Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 29

3095

1440 റജബ് 21

വീഴ്ത്തിയതല്ല, ഉയര്‍ത്തിയതാണ് (കവിത)

ടി.പി.എം താഹിറ

ഓ ശഹീദ്,

നീ ഒറ്റയാമൊരാത്മാവ്

ദേഹം വെടിയുമ്പോള്‍

രണ്ടിലൊരു വഴിയേ

പോകേണ്ടവന്‍/വള്‍

 

ഇത്ര ക്ഷണികമോയെന്ന് 

നീ നിനക്കും മുന്നെ

തത്രവേഗേന 

അങ്ങെത്തിക്കഴിഞ്ഞു,

'വുദൂ'വിന്‍ ധാവള്യത്താല്‍.

 

വാനലോകങ്ങള്‍ക്കപ്പുറം

പഞ്ചവര്‍ണക്കിളിയായി

പറന്നുല്ലസിക്കണമെന്ന്

ഭൂമിയിലെ ജീവിതത്തിലൊരു

നിമിഷ നേരമെങ്കിലും

നീ കരുതിയിരുന്നില്ലേ?

 

അവന്‍,

തീയുണ്ടയാല്‍ നിന്നെ

വീഴ്ത്തിയതല്ല,

തീനാളങ്ങള്‍ക്കപ്പുറം

ഏറ്റവുമുയരെ നിന്നെ

ഉയര്‍ത്തിയതാണ്

 

അവന്‍,

നിന്റെ നെഞ്ചിനു നേരെ

വംശവെറി ഞെക്കിത്തെറിപ്പിച്ചപ്പോള്‍

നീ പറഞ്ഞത്,

'ഹേ സോദരാ!'

എന്തൊരു ഗരിമയാണാ

വാക്കിന്!

 

വംശ, വര്‍ണ, വര്‍ഗ, ദേശ

മാനകങ്ങളാല്‍ തീര്‍ത്ത

ഇന്നിന്റെ ലോകക്രമത്തിന്

തികച്ചും അരോചക വാചകം

തീര്‍ത്തും അനിവാര്യ വാചകം.

 

ഹേ സോദരാ!

നിന്റെ വാക്കുകള്‍

കല്‍പ്പാന്തകാലം 

അലയൊലി തീര്‍ത്തിരുന്നെങ്കില്‍!

 

ഓ ശഹീദ്,

പറുദീസാ ചെരിവിലെ

വര്‍ണപ്പക്ഷീ

നിനക്ക് ശാന്തി,

സമാധാനം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (13-13)
എ.വൈ.ആര്‍

ഹദീസ്‌

സത്യപാതയിലെത്തിയവരുടെ ഒന്നാമത്തെ ബാധ്യത
ഇ.എം അര്‍ഫദ് അലി, അല്‍ജാമിഅ