കലാവിഷ്‌കാര മേഖലകളില്‍ പ്രതാപം വീണ്ടെടുക്കണം
കലാകാരന്മാരുടെയും സര്‍ഗസൃഷ്ടികളുടെയും സമ്പന്ന പാരമ്പര്യമുണ്ട് ഇസ്‌ലാമിക പ്രസ്ഥാനത്തിന്. അതിന്റെ മിന്നലാട്ടങ്ങള്‍ അനുകരണീയമാംവിധം ഇന്നും പല തലങ്ങളിലും പ്രകടമാകുന്നുമുണ്ട്. ജന്മസിദ്ധമായ ഭാവനകള്‍ക്കും കഴിവുകള്‍ക്കും വെള്ളവും വളവും ലഭിക്കാന്‍ ദാഹിക്കുന്ന, സര്‍ഗാത്മകതയോടുള്ള അഭിനിവേശത്താല്‍, പരിമിതികളുള്ള ജീവിതസാഹചര്യങ്ങളെ പോലും അവഗണിച്ച് കലയുടെ വിവിധ സങ്കേതങ്ങളോട് കൂട്ടുകൂടുന്ന പലരുമുണ്ട് നമുക്കിടയില്‍. സര്‍ഗാത്മകതയെ പ്രണയിക്കുന്നവര്‍. തീക്ഷ്ണവും തീവ്രവുമായ അനുഭവങ്ങളിലൂടെ കടന്നുവരുന്ന അത്തരം പ്രസ്ഥാന പ്രവര്‍ത്തകരെയും അനുഭാവിവൃന്ദത്തെയും ചേര്‍ത്തുനിര്‍ത്താന്‍ നാം ഒരുക്കിവെച്ച പശ്ചാത്തല സൗകര്യങ്ങള്‍ കാലത്തിന്റെ തേട്ടത്തിനനുസരിച്ച് വികസിപ്പിക്കേണ്ടതുണ്ട്. അവയൊക്കെയും പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിലും സമൂഹത്തിന്റെ ഗുണാത്മകമായ പുനര്‍നിര്‍മാണത്തിലും സഹായകമായിത്തീരേണ്ടതുമുണ്ട്.
മൂല്യാധിഷ്ഠിത കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് രൂപീകരിക്കപ്പെട്ട കലാ-സാഹിത്യ വേദികള്‍ നടത്തുന്ന നാടകപ്പുര, സിനിമാ നിര്‍മാണ പരിശീലനം, കലാ-സാഹിത്യ ശില്‍പ്പശാലകള്‍ തുടങ്ങിയവ കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ പൊതുവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്.
നിരന്തരമായ വിലയിരുത്തലുകളും അനുബന്ധ പ്രവര്‍ത്തനങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം പരിപാടികള്‍ ഫലം ചെയ്യുകയുള്ളൂ. അനുഭാവികളും സഹകാരികളുമായ സര്‍ഗസിദ്ധി ലഭിച്ചവരെ കൂടെ നിര്‍ത്തി സാമൂഹിക പുനര്‍നിര്‍മിതിക്കുള്ള ഇന്ധനമായി അവരെ ഉപയോഗിക്കാനും സമകാലിക സാഹചര്യത്തില്‍ ആശയപ്രകാശനവും പ്രചാരണവും നിര്‍വഹിക്കാനുതകുംവിധം അവരെ വാര്‍ത്തെടുക്കാനും
സാധിക്കേണ്ടതുണ്ട്. ഇതിന് വിപുലവും ആസൂത്രിതവുമായ സംവിധാനങ്ങള്‍ നൈരന്തര്യ സ്വഭാവത്തോടെ നടപ്പാകണം. കഴിവും ശേഷിയുമുള്ള പലരും അവസരത്തിന്റെയും പരിശീലനത്തിന്റെയും അഭാവത്തില്‍ രംഗത്തുനിന്ന് നിഷ്‌ക്രമിക്കുകയാണ്. ചിലര്‍ സ്വപ്രയത്‌നത്താല്‍ സ്വന്തമായി സംവിധാനങ്ങളൊരുക്കി തങ്ങളുടേതായ തുരുത്തുകളില്‍ സ്വതന്ത്രമായി വിഹരിക്കുന്നു് എന്നത് നിഷേധിക്കുന്നില്ല.
കാലത്തിനനുസരിച്ച് അഭിരുചികളില്‍ മാറ്റം വരുന്നത് നാം മറന്നുകൂടാ. പരമ്പരാഗത രീതിയിലുള്ള വാമൊഴി -വരമൊഴി വഴക്കങ്ങള്‍ക്ക് മുമ്പത്തെപോലെ കണ്ണും കാതും കൊടുക്കാന്‍ സമയമില്ലാത്തവരും അതിന് തയാറാകാത്തവരുമാണ് നവതലമുറയിലെ ഭൂരിഭാഗവും. സ്വാര്‍ഥതയും അഹങ്കാരവും വിനാശം വിതക്കുന്ന പരിതാപകരമായ കാലത്താണ് നാം ജീവിക്കുന്നത്. ലഹരിയിലൂടെയും അശ്ലീലതയിലൂടെയും മറ്റും പുതുതലമുറയെ വഴിതെറ്റിക്കാന്‍ തക്കം പാര്‍ത്തു നില്‍ക്കുന്ന നീരാളിക്കൈകളും കഴുകക്കണ്ണുകളുമാണ് ചുറ്റും. ഇതിനെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തക - അനുഭാവി വൃന്ദങ്ങളിലെ കലാപരമായ അംശങ്ങള്‍ കണ്ടെത്താനും പോ
ഷിപ്പിക്കാനും നമ്മുടെ സംവിധാനങ്ങള്‍ക്കാവണം. അഭിനയം, പാട്ട്, നാടകം, ചിത്രകല, വാദ്യസംഗീതം, രംഗകല തുടങ്ങിയ മേഖലകളില്‍ അഭിരുചിയുള്ളവരെ കൈപി
ടിച്ചുയര്‍ത്തി, സര്‍ഗസിദ്ധികള്‍ക്ക് ക്ഷമത നല്‍കുംവിധം പഠന-പരിശീലന പരിപാടികള്‍ ഒരുക്കപ്പെടണം. പ്രത്യേകിച്ച് തീവ്ര- തീക്ഷ്ണ വികാരവിചാരങ്ങള്‍ പേറുന്ന, ആത്മവിശ്വാസം തുളുമ്പി മറിയുന്ന, അത്ഭുതവും പ്രതീക്ഷയും വിടര്‍ത്താന്‍ കെല്‍പ്പുള്ള ധാരാളം യുവാക്കള്‍ സഹോദര്യത്തിന്റെ മതില്‍ക്കെട്ടുകള്‍ പണിത് വിവിധ കലാലയങ്ങളും മറ്റും അടക്കിവാഴുന്ന വര്‍ത്തമാനകാലത്ത്, അവര്‍ക്കനുയോജ്യമായ പശ്ചാത്തലങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ വിളംബമരുത്. കാരണം മനുഷ്യനെ മനുഷ്യനായി നിലനിര്‍ത്തുന്നതില്‍ മൂല്യാധിഷ്ഠിതകല വഹിക്കുന്ന പങ്ക് അത്രമേല്‍ വലുതാണ്.
സ്ത്രീ പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍
പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ച ഫൗസിയ ശംസിന്റെ ലേഖനം വായിച്ചു. വ്യക്തിപരമായും സാമൂഹികമായും സ്ത്രീ ഉയരണമെങ്കില്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ അവള്‍ക്ക് നിര്‍ബന്ധമാണ്. ചരിത്രത്തില്‍ വിടര്‍ന്നു പരിലസിച്ച വനിതകള്‍ വീട്ടില്‍ മാത്രം ഒതുങ്ങിയവരായിരുന്നില്ല. എന്നാല്‍ കുടുംബമാണല്ലോ സ്ത്രീകളുടെ പ്രധാന തട്ടകം. കുടുംബത്തില്‍ ശോഭിക്കാതെ മറ്റൊരിടത്തും ഉയരാന്‍ അവള്‍ക്ക് കഴിയില്ല. കുടുംബത്തിന്റെ സഹകരണമുണ്ടെങ്കില്‍ വീട്ടിലും പൊതുഇടങ്ങളിലും ശോഭിക്കാന്‍ സ്ത്രീക്ക് കഴിയും.
മലബാര്‍ മേഖലയില്‍ മിക്ക മുസ്‌ലിം കുടുംബങ്ങളിലും പുരുഷന്മാര്‍ വിദേശത്തായിരിക്കും. ഗൃഹ ഭരണവും മക്കളുടെ പരിപാലനവും പൊതുപ്രവര്‍ത്തനവും ദീനീസേവനവും എല്ലാം ഒരുമിച്ച് ഭംഗിയോടെ നിര്‍വഹിക്കാന്‍ സ്ത്രീക്ക് കഴിയണമെന്നില്ല. ദീനീമാര്‍ഗത്തിലെ പ്രവര്‍ത്തനത്തിനാണെന്നു പറഞ്ഞ് ഭര്‍ത്താവിനെ ധിക്കരിക്കുന്നതും ആശാസ്യമല്ല. ഭര്‍ത്താവിന്റെ അസാന്നിധ്യത്തിലെ പുറത്തുപോക്കും അങ്ങേയറ്റം സൂക്ഷ്മതയാവശ്യമുള്ളതാണ്. സാമൂഹിക പ്രവര്‍ത്തനം കുടുംബശൈഥില്യത്തിന് കാരണമാകാതെ നോക്കേണ്ടതുണ്ട്.
സുമയ്യ സത്താര്‍, സിതാര
അന്ധവിശ്വാസ വ്യാപനവും സമുദായത്തിന്റെ മുന്‍ഗണനാക്രമവും
സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ചും ആത്മീയ ചൂഷണങ്ങളെക്കുറിച്ചും രണ്ടു ലക്കങ്ങളിലായി വന്ന ലേഖനങ്ങള്‍ സന്ദര്‍ഭോചിതവും ഉപകാരപ്രദവുമായി. പതിറ്റാണ്ടുകളോളം പോരാടി, കടുത്ത വെല്ലുവിളികളെ അതിജീവിച്ച് നേടിയെടുത്ത നവോത്ഥാന മൂല്യങ്ങള്‍ ആധുനിക വിദ്യാഭ്യാസവും ടെക്‌നോളജിയും കത്തിനില്‍ക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയപ്പോള്‍ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നത് അടിയന്തരശ്രദ്ധ പതിയേണ്ട വിഷയമാണ്. മറമാടിയതൊക്കെ പതുക്കെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും നാടുകടത്തപ്പെട്ടവയൊക്കെ മെല്ലെ മടങ്ങിവരികയുമാണ്.
ബാബരിമസ്ജിദ് തകര്‍ച്ചയും ഫാഷിസ്റ്റ് ഭരണവും സമുദായത്തിലുണ്ടാക്കിയ അരക്ഷിതാവസ്ഥ കൂടുതല്‍ രാഷ്ട്രീയമായി ചിന്തിക്കാനും സംഘടിക്കാനും മുസ്‌ലിം ബൗദ്ധിക നേതൃത്വത്തെയും ആക്ടിവിസ്റ്റുകളെയും നിര്‍ബന്ധിതരാക്കി. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ട് തെരഞ്ഞെടുപ്പു ഗോദയിലിറങ്ങി. തെരഞ്ഞെടുപ്പ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാത്തവരും ഫാഷിസ്റ്റ്‌വിരുദ്ധ വര്‍ത്തമാനങ്ങള്‍ പറയാന്‍ നിര്‍ബന്ധിതരായി. നിലവിലെ ഫാഷിസ്റ്റ്‌വിരുദ്ധ സമരമുഖത്ത് ഇത് അനൈക്യം സംഭാവന ചെയ്‌തെങ്കിലും, രംഗം സജീവമാക്കാനും ചര്‍ച്ച ലൈവാക്കിനിര്‍ത്താനും കഴിഞ്ഞു.
ഈ സാഹചര്യത്തിലാണ് മനഃപൂ ര്‍വമാണെങ്കിലും അല്ലെങ്കിലും മുന്‍ഗണനാക്രമത്തില്‍ വലിയ വ്യതിയാനമുണ്ടാകുന്നത്. തൗഹീദ്, ശിര്‍ക്ക്, വിശ്വാസം, അന്ധവിശ്വാസം മുതലായ മുഖ്യ വിഷയങ്ങള്‍ പൊതു വേദികളില്‍നിന്ന് നിഷ്‌ക്രമിച്ചു. എല്ലാ മതസംഘടനകളുടെയും വേദികളില്‍ രാഷ്ട്രീയാതിപ്രസരമുണ്ടായി. ആരെങ്കിലും ശിര്‍ക്കും അന്ധവിശ്വാസവുമൊക്കെ പറയുന്നുവെങ്കില്‍ അവര്‍ പഴഞ്ചന്മാരായി മുദ്രകുത്തപ്പെട്ടു.
ഈ അവസരം മുതലെടുത്താണ് അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മൊത്തക്കച്ചവടക്കാര്‍ ആത്മീയ വ്യാപാരം പുനരാരംഭിച്ചത്. പ്രതിരോധിക്കേണ്ടവര്‍ ഉണരുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയിലായി. വിശ്വാസപരമായ ഈ വ്യതിചലനങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ പൂര്‍വാധികം ശക്തമായി തുടരട്ടെ.
മായിന്‍കുട്ടി അണ്ടത്തോട്
ഭാഷാ ശൈലികളില്‍ അനിവാര്യമായ മാറ്റങ്ങള്‍
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആശയപ്രചാരണത്തിന് നേതൃത്വം നല്‍കുന്നവര്‍ ഭാഷയിലും ശൈലിയിലും വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന യാസര്‍ ഖുത്വ്ബിന്റെ ലേഖനം, സുചിന്തിതമായ പരിഷ്‌കരണങ്ങള്‍ ഈ രംഗത്ത് ആവശ്യമാണെന്ന തിരിച്ചറിവ് ഉള്ളതുകൊണ്ടാണല്ലോ പ്രസിദ്ധീകരിച്ചിട്ടുണ്ടാവുക. കാലം മുന്നോട്ട് പോകുമ്പോള്‍ അപ്രസക്തമാവുകയോ പിന്തള്ളപ്പെടുകയോ ചെയ്യുന്ന ദുരന്തത്തെ അതിജീവിക്കാനുള്ള സത്വര നടപടികള്‍ ഈ രംഗത്ത് സ്വീകരിക്കേണ്ടതുണ്ട്. പുതിയ കാലത്തെയും പുതിയ തലമുറയെയും അഭിമുഖീകരിക്കാന്‍ പഴയ ഭാഷയും ശൈലിയും അവതരണ രീതിയുമൊന്നും മതിയാവില്ല.
വ്യാപാര-വ്യവസായം ഉള്‍പ്പെടെയുള്ള മേഖലകളിലെ ഇടപെടലുകള്‍ക്കും മറ്റും പഴയ രീതികള്‍ മാത്രം അവലംബിക്കുമ്പോള്‍ ധാരാളം പോരായ്മകള്‍ ഉണ്ടാകുന്നു. ഇത് തിരിച്ചറിഞ്ഞ് എപ്പോഴും സമകാലികം (അപ്‌ഡേറ്റ്) ആയിക്കൊണ്ടേയിരിക്കാന്‍ പലരും പണം ചെലവഴിച്ചുകൊണ്ടുതന്നെ എന്തെല്ലാം മാര്‍ഗങ്ങള്‍ അവലംബിക്കുന്നു. ഈ പ്രക്രിയ അന്യംനിന്നുകൂടാ. അതിലേക്കുള്ള ഒരു 'സ്പാര്‍ക്' പ്രദാനം ചെയ്യുന്ന മഹത്തായ ദൗത്യമാണ് യാസര്‍ ഖുത്വ്ബ് ലേഖനത്തിലൂടെ നിര്‍വഹിക്കുന്നത്.
ചന്ദ്രിക പത്രത്തിന്റെ എഡിറ്റോറിയല്‍ ടീമിനെ പോലും ആകര്‍ഷിച്ച മേന്മ പ്രബോധനം വാരിക നിലനിര്‍ത്തിയിരുന്നു. അതിന്റെ തുടര്‍ച്ച ഇന്നും ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രബോധനത്തിനും പ്രസ്ഥാനത്തിനും മാത്രമല്ല മറ്റു സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും കൂടി ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന വിലപ്പെട്ട നിര്‍ദേശങ്ങളാണ് യാസര്‍ ഖുത്വ്ബ് മുന്നോട്ടുവെക്കുന്നത്.
മുഹമ്മദ് കുനിങ്ങാട് ബംഗളൂരു
ഭൂമി കോരിത്തരിച്ച സുജൂദുകളിലേക്ക്
സി.ടി സുഹൈബ് എഴുതിയ 'റസൂലുല്ല നടന്ന വഴികളിലൂടെ നടക്കുന്നവര്‍' എന്ന ലേഖനം (ലക്കം 40) ഇരുത്തിച്ചിന്തിപ്പിക്കേണ്ട ഒന്നത്രെ.
ഭൗതികതയുടെ ആസക്തിയില്‍ അഭിരമിച്ചുകൊണ്ട്, ആര്‍ത്തിയോടെ ദുന്‍യാവ് തേടിയലഞ്ഞ് സമുദായത്തിലെ ചിലര്‍ പ്രവാചകാധ്യാപനങ്ങളെയും ഉത്തമ മാതൃകകളെയും അവഗണിക്കുന്നുവെന്നത് വേദനിപ്പിക്കുന്ന സത്യമാണ്. ഓരോ മുസ്‌ലിമും തന്റെ ജീവിതത്തില്‍ എത്രത്തോളം പ്രവാചകനുണ്ട് എന്ന് ആത്മവിമര്‍ശം നടത്തിയാല്‍ മനസ്സിലാകും, നമ്മളും നമ്മുടെ നായകനും തമ്മിലുള്ള അന്തരം. ഇന്ന് ചിലര്‍ക്ക് പണം ഉണ്ടാക്കാനുള്ള ബ്രാന്റ്് നെയിമായി പ്രവാചകന്‍ മാറിക്കൊണ്ടിരിക്കുന്നു! അവിടുന്ന് അനുഭവിച്ച പട്ടിണിയും പ്രയാസങ്ങളും പ്രാസമൊപ്പിച്ചു പറഞ്ഞ് പതിനായിരങ്ങളെ ഹര്‍ഷപുളകിതരാക്കി ലക്ഷങ്ങള്‍ കൈക്കലാക്കാന്‍ ഓടിനടക്കുന്ന തരത്തിലേക്ക് ചില പ്രഭാഷകര്‍ തരം താഴ്ന്നിട്ടുണ്ട്.
ദാര്‍ശനിക കവി അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ 'ആവലാതിക്ക് മറുപടി' എന്ന കവിതയിലൂടെ ഓര്‍മിപ്പിച്ചപോലെ സര്‍വലോക പരിപാലകനായ സ്രഷ്ടാവിനെ ഭരമേല്‍പിച്ച് പ്രതിസന്ധികളില്‍ പൂര്‍വികര്‍ പരിഹാരം കണ്ട നിലയിലേക്കുള്ള തിരിച്ചുപോക്കിന് റസൂലിനെ അനുധാവനം ചെയ്യുക മാത്രമാണ് പരിഹാരം. ഉണര്‍ച്ചയിലും ഉറക്കിലും, ആ ഒരൊറ്റ മാതൃകയില്‍ സമൂഹം മുന്നോട്ടു പോയാല്‍ തീര്‍ച്ചയായും പര്‍വതങ്ങളെ കിടിലം കൊള്ളിച്ച ബാങ്കൊലികളും ഭൂമി കോരിത്തരിച്ച സുജൂദുകളും തിരിച്ചുവരികതന്നെ ചെയ്യും. സുന്നത്തിന്റെ സുകൃതങ്ങളെ സ്വന്തത്തോട് ചേര്‍ത്തുവെക്കാനുള്ള മത്സരത്തിലാവട്ടെ സമുദായം കൂടുതല്‍ വീറും വാശിയും കാണിക്കേണ്ടത്.
ഇസ്മാഈല്‍ പതിയാരക്കര
Comments