജനസമൂഹങ്ങളില് ഭീതി പരത്തുന്നത് (ഇസ്ലാമോഫോബിയ) തടയാന് നിയമനിര്മാണം നടത്തണമെന്ന് മുസ്ലിമേതര രാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭയുടെ അധ്യക്ഷന് അഹ്മദ് റയ്സൂനി. ഇസ്തംബൂളില് പണ്ഡിതസമിതി നിര്വാഹക ബോഡിയുടെ രണ്ടു ദിവസം നീണ്ട സമ്മേളനത്തിനൊടുവിലാണ് ഈ ആഹ്വാനം. ന്യൂസിലാന്റിലെ രണ്ട് പള്ളികളിലുണ്ടായ ഭീകരാക്രമണത്തെ തുടര്ന്നാണ് ഇസ്ലാമോഫോബിയ നിയമം മൂലം തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. ഇങ്ങനെയൊരു ആവശ്യമുയരുന്നത് ഇതാദ്യമായല്ല. മുസ്ലിം രാഷ്ട്രങ്ങളുടെ ഏറ്റവും വലിയ പൊതുവേദിയായ ഒ.ഐ.സിയില് 2012-ല് തന്നെ ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. ഇസ്ലാമിനെയും പ്രവാചകനെയും വളരെ മോശമായി ചിത്രീകരിക്കുന്ന കിിീരലിരല ീള ങൗഹെശാ പോലുള്ള സിനിമകള് പുറത്തിറങ്ങിയ കാലമായിരുന്നു അത്. കാര്ട്ടൂണുകളിലൂടെ പ്രവാചകന് നിരന്തരം പരിഹസിക്കപ്പെട്ടുകൊണ്ടുമിരുന്നു. ചില തീവ്ര വെള്ള വംശീയവാദികള് ഖുര്ആന് പരസ്യമായി കത്തിക്കാന് പോലും മുതിര്ന്നു. പക്ഷേ ലോകത്തെങ്ങുമുള്ള കോടിക്കണക്കിന് മുസ്ലിംകളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ഈ കുടില പ്രവൃത്തികള്ക്കെതിരെ കാര്യമായ നീക്കമൊന്നും പാശ്ചാത്യ ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നുണ്ടായില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില് അവരതിനെയൊക്കെയും പരോക്ഷമായി ന്യായീകരിച്ചുകൊണ്ടുമിരുന്നു. ഇനി നിയമ നടപടികള് സ്വീകരിക്കാമെന്നു വെച്ചാല് തന്നെ അതെങ്ങുമെത്തുകയില്ല. കാരണം ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുന്ന നിയമം ഈ നാടുകളിലൊന്നുമില്ല.
എന്നാല് യൂറോപ്പിലെയും അമേരിക്കയിലെയും മറ്റൊരു മത ന്യൂനപക്ഷമായ ജൂതന്മാര്ക്കു നേരെ തിരിഞ്ഞാല് കളി മാറും. അവരുടെ മതത്തെയോ മതാചാര്യന്മാരെയോ നിന്ദിക്കാനൊന്നും പോവണ്ട. ചിലര് അവകാശപ്പെടുന്നതുപോലെ ഹോളോകാസ്റ്റില് ഹിറ്റ്ലര് ആറ് ദശലക്ഷം ജൂതന്മാരെയൊന്നും കൊന്നൊടുക്കിയിട്ടില്ല എന്ന് വെറുതെയൊന്ന് പറഞ്ഞുനോക്കൂ. മിക്ക യൂറോപ്യന് രാജ്യങ്ങളും നിങ്ങളെ പിടിച്ച് അകത്തിടും. കാരണമത് 'സെമിറ്റിക് വിരുദ്ധത'യാണ്. അത് തടയാന് കര്ശന നിയമങ്ങള് തന്നെ ഏതാണ്ടെല്ലാ പാശ്ചാത്യ രാജ്യങ്ങളിലുമുണ്ട്. സയണിസ്റ്റ് ഭീകരതയെക്കുറിച്ച് പറഞ്ഞാലും അത് സെമിറ്റിക് വിരുദ്ധതയായി കണക്കാക്കുമെന്നാണല്ലോ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മാക്രണ് ഈയിടെ പ്രഖ്യാപിച്ചത്.
ആത്യന്തികവാദങ്ങള് ഒഴിച്ചുനിര്ത്തിയാല്് സെമിറ്റിക് വിരുദ്ധത കുറ്റകൃത്യമാക്കിയതിനു പിന്നില് ചരിത്രപരമായ ന്യായങ്ങള് ഉണ്ടെന്നു കാണാം. കാരണം യൂറോപ്പ് ഒരുകാലത്ത് ജൂതന്മാരെ അവരുടെ മതത്തിന്റെ പേരില് അത്രയധികം അവഹേളിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. അതിനൊരു അറുതി വരുത്താന് ആ നിയമനിര്മാണത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ആ പീഡിത സമൂഹത്തിന്റെ സ്ഥാനത്ത് നില്ക്കുന്നത് മുസ്ലിംകളാണെന്നതില് തര്ക്കമുണ്ടാവില്ല. അതിനാല് ഇസ്ലാമോഫോബിയ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യം തീര്ത്തും ന്യായമാണ്.
Comments