ഹലോ ബ്രദര്‍ (കവിത)
ഹലോ ബ്രദര്‍
ആ വിളിയിലൊരു വിളംബരമുണ്ട്
ഖാബീല്‍
ഹാബീലിനെതിരെ
കരമുയര്‍ത്തിയപ്പോള്‍
ഹാബീലുയര്‍ത്തിയ
മാനവസ്‌നേഹത്തിന്റെ വിളംബരം
നീയെന്നെക്കൊല്ലാന്‍
കരമുയര്‍ത്തിയാലും
എനിക്ക് നിന്നെ കൊല്ലാന്‍ പോയിട്ട്
വെറുക്കാന്‍ പോലുമാവില്ലെന്നതിന്റെ
സ്‌നേഹവിളംബരം
നിന്നേക്കാളര്‍ഹന്‍
ഞാനാണെന്ന വംശവെറിയുടെ
ദര്‍ശനത്തിന്
കൊല്ലാനാവുമെങ്കിലും
തോല്‍പിക്കാനാവില്ലെന്നതിന്റെ
ധീര വിളംബരം
ഹലോ ബ്രദര്‍...
എത്ര ആര്‍ദ്രതയുണ്ട് ആ വിളിക്ക്
ആ വിളിയില്‍
മനസ്സൊന്ന് ഇടറാതിരിക്കാന്‍
എന്തുമാത്രം വെറുപ്പ്
നിറച്ചിട്ടുണ്ടാകും
കൊലയാളിയുടെ മനം നിറയെ
ഹലോ ബ്രദര്‍ ...
ഈമാന്‍ രുചിച്ച നാക്കിന്റെ
ഹൃദയരാഗമാണത്
അണ്ഡകടാഹത്തിന്റെ
ഉടമസ്ഥനെ
അല്ലാഹ് എന്നും
സമഷ്ടികളെ മുഴുവന്‍
സഹോദരങ്ങളെന്നും
വിളിക്കുമ്പോള്‍
ആകാശഭൂമികള്‍
സമന്വയിക്കുന്നതിന്റെ
പ്രകൃതിതാളമാണാ മനം
നുകരുന്നത്
അനുഭവിച്ചവര്‍ക്ക് മാത്രമറിയുന്ന
ആത്മരാഗത്തിന്റെ
അകംപൊരുളുണ്ടതില്‍
ഹലോ ബ്രദര്‍ ...
ഒടുവില്‍ വിളിച്ച
ആ വിളി കേട്ട്
ആകാശം കണ്ണീര്‍
പൊഴിച്ചിട്ടുണ്ടാകും
ഭൂമി പിടഞ്ഞിട്ടുണ്ടാവും
മാലാഖമാര്‍ കരഞ്ഞിട്ടുണ്ടാവും
ഒരു മനുഷ്യന്
മറ്റൊരു മനുഷ്യനെ
ഇത്രമേല്‍ സ്‌നേഹിക്കാനാവുമോ
എന്നോര്‍ത്തുള്ള
നിഷ്‌കളങ്കതയുടെ കണ്ണീര്‍
നിറയൊഴിക്കാന്‍ വന്ന
കൊലയാളിയെ
ഹലോ ബ്രദറെന്ന് വിളിച്ച്
സ്വാഗതം ചെയ്ത്
വിരിമാറില്‍
വെടിയുണ്ട വാങ്ങി
സ്വര്‍ഗത്തോപ്പില്‍
ആനന്ദലഹരി നുകരാന്‍
നേരത്തേ കുതിച്ച
പ്രിയസഹോദരാ,
അസ്സലാം....
Comments