Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 29

3095

1440 റജബ് 21

ആദര്‍ശമാറ്റത്തിന്റെ വിസ്മയപ്രവാഹം നിലക്കുന്നില്ല

ശൈഖ് മുഹമ്മദ് കാരകുന്ന്

ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് മാനസാന്തരമുായ മാറിയ നിരവധി സംഭവങ്ങള്‍ക്ക് ഇസ്‌ലാമിക ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്റെ വിസ്മയകരമായ വശ്യതയും ഇസ്‌ലാമിക സമൂഹത്തിന്റെ ജീവിത വിശുദ്ധിയും സ്വഭാവ നന്മയും പെരുമാറ്റ മേന്മയും അസംഖ്യം ആദര്‍ശ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

ഖുര്‍ആനിലെ വിശുദ്ധ വചനങ്ങള്‍ കൊലയാളിയായി വന്ന  ഉമറുബ്‌നുല്‍ ഖത്ത്വാബിനെ മാറ്റിയെടുത്തു. പ്രവാചകന്‍ അദ്ദേഹത്തെ കരുത്തനായ അനുയായിയാക്കി മാറ്റി. തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലും ഇസ്‌ലാം അതിന്റെ കടുത്ത എതിരാളികളെ അനുയായികളാക്കി പരിവര്‍ത്തിപ്പിച്ച അനേകം സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അതൊക്കെയും ഇസ്‌ലാമിന്റെ മുന്നേറ്റ കാലത്തായിരുന്നു. വിജയിക്കുന്നവരുടെ വഴി പരാജിതര്‍ പിന്തുടരുക സ്വാഭാവികമാണ്.

എന്നാല്‍ പരാജിതരുടെ പാത വിജയികള്‍ പിന്തുടര്‍ന്നതിന് ചരിത്രത്തില്‍ ഏറെ അനുഭവങ്ങളില്ല. മുസ്ലിം നാടുകളിലേക്ക് ഇരച്ചുകയറി അവിടം തകര്‍ത്തു തരിപ്പണമാക്കി ലക്ഷക്കണക്കിന് മുസ്‌ലിംകളെ കൊന്നൊടുക്കിയ താര്‍ത്താരികള്‍ ഇസ്‌ലാം സ്വീകരിച്ചത് ചരിത്രത്തിലെ മഹാ വിസ്മയമാകുന്നത് അതിനാലാണ്.

മംഗോളിയയുടെ വടക്കേ അറ്റത്ത് താമസിച്ചിരുന്ന തീര്‍ത്തും അപരിഷ്‌കൃതരായ ജനവിഭാഗമായിരുന്നു താര്‍ത്താരികള്‍. സൂര്യാരാധകരായിരുന്ന അവര്‍ കാലികളെ മേയ്ച്ചും വേട്ടയാടിയും കൊള്ള നടത്തിയുമാണ് ജീവിച്ചിരുന്നത്. അല്‍പംപോലും അക്ഷരാഭ്യാസമില്ലാതിരുന്ന ചെങ്കിസ് ഖാന്‍ അധികാരത്തില്‍ വന്നതോടെയാണ് അവരെക്കുറിച്ച് പുറംലോകം അറിയുന്നത്. ചൈന കീഴ്‌പ്പെടുത്തിയ ശേഷം ചെങ്കിസ് ഖാന്റെ സൈന്യം ബുഖാറ, സമര്‍ഖന്ദ്, നിസാപൂര്‍, റയ്യ്, ഹമദാന്‍ എന്നീ പ്രദേശങ്ങള്‍ അധീനപ്പെടുത്തി. അവിടത്തെ നിവാസികളെ കൊന്നൊടുക്കി. സ്ത്രീകളെ ബന്ദികളാക്കി. എന്നാല്‍ അദ്ദേഹത്തിന്റെ പേരക്കുട്ടി ഹലാകുവിന്റെ കാലത്താണ് ഇസ്‌ലാമും മുസ്‌ലിംകളും ഏറ്റവും വലിയ ദുരന്തത്തിനിരയായത്. അയാള്‍ അക്കാലത്തെ ഖിലാഫത്തിന്റെ ആസ്ഥാനമായ ബഗ്ദാദ് കീഴ്‌പ്പെടുത്തുകയും ഖലീഫയെ കൊല്ലുകയും ചെയ്തു. അവിടെയുണ്ടായിരുന്ന പള്ളികള്‍ തകര്‍ത്തു; കെട്ടിടങ്ങള്‍ കൊള്ളയടിച്ചു; ഗ്രന്ഥങ്ങള്‍ ചുട്ടുകരിച്ചു. താര്‍ത്താരികളുടെ കടന്നാക്രമണത്തില്‍ പത്തു ലക്ഷത്തോളം മുസ്ലിംകളാണ് കശാപ്പു ചെയ്യപ്പെട്ടത്. 

മുസ്‌ലിം നാടുകളില്‍ ഇരച്ചുകയറി അവരെ ചതച്ചരച്ച താര്‍ത്താരികള്‍ ഏറെക്കഴിയും മുമ്പേ ഇസ്‌ലാം സ്വീകരിച്ചു. അവര്‍ മുസ്‌ലിം സമുദായത്തിന്റെ നേതാക്കളും രാഷ്ട്രത്തിന്റെ ഭരണാധികാരികളുമായി. ചെങ്കിസ് ഖാന്റ പേരക്കുട്ടിയായിരുന്ന ഹലാകു ഖാന്  അയാള്‍ അടിമയായി പിടികൂടിയ മുസ്‌ലിം പെണ്‍കുട്ടിയിലൂടെ ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ അവസരം ലഭിച്ചു. അങ്ങനെ അയാള്‍ മുസ്‌ലിമായി. കാസാന്‍ ഷായുടെ സഹോദരന്‍ അവല്‍ ജാതൂഖാന്റെ ജീവിത പങ്കാളിയായി മാറിയ മുസ്‌ലിം അടിമപ്പെണ്ണിലൂടെയാണ് ആ രാജകുടുംബത്തിലെ  മുഴുവന്‍ അംഗങ്ങളും ഇസ്‌ലാം സ്വീകരിച്ചത്. പല താര്‍ത്താരി ഭരണാധികാരികളും അടിമകളാക്കപ്പെട്ട മുസ്‌ലിം സ്ത്രീകളിലൂടെ ഇസ്‌ലാമിനെ പരിചയപ്പെടുകയും മുസ്‌ലിംകളായി മാറുകയുമാണുായത്. പരാജിതരായി പിടികൂടപ്പെട്ട് അടിമകളാക്കപ്പെട്ട വനിതകള്‍ ജേതാക്കളായ ഭരണാധികാരികളുടെയും നേതാക്കളുടെയും ഇസ്‌ലാം സ്വീകരണത്തിന് കാരണമായി മാറിയെന്നത് ചരിത്രത്തിലെ അതുല്യ വിസ്മയങ്ങളിലൊന്നാണ്.

 

ആര്‍തര്‍ വാഗ്‌നറും ജൊറം ക്ലവരനും

ആര്‍തര്‍ വാഗ്‌നറുടെയും ജൊറം വാന്‍ ക്ലവരന്റെയും ഇസ്‌ലാം സ്വീകരണം പടിഞ്ഞാറന്‍ ലോകത്ത് വമ്പിച്ച അമ്പരപ്പാണ് സൃഷ്ടിച്ചത്. ജര്‍മനിയിലെ കടുത്ത ഇസ്ലാംവിരുദ്ധ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ്  ഫോര്‍ ജര്‍മനി(എ.എഫ്.ഡി)യുടെ പ്രമുഖ നേതാവായിരുന്നു വാഗ്‌നര്‍. ഈ തീവ്ര വലതുപക്ഷ കക്ഷിയുടെ കിഴക്കന്‍ ജര്‍മനിയിലെ ബ്രാന്‍ഡന്‍ബര്‍ഗ് സംസ്ഥാനത്തിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം. 2017 സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന് 'ജര്‍മനിയില്‍ ഇസ്‌ലാമിന് ഇടമില്ല' എന്നായിരുന്നു. 2016-ല്‍ പാര്‍ട്ടി പുറത്തിറക്കിയ നയരേഖയില്‍ മുസ്‌ലിം പള്ളികളുടെ നിര്‍മാണവും പ്രവര്‍ത്തനവും ഭരണകൂടം   നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിം സ്ത്രീകള്‍ നിഖാബ് -മുഖവസ്ത്രം- ധരിക്കുന്നത് തടയണമെന്നതും അവരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു. മുസ്‌ലിംകള്‍ ജര്‍മനിയില്‍ പ്രവേശിക്കാതിരിക്കാന്‍ അതിര്‍ത്തി കടന്നുവരുന്ന സിറിയന്‍ അഭയാര്‍ഥികളെ പട്ടാളം വെടിവെച്ചു കൊല്ലണമെന്നും എ. എഫ്.ഡി ശക്തമായി ആവശ്യപ്പെട്ടു. അതോടൊപ്പം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 12.6 ശതമാനം വോട്ട് നേടി ബുണ്ടസ്റ്റാഗ് സംസ്ഥാനത്ത് പാര്‍ട്ടി മൂന്നാം സ്ഥാനത്തെത്തി.

 ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയനിലാണ് വാഗ്‌നര്‍ പ്രവര്‍ത്തിച്ചിരുന്നത്. 2015-ല്‍  ഭരണകൂടം പത്തു ലക്ഷത്തിലേറെ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ എടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച്  ആര്‍തര്‍ അതില്‍നിന്ന് രാജിവെച്ച് ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയില്‍ ചേരുകയായിരുന്നു.

ചെച്‌നിയന്‍ അഭയാര്‍ഥികളുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചതോടെയാണ് ആര്‍തര്‍ക്ക്  ഇസ്‌ലാമിനെയും മുസ്ലിംകളെയും പരിചയപ്പെടാനും അനുഭവിച്ചറിയാനും സാധിച്ചത്.  2018 ജനുവരി 13-ന് ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയില്‍നിന്ന് രാജിവെച്ച് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു.     അദ്ദേഹത്തിനു മുമ്പ് മറ്റൊരു പ്രമുഖ നേതാവ് ആര്‍നൗഡ് വാന്‍ ദൂറാന്‍ (Arnoud Van Dooran)  ഇസ്‌ലാം  സ്വീകരിച്ചിരുന്നു. 

നെതര്‍ലാന്റ്‌സിലെ തീവ്ര വലതുപക്ഷ സംഘടനയായ ഫ്രീഡം പാര്‍ട്ടിയുടെ മുന്‍ പാര്‍ലമെന്റ് അംഗം ജൊറം വാന്‍ ക്ലവരന്‍ ഇസ്‌ലാം സ്വീകരിച്ചത് യൂറോപ്പിന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. കഴിഞ്ഞ ഏഴു വര്‍ഷമായി ഇസ്‌ലാംഭീതി വളര്‍ത്താനും മുസ്‌ലിംകള്‍ക്കെതിരെ വ്യത്യസ്ത നടപടികള്‍ സ്വീകരിക്കാനും നിരന്തരം ശ്രമിച്ചു വരികയായിരുന്നു അദ്ദേഹം. നെതര്‍ലാന്റ്‌സിനെ ഇസ്‌ലാംമുക്ത   രാജ്യമാക്കാന്‍ ശ്രമിച്ച ജൊറം നിഖാബിനും പള്ളി മിനാരങ്ങള്‍ക്കും നിരോധം ഏര്‍പ്പെടുത്താനുള്ള നിരന്തര യത്‌നത്തിലായിരുന്നു. നൂറ് വര്‍ഷത്തിനിടയില്‍ യൂറോപ്പിനെ ബാധിച്ച മനോരോഗമാണ് ഇസ്‌ലാമെന്ന് പ്രചരിപ്പിച്ച് അതിനെ നിരോധിക്കാന്‍ തെരുവിലിറങ്ങുക പോലുമുണ്ടായി. നാല്‍പതു വയസ്സുകാരനായ അദ്ദേഹം ഇസ്‌ലാമിനെതിരെ പുസ്തകം എഴുതിക്കൊണ്ടിരിക്കെയാണ് അതിനെ  ശരിയാംവിധം മനസ്സിലാക്കിയത്. അതോടെ ഇസ്‌ലാം സ്വീകരിക്കുകയും പാതി പൂര്‍ത്തീകരിച്ച പുസ്തകം ചവറ്റുകൊട്ടയിലെറിയുകയും ചെയ്തു.

ഒന്നേ മുക്കാല്‍ കോടി ജനങ്ങളുള്ള നെതര്‍ലാന്റ്‌സില്‍ എട്ടര   ലക്ഷം മുസ്‌ലിംകളാണുള്ളത്. അവര്‍ക്ക് വലിയ ആവേശവും പ്രചോദനവുമായിത്തീര്‍ന്നു ജൊറമിന്റെ ഇസ്‌ലാംസ്വീകരണം. നെതര്‍ലന്റ്‌സിന്റ സാമൂഹിക - സാംസ്‌കാരിക മണ്ഡലത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ ജൊറമിന്റെ ഇസ്‌ലാം സ്വീകരണം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 

പ്രശസ്തരുടെ ഇസ്‌ലാമാശ്ലേഷം

ലോകത്തെ ശ്രദ്ധേയനായ പോപ്പ് സംഗീതജ്ഞനാണ് കേറ്റ് സ്റ്റീവന്‍സ്.   ഇരുപത്തി നാല് വയസ്സായപ്പോഴേക്കും അദ്ദേഹത്തിന്റെ ആറുകോടി സംഗീത ആല്‍ബം വിറ്റഴിക്കപ്പെടുകയുണ്ടായി.  ഇരുപത്തിനാലാം ജന്മദിനത്തിന് സഹോദരന്‍ നല്‍കിയ ഖുര്‍ആന്‍ പരിഭാഷ മദ്യലഹരിയില്‍ അലമാരയില്‍ വെച്ചുവെങ്കിലും മൊറോക്കോയിലായിരിക്കെ ഉറക്കം വരാത്ത ഒരു രാത്രിയില്‍ എടുത്തു വായിക്കാനിടയായി. അതില്‍ ആകൃഷ്ടനായ അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും ഗിത്താര്‍ വലിച്ചെറിയുകയും ചെയ്തു. സംഗീതം നിഷിദ്ധമാണെന്ന ധാരണയാലാണ് അങ്ങനെ ചെയ്തത്.  എന്നാല്‍ മനുഷ്യമനസ്സുകളെ ഏറ്റവും കൂടുതല്‍ കീഴ്‌പ്പെടുത്താന്‍ കഴിയുന്ന അനുവദനീയമായ കലയാണ് അതെന്ന് ബോധ്യമായപ്പോള്‍  2009 മെയ് 5-ന് അദ്ദേഹം വീണ്ടും ഗിത്താര്‍ കൈയിലേന്തി. തുടര്‍ന്ന് തന്റെ സര്‍ഗശേഷി ഇസ്‌ലാമിക ആശയങ്ങളുടെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തി. യൂസുഫുല്‍ ഇസ്‌ലാം എന്ന പേര് സ്വീകരിച്ച അദ്ദേഹം ഉജ്ജ്വലമായ നിരവധി ഇസ്‌ലാമിക സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കി.

പ്രശസ്ത ഐറിഷ് പോപ്പ് ഗായിക സിനീഡ് ഒ  കോണോറിന്റെ ഇസ്‌ലാമാശ്ലേഷം ലിബറലിസത്തിന്റെ വക്താക്കളെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത്. ദീര്‍ഘകാലത്തെ സത്യാന്വേഷണത്തിന് ശേഷം ഈ സെലിബ്രിറ്റി ഇസ്‌ലാമിനെ തെരഞ്ഞെടുത്തു. ശുഹദാ ഡേവിറ്റ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1966 ഡിസംബര്‍ എട്ടിന് അയര്‍ലന്റിലെ ഡബ്ലിനില്‍ ജനിച്ച ഈ ഗായിക സംഗീതത്തിലെ പരമോന്നത പുരസ്‌കാരങ്ങളില്‍ ഒന്നായ ഗ്രാമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിരുന്നു. 

ലോകമറിയുന്ന മലയാള എഴുത്തുകാരുടെ പട്ടികയില്‍ ഏറെ മുന്നിലാണ്  കമലാ സുറയ്യയായി മാറിയ മാധവിക്കുട്ടിയുടെ സ്ഥാനം. കേരളത്തിലെ പ്രമുഖ നായര്‍ തറവാടായ നാലപ്പാട്ട് കുടുംബത്തില്‍ പിറന്ന ആ വിശ്വവിഖ്യാത എഴുത്തുകാരി അവിരാമമായ സ്‌നേഹാന്വേഷണത്തിനൊടുവില്‍   സ്‌നേഹനിധിയായ അല്ലാഹുവിനെ കണ്ടെത്തി അവനില്‍ സര്‍വസ്വം സമര്‍പ്പിക്കുകയായിരുന്നു. ഏറെ പ്രശസ്തരായ വി.എം നായരുടെയും ബാലാമണിയമ്മയുടെയും മകളായ അവരുടെ ഇസ്‌ലാംസ്വീകരണത്തെ അപകീര്‍ത്തിപ്പെടുത്താനും കൊച്ചാക്കി കാണിക്കാനും  ആസൂത്രിത ശ്രമങ്ങള്‍ നടന്നതില്‍ അത്ഭുതമില്ല.

അസാധാരണ സൗന്ദര്യത്താലും സിനിമാ രംഗത്ത് സവിശേഷമായ സരണി വെട്ടിവെട്ടിത്തെളിച്ചും ചെറു പ്രായത്തില്‍തന്നെ ഏറെ പ്രശസ്തയായ പൂജാ ലാമ ഇരുപത്തെട്ട് വയസ്സിനകം മൂന്നോ നാലോ വിവാഹം കഴിക്കുകയും എല്ലാം പരാജയപ്പെടുകയും ചെയ്ത നേപ്പാള്‍ സ്വദേശിനിയാണ്. സദാ മദ്യത്തിന് അടിപ്പെട്ടുകഴിഞ്ഞിരുന്ന അവരുടെ ഇസ്‌ലാംസ്വീകരണം സംഭവിച്ചത് വളരെ യാദൃഛികമായാണ്. വിദേശത്തു പോകാന്‍ വിമാനം കാത്തിരിക്കവെ  അവിടെെവച്ച് പരിചയപ്പെട്ട അഹ്മദ് മുനീറിലൂടെയാണ് അവര്‍ സന്മാര്‍ഗം സ്വീകരിച്ചത്. രണ്ടു മണിക്കൂര്‍ വിമാനം വൈകിയതിനാല്‍  വീണുകിട്ടിയ അവസരമുപയോഗിച്ച് ആ ചെറുപ്പക്കാരന്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയായിരുന്നു.

 

കളിക്കളത്തില്‍നിന്ന്

ഇസ്‌ലാമിനെതിരെ വലിയ പ്രചാരണവും ആക്രമണവും നടന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. ഫ്രഞ്ച് ഫുട്‌ബോള്‍ ടീമംഗമായിരുന്ന ഫ്രാങ്ക് റിബറി ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ തന്നെ ചികിത്സിച്ച വനിതയില്‍നിന്ന് ഖുര്‍ആന്‍ കേള്‍ക്കാനിടയായി. അങ്ങനെയാണ് ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കിനു

വേണ്ടി കളിക്കുന്ന ആ പ്രശസ്ത ഫുട്‌ബോള്‍ താരം ഇസ്‌ലാം സ്വീകരിച്ചത്.

ലോകപ്രശസ്ത ബ്രസീലിയന്‍ ഫുട്‌ബോള്‍ കോച്ച് റോബിയോ ഗയേറ വിശുദ്ധ ഖുര്‍ആന്‍ പാരായണം കേട്ടും നമസ്‌കാരം കണ്ടും മുസ്ലിംകള്‍ക്കിടയിലെ സാഹോദര്യം അനുഭവിച്ചറിഞ്ഞുമാണ് ഇസ്‌ലാം സ്വീകരിച്ച് അബ്ദുല്‍ അസീസ് ആയി മാറിയത്. ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ വെയ്ന്‍ പാര്‍നര്‍ മദ്യത്തിനടിമയായിരുന്നു. ജീവിതത്തിന്റെ നല്ല ഭാഗം നിശാ ക്ലബുകളിലായിരുന്നു. യാദൃഛികമായി ഖുര്‍ആന്‍ കേട്ടതോടെ അര്‍ഥമറിയാതിരുന്നിട്ടും അത് അനല്‍പമായ മനശ്ശാന്തി നല്‍കുന്നതായി അനുഭവപ്പെട്ടു. അങ്ങനെ ഖുര്‍ആനില്‍  ആകൃഷ്ടനായാണ് പാര്‍നര്‍ ഇസ്‌ലാം സ്വീകരിച്ചത്. ക്രിക്കറ്റ് ലോകത്തെ അതികായനായ ഹാശിം അംലയുടെ വിശ്വാസദാര്‍ഢ്യത ആ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളറെ സത്യപാതയിലേക്ക് നയിക്കുന്നതില്‍  അനല്‍പമായ പങ്കുവഹിച്ചു.

ഇസ്‌ലാമിനെ അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കാനും അവഹേളിക്കാനും വികലമായി ചിത്രീകരിക്കാനും വിപുലവും ആസൂത്രിതവുമായ ശ്രമം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്തും പ്രഗത്ഭരും ലോകപ്രശസ്തരുമായ മഹദ്‌വ്യക്തികളുടെ ഇസ്‌ലാംസ്വീകരണം നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ലോകമെങ്ങുമുള്ള ഇസ്‌ലാമിക പ്രബോധകര്‍ക്ക് പ്രചോദനവും പ്രത്യാശയും നല്‍കുന്നതാണ് ഈ സംഭവങ്ങളൊക്കെയും. അതുകൊണ്ടുതന്നെ ഇസ്‌ലാമിക പ്രബോധകര്‍, ചുറ്റുനിന്നും ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന എതിര്‍പ്പുകളിലും വിമര്‍ശനങ്ങളിലും ആക്ഷേപശകാരങ്ങളിലും പതറാതെ, നിരാശരാകാതെ, പ്രതീക്ഷാപൂര്‍വം മുന്നോട്ടു പോവുകതന്നെ വേണം. എത്രയോ സമകാലിക സംഭവങ്ങള്‍ അതിന് പ്രചോദനമേകുകയും ചെയ്യുന്നു. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ പ്രതിഫലനങ്ങളുണ്ടായാലും ഇല്ലെങ്കിലും പരലോകത്ത് അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ഉറപ്പാണല്ലോ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (13-13)
എ.വൈ.ആര്‍

ഹദീസ്‌

സത്യപാതയിലെത്തിയവരുടെ ഒന്നാമത്തെ ബാധ്യത
ഇ.എം അര്‍ഫദ് അലി, അല്‍ജാമിഅ